Thelicham

ഹയ്യുബ്‌നു യഖ് ളാന്‍‍: ധൈഷണിക പ്രബുദ്ധതയുടെ അനശ്വരാഖ്യാനം

വിശുദ്ധ ഖുര്‍ആനും ആയിരത്തൊന്ന് രാവുകളും കഴിഞ്ഞാല്‍ അറബിയില്‍ നിന്ന് ഏറ്റവുമധികം മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണ് ഫിലോസോഫസ് ഓട്ടോഡൈഡാക്റ്റസ് എന്ന് ലാറ്റിനില്‍ വിശ്രുതമായ ആദ്യ അറബി നോവല്‍ ‘ഹയ്യ് ബ്‌നു യഖ്ളാന്‍’. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഗ്രാനഡയില്‍ ജീവിക്കുകയും ശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം, തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത അബൂബാസര്‍ എന്ന് പാശ്ചാത്യര്‍ വിളിക്കുന്ന അബൂബക്കര്‍ ഇബ്‌നു തുഫൈലാണ് ഗ്രന്ഥകര്‍ത്താവ്.

അബൂബക്ര്‍ മുഹമ്മദ് ബ്ന്‍ അബ്ദില്‍ മലിക് ബ്‌നു തുഫൈല്‍ എന്ന് പൂര്‍ണ്ണനാമം. മുറാബിത്വൂന്‍ (Moravids)െ ഭരണത്തിന് കീഴിലുണ്ടായിരുന്ന ഗ്രാനഡയുടെ വടക്കു കിഴക്കന്‍ ഭാഗത്ത്, Guadix  എന്ന പേരില്‍ ഇന്നറിയപ്പെടുന്ന നഗരത്തിനടുത്തായി 1110 നോടടുത്ത് ജനിച്ചു. ഐബീരിയന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാന വൈജ്ഞാനിക കേന്ദ്രങ്ങളായ സെവില്ലയിലും കൊര്‍ഡോബയിലുമായിരുന്നു പഠനം പൂര്‍ത്തിയിയാക്കിയതെന്ന് കരുതപ്പെടുന്നു. സ്‌പെയിനില്‍ വെച്ചു തന്നെ ആരോഗ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, വാന ശാസ്ത്രം, ഭൗതിക ശാസ്ത്രം, മറ്റു പ്രകൃതി ശാസ്ത്രങ്ങള്‍ എന്നിവ കൂടാതെ കവിതയും സാഹിത്യവും അഭ്യസിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭിഷഗ്വരനായി അല്പകാലം ഗ്രാനഡയില്‍ കഴിച്ചുകൂട്ടിയ അദ്ദേഹം പിന്നീട് അന്നത്തെ ഭരണാധികാരി അബൂ യഅ്ഖൂബ് യൂസുഫിന്റെ മുഖ്യ ഉപദേഷ്ടാവും കൊട്ടാരഭിഷഗ്വരനുമായി മാറി.

യവന തത്വശാസ്ത്രത്തില്‍ അതീവ തല്‍പരനായിരുന്ന ഖലീഫയുടെ സാന്നിധ്യത്തില്‍ ഇബ്‌നു തുഫൈലും പ്രായത്തില്‍ ചെറുപ്പമായിരുന്ന ഇബ്‌നു റുഷ്ദും അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും നിരീക്ഷണസിദ്ധാന്തങ്ങളെ തലനാരിഴ കീറി ചര്‍ച്ച ചെയ്തു പോന്നു. അരിസ്‌റ്റോട്ടിലിന്റെ ഗ്രന്ഥങ്ങള്‍ക്ക് സുഗ്രാഹ്യങ്ങളായ വ്യാഖ്യാനങ്ങള്‍ ചമക്കാന്‍ ഇബ്‌നു റുഷ്ദിനെ പ്രേരിപ്പിച്ചത് ഇത്തരം ചര്‍ച്ചകളായിരുന്നു. 1185 ല്‍ മൊറോക്കോയില്‍ വെച്ച് അന്തരിച്ച ഇബ്‌നു തുഫൈല്‍ കേവലം മൂന്ന് കവിതകളും ഒരു നോവലും മാത്രമായിരുന്നു ആ സംഭവബഹുലമായ അന്വേഷണ സപര്യയുടെ ബാക്കിപത്രങ്ങളായി ശേഷിപ്പിച്ചു പോയത്. യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ ചാലക ശക്തികളിലൊന്നായി വരെ വര്‍ത്തിച്ച ഹയ്യ് ബ്‌നു യഖഌന്‍ ശേഷം വന്ന നിരവധി തത്വശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കും ഇംഗ്ലീഷിലെ ആദ്യ നോവല്‍ റോബിന്‍സണ്‍ ക്രൂസോയടക്കം അനേകം നോവലുകള്‍ക്കും വിപ്ലവകരമായ സങ്കല്‍പ്പങ്ങള്‍ക്കും പ്രചോദകനമായി മാറുക കൂടി ചെയ്തു.

മുസ്്‌ലിം സ്‌പെയിനിലെ ടോളിഡോയില്‍ ആര്‍ച്ച് ബിഷപ് റയ്മണ്ടിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വിവര്‍ത്തന കേന്ദ്രത്തിലെ പ്രധാനികളായിരുന്ന യഹൂദ ചിന്തകര്‍ക്ക് ഒരു ഹരമായി പടര്‍ന്ന ഹയ്യ് ബ്‌നു യഖഌന്‍ മൈമോനിദീസി(Maimonides) ന്റെ Guide of the perplexed എന്ന വിഖ്യാത ഗ്രന്ഥത്തിനും വഴി കാണിച്ചു.

