Thelicham

പോയ തെരഞ്ഞെടുപ്പ് നമ്മോട് പറഞ്ഞത്‌

ദസറ ആഘോഷത്തിന് ലഖ്‌നോവിലെത്തി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തിയില്‍ നടത്തിയ മിന്നലാക്രമണത്തിലായിരുന്നു പ്രചാരണം തുടങ്ങിയത്. പാകിസ്ഥാനെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പുറമെ പാകിസ്ഥാനെതിരായ വികാരം പരമാവധി വോട്ടാക്കാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ ഉത്തര്‍പ്രദേശില്‍ പ്രധാന പ്രചാരകനാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലുടനീളം പരീക്കര്‍ക്ക് സ്വീകരണം നല്‍കാനും പാര്‍ട്ടി പദ്ധതിയിട്ടു. എന്നാല്‍ കള്ളനോട്ടും കള്ളപ്പണവും തടയാനെന്ന പേരില്‍ കൊണ്ടുവന്ന കറന്‍സി നിരോധനം പ്രചാരണ മുഖം മാറ്റിമറിച്ചു. റാലികളിലും പ്രസംഗങ്ങളിലും ആയുധമായും പ്രതിരോധമായും കറന്‍സി നിരോധനം വലിയ ചര്‍ച്ചയാക്കി. ബി.ജെ.പിയുടെ ഈ പ്രചാരണ കോലാഹലമെല്ലാം പുറമേക്കായിരുന്നുവെന്നും അടിത്തട്ടില്‍ പാര്‍ട്ടി കഴിഞ്ഞ രണ്ട് വര്‍ഷമായി മറ്റു ചില പ്രവര്‍ത്തനങ്ങളിലായിരുന്നുവെന്നും ഒന്നും രണ്ടും ഘട്ടം കഴിഞ്ഞ് പടിഞ്ഞാറന്‍ യു.പിയില്‍ നിന്നും തെരഞ്ഞെടുപ്പ് കിഴക്കന്‍ യു.പിയിലെത്തിയപ്പോഴേക്ക് തെളിഞ്ഞു. മാധ്യമങ്ങള്‍ കൊണ്ടാടിയ വികസന നായകന്‍, കസബും ഖബര്‍സ്ഥാനും പറഞ്ഞ് പച്ചയില്‍ വര്‍ഗീയത പ്രചരിപ്പിച്ച് മണ്ണിനോളം തരം താഴുന്നതാണ് കണ്ടത്. കറന്‍സി നിരോധനം കൊണ്ടു വലഞ്ഞ മനുഷ്യരിലും വര്‍ഗീയത ഏല്‍ക്കുമെന്ന് ഫലത്തിലൂടെ ബി.ജെ.പി തെളിയിക്കുകയും ചെയ്തു.
വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം സംബന്ധിച്ചുയര്‍ന്ന അതീവ ഗുരുതരമായ ആരോപണങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ വേണം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ വിലയിരുത്താന്‍. വോട്ടിംഗ് യന്ത്രത്തിലെ അട്ടിമറി മായാവതി ആരോപിക്കുന്നത് ബൂത്ത് തലത്തില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. തൊട്ടുമുമ്പ് നടന്ന ഉത്തര്‍പ്രദേശ് ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി തകര്‍ന്നടിഞ്ഞതും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം ആരോപിക്കുമ്പോള്‍ മായാവതിയുടെ മുന്നിലുണ്ട്. 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച പ്രസ്തുത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്‌നോവിലുമടക്കം ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ഥികള്‍ പരാജയമേറ്റു വാങ്ങി. ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയും ദുര്‍ബലമായ കോണ്‍ഗ്രസും കനത്ത തോല്‍വി നേരിട്ടു. അതേസമയം മായാവതിയുടെ ബി.എസ്.പി വന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു. മോദിയുടെ വാരാണസിയില്‍ 58 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ വെറും എട്ട് സീറ്റുകള്‍ മാത്രം ബി.