‘ഇതാ ഇവിടെ ഇരുന്നോളൂ.. താങ്കള്‍ക്ക് പോകാനുള്ള ടാക്‌സി വരാന്‍ ഇനിയും പതിനഞ്ച് മിനിറ്റ് കഴിയും. ആവശ്യമെങ്കില്‍ ഒരു കാപ്പി കുടിക്കാനുള്ള സമയമുണ്ട്’. ലോസ് ആഞ്ചലസ് നയന്‍ത് സ്ട്രീറ്റിലെ ഇറാന്‍കാരനായ അലി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇരുപത് വര്‍ഷമായി ഇവിടെ ഫൂട്ട് വെയര്‍ ഷോപ്പ് നടത്തുകയാണിയാള്‍. സമീപത്തായുള്ള മസ്ജിദ് ബിലാല്‍ & ഇസ്‌ലാമിക് സെന്റര്‍ അന്വേഷിച്ചിറങ്ങിയതായിരുന്നു ഞാന്‍. ഇമാമുമായും അവിടെയുള്ള ഏതാനും ചില വ്യക്തികളുമായും കുശലാന്വേഷണം നടത്തി താമസ സ്ഥലത്തേക്ക് തിരിച്ചുപോകാനായി അലിയുടെ സഹായം തേടേണ്ടിവന്നു. കൃത്യസമയമായപ്പോള്‍ ടാക്‌സി മുന്നിലെത്തി. ‘താങ്കളാണോ സെക്കന്റ് സ്ട്രീറ്റിലേക്ക് ടാക്‌സി വിളിച്ചത്’. സ്വാഗതം ചെയ്ത ഡ്രൈവര്‍ വാഹനത്തിലേക്ക് കയറാനാവശ്യപ്പെട്ടു. പോകാന്‍ സമയമായപ്പോള്‍ അലി ചാരിതാര്‍ഥ്യത്തോടെ ഒരു ചിരിയും ചിരിച്ച് എന്നെ യാത്രയയക്കാനെത്തി. ‘ഷൂ വേണമെങ്കില്‍ ഇവിടെ വരാന്‍ മറക്കരുത്’. തമാശരൂപേണെ അയാള്‍ പറഞ്ഞു.
ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നിന്നും ഐ.വി.എല്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി ഔദ്യോഗിക ക്ഷണം വന്നപ്പോള്‍ വലിയ സന്തോഷവും ആശ്ചര്യവുമായിരുന്നു. അമേരിക്കയിലേക്കുള്ള ദീര്‍ഘമായ യാത്രയും പുറമേ കേട്ടുപരിചയം മാത്രമുള്ള അമേരിക്കന്‍ കിരാതത്വത്തിന്റെ പൊള്ളുന്ന വാര്‍ത്തകളും ഒരു വേള ആശങ്കയിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ഒരവസരം പാഴാക്കാവതല്ലെന്നും പരമാവധി പ്രയോജനപ്പെടുത്തണമെന്നുമുള്ള ആഗ്രഹം അതിവേഗം യാത്രാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലേക്ക് എന്നെ നയിച്ചു.
ഏറെ ക്ലേശകരമാണ് അമേരിക്കയുടെ വിസാ നടപടിക്രമങ്ങള്‍. കൃത്യമായ ആവശ്യങ്ങള്‍ക്കു മാത്രമേ അവര്‍ വിസ അനുവദിക്കൂ. വിസ ഇന്റര്‍വ്യൂവിനായി ചെന്നൈയിലെത്തിയ എനിക്ക് അത് തീര്‍ത്തും ബോധ്യപ്പെട്ടു. കൃത്യമായ രേഖങ്ങളെല്ലാമുണ്ടായിട്ടും വിസ ലഭിക്കാതെ മടങ്ങുന്നവരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചവരുമെല്ലാം മുന്നില്‍ പെട്ടു. കോണ്‍സുലേറ്റിന്റെ നേരിട്ടുള്ള ക്ഷണമായതിനാല്‍ നടപടിക്രമങ്ങള്‍ അനായാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതിനുശേഷം ഡയറക്ടറും പ്രോഗ്രാം കോര്‍ഡിനേറ്ററും ഒരു മണിക്കൂര്‍ നേരം പ്രീഡിപ്പാര്‍ച്ചര്‍ ബ്രീഫിങ്ങ് ചെയ്തു. യാത്ര തുടങ്ങും മുമ്പ് ചെയ്യേണ്ട കാര്യങ്ങളും കൂടെ കരുതേണ്ട വസ്തുക്കളും അവിടെ എത്തിയാല്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം കൃത്യമായി വിശദീകരിച്ചു. അവരുടെ വിവരണങ്ങള്‍ കേട്ടപ്പോള്‍ യാത്രയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ വര്‍ധിച്ചു.
