Thelicham

ഫത്ഹുല്‍ മുഈനിന്റെ ആഗോള സ്വാധീനം

കേരളത്തിലെ ഇസ്‌ലാമിക രചനകളില്‍ ഫത്ഹുല്‍ മുഈനിന്റെ സ്ഥാനം സമാനതകളില്ലാത്തതാണ്. ഒരു പക്ഷേ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കിടയില്‍ ആഗോള തലത്തില്‍ സ്വാധീനം ചെലുത്തിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഈ സംക്ഷിപ്ത ഗ്രന്ഥത്തിന്റെ സ്ഥാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാഫിഈ കര്‍മസരണിയനുസരിച്ച് ജീവിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ വിഖ്യാതമായ ഈ ഗ്രന്ഥത്തിന്റെ പ്രശസ്തി ഒരുവേള കേരളക്കാരായ നമുക്ക് പോലും അറിയാത്തതാണ്.

ശാഫിഈ കര്‍മശാസ്ത്ര സരണിയിലെ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഈ ഗ്രന്ഥം ഉള്‍പ്പെടുന്നു. ഇമാം നവവി(റ)യുടെ മിന്‍ഹാജിന്റെ പ്രസിദ്ധമായ മൂന്ന് ശറഹുകളുടെ (ഇബ്‌നുഹജറില്‍ ഹൈതമി(റ)യുടെ തുഹ്ഫതുല്‍ മുഹ്താജ്, അല്‍ഖത്വീബുശ്ശിര്‍ബീനിയുടെ മുഗ്‌നില്‍ മുഹ്താജ്, ശംസുദ്ധീന്‍ റംലി(റ)യുടെ നിഹായ) തുടര്‍ച്ചയായാണ് ഈ ഗ്രന്ഥം രചിക്കപ്പെടുന്നത്. ഈ ശറഹുകളുടെ വിശദീകരണ ഗ്രന്ഥങ്ങളില്‍ പലതിലും ഫത്ഹുല്‍ മുഈനില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉണ്ടെന്നത് ശ്രദ്ധേയമാണ്. കൂടാതെ ഫത്ഹുല്‍ മുഈനിന്റെ വിശദീകരണ ഗ്രന്ഥങ്ങളായ ഇആനതുത്വാലിബീന്‍, ഇആനതുല്‍ മുസ്തഈന്‍, തര്‍ശീഹുല്‍ മുസ്തഫീദീന്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉദ്ധരണികള്‍ വിവിധ ശാഫിഈ ഗ്രന്ഥങ്ങളിലും കാണാം.

ഫത്ഹുല്‍ മുഈന്‍ ലോക പാഠശാലകളില്‍

ശാഫിഈ മദ്ഹബുകാര്‍ക്കിടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ഗ്രന്ഥം പഠിപ്പിക്കപ്പെടുന്നുണ്ട്. വിവിധ യൂണിവേഴ്‌സിറ്റികളുടെയും പാഠശാലകളുടെയും സിലബസ്സില്‍ ഫത്ഹുല്‍ മുഈന്‍ എന്ന ഫിഖ്ഹി ഗ്രന്ഥത്തിന് സ്ഥാനമുണ്ട്. ഈജിപ്തിലെ അല്‍ അസ്ഹര്‍ പള്ളിയില്‍ നടന്നിരുന്ന ദര്‍സുകളില്‍ ഗ്രന്ഥം പഠിപ്പിക്കപ്പെട്ടിരുന്നു. അടുത്തകാലം വരെ ദമസ്‌കസിലെ ജാമിഅ അമവിയ്യ യിലും വിശുദ്ധ മക്കയിലെ ദര്‍സിലും ഈ ഗ്രന്ഥം പഠിപ്പിക്കപ്പെട്ടിരുന്നു. പ്രമുഖ സിറിയന്‍ പണ്ഡിതനായ ശൈഖ് മുഹമ്മദ് ശുഖൈര്‍ ഫത്ഹുല്‍ മുഈന്‍ വിശദീകരണ ഗ്രന്ഥമായ ഇആനതുത്വാലിബീനോടുകൂടെ ദമസ്‌കസിലെ വലിയ പള്ളിയായ ജാമിഅ ഉമവിയ്യയില്‍ പഠിപ്പിച്ചുകൊടുക്കുന്നുണ്ട്. ശൈഖ് റുഷ്ദി സലീം അല്‍ഖലം സിറിയയില്‍ വിവിധ പള്ളികളിലായി നടത്തിയിരുന്ന ഫത്ഹുല്‍ മുഈനിന്റെയും ഇആനത്തിന്റെയും ക്ലാസുകള്‍ നെറ്റില്‍ ലഭ്യമാണ്. ഇപ്രകാരം കുവൈതിലെ മസ്ജിദ് ഉസ്മാനില്‍ വെച്ച് ശൈഖ് ഹുസൈന്‍ അബ്ദുല്ല അലി എന്നവരുടെ ഫത്ഹുല്‍ മുഈന്‍ ക്ലാസുകളെ കുറിച്ചുള്ള വിവരങ്ങളും നെറ്റില്‍ കാണാം.

ഇതിനുപുറമെ വിശുദ്ധ ഹറമുകളില്‍ ദീര്‍ഘകാലങ്ങളായി ഗ്രന്ഥം പഠിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഇആനത്തിന്റെയും തര്‍ശീഹിന്റെയും ആമുഖങ്ങളില്‍ കാണാം. ഈ രചനകളാണ് ഫത്ഹുല്‍ മുഈനിന്റെ കൂടുതല്‍ വിശദീകരണ രചനകളിലേക്ക് തങ്ങളെ നയിച്ചതെന്ന് പ്രസ്തുത ഹാശിയകളുടെ ഗ്രന്ഥകാരന്മാര്‍ പറയുന്നുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലും സിറിയയിലും ശ്രീലങ്കയിലും സോമാലിയയിലും വിവിധ പാഠശാലകളില്‍ ഗ്രന്ഥം പഠിപ്പിക്കപ്പെടുന്നുവെന്നത് ഏറെ ആശ്ചര്യകരമാണ്. ഈ നാടുകളില്‍ ഫത്ഹുല്‍ മുഈന്‍ പഠിക്കാത്തവരെ പണ്ഡിതനായി ഗണിക്കാന്‍ തയ്യാറാകാത്തവര്‍ വരെയുണ്ട്. യമനിലെ വിഖ്യാത ശാഫിഈ പാഠശാലകളായ ദാറുല്‍ മുസ്ത്വഫയിലും മദ്‌റസതുല്‍ ഫത്ഹി വല്‍ ഇംദാദിലും ഫത്ഹുല്‍ മുഈന്‍ പാഠ്യവിഷയമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫത്ഹുല്‍ മുഈന്‍ പ്രിന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും ഈജിപ്തിലും ലെബ്‌നാനിലും ഇന്തോനേഷ്യയിലും യമനിലുമെല്ലാം ഇതിന്റെ പ്രതികള്‍ ലഭ്യമാണ്.
ഇന്ത്യക്കകത്ത് ശാഫിഈ മദ്ഹബുകാര്‍ക്കിടയില്‍ അവരുടെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായി ഫത്ഹുല്‍ മുഈന്‍ കണക്കാക്കപ്പെടുന്നു. വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാത്, കേരളത്തില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ, ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി, കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് തുടങ്ങിയ സംരംഭങ്ങള്‍ക്ക് കീഴിലെ കോളേജുകള്‍, ദര്‍സുകള്‍ എന്നിവിടങ്ങളില്‍ ഫത്ഹുല്‍ മുഈന്‍ പാഠ്യ വിഷയമാണ്. മതവിധിക്ക് ആധാരമായ ഗ്രന്ഥമായി ഇവിടങ്ങളിലെല്ലാം ഫത്ഹുല്‍ മുഈന്‍ പരിഗണിക്കപ്പെടുന്നുണ്ട്. വിവിധ ഭാഷകളില്‍ ഈ ഗ്രന്ഥത്തിന് വിവര്‍ത്തനങ്ങളും വിശദീകരണ ഗ്രന്ഥങ്ങളുമുണ്ടെന്നത് ശ്രദ്ധേയമാണ്. മലയാളം, തമിഴ്, കന്നട, ഇന്തോനേഷ്യന്‍ ഭാഷ, മലായി തുടങ്ങിയ ഭാഷകളില്‍ ഈ ഗ്രന്ഥത്തിന് വിവര്‍ത്തനങ്ങളുണ്ട്.
ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥമായ ഇആനത്തു ത്വാലിബീന്‍ ലോകത്തെ ശാഫിഈ മദ്ഹബുകാര്‍ക്കിടയില്‍ സുപരിചിതമാണ്. ഇന്ത്യക്ക് പുറത്ത് ഈ ഗ്രന്ഥത്തിന് ഒന്നിലധികം വ്യാഖ്യാന ഗ്രന്ഥങ്ങളുണ്ട്. കൂടാതെ ഈ ഗ്രന്ഥത്തിന്റെ മൂലഗ്രന്ഥമായ ഖുര്‍റത്തുല്‍ ഐനിന് ഫത്ഹുല്‍ മുഈന്‍ അല്ലാത്ത വിശദീകരണ ഗ്രന്ഥങ്ങളുണ്ട്.

ശാഫിഈ മദ്ഹബുകാര്‍ക്കിടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ഗ്രന്ഥം പഠിപ്പിക്കപ്പെടുന്നുണ്ട്. വിവിധ യൂണിവേഴ്‌സിറ്റികളുടെയും പാഠശാലകളുടെയും സിലബസ്സില്‍ ഫത്ഹുല്‍ മുഈന്‍ എന്ന ഫിഖ്ഹി ഗ്രന്ഥത്തിന് സ്ഥാനമുണ്ട്. ഈജിപ്തിലെ അല്‍ അസ്ഹര്‍ പള്ളിയില്‍ നടന്നിരുന്ന ദര്‍സുകളില്‍ ഗ്രന്ഥം പഠിപ്പിക്കപ്പെട്ടിരുന്നു. അടുത്തകാലം വരെ ദമസ്‌കസിലെ ജാമിഅ അമവിയ്യ യിലും വിശുദ്ധ മക്കയിലെ ദര്‍സിലും ഈ ഗ്രന്ഥം പഠിപ്പിക്കപ്പെട്ടിരുന്നു

ഗ്രന്ഥകാരനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ ലോക പരിചയവും വിഖ്യാതരായ പണ്ഡിതന്മാരുമായുമുള്ള സമ്പര്‍ക്കവും അഗാധമായ പാണ്ഡിത്യവും രചനാ പാടവുമെല്ലാം ഈ ഗ്രന്ഥത്തില്‍ നിഴലിച്ചു നില്‍ക്കുന്നുണ്ട്. ലോകത്തെ കര്‍മശാസ്ത്ര വിജ്ഞാനകോശങ്ങളില്‍ (കുവൈത്തില്‍ നിന്നും ഈജിപ്തില്‍ നിന്നും പ്രസിദ്ധീകരിച്ചവ) ശാഫിഈ സരണി പ്രതിപാദിക്കുന്നിടത്ത് ഫത്ഹുല്‍ മുഈനും വ്യാഖ്യാന ഗ്രന്ഥങ്ങളും ഉദ്ധരിക്കപ്പെടുന്നുണ്ട്, അവകളെ സ്രോതസ്സുകളായി ഗണിക്കപ്പെടുന്നുമുണ്ട്.

ഫത്ഹുല്‍ മുഈനിനെക്കുറിച്ചുള്ള അക്കാദമിക് പഠനങ്ങള്‍

അക്കാദമിക് ലോകത്ത് സര്‍വ്വകലാശാലകളിലും മറ്റും ഫത്ഹുല്‍ മുഈന്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്, പഠനങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവകളില്‍ നിന്ന് ചിലത് നമുക്ക് പരിചയപ്പെടാം

1. സൈനുദ്ദീന്‍ മഖ്ദൂമിന്റെ കര്‍മശാസ്ത്ര രംഗത്തെ സേവനങ്ങള്‍:

ഈജിപ്തിലെ കെയ്‌റൊ യൂണിവേഴ്‌സിറ്റിയിലെ ദാറുല്‍ ഉലൂം ഫാക്വല്‍റ്റിയിലെ ഇസ്ലാമിക് ശരീഅ വിഭാഗത്തിലാണ് ഈ പഠനം നടന്നിട്ടുള്ളത്. ഡോ:റഫീഖ് അബ്ദുല്‍ ബര്‍റ് വാഫി ചേകന്നൂരിന്റെതാണീ പഠനം. ഈജിപ്തിലെ പ്രമുഖ പണ്ഡിതനായ ഡോ. ഇബ്രാഹീം അബ്ദുര്‍റഹീമിന്റെ കീഴിലാണ് പഠനം നടന്നിട്ടുള്ളത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ കര്‍മ്മശാസ്ത്ര രംഗത്തെ സേവനങ്ങളില്‍ പ്രധാനമായത് ഫത്ഹുല്‍ മുഈനാണെന്നതിനാല്‍ നിലക്ക് ഈ പഠനത്തിന്റെ കൂടുതല്‍ ഭാഗവും ഫത്ഹുല്‍ മുഈനിനെ കേന്ദ്രീകരിച്ചുള്ളതാണ്. ഫത്ഹുല്‍ മുഈനിന്റെ രചനാ സാഹചര്യം, അതിന്റെ രചനയെ സഹായിച്ച അടിസ്ഥാന ഗ്രന്ഥങ്ങള്‍, വ്യാഖ്യാനങ്ങള്‍, തര്‍ജ്ജുമകള്‍, പദ്യ രൂപങ്ങള്‍, അതിനെ കുറിച്ചിറങ്ങിയ ഗ്രന്ഥങ്ങള്‍, അതിനെ ആസ്പദമാക്കി രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍, ലോകത്ത് ഫത്ഹുല്‍ മുഈനിന്റെ സ്വാധീനം, പാഠശാലകളിലെ സാന്നിധ്യം, രചനാശൈലി, അതില്‍ ഉപയോഗിച്ചിട്ടുള്ള കര്‍മശാസ്ത്രപരമായ ആഖ്യാന രീതികള്‍, രചയിതാവ് അഭിപ്രായങ്ങളെ സ്വീകരിക്കുകയും പ്രബലമാക്കുകയും ചെയ്ത രൂപം തുടങ്ങിയവയാണ് ഈ പഠനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഫത്ഹുല്‍ മുഈനിനെക്കുറിച്ചുള്ള ആധികാരിക പഠനമെന്ന നിലക്ക് ഈജിപ്ഷ്യന്‍ പണ്ഡിതന്മാര്‍ ഈ പഠനത്തെ പ്രശംസിക്കുകയുണ്ടായിട്ടുണ്ട്. 2014 ലാണ് പഠനം സമര്‍പ്പിക്കപ്പെട്ടത്. പഠനത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങാനിരിക്കുകയാണ്. വിവിധ ദേശങ്ങളിലുള്ള ഫത്ഹുല്‍ മുഈനിന്റെ സ്വാധീനവും വിവിധ ഭാഷകളിലുള്ള അതിന്റെ തര്‍ജ്ജുമയും അതതു ഭാഷക്കാരില്‍ നിന്ന് തന്നെ ഉറപ്പു വരുത്താനും അതത് ദേശക്കാരില്‍ നിന്ന് തന്നെ ചോദിച്ചറിയാനും ഈ പഠനത്തില്‍ ശ്രമം നടത്തിയിട്ടുണ്ട്.

2. ശാഫിഈ മദ്ഹബിന്റെ ഇന്ത്യയിലെ വളര്‍ച്ചയും സ്വാധീനവും:
ഇന്ത്യയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയില്‍ നടന്നിട്ടുള്ളതാണ് ഈ പഠനം. കാടേരി അബ്ദുല്‍ കമാല്‍ മുസ്ലിയാരുടെ പേരമകനും പ്രമുഖ പണ്ഡിതനുമായ ഡോ മുഹമ്മദ് ബഹാഉദ്ദീന്‍ ഹുദവിയാണ് ഈ പഠനം നടത്തിയിട്ടുള്ളത്. ഇന്ത്യയിലെ ശാഫിഈ മദ്ഹബിന്റെ ഉത്ഭവത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും വ്യാപനത്തെക്കുറിച്ചുമാണ് ഈ പഠനത്തില്‍ ചര്‍ച്ചചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ശാഫിഈ പണ്ഡിതന്മാരെക്കുറിച്ചും ശാഫിഈ മദ്ഹബിലെ ഇന്ത്യന്‍ രചനകളെക്കുറിച്ചും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഫത്ഹുല്‍ മുഈനും അതിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളും സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഇന്ത്യയിലെ ശാഫിഈ മദ്ഹബിന്റെ വ്യാപനത്തിന് നല്‍കിയ സംഭാവനകളും ഇതില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ജാമിഅ മില്ലിയയിലെ ഇസ്ലാമിക് പഠന വിഭാഗത്തിലെ ഡോ മുഹമ്മദ് ഇസ്ഹാഖിന്റെ കീഴിലാണ് ഈ പഠനം നടത്തിപ്പെട്ടിട്ടുള്ളത്. 2011 ലാണ് ഈ പഠനം സമര്‍പ്പിക്കപ്പെട്ടത്.

3. കര്‍മ്മശാസ്ത്ര സാഹിത്യത്തില്‍ കേരള പണ്ഡിതന്മാരുടെ സംഭാവനകള്‍:
കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഡോ:കെ.വി വീരാന്‍ മൊയ്തീന് കീഴില്‍ ഹുസൈന്‍ ഇ.ട എന്ന ചുള്ളിക്കോട് ഹുസൈന്‍ സഖാഫി ചെയ്ത പഠനമാണ്. അദ്ദേഹത്തിന്റെ ജവ.ഉ പഠനമാണിത്. കേരള പണ്ഡിതന്മാര്‍ കര്‍മ്മശാസ്ത്രത്തിന് നല്‍കിയ സംഭാവനകളാണ് ചര്‍ച്ചാവിഷയം. ഫത്ഹുല്‍ മുഈനും അതിന്റെ വിശദീകരണ ഗ്രന്ഥങ്ങളും ഈ പഠനത്തില്‍ വിശദമായി തന്നെ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഫത്ഹുല്‍ മുഈനിന്റെ വിശദീകരണ ഗ്രന്ഥങ്ങള്‍, കാവ്യ രൂപങ്ങള്‍, കേരള പണ്ഡിതന്മാരുടെ മറ്റു രചനകള്‍, അവരുടെ കര്‍മ്മശാസ്ത്ര സംഭാവനകള്‍ എന്നിവയൊക്കെയാണ് ഈ പഠനത്തിന്റെ ഉള്ളടക്കം.
മുകളില്‍ പറഞ്ഞ മൂന്ന് പഠനങ്ങളും ജവ.ഉ പഠനങ്ങളാണ്. ഇവ ങ.ജവശഹ പഠനങ്ങളും മറ്റുമായി ഫത്ഹുല്‍ മുഈനെക്കുറിച്ചുള്ള പഠനങ്ങള്‍ വേറെയുണ്ട്.

4. കേരളത്തിന്റെ മത സാമൂഹകരംഗങ്ങളില്‍ ഫത്ഹുല്‍ മുഈനിന്റെ സ്വാധീനം:
ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഹുദവി നടത്തിയ പഠനമാണിത്. ഫത്ഹുല്‍ മുഈന്‍ കേരള മുസ്ലിംകളുടെ കര്‍മപരമായ കാര്യങ്ങളിലെ പ്രധാന സ്രോതസ്സാണ്. ആ നിലക്ക് സാമൂഹികവും മതപരവുമായ മേഖലകളില്‍ ഈ ഗ്രന്ഥത്തിന് വലിയ സ്വാധീനം ഉണ്ട്.
ഇവകള്‍ കൂടാതെ കേരളത്തിലെ വാഫി, ഹുദവി സംവിധാനങ്ങളില്‍ വിദ്യര്‍ത്ഥികള്‍ പി.ജി തലത്തില്‍ സമര്‍ച്ചിട്ടുള്ള പഠന പ്രബന്ധങ്ങളില്‍ ഫത്ഹുല്‍ മുഈനിനെ ആസ്പദമാക്കിയുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്. അവകളില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ് :
1. മുസ്തഫ ഹുദവി ദേലംപാടി തയ്യാറാക്കിയിട്ടുള്ള മഖ്ദൂമിന്റെ ഫത്ഹുല്‍ മുഈനിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള സൂക്ഷമമായതും നിരൂപണത്തോടുകൂടെയുമുള്ള പഠനം.
2. മുഹമ്മദ് റാഷിദ് ഹുദവിയുടെ ഫത്ഹുല്‍ മുഈനിലെ നോമ്പ്, സകാത്ത് എന്നീ അധ്യായങ്ങളുടെ തര്‍ജ്ജുമ.
3. ആശിഖ്.പി യുടെ ഫത്ഹുല്‍ മുഈനിലെ വിവാഹ നിയമങ്ങളുടെ ഇംഗ്ലീഷ് തര്‍ജ്ജുമ.
4. അബ്ദുല്‍ കരീം ഹുദവിയുടെ ഫത്ഹുല്‍ മുഈനിലെ ഹജ്ജ്, ഉംറ തുടങ്ങിയ അധ്യായങ്ങളുടെ തര്‍ജ്ജുമ.
5. സൈനുല്‍ ആബിദ് ഹുദവി യുടെ ഫത്ഹുല്‍ മുഈനിലെ ശിക്ഷാനിയമങ്ങളുടെ തര്‍ജ്ജുമ.
6. ഉസ്മാന്‍ വാഫി തയ്യാറാക്കിയ ശാഫിഈ മദ്ഹബിലെ ഫത്ഹുല്‍ മുഈനിന്റെ പ്രധാന്യം’ എന്ന പഠനം.
7. മുഹമ്മദ് ഇസ്ഹാഖ് വാഫിയുടെ കരിങ്കപ്പാറ ഉസ്താദിന്റെ ഫത്ഹുല്‍ മുഈനിന്റെ വിശദീകരണത്തെക്കുറിച്ചുള്ള പഠനം.
ഇവയൊക്കെ ഫത്ഹുല്‍ മുഈനിനെയും അനുബന്ധഗ്രന്ഥങ്ങളെയും കുറിച്ച് നടന്നിട്ടുള്ള അക്കാദമിക് പഠനങ്ങളാണ്. ഇനിയും നാം അറിയാത്ത ധാരാളം പഠനങ്ങള്‍ വിവിധ സര്‍വ്വകലാശാലകളിലും പാഠശാലകളിലുമൊക്കെയായി നടന്നിട്ടുണ്ടാകുമെന്നുറപ്പാണ്.
വ്യഖ്യാന ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഫത്ഹുല്‍ മുഈന്‍ ആസ്പതമാക്കി മറ്റു ചില ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവകളെ നമുക്കൊന്ന് പരിചയപ്പെടാം.

കേരളത്തിന്റെ മത സാമൂഹകരംഗങ്ങളില്‍ ഫത്ഹുല്‍ മുഈനിന്റെ സ്വാധീനം എന്ന ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഹുദവി നടത്തിയ പഠനം കൂടാതെ കേരളത്തിലെ വാഫി, ഹുദവി സംവിധാനങ്