ഇന്ന് ജീവിച്ചിരിക്കുന്ന ഇസ്‌ലാമിക തത്വചിന്തകരില്‍ ഏറെ പ്രധാനിയാണ് മൊറോക്കയിലെ ത്വാഹ അബ്ദുറഹ്‌മാന്‍(അബ്ദുറ്ഹമാന്‍ ത്വാഹ). ആത്മീയതയും തത്വചിന്തയും സമന്വയിച്ച ജീവിത്തിനുടമ കൂടിയാണദ്ദേഹം, അറബ് ദാര്‍ശനികതയും പടിഞ്ഞാറന്‍ ബൗദ്ധിക വ്യവഹാരങ്ങളെയും തന്റെ എഴുത്തുകളില്‍ പടര്‍ത്തിയ അതുല്യപ്രതിഭ.തന്റെ വസന്തയൗവന യുഗത്തില്‍ കവിതകളിലൂടെ ദര്‍ശനം പകര്‍ന്നിരുന്നുവെങ്കിലും 1967- ല്‍ ഇസ്രായേലിനൊട് അറബികള്‍ പരാജയപ്പെട്ടതോടെ മാറിചിന്തിക്കുകയും ഇനി അറബ് ലോകം പുതിയ ചിന്തകളെ പുണരാനായിട്ടുണ്ടെന്നും മനസ്സിലാക്കി പുതിയ ദാര്‍ശനിക ഇടപെടലുകളെ പഠിക്കാന്‍ വേണ്ടി മാത്രം ഫ്രാന്‍സിലേക്ക് പോയ ഗവേഷകന്‍. വലിയ കരുത്തുണ്ടായിട്ടും അറബികള്‍ക്ക് വേണ്ട വിധം കാലുറപ്പികാനാകാത്ത ഇസ്രായേലിനെ യുദ്ധത്തില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലായെന്നത് അദ്ദേഹത്തെ വല്ലാതെ അലട്ടി.ഇതോടെ കവിത താത്പര്യം വിടുകയും തന്റെ മനസ്സ് ആ സമയത്ത് പറഞ്ഞത് ഇന്ന് കവിത, നാളെ ചിന്തകളാകട്ടെയെന്നായിരുന്നുവെന്ന് അദ്ദേഹം മനസ്സ് തുറക്കുന്നുണ്ട്. മാത്രമല്ല മൊറോക്കയിലെ ബുദ്ധിജീവികള്‍ ഇടത്തോട്ട് ചാഞ്ഞപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത മുന്നണിപ്പോരാളി കൂടിയാണ് അദ്ദേഹം.ആധുനികതയെ കൃത്യമായ അനാവരണം ചെയ്യാനും നിരുപിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. സമകാലിക മുസ്‌ലിം രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ വരെ അദ്ദേഹത്തിന്റെ നയങ്ങള്‍ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.
ജീവിത ചിത്രങ്ങള്‍
1944- ല്‍ മൊറോക്കയിലെ ജദീദയില്‍ ജനനം. നാട്ടിലെ പ്രാഥമിക പഠനാനന്തരം തലസ്ഥാനത്തെ മുഹമ്മദ് അല്‍ഖാമിസ് യൂനിവേഴ്‌സിറ്റിയില്‍ തത്വചിന്തയില്‍ ബിരുദാനന്തരം പഠനം. ശേഷം ഫ്രാന്‍സിലെ സെര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും രണ്ടാമതും ഫിലോസഫിയില്‍ ഡോക്ടറേറ്റ. തന്റെ സുദീര്‍ഘ പഠന സപര്യക്ക് ശേഷം വീണ്ടും മൊറോക്കയില്‍ തിരിച്ചെത്തി താന്‍ പഠിച്ച യൂനിവേഴ്‌സിറ്റിയില്‍ തന്നെ അധ്യാപകനാകുകയും ചെയ്തു.ഫിലോസഫിയും തര്‍ക്കശാസ്ത്രവും കൈകാര്യം ചെയ്യുന്ന അവിടുത്തെ പ്രഥമ അധ്യാപകനായിരുന്നു അദ്ദേഹം. എഴുപതുകളില്‍ വ്യാപകമായ രീതിയില്‍ ധൈഷണിക തലങ്ങളെയൊക്കെ ഇടത് വത്കരണം ഗ്രസിച്ചിരുന്നു, മാര്‍കിസം വിവിധ രൂപങ്ങളില്‍ അറബ് ലോകത്ത് വേരുറപ്പിക്കപ്പെടുന്ന സന്നിഗ്ധ വേള കൂടിയായിരുന്നു.