‘അക്രമാസക്ത ഭീകരവാദ പ്രവര്‍ത്തനങ്ങളോട് ക്രിയാത്മക പ്രതികരണം’ എന്ന തലക്കെട്ടില്‍ വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലായി നടക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കുകയായിരുന്നു യാത്രാ ലക്ഷ്യം. കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായ ഈ സംഗമം തികച്ചും നവ്യാനുഭവമായി. വര്‍ഷാവര്‍ഷം നടക്കാറുള്ള ഈ സെമിനാറില്‍ വ്യത്യസ്ത രാജ്യത്തിലെ വിവിധ തുറകളില്‍ സേവനം ചെയ്യുന്ന ആയിരക്കണക്കിന് പ്രതിനിധികള്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്.
കാനഡയിലെ യൂത്ത് ജസ്റ്റിസ് സോഷ്യല്‍ വര്‍ക്ക് നേതാവ് കമാല്‍ കൊര്‍ദാര്‍, ഡെന്‍മാര്‍ക്ക് മിനിസ്ട്രിയിലെ ആന്തേഴ്‌സ് ബോ ക്രിസ്ത്യന്‍, ഇന്ത്യാനേഷ്യ സ്‌റ്റേറ്റ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ലക്ചറര്‍ ഖമറുസ്സമാന്‍ സുസ്തമാം, ജോര്‍ദാനിലെ പബ്ലിക്ക് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ മുഹമ്മദ് അബ്‌സാക്ക,് കെനിയയിലെ കമ്മീഷനര്‍ ഓഫ് ജസ്റ്റിസ് ഒംബുഡ്‌സ്മാന്‍ അറ്റോണി മുംതാസ് ഖാന്‍, കൊസോവ ഇ.വി പ്രൊജക്ട് ഓഫീസര്‍ ലോറ ഗസേരി, ലബനാന്‍ ഡി.ഒ.ടി എം.ഇ ഓഫീസര്‍ സല്‍മാന്‍ അല്‍ ഒൗഥാ, മെസഡോണിയയിലെ വുമണ്‍ എംപവര്‍മെന്റ് ഡയറക്ടര്‍ മരാല്‍ മുസ്‌ലി തജ്‌റോസ്‌കാ, പാക്കിസ്ഥാന്‍ സി.വി.ഇ പ്രോഗ്രാം മാനേജര്‍ അനീല താജിക്, ഫിലിപ്പിന്‍സ് ഐ.എ.പി.എച്ച്.ഐ.എല്‍.ടി.എസ് പ്രോജക്ട് ഓഫീസര്‍ ഖാലിദ് ഉസ്മാന്‍ മഗുമ്പാറ, ട്രിനിഡാഡിലെ എസ്.എം കമ്പനി ഡയറക്ടര്‍ സൊറയ്യാഖാന്‍ ഇന്ത്യയില്‍ നിന്ന് ഈ വിനീതന്‍ എന്നിങ്ങനെ പന്ത്രണ്ടു പേരായിരുന്നു ഞങ്ങളുടെ ടീമിലുണ്ടായിരുന്നത്.