മൈമോനിദീസിന്റെ ശേഷം ഏറെക്കുറെ പൂര്‍്ണമായും തിരസ്‌കൃതമായിരുന്ന കൃതിയുടെ രണ്ടാമൂഴം ആരംഭിക്കുന്നത് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ അറബി ഭാഷാ പ്രഫസറായിരുന്ന എഡ്വേര്‍ഡ് പൊക്കോക്ക് 1653ല്‍ അലപ്പോയിലെ ഒരു കടയില്‍ വെച്ച് ഇതിന്റെ കയ്യെഴുത്ത് പ്രതി കണ്ടെത്തുന്നതോടെയാണ്. പൊക്കോക്ക് ജൂനിയര്‍ 1671 ല്‍ പ്രസിദ്ധീകരിച്ച വിവര്‍ത്തനം ജ്ഞാനോദയം കത്തി നില്‍ക്കുന്ന യൂറോപില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു.
ജോണ്‍ ലോക്കിനെ ഏറെ സ്വാധീനിച്ച കൃതി ടാബുല റാസ (Tabula rasa) എന്ന പുതിയൊരു സങ്കല്‍പത്തിന് വഴിയൊരുക്കി. ലണ്ടനില്‍ വെച്ച് നടന്ന ഹയ്യ് ബിന്‍ യഖ്ഌന്‍ ചര്‍ച്ചയെ കുറിച്ച് ലോക്ക് തന്നെ ആവേശ പൂര്‍വം സ്മരിക്കുന്നുണ്ട്. ചര്‍ച്ചയെ തുടര്‍ന്ന് ഡച്ച് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന് സ്്പിനോസ ആവശ്യമുന്നയിച്ചപ്പോള്‍ ജര്‍മനിലേക്കും വേണമെന്ന് ലേബ്‌നിസും നിര്‍ദേശിച്ചു. പിന്നീട് ഡാനിയല്‍ ഡിഫോയിലൂടെയാണ് ഫിലോസഫിയുടെ വരേണ്യതകളില്‍ നിന്ന് മുക്തമായി ജനപ്രിയ സാഹിത്യമായി ഹയ്യ് ബിന്‍ യഖ്ഌന്‍ പുനര്‍ജനിക്കുന്നത്. റുഡ്യാഡ് കിപ്ലിങ്ങിന്റെ ജംഗിള്‍ ബുക്കിലും എഡ്്ഗാര്‍ റൈസ്ബറോയുടെ ടാര്‍സന്‍ പരമ്പരകളിലും അടുത്തിടയായി 2001ല്‍ പുറത്തിറങ്ങിയ യാന്‍ മാര്‍ട്ടലിന്റെ ലൈഫ് ഓഫ് പൈയിലും ഈ ക്ലാസിക് കൃതിയുടെ മുദ്രകള്‍ പതിഞ്ഞു കിടക്കുന്നത് ദര്‍ശിക്കാനാവും.

കൃതി പരിചയം
ജാഗരിതന്റെ പുത്രന്‍ ചൈതന്യന്‍ എന്നതാണ് ഹയ്യ് ബിന്‍ യഖ്ഌന്‍ എന്നതിന്റെ അര്‍ഥം. നിതാന്ത്ര ജാഗ്രതയോടെ പരിസ്ഥിതി പ്രതിഭാസങ്ങളെയും ചുറ്റുപാടിനെയും അപഗ്രഥിക്കുന്ന മനുഷ്യാത്മാവ് ഉണ്മയുടെ രഹസ്യങ്ങളന്വേഷിച്ച് കൈവരിക്കുന്ന അവ്യാഖ്യേയമായ അനുഭൂതിയുടെ ചൈതന്യത്തെയാണ് കൃതിയുടെ നാമം ധ്വനിപ്പിക്കുന്നത്. ഇസ്്‌ലാമിലെ സൂഫീ ചിന്തയുടെ സവിശേഷമായൊരു സമീക്ഷയിലാണ് ഇബ്്‌നു തുഫൈല്‍ തന്റെ കൃതിയെ വിന്യസിക്കുന്നതെന്ന് അതിന്റെ നാമം തന്നെ കൃത്യമായി വരച്ചിടുന്നു. ഹയ്യ് ബിന്‍ യഖ്്ദാന്‍ ഫീ അസ്്‌റാറി ഹിക്്മത്തില്‍ മശ്‌രിഖിയ്യ എന്ന പൂര്‍ണ നാമം ദ്യോതിപ്പിക്കുന്നതനുസരിച്ച് പ്രമുഖ സൂഫീ ചിന്തകനായ ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി(1153-1191)യുടെ കരങ്ങളില്‍ പൂര്‍ണത പ്രാപിച്ച ഹിക്മത്തുല്‍ ഇശ്‌റാഖിന്റെ ഗുപ്്തമായ രഹസ്യങ്ങള്‍ അനാവൃതമാക്കാനുള്ള ശ്രമമാണ് ഈ കൃതി. ദൈവീക ജ്ഞാനത്തിന്റെ പ്രതീകമായി എത്തുന്ന പ്രകാശ തേജസ്സ് അരിസ്റ്റോട്ടിലിനും പ്ലാറ്റോക്കും പുറമെ ഇമാം ഗസാലി, ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി, ഇമാം റാസി, മുല്ലാ സദ്്‌റ തുടങ്ങിയ മുസ്്‌ലിം തത്വജ്ഞാനികളുടെ ഗ്രന്ഥങ്ങളിലും യഥേഷ്ടം വ്യാപരിക്കുന്നത് കാണാം. ഇബ്‌നു സീനയുടെ ആത്മകഥാംശമുള്ള നോവല്‍ ത്രയങ്ങളായ ഹയ്യ് ബ്‌നു യഖഌന്‍, രിസാലത്തുത്വയ്ര്‍, സല്‍മാന്‍ വ അബ്‌സല്‍ എന്നീ കൃതികളുടെ പ്രചോദനം അനിഷേധ്യ സാന്നിധ്യമായി ഇബ്‌നു തുഫൈലിന്റെ ഈ നോവലില്‍ പരിലസിക്കുന്നത് കാണാം. സുഹ്്‌റവര്‍ദിയുടെ ഹയ്യ് ബ്‌നു യഖ്ദാന്‍ എന്ന പേരിലുമറിയപ്പെടുന്ന രിസാലത്തുല്‍ ഗുര്‍ബ അല്‍ ഗുര്‍ബിയ്യയും നോവലിന്റെ ആധ്യാത്മിക മാനങ്ങള്‍ക്ക് പിന്നിലെ നിയാമക ഘടകമായിട്ടുണ്ട്. അന്വേഷണ നിരീക്ഷണങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചെടുക്കുന്ന ക്രമാനുഗതമായ ധൈഷണിക വളര്‍ച്ചയും യുക്ത്യാധിഷ്ഠിത ധ്യാന-മനനങ്ങളില്‍ നിന്ന് കൈവരുന്ന ആത്മീയ പ്രബുദ്ധതയും ശുദ്ധമായ മനസ്സിനെ പ്രപഞ്ചത്തിന്റെ അനാദിയായ ഒരു ആദി സ്രോതസ്സിലേക്ക് നയിക്കുന്നു എന്നതാണ് ഇബ്്‌നു തുഫൈലിന്റെ അടിസ്ഥാന പ്രമേയം. റോബിന്‍സന്‍ ക്രൂസോയെ പോലെ മറ്റു മനുഷ്യരോട് ബന്ധങ്ങളൊന്നും ഇല്ലാതെ ജീവിതം നയിക്കുന്ന ഹയ്യിന് മനുഷ്യഭാഷ വശമില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഭാഷയാണ് ഉണ്മയുടെ പാര്‍പ്പിടം എന്ന മാര്‍ട്ടിന്‍ ഹൈഡഗ്ഗറുടെ വീക്ഷണത്തില്‍ നിന്ന് ഭിന്നമായാണ് ഉണ്മയുടെ രഹസ്യങ്ങളെ തേടിയുള്ള ഹയ്യിന്റെ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്.

