Thelicham

അറേബ്യൻ ലോകക്കപ്പും കാൽപന്തിൻ്റെ സാമ്രാജ്യത്വ ഭാവങ്ങളും

പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കും യൂറോപ്യന്‍ സന്ദേഹങ്ങള്‍ക്കുമിടെ ഫിഫാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമായി ഖത്തറിലെ മൈതാനിയില്‍ കാല്‍പന്തിനും അപകോളനികരണത്തിന്റെ നവ സാംസ്‌കാരിക സംവാദങ്ങള്‍ക്കും കിക്കോഫ് കുറിച്ചിരിക്കുകയാണ്.

ലോകകപ്പ് ആതിഥേയത്വ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ പാശ്ചാത്യ മീഡിയകളുടെ സാമ്രജ്യത്വ വേട്ടക്ക് ഇരയായി കൊണ്ടിരിക്കുകയാണ് ഖത്തര്‍. മനുഷ്യാവകാശ ലംഘനവും തൊഴില്‍ പീഡനവും എല്‍. ജി. ബി. ടി. ക്യു അവകാശങ്ങളും തുടങ്ങി വിവിധങ്ങളായ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ മാധ്യമങ്ങളില്‍ നിന്നുമായി യൂറോ കേന്ദ്രീകൃതവും സാമ്രജ്യത്വ മനോഭാവങ്ങളിലൂന്നിയതുമായ വിമര്‍ശനങ്ങളാണ് ഖത്തറിനെതിരെ ഉന്നയിക്കപ്പെടുന്നത്.

വിശുദ്ധ യൂറോപ്പെന്ന ക്ലാസിക്കല്‍ ഓറിയന്റലിസ്റ്റ് സമീപനത്തിലൂന്നിയ കൊളോണിയല്‍ മാനസികാവസ്ഥയുടെ നിര്‍ലജ്ജമായ പ്രകടനമായിരുന്നു അടിസ്ഥാനരഹിതമായ ഇത്തരം വിമര്‍ശനങ്ങളൊക്കെയും. യാതൊരു വിധത്തിലുള്ള ഫുട്ബോള്‍ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത മദ്യവും സ്വവര്‍ഗപ്രണയവുമടക്കമുള്ള പശ്ചാത്യ മൂല്യങ്ങളിലെ അടിസ്ഥാന ചേരുവകളെല്ലാം നിശിദ്ധമായ ഖത്തര്‍ എന്ന കൊച്ചു അറബ് രാജ്യത്തിന് ലോകക്കപ്പ് പോലുള്ള വിശ്വമാമാങ്കത്തിന് വേദിയാകാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് നിറം പിടിപ്പിച്ച വാര്‍ത്തകളും നുണകളും ചേര്‍ത്തുകൊണ്ട് പാശ്ചാത്യ അളവുകോലുപയോഗിച്ഛ് അളന്നു തിട്ടപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് പ്രമുഖ മാധ്യമങ്ങള്‍.

മറുപ്പുറത്താവട്ടെ, തങ്ങളുടെ ഇസ്‌ലാമിക് അറബ് സാംസ്‌കാരത്തിന്റെയും തങ്ങള്‍ കൈവരിച്ച സാമ്പത്തിക വികസന മികവിന്റെയും സാങ്കേതിക വളര്‍ച്ചയുടെയും മികച്ച അടയാളപ്പെടുത്തലിനുള്ള അവസരമായി ഫിഫ ലോകക്കപ്പിനെ ഉപയോഗിച്ചു കൊണ്ടാണ് ഖത്തര്‍ കൊളോണിയല്‍ മിഥ്യ ധാരണകളെ പൊളിച്ചു കൊണ്ടിരിക്കുന്നത്.

ആഫ്രിക്കയും മിഡില്‍ ഈസ്റ്റുമടങ്ങുന്ന രാജ്യങ്ങളിലെ തങ്ങളുടെ
കോളനികളെ കേന്ദ്രീകരിച്ചു കൊണ്ട് യൂറോപ്യന്‍ സാമ്രാജത്വ സാംസ്‌കാരിക പദ്ധതിയുടെ ഭാഗമായി കൊളോണിയലിസ്റ്റുകള്‍ അവതരിപ്പിച്ച ഫുട്ബോളിന്റെ രാഷ്ട്രീയ ചരിത്രമന്വേഷിക്കുകയാണെങ്കില്‍ ഖത്തറിനേതിരെ തലപോകുന്ന പാശ്ചാത്യ വിമര്‍ശനങ്ങളിലെ സാമ്രാജത്വ കൊളോണിയല്‍ മനോഭാവം തീര്‍ത്തും സ്വഭാവികമായേ അനുഭവപ്പെടുകയുള്ളൂ.

കൊളോണിയല്‍ ആഫ്രിക്കയിലെ ഫുട്ബോള്‍ മിഷനറിസം

തങ്ങളുടെ കോളനികളായിരുന്ന രാജ്യങ്ങളെ പാശ്ചാത്യ മൂല്യങ്ങളിലാധിഷ്ഠിതമായ പുരോഗമന സമൂഹമായി വളര്‍ത്തിയെടുക്കുന്നതിന് അനുപേക്ഷണീയമായ പലവിധ സാമൂഹിക ഉപകരണങ്ങളെയും നിയമങ്ങളെയും പശ്ചാത്യര്‍ കോളനികളില്‍ യഥേഷ്ടം ഇറക്കുമതിചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഫുട്ബോള്‍ അവതരിപ്പിക്കപ്പെടുന്നത് അത്തരത്തിലൊന്നായിട്ടായിരുന്നു.