ജെ.പിക്കാരായ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചപ്പോള്‍ രാജ്‌നാഥിന്റെ ലക്‌നോവില്‍ 28 സീറ്റുകളില്‍ നാലെണ്ണം മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. മോദി മാതൃകാ ഗ്രാമമായി തെരഞ്ഞെടുത്ത വാരാണസിയിലെ ജയാപൂര്‍ ഗ്രാമത്തില്‍ ബി.എസ്.പി പിന്തുണയുള്ള സ്ഥാനാര്‍ഥി ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. മറ്റൊരു കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കല്‍രാജ് മിശ്രയുടെ ദിയോറിയയില്‍ 56 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ ഏഴെണ്ണം മാത്രമേ ബി.ജെ.പിക്ക് ലഭിച്ചുള്ളൂ. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ തകര്‍ന്നടിഞ്ഞ ബി.എസ്.പി വന്‍ തിരിച്ചുവരവ് നടത്തി. തങ്ങളെ കൈവിട്ട ശക്തികേന്ദ്രങ്ങളായ ആഗ്ര, അഅ്‌സംഗഢ്, അംബേദ്ക്കര്‍ നഗര്‍ എന്നീ മേഖലകള്‍ ബി.എസ്.പിക്കാര്‍ തിരിച്ചുപിടിച്ചു. അവിടെ നിന്നാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബി.എസ്.പിക്ക് 403 അംഗ നിയമസഭയില്‍ 19 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. വോട്ടിംഗ് യന്ത്രത്തിലെ അവിശ്വാസം പാര്‍ലമെന്റില്‍ പോലും വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. വോട്ടിംഗ് യന്ത്രത്തില്‍ വിവിപാറ്റ് ഘടിപ്പിക്കാനുള്ള 3000 കോടി രൂപ തെരഞ്ഞെടുപ്പ് കമീഷന് അനുവദിക്കാത്തതില്‍ മറുപടി നല്‍കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞിട്ടുമില്ല. അതിനാല്‍ അന്തരീക്ഷത്തില്‍ സജീവമായി നില നില്‍ക്കുന്ന അത്തരമൊരാപണത്തെ വിസ്മരിച്ചുകൊണ്ട് വോട്ടുകണക്കിനെ അപഗ്രഥനം ചെയ്യുക സാധ്യമല്ല.

പാഴായിപ്പോയ മുന്നൊരുക്കങ്ങള്‍
2009ലെയും 2014ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെയും 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിലേയും തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് കരകയറാനുള്ള ജീവന്മരണ പോരാട്ടമായി കണ്ട് ഉത്തര്‍പ്രദേശില്‍ ഏറ്റവും ആദ്യം പ്രചാരണം തുടങ്ങിയത് മായാവതിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരാളെ പോലും ജയിപ്പിക്കാന്‍ കഴിയാതെ തുടച്ചുനീക്കപ്പെട്ട മായാവതി നിയമസഭാ തെരഞ്ഞെടുപ്പിനായി മണ്ഡലങ്ങളില്‍ പുതിയ സെക്രട്ടറിമാരെ നിയോഗിച്ചിരുന്നു. വളരെ നേരത്തെ അവരുടെ പേരുകള്‍ ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തി ജയസാധ്യത അവലോകനം ചെയ്തുകൊണ്ടിരുന്ന മായാവതി കഴിഞ്ഞ ഓഗസ്റ്റ് സെപ്റ്റംബറില്‍ റാലികളുമായി പരസ്യപ്രചാരണത്തിലേക്കും കടന്നു. ഇതിനിടയില്‍ പാര്‍ട്ടിയിലെ ബ്രാഹ്മണ താക്കൂര്‍ നേതാക്കളെ പട്ടിക ജാതി സീറ്റുകളിലിറക്കി ഭായ്ചാര സമ്മേളനങ്ങള്‍ നടത്തിക്കൊണ്ടുമിരുന്നു.