എന്നാല്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോര്‍വിളിക്കാന്‍ അദ്ദേഹത്തിനായി. തസവ്വുഫായിരുന്നു അദ്ദേഹത്തിന്റെ ആധാരശില. ഇസ്‌ലാമിക മൂല്യങ്ങളിലൂടെ ഇടത് സിദ്ധാന്തങ്ങള്‍ക്ക് ബദലൊരുക്കാന്‍ അദ്ദേഹത്തിനായി.മാത്രമല്ല ഇസ്മാമിക ഫിലോസഫിക്ക് ഗ്രഹണം ബാധിക്കാന്‍ കാരണം പടിഞ്ഞാറന്‍ ഫിലോസഫിയെ വാരിപുണര്‍ന്നതാണെന്നും അത്തരം സങ്കേതങ്ങളെയും വീക്ഷണങ്ങളെയും പരിശോധിക്കാതെ വിഴുങ്ങിയത് മൂലമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
അറബി, ജര്‍മന്‍, ഇംഗ്ലീഷ്, ലാതീന്‍, പഴയ ഗ്രീക്ക് തുടങ്ങി വിവിധ ഭാഷകളില്‍ അതീവ നിപുണനായിരുന്നു. നിഗൂഢതയും സങ്കീര്‍ണതകളും നിറഞ്ഞ തത്വചിന്തകള്‍ക്ക് പകരം വളരെ കവിത്വത്തോടെ തന്റെ ചിന്തകളെ വിസ്തരിക്കാനും ഉപന്യസിക്കാനും അദ്ദേഹത്തിനായെന്നാണ് അദ്ദേഹത്തെ വിലയിരുത്തി എഴുത്തുകാരനായ മുഹമ്മദ് ബറാദ അഭിപ്രായപ്പെട്ടത്ത്, തസവ്വുഫിലൂടെ ഫിലോസഫിയിലേക്ക് വഴി വെട്ടിയ ത്വാഹയെ ആത്മജ്ഞാനിയായ താത്വികനെന്ന് വിളിക്കപ്പെടാറുണ്ട്. ഇമാം ഗസാലിയുടെ നിദര്‍ശനങ്ങളെ ആധുനികവത്കരിക്കാന്‍ അദ്ദേഹത്തിനായെന്ന് സമര്‍ഥിക്കുന്ന വീക്ഷണങ്ങളുമുണ്ട.് ഇതുവഴി റുഷ്ദിയന്‍ ചിന്തകളോട് തന്റേതായ രീതിയില്‍ കലഹിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്.
ഈ ഒക്ടോബറിന് നടന്ന അല്‍ അഖ്‌സാ ഫ്‌ളഡിനെയധികരിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത് ഇത് നാഗരികതയുടെ പുനരാരംഭമാണെന്നും സമുദായത്തിന്റെ വീണ്ടെടുപ്പാണെന്നുമായിരുന്നു. ത്വാഹ അബ്ദുറഹ്‌മാന്റെ വലിയ നേട്ടമെന്നത് അദ്ദേഹം പരിചയപ്പെടുത്തിയ പുതിയ രീതിശാസ്ര്തമാണ്. പടിഞ്ഞാറിനെ മാതൃകയാക്കി ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ തുലാസിലിടുന്നതിന്ന പകരം ഇസ്‌ലാമിക സ്വത്വത്തിലൂടെ തന്നെ ഇസ്‌ലാമിക ശാസ്ത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനാകുമെന്നും അദ്ദേഹം ശഠിച്ചു. എണ്‍പതുകളോടെയാണ് അദ്ദേഹം തന്റെ പുതിയ രീതിയെ മുസ്‌ലിം ലോകത്ത് പരിചയപ്പെടുത്തുന്നത്, മൊറോക്കന്‍ സാംസ്‌കാരിക പൊതുബോധത്തോടുള്ള തുറന്ന യുദ്ധ പ്രഖ്യാപനം കൂടിയായിരുന്നു ഈ കണ്ടെത്തെലെന്ന് പറയാം. ബോദ്ശീശിയ്യ ത്വരീഖത്തിന്റെ അനുയായി കൂടിയായിരുന്നു അദ്ദേഹം, സദാചാരങ്ങളിലൂടെ, ധാര്‍മിക ശീലങ്ങളിലൂടെയാണ് തത്വചിന്തകള്‍ നടപ്പില്‍ വരുത്തേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരന്തരമായ ആവശ്യം, പടിഞ്ഞാറന്‍ ദര്‍ശനങ്ങള്‍ തകര്‍ന്നടിഞ്ഞത് ഈ സ്വഭാവങ്ങളെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണെന്നും അദ്ദേഹം നിരീക്ഷിക്കുയുണ്ടായി, ധൈഷണികതയെ ഇസ്‌ലാമിക വത്കരിക്കാനാണദ്ദേഹം തന്റെ ജീവിതത്തിലുടനീളം ശ്രമിച്ചത്. അത്രയും കാലം സാംസ്‌കാരിക ദാര്‍ശനിക തേരുകളില്‍ വാണിരുന്ന ആധുനികതാ വാദികളെയും ബൗദ്ധിക വാദികളെയും അരിക വത്കരിക്കാന്‍ അദ്ദേഹത്തിന്റെ ഒറ്റയാന്‍ ദാര്‍ശനിക സമരങ്ങള്‍ക്കായെന്ന് തന്നെ വലിയ അത്ഭുതമാണ്. ഇത് കൊണ്ട് തന്നെ ഇദ്ദേഹം താത്വികനല്ലെന്നും കേവലം താര്‍ക്കികനാണെന്നും വിമര്‍ശകര്‍ വിരോധം മൂലം വിമര്‍ശകര്‍ പ്രചരിപ്പിക്കാറുണ്ട്.
യൂറോപ്പില്‍ പഠിച്ച പല മുസ്‌ലിം ദാര്‍ശനികരും യൂറോപ്യന്‍ മേല്‍വിലാസം തങ്ങളുടെ സ്വത്വത്തിന്റെ മേല്‍ കൊണ്ട് നടന്നപ്പോഴും ( ഉദാ: അല്‍ അറവി, അല്‍ ജാബിരി, അലി ഓംലീല്‍, അബ്ദുല്‍ കരീം ഖതീബി, മുഹമ്മദ് സബീലാ) ത്വാഹ അബ്ദുറ്ഹമാന്‍ ഇതിനൊരുപവാദമായിരുന്നു. തനിക്ക് ഇസ്‌ലാമിക സ്വത്വം മാത്രം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്, മേല്‍ പറഞ്ഞ പലരും ആധുനികതക്കപ്പുറത്തേക്ക് ഉത്തരാധുനികതയെ വരെ പുല്‍കാനും ദറീദാ, ഫൂക്കോ, ലിയോതാര്‍, ദോലോസ് തുടങ്ങിയവരെ അനുകരിക്കാന്‍ വരെ ശ്രമിച്ചിരുന്നു. എന്നിട്ടും തന്റെ രീതീ ശാസ്ത്രവുമായി മുന്നോട്ട് പോകാന്‍ അദ്ദേഹത്തിനായി.ഇബ്‌നു റുഷ്ദിന്റെ ചിന്തകളായിരുന്നു ഇവരുടെയൊക്കെ അടിസ്ഥാന പിന്‍ബലം, എന്നാല്‍ ത്വാഹ അബ്ദുറഹ്‌മാന്‍ രുക്ഷമായ വിമര്‍ശനമാണ് റുഷ്ദിയന്‍ ചിന്തകളെ പറ്റി ഉന്നയിച്ചത്.അറബ് സര്‍ഗശേഷി നഷ്ടപ്പെടാന്‍ നിദാനം ഇബ്‌നു റുഷ്ദാണെന്ന് വരെ അദ്ദേഹം പറഞ്ഞു.
തന്റെ മുന്‍ഗാമികള്‍ ചെയ്ത് വെച്ച വൈജ്ഞാനിക ഇടപെടലുകളെ അവഗണിച്ച് തത്വചിന്തയെ വീണ്ടും ഗ്രീക്കിന്റെ ആലയില്‍ കെട്ടാനാണ് ഇബ്‌ന് റുഷ്ദ് ശ്രമിച്ചെതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. സത്യത്തില്‍ പടിഞ്ഞാറന്‍ ചിന്തകളെ അറബിയിലൂടെ മൊഴിമാറ്റം ചെയ്യുക മാത്രമാണ് ഇബ്‌നു റുഷ്ദ് ചെയ്തതെന്നും പറയുന്നുണ്ട്.സമാനമായ നിരീക്ഷണം അദ്ദേഹത്തിന് മുമ്പെ ഏര്‍ണസ്റ്റ് റൈനാനും പറയുന്നുണ്ട്.അതായത് ഇബ്‌നു റുഷ്ദിനെ വാഴ്ത്തുന്നതിലൂടെ ഇസ്‌ലാമിക് അറബിക് ദാര്‍ശനിക വേരുകളെ പടിഞ്ഞാറിലേക്ക് പടര്‍ത്തുകയാണെന്ന്. ഇനിയും ചര്‍ച്ചകള്‍ തേടുന്ന വിഷയം കൂടിയാണിത്.