വിശാലമായ യൂറോപ്യന്‍ അധിനിവേശ പദ്ധതിയുടെ ഭാഗമായി പാശ്ചാത്യ ക്രിസ്ത്യന്‍ മൂല്യങ്ങളിലേക്ക് കോളനികളിലെ ജനങ്ങളെ വഴിനടത്തുന്നതിനു വേണ്ടി ആവിഷ്‌കരിക്കപ്പെട്ട വിശാലമായ മിഷണറി പ്രവര്‍ത്തനങ്ങളുടെ കൂടി ഭാഗമായിരുന്നു കോളനികളിലെ ഫുട്ബോള്‍ പ്രചരണം. മൂന്നാം ലോകരാജ്യങ്ങളെ പാശ്ചാത്യ സാമൂഹിക വ്യവസ്ഥക്കൊത്ത് പരുവപ്പെടുത്താന്‍ ആവശ്യമായ അച്ചടക്കവും ചിട്ടയും കോളനി പ്രജകളില്‍ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഫുട്ബോള്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ ആത്യന്തിക ലക്ഷ്യമായി കണ്ടിരുന്നത്.

അന്ധതയിലും അറിവില്ലായ്മയിലും കഴിയുന്ന കിഴക്കന്‍ നാടുകളെ സാംസ്‌കാരികവത്കരിക്കുന്നതിന്റെ ഭാഗമായി ഉപയോഗിച്ചു പോന്ന ഫുട്ബോള്‍ മിഷനറിസത്തിന്റെ സ്വാധീനം പിന്നീട് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ അജണ്ടയുടേതടക്കം ഭാഗമായി മാറുകയുണ്ടായി എന്നതാണ് വസ്തുത.

ക്രിസ്ത്യന്‍ സന്ദേശവും വിദ്യാഭ്യാസവും നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ കോളനികളായിരുന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കാത്തോലിക്ക് മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫുട്ബോള്‍ അവതരിപ്പിക്കപ്പെടുന്നത്.

കൊളോണിയല്‍ ക്രമം നിലനിര്‍ത്തുന്നതിന് അത്യാവശ്യമായ ധാര്‍മികതയും സ്വഭാവവഗുണങ്ങളും വളര്‍ത്തിയെടുത്ത് കോളനി പ്രജ എന്നതില്‍ നിന്നും തികഞ്ഞ ഒരു ഫ്രഞ്ച് പൗരനായി കോളനിവാസികളെ മാറ്റിയെടുക്കുക്കയായിരുന്നു പദ്ധതി. എന്നാല്‍ ഫ്രഞ്ച് ഭരണകൂടം പ്രതീക്ഷിച്ചതിനപ്പുറമുള്ള വേഗത്തിലാണ് പ്രദേശവാസികള്‍ക്കിടയില്‍ ഫുട്ബോള്‍ വളര്‍ന്നു പന്തലിച്ചത്.

നിരന്തരം മത്സരങ്ങളും ടൂര്‍ണമെന്റുകളും കൊണ്ട് കൂട്ടത്തില്‍ ഫുട്‌ബോള്‍ ആരാധകവൃന്ദം രൂപപ്പെട്ടു വന്നു. ഇത്തരം ഒത്തുകൂടലുകളും പ്രാദേശിക തലത്തില്‍ വര്‍ധിച്ചു വരുന്ന കാല്‍പന്ത് സ്വാധീനവും തങ്ങള്‍ക്കെതിരെയുള്ള വിശാലമായ അധിനിവേശ വിരുദ്ധ ദേശീയ മുന്നേറ്റങ്ങള്‍ക്കും അതുവഴി സ്വാതന്ത്രാഹ്വാനങ്ങള്‍ക്കും കാരണമായേക്കുമോ എന്ന ഭയം ഫ്രഞ്ച് ഭരണകൂടത്തെ പിന്നീട് ഫുട്ബോള്‍ മത്സരങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണം ഏര്‍പെടുത്താന്‍ നിര്‍ബന്ധിതരാക്കി. അതോടൊപ്പം തന്നെ കോളനികളിലെ മികച്ച കളിക്കാരെ കണ്ടെത്തി ഫ്രാന്‍സിനു വേണ്ടി ബൂട്ട് കെട്ടാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഫ്രഞ്ച് ഭരണകൂടത്തിന്റെ ഫുട്ബാള്‍ പ്രോത്സാഹനത്തിനു പിന്നിലെ ഒരു ലക്ഷ്യവും ഇത് തന്നെയായിരുന്നു.