ഉന്നത ജാതിക്കാരെ കൂടി തന്റെ ദലിത് വോട്ടുബാങ്കിനൊപ്പം അടുപ്പിച്ചുനിര്‍ത്താനായിരുന്നു ഈ തന്ത്രം. പട്ടിക ജാതി സംവരണ മണ്ഡലങ്ങളിലെ ഉന്നത ജാതിക്കാരുടെ വോട്ടുകള്‍ ലഭിക്കാതിരിക്കുകയും ജാട്ടുകളല്ലാത്ത ദലിതുകള്‍ വലിയുകയും ചെയ്തപ്പോള്‍ 2012ല്‍ യു.പിയിലെ 85 പട്ടിക ജാതി സംവരണ മണ്ഡലങ്ങളില്‍ 15 മാത്രമാണ് ബി.എസ്.പിക്ക് ജയിക്കാനായത്. അത് കൊണ്ടാണ് എല്ലാ വിഭാഗങ്ങളുടെയും പാര്‍ട്ടിയാക്കാന്‍ മായാവതി ഭായ്ചാര സമ്മേളനങ്ങള്‍ തുടങ്ങിയത്. ഇതോടൊപ്പം ദലിതുകള്‍ക്ക് മാത്രമായി രഹസ്യയോഗങ്ങളും മായാവതി നടത്തി. ബ്രാഹ്മണരെയും മുസ്‌ലിംകളെയും പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ചുമതല യഥാക്രമം പാര്‍ട്ടി നേതാക്കളായ സതീശ് ചന്ദ്ര മിശ്രക്കും നസീമുദ്ദീന്‍ സിദ്ദീഖിക്കും നല്‍കി. മുസ്‌ലിംകളിലെ ഉന്നത ജാതിക്കാര്‍ എസ്.പിയെയും കോണ്‍ഗ്രസിനെയും പരമ്പരാഗതമായി പിന്തുണച്ചുവരുന്നതിനാല്‍ പിന്നാക്ക ജാതിക്കാരായ മുസ്‌ലിംകളെയാണ് മായാവതി ഉന്നം വെച്ചത്. ഇത്തവണ മായാവതി ടിക്കറ്റ് നല്‍കിയ 99 മുസ്‌ലിം സ്ഥാനാര്‍ഥികളില്‍ ബഹുഭൂരിഭാഗവും ദലിതുകളില്‍ നിന്നും ഒ.ബി.സികളില്‍ നിന്നും മതപരിവര്‍ത്തനം ചെയ്തുണ്ടായ മുസ്‌ലിം ജാതിവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. തന്റെ ദലിത് വോട്ടുബാങ്കിനോട് ഇഴുകിച്ചേരാന്‍ അവര്‍ക്കെളുപ്പത്തില്‍ കഴിയുമെന്നാണ് മായാവതി കണക്കുകുട്ടിയത്.