‘അക്രമാസക്ത ഭീകരവാദ പ്രവര്‍ത്തനങ്ങളോട് ക്രിയാത്മക പ്രതികരണം’ എന്ന തലക്കെട്ടില്‍ വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലായി നടക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കുകയായിരുന്നു യാത്രാ ലക്ഷ്യം. കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായ ഈ സംഗമം തികച്ചും നവ്യാനുഭവമായി
13 മണിക്കൂര്‍ നീണ്ട ലണ്ടനിലേക്കുള്ള യാത്ര അമേരിക്കന്‍ എയര്‍ലൈന്‍സ് ആയതിനാല്‍ തീര്‍ത്തും സുഖകരമായിരുന്നു. യാത്രാരംഭം മുതല്‍ അവസാനം വരെ അമേരിക്കന്‍ ജനതയുടെ സഹകരണ മനോഭാവവും സഹിഷ്ണുതയും തീര്‍ത്തും അത്ഭുതപ്പെടുത്തി. എത്ര തിരക്കും പ്രയാസവും അനുഭവിച്ചാലും മറ്റൊരാളുടെ താല്‍പര്യത്തിന് വില കല്‍പ്പിക്കുന്ന മാനസികാവസ്ഥ, എന്തെങ്കിലും സഹായം വേണമെന്ന് തോന്നും മുമ്പ് കണ്ടറിഞ്ഞ് സഹായിക്കുന്ന മനോഭാവം, ഒരിക്കലും മറക്കാനാവാത്ത വിധമുള്ള പെരുമാറ്റ രീതി, തീര്‍ത്തും അനുകരണീയമായ സ്വഭാവം എന്നിവ കൊണ്ടൊക്കെ ഇവര്‍ നമ്മെ പരാജയപ്പെടുത്തുകയായിരുന്നു. കൃത്യനിഷ്ഠതയിലും അവര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നവരായിരുന്നു. ഇന്ത്യന്‍ സമയക്രമം പാലിച്ചു ശീലിച്ച എനിക്ക് അമേരിക്ക നല്‍കിയ വലിയ പാഠം മറ്റൊരാളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തി അവരെ പ്രയാസപ്പെടുത്തരുത് എന്നതായിരുന്നു.
നവംബര്‍ 4 ശനി രാവിലെ 7.30 ന് യാത്രയാരംഭിച്ച ഞാന്‍ 13 മണിക്കൂര്‍ കഴിഞ്ഞ് ലണ്ടന്‍ സമയം ഉച്ചക്ക് ഒന്നര മണിക്കാണ് ഹിത്രോ എയര്‍പോര്‍ട്ടിലിറങ്ങുന്നത്. ശാന്തമാണ് അവിടുത്തെ അന്തരീക്ഷം. ഞാന്‍ വാച്ചിലേക്ക് നോക്കി. അഞ്ചര മണിക്കൂറിന്റെ സമയ വ്യത്യാസമുണ്ട്. അടുത്ത കണക്ഷന്‍ സ്‌ക്രീനില്‍ നോക്കി കണ്ടെത്തി പ്രസ്തുത ടെര്‍മിനലിലേക്ക് നീങ്ങണം. ബസ് വഴിയോ മെട്രോ വഴിയോ പോകാം. എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 12.കി.മി ദൂരത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടലിന്റെ അഡ്രസ്സ് മാത്രമാണ് കയ്യിലുണ്ടായിരുന്നത്, പിന്നെ കുറച്ച് ഡോളറും. പുറത്ത് കടന്ന് ടാക്‌സിയില്‍ കയറി പോവേണ്ട സ്ഥലം ഓണ്‍ലൈന്‍ ബുക്ക് ചെയ്തു. വാഹനത്തില്‍ ജി.പി.എസ് സംവിധാനമുള്ളതിനാല്‍ ഡ്രൈവര്‍ക്ക് നിഷ്പ്രയാസം ലക്ഷ്യസ്ഥാനത്തെത്തിക്കാനായി. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ്‌സ് പ്രതിനിധികള്‍ ഏല്‍പ്പിച്ച പ്രോഗ്രാം ഷെഡ്യൂള്‍ ബുക്കും ടൈം ടേബിളും റിസപ്ഷനില്‍ നിന്ന് ലഭിച്ചു. അന്നു രാത്രി ഉറങ്ങുന്നതിന് മുമ്പ് ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നിലേക്ക് തിരിച്ചുവെക്കണമെന്ന നിര്‍ദ്ദേശം ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു. അന്നു മുതല്‍ അടുത്ത ഏതാനും മാസം ഇങ്ങനെ തുടരുമത്രെ. ശേഷം ഒരു മണിക്കൂര്‍ മുന്നിലേക്കും. ഉദയാസ്തമയ വ്യത്യാസം പരിഗണിച്ച് ചില രാഷ്ട്രങ്ങളിലൊക്കെ ഇങ്ങനെ ചെയ്യാറുണ്ടെന്ന കാര്യം മുമ്പ് കേട്ട്‌പ്പോള്‍ കൗതുകത്തോടെ ചിരിച്ചിരുന്നു.