ദൈവീകമായ സര്‍ഗവൈശിഷ്ട്യത്തിന്റെ പൂര്‍ണതയും ദൈവാത്മാവിന്റെ വാഹകനുമായ ‘പൂര്‍ണമായ മനുഷ്യന്‍’ ആയി സൂഫീകള്‍ പരിചയപ്പെടുത്തുന്ന  perfect intellect ആണ് ഹയ്യ്. അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നതോടൊപ്പം അവന്റെ തൊണ്ണുറ്റി ഒമ്പത് തിരുനാമങ്ങളില്‍ ഒന്ന് കൂടിയാണ് ഹയ്യ്. ആയത്തുല്‍ കുര്‍സിയ്യില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഹയ്യ് എന്നാണ്. അതേ സൂക്തത്തില്‍ തുടര്‍ന്നുവരുന്ന ‘അവനെ നിദ്ര കീഴ്‌പ്പെടുത്തുകയില്ല’ എന്നതിന്റെ താല്‍പര്യമാണ് യഖ്ഌന്‍.

ദൈവാത്മാവുമായുള്ള മനുഷ്യാത്മാവിന്റെ സമാഗമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളുടെ സൂഫീ ഭാഷ്യം പ്രതീകാത്മകമായി പ്രകാശനം ചെയ്യുകയാണ് ഹയ്യ് ബിന്‍ യഖ്ഌന്‍.
ഉള്ളടക്കവും ഘടനയും
കൃതിയുടെ താത്വകാടിത്തറയൊരുക്കുകയെന്നോണം തന്നെ സ്വാധീനിച്ച അല്‍ഫാറാബി, ഇബ്്‌നു സീന, ഇബ്്‌നു ബാജ, ഇമാം ഗസാലി തുടങ്ങിയ ദാര്‍ശനിക മേരുക്കളെ പരാമര്‍ശിച്ചുകൊണ്ടാണ് കൃതിയുടെ മുഖവുര ആരംഭിക്കുന്നത്. മതാനുഭവത്തിനും യുക്തിചിന്തക്കുമിടയില്‍ രമ്യതയുടെ പാലം പണിയാന്‍ ഏറെ യത്്‌നിച്ചവരാണ് ഈ ദാര്‍ശനികരെന്നത് കൃതിയിലേക്കുള്ള സൂചന നല്‍കുന്നു. ഇബ്്‌നു തുഫൈലിന്റെ പിന്‍ഗാമി ഇബ്്‌നു റുഷ്ദിന്റെ ‘ഫസ്്‌ലുല്‍ മഖാല്‍ ഫീ മാ ബൈനല്‍ ഹിക്്മത്തി വശ്ശരീഅത്തി മിനല്‍ ഇത്തിസാല്‍’ (മതവും തത്വചിന്തയും തമ്മിലുള്ള രജ്ഞനം) പിറവിയെടുക്കുന്നതും ഇതേ പശ്ചാത്തലത്തിലാണ്. ഇമാം ഗസാലിയുടെ തത്വചിന്താ വിരുദ്ധമായ ചില നിലപാടുകളെ ഇബ്്‌നു തുഫൈല്‍ വിമര്‍ശിച്ചതും ഇബ്്‌നു റുഷ്ദിനെ സ്വാധീനിച്ചിരിക്കണം.
ഈ താത്വികാടിത്തറക്ക് ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യരേഖക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന സമശീതോഷ്ണ കാലാവസ്ഥയുള്ള വിജനമായൊരു ദ്വീപില്‍ ഹയ്യിന്റെ രംഗപ്രവേശനമാണ് വിവരിക്കുന്നത്. കഥാ നായകന്‍ ഹയ്യിന്റെ ജന്മത്തെക്കുറിച്ച് നിലവിലുള്ള രണ്ട് വീക്ഷണങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്.
ഒന്നാമത്തെ വീക്ഷണപ്രകാരം മാനുഷികമായ ഇടപെടലുകളില്ലാതെ സ്വമേധയാ വെള്ളവുമായി ചേരുന്ന കളിമണ്ണില്‍ ദൈവസന്നിധിയില്‍ നിന്ന് നിരന്തരം പ്രവഹിക്കുന്ന ആത്മാവ് പ്രവേശിക്കുന്നതോടെ ഹയ്യ് ജന്മം കൊള്ളുന്നു. പിന്നീട് മാംസപിണ്ഡമായി മാറുന്ന മണ്ണ് മനുഷ്യ ഭ്രൂണത്തിന്റെ രൂപം പ്രാപിക്കുകയും ശേഷം പൂര്‍ണ വളര്‍ച്ചയെത്തിയ ശിശുവായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

 രണ്ടാമത്തെ വീക്ഷണ പ്രകാരം മൂസാ പ്രവാചകരുടെ ജന്മത്തോട് സദൃശമായ സംഭവങ്ങളാണ് ഹയ്യിനെ വിജന ദ്വീപിലെത്തിക്കുന്നത്. അതനുസരിച്ച് ക്രൂരനായ ഭരണാധികാരിക്ക് അതിസുന്ദരിയായൊരു സഹോദരിയുണ്ടായിരുന്നു. അവളെ വിവാഹം ചെയ്യാന്‍ അയാള്‍ ആരെയും അനുവദിച്ചില്ല. യഖ്ഌനെന്ന അയല്‍ രാജ്യത്തെ രാജകുമാരനുമായി രഹസ്യ വിവാഹം നടത്തിയ സഹോദരിക്ക് വൈകാതെ ഒരു കുഞ്ഞ് പിറന്നു. സഹോദരനറിയാതെ അതീവ രഹസ്യമായി രായ്ക്കുരാമാനം കുഞ്ഞിനെ പെട്ടിയിലാക്കി നദിയിലൊഴുക്കുകയായിരുന്നു ഏക പോംവഴി. അങ്ങനെ ഹയ്യിനെ വഹിച്ചുകൊണ്ട് ആ പെട്ടി ഈ വിജന ദ്വീപിലണയുകയും ചെയ്തു.