ബി.ജെ.പിയെ വെല്ലുന്ന മുന്നൊരുക്കം നടത്തിയ ബി.എസ്.പിയുടെ അവസ്ഥയായിരുന്നില്ല ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിക്ക്. ഒറ്റക്ക് നിന്നാല്‍ ബി.ജെ.പിക്കും ബി.എസ്.പിക്കുമിടയില്‍ ഒലിച്ചുപോകുമെന്ന് കണ്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കേണ്ട സമാജ്‌വാദി പാര്‍ട്ടി എല്ലും തോലുമായ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടത്. സഖ്യം മുകള്‍ത്തട്ടിലുണ്ടാക്കിയ ഓളം താഴെതട്ടിലില്ലായിരുന്നു. സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളായി പ്രവര്‍ത്തിച്ചുവന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരിലും ഈ സഖ്യമുണ്ടാക്കിയ ദഹനക്കേട് ഒരു ഡസനോളം മണ്ഡലങ്ങളില്‍ സൗഹൃദ മല്‍സരമായി മുഴച്ചുനിന്നു. ഒരുമിച്ച് റോഡ്‌ഷോക്കിറങ്ങിയ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ഇതില്‍ പല മണ്ഡലങ്ങളിലും തങ്ങളുടെ മാത്രം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചോദിച്ചെത്തുകയും ചെയ്തു. ബി.എസ്.പിക്കോ എസ്.പിക്കോ എന്നാടി നില്‍ക്കുന്ന മുസ്‌ലിം വോട്ടുകളെയും ബി.ജെ.പിക്കോ എസ്.പിക്കോ എന്ന് സന്ദേഹിച്ച യാദവ വോട്ടുകളെയും തന്റെ പെട്ടിയില്‍ തന്നെ ഉറപ്പുവരുത്തിയതിലൂടെ സഖ്യം ഒത്തിരിയെങ്കിലും ഗുണം ചെയ്തത് അഖിലേഷിന് മാത്രമാണ്. അവസാന മണിക്കൂറിലുണ്ടാക്കിയ സഖ്യം സൃഷ്ടിച്ച ആശയക്കുഴപ്പത്തിന് ന്യൂനപക്ഷ വിഭാഗം വന്‍വിലയൊടുക്കേണ്ടി വന്നു. ബി.ജെ.പി അധികാരത്തിലെത്താന്‍ ബി.എസ്.പിക്കും എസ്.പിക്കും തിരിച്ചും മറിച്ചും കുത്തിയ മുസ്ലിംകള്‍ ഒടുവില്‍ ഒരു മുസ്‌ലിമിനെയും സ്ഥാനാര്‍ഥിയാക്കാത്ത ബി.ജെ.പി മുന്നണി 325 സീറ്റും ജയിച്ചടക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നു.

ദലിത് പിന്നാക്കം ബി.ജെ.പിക്കൊത്ത്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിര്‍ത്തിയ 28 ഒ.ബി.സി സ്ഥാനാര്‍ഥികളില്‍ 26 പേരും ലോക്‌സഭയിലെത്തിയപ്പോഴാണ് മോദി തരംഗം അവസാനിച്ചാലും ഉത്തര്‍പ്രദേശില്‍ തങ്ങളുടെ വോട്ട്ബാക് ആക്കാന്‍ പറ്റിയത് മറ്റു പിന്നാക്ക വിഭാഗങ്ങളാണെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞത്. ബി.എസ്.പി ദലിതുകളിലെ ജാട്ടുകളുടെയും സമാജ്‌വാദി പാര്‍ട്ടി യാദവരുടെയും മുസ്‌ലിംകളുടെയും പാര്‍ട്ടിയായതിനാല്‍ മറ്റു ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്ക് ശബ്ദമുയര്‍ത്താന്‍ നിലവില്‍ ആരുമില്ലെന്ന പ്രചാരണം ബി.ജെ.പി അടിത്തട്ടില്‍ നടത്തി. ബി.എസ്പിയെ കേവലം ജാട്ടുകളുടെ മാത്രം പാര്‍ട്ടിയാക്കി ദലിതുകളില്‍ തന്നെയുള്ള മറ്റു ജാതിവിഭാഗങ്ങള്‍ക്കിടയിലും വൈരം കുത്തിനിറച്ചു. ജാട്ടുകളും യാദവുകളും മുസ്‌ലിംകളും അധികാരസ്ഥാനങ്ങളിത്തിലത്തെുന്നതില്‍ മറ്റു വിഭാഗങ്ങള്‍ക്കുള്ള അസൂയയെയും അമര്‍ഷത്തെയും വോട്ടാക്കി മാറ്റുന്നതില്‍ ബി.ജെ.പി വിജയിച്ചു. ഫുല്‍പൂരില്‍ നിന്നുള്ള മൗര്യയെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് കൊണ്ട് വന്നാണ് ബി.ജെ.പി ഈ തന്ത്രം പയറ്റി തുടങ്ങിയത്. മറ്റു മിക്ക വിഭാഗങ്ങളില്‍ നിന്ന് 30 ജില്ലാ പ്രസിഡന്റുമാരെ ബി.ജെ.പി നിയമിച്ചു. ഒടുവില്‍ ടിക്കറ്റ് വിതരണത്തിലും അതേ തന്ത്രം പയറ്റി 125 ഒ.ബി.സിക്കാര്‍ക്ക് ബി.ജെ.പി ടിക്കറ്റ് നല്‍കി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഈ ധ്രുവീകരണത്തിന് ആക്കം കൂട്ടിയ ഒന്നായിരുന്നു ബിജ്‌നോറില്‍ നടന്ന ജാട്ട് ബാലന്റെ കൊലപാതകം. പശ്ചിമ യു.പിയിലെ പ്രചാരണ ചിത്രം ഈ കൊലപാതകം മാറ്റിമറിച്ചു. സെപ്റ്റംബര്‍ 16ന് പെണ്ട ഗ്രാമത്തില്‍ പൂവാല ശല്യം ആരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഈ കൊല. മോദിയുടെ കറന്‍സി നിരോധനവും ജാട്ട് സംവരണത്തോടുള്ള വിരുദ്ധ നിലപാടും കണക്കിലെടുത്ത് ജാട്ട് മഹാപഞ്ചായത്ത് ചേര്‍ന്ന് ബി.ജെ.പിയെ തോല്‍പിക്കാന്‍ ആഹ്വാനം നടത്തിയിട്ടും ആ വോട്ടുകള്‍ പോലും ബി.ജെ.പിയിലേക്ക് കുലം കുത്തിയൊഴുകി. ബീഹാര്‍ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിച്ച് സംവരണത്തിനെതിരെ ആര്‍.എസ്.എസ് നേതാവ് നടത്തിയ പ്രസ്താവന ഉത്തര്‍പ്രദേശില്‍ പ്രചാരണായുധമാക്കി പ്രതിപക്ഷമിറങ്ങിയിട്ടും സംവരണ വിഭാഗങ്ങളിലേശിയില്ല. ബീഹാര്‍ തെരഞ്ഞെടുപ്പ് വേളയില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തിയ സംവരണ വിരുദ്ധ പരാമര്‍ശമാണ് ബി.ജെ.പിക്ക് തിരിച്ചടിയായതെങ്കില്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വേളയില്‍ ആര്‍.എസ്.എസിന്റെ മറ്റൊരു നേതാവ് മന്‍മോഹന്‍ വൈദ്യയാണ് സംവരണ വിരുദ്ധ പരാമര്‍ശം നടത്തിയത്. സംവരണ നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട വൈദ്യ ഡോ. ബി.ആര്‍ അംബേദ്കര്‍ പോലും സംവരണം തുടരണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും അതിനൊരു സമയപരിധി വേണമെന്ന് ആവശ്യപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ഭിന്നിപ്പും ജാതിവൈരവും
അലീഗഢ് മുസ്‌ലിം സര്‍വകലാശാല ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ ബി.എസ്.പിയും സഖ്യം വിട്ട് എസ്.പിയും കോണ്‍ഗ്രസും മുസ്‌ലിം വോട്ടിനായി പരസ്പരം പോരിലായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട മുസ്ലിം സിറ്റിംഗ് എം.എല്‍.എ കക്ഷി രഹിതനായും ഒരു കൈനോക്കാന്‍ അസദുദ്ദീന്‍ ഉവൈസിയുടെ സ്ഥാനാര്‍ഥിയും ഇറങ്ങിയതോടെ അലീഗഢ് ലോക്‌സഭാ മണ്ഡലം ബി.ജെ.പി കൈപിടിയിലാക്കിയതിന്റെ ആവര്‍ത്തനം നിയമസഭാ തെരഞ്ഞെടുപ്പിലുമുണ്ടായി. അസദുദ്ദീന്‍ ഉവൈസി സ്ഥാനാര്‍ഥിയെ നിര്‍ത്തിയ 36 മണ്ഡലങ്ങളില്‍ 22ലും ബി.ജെ.പിയാണ് തൂത്തുവാരിയത്. മുസ്ലിം വോട്ടുകള്‍ എസ്.പി കോണ്‍ഗ്രസ് സഖ്യത്തിനും ബി.എസ്.പിക്കും ഇടയില്‍ വീതം വെക്കുന്നതിന്റെ അലയൊലി അലീഗഢ് വിദ്യാര്‍ഥി യൂനിയനില്‍ പോലും ഇത്തവണ പ്രകടമായി. യൂനിയന്‍ ചെയര്‍മാന്‍ ഫൈസുല്‍ ഹസന്‍ ബി.എസ്.പിയെ വിജയിപ്പിക്കാന്‍ പുറത്ത് ഹോട്ടലില്‍ പോയി വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അതിനെതിരെ ജനാധിപത്യ ചേരിക്ക് വോട്ടുനല്‍കണമെന്നാവശ്യപ്പെട്ട് യൂനിയന്‍ വൈസ് ചെയര്‍മാനും അഞ്ച് അംഗങ്ങളും വാര്‍ത്താകുറിപ്പിറക്കി. ഇത്തവണ മുസ്‌ലിംകള്‍ ബി.എസ്.പിയെ പിന്തുണക്കണമെന്ന് ഡല്‍ഹി ഇമാം ആവശ്യപ്പെട്ടപ്പോള്‍ മുസ്‌ലിംകള്‍ എസ്.പി കോണ്‍ഗ്രസ് സഖ്യത്തിന് വോട്ടുചെയ്യണമെന്നാണ് പ്രമുഖ അക്കാദമിക പണ്ഡിതനും അലീഗഢിലെ രാഷ്ട്രമീമാംസ അധ്യാപകനുമായ പ്രൊഫ. അര്‍ശി ഖാന്‍ പറഞ്ഞത്. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഉണ്ടാക്കിയ സഖ്യം ന്യൂനപക്ഷങ്ങളില്‍ സൃഷ്ടിച്ച ആശയക്കുഴപ്പത്തിന് പുറമെയായിരുന്നു മുസ്‌ലിംകള്‍ക്കിടയിലെ ജാതിവൈരം. പ്രചാരണവേളയിലേ പ്രകടമായിരുന്നു. മുസഫര്‍ നഗര്‍ കലാപക്കേസിലെ പ്രതി സംഗീത് സോം സര്‍ധാനയില്‍ മുസ്‌ലിംവോട്ടുകള്‍ ബി.എസ്.പി, എസ്പി സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ഭിന്നിച്ചാണ് ജയിച്ചുകയറിയത്. ശക്തമായ ദലിത് വോട്ടുബാങ്കുള്ള ബി.എസ്.പിയുടെ അന്‍സാരിയെ മുസ്‌ലിംകള്‍ തുണച്ചിരുന്നെങ്കില്‍ സോം പരാജയപ്പെടുമായിരുന്നു. എന്നാല്‍ അന്‍സാരിയോടുള്ള വെറുപ്പില്‍ ഖുശെറശി മുസ്‌ലിംകള്‍ ഭുരിഭാഗവും സമാജ്വാദി പാര്‍ട്ടിക്ക് ചെയ്തപ്പോള്‍ സംഗീത് സോം ജയിച്ചു. മീറത്തില്‍ മാത്രമല്ല, ആഗ്രയടക്കം ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും അന്‍സാരിഖുറൈശി ഭിന്നതയുണ്ട്. ആ ഭിന്നത അവസാന നിമിഷം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അലാവുദ്ദീന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ എഴുതിത്തള്ളാറായില്ല
ഉത്തര്‍പ്രദേശിലെ സഖ്യ സംഭാഷണങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിച്ച് പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിന് നാന്ദി കുറിച്ച തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് പ്രിയങ്കക്കായുള്ള മുറവിളി ഏറ്റവും കൂടുതലുയര്‍ന്നത്. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടുന്നത് ഒഴിവാക്കിയാണ് സോണിയയുടെ നിര്‍ദേശ പ്രകാരം ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ഗുലാം നബി ആസാദിനൊപ്പം ലഖ്‌നോവിലേക്ക് സഖ്യ ചര്‍ച്ചക്ക് പോയത്. തുടര്‍ന്ന് അഖിലേഷ് യാദവുമായും ഭാര്യ ഡിംപിള്‍ യാദവുമായും പ്രിയങ്ക സംഭാഷണം നടത്തി. അതിന് ശേഷമാണ് സീറ്റുപങ്കുവെക്കലിനുള്ള അന്തിമ ധാരണയായത്. അമത്തേിയിലും റായ്ബറേലിയിലും ഒതുങ്ങി നിന്നിരുന്ന പതിവിന് വിരുദ്ധമായി ഇക്കുറി ഉത്തര്‍പ്രദേശിലുടനീളം ഡിംപിള്‍ യാദവിനൊപ്പം നാരീശക്തി പ്രകടിപ്പിച്ച് പ്രിയങ്കയെ പ്രചാരണത്തിനിറക്കുമെന്ന് കേട്ടിരുന്നെങ്കിലും പിന്നീടതൊന്നുമുണ്ടായില്ല. കോണ്‍ഗ്രസിനെ നയിക്കേണ്ട ഭാരം രാഹുലിന്റെ തലയില്‍ തന്നെയാകുകയും ചെയ്തു. പരാജയത്തിന് രാഹുലിനെ വിമര്‍ശിക്കുന്നവരൊക്കെയും പഞ്ചാബിലെ വിജയവും മണിപ്പൂരിലും ഗോവയിലും ഒറ്റകക്ഷിയായതും കണ്ടില്‌ളെന്ന് നടിക്കുകയാണ്. പഞ്ചാബില്‍ ക്യപ്റ്റന്‍ അമരീന്ദറിന് കീഴ്‌പ്പെടാന്‍ രാഹുല്‍ തയാറായിട്ടില്ലായിരുന്നുവെങ്കില്‍ അവിടെയും കോണ്‍ഗ്രസിന് കൈയ്പുനീര്‍ കുടിക്കേണ്ടി വന്നിരുന്നേനെ.
കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ പാപം
അംബാനിക്ക് വേണ്ടി പ്രണബ് മുഖര്‍ജിയും ചിദംബരവും പിന്‍സീറ്റ് െ്രെഡവിംഗ് നടത്തി ജനദ്രോഹ നടപടികളിലൂടെ ശവമഞ്ചത്തില്‍ കിടത്തിയ കോണ്‍ഗ്രസിനെ പേറാന്‍ വിധിക്കപ്പെട്ട രാഹുലിനെ നിരന്തരം വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസിനെ ഈ പരുവത്തിലത്തെിച്ച യഥാര്‍ഥ വില്ലന്മാരെ സ്പര്‍ശിക്കാറില്ല. മണിപ്പൂരിന്റെ ചുമതല കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും ഗോവയുടെ ചുമതല ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് കെ.സി വേണുഗോപാലിനുമാണ് നല്‍കിയിരുന്നത്. ഫലം വന്ന നാള്‍ ഈ രണ്ടിടത്തും തങ്ങള്‍ സര്‍ക്കാറുണ്ടാക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പരസ്യപ്രസ്താവന നടത്തിയിട്ടും കുലുങ്ങാതിരുന്ന ഈ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസിന് ഭരണം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുത്തിയത്. ഫലമറിഞ്ഞ പിറ്റേന്ന് ഇവരിരുവരും ഗോവയിലും മണിപ്പൂരിലും പോയി കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കാന്‍ പണിയെടുത്തോ എന്ന ചോദ്യമാരുമുയറത്തുന്നില്ല എന്നതാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രതിസന്ധി. ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നുവെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണം കോണ്‍ഗ്രസിനെന്ന് വന്നിരുന്നേനെ.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.