പിറ്റേ ദിവസം രാവിലെ ഒമ്പതിനാണ് സംഘത്തിലെ മറ്റുള്ളവരുമായി പരിചയപ്പെടാന്‍ ആദ്യമായി അവസരമുണ്ടായത്. വാഷിങ്ടണിലെ ആദ്യദിനം ഔദ്യോഗിക ടൂര്‍പ്രോഗ്രാമായിരുന്നു. അമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്ന പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് സന്ദര്‍ശനമായിരുന്നു ആദ്യത്തേത്. കാര്യമായ സെക്യൂരിറ്റി ചെക്കുകളുകളൊന്നും അവിടയുണ്ടായിരുന്നില്ല. ഞങ്ങള്‍ എത്തുമ്പോള്‍ വൈറ്റ് ഹൗസിനു മുന്നില്‍ ചില അമേരിക്കക്കാര്‍ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ടായിരുന്നു. പല അവസരങ്ങളിലായി കാണാതായവര്‍ക്ക് വേണ്ടി കുടുംബങ്ങളും സുഹൃത്തുക്കളും ആവിഷ്‌കരിച്ചതായിരുന്നു സമര പരിപാടി.
യാത്ര കഴിഞ്ഞ് വൈകുന്നേരത്തോടെ റൂമില്‍ തിരിച്ചെത്തി. പിന്നെ ഹലാല്‍ ഭക്ഷണം അന്വേഷിച്ചുള്ള യാത്രയായിരുന്നു. എവിടെയും സുഭിക്ഷമായി വൈനും പന്നിയിറച്ചിയും. തദ്ദേശീയവും വിദേശീയവുമായ നൂതന ഭക്ഷണ വിഭവങ്ങളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു. കുറച്ചകലെ ഹലാല്‍ ഭക്ഷണ ഏരിയ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞാനങ്ങോട്ടേക്ക് നടന്നു
ശേഷം കാപിറ്റോള്‍, ലിങ്കണ്‍ മെമ്മോറിയല്‍ ഹാള്‍, വിയറ്റ്‌നാം യുദ്ധസ്മാരക പ്രദേശം, മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ വിശ്വ പ്രസിദ്ധ പ്രഭാഷണമായ ‘ഐ ഹാവ് എ ഡ്രീം’ നടന്ന സ്ഥലം, നിരവധി മ്യൂസിയങ്ങള്‍ തുടങ്ങി ആധുനിക ചരിത്രത്തിലെ സുപ്രധാനമായ ഒട്ടനവധി സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനായി. നാസയുടെ ചെറിയ വിവരണം നല്‍കുന്ന എയറോ സൈപസ് മ്യൂസിയവും, ആര്‍ട് ഗ്യാലറികളും ഏറെ ആനന്ദദായകമായ കാഴ്ചയായിരുന്നു.