മുഖവുരക്ക് ശേഷമുള്ള പ്രധാന ഭാഗം ഏഴ് വര്‍ഷങ്ങളായി വിഭജിക്കപ്പെടുന്ന വ്യത്യസ്ത ഘട്ടങ്ങളിലൂടെ ക്രമബദ്ധമായി പുരോഗമിക്കുന്ന ഹയ്യിന്റെ ജീവിതം ചര്‍ച്ച ചെയ്യുന്നു. മനുഷ്യാത്മാവിന്റെ പുരോയാനത്തിന്റെ പടവുകള്‍ സൂഫീ ചിന്തയില്‍ ഏഴെണ്ണമായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇമാം ഗസാലിയുടെ രിസാലത്തുത്വയ്്‌റിലും സപ്ത സാഗരങ്ങള്‍ താണ്ടിക്കടക്കുന്ന പ്രതീകാത്മകത കാണാം. ആദ്യഘട്ടമാരംഭിക്കുന്നത് വിശന്നു കരയുന്ന ഹയ്യിനെ തന്റെ നഷ്ടപ്പെട്ട കുഞ്ഞാണ് എന്ന് തെറ്റിദ്ധരിച്ച് പെട്ടിയില്‍ നിന്ന് എടുത്ത് ഒരു മാന്‍പേട മുലയൂട്ടുന്നതോടെയാണ്. ഏഴാമത്തെ വയസ്സില്‍ മറ്റു വ്യക്തികളില്‍ നിന്ന് വ്യതിരക്തമായ ഒരു ജീവിയാണ് താനെന്ന് ഹയ്യ് മനസ്സിലാക്കുന്നിടത്ത് ഈ ഘട്ടം അവസാനിക്കുന്നു. അതിനിടയില്‍ സന്തോഷം, സൗഹൃദം, ദുഃഖം, ലജ്ജ തുടങ്ങിയ അടിസ്ഥാന വികാരങ്ങള്‍ അനുഭവിച്ചു തുടങ്ങുന്ന കുട്ടി മറ്റു ഹിംസ്ര ജന്തുക്കളുടെ അക്രമങ്ങളില്‍ നിന്ന് രക്ഷനേടാനും ഭക്ഷണത്തിനായി വേട്ടയാടാനും മീന്‍പിടിക്കാനും പഠിച്ചു.


ഇരുപത്തിയൊന്നാം വയസ്സുവരയെുള്ള ഹയ്യിന്റെ ജീവിതമാണ് അടുത്തഘട്ടം. ഇത് പതിനാല് വര്‍ഷമുള്ള രണ്ട് സപ്്ത വര്‍ഷ ദശകളാണ്. ഈ കാലയളവില്‍ മറ്റു മൃഗങ്ങളില്‍ നിന്ന് ഭിന്നമായുള്ള തന്റെ നഗ്്‌നതയും ബലഹീനതയും ഹയ്യിനെ അലട്ടുന്നു. മരത്തിന്റെ ഇലകളും പക്ഷിത്തോലുകളും ഉപയോഗിച്ച് തന്റെ നഗ്്‌നത മറക്കാന്‍ അവന്‍ ശ്രമിക്കുന്നു. രണ്ട് കാലുകളും കൈകളും കൊണ്ട് നടന്ന് ശീലിച്ചിരുന്ന അവന്‍ നേരെ നിന്ന് രണ്ട് കാലില്‍ നടക്കാന്‍ ശീലിച്ചു. ഹയ്യിന്റെ ബൗദ്ധിക വളര്‍ച്ച ആരംഭിക്കുന്നതും ഈ ഘട്ടത്തിലാണ്. അന്വേഷണ നിരീക്ഷണവും യുക്തിയുപയോഗിച്ച് തന്റെ ചുറ്റിലുമുള്ള ലോകത്തെ അവന്‍ പഠിച്ചെടുക്കാന്‍ തുടങ്ങി. പ്രകൃതിയിലെ വസ്തുക്കളെ തന്റെ ആവശ്യങ്ങള്‍ക്കായി മാറ്റിയെടുക്കാനും ആദ്യമൊക്കെ അവനെ വിസ്്മയിപ്പിച്ച അഗ്്‌നിയെ നിയന്ത്രിക്കാനും അവന്‍ പഠിച്ചു. തന്റെ മാതാവായ മാന്‍പേട മരിച്ചപ്പോള്‍ ദുഃഖാര്‍ഥനായ അവന്‍ മരണത്തിന്റെ കാരണമന്വേഷിച്ച് മാതാവിന്റെ കണ്ണിലും മൂക്കിലും ചെവിയിലുമെല്ലാം പരിശോധനകള്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അവസാനം ബാഹ്യാവയങ്ങളുടെ തകരാറല്ല, ശരീരത്തിന്റെ ഉള്ളിലെവിടെയോ ആണ് പ്രശ്‌നത്തിന്റെ ഹേതു എന്ന് മനസ്സിലാക്കി അതിന്റെ ജഡം കല്ലുകള്‍ മൂര്‍ച്ച കൂട്ടി മുറിക്കാന്‍ ആരംഭിച്ചു. ശരീരത്തിന്റെ ഏതാണ്ട് മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹൃദയം അവനെ വല്ലാതെ അമ്പരപ്പിച്ചു. അതിനുള്ളിലായിരിക്കണം കുഴപ്പം സംഭവിച്ചിട്ടുണ്ടാവുക എന്ന നിഗമനത്തോടെ ഹൃദയം കീറി നോക്കിയപ്പോള്‍ രണ്ടറകള്‍ കാണാനായി. അവയിലൊന്നില്‍ രക്തം നിറഞ്ഞുനില്‍ക്കുന്നതും മറ്റേത് ശൂന്യമായിരിക്കുന്നതും കണ്ട അവന്‍ അതിലുള്ള എന്തോ ഒന്ന് പുറത്തുപോയതാണ് മരണകാരണം എന്ന് നിരീക്ഷിച്ചു. മാതാവിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ആത്മാവ് അറയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പിന്നെ നിര്‍ജീവമായ ജഡം കൊണ്ടെന്ത്? അവന്‍ ആലോചിച്ചു. അങ്ങനെ മരണത്തെയും അതിജീവിക്കുന്ന അതിഭൗതികമായ ഒരു ശക്തിയെക്കുറിച്ചുള്ള ചിന്തകള്‍ അവനെ മഥിച്ചുതുടങ്ങി. ഭൗതികാവസ്ഥയുടെ നശ്വരതയും അനശ്വരത പ്രാപിക്കുന്ന ആത്മാവിന്റെ സ്വഭാവത്തെയും ഗ്രഹിക്കുന്നതിലേക്ക് മാതാവിന്റെ മരണം അവനെ നയിക്കുകയുണ്ടായി.
പിന്നീട് മാതാവിന്റെ ഹൃദയത്തില്‍ നിന്ന് അപ്രത്യക്ഷമായ നിഗൂഢ വസ്തു തന്നെയാണോ എല്ലാ മൃഗങ്ങളുടെയും ഹൃദയത്തിലുള്ളത് എന്ന് മനസ്സിലാക്കാന്‍ ജീവനുള്ള മൃഗത്തെ കെട്ടിയിട്ട് അതിന്റെ ഹൃദയം പിളര്‍ത്തി പരിശോധിക്കുന്നുണ്ട് ഹയ്യ്. ഇടത്തെ അറയില്‍ പരിശോധിച്ച് നോക്കിയപ്പോള്‍ ബാഷ്പം പോലെയോ വെളുത്ത മേഘം പോലെയോ ഒന്ന് അതിനുള്ളില്‍ കാണുകയുണ്ടായി. അവന്‍ അതൊന്ന് തൊട്ട് നോക്കിയെങ്കിലും അസഹനീയമായ ചൂട് കാരണം കൈ പിറകോട്ട് വലിക്കുകയും ഉടന്‍ തന്നെ ആ മൃഗം മരിക്കുകയും ചെയ്തു. ഹൃദയത്തിന്റെ ഇടത്തെ അറയിലുള്ള ചൂടുള്ള ബാഷ്പമാണ് ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത് എന്ന് അങ്ങനെ അവന്‍ തീര്‍ച്ചപ്പെടുത്തി.
ഈ രസകരമായ കണ്ടുപിടിത്തം പിന്നീട് ജീവികളുടെ ആന്തരിക ഘടനയെ കുറിച്ചും നാഡീവ്യവസ്ഥയെ കുറിച്ചുമുള്ള ഗഹനമായ നിരീക്ഷണങ്ങളിലേക്ക് കൊണ്ടെത്തിച്ചു. ഈ കാലയളവില്‍ തന്നെയാണ് മൃഗങ്ങളുടെ തോലുപയോഗിച്ച് വസ്ത്രവും ചെരുപ്പും ഉണ്ടാക്കാന്‍ അവന്‍ പഠിക്കുന്നത്. കൂടാതെ, തൂക്കണം കുരുവിയുടെ കൂട് നിരീക്ഷിച്ചുകൊണ്ട് നിര്‍മാണകല സ്വായത്തമാക്കുകയും തനിക്കൊരു സൂക്ഷിപ്പ് മുറിയും പാചകപ്പുരയുമുണ്ടാക്കി. പിന്നീട്, പക്ഷികളെയും മൃഗങ്ങളെയും മെരുക്കിയെടുത്ത് വളര്‍ത്താനും അവന്‍ ശീലിക്കുന്നതും ഈ പ്രായത്തില്‍ തന്നെയാണ്.
ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതില്‍ വ്യാപൃതനായപ്പോഴും ഇരുപത്തിയൊന്നാം വയസ്സാകുമ്പോഴേക്ക് ജന്തുക്കളുടെ ശരീരഘടനയെക്കുറിച്ച് കൃത്യമായ ധാരണയും അവന്‍ നേടിക്കഴിഞ്ഞിരുന്നു.
28 വയസ്സുവരയെുള്ള അടുത്ത ഘട്ടത്തില്‍ ജീവജാലങ്ങള്‍ക്കിടയിലെ സാജാത്യവൈജാത്യങ്ങളെയും ഉണ്മയുടെ ഏകത്വ-ബഹുത്വങ്ങളെയും മനസ്സിലാക്കിയെടുക്കുകയാണ് ഹയ്യ്. സാധര്‍മ്യ വ്യത്യാസങ്ങള്‍ പരിഗണിച്ച് വിവിധ വര്‍ഗങ്ങളായി ജന്തുക്കളെ വര്‍ഗീകരിച്ചപ്പോള്‍ അവയില്‍ പൊതുവായി മൂന്ന് അടിസ്ഥാന സ്വഭാവങ്ങള്‍ കാണാനായി. ഇന്ദ്രിയ സംവേദനം, ആഹാരഭോജനം, ചലന സ്വാതന്ത്ര്യം എന്നിവയായിരുന്നു അവ. സസ്യജാലങ്ങളെ സൂക്ഷ്മമായി നിരീക്ഷച്ചതില്‍ നിന്ന് ചലന സ്വാതന്ത്ര്യം ഒഴികെയുള്ള രണ്ടെണ്ണം അവയുടെയും അടിസ്ഥാന സ്വഭാവങ്ങളാണെന്ന് അവന് ബോധ്യമായി. നിര്‍ജീവ വസ്തുക്കളില്‍ ഈ സ്വഭാവ ഗുണങ്ങള്‍ അവന് കാണാന്‍ കഴിഞ്ഞില്ല. അവയില്‍ പൊതുവായി കണ്ടത് നീളം, വീതി, ആഴം എന്നീ മൂന്ന് സവിശേഷതകളായിരുന്നു. എന്നാല്‍ ഈ മൂന്നെണ്ണം സര്‍വചരാചരങ്ങളെയും ഏകോപിപ്പിക്കുന്ന സവിശേഷതകളായി അവന്‍ മനസ്സിലാക്കുകയുണ്ടായി. ഉണ്മ ഏകമാണെന്നും ബഹുത്വം അതിന്റെ പ്രകടനങ്ങളാണെന്നുമുള്ള തിരിച്ചറിവാണ് ഇത്തരം അന്വേഷണങ്ങള്‍ അവന് പകര്‍ന്ന് നല്‍കിയത്. തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ തന്റെ ചുറ്റുമുള്ളവയെ ഒന്നടങ്കം ഏകോപിപ്പിക്കുന്ന മറ്റൊന്ന് അവന്‍ കണ്ടെത്തി. രൂപം, ആകൃതി.

രൂപങ്ങളെ (Forms) സംബന്ധിച്ച ബോധലബ്്ധിയായിരുന്നു ആത്മീയ മണ്ഡലത്തിലേക്കുള്ള ആദ്യപടി. ഈ ഘട്ടത്തില്‍ തന്നെയാണ് ചുറ്റുപാടിനെ നിരീക്ഷിച്ചതനുസരിച്ച് ഏത് സംഭവത്തിനും ഒരു ഹേതുവുണ്ടെന്ന് അവന്‍ മനസ്സിലാക്കുന്നതും കാര്യകാര്യണ ബന്ധത്തിന്റെ (causality) മര്‍മം ഗ്രഹിക്കുന്നതും. പിന്നീട് വാന ലോകത്തെ ഗോളങ്ങളെയും സൂര്യ ചന്ദ്രാദികളെയും നിരീക്ഷിക്കുന്ന കഥാ നായകന്‍ അവയെല്ലാം നിശ്ചിതമായ പഥങ്ങളില്‍ നിരന്തരം ഭ്രമണം നടത്തുകയാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുന്നു. അതോടെ, ദാര്‍ശനിക വിചാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ അവന്റെ മനസ്സിനെ പ്രക്ഷുബ്്ധമാക്കുകയാണ്.

വാന ഗോളങ്ങള്‍ രൂപം കൊള്ളുന്നത് പ്രകാശത്തില്‍ നിന്നാണെങ്കില്‍ ആ മൂല ജ്യോതിസ്സ് ഇവയെക്കാള്‍ തീവ്രതയാര്‍ന്നതായിരിക്കുമെന്നും അതു തന്നെയായിരിക്കും സര്‍വ ജീവ രൂപങ്ങളുടെയും ഉറവിടമെന്നും അവന്‍ അനുമാനിച്ചു.