ത്വാഹ അബ്ദറ്ഹമാന്റെ ചിന്തകളുട ആഴമറിയാന്‍ പ്രഫസര്‍ വാഇല്‍ ഹല്ലാഖിന്റ നൈതിക വ്യവഹാരങ്ങളെ അപഗ്രഥിക്കുന്ന കൃതിയായ Reforming Modernity: Ethics and the New Human in the Philosophy of Abdurrahman Taha (അംറ് ഉസ്മാന്‍ ഇത് അറബിയിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്) ഒരാവര്‍ത്തി വായിച്ചാല്‍ മതി. നവ ദാര്‍ശനികരെന്ന് അവകാശപ്പെടുന്ന പടിഞ്ഞാറിന്റെ ധൈഷണിക പ്രതിഭകള്‍ക്ക് തിരുത്താകാന്‍ ത്വാഹ അബ്ദുറഹ്‌മാന്റെ പുതുയ ബൗദ്ധിക ചലനങ്ങള്‍ക്കായെന്ന് അദ്ദേഹമിതില്‍ വിവരിക്കുന്നുണ്ട്.പടിഞ്ഞാറിന്റെ ആധുനികത സങ്കല്‍പങ്ങള്‍ക്ക് അസാധ്യമായത് നീതിയിലും ധര്‍മത്തിലും അധിഷ്ഠിതമായ ഇസ്‌ലാമിക ദാര്‍ശനികത സാധ്യമാക്കിയ വഴികളെ പറ്റിയും വെളിച്ചം വിതറുന്നുണ്ട്.
രചനകള്‍, അംഗീകാരങ്ങള്‍
ഇസ്‌ലാമിക ഫിലോസഫിയെയും ഇല്‍മുല്‍ കലാമിനെയും പുനര്‍വായിക്കുന്ന രചനകളാണ് അദ്ദേഹത്തിന്റെ മിക്കതും, തത്വചിന്ത, തര്‍ക്ക ശാസ്ത്രം, ഭാഷാപഠനങ്ങള്‍, നൈതികത തുടങ്ങിയ പ്രമേയങ്ങളില്‍ നമുക്കാ കൃതികളെ ദര്‍ശിക്കാനാകും. അവയില്‍ പ്രധാനമാണ് ഫീ ഉസൂലില്‍ ഹിവാര്‍ വ തജ്ദീദ് ഇല്‍മില്‍ കലാം, അല്‍ അമലു ദീനി വ തജ്ദീദുല്‍ അഖല്‍, തജ്ദീദുല്‍ മന്‍ഹജ് ഫീ തഖവീമു തുറാസ്, അല്‍ ഹദാസതു വല്‍ മുഖാവമ, പലസ്തീന്‍ സയണിസ്റ്റ് പ്രശനങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സൂഗൂറുല്‍ മുറാബത്വ.
ഇസ്‌ലാമിക ഫിലോസഫിയല്‍ അദ്ദേഹത്തിന്റെ സേവനങ്ങളെ മുന്‍നിറുത്തി ഒരുപാട് അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.അതില്‍ പ്രധാനപ്പെട്ടതാണ് മികച്ച എഴുത്തുകാര്‍ക്കുള്ള മൊറോക്കന്‍ ബഹുമതി രണ്ട് വട്ടം ലഭിച്ചത്. അദ്ദേഹത്തിന്റെ പുസ്തകമായ സുആലുല്‍ അഖ്‌ലാഖിന് ലഭിച്ച് ഇസിസെകോ അവാര്‍ഡ്, ഇസ്‌ലാമിക പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ലഭിച്ച മുഹമ്മദുല്‍ ഖാമിസ് അവാര്‍ഡ്, മുസ്‌ലിം ഗവേഷകര്‍ക്കും ചിന്തകര്‍ക്കും നല്‍കുന്ന തുര്‍ക്കിയുടെ നജീബ് ഫാദില്‍ അവാര്‍ഡ് (2020-2021) തുടങ്ങി അനേകം ആദരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Add comment