കൊംഗൊയും സിംബാവെയും ടാന്‍സാനിയയുമടക്കമുള്ള ബെല്‍ജിയത്തിന്റെയും ബ്രിട്ടന്റെയും കോളനികളായിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും ഫുട്ബോള്‍ വ്യാപനത്തിനു പിന്നില്‍ കൊളോണിയല്‍ അധികാരികള്‍ ലക്ഷ്യം വെച്ചിരുന്നത് പ്രധാനമായും യൂറോപ്യന്‍ സംസ്‌കാരത്തിന്റെ പ്രോത്സാഹനം തന്നെയായിരുന്നു. മിഷണറി സ്‌കൂളുകളും സൈനിക കേന്ദ്രങ്ങളും ഇതിനു വേണ്ടി നിരന്തരം ഉപയോഗപ്പെടുത്തുകയുണ്ടായി. സ്‌കൂള്‍ കരിക്കുലത്തിലും സൈനിക റിക്രൂട്മെന്റിലുമടക്കം ഫുട്ബാളിനെ നിര്‍ബന്ധമാകികൊണ്ട് യൂറോപ്യന്‍ കായികയിനങ്ങളുടെ പ്രോത്സാഹത്തിന് സൈന്യം തന്നെ നേരിട്ടിറങ്ങുന്ന അവസ്ഥാവിശേഷമായിരുന്നു അവിടങ്ങളില്‍ നിലനിന്നിരുന്നത്.

അധിനിവേശ പാശ്ചാത്യ സാംസ്‌കാരിക പദ്ധതികളെ ആഫ്രിക്കന്‍ സമൂഹങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയും അതുവഴി തങ്ങളുടെ അധികാര നിര്‍വാഹണത്തിനു എളുപ്പമായ പ്രത്യേക സാമൂഹികക്രമം രൂപപെടുത്തിയെടുത്ത് സാമ്പത്തിക ചൂഷണമടക്കം എളുപ്പമാക്കലുമായിരുന്നു കാല്‍പന്ത് കളിയുടെ വളര്‍ച്ചയുടെ പിന്നില്‍ അധിനിവേശ ഭരണകൂടങ്ങള്‍ സ്വപ്‌നം കണ്ടിരുന്നത്.

ഇതിനുപുറമെ, തീര്‍ത്തും പരിതാപകരമായ സാമൂഹിക സാമ്പത്തിക അവസ്ഥകളില്‍ നിന്ന് ശ്രദ്ധതിരിച്ച് ജനങ്ങളെ നിശബ്ദരാക്കാനും പ്രാദേശിക മേഖലകളിലെ മുതിര്‍ന്ന അധികാര വര്‍ഗത്തിനിടയില്‍ കാല്‍പന്തിനെ ജനകീയമാക്കി അവരെ പ്രീണിപ്പിക്കുന്നതിനും അധികാരികള്‍ പ്രത്യേകം ശ്രദ്ധിച്ചു.

ആഫ്രിക്കയിലെ ഫ്രഞ്ച്, ബെല്‍ജിയം, ബ്രിട്ടീഷ് കോളനികളിലെ ഫുട്ബോളിന്റെ ചരിത്രം അധിനിവേശകാലത്തെ ആഫ്രിക്കന്‍ യൂറോപ്യന്‍ സാമൂഹിക ബന്ധങ്ങള്‍ക്ക് പുറമെ സാംസ്‌കാരിക സാമ്രാജ്യത്വത്തിന്റെ ഉപകരണമായി ഫുട്ബോള്‍ ഏതൊക്കെ വിധത്തിലാണ് പ്രവര്‍ത്തിച്ചതെന്നുകൂടി വെളിപ്പെടുത്തിതരുന്നുണ്ട്. പ്രാദേശിക സംസ്‌കാരങ്ങളുടെയും തനത് മത്സര ഇനങ്ങളുടെയും സമ്പൂര്‍ണ നാശമായിരുന്നു ഇവിടങ്ങളിലെ കൊളോണിയല്‍ സമഗ്രാധിപത്യത്തിന്റെ ബാക്കിപത്രം.

1920 കള്‍ മുതല്‍ക്കുതന്നെ ആഫ്രിക്കന്‍ സമൂഹത്തില്‍ ഫുട്ബോള്‍ ആഴത്തില്‍ വെരുറപ്പിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ആഫ്രിക്കന്‍ സമൂഹത്തിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദിക്കുന്നതിനും അധിനിവേശവിരുദ്ധ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുമുള്ള പ്രധാന മാധ്യമവും വേദിയുമായി കാല്‍പന്തുകളിയും മൈതാനങ്ങളും മാറി.

സമൂഹത്തില്‍ ഐക്യം രൂപപ്പെടുത്തി ജനങ്ങളെ സംഘടിപ്പിക്കാനുള്ള കാല്പന്തുകളിയുടെ അപാര ശക്തിയെ മനസ്സിലാക്കുന്നതില്‍ കൊളോണിയല്‍ അധികാരികള്‍ തുടക്കത്തില്‍ തന്നെ പരാജയമായിരുന്നു. സാമൂഹിക നിയന്ത്രണത്തിനു വേണ്ടി അധിനിവേശ ഭരണകൂടങ്ങള്‍ രൂപീകരിച്ച പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഫുട്ബാള്‍ ടീമുകളും ക്ലബ്ബുകളും രാഷ്ട്രീയ സമരങ്ങളുടെയും പ്രതിരോധമുറകളുടെയും രംഗവേദികളായി മാറി.