28 മുതല്‍ 35 വരെയുള്ള പ്രായമാണ് അടുത്ത ഘട്ടം. പ്രപഞ്ചത്തെയും നക്ഷത്രങ്ങളെയും സൂക്ഷമ വിശകലനം ചെയ്യുന്ന ഹയ്യിന് അവയുടെ പരിമിതത്വം (finitude) യുക്തിപൂര്‍വം മനസ്സിലാക്കാന്‍ സാധിക്കുന്നു. ബഹുത്വത്തിലും വൈവിധ്യങ്ങള്‍ക്കുമപ്പുറം ഏകത്വ ബിന്ദുവില്‍ അവയെയും കോര്‍ത്തിണക്കുന്നുണ്ട്് അവന്‍. ഈ മഹാ വിസ്്മയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സ്രഷ്ടാവ് പരിമിതത്വത്തിന്റെ അതിരുകളില്‍ ഒതുങ്ങുന്നുവന്‍ അല്ലെന്നും അവന് പിന്നീട് ബോധ്യമാവുന്നു.
ഈ ഘട്ടത്തില്‍ വാന നിരീക്ഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ വാന ലോകത്തിന്റെ (heaven) ഗോളാകൃതി (spherical)യും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനത്തിന്റെ വര്‍ത്തുളാകൃതിയും (circular) അവന് ബോധ്യപ്പെടുന്നു.
വാന ശാസ്ത്രത്തില്‍ അവഗാഹം നേടിയതിന് ശേഷം പ്രപഞ്ചത്തിന്റെ അനാദിത്വ(eternity)ത്തെക്കുറിച്ചുള്ള പര്യാലോചനകളാണ് അവന്റെ മനസ്സിനെ അശാന്തമാക്കുന്നത്. ഇല്ലായ്മയില്‍ നിന്ന് ഒരു പ്രത്യേക സമയ സന്ധിയില്‍ സൃഷ്ടിക്കപ്പെട്ടതാണോ( created in time) അതോ തുടക്കവും ഒടുക്കവും ഇല്ലാതെ അനാദ്യന്തമായി നിലനില്‍ക്കുന്നതാണോ ലോകം എന്ന ദുര്‍ഗ്രഹ പ്രശ്‌നത്തിന്റെ കുരുക്കുകളഴിക്കാന്‍ അവന്‍ വല്ലാതെ ക്ലേശിച്ചു. ഇരു വീക്ഷണങ്ങള്‍ക്കും അനുകൂലമായ വാദഗതികളോടെ ആത്മ സംവാദത്തിലേര്‍പ്പെട്ട അവന്‍ അന്തിമമായി സ്വീകരിക്കുന്നത് ചേരിചേരാ നയമാണ്. ലോകത്തിന്റെ അനാദിത്വ സംബന്ധിയായ സംശയം ഒരു നിലക്കും പ്രപഞ്ച സ്രഷ്ടാവിലുള്ള വിശ്വാസവുമായി ബന്ധപ്പെടുന്നില്ലെന്ന നിഗമനത്തിലാണ് അവന്‍ എത്തിച്ചേര്‍ന്നത്. ശേഷം, സൃഷ്ടി പ്രപഞ്ചത്തിലെ വിസ്്മയങ്ങളിലേക്ക് കണ്‍തുറക്കുന്ന ഹയ്യിനെ അല്‍ഭുത സ്തബ്്ധനാക്കുന്നത് സൂക്ഷ്മ ജീവികളുടെ സൃഷ്ടിയിലെ സമഗ്ര ജ്ഞാനത്തിന്റെ സ്പര്‍ശങ്ങളാണ്. സര്‍ഗ വസന്തത്തിന്റെ താള നിബദ്ധതയും സ്വരൈക്യവും അവനില്‍ ആ സൃഷ്ടി കര്‍ത്താവിനോടുള്ള തീവ്രാനുരാഗം തീര്‍ത്തു. സൃഷ്ടി പ്രപഞ്ചത്തിലെ നശ്വരതയും സ്രഷ്ടാവിന്റെ അനശ്വരതയും മനസ്സിലാക്കിയെടുക്കുന്നതോടെ ഈ ഘട്ടം അവസാനിക്കുകയായി.

50 വയസ്സു വരെയെുള്ള അഞ്ചാം ഘട്ടം മൂന്ന് ദശകളിലായി ആര്‍ജ്ജിച്ചെടുക്കുന്ന ഹയ്യിന്റെ മതാനുഭൂതിയുടേതാണ്. ഇന്ദ്രിയാതീതമായ തന്റെ യഥാര്‍ഥ സത്തയെ പരിചയപ്പെടുന്നതോടെ ഭൗതിക ലോകത്തിന്റെ നിസ്സാര ചിന്തകളില്‍ നിന്ന് നിഷ്‌ക്രമിക്കുന്നതാണ് ഒന്നാമത്തെ ദശ. അഭൗമ സൗന്ദര്യത്തിന്റെ അതീന്ദ്രിയ ദര്‍ശനം സൃഷ്ടിക്കുന്ന ആനന്ദാതിരേകത്തില്‍ മതിമറന്ന് നില്‍ക്കുന്ന അവന്‍ തന്റെ ഭൗതികാവശ്യങ്ങള്‍ ഈ അവാച്യാനുഭൂതികള്‍ക്ക് വിഘാതമാവുമോ എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്.
ദിവ്യ സൗന്ദര്യത്തിന്റെ അനുഭവം നിര്‍വിഘ്്‌നം സാധ്യമാക്കാനുളള മാര്‍ഗങ്ങളാരായുന്നതിലായി അവന്റെ ശ്രദ്ധ. ആലോചനകള്‍ക്കൊടുവില്‍ ജന്തുലോകത്തിന് അത്തരമൊരു അസ്തിത്വത്തെക്കുറിച്ച് ധാരണയൊന്നുമില്ലെന്നും അവയുടെ ജീവിത രീതികള്‍ ദിവ്യാനുഭവത്തില്‍ നിന്ന് അകറ്റാനേ സഹായിക്കൂ എന്നും മനസ്സിലാക്കുന്നു. അടുത്തതായി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കുന്ന ഹയ്യ് ആ ദിവ്യ സൗന്ദര്യത്തെക്കുറിച്ച ആത്മബോധമാണ് അവയുടെ സഞ്ചാര ഗതിയെ ഇത്ര ചടുലവും മാര്‍ഗ നിഷ്ഠവുമാക്കുന്നതെന്ന് മനസ്സിലാക്കുന്നു.

അങ്ങനെ തന്റെ ജീവിതത്തെയും കൃത്യമായ ഒരു പഥത്തിലൂടെയുള്ള പ്രയാണത്തിന് സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ അനുഷ്ഠാന മുറകള്‍ ഉള്‍ക്കൊള്ളുന്ന നൈതികമായൊരു ജീവിത ക്രമം ചിട്ടപ്പെടുത്തുന്നുണ്ട് അവന്‍. അഭൗമികമായ ദിവ്യ സൗന്ദര്യത്തിനുടമയായ ശക്തി വിശേഷത്തെ നമ്ര വിനീതനായി ഉപാസിക്കുന്നതും അങ്ങനെ ഹയ്യിന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നുണ്ട്.