യാത്ര കഴിഞ്ഞ് വൈകുന്നേരത്തോടെ റൂമില്‍ തിരിച്ചെത്തി. പിന്നെ ഹലാല്‍ ഭക്ഷണം അന്വേഷിച്ചുള്ള യാത്രയായിരുന്നു. എവിടെയും സുഭിക്ഷമായി വൈനും പന്നിയിറച്ചിയും. തദ്ദേശീയവും വിദേശീയവുമായ നൂതന ഭക്ഷണ വിഭവങ്ങളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു. കുറച്ചകലെ ഹലാല്‍ ഭക്ഷണ ഏരിയ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞാനങ്ങോട്ടേക്ക് നടന്നു. എല്ലാം കൃത്യമായി അടയാളപ്പെടുത്തിയ ജി.പി.എസ് തന്നെയായിരുന്നു അവിടെയും വഴികാട്ടി. ഒരു ഹോട്ടലില്‍ കയറി ഇവിടെ പന്നിയിറച്ചിയുണ്ടോ എന്നന്വേഷിച്ച ഞങ്ങളോട് ഭാവവും വേഷവും കണ്ടിട്ടാവാം ‘നിങ്ങള്‍ ഹലാല്‍ ഫുഡ് അന്വേഷിക്കുകയാണോ’ എന്ന് അവര്‍ ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ ആ ഹോട്ടലുടമ 300 മീറ്ററപ്പുറത്തുള്ള മറ്റൊരു ഹോട്ടല്‍ കാണിച്ചു തന്നു.
തിങ്കള്‍ രാവിലെ മുതല്‍ ഔദ്യോഗിക പരിപാടി ആരംഭിക്കുകയാണ്. ഞങ്ങളുടെ യാത്രാ ക്രമീകരണങ്ങള്‍ നടത്തിയ അലിസണ്‍ മൊയലണ്‍, ഡാനിയന്‍ ഓറഞ്ച്, വെന്റി ക്രോണിന്‍, എറിക് ഡിക്കിന്‍സണ്‍ എന്നിവരുമായുള്ള വിശദമായ കൂട്ടിക്കാഴ്ചയായിരുന്നു യാത്രയുടെ ഉദ്ദേശ്യം. ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങള്‍, ശേഷം ചെയ്യേണ്ട പരിപാടികള്‍ എല്ലാം ഈ പ്രസന്റേഷനില്‍ വിശദമായി നടന്നു.
ഉച്ച തിരിഞ്ഞ് യു.എസ് ആഭ്യന്തര വകുപ്പിലെ ആമിന അവാന്‍ഖാന്‍, മിഷേല്‍ ഡഫിന്‍ എന്നിവരുടെ ഭീകരവാദവും തീവ്രവാദവും തുടച്ചുനീക്കി സുരക്ഷിത രാഷ്ട്ര നിര്‍മ്മിതിക്കായുള്ള പുതിയ മാര്‍ഗങ്ങളെ പരിചയപ്പെടുത്തുന്ന സെഷനായിരുന്നു. തലസ്ഥാന നഗരിയായ വാഷിംഗ്ടണ്‍ ഡിസിയിലെ ചില പ്രമുഖ ഓഫീസുകളും ഡിപ്പാര്‍ട്ട്‌മെന്റുകളും പരിചയപ്പെടാന്‍ അന്ന് കഴിഞ്ഞു. മൂന്ന് ദിവസത്തെ വാഷിങ്ങ്ടണിലെ ക്യാമ്പിനു ശേഷം അടുത്ത സ്റ്റേറ്റായ ന്യൂയോര്‍ക്കിലേക്കായിരുന്നു പോവാനുണ്ടായിരുന്നത്. 226 മൈല്‍ (361 കി.മി. ദൂരം) യാത്ര ചെയ്യണം ന്യൂയോര്‍ക്കിലെത്താന്‍. ആറു മണിക്കൂര്‍ സമയം ബസില്‍ സഞ്ചരിച്ചായിരുന്നു യാത്ര. ഈ യാത്രയിലൂടെയാണ് അമേരിക്കയുടെ ഭൂപ്രകൃതിയും നഗര-ഗ്രാമ പ്രദേശവും അടുത്തറിയാനായത്. ഇടക്കിടെ വാഹനം നിര്‍ത്തി വിശ്രമിച്ചു. അമേരിക്കന്‍ ഗ്രമങ്ങളിലൂടെയുള്ള യാത്ര ഞങ്ങളെ ഏറെ ആനന്ദിപ്പിച്ചു.