ആഫ്രിക്കന്‍ രാജ്യങ്ങളായ അല്‍ജീരിയയിലെയും മോറോക്കയിലെയും അല്‍ വിദാദും എഫ്,എന്‍,എല്‍ ഇലവനും പോലോത്ത ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ദേശിയതയുടെയും പ്രാദേശിക പാരമ്പര്യത്തിന്റെയും വ്യാപനത്തിനു വേണ്ടി ചുക്കാന്‍ പിടിച്ചു. തുണിഷ്യ കേന്ദ്രികരിച്ചു പ്രവര്‍ത്തിച്ചിരുന്ന എഫ്. എല്‍. എന്‍. ഇലവന്‍ ഫ്രാന്‍സില്‍ കളിക്കുന്ന കൊളോണിയല്‍ വ്യവസ്ഥയില്‍ അതൃപ്തരായ ഒരു പറ്റം അല്‍ജീരിയന്‍ കളിക്കാര്‍ ചേര്‍ന്ന് രൂപം കൊടുത്ത ടീമായിരുന്നു. പന്ത്രണ്ടോളം രാജ്യങ്ങളില്‍ അള്‍ജീരിയന്‍ സ്വാതന്ത്ര്യ മുദ്രാവാക്യവുമായി അവര്‍ പര്യടനം നടത്തുകയുണ്ടായി.

താന്‍സനിയയുടെ സ്വാതന്ത്രത്തിനു വേണ്ടി മുന്‍പന്തിയിലുണ്ടായിരുന്ന ടാങ്കനിയക ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടി സമരതന്ത്രങ്ങളും രാഷ്ട്രീയ നയങ്ങളും ആവിഷ്‌കരിച്ചിരുന്നത് ദാറുസ്സലാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുങ് ആഫ്രിക്കന്‍ സ്പോര്‍ട്സ് ക്ലബ്ബിലെ സ്പോര്‍ട്സ് മീറ്റുകളില്‍ വെച്ചായിരുന്നുവെന്നതതെല്ലാം കോളനിവല്‍കൃത ആഫ്രിക്കയില്‍ യൂറോപ്യന്‍ അധിനിവേഷത്തിന്റെ വളര്‍ച്ചയ്ക്കു വളമിടാനായി അവതരിപ്പിച്ച ഫുട്ബോളിന്റെ അധിനിവേശ വിരുദ്ധതയുടെ ആയുധമായുള്ള മാറ്റത്തെ തെളിയിക്കുന്നുണ്ട്.

മിഡില്‍ ഈസ്റ്റിന്റെ ഫുട്ബോള്‍ പാരമ്പര്യം

മിഡ്ഡിലെ ഈസ്റ്റിലെ ഫുട്ബോള്‍ പാരമ്പര്യത്തിന്റെ അഭാവമാണ് ഖത്തറിന്റെ ലോകക്കപ്പ് ആഥിതേയത്വത്തിനെതിരെ ഉയരുന്ന പശ്ചാത്യ വിമര്‍ശനങ്ങളിലൊന്ന്. എന്നാല്‍ സാമൂഹിക രാഷ്ട്രീയ മേഖലകളെയടക്കം ഉള്‍കൊള്ളിക്കുന്ന വിശാലമായ ചരിത്ര പാരമ്പര്യമാണ് ആഫ്രിക്കയിലേതെന്ന പോലെ മിഡില്‍ ഈസ്റ്റിലെ കാല്‍പന്തിനും അവകാശപെടാനുള്ളത്.

ലോകത്തെവിടെയുമെന്ന പോലെ രാഷ്ട്രീയ അതിര്‍വരമ്പുകളെ ഭേദിച്ചും സാമ്പത്തിക പരിമിതികളെ മായ്ച്ചുകളഞ്ഞും സ്ഥലകാല വ്യത്യാസങ്ങളില്ലാതെ സര്‍വസമൂഹത്തിലും വേരുന്നിയ കാല്‍പന്തുകളിക്ക് ഒരേസമയം തന്നെ അധികാരരാഷ്ട്രീയ യന്ത്രമായും അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതീക്ഷയായും അവതരിക്കാന്‍ സാധിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ കാര്യവും വ്യത്യസ്ഥമല്ല.

മിഡില്‍ ഈസ്റ്റിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ഭുപടത്തില്‍ കാലങ്ങള്‍ക്കു മുന്നെ തന്നെ കാല്‍പന്ത് എങ്ങനെയാണ് ഇടം പിടിച്ചതെന്ന് football in the middle-east: state, society, and the beautiful game എന്ന പുസ്തകത്തില്‍ അബ്ദുള്ള അല്‍ അരിയാന്‍ വ്യക്തമാകുന്നുണ്ട്.

നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ്, തങ്ങളുടെ കോളനികളായിരുന്ന പ്രദേശങ്ങളിലുള്ളവരില്‍ അനുസരണശീലവും ചിട്ടയും വളര്‍ത്തുന്നതിനായി അധിനിവേശമേലാളന്മാര്‍ മിഡില്‍ ഈസ്റ്റില്‍ കാല്‍പന്തുകളി അവതരിപ്പിക്കുമ്പോള്‍ ഒരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ചിഹ്നമായി അത് മാറുമെന്ന് ആരും നിനച്ചിരുന്നില്ല. തെരുവോരങ്ങളിലെ ദിനചര്യയായും ദേശീയ സമരങ്ങളിലെ പ്രതിരോധകലയായും പിന്നീട് കാല്‍പന്തുകളി മാറി.