മൂന്നാമത്തെ ദശയിലാണ് പൂര്‍ണമായും ദിവ്യാത്മാവില്‍ വിലയം പ്രാപിക്കുന്ന ധ്യാനാത്മകത ഹയ്യിന്റെ ആത്മാന്വേഷണങ്ങളുടെ പാരമ്യതയായി എത്തുന്നത്. ആധ്യാത്മിക ജാഗരണത്തിന്റെ ഈ ഘട്ടത്തില്‍ സ്രഷ്ടാവിന്റെ ഹിതങ്ങളിലേക്കുള്ള ആത്മാവിന്റെ ഗാഢമായൊരു നിശാ പ്രയാണമാണ് ഹയ്യ് നടത്തുന്നത്. ധ്യാന മനനങ്ങളുടെ ഈ ഘട്ടങ്ങള്‍ തരണം ചെയ്യുന്നതോടെ ലൗകികതയുടെ സര്‍വ ഭ്രമങ്ങളെയും മാറ്റി നിര്‍ത്തി ദൈവ സന്നിധിയിലേക്ക് പൂര്‍ണമായി ചേക്കേറാന്‍ അവന് സാധിക്കുന്നുണ്ട്. ബോധോദയത്തിന്റെ പരകോടിയില്‍ ദൈവദര്‍ശനം അവനെ തേടിയെത്തുന്നതോടെ ഈ ഘട്ടം അവസാനിക്കുന്നു.

ആറാമത്തേതും അവസാനത്തേതുമായ ഘട്ടത്തില്‍ ഇന്ദ്രിയ കല്‍പനാതീതമായ ദര്‍ശനം ലഭിക്കുന്ന ഹയ്യ് ദൈവ ധ്യാനത്തില്‍ നിന്ന് ഒരു നിമിഷം പോലും മാറി നില്‍ക്കാതെ സദാ സമയവും ധ്യാനനിമഗ്്‌നനാവുന്നു. മൂര്‍ത്തതയുടെ വിദൂരഛായ പോലും സ്പര്‍ശിക്കാത്ത കേവലത്വത്തിന്റെ പരകോടിയില്‍ സ്വയം വിലയിപ്പിച്ചു കൊണ്ട് ഹയ്യ് ശിഷ്ട കാലം കഴിച്ചു കൂട്ടുന്നതോടെ ഈ ഘട്ടത്തിനു സമാപ്തിയാവുന്നു. എന്നാല്‍ ഹയ്യിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവ്. അയല്‍ ദ്വീപില്‍ നിന്നെത്തുന്ന ‘അബ്‌സലിനെ’ കണ്ടുമുട്ടുന്നതോടെയാണ് ആരംഭിക്കുന്നത്. അടുത്തതായി ഇബ്‌നു തുഫൈല്‍ വിവരിക്കുന്നത് ഹയ്യിന്റെ അബ്‌സലുമായുള്ള സമാഗമത്തെയാണ്.
ഹയ്യ് ജനിച്ചു വീണ ജനവാസമുള്ള ദ്വീപില്‍ ഒരു പ്രവാചകന്റെ അനുയായികളായ മതവിശ്വാസികള്‍ എത്തിപ്പെടുകയും തങ്ങളുടെ ജീവിത രീതി കൊണ്ട് മതത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. അവിടെ നന്മയുടെ ഉപാസകരായ രണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു. അബ്്‌സലും സലമാനും. രണ്ടു പേരും മതത്തിലെ ആരാധാനാ മുറകള്‍ യഥാവിധി അനുഷ്ഠിച്ച് ജീവിതം നയിച്ച് പോന്നു. പക്ഷേ, രണ്ടു പേര്‍ക്കുമിടയില്‍ വിയോജിപ്പുണ്ടായിരുന്നത് മത ഗ്രന്ഥത്തിലെ ചില ദുര്‍ഗ്രഹ പരാമര്‍ശങ്ങള്‍ എങ്ങനെ വായിക്കണമെന്ന വിഷയത്തിലായിരുന്നു. അത്തരം പരാമര്‍ശങ്ങളെ അവയുടെ അക്ഷരാര്‍ഥത്തില്‍ തന്ന വായിക്കണമെന്ന് സലമാനും അവയുടെ ആലങ്കാരികാര്‍ഥത്തിലെടുത്ത് വ്യാഖ്യാനിക്കണമെന്ന് അബ്്‌സലും ശഠിക്കുന്നതോടെ അവര്‍ തമ്മില്‍ വഴി പിരിയുന്നു. സലമാന് സാമൂഹ്യ സമ്പര്‍ക്കത്തോടായിരുന്നു കമ്പമുള്ളതെങ്കില്‍ അബ്്‌സലിന് ഏകാകികതായിരുന്നു പഥ്യം. ഏകാന്ത വാസത്തിനായി അബ്്‌സല്‍ എത്തിച്ചേരുന്നത് ഹയ്യ് താമസിക്കുന്ന ദ്വീപിലാണ്. ആഴ്ചയിലൊരിക്കല്‍ മാത്രം ഭക്ഷണം കഴിച്ചിരുന്ന ഹയ്യും അബ്്‌സലും ആദ്യമൊന്നും കണ്ടുമുട്ടിയില്ല. പിന്നീട് ഹയ്യ് ഭക്ഷണം തേടി അബ്്‌സല്‍ തമ്പടിച്ചിരുന്ന സ്ഥലത്തെത്തുകയും ആ അല്‍ഭുത ജീവിയെ കണ്ട് ആശ്ചര്യമടക്കാനാവാതെ അതിനടുത്തേക്ക് നീങ്ങുകയും ചെയ്തു.
തന്റെ ഏകാകിതക്ക് ഭംഗം വരാതിരിക്കാന്‍ ഹയ്യില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അബ്്‌സലിനെ അവസാനം ഹയ്യ് പിടികൂടുകയും ഉപദ്രവമൊന്നും ഏല്‍പിക്കാതെ നിരീക്ഷിക്കുകയും ചെയ്യുന്നു. പിന്നീട് മനുഷ്യഭാഷ വശമല്ലാതിരുന്ന ഹയ്യിനെ അബ്്‌സല്‍ ഭാഷ പഠിപ്പിച്ചു. അവര്‍ തമ്മില്‍ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെ ചൂഴുന്ന നിരവധി ദാര്‍ശനിക ചര്‍ച്ചകള്‍ നടന്നതില്‍ നിന്ന് അബ്്‌സല്‍ ഒരു സത്യം ഗ്രഹിച്ചു. വെളിപാടിലൂടെ അവതരിപ്പിക്കപ്പെട്ട മത സത്യങ്ങള്‍ തന്നെയാണ് യുക്തി വിചാരത്തിലൂടെ ഹയ്യ് നിര്‍ധാരണം ചെയ്‌തെടുത്തിരിക്കുന്നത്. അബ്‌സലിന്റെ ദ്വീപിനെക്കുറിച്ചും അതിലെ നിവാസികളുടെ മതത്തെക്കുറിച്ചുമെല്ലാം ചോദിച്ചറിയുന്ന ഹയ്യിന് അവരെ കാണാന്‍ അതിയായ ആഗ്രഹം ജനിക്കുന്നു. ദിശ മാറി ഒഴുകിയെത്തിയ കപ്പലില്‍ അവര്‍ ഇരുവരും അബ്്‌സല്‍ താമസിച്ചിരുന്ന ദ്വീപിലെത്തി. ദൈവ സാമീപ്യം നേടിയ മഹാത്മാവാണ് ഹയ്യ് എന്ന വിവരം അബ്‌സല്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയതനുസരിച്ച് അവര്‍ കൂട്ടം കൂട്ടമായി ഹയ്യിന്റെ ഉപദേശങ്ങള്‍ ശ്രവിക്കാനെത്തി. അബ്്‌സലിന്റെ സുഹൃത്തായ സലമാനായിരുന്നു അന്ന് ഭരണാധികാരി. സലമാനും ജനങ്ങളും ആദ്യമൊക്കെ ഹയ്യിന്റെ സദസ്സുകളില്‍ പങ്കെടുത്ത് ആത്മ സംസ്‌കരണത്തിന്റെ സംതൃപ്തി അനുഭവിച്ച് പോന്നു. പക്ഷേ, ദൈവത്തിന്റെ മൂര്‍ത്ത ഗുണങ്ങള്‍ അടക്കമുള്ള ആലങ്കാരിക പ്രയോഗങ്ങളെ തങ്ങള്‍ക്ക് സുപരിചിതമായ അക്ഷരാര്‍ഥത്തില്‍ വായിക്കരുതെന്ന ഹയ്യിന്റെ നിര്‍ദേശം ക്രമേണ ജനങ്ങളെ ഹയ്യില്‍ നിന്നകറ്റുകയാണുണ്ടായത്. തങ്ങള്‍ നടന്നു ശീലിച്ച വഴികള്‍ മാറ്റാന്‍ ആരു വന്നാലും തയ്യാറല്ലന്ന മനോഗതി ഹയ്യിനെ ഏറെ ദുഃഖിപ്പിച്ചു. അവസാനം ഹയ്യും അബ്്‌സലും മനം മടുത്ത് ഏകാന്ത വാസത്തിനായി തിരിച്ച് ഹയ്യിന്റെ ദ്വീപിലേക്ക് മടങ്ങിയെത്തി മരണം വരെ ആരാധനയില്‍ മുഴുകുന്നതാണ് കഥാന്ത്യം.
സ്വാധീനം
ഹയ്യ് ബിന്‍ യഖഌന്റെ സ്വാധീന വലയത്തിലേക്ക് ആകൃഷ്ടരായ അനേകം ചിന്തകരില്‍ പ്രമുഖനായിരുന്നു ഇബ്്‌നു റുഷ്ദ്. തന്റെ തഹാഫുത്തുല്‍ തഹാഫുത്ത്, ഫസ്്‌ലുല്‍ മഖാല്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലെ വീക്ഷണങ്ങള്‍ അതിന്റ നഗ്്‌ന സാക്ഷ്യങ്ങളാണ്. കൂടാതെ ഹയ്യ് ബിന്‍ യഖ്ഌന് ഒരു വിശദീകരണവും ഇബ്്‌നു റുഷ്ദ് രചിച്ചിട്ടുണ്ട്.
മറ്റൊരു പ്രഗല്‍ഭന്‍ പേര്‍ഷ്യന്‍ കവിയായിരുന്ന നൂറുദ്ദീന്‍ ജാമി എന്ന ജാമിയാണ്. സലമാനും അബ്്‌സലും എന്ന തന്റെ സൂഫീ കവിതയിലൂടെ ആ കഥാ പാത്രങ്ങളെ അനശ്വരരാക്കുകയായിരുന്നു ജാമി. ഹയ്യ് ബിന്‍ യഖഌന്റെ ഖണ്ഡനമായി വിരചിതമായ അലാഉദ്ദീന്‍ ബിന്‍ നഫീസിന്റെ ‘അരിസാലത്തുല്‍ കാമിലിയ്യ ഫിസ്സീറത്തിന്നബവിയ്യ’യും കഥാ തന്തുവില്‍ ഐക ഭാവം പുലര്‍ത്തുന്നു. വിജനമായ ദ്വീപില്‍ ആകസ്മികമായി പ്രത്യക്ഷപ്പെടുന്ന കുഞ്ഞിന്റെ അന്വേഷണാത്മക ജീവിതവും ദൈവ ദര്‍ശന ലബ്്ധിയും ഈ കൃതിയിലും കാണാവുന്നതാണ്.