ന്യൂയോര്‍ക്കില്‍ ഏറ്റവും മനോഹരമായ കാഴ്ച്ചാവിരുന്നൊരുക്കുന്നത് സ്റ്റാച്ച്യു ഓഫ് ലിബേര്‍ട്ടി ആണ്. ലിബേര്‍ട്ടി ഐലന്റിലാണ് അത് തലയെടുപ്പോടെ ഉയര്‍ന്നു നില്‍കുന്നത്. കപ്പലിലോ ഹെലികോപ്ടറിലോ കയറി വേണം ഇവിടെക്ക് കടക്കാന്‍. അതീവ ജാഗ്രതയോടെയാണ് അമേരിക്ക ഇതിനെ നോക്കി നടത്തുന്നത്. നൂറ്റി അമ്പത്തി ഒന്ന് അടി ഉയരത്തില്‍ നില്‍ക്കുന്ന ചെമ്പില്‍ തീര്‍ത്ത ഈ പ്രതിമ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
ടൈം സ്‌ക്വയറും ടൗണ്‍ പ്ലാനിങ്ങും നഗരത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നു. ഹഡ്‌സന്‍ നദിക്കു കുറുകെയുള്ള ഏകദേശം 2.5 കി.മീ ദൂരമുള്ള ആറുവരിപ്പാതയില്‍ നിര്‍മിച്ച മനോഹരമായ ബീക്കണ്‍ ബ്രിഡ്ജ് മറ്റൊരു കൗതുക കാഴ്ച്ചയാണ്. ഏകദേശം അഞ്ച് പതിറ്റാണ്ട് മുമ്പാണ് ഈ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. 2001 ലെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ട്വിന്‍ ടവര്‍ ഇന്നും അമേരിക്ക സന്ദര്‍ശിക്കുന്നവര്‍ക്ക് നടുക്കുന്ന ഓര്‍മ തന്നെയാണ്. 1730 അടി ഉയരത്തില്‍ 110 നിലകളുണ്ടായിരുന്നു അതിന്. അതിന്റ അവശിഷ്ടങ്ങളില്‍ 1776 അടി ഉയരത്തില്‍ 104 നിലകളുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആറാമത്തെ സെന്റര്‍ നിര്‍മ്മിച്ചിട്ടുണ്ട്. നഗരത്തിന്റെ എവിടെ നിന്നു നോക്കിയാലും ഏറ്റവും ഉയര്‍ന്ന് തന്നെ അത് നില്‍ക്കും.
ഗ്രൗണ്ട് സീറോയായി ഗണിക്കപ്പെടുന്നിടത്ത് നോര്‍ത്ത്, സൗത്ത് തടാകങ്ങളിലായി ജീവഹാനി സംഭവിച്ചവരുടെ പേരുകള്‍ ഗ്രാനൈറ്റില്‍ കൊത്തിവെച്ചിട്ടുണ്ട്. ഇവരുടെ കുടുംബവും സുഹൃത്തുക്കളും ഇവിടെയെത്തി ആത്മശാന്തിക്കായി പുഷ്പാര്‍ച്ചന നടത്തുന്നതും കാണാമായിരുന്നു. ഒരു സ്ത്രീയുടെ പേരും അതോടൊപ്പം ഹെര്‍ അണ്‍ബോര്‍ണ്‍ ബേബി എന്നും എഴുതിയത് എന്റെ ശ്രദ്ധയില്‍ പെട്ടു.
ലോസ് ആഞ്ചലസ്, കാലിഫോര്‍ണിയ
ന്യൂയോര്‍ക്കില്‍ നിന്ന് അടുത്ത യാത്ര ലോസ് ആഞ്ചലസിലേക്കായിരുന്നു. 2789 മൈല്‍(4462 കി.മി)ദൂരത്തുള്ള ലോസ് ആഞ്ചലസിലേക്ക് ഞങ്ങള്‍ക്ക് നേരത്തേ ഫ്‌ളൈറ്റ് ബുക്ക് ചെയ്തിരുന്നു. ആറു മണിക്കൂര്‍ ഫ്‌ളൈറ്റ് യാത്ര ചെയ്ത് ലോസ് ആഞ്ചലസില്‍ ഇറങ്ങുമ്പോള്‍ സമയം മൂന്നു മണിക്കൂര്‍ മാത്രമെ കഴിഞ്ഞിരുന്നുള്ളൂ. ഹോളിവിഡിന്റെ നഗരം എന്ന വിശേഷണമുള്ള ലോസ് ആഞ്ചലസ് വിദേശി ടൂറിസ്റ്റുകളുടെ ഇഷ്ടതാവളമാണ്. ലോസ് ആഞ്ചലസിലെ തെരുവുകളും ഷോപ്പുകളും മറ്റു പ്രതീകങ്ങളുമാണ് അവരുടെ ലക്ഷ്യം. അവിടത്തെ ഓരോന്നിലും ശില്‍പചാരുതയാര്‍ന്ന കലകള്‍ നിറഞ്ഞു നില്‍കുന്നതായി നമുക്ക് അനുഭവപ്പെടുന്നു.
ലോക പ്രസിദ്ധ നാടക-ഫിലിം സ്റ്റാറുകളുടെ തട്ടകമാണ് ലോസ് ആഞ്ചലസ്. അവരുടെ പ്രതിമകളും ചിത്രങ്ങളും ഓര്‍മകളും നഗരത്തെ മനോഹരമാക്കിയിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ പ്രതിമയില്‍ ചാരി നിന്നും സ്പര്‍ശിച്ചും ഫോട്ടോ എടുത്തു കൊണ്ടിരുന്ന ആരാധകരുടെ കാഴ്ചയാണ് തെരുവ് നിറയെ. കൃത്രിമമായി പശ്ചാത്തലം സൃഷ്ടിച്ച് അണിയിച്ചൊരുക്കുന്ന നാടകീയ രംഗങ്ങള്‍ കാഴ്ച്ചക്കാരെ ഉന്മത്തരാക്കുന്നു. എഴുപത്തഞ്ച് പ്രോഗ്രാം സൈറ്റുകളും നൂറിലേറെ പ്രാദേശിക ഓഫീസുകളുമുള്ള ലോസ് ആഞ്ചലസിലെ മെന്റല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ സന്ദര്‍ശനം ഏറെ ഉള്‍ക്കാഴ്ച നല്‍കി. കുട്ടികള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, യുവാക്കള്‍, വൃദ്ധര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കായി സ്വകാര്യമായും സംഘടനകളായും നല്‍കുന്ന മാനസികാരോഗ്യ സംവിധാനങ്ങള്‍ക്ക് കരുത്ത് പകരുകയാണിവരുടെ പ്രധാന അജണ്ട. മാനസികാരോഗ്യ രംഗത്ത് ഇത്രയേറെ ഫണ്ടുപയോഗിച്ച് കഠിനാധ്വാനം ചെയ്യുന്ന ഇത്തരം കൃത്യങ്ങള്‍ക്ക് അമേരിക്കയില്‍ വലിയ ഫലം ഉണ്ടെന്ന് ബോധ്യപ്പെടാനായി. നമ്മുടെ നാട്ടില്‍ തീരെ അവഗണിക്കപ്പെടുന്ന ഈ രംഗത്തെ അധഃപതനമാണ് ഇന്നത്തെ ഏറ്റവും വലിയ നഷ്ടമെന്ന് ലോസ് ആഞ്ചലസ് ബോധ്യപ്പെടുത്തി. ഒരു രാജ്യത്തിന്റെ മൂലധനം അന്നാട്ടുകാരുടെ മാനസികാരോഗ്യമാണെന്ന കണ്ടെത്തലാണ് ഇക്കൂട്ടരുടെ ഇത്രയും വലിയ സംരംഭത്തിന് പിന്തുണ നല്‍കുന്നത്. യൂനിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ഗ്ലോബല്‍ സമ്മിറ്റായിരുന്നു അവസാനത്തെ ഔദ്യോഗിക പരിപാടി. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം നേതാക്കള്‍ പങ്കെടുത്ത സംഗമം ഇസ്‌ലാമിനെക്കുറിച്ച് മറ്റുള്ളവരുടെ കാഴ്ചപ്പാടും മനോഭാവവും തുറന്ന് കാട്ടുന്നതായിരുന്നു. ഭീകരവാദവുമായി ഇസ്‌ലാമിനെ പ്രതിചേര്‍ക്കുന്നതിനെയും അതിന്റെ ഭിന്ന വഴികളെയും സമ്മിറ്റ് ചര്‍ച്ച ചെയ്തു.
സമസ്ത, ദാറുല്‍ ഹുദാ, ജാമിഅ ജൂനിയര്‍, വാഫീ തുടങ്ങിയ സംവിധാനങ്ങളെ ഒട്ടനവധി സ്ഥലങ്ങളില്‍ പരിചയപ്പെടുത്താനുള്ള അവസരം ലഭിച്ചു. പത്ത് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സുതാര്യമായി മതവിദ്യഭ്യാസം നല്‍കുന്ന കേരളത്തിലെ സംവിധാനത്തെ പലരും ആവേശത്തോടെ കേള്‍ക്കുകയും പ്രശംസിക്കുകയും ചെയ്തു
സംഘടനാ രംഗത്തെ നിരന്തര ഇടപെടലുകളും വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഭാഗമായതും മാനസികാരോഗ്യ രംഗത്ത് വളര്‍ന്ന് വരുന്ന പുതിയ മേഖലയുമായി ബന്ധപ്പെട്ടത് മൂലവുമാണ് ഈ യാത്രക്ക് അവസരമൊരുങ്ങിയത്. പതിനായിരത്തിലേറെ പ്രാഥമിക മതവിദ്യാഭ്യാസ പാഠശാലകളും നിരവധി അറബിക് കോളേജുകളും സ്ഥിതി ചെയ്യുന്ന കേരളത്തിലെ വ്യത്യസ്ത വിദ്യാഭ്യാസരീതിയെ പരിചയപ്പെടുത്താന്‍ ലഭിച്ച അവസരമായിരുന്നു ഈ യാത്ര.
സമസ്ത, ദാറുല്‍ ഹുദാ, ജാമിഅ ജൂനിയര്‍, വാഫീ തുടങ്ങിയ സംവിധാനങ്ങളെ ഒട്ടനവധി സ്ഥലങ്ങളില്‍ പരിചയപ്പെടുത്താനുള്ള അവസരം ലഭിച്ചു. പത്ത് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സുതാര്യമായി മതവിദ്യഭ്യാസം നല്‍കുന്ന കേരളത്തിലെ സംവിധാനത്തെ പലരും ആവേശത്തോടെ കേള്‍ക്കുകയും പ്രശംസിക്കുകയും ചെയ്തു. ഗവര്‍മെന്റിന്റെ സഹായങ്ങളില്ലാതെ തന്നെ നടന്നു പോരുന്ന ഇത്തരം സംവിധാനങ്ങള്‍ പകര്‍ത്താന്‍ ഓരോരുത്തരും ആകാംക്ഷ കാണിക്കുന്നത് കാണാമായിരുന്നു.
ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങളിലേക്ക് യു. എസ് യാത്ര എന്നെ കൊണ്ടു പോയി. അവിടെ ചെറിയ തോതിലെങ്കിലും ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍ പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞതിലെ ആത്മസംതൃപ്തി പറയാതെ വയ്യ. ജുബ്ബയും തൊപ്പിയും ധരിച്ച് അമേരിക്കന്‍ തെരുവിലൂടെ നടക്കുന്നത് ഓര്‍ക്കാന്‍ പോലും കഴിയാത്തിടത്തുനിന്ന് അതനുഭവിച്ചപ്പോള്‍ അമേരിക്കന്‍ ചിത്രം മാറ്റി വരക്കപ്പെടുകയായിരുന്നു. മറ്റുള്ളവന്റെ മതകീയ ചിഹ്നങ്ങള്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ഈ മനോഭാവം നാം കണ്ടുപഠിക്കേണ്ടതു തന്നെ. യാത്രകള്‍ ഒരുപാട് പാഠങ്ങള്‍ നല്‍കുന്നു. സാംസ്‌കാരിക കൈമാറ്റത്തിനും തിരിച്ചറിവിനും അതു തന്നെയാകുന്നു പോംവഴി.