പുതിയ സ്വത്വങ്ങളും അധികാരമേഖലകളും സാമുഹിക വിഭാഗങ്ങളും ഇതിനെ ചുറ്റിപറ്റി ഉയര്‍ന്നുവന്നു. മൈതാനത്തിലെ ജയാപരാജയങ്ങളുടെ കണക്കുകള്‍ മൈതാനവും വിട്ട് നയതന്ത്ര ബന്ധങ്ങളെ സ്വാധീനിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. കാല്‍പന്തുകളിയുടെ സമ്പന്നമായ പാരമ്പര്യമാണ് ഈജിപ്തിനും ഇറാനും സിറിയക്കും പലസ്തീനുമെല്ലാം അവകാശപ്പെടാനുള്ളത്.

ഈജിപ്ഷ്യന്‍ ഫൂട്ബോള്‍ ലീഗിന്റെ വരവോടെയാണ് ഈജിപ്തില്‍ കാല്‍പന്തുകളി വേരുറക്കുന്നത്. അല്‍ അഹ്ലിയും സമലെക്കുമടക്കമുള്ള എറെ പാരമ്പര്യം പേറുന്ന ക്ലബ്ബുകളെ കേന്ദ്രീകരിച്ച് ആവേശവും രാഷ്ട്രീയവും കുടിക്കലര്‍ന്ന പുതിയ സംസ്‌കാരം രൂപപ്പെട്ടുവന്നു. ഈജിപ്ഷ്യന്‍ കാല്‍പന്തുകളിയുടെ വളര്‍ച്ചയില്‍ അധികാരവും അധികാരികളും അധികാരവിരുദ്ധതയും ഒരുപോലെ ഭാഗഭാക്കായി. എകാധിപത്യ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മുഴച്ചുനിന്ന കാല്‍പന്തുകളിയുടെ സ്വാധീനത്തെ ജനങ്ങളുടെ പിന്തുണയുറപ്പിക്കാനുള്ള ഉപകരണമായും പല അധികാരികളും യഥേഷ്ടം ഉപയോഗിച്ചു പോന്നിട്ടുണ്ട്.

ഈജിപ്ഷ്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയില്‍ ജമാല്‍ അബ്ദുല്‍ നാസറിന്റെ പങ്കും എടുത്തുപ്പറയേണ്ടതാണ്. അല്‍ അഹ്ലിയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനെ ഉടച്ചുവാര്‍ക്കുന്നതിലും ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്ഫഡറേഷന്റെ സ്ഥാപനത്തിലും വലിയ പങ്ക് വഹിച്ചു. ബ്രിട്ടനും ഫ്രാന്‍സുമടങ്ങുന്ന പാശ്ചാത്യരാജ്യങ്ങളുമായിട്ടുള്ള ബന്ധം വഷളമായതിനെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഈജിപ്ത് ഒറ്റപ്പെട്ടിരിക്കുന്ന സമയത്താണ് ജമാലിന്റെ നേതൃതത്തില്‍ ആദ്യ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിന് ഈജിപ്ത് ആതിഥേയത്വം വഹിക്കുന്നതും ജേതാക്കളാകുന്നതും.

ഈജിപ്തിനെ പോലെതന്നെ മിഡില്‍ ഈസ്റ്റിലെ കാല്‍പന്തുകളിയുടെ അമരക്കാരായറിയപ്പെടുന്ന രാജ്യമാണ് ഇറാന്‍. ലോകരാഷ്ട്രീയവും നയതന്ത്രവും ഇറാനിന്റെ കാല്‍പന്തുക്കളിയുടെ ഭുപടത്തില്‍ ഇടം പിടിച്ചവയാണ്. 1979-ലെ ഇറാനിയന്‍ വിപ്ലവത്തോടുക്കൂടി പരസ്പരം ശത്രുക്കളായി മാറിയ ഇറാനും അമേരിക്കയും തിളച്ചുമറിയുന്ന രാഷ്ട്രീയ അന്തരീക്ഷത്തിലായിരുന്നു 1998-ലെ ഫിഫ വേള്‍ഡ് കപ്പില്‍ കൊമ്പുക്കോര്‍ത്തിരുന്നത്. 2-1 എന്ന സ്‌കോര്‍ മാര്‍ജിനില്‍ ഇറാന്‍ ജയിച്ച മത്സരത്തില്‍ ഇരു ടീമുകളുടെ ആരാധകരുടെ ഭാഗത്തു നിന്നും കടുത്ത വികാരപ്രകടനങ്ങളുായി.

എന്നാല്‍ മറുപുറത്ത് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ ഈ അവസരം നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഉപയോഗിച്ചു. ശക്തമായ ഉപരോധങ്ങളുടെയും പ്രതിസന്ധിയിലായ ആണവകരാറിന്റെയും പശ്ചാത്തലത്തിലാണ് ഖത്തറിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ വെച്ച് ഖത്തര്‍ ലോകക്കപ്പില്‍ അമേരിക്കയും ഇറാനും ഒരിക്കല്‍ കൂടി എറ്റുമുട്ടാന്‍ പോകുന്നത്. എന്തുതന്നെയായാലും മത്സരത്തിന്റെ ഫലം മൈതാനത്തില്‍ മാത്രം ഒതുങ്ങുന്നതാവില്ലെന്ന് ചുരുക്കം.

കേവലം ഭരണകൂടങ്ങളെ വെല്ലുവിളിക്കുന്നതിലും എതിര്‍ക്കുന്നതിലും മാത്രം തളച്ചിടാവുന്നതല്ല മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തിലെ കാല്‍പന്തുകളിയുടെ സ്വാധീനമെന്നുള്ളത്, മറിച്ച് പല ജനകീയപ്രക്ഷോഭങ്ങളുടെയും പിന്നിലെ ചാലകശക്തിയായി നിലക്കൊണ്ട പ്രതിരോധകലയായിട്ട് കൂടി വേണം അതിനെ നോക്കികാണാന്‍.

2011-ലെ മുല്ലപ്പൂ വിപ്ലവത്തിന്റെ സമയത്ത് ഹുസ്നി മുബാറക്കിന്റെ എകാധിപത്യ ഗവണ്മെന്റിനേ നേരിടുന്നതില്‍ ജനങ്ങളെ പോരാടാന്‍ പ്രാപ്തരാക്കിയതില്‍ മുന്‍പന്തിയിലുായിരുന്നത് അല്‍ അഹ്ലി ക്ലബ്ബിന്റെ ആരാധകകൂട്ടായ്മയായ അല്‍ അഹ്ലി അള്‍ട്ട്രാസായിരുന്നു. അള്‍ജീരിയയില്‍ ദീര്‍ഘകാലമായി ഭരണത്തിലുണ്ടായിരുന്ന എകാധിപതിയായ അബ്ദുല്‍ അസീസ് ബൂതെഫ്ലിക്കയെ അഞ്ചാം തവണയും മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനു വേണ്ടി അള്‍ജീരിയയില്‍ ഈയടുത്ത് നടന്ന ജനകീയ പ്രക്ഷോഭത്തില്‍ സാധാരണ മത്സരദിനങ്ങളില്‍ കാണപ്പെടാറുള്ളത് പോലെ ഫുട്ബോള്‍ ക്ലബ്ബുകളുടെ കൊടിതോരണങ്ങളുടെയും ശാബി നാടോടി ഗാനങ്ങളുടെയും അകമ്പടിയോടെയാണ് സമരങ്ങള്‍ മുന്നോട്ടുപോയത്.

ആഗോള തലത്തില്‍ ഇസ്രായേലിനെ ഒറ്റപ്പെടുത്തുക എന്നുദ്ദേശ്യത്തില് ലോകത്താകമാനമുള്ള കാല്‍പന്തുപ്രേമികളെയും ക്ലബ്ബുകളേയും ദേശിയടീമുകളേയും സ്പോണ്‍സര്‍മാരെയും ഉള്‍കൊള്ളിച്ചുകെണ്ട് ബി.ഡി.എസ് എന്ന പലസ്തീന്‍ സംഘടന നടത്തിയ ക്യാംപയിനും ശ്രദ്ധേയമാണ്. അര്‍ജന്റീന ഇസ്രായേല്‍ മത്സരം മാറ്റിവെപ്പിച്ചും അനധികൃത ഇസ്രായേലി കുടിയേറ്റ പ്രദേശങ്ങളിലെ കബ്ബുകളുടെ സ്പോണ്‍സര്ഷിപ്പില്‍ നിന്നും പ്യൂമയെ പിന്‍വലിപ്പിച്ചും വിജയകരമായി നടപ്പിലാക്കിയ ഈ ക്യാംപയിന്‍ മിഡില്‍ഈസ്റ്റിലെ ജനകീയപ്രതിരോധങ്ങളിലെ കാല്‍പന്തുകളിയുടെ സ്വാധീനത്തിന്റെ മറ്റൊരുദാഹരണമാണ്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ സാംസ്‌കാരികവും രാഷ്ട്രീയവും സാമുഹികവുമായ മേഖലകളെയുള്‍കൊള്ളിക്കുന്ന വിശാല വികസനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ് മിഡില്‍ഈസ്റ്റിലെ കാല്‍പന്തു കളിയുടെ പാരമ്പര്യമെന്നുള്ളത്. ലോകകപ്പ് പോലോത്ത വിശ്വമാമാങ്കത്തിനു വേദിയാകാന്‍ സാധിച്ചതോടു കൂടി ആ പാരമ്പര്യത്തിനും സംസ്‌കാരത്തിനും പുതിയ ചിറകുകള്‍ മുളക്കുകയാണ്.

പാശ്ചാത്യവിമര്‍ശനങ്ങളും ഖത്തറിന്റെ പ്രതികരണവും

ചരിത്രത്തില്‍ ലോകക്കപ്പിന് ആതിഥേയത്വം വഹിച്ച മറ്റൊരു രാജ്യത്തിനും നേരിടേണ്ടി വന്നിട്ടില്ലാത വിമര്‍ശനങ്ങളാണ് ഖത്തറിന് നേരിടേണ്ടി വരുന്നത്. ഫുട്ബാള്‍ യൂറോപ്പിന്റെ കുത്തകയാണെന്നും ഫുട്‌ബോളിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ യോഗ്യതയുള്ളത് തങ്ങള്‍ക്കു മാത്രമാണെന്നുള്ള പാശ്ചാത്വ കൊളോണിയല്‍ സാമ്രാജത്വത്തിന്റെ കപട ധാരണകളില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള പലവിധ ആരോപണങ്ങള്‍ കൊണ്ടാണ് ഖത്തറിനെ ആക്രമിക്കുന്നത്.

ലോകകപ്പ് ആതിഥേയത്വത്തിനുള്ള ഖത്തറിന്റെ അയോഗ്യതയുടെ തെളിവായി ചൂണ്ടിക്കാണിച്ചു കൊണ്ട് മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കുകള്‍ നിരത്തിയാണ് ബി.ബി.സിയും ഗാര്‍ഡിയനും ഡെയിലിസ്റ്റാറുമടങ്ങുന്ന ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിമര്‍ശനമുന്നയിക്കുന്നത്. എന്നാല്‍ ഭരണകൂട വിമര്‍ശകരെയും മനുഷ്യാവകാശ പ്രവര്‍ത്തരെയും നിഷ്‌കരുണം വേട്ടയാടുകയും ആവിഷ്‌കാര സ്വാതന്ത്രത്തിനു പുല്ലുവില കല്‍പ്പിക്കുകയും ചെയ്യുന്ന വ്‌ളാദിമിര്‍ പുടിന്റെ റഷ്യയില്‍ 2018-ലെ ഫിഫ ലോകക്കപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളുടെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുള്ള വിമര്‍ശനങ്ങളും അന്ന് ഉന്നയിക്കപ്പെട്ടിരുന്നില്ല. കളി വേറെ രാഷ്ട്രീയം വേറെ എന്ന സമീപനമായിരുന്നു അന്ന് മാധ്യമങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ഖത്തറിലേക്ക് വരുമ്പോള്‍ നിലപാടിന് നിറം മാറുന്നത് യൂറോപ്പ് വെച്ച് പുലര്‍ത്തുന്ന സാമ്രാജത്വ മനോഭാവത്തിലധിഷ്ഠിതമായ അറബ് മുസ്‌ലിം വംശീയ വിരുദ്ധതയുടെ നേര്‍ അടയാളമാണ് .

ഖത്തറിനെതിരെ പാശ്ചാത്യ മാധ്യമങ്ങള്‍ ഉന്നയിച്ച മറ്റൊരു വിമര്‍ശനമായിരുന്നു തൊഴിലിടങ്ങളിലെ പീഡനം. തൊഴിലാളി വിരുദ്ധമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉള്‍കൊള്ളുന്ന തൊഴില്‍ വ്യവസ്ഥയാണ് ഖത്തറില്‍ നിലനിന്നിരുന്നുവെന്നത് വസ്തുത തന്നെ, എങ്കിലും ലോകകപ്പ് ആതിഥേയത്വ ചുമതല ലഭിച്ച 2010 നു ശേഷം തൊഴില്‍ നിയമങ്ങളില്‍ വ്യാപക മാറ്റങ്ങളാണ് ഖത്തര്‍ നടപ്പാക്കിയിട്ടുള്ളത്. തൊഴിലാളികളുടെ ജോലി സംബന്ധമായ സമ്പൂര്‍ണാവകാശം മുതലാളിമാരില്‍ കേന്ദ്രീകരിച്ചിരുന്ന എറെ വിമര്‍ശനങ്ങള്‍ക്കിടയായ ഖഫാല വ്യവസ്ഥയടക്കം ഖത്തര്‍ തൊഴില്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി എടുത്തുകളഞ്ഞിട്ടുണ്ടായിരുന്നു.

ഗാര്‍ഡിയനടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ച മറ്റൊരു കാര്യമായിരുന്നു ലോകകപ്പ് വേദികളുടെ നിര്‍മാണത്തിനിടെ ആറായിരത്തി അഞ്ഞൂറോളം തൊഴിലാളികള്‍ കൊല്ലപ്പെട്ടെന്നുള്ള കണക്ക്. എന്നാല്‍ അന്താരാഷ്ട്ര ലേബര്‍ സംഘടനയുടെയും ഖത്തറിന്റെയും ഔദ്യോഗിക കണക്കു പ്രകാരം 39 പേര്‍ മാത്രമാണ് ഇത്തരത്തില്‍ മരിച്ചിട്ടുള്ളത്. ലോകക്കപ്പ് ആതിഥേയത്വ ചുമതല ലഭിച്ച 2010 മുതല്‍ ഖത്തറില്‍ മരിച്ച മുഴുവന്‍ തൊഴിലാളികളുടെയും സംഖ്യയെയാണ് മാധ്യമങള്‍ ഇവിടെ പെരുപ്പിച്ചു കാണിക്കുന്നത്. വസ്തുത ഇതായിരിക്കെ യാഥാര്‍ത്ഥ്വങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ സ്വീകരിച്ചു പോന്നിട്ടുള്ളതെന്നാണ് യാഥാര്‍ത്ഥ്യം.

തീര്‍ത്തും വ്യാജ മുന്‍ധാരണകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഓറിയന്റലിസ്റ്റ് സമീപനത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളതായ അനാവശ്യവാദങ്ങളും വിമര്‍ശനങ്ങളുമാണ് പാശ്ചാത്യ മീഡിയകളില്‍ നിരന്തരം ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മൂല്യങ്ങള്‍ മാത്രമാണ് ശരിയെന്നുള്ള തീര്‍ത്തും യൂറോകേന്ദീകൃത നിലപാടില്‍ നിന്നു കൊണ്ടുള്ളതാണ് എല്‍.ജി.ബി.ടി.ക്യൂ വിഷയത്തിലേതടക്കമുള്ള വിമര്‍ശനങ്ങള്‍.

തങ്ങളുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും ബഹുമാനിക്കണമെന്ന തീര്‍ത്തും സാമാന്യമായ ഖത്തറിന്റ ആവശ്യത്തെ പോലും യൂറോപ്പിന്റെ ധിക്കാരത്തിന് അംഗീകരിക്കാന്‍ സാധിക്കാത്തത് ഇന്നും നിലനില്‍ക്കുന്ന സാമ്രജ്യത്വ മനോഭാവത്തിന്റെ വ്യക്തമായ തെളിവുകൂടിയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ക്ലാസിക്കല്‍ ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളുടെ പുനരാവിഷ്‌കാരമാണ് ഖത്തറിനെതിരെയുള്ള വിമര്‍ശനങ്ങളിലൂടെ വമിച്ചു കൊണ്ടിരിക്കുന്നത്. ഫിഫാ തലവന്‍ ജിയോനി ഇന്‍ഫെന്റിനോ പറഞ്ഞതു പോലെ കഴിഞ്ഞ മൂവായിരം വര്‍ഷം യൂറോപ്യന്മാര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത മൂവായിരം വര്‍ഷം ക്ഷമാപണം നടത്തിയ ശേഷമേ മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കാനുള്ള അര്‍ഹത യൂറോപ്യന്മാര്‍ക്കുള്ളു.

എന്നാല്‍ മറുപുറത്താവട്ടെ പാശ്ചാത്യകേന്ദ്രങ്ങളുടെ നിരന്തരം വിമര്‍ശനങ്ങള്‍ക്കിടയിലും ലോകമെമ്പാടും ഉറ്റുനോക്കുന്ന ഫിഫാ ലോകകപ്പിന്റെ ആതിഥേയത്വത്തില്‍ ഖത്തര്‍ സ്വീകരിച്ച സമീപനങ്ങള്‍ തീര്‍ത്തും വിപ്ലവകരവും കോളനിയല്‍ ധാരണകളെയും മിഥ്യകളെയും തകര്‍ക്കാന്‍ പ്രാപ്തമായവയുമായിരുന്നു. സ്റ്റേഡിയത്തില്‍ ആല്‍ക്കഹോള്‍ ഉത്പന്നങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന ഖത്തറിന്റെ തീരുമാനം ടിപ്പിക്കല്‍ യൂറോപ്യന്‍ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലെ മദ്യപിച്ചുള്ള കൂതാട്ടങ്ങളെയും വംശീയ അധിക്ഷേപങ്ങളെയും പേടിക്കാതെയുള്ള പുതിയ ഫുട്ബോള്‍ ആസ്വാദനമായിരിക്കും പ്രേക്ഷക സംസ്‌കാരത്തിന് സമ്മാനിക്കുക.

ലോകകപ്പ് ഉദ്ഘാടന വേദിയില്‍ നട്ടെല്ലിന്റെ വളര്‍ച്ച മുരടിക്കുന്ന അപൂര്‍വരോഗം ബാധിച്ച ഗാനിം അല്‍ മിഫ്ത്താഹ് എന്ന ഖത്തരി ബാലനും ഹോളിവുഡ് നടന്‍ മോര്‍ഗാന്‍ ഫ്രീമനും തമ്മില്‍ നടന്ന സംഭാഷണം മാനവികതയുടെയും ഐക്യത്തിന്റെയും വൈവിധ്യ സംസ്‌കാരങ്ങളോടുള്ള പരസ്പര ബഹുമാനത്തിന്റെയും സന്ദേശം വിളിച്ചോതുന്നവയായിരുന്നു.

സംഭാഷണത്തില്‍ ഉദ്ധരിച്ച ഖുര്‍ആനിക സൂക്തം ‘ഓ മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് അന്യോന്യം തിരിച്ചറിയാന്‍ വേണ്ടിയാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ആദരണീയന്‍ കൂടുതല്‍ ഭയഭക്തിയുള്ളവനാണ്; തീര്‍ച്ച…! അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’ എന്ന ഖുര്‍ആനിക സൂക്തം
അപരവല്‍ക്കരണത്തിന്റെ ഈ കെട്ട കാലത്തില്‍ ലോകത്തിനു നല്‍കുന്ന സന്ദേശം ചെറുതല്ല.

ബഹുസാംസ്‌കാരികതയിലൂന്നിയ പാശ്ചാത്യ കൊളോണിയല്‍ ആധുനികതയുടെ അപകോളനീകരണത്തിലൂടെ പുതിയ ആധുനികതാ സങ്കല്‍പത്തെയാണ് ഖത്തര്‍ ആവിഷ്‌ക്കരിക്കുന്നത്. വൈറ്റ് സുപ്രീമസിയുടെ വിശാല ജനാധിപത്യത്തില്‍ പൊതിഞ്ഞ അറബ് മുസ്‌ലിം രാഷ്ട്രത്തതോടുള്ള തികഞ്ഞ അസഹിഷ്ണുതയെയാണ് വൈവിധ്യമായ മൂല്യങ്ങളെയും സംസ്‌കാരങ്ങളെയും സഹിഷുണതയോടെ ഉള്‍കൊള്ളാന്‍ പ്രേരിപ്പിക്കുന്ന ഖത്തറിന്റെ പുതിയ ആധുനികത സങ്കല്‍പത്തിലൂടെ തകരുന്നത്.

അര്‍ശഖ് സഹല്‍ തിരുരങ്ങാടി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.