യൂറോപ്പിലെ വിഖ്യാത ധിഷണാ ശാലികളുടെ ഹരമായി മാറിയിരുന്നു. ഒരു കാലത്ത് ഇബ്്‌നു തുഫൈലിന്റെ നോവല്‍. ആല്‍ബേര്‍ മാഗ്്‌നസ്, സെന്റ് തോമസ് അക്വിനാസ്, വോള്‍ട്ടയര്‍, റൂസ്സോ, ദിദറോ തുടങ്ങിയ ഇതിഹാസ പ്രതിഭകളുടെ പ്രശംസ പിടിച്ചുപറ്റി. പ്രസിദ്ധ ജര്‍മന്‍ ചിന്തകന്‍ എഫ്രയിം ലെസിങ്ങിന്റെ ‘ജ്ഞാനിയായ നഥാന്‍’ (നഥാന്‍ ദി വൈസ്) എന്ന കൃതി കടപ്പെട്ടിരിക്കുന്നതും ഹയ്യിനോടാണ്.
റോബിന്‍സണ്‍ ക്രൂസോ, ജംഗിള്‍ ബുക്ക്, ടാര്‍സന്‍, ലൈഫ് ഓഫ് പൈ തുടങ്ങിയ നോവലുകളുടെയും വേരുകള്‍ ഹയ്യിലേക്ക് നീളുന്നതായി ആധുനിക ഗവേഷണ പഠനങ്ങള്‍ തെളിയിക്കുന്നു.

മതാത്മകതയും യുക്തി വിചാരവും തമ്മില്‍ സൂക്ഷ്മദൃഷ്ട്യാ അന്തരമില്ലെന്ന് സധൈര്യം പ്രഖ്യാപിക്കുമ്പോള്‍ തന്നെ മതാന്ധതയും മതാത്മകതയും തമ്മില്‍ അഭേദ്യമായ അന്തരമാണുള്ളതെന്നുമാണ് ഹയ്യ് ഉണര്‍ത്തുന്നത്. ഏകത്വത്തില്‍ നിലീനമായിരിക്കുന്ന ബഹുത്വത്തെയും, ബഹുത്വത്തില്‍ പ്രസ്ഫുരിക്കുന്ന ഏകത്വത്തെയും ദര്‍ശിച്ചു കൊണ്ട് ബഹുസ്വരതയുടെ താള വൈവിധ്യത്തില്‍ സ്വരൈക്യത്തിന്റെ സ്വഛത സൃഷ്ടിക്കുകയാണ് പ്രബുദ്ധത എന്ന സന്ദേശമാണ് ഹയ്യ് ബിന്‍ യഖ്ഌന്‍ നല്‍കുന്നത്.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed