Thelicham

യു എന്നും പറഞ്ഞു; ഇനിയെന്ന് തീരും ഈ അപാര്‍ത്തീഡ്‌

ഫലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നത്തോളം സമകാലിക രാഷ്ട്രീയ ചരിത്രത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയ വിഷയം മറ്റൊന്നില്ല. അറിഞ്ഞും അറിയായ്മ നടിച്ചും ഒപ്പം നിന്ന ലോക രാഷ്ട്രങ്ങളുടെ തണലുപറ്റി ഒരു നൂറ്റാണ്ടു കൊണ്ട് പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ നിര്‍മിച്ചെടുത്ത രാജ്യം മേഖലയുടെ സമാധാന ജീവിതത്തിന് ഉണ്ടാക്കുന്ന തുല്യതയില്ലാത്ത വെല്ലുവിളികളെ തിരിച്ചറിയാന്‍ ഒടുവില്‍ യു.എന്നും തയാറായെന്നതാണ് ഏറ്റവുമൊടുവിലെ വാര്‍ത്ത.
യു.എന്നിനു കീഴിലെ പശ്ചിമേഷ്യന്‍ സാമ്പത്തിക-സാമൂഹിക കമീഷന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി ഇസ്രായേല്‍ അധിനിവേശം പഴയ ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍ത്തീഡിനു തുല്യമാണെന്ന് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മണിക്കൂറുകള്‍ വേണ്ടിവന്നില്ല, റിപ്പോര്‍ട്ടിന് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ പ്രവഹിച്ചുതുടങ്ങി. സ്വാഭാവികമായും അമേരിക്കയാണ് കടുത്ത വിമര്‍ശനവുമായി ആദ്യം രംഗത്തത്തെിയത്. നിരായുധരായ പാവം ഫലസ്തീനികളെ കൂട്ടക്കൊല നടത്തിയ 2014ലെ ഗസ്സ ആക്രമണ കാലത്ത് ഹമാസിനു മേല്‍ മുഴുവന്‍ പഴിയും ചാരി ഇസ്രായേലിന് ക്ലീന്‍ ചിറ്റ് നല്‍കിയ അമേരിക്കയില്‍ നിന്ന്, അതും ട്രംപ് വാഴും കാലത്ത് ഇതിലേറെ പ്രതീക്ഷിക്കേണ്ടതില്ലെന്നുറപ്പാണ്. വല്യേട്ടന്‍ നയം കടുപ്പിച്ചതോടെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടിറെസും അയ്യോ പാവം ചമഞ്ഞു. റിപ്പോര്‍ട്ട് യു.എന്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. 18 ഓളം അറബ് രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള ഇ.എസ്.സി.ഡബഌു.എ (യുനൈറ്റഡ് നാഷന്‍സ് എകനോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റ് ഏഷ്യ) എന്ന യു.എന്‍ സമിതിയുടെ അധ്യക്ഷ പദവിയിലിരുന്ന റിമ ഖലഫിന് രാജി നല്‍കേണ്ടിവന്നു. പഴയ നാസി കാലത്ത് ഹിറ്റ്‌ലര്‍ക്കു വേണ്ടി റിപ്പോര്‍ട്ടുകളൊരുക്കിയ പത്രം ‘ഡെര്‍ സ്‌റ്റേണര്‍’ക്കു തുല്യമാണ് റിപ്പോര്‍ട്ട് എന്നായിരുന്നു ഇസ്രായേലിന്റെ വിമര്‍ശം.
അമേരിക്കക്കാരായ റിച്ചാര്‍ഡ് ഫോക്കും വിര്‍ജീനിയ ടിലിയും ചേര്‍ന്ന് തയാറാക്കിയ 76 പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ടിനെ പിന്തുണച്ച് അറബ് രാജ്യങ്ങളും സമാധാന സ്‌നേഹികളും രംഗത്തത്തെിയെങ്കിലും പ്രതീക്ഷിച്ച പോലെ, വേണ്ടത്ര മാധ്യമ ശ്രദ്ധ ലഭിച്ചില്ല.

