Thelicham

ഫുസ്വൂസ്വുല്‍ ഹികം: ദീപ്ത ജ്ഞാനത്തിന്റെ വചനപ്പൊരുളുകള്‍3

ഫുസൂസുല്‍ ഹികമിന്റെ പ്രാധാന്യം വിവരിച്ചു കൊണ്ട് ശൈഖ് സദ്‌റുദ്ദീന്‍ ഖൂനവി (റ) എഴുതുന്നു: ‘നമ്മുടെ ഗുരുവിന്റെ അനര്‍ഘമായൊരു ലഘുകൃതിയാണ് ഫുസൂസുല്‍ ഹികം. അദ്ദേഹത്തിന് നല്‍കപ്പെട്ട അവസാനത്തെയും സമഗ്രവുമായ കൃതിയാണിത്. സത്തയുടെ ആദി സ്രോതസ്സായ ഏകാത്മക സര്‍വാശ്ലഷിത്വത്തിന്റെ തലമായ മുഹമ്മദീ മഖാമില്‍ വെച്ചാണ് ഈ ഗ്രന്ഥം അദ്ദേഹത്തിന് ലഭിക്കുന്നത്. ദൈവജ്ഞാനത്തെ സംബന്ധിച്ച് പ്രവാചകര്‍ മുഹമ്മദ് (സ്വ)ന്റെ ആത്മീയാനുഭവത്തിന്റെ സാരാംശം ഇതുള്‍ക്കൊള്ളുന്നു’.
ഫുസൂസിന്റെ അധ്യായങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ശൈഖ് ഇബ്‌നു അറബി(റ)യുടെ സരണിയില്‍ വ്യാപകമായി പ്രചാരത്തിലുള്ള ചില സാങ്കേതിക പ്രയോഗങ്ങള്‍ ഫുസൂസ് ഗ്രഹിക്കാനുള്ള മുന്നുപാധിയെന്നോണം പരിചയപ്പെടുന്നത് നന്നായിരിക്കും.
അക്‌ബേരിയന്‍ സരണിയില്‍ കാണപ്പെടുന്ന തത്വശാസ്ത്രപരവും പ്രപഞ്ച ഘടനാപരവും ആദ്ധ്യാത്മികവും ആത്മീയവും ധാര്‍മികവുമായ വ്യവഹാരങ്ങളെല്ലാം അസ്മാഅ് (ദൈവനാമങ്ങള്‍), സ്വിഫാത്ത് (ദൈവഗുണങ്ങള്‍) എന്ന രണ്ട് സാങ്കേതിക പദങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഉപാധികള്‍ ബാധകമല്ലാത്ത ദൈവിക സത്തയുടെ പ്രാപഞ്ചിക പ്രകടനങ്ങളാണ് അസ്മാഅ്, സ്വിഫാത്ത് കൊണ്ടര്‍ഥമാക്കുന്നത്.
ദൈവിക സത്ത(ദാതുല്‍ ഇലാഹിയ്യ) അടിസ്ഥാനപരമായി നിരുപാധിക(മുത്‌ലഖ്) മാണെങ്കിലും ചില പ്രത്യേക രീതികളില്‍ അത് ബാഹ്യമായ പ്രകടനം നിര്‍വഹിക്കുന്നുണ്ട്. ഈ പ്രകടനങ്ങളെ ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട ദൈവനാമങ്ങളില്‍ സംഗ്രഹിക്കപ്പെടുന്നു. അല്ലാഹു സ്വന്തത്തെ കാരുണ്യവാനെന്ന് ഖുര്‍ആനില്‍ പരിചയപ്പെടുത്തുമ്പോള്‍ കരുണ (റഹ്മ) എന്ന സ്വിഫത് (ഗുണം) അല്ലാഹുവിനുണ്ടെന്ന് നാം മനസിലാക്കുന്നു. റഹ്മാന്‍ എന്ന നാമം റഹ്മ എന്ന സ്വിഫതിന്റെ പ്രകടനമാണ് നിര്‍വഹിക്കുന്നത്.
അല്ലാഹുവിന്റെ ബാഹ്യ പ്രകടനം (ളുഹൂര്‍), ദര്‍ശനം(തജല്ലി), ബഹിര്‍ പ്രവാഹം (ഫൈള്) തുടങ്ങിയ സംജ്ഞകള്‍ കൊണ്ടാണ് സൃഷ്ടി ലോകത്തെ ഇബ്‌നു അറബി(റ)യും പിന്‍ഗാമികളും വിശദീകരിക്കുന്നത്. ഉണ്മയുടെ ലോകത്തെ സര്‍വ്വതും അല്ലാഹുവിന്റെ ഗുണങ്ങള്‍ (സ്വിഫാത്) അവതരിക്കുന്ന തജല്ലിയുടെ ഇടങ്ങളാണ്. സൃഷ്ടി ലോകത്തെ മുഴുവന്‍ വസ്തുക്കളും അവയുടെ ബാഹ്യമായ അസ്തിത്വത്തിലേക്ക് (വുജൂദ് ഖാരിജി) വരുന്നതിന് മുമ്പ് അല്ലാഹുവിന്റെ അനാദിയായ ജ്ഞാനത്തില്‍ (ഇല്‍മ്) അസ്തിത്വമുള്ളവയാണ്. ബാഹ്യാസ്തിത്വത്തിനു മുമ്പുള്ള അവസ്ഥയില്‍ അഅ്‌യാനുസ്സാബിത എന്ന പേരിലാണ് വസ്തുക്കള്‍ വിളിക്കപ്പെടുന്നത്. ഓരോ ‘അഅ്‌യാനുസ്സാബിത’ യും ഭൗതിക ലോകത്തേക്ക് നിര്‍ഗമിക്കുന്നത് ബാഹ്യമായ അസ്തിത്വ(വുജൂദ്) മെന്ന അനുഗ്രഹം അല്ലാഹുവിന്റെ റഹ്മാന്‍ എന്ന നാമത്തിന്റെ പ്രത്യേകതയാല്‍ അതിനുമേല്‍ ചൊരിഞ്ഞു നല്‍കുന്നതുകൊണ്ടാണ്. പിന്നീട് റബ്ബ് എന്ന നാമത്തിന്റെ പ്രകടനം ഈ വസ്തുക്കളുടെ പരിപോഷണം (തര്‍ബിയ) നിര്‍വ്വഹിക്കുന്നു. മറ്റു നാമങ്ങളും ദൈവിക ഗുണങ്ങളുടെ വിഭിന്ന ഭാവങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് അവയുടെ പ്രകടനം നിര്‍വ്വഹിക്കുന്നു. മനുഷ്യനല്ലാത്ത സൃഷ്ടികളില്‍ ദൈവനാമങ്ങള്‍ മുഴുവനായും സംഗമിക്കുന്നില്ല. അവയോരോന്നും ഓരോ നാമങ്ങളുടെ പ്രകടനത്തിന്റെ (തജല്ലി) വേദി (മജ്‌ല)യാണ്.
അല്ലാഹുവിന്റെ നാമങ്ങളെല്ലാം സമഞ്ജസമായി സമ്മേളിക്കുന്ന പ്രകടന സ്ഥലിയാണ് മനുഷ്യന്‍. ദൈവനാമങ്ങളുടെ അകം പൊരുളുകളായ ഗുണങ്ങള്‍ ആര്‍ജിച്ചുകൊണ്ട് (തഖല്ലുഖ് ബി അഖ്‌ലാഖില്ലാഹ്) ദിവ്യമായ ആത്മീയ വിതാനത്തിലേക്ക് മനുഷ്യന് ഉയരാമെന്ന് ഈ വീക്ഷണം സിദ്ധാന്തിക്കുന്നു. അങ്ങനെയാണ് അല്ലാഹു മനുഷ്യനില്‍ തന്നെ ദര്‍ശിക്കുന്നത്. കാരണം മനുഷ്യന്‍ അല്ലാഹുവിന്റെ ‘അസ്മാഇ’ന്റെ വാഹകനാവുമ്പോള്‍ മനുഷ്യനില്‍ തെളിയുന്നത് ദൈവഗുണങ്ങളാണ്. സ്വന്തത്തെ തിരിച്ചറിയുമ്പോള്‍ സ്വരക്ഷിതാവിനെ അറിയുന്നുവെന്നതിന്റെ താല്‍പര്യവുമിതാണ്. ദൈവഗുണങ്ങള്‍ ആര്‍ജിച്ചുകൊണ്ട് പൂര്‍ണ്ണമനുഷ്യര്‍(ഇന്‍സാനുല്‍ കാമില്‍) എന്ന തലം പ്രാപിക്കുന്നവരാണ് ജ്ഞാനികളും പ്രവാചകന്മാരും. ഓരോ പ്രവാചകനിലും ദൈവനാമങ്ങളുടെ ചില പ്രത്യേക ഭാവങ്ങള്‍ കൂടുതല്‍ പ്രകടമാവുന്നു. ദൈവനാമങ്ങളുടെ അകപ്പൊരുളുകളായ ഉല്‍കൃഷ്ട ഗുണങ്ങളാണ് അത്തരം ഭാവങ്ങള്‍. ഇവയെല്ലാം പൂര്‍ണ്ണതയോടെ സംഗമിച്ചെത്തുന്ന ആത്മാവാണ് ‘ഹഖീഖതുല്‍ മുഹമ്മദിയ്യ’ എന്ന മുഹമ്മദീ യാഥാര്‍ഥ്യം. അല്ലാഹുവിലേക്കുള്ള യാത്രയില്‍ അന്വേഷി കടന്നുപോകുന്ന വ്യത്യസ്ത ഘട്ടങ്ങളെയാണ് ഓരോ പ്രവാചകന്റെയും ആത്മീയ തലം പ്രതിനിധാനം ചെയ്യുന്നത്. ആത്മീയ പ്രയാണത്തില്‍ ഒരു നിശ്ചിത പ്രവാചകന്റെ സത്താപരമായ ആത്മീയതലത്തെ പ്രാപിക്കുന്ന ജ്ഞാനികള്‍ ആ പ്രവാചകാത്മാവില്‍ നിന്ന് ജ്ഞാനത്തിന്റെ അകപ്പൊരുളുകള്‍ സ്വീകരിക്കുകയും ആ പ്രവാചകന്‍ പ്രതിനിധാനം ചെയ്യുന്ന ദൈവനാമത്തിന്റെ ഗുണങ്ങളാര്‍ജ്ജിക്കുകയും പൂര്‍ണ്ണ മനുഷ്യനായി മാറുകയും ചെയ്യുന്നു.

ആദമീ വചനത്തിലെ ‘ദൈവികത’യുടെ പൊരുള്‍

അല്ലാഹു എന്ന ദൈവനാമത്തിന്റെ ഓണ്‍ടോളജിക്കലായ (സത്താപരമായ) തലത്തെയാണ് ആദം (അ) പ്രതിനിധാനം ചെയ്യുന്നത്. ഖുര്‍ആനില്‍ വിവരിക്കപ്പെടുന്ന ദൈവത്തിന്റെ ഉല്‍കൃഷ്ട നാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന) ഉള്‍വഹിക്കുന്ന സത്താപരമായ പൂര്‍ണതകളെയെല്ലാം സമാശ്ലേഷിക്കുന്നുണ്ട് ആദമീ സത്ത. മറ്റു നാമവിശേഷണങ്ങളുടെ സാകല്യത്തെപൂര്‍ണാര്‍ഥത്തില്‍ സമ്മേളിപ്പിക്കുന്നതു കൊണ്ട് ‘സര്‍വാശ്ലേഷിയായ ഏകത്വം (അഹദിയ്യത്തുല്‍ ജംഅ്) എന്നാണ് അക്‌ബേരിയന്‍ സരണി ഈ നാമത്തെ പരിചയപ്പെടുത്തുന്നത്.
‘അല്ലാഹു’ എന്ന നാമം സമഗ്രാശ്ലേഷിയാണെന്നതു പോലെ ‘ആദം’ എന്ന പദവും മനുഷ്യ വര്‍ഗത്തിന്റെ ഉല്‍ഭവ കേന്ദ്രമായ വിശ്വാത്മാവിനെ പ്രതീകവല്‍കരിക്കുന്നു. ദൈവിക പ്രാതിനിധ്യമേറ്റെടുക്കാന്‍ മനുഷ്യവര്‍ഗത്തെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് ‘ദൈവികത’ യുടെ ജ്ഞാനപ്പൊരുള്‍ ആദമി (അ) ന് നല്‍കപ്പെടുന്നത്. അല്ലാഹുവല്ലാത്ത സര്‍വതിന്റെയും സത്താപരമായ തലങ്ങളെ തന്റെയുള്ളില്‍ അടക്കം ചെയ്യുന്നുണ്ട് ആദമെന്ന വചനം.
ദൈവികതയുടെ സത്താപരമായ തലത്തെ പ്രതിബിംബിപ്പിക്കുന്ന കണ്ണാടിയായി സര്‍വ നാമങ്ങളുടെയും പ്രത്യക്ഷഭാവമായി ആദം(അ) നിലകൊള്ളുന്നു. പൂര്‍ണ മനുഷ്യരുടെ ഗുണത്തില്‍ പ്രഥമ പ്രരോഹമായ ആദമി (അ) ല്‍ ദൈവത്തിന്റെ സമഗ്രാശ്ലേഷിയായ ‘അല്ലാഹു’ എന്ന നാമത്തിന്റെ ജ്ഞാനപ്പൊരുള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നു എന്നാണ് ഒന്നാമധ്യായത്തില്‍ ഫുസൂസ് നമ്മോട് പറയുന്നത്.

‘അല്ലാഹു’ എന്ന നാമം സമഗ്രാശ്ലേഷിയാണെന്നതു പോലെ ‘ആദം’ എന്ന പദവും മനുഷ്യ വര്‍ഗത്തിന്റെ ഉല്‍ഭവ കേന്ദ്രമായ വിശ്വാത്മാവിനെ പ്രതീകവല്‍കരിക്കുന്നു. ദൈവിക പ്രാതിനിധ്യമേറ്റെടുക്കാന്‍ മനുഷ്യവര്‍ഗത്തെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് ‘ദൈവികത’ യുടെ ജ്ഞാനപ്പൊരുള്‍ ആദമി (അ) ന് നല്‍കപ്പെടുന്നത്. അല്ലാഹുവല്ലാത്ത സര്‍വതിന്റെയും സത്താപരമായ തലങ്ങളെ തന്റെയുള്ളില്‍ അടക്കം ചെയ്യുന്നുണ്ട് ആദമെന്ന വചനം.

ശീസ് (അ) പ്രതിനിധാനം ചെയ്യുന്ന ‘നിശ്വാസ’ (നഫസ്) ത്തിന്റെ പൊരുള്‍ ഭാഷാപരമായി ‘നഫ്‌സ്’ (മൃദുവായി നിശ്വസിക്കുക) എന്ന അര്‍ഥത്തെ കുറിക്കുന്നു. പരമകാരുണികന്റെ നിശ്വാസമാണ് (നഫസുര്‍റഹ്മാന്‍) ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അല്ലാഹുവിന്റെ ജ്ഞാനത്തിലുള്ള സര്‍വസത്തകളുടെയും പ്രാഗ് രൂപങ്ങള്‍ക്ക് (അഥവാ അഅ്‌യാനുസ്സാബിത് എന്നറിയപ്പെടുന്ന സത്തകള്‍ക്ക്) അസ്തിത്വം പകര്‍ന്നു നല്‍കുന്നതോടെ പ്രത്യക്ഷ ഭാവങ്ങളുമായി ബാഹ്യലോകത്തേക്ക് അവ ബഹിര്‍ഗമിക്കുന്നു. ഹിബ്രുഭാഷയില്‍ ‘ശേത്ത്’ (ശീസ്) എന്നതിനര്‍ഥം ദൈവത്തിന്റെ വരദാനം എന്നാണ്. ഹാബീലിന്റെ ദാരുണമായ കൊലക്കു ശേഷം ആദമി (അ) ന് അല്ലാഹു നല്‍കിയ സമ്മാനമായിരുന്നു ശീസ്(അ). ദൈവികാസ്തിത്വത്തിന്റെ സമഗ്രതയെയും സാകല്യത്തെയും പ്രതിനിധാനം ചെയ്യുന്നതായിരുന്നു ആദമീ വചനമെങ്കില്‍ ദൈവിക സത്തയുടെ സാകല്യത്തെ അതിന്റെ വ്യതിരിക്തമായ വിശദാംശങ്ങളില്‍ പ്രതിനിധാനം ചെയ്യുകയാണ് മറ്റു പ്രവാചകാത്മാക്കള്‍. ‘അല്ലാഹു’ എന്ന സര്‍വാശ്ലേഷിയായ നാമത്തെയാണ് ആദം (അ) പ്രതിനിധീകരിക്കുന്നതെങ്കില്‍, ശീസ് (അ) ‘അര്‍റഹ്മാന്‍’ എന്ന നാമത്തെ പ്രതീകവല്‍കരിക്കുന്നു. തന്റെ അപാരമായ കാരുണ്യം കൊണ്ട് ആദമി (അ) ന് പുത്രനെ (ശീസ്) നല്‍കുന്ന അല്ലാഹു തന്നെയാണ് കാരുണ്യാതിരേകത്താല്‍ വസ്തുക്കള്‍ക്ക് അവയുടെ പ്രകടമായ ബാഹ്യാസ്തിത്വം നല്‍കി പ്രപഞ്ച സൃഷ്ടി നിര്‍വഹിക്കുന്നത്.
‘ദൈവികത’യുടെ തൊട്ടു ശേഷം വരുന്ന ഒണ്‍ടോളജിക്കല്‍ തലം സൃഷ്ടിപ്പിന്റെ തലമായതു കൊണ്ടു തന്നെയാണ് രണ്ടാമതായി ശീസ് (അ) കടന്നു വരുന്നത്. കാരണം ശീസ് (അ) പ്രതിനിധാനം ചെയ്യുന്ന അര്‍റഹ്മാന്‍ എന്ന നാമത്തിന്റെ കാരുണ്യ നിശ്വാസമാണ് വസ്തുക്കളെ അവയുടെ ബാഹ്യമായ ഭൗതികാസ്തിത്വത്തിലേക്ക് സൃഷ്ടിച്ചെടുക്കുന്നത്.

നൂഹ് (അ) പ്രതിനിധീകരിക്കുന്ന ദൈവിക ‘പ്രതാപം’ (സുബൂഹിയ്യ)

സര്‍വ ന്യൂനതകളില്‍ നിന്നും മുക്തനാണ് അല്ലാഹു എന്ന് കുറിക്കുന്ന ദൈവ ഗുണമാണ് ‘സുബ്ബൂഹ്’ (പ്രതാപശാലി). ‘മലക്കു’കളുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പദമാണ് ‘തസ്ബീഹ്’. മലക്കുകള്‍ ആത്മാക്കളുടെ ലോകത്ത് അധിവസിക്കുന്ന ശുദ്ധാത്മാക്കളാണ്. എന്നതുകൊണ്ട് തന്നെ മറ്റു ലോകങ്ങളിലുള്ള ന്യൂനതകളില്‍ നിന്നെല്ലാം മുക്തരുമാണ്.
ഭൗതിക ലോകത്തെ ന്യൂനതകളില്‍ നിന്നും അപര്യാപ്തതകളില്‍ നിന്നും മുക്തനാണ് അല്ലാഹുവെന്ന ജ്ഞാനപ്പൊരുളിനെയാണ് നൂഹ് (അ) പ്രതീകവല്‍കരിക്കുന്നത്. പ്രഥമ ‘മുര്‍സലാ’യിരുന്ന നൂഹ്(അ)ന് നിര്‍വഹിക്കാനുണ്ടായിരുന്ന ദൗത്യം അല്ലാഹുവിന്റെ ഏകത്വത്തെയും പ്രതാപത്തെയും (ട്രാന്‍സെന്‍ഡന്‍സ്) സ്വസമുദായത്തിന് പരിചയപ്പെടുത്തുക എന്നതായിരുന്നു.

ഇദ്‌രീസ് നബി(അ) പ്രതീകവല്‍കരിക്കുന്ന ദൈവിക പരിശുദ്ധി (ഖുദുസിയ്യ)

ഖുദ്ദൂസ് എന്ന പദം വിവക്ഷിക്കുന്നത് മുഖദ്ദസ് എന്ന പദത്തിന്റെ അര്‍ഥമായ ‘പരിശുദ്ധന്‍’ എന്നതു തന്നെയാണ്. അല്ലാഹുവി്‌ന്റെ സ്ഥാനത്തോട് യോജിക്കാത്ത സര്‍വ ന്യൂനതകളില്‍ നിന്നും അവന്‍ പരിശുദ്ധനാണ് എന്ന് പ്രഖ്യാപിക്കുകയാണ് ഖുദ്ദൂസ് എന്ന നാമത്തിലൂടെ ഇദ്‌രീസ് (അ).
സുബ്ബൂഹ് ഒരു പൊതുവായ പദമാണെങ്കില്‍ ഖുദ്ദൂസ് അര്‍ഥതലങ്ങളില്‍ വിശദാംശങ്ങളെ കുറിക്കുന്നു. മൊത്തത്തില്‍ ഭൗതിക ലോകത്തെ സര്‍വന്യൂനതകളില്‍ നിന്ന് മുക്തനാണ് അല്ലാഹു എന്ന് സുബ്ബൂഹ് വിവക്ഷിക്കുന്നു. എന്നാല്‍ ഭൗതിക ലോകത്തെ നശ്വരങ്ങളായ ജീവജാലങ്ങളുടെ പൂര്‍ണതയും തികവുമെല്ലാം ദൈവിക സന്നിധിയില്‍ അപ്രസക്തവും നിഷ്പ്രഭവുമാണെന്നതു കൊണ്ട് ഭൗതികമായ സര്‍വ ന്യൂനതകള്‍ക്കുമതീതനെന്ന പോലെ എല്ലാ നശ്വരമായ പൂര്‍ണതകള്‍ക്കും അതീതനാണ് അല്ലാഹു എന്നാണ് ഖുദ്ദൂസ് എന്ന നാമം ദ്യോതിപ്പിക്കുന്നത്. ഭൗതികമായ പൂര്‍ണതകളുടെയും വൈശിഷ്ട്യങ്ങളുടെയും അളവുകോല്‍ പരിമിതികളുള്ള മനുഷ്യബുദ്ധിയും ഭാവനയുമാണെന്നതു കൊണ്ടാണ് അല്ലാഹു അവക്കെല്ലാം അതീതനാണെന്ന് ‘ഖുദ്ദൂസ്’ എന്ന നാമത്തിന്റെ മൂര്‍ത്തരൂപമായി ഇദ്‌രീസ് (അ) പ്രഖ്യാപിക്കുന്നത്. ആത്മാവിനെയും ബുദ്ധിയെയും ദൈവിക പരിശുദ്ധിയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാക്കിയതിനാല്‍ ശാരീരികാസ്തിത്വത്തിന്റെ ബന്ധനങ്ങള്‍ മറികടന്ന് സ്വര്‍ഗ ലോകത്തേക്ക് അദ്ദേഹം യാത്രകള്‍ നടത്തി. പൂര്‍ണമായും ഭൗതികതയില്‍ നിന്ന് മുക്തനായി സ്വര്‍ഗാരോഹണം നടത്തുന്നത് വരെ പതിനാറ് വര്‍ഷത്തോളം അദ്ദേഹം ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തില്ല.
സ്‌നോഹോന്മാദത്തിന്റെ പൊരുളുമായി ഇബ്‌റാഹീമീ വചനം
അല്ലാഹുവോടുള്ള അടക്കാനാവാത്ത പ്രണയോന്മാദം അനുരാഗിയെ ഒരു പ്രത്യേക നാമത്തിന്റെ/ ഗുണത്തിന്റെ ദിശയിലേക്ക് മാത്രം തിരിയുന്നതില്‍ നിന്ന് തടയുന്നു. മറിച്ച്, പ്രേമഭാജനമായ അല്ലാഹുവിലേക്ക് പൂര്‍ണമായി ആഗിരണം ചെയ്യപ്പെടുകയും ദൈവിക ഗുണങ്ങള്‍ പ്രകടഭാവത്തില്‍ ആര്‍ജിച്ചെടുക്കുകയും ചെയ്യുന്നു.
സൃഷ്ടിക്കപ്പെട്ട നിമിഷം മുതല്‍ അല്ലാഹുവിന്റെ പ്രതാപത്തിന്റെയും സൗന്ദര്യ (ജമാല്‍) ത്തിന്റെയും പ്രത്യക്ഷഭാവങ്ങളില്‍ സ്വയം വിനഷ്ടമായ ഒരു വിഭാഗം മലക്കുകളെ കുറിച്ച് ‘മുഹയ്യമൂന്‍’ എന്ന പദപ്രയോഗം തന്നെയാണ് ഇബ്‌നു അറബി (റ) യും പിന്‍ഗാമികളും നടത്തുന്നത്. അല്ലാഹുവിലുള്ള വിലീനതയുടെ ഒണ്‍ടോളജിക്കല്‍ തലം പ്രാപിക്കുന്ന മറ്റൊരു വിഭാഗം ഇബ്‌റാഹീമീ സത്തയുടെ ഉടമകളായി വരുന്ന പൂര്‍ണ മനുഷ്യരായ പ്രവാചകാത്മാക്കളാണ് (ഇന്‍സാനുല്‍ കാമില്‍).
ഇബ്‌റാഹീം (അ) ന്റെ അനുരാഗാഗ്നി സ്വന്തം കുടുംബം, ജനത, സമ്പത്ത് തുടങ്ങിയെല്ലാം അല്ലാഹുവിനായ ത്യാഗം ചെയ്യാന്‍ അദ്ദേഹത്തെ ഉദ്യക്തനാക്കി. അനുരാഗ തീവ്രതയുടെ ഇബ്‌റാഹീമിയന്‍ നിമിഷത്തെ ഖുര്‍ആന്‍ പലയിടങ്ങളിലായി വരച്ചിടുന്നുണ്ട്. നക്ഷത്രങ്ങളിലും സൂര്യ ചന്ദ്രാദികളിലും ദൈവ സാക്ഷ്യം അന്വേഷിക്കുന്ന ഇബ്‌റാഹീമിയന്‍ പ്രണയം ‘ഫനാ’ ബഖാ, ജംഅ്, ഫര്‍ഖ് എന്നീ തലങ്ങളിലേക്കെല്ലാം അദ്ദേഹത്തെ വഹിച്ചു കൊണ്ടു പോകുന്നുണ്ട്.

ഇസ്ഹാഖീ വചനത്തിലെ സത്യത്തിന്റെ ജ്ഞാനപ്പൊരുള്‍.

അല്ലാഹു മുതല്‍ ഭൗതിക ലോകം വരെയുള്ള അസ്തിത്വത്തിന്റെ സാകല്യത്തെ ആറ് തലങ്ങളായാണ് അക്‌ബേരിയന്‍ സരണി വിഭജിക്കുന്നത്. അടിസ്ഥാനപരമായി അല്ലാഹുവും സൃഷ്ട പ്രപഞ്ചവുമെന്ന രണ്ട് തലങ്ങളാണുള്ളത്. സൃഷ്ട പ്രപഞ്ചം രണ്ട് ഉപവിഭാഗങ്ങളായി തരം തിരിക്കപ്പെടുന്നു. ഒന്ന്, ആത്മാക്കളുടെ ലോകം. രണ്ട്, ഭൗതിക ശരീരങ്ങളുടെ ലോകം.
ഈ രണ്ട് ലോകങ്ങള്‍ക്കിടയില്‍ ആത്മാവിന്റെയും ശരീരത്തിന്റെയും ഗുണങ്ങള്‍ സമ്മിശ്രമാവുന്ന ഒരു ലോകമാണ് ആലമുല്‍ മിസാല്‍, ആലമുല്‍ ഖയാല്‍ എന്നീ പേരുകളിലറിയപ്പെടുന്ന മാധ്യമ ലോകം (ബര്‍സഖ്). ആലമുല്‍ മിസാല്‍ തന്നെ വീണ്ടും രണ്ട് തലങ്ങളായി വിഭജിക്കപ്പെടുന്നു. മുത്വ്‌ലഖ് എന്ന പേരിലറിയപ്പെടുന്ന ഒന്നാമത്തെ തലം ആത്മാക്കളുടെ ലോകത്തോട് അടുത്തു നില്‍ക്കുകയും ആത്മീയ മണ്ഡലത്തിന്റെ ഗുണ വിശേഷങ്ങളാല്‍ ആധിപത്യമുള്ളതുമാണ്. രണ്ടാമത്തെ തലം ശരീരലോകത്തോട് അടുത്തു നില്‍ക്കുന്ന ‘മുഖയ്യല്‍’ എന്ന തലമാണ്. ഭൗതിക ലോകത്തിന്റെ സവിശേഷതകളായിരിക്കും ഈ തലത്തില്‍ കൂടുതല്‍ പ്രകടം.
ഈ അധ്യായത്തിലെ പ്രതിപാദ്യം മുത്വ്‌ലഖ് എന്ന പ്രാപഞ്ചിക തലത്തിന്റെ വിശേഷങ്ങളാണ്.

ഇസ്മാഈലീ വചനത്തിലെ ‘മഹോന്നതി’യുടെ പൊരുള്‍

‘അലിയ്യ്’ എന്ന നാമത്തിന്റെ പ്രകടനം ഇസ്മാഈല്‍ നബി (അ) യിലൂടെ സംഭവിക്കുന്നതു കൊണ്ടാണ് ഈ അധ്യായത്തിന്റെ പൊരുള്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്തു പറയുന്നത്. തന്റെ ആത്മീയ സ്ഥൈര്യത്താല്‍ വളരെ ഉന്നതനും വാഗ്ദാന പാലനത്തില്‍ സത്യസന്ധനുമായിരുന്നു പ്രവാചകന്‍ ഇസ്മാഈല്‍ (അ).
രണ്ട് ദൈവ ഗുണങ്ങളാണ് ഈ അധ്യായത്തിന്റെ പ്രമേയം മഹോന്നതി (ഉലുവ്വ്) യും ദൈവ പ്രീതി (റിളാ) യും. ‘മഹോന്നതി’ യെന്ന ഗുണം അല്ലാഹുവിന്റെ സത്തയും ഏകത്വ (അഹദിയ്യതുദ്ദാത്) ത്തില്‍ നിന്ന് ഉത്ഭവം കൊള്ളുമ്പോള്‍ സംപ്രീതി (റിളാ) അവന്റെ നാമങ്ങളുടെ സമഗ്രാശ്ലേഷിത്വ (ജംഇയ്യത്) ത്തില്‍ നിന്ന് രൂപം കൊള്ളുന്നു.
ഉലുവ്വിന്റെ പൊരുളായ നാമഗുണം ഇസ്മാഈല്‍ പ്രവാചക (അ)രാല്‍ പ്രതിനിധാനം ചെയ്യപ്പെടാനുള്ള കാരണം മുഹമ്മദീ പൂര്‍ണത (കമാല്‍) യുടെ രഹസ്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട ആത്മാവായിരുന്നുവെന്നതുകൊണ്ട് തന്നെയാണ്. അദ്ദേഹത്തിന്റെ സന്താന പരമ്പരയിലാണ് സര്‍വ പൊരുളുകളുടെയും ഉള്‍പൊരുളായ പ്രവാചകര്‍ മുഹമ്മദ് (സ്വ) കടന്നു വരുന്നത്.

യഅ്ഖൂബീ വചനത്തിലെ ‘ആശ്വാസ’ പ്പൊരുള്‍

‘റൗഹ്’ എന്ന ജ്ഞാനപ്പൊരുളാണ് യഅ്ഖൂബ് (അ) പ്രതിനിധീകരിക്കുന്നത്. ‘അല്ലാഹു നല്‍കുന്ന ആശ്വാസത്തെ പ്രതി നിങ്ങള്‍ നിരാശരാവരുത്; കാരണം അവിശ്വാസികളൊഴികെ അല്ലാഹു നല്‍കുന്ന ആശ്വാസത്തെ പ്രതി ആരും നിരാശരാവില്ല എന്ന യഅ്ഖൂബ് നബി (അ) യുടെ പ്രസ്താവമുദ്ധരിക്കുന്ന ഖുര്‍ആന്‍ വചനത്തിന്റെ വെളിച്ചത്തിലാണ് ഈ അധ്യായം അദ്ദേഹത്തിലേക്ക് ചേര്‍ക്കപ്പെടുന്നത്.
ദീന്‍ (മതം) എന്ന പദത്തിന്റെ വിശദാംശങ്ങളായ ഇന്‍ഖിയാദ് (സമര്‍പ്പണം), ജസാഅ് (പ്രതിഫലം), ആദത്ത് (പതിവക്രമം) തുടങ്ങിയവയുടെ അര്‍ഥ തലങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവയുടെ സഹായത്താല്‍ അനശ്വരവും അനന്തവുമായ ആശ്വാസം എങ്ങനെ കൈവരിക്കാമെന്നും ശൈഖ് (റ) ഇതില്‍ ചര്‍ച്ച ചെയ്യുന്നു.
‘റൗഹ്’ എന്നതിനു പകരം റൂഹ് എന്നും വായിക്കാന്‍ പറ്റുമെന്ന് സദ്‌റുദ്ദീന്‍ ഖൂനവി (റ) തന്റെ വിശദീകരണമായ ‘ഫുകൂകി’ല്‍ പറയുന്നു. സമൂഹമെന്ന ശരീരത്തെ നിയന്ത്രിക്കുന്ന ആത്മാവായി ദീന്‍ (മതം) വര്‍ത്തിക്കുന്നുവെന്നതു പോലെ വ്യക്തി ശരീരത്തെ നിയന്ത്രിക്കുന്ന ഉപരിശക്തിയാണ് ആത്മാവ്. രണ്ട് രീതിയില്‍ ആത്മാവ് ശരീരത്തെ ഭരിക്കുന്നു. വ്യക്തിയുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ബോധമണ്ഡലത്തിന്റെ ഇടപെടലില്ലാതെ നിലനിര്‍ത്തുന്ന പ്രകൃതവും ജൈവികവുമായ ധര്‍മമാണ് ഒന്ന്.
ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ ആര്‍ജിച്ചെടുക്കുന്ന ആത്മീയ പക്വതയാണ് ആത്മാവ് ഇടപെടുന്ന മറ്റൊരു ശൈലി. ആത്മീയ പൂര്‍ണതയുടെ വഴിയില്‍ ശരീരത്തെ മുന്നോട്ട് നയിച്ചു കൊണ്ട് അല്ലാഹുവിന്റെ ഭാവഗുണങ്ങള്‍ സിദ്ധിക്കുവാനും (തഖല്ലുഖ് ബി അഖ്‌ലാഖില്ലാഹ്) അവന്റെ ഗുണവിശേഷങ്ങളാല്‍ പ്രതീപ്തമാകുവാനും സഹായിക്കുന്നു ആത്മാവ്.

യൂസുഫീ വചനത്തിലെ ‘പ്രകാശ’പ്പൊരുള്‍

യൂസുഫ് നബി (അ)യും പ്രകാശവും തമ്മിലുള്ള ബന്ധം കിടക്കുന്നത് സ്വപ്‌നങ്ങള്‍ വ്യാഖ്യാനിക്കാനുള്ള തന്റെ കഴിവ് ഒരു പ്രത്യേക ജ്ഞാനോദയ ദീപ്തിയാണെന്ന വസ്തുതയിലാണ്. ആലമുല്‍ മിസാല്‍ പ്രകാശ ദീപ്തമായ ഒരു ലോകമാണ്. യൂസുഫ് നബി (അ)ക്ക് ആലമുല്‍ മിസാലിന്റെ തിരശ്ശീലകള്‍ നീക്കി നല്‍കപ്പെട്ടതു കൊണ്ട് ‘ബോധദീപ്തി’ (നൂരിയ്യ അല്‍ ഇല്‍മിയ്യ) യുടെ പ്രത്യേക സിദ്ധി അദ്ദേഹത്തില്‍ പ്രകടമായി. തല്‍ഫലമായി സ്വപ്‌ന വ്യാഖ്യാന ശാസ്ത്രം പൂര്‍ണ രൂപേണ തന്റെ കരങ്ങളില്‍ വന്നു ചേരുകയും പില്‍ക്കാല സ്വപ്‌ന വ്യാഖ്യാതാക്കള്‍ അദ്ദേഹത്തിന്റെ ആത്മീയ സത്തയില്‍ നിന്ന ഈ ശാസ്ത്രത്തിന്റെ ജ്ഞാന ശകലങ്ങള്‍ സ്വാംശീകരിച്ചെടുക്കുകയും ചെയ്തു. അല്ലാഹു ആകാശ ഭൂമികളുടെ പ്രകാശമാണെന്ന് ധ്വനിപ്പിക്കുന്ന ഖുര്‍ആനിക വചനത്തെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് ഈ അധ്യായം.
ഹൂദി വചനത്തിലെ ‘ഏകത്വ’ത്തിന്റെ പൊരുള്‍
തൗഹീദിന്റെ ത്രിതലങ്ങളില്‍ അവസാനത്തെ തലമായ അഫ്ആലി (ക്രിയ) ന്റെ അല്ലെങ്കില്‍ സൃഷ്ടി ജാലങ്ങളുടെ ലോകമാണ് ഈ അധ്യായത്തിലെ ഏകത്വം (തൗഹീദ്) കൊണ്ട് വിവിക്ഷിക്കപ്പെടുന്നത്. ഏകത്വത്തിന്റെ ഒന്നാം തലം ദൈവിക സത്തയെ സംബന്ധിച്ചുള്ളതാണെങ്കില്‍ രണ്ടാമത്തേത് നാമങ്ങള്‍ (അസ്മാഅ്) ഗുണങ്ങള്‍ (സ്വിഫാത്) എന്നിവയുമായി ബന്ധിക്കുന്ന തലമാണ്. ദൈവക്രിയകള്‍ (അഫ്ആല്‍) അല്ലാഹുവിന്റെ ‘റബ്ബ്’ എന്ന നാമവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഹൂദ് നബി (അ) യെ ഉദ്ധരിച്ച ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളുടെയും എന്റെയും രക്ഷിതാവായ അല്ലാഹുവില്‍ ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നു. ചരിക്കുന്ന സകല ജീവികളും അവന്റെ നിയന്ത്രണത്തിലാണ്. തീര്‍ച്ചയായും എന്റെ രക്ഷിതാവ് സന്മാര്‍ഗത്തില്‍ തന്നെയാകുന്നു’. (11.56)

സ്വാലിഹീ വചനത്തിലെ ‘ഫത്ഹി’ന്റെ പൊരുള്‍

‘ഫത്ഹ്’ എന്ന പദം രണ്ടര്‍ഥത്തില്‍ ശൈഖ് (റ) പ്രയോഗിക്കുന്നുണ്ട്. അല്ലാഹുവിന്റെ ‘തജല്ലി’യുടെ വ്യത്യസ്ത ഘട്ടങ്ങളെ കുറിക്കാനുപയോഗിക്കുന്നതു പോലെ അല്ലാഹുവിലേക്കുള്ള യാത്രയില്‍ അന്വേഷിച്ച് കൈവരിക്കുന്ന പൂര്‍ണത (കമാല്‍) യുടെ തലങ്ങളെയും ‘ഫത്ഹ്’ അടയാളപ്പെടുത്തുന്നു. ഗുപ്തതയുടെ ബന്ധനങ്ങളില്‍ നിന്ന് ‘നന്മ’ യും ഇല്ലായ്മയുടെ അന്ധകാരത്തില്‍ നിന്ന് ഉണ്‍മയുടെ പ്രകാശവും സ്വയം പ്രത്യക്ഷപ്പെടുത്തുന്നതിനെയാണ് ഫത്ഹ് എന്നു വിളിക്കുന്നത്. ഫത്ഹിന്റെ ഭിന്ന ഘട്ടങ്ങളെയെല്ലാം സവിസ്തരം വിശദീകരിക്കുന്ന വ്യാഖ്യാതാക്കള്‍ ഈ അധ്യായത്തില്‍ വിവരിക്കപ്പെടുന്ന ഫത്ഹ് ആദ്യഘട്ടമായ ഇല്ലായ്മയുടെ അന്ധകാരത്തില്‍ നിന്ന് ഉണ്‍മയുടെ പ്രകാശത്തിലേക്കുള്ള പ്രവേശത്തെയാണ് സൂചിപ്പിക്കുന്നതെന്ന പക്ഷക്കാരാണ്. പര്‍വ്വതം പിളര്‍ത്തി ഇല്ലായ്മയില്‍ നിന്ന് ഉണ്‍മയിലേക്ക് ഒട്ടകത്തെ കൊണ്ടുവരുന്നതിലൂടെ അദൃശ്യലോകത്തിന്റെ കവാടങ്ങള്‍ തനിക്കു മുമ്പില്‍ അല്ലാഹു തുറന്നു കൊടുത്തു എന്നതു കൊണ്ടാണ് ഈ അധ്യായം സ്വാലിഹ് നബി (അ)യിലേക്ക് ചേര്‍ക്കപ്പെടുന്നത്.

ശുഐബീ വചനത്തിലെ ‘ഹൃദയ’പ്പൊരുള്‍

ശുഐബ് എന്ന പദത്തിന്റെ അര്‍ഥം ശാഖകളുള്ളത് എന്നാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മറ്റു ശാഖകളുടെയെല്ലാം കേന്ദ്ര സ്രോതസ്സ് ഹൃദയമാണ്. ശരീരത്തില്‍ ആദ്യം രൂപം കൊള്ളുന്നത് ഹൃദയമത്രെ. നിരവധി പുത്രഗണങ്ങളുണ്ടായിരുന്നത് കൊണ്ടും ‘ശാഖി’ എന്ന അര്‍ഥത്തോട് ശുഐബ് (അ) ഭൗതികമായും കൂറ് പുലര്‍ത്തുന്നു.
ഹൃദയവുമായി ബന്ധപ്പെട്ട ഗുണങ്ങളായ നീതി, അളവുകളിലെ തുല്യത എന്നിവയെകുറിച്ച ഉല്‍ബോധനം ശുഐബ് നബി (അ) യുടെ നിയോഗത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നു. ശരീരവും ആത്മാവും കൃത്യമായ സന്തുലിതത്വം പാലിച്ചു കൊണ്ട് പരിപോഷിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ യഥാര്‍ഥ ‘ജീവന്‍’ പൂര്‍ണമായി സഫലീകരിക്കപ്പെടുകയുള്ളൂ എന്നാണ് ഈ അധ്യായം പറയുന്നത്.
ലൂത്വീ വചനത്തിലെ ‘ശക്തി’യുടെ പൊരുള്‍
ലൂത്വ് നബി (അ) തന്റെ ജനതക്കിടയില്‍ ബലഹീനനായിരുന്നു സ്വജനതയാണെങ്കില്‍ ശക്തരും സത്യത്തില്‍ നിന്നും ബഹുദൂരം അകന്നവരുമായിരുന്നു. പ്രവാചകന്‍ ലൂത്വ് (അ) അവര്‍ക്കായി കൊണ്ടു വന്ന സന്ദേശം സ്വീകരിക്കാന്‍ കൂട്ടാക്കാതെ മൃഗീയ തൃഷ്ണകളിലും ലൗകിക ഭ്രമങ്ങളിലുമായി മുഴുകിപ്പോന്നു. ഒടുവില്‍ ലൂത്വ് (അ) പറഞ്ഞു: ‘നിങ്ങളെ പ്രതിരോധിക്കാന്‍ എനിക്കു ശേഷിയുണ്ടായിരുന്നെങ്കില്‍….. അല്ലെങ്കില്‍ പ്രബലനായൊരു ശക്തിയോട് എനിക്കഭയം തേടാനുണ്ടായിരുന്നെങ്കില്‍’ (ഹൂദ് 180). അല്ലാഹു പ്രബലനും (നന്മക്ക് വേണ്ടി) ശക്തമായി പ്രതികരിക്കുകയും ചെയ്യുമെന്നുള്ളതു കൊണ്ട് പ്രവാചകര്‍ (അ) അവനില്‍ അഭയം പ്രാപിക്കുകയും തന്റെ ജനതക്ക് ശക്തമായ ശിക്ഷ ലഭിക്കുകയും ചെയ്തു.

ഉസൈറീ വചനത്തിലെ ‘വിധി’യുടെ പൊരുള്‍

ഭൗതിക ലോകത്തെ ബാഹ്യമായ ഉണ്‍മക്കു മുമ്പു തന്നെ വസ്തുക്കളെ അവയുടെ സത്താപരമായ തലത്തില്‍ ബന്ധിക്കുന്ന ദൈവിക നിയമമാണ് ഖളാഅ്. ഖദ്‌റ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഈ പൊതു നിയമമായ ഖളാഇന്റെ സ്ഥല സന്ദര്‍ഭാനുസാരമുള്ള വിന്യാസത്തെയാണ്. അഥവാ, വസ്തുക്കളുടെ വ്യതിരിക്തമായ സന്നദ്ധതകള്‍ക്കനുസരിച്ച് വ്യത്യസ്ത സമയ സന്ദര്‍ഭങ്ങളില്‍ വസ്തുക്കളെ ബാധിക്കുന്ന നിയമത്തിന്റെ അല്ലെങ്കില്‍ വിധിയുടെ വിശദാംശങ്ങളാണ് ഖദ്ര്‍.
വിധിയുടെ പൊരുളിതാണ്: ‘ഏത് സൃഷ്ടിയുടെയും സത്ത, ഗുണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ബാഹ്യമായ അസ്തിത്വ തലത്തില്‍ പ്രത്യക്ഷമാവുക. അതിന്റെ നൈസര്‍ഗികമായ സന്നദ്ധതയനുസരിച്ചുള്ള പ്രത്യേക സ്വഭാവത്തിന്റെ അളവിനനുസരിച്ചായിരിക്കും.
വിധിയുടെ പൊരുളിന്റെ അകംപൊരുള്‍ വിവരിക്കപ്പെടുന്ന പോലെയാണ്: ആദിയും അന്ത്യവുമില്ലാത്ത മാറ്റങ്ങളേതും ഭവിക്കാത്ത ഈ വസ്തുക്കള്‍ (അഅ്‌യാനുസ്സാബിത്:) അല്ലാഹുവില്‍ നിന്ന് അന്യമായി നിലനില്‍ക്കുന്നവയല്ല. അവ സ്വയം അസ്തിത്വമുള്ളവയാണെന്ന പോലെ അനാദിയായ ദൈവജ്ഞാനത്തിലും അസ്തിത്വം നിലനിര്‍ത്തുന്നുണ്ട്. ദൈവിക സത്തയുടെ ബന്ധങ്ങളും ആപേക്ഷകതകളുമാണ് സൃഷ്ടിലോകത്തെ വസ്തു ജാലങ്ങളെന്നതു കൊണ്ട് അവയുടെ അസ്തിത്വങ്ങള്‍ മാറ്റത്തിന് വിധേയമാവുന്നവയല്ല.
ഉസൈര്‍ നബി (അ) യുടെ സത്താപരമായ പ്രത്യേകത അദ്ദേഹം ‘വിധി’ യുടെ പൊരുളറിയാന്‍ അടങ്ങാത്ത് ദാഹം പ്രകടിപ്പിച്ചുവെന്നതാണ്. തകര്‍ന്നടിഞ്ഞ ഗ്രാമത്തിനു നേര്‍ക്ക് ചിന്തകള്‍ പായിച്ച അദ്ദേഹം പൂര്‍വ സ്ഥിതിയലേക്ക് ആ ഗ്രാമം എങ്ങനെ തിരിച്ചുവരുമെന്ന് അത്ഭുതം കൂറുകയും ചെയ്തു.

ഭൗതിക ലോകത്തെ ബാഹ്യമായ ഉണ്‍മക്കു മുമ്പു തന്നെ വസ്തുക്കളെ അവയുടെ സത്താപരമായ തലത്തില്‍ ബന്ധിക്കുന്ന ദൈവിക നിയമമാണ് ഖളാഅ്. ഖദ്‌റ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഈ പൊതു നിയമമായ ഖളാഇന്റെ സ്ഥല സന്ദര്‍ഭാനുസാരമുള്ള വിന്യാസത്തെയാണ്. അഥവാ, വസ്തുക്കളുടെ വ്യതിരിക്തമായ സന്നദ്ധതകള്‍ക്കനുസരിച്ച് വ്യത്യസ്ത സമയ സന്ദര്‍ഭങ്ങളില്‍ വസ്തുക്കളെ ബാധിക്കുന്ന നിയമത്തിന്റെ അല്ലെങ്കില്‍ വിധിയുടെ വിശദാംശങ്ങളാണ് ഖദ്ര്‍

ഉസൈറി (റ) ന്റെ ചിന്ത അല്ലാഹുവിന്റെ അപാരമായ ശക്തിയുടെ നിരവധി വിശേഷങ്ങളുടെ സാക്ഷ്യത്തിന് അദ്ദേഹത്തെ അനുഗ്രഹിച്ചു. ഭൗതികമായ പെട്ടെന്നു കേടുവന്നു പോകുമായിരുന്ന ഭക്ഷണവും പാനീയവും അല്‍പം പോലും കേടില്ലാതെ അല്ലാഹു നിലനിര്‍ത്തി. തന്റെ ശരീരം കാലപ്പഴക്കത്തെ അതിജീവിച്ചു കൊണ്ട് വീണ്ടുമൊരിക്കല്‍ ആത്മാവിന് സ്വീകരിക്കാന്‍ പാകപ്പെടുന്ന രീതിയില്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു. തന്റെ കഴുതയുടെ ശരീരത്തിന്റെ കുറേ ഭാഗങ്ങള്‍ നശിച്ചിരുന്നെങ്കിലും ആ ശരീരത്തില്‍ ജീവന്‍ തിരിച്ചു നല്‍കി ‘വിധി’ യുടെ അമാനുഷികത അല്ലാഹു അദ്ദേഹത്തെ ദര്‍ശിപ്പിച്ചു.
ഈസവീ വചനത്തിലെ ‘ഉത്കര്‍ഷ’ പ്പൊരുള്‍
‘നബവിയ്യ’ എന്ന പദത്തിന്റെ ഉറവിടം പ്രവചനം നടത്തുക, വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുക എന്നൊക്കെ അര്‍ഥം വരുന്ന ‘നബഅ’യോ അല്ലെങ്കില്‍ ആരോഹണം ചെയ്യു, ഉന്നതസ്ഥാന ലബ്ധനാവുക എന്നര്‍ഥം വരുന്ന ‘നബാ’ എന്ന പദമോ ആവാനും സാധ്യതയുണ്ടെന്ന് ഖൂനവി (റ) സൂചിപ്പിക്കുന്നു.
‘പ്രവാചകത്വ’മെന്ന അര്‍ഥമല്ല ഈ അധ്യായത്തില്‍ നബവിയ്യ കൊണ്ട് ശൈഖ് (റ) ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. കാരണം ഫൂസൂസിലെ അധ്യായങ്ങളുടെ തലവാചകങ്ങളില്‍ വരുന്ന സര്‍വ പ്രവാചകരും വിശേഷത്തില്‍ തുല്യരാണെന്നതു കൊണ്ട് ഈസാ നബി (അ) പ്രതിനിധീകരിക്കുന്ന പ്രത്യേക ഗുണമായി അതിനെ അവതരിപ്പിക്കുന്നതില്‍ ന്യായമില്ല. നബവിയ്യ ഇവിടെ അര്‍ഥമാക്കുന്നത് പ്രവാചകത്വത്തിന്റെ ‘ഉത്കര്‍ഷത’യെയാണ്.
‘പ്രവാചകത്വ’ പൊരുള്‍ ഈസവീ വചനത്തിന്റെ പ്രത്യേകതയാവുന്നത് അദ്ദേഹത്തിന്റെ പ്രവാചകത്വം നൈസര്‍ഗികവും തന്റെ ഭൗതികാവസ്ഥയേക്കാള്‍ മികച്ചു നില്‍ക്കുന്നതു കൊണ്ടുമാണെന്ന് വ്യാഖ്യാനിക്കാന്‍ വിവരിക്കുന്നു. മാതാവിന്റെ വയറ്റില്‍ നിന്നും തൊട്ടിലില്‍ കിടക്കുമ്പോഴും പ്രവാചകത്വ ലബ്ധിക്കു മുമ്പും ശേഷവുമെല്ലാം ദൈവ പ്രേരണയാല്‍ സംസാരിച്ചിരുന്നു ഈസാ (അ).

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.