അപ്പാര്‍ത്തീഡ്-അതാണ് വിഷയം
വെള്ളക്കാര്‍ക്ക് സമ്പൂര്‍ണാധിപത്യമുള്ള നാഷനലിസ്റ്റ് പാര്‍ട്ടി 1948ല്‍ അധികാരമേറ്റതോടെ ദക്ഷിണാഫ്രിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ തുടക്കമിട്ട വംശീയ വേട്ടയാണ് അപാര്‍ത്തീഡ് ആയി അറിയപ്പെടുന്നത്്. 1991ല്‍ നെല്‍സണ്‍ മണ്ടേല ജനകീയ നേതാവായി അധികാരമേല്‍ക്കുന്നതോടെ ആ രാജ്യത്ത് ഇതിന് അറുതിയായെങ്കിലും സമാനമായി ലോകത്തെവിടെയും നടക്കുന്നതിനൊക്കെയും വിളിക്കാവുന്ന പേരായി പദം ക്രമേണ മാറി. ഏഴു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ ഫലസ്തീനികളോട് കാണിച്ചത് പച്ചക്കു വിളിച്ചാല്‍ അപ്പാര്‍ത്തീഡ് തന്നെയാണെന്ന് ഇരുവരും പറയുന്നതിന് കാരണങ്ങളും അക്കമിട്ടു നിരത്തുന്നുണ്ട്.
ഫലസ്തീനികള്‍ നാലു വിഭാഗത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു: ഇസ്രായേലില്‍ തന്നെ കഴിയുന്ന ഇസ്രായേല്‍ പൗരത്വം നല്‍കിയ 17 ലക്ഷം അറബികളാണ് ഒന്നാമത്തേത്. എല്ലാ അര്‍ഥത്തിലും സ്വാതന്ത്ര്യം അനുഭവിക്കേണ്ട വര്‍ പക്ഷേ, പട്ടാള നിയമത്തിനു കീഴിലാണ്. ഇസ്രായേലികള്‍ക്ക് സമാധാനപൂര്‍മായി കഴിയാന്‍ അവിടെ സിവില്‍ നിയമം വേറെയുണ്ടെങ്കിലും അത് അറബികള്‍ക്ക് ബാധകമല്ല. ഇസ്രായേല്‍ പുതിയ തലസ്ഥാനം പണിയാന്‍ നോട്ടമിട്ട കിഴക്കന്‍ ജറുസലേമില്‍ കഴിയുന്നവരാണ് രണ്ടാമത്തെ വിഭാഗം. 1967 വരെ പൂര്‍ണമായി ഫലസ്തീനികള്‍ക്ക് മാത്രമായിരുന്ന ഇവിടെ മൂന്നു ലക്ഷത്തോളമാണ് ഫലസ്തീനി ജനസംഖ്യ. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, തൊഴില്‍, താമസം, കെട്ടിട നിര്‍മാണം തുടങ്ങിയ അവശ്യ മേഖലകളില്‍ പോലും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരാണിവരെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്ര പദവിയിലെങ്കിലും നേരിയ സ്വാതന്ത്ര്യം പേരില്‍ അനുവദിക്കപ്പെട്ട ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും 47 ലക്ഷത്തോളം വരുന്ന മൂന്നാമത്തെ വിഭാഗം. ഇവര്‍ക്കു മേല്‍ ക്രൂരത മാത്രമറിയുന്ന ഇസ്രായേലി പ്രതിരോധ സേന ഓരോ ദിനവും നടത്തുന്ന കടന്നുകയറ്റങ്ങള്‍ എന്നും മാധ്യമങ്ങളിലുണ്ട്. നാലാമത്തെ വിഭാഗമാകട്ടെ, നഖ്ബയെന്ന് ഫലസ്തീനികള്‍ വിളിക്കുന്ന 1948ലെ കൂട്ട പലായനത്തിന്റെ ഒന്നാം നാള്‍ മുതല്‍ അഭയാര്‍ഥികളായി പല രാജ്യങ്ങളുടെ കാരുണ്യത്തില്‍ കഴിയുന്നവര്‍ 50 ലക്ഷത്തിലേറെ വരും ഒരു തെറ്റും ചെയ്യാതെ കുടിയിറക്കപ്പെട്ട ഇവര്‍.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ സമാധാനത്തോടെ കഴിയുന്ന ജൂത കുടുംബങ്ങളെ വാഗ്ദത്ത ഭൂമിയിലേക്കെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി പൗരത്വം നല്‍കാന്‍ തിടുക്കം കൂട്ടുന്ന ഇസ്രായേല്‍ ഭരണകൂടം സ്വന്തം നാട്ടുകാരായ ഫലസ്തീനികള്‍ക്ക് സമാനതകളില്ലാത്ത കൊടുംക്രൂരതകള്‍ മാത്രം പകരം നല്‍കുമ്പോള്‍ അതിനെ അപ്പാര്‍ത്തീഡ് എന്നല്ലാതെ പിന്നെന്തു പേരിട്ടു വിളിക്കുമെന്നാണ് സമിതി ചോദിക്കുന്നത്.

ഒരേ ജനത; രണ്ടു നിയമം
ഇസ്രായേലില്‍ മതില്‍ക്കെട്ടിനകത്തും പുറത്തുമായി അറബികളും ഇസ്രായേലികളും കഴിയുന്നുണ്ടെങ്കിലും മാറിമാറിവന്ന ഭരണകൂടങ്ങള്‍ ഒരു വിഭാഗത്തിനു മേല്‍ മാത്രം നിയമം വരിഞ്ഞുമുറുക്കിക്കൊണ്ടേയിരിക്കുന്നതാണ് കാഴ്ച. ഏറ്റവുമൊടുവില്‍ വെസ്റ്റ് ബാങ്കില്‍ അറബികളുടെ സ്വത്ത് വെറുതെ കൈയടക്കാന്‍ നിയമം മൂലം അനുമതി നല്‍കിയുള്ള ഉത്തരവ് ബെന്യമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഇറക്കിയത് ഒരു മാസം മുമ്പാണ്. യു.എന്‍ വരെ ഇതിനെ അപലപിച്ചെങ്കിലും നെതന്യാഹു സര്‍ക്കാര്‍ പിന്നോട്ടുപോയില്ല. ഇസ്രായേലിനകത്തു കഴിയുന്ന അറബ് ജനതക്ക് എല്ലാ അര്‍ഥത്തിലും മറ്റൊരു നീതിയാണ് കാലങ്ങളായി നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ തൊഴില്‍ മേഖല കൊട്ടിയടക്കപ്പെടുന്നുവെന്ന് മാത്രമല്ല, പ്രധാന ജോലികളിലൊക്കെയും ഇവര്‍ അകറ്റിനിര്‍ത്തപ്പെടുന്നു. ചെറിയ തൊഴില്‍ ചെയ്യാന്‍ പോലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. കൃഷി ഉപജീവനവുമായി കഴിയുന്നവരുടെ തോട്ടങ്ങള്‍ ഏതുനിമിഷവും കണ്ടുകെട്ടാന്‍ സാധ്യതകളേറെ. ഇങ്ങനെ നഷ്ടപ്പെട്ട ഭൂമിക്കു വേണ്ടി ഒരു കോടതിയിലും കയറിയിറങ്ങിയിട്ട് ഫലമുണ്ടാകില്ല. ഫലഭൂയിഷ്ഠമായ മേഖലകളിലേറെയും ഇങ്ങനെ ഇസ്രായേല്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു.
രാജ്യത്തെ ഭൂമിയുടെ 93 ശതമാനവും നിയന്ത്രിക്കുന്നത് ഇസ്രായേല്‍ ലാന്‍ഡ്‌സ് അതോറിറ്റിയാണ്. ഈ ഭൂമി ജൂതരല്ലാത്തവര്‍ക്ക് ഉപയോഗപ്പെടുത്താനോ നിര്‍മാണത്തിനോ നിയമം മൂലം വിലക്കപ്പെട്ടതാണ്. കൊളോണിയല്‍ ഭരണകാലത്ത്, സയണിസ്‌ററ് നേതൃത്വം ജൂതരുടെ വശം ഒരിക്കല്‍ എത്തിയ ഭൂമി പിന്നീടൊരിക്കലും ജൂതനല്ലാത്തവര്‍ക്ക് നല്‍കാനാവില്ലെന്ന് പ്രഖ്യാപിച്ച് സമാന്തര ഭരണം നടത്തിയിരുന്നു. ഇപ്പോള്‍ ഇതിന് ഭരണകൂട സാധുത കൂടിയായി എന്നതു മാത്രമാണ് വ്യത്യാസം.

അപാര്‍ത്തീഡ് വാള്‍: മതിലുകെട്ടിയ അടിമത്തം
അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത എതിര്‍പ്പുകളെ നോക്കുകുത്തിയാക്കി 1967നു ശേഷം നിര്‍മാണം തുടങ്ങിയ, കുടിയേറ്റ കോളനികളെ സംരക്ഷിക്കാനെന്ന പേരില്‍ ഇപ്പോഴും നിര്‍മാണം പുരോഗമിക്കുന്ന കൂറ്റന്‍ മതിലിന് അപാര്‍ത്തീഡ് മതില്‍ എന്നു തന്നെയാണ് ലോകം വിളിക്കുന്ന പേര്. ആറു ലക്ഷത്തിലേറെ വരുന്ന കുടിയേറ്റ കോളനികളെ സുരക്ഷിതമാക്കിയും ഫലസ്തീനികളുടെ ജീവിതം നരകതുല്യമാക്കിയും വെസ്റ്റ് ബാങ്കിനെയും ഇസ്രായേലിനെയും മുറിച്ച് 708 കിലോമീറ്റര്‍ നീളത്തിലാണ് മതില്‍. ഇന്നലെ വരെ തൊട്ടടുത്തു കഴിഞ്ഞ ബന്ധുക്കളെയും അയല്‍ക്കാരെയും കാണാമറയത്താക്കി മതില്‍ ഉയര്‍ന്നപ്പോള്‍ 150 ലേറെ ഫലസ്തീന്‍ ഗ്രാമങ്ങളാണ് നേര്‍പകുതിയായി നെടുകെ പിളര്‍ന്നത്. ജൂതര്‍ ഇതുവഴി സുരക്ഷിതമായപ്പോള്‍ സ്വന്തം പണിയിടത്തിലേക്കും കുടുംബത്തിലേക്കും വഴിയടഞ്ഞവനായി ഫലസ്തീനി. ഈ മാനുഷിക ദുരന്തം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സംഘടനകളൊക്കെയും ആവശ്യവുമായി രംഗത്തുണ്ടെങ്കിലും ഇസ്രായേല്‍ വഴങ്ങിയിട്ടില്ല.
കുടിയേറ്റ കോളനികള്‍ നിര്‍മിക്കാന്‍ വെസ്റ്റ് ബാങ്കിന്റെ 42 ശതമാനം ഭൂമിയും ഇസ്രായേല്‍ ഇതിനകം കൈവശപ്പെടുത്തി കഴിഞ്ഞു. കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീനികള്‍ക്ക് അവശേഷിക്കുന്നത് 13 ശതമാനം ഭൂമി മാത്രം. 1967നു മുമ്പ് ജറുസലേം സമ്പൂര്‍ണമായി തങ്ങള്‍ക്ക് മാത്രമായിരുന്നിടത്താണ് ഈ മാറ്റം.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സമാധാന നീക്കങ്ങളില്‍ രജത രേഖയായി ഇന്നും എണ്ണിവരുന്ന ഓസ്ലോ കരാറില്‍ പോലും അനധികൃത കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച പരാമര്‍ശം ഇല്ലാതിരിക്കാന്‍ ശ്രദ്ധിച്ചത് ബോധപൂര്‍വമാകാനേ തരമുള്ളൂ. ഭൂമി കൈവശപ്പെടുത്തി പുറന്തളളുന്ന ഈ നീക്കത്തെ അപ്പാര്‍ത്തീഡ് എന്നല്ലാതെ എന്തുവിളിക്കുമെന്നാണ് റിപ്പോര്‍ട്ട് ചോദിക്കുന്നത്.

ജിമ്മി കാര്‍ട്ടറും അപ്പാര്‍ത്തീഡ് ആരോപണവും
Palestine: Peace Not Apartheid എന്ന തന്റെ ഗ്രന്ഥത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് ഇസ്രയേല്‍ നടത്തുന്നത് അന്ന് ദക്ഷിണാഫ്രിക്കയില്‍ നടന്നതിനെക്കാള്‍ ഭീകരമായ അപ്പാര്‍ത്തീഡാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം വീടിനു മുന്നിലൂടെ റോഡ് നിര്‍മിച്ച് അതില്‍ സഞ്ചാരം വിലക്കുന്ന ഇസ്രായേല്‍ നയത്തെ അപ്പാര്‍ത്തീഡ് എന്നല്ലാതെ എന്തു വിളിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കാര്‍ട്ടര്‍ പറഞ്ഞത് പുതിയ ചര്‍ച്ചക്ക് വഴിതുറക്കുമെന്ന് കരുതിയവര്‍ക്കു തെറ്റിയ പോലെ പുതിയ റിപ്പോര്‍ട്ടിനെ കുറിച്ച പ്രതീക്ഷകളും എങ്ങുമത്തൊതെ ഒടുങ്ങാനേ സാധ്യതയുള്ളൂ. അന്താരാഷ്ട്ര തലത്തില്‍ പുതിയതായി സമ്മര്‍ദ്ദമുയരുന്നുവെന്ന് തോന്നുന്ന നിമിഷം പുതിയ കുടിയേറ്റ കോളനികളും അധിനിവേശങ്ങളുമായി ചെറുത്തുതോല്‍പിക്കുന്നതാണ് നെതന്യാഹു സര്‍ക്കാറിന്റെ രീതി. അതു തന്നെ ഇനിയും തുടരും. ഓരോ വര്‍ഷവും ശതകോടി ഡോളറുകളുടെ സൈനിക സഹായം നല്‍കിക്കൊണ്ടിരിക്കുകയും തുടര്‍ച്ചയായ ഇടവേളകളില്‍ സംഖ്യ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഇതില്‍ കവിഞ്ഞ് എന്തു സംഭവിക്കാനാണ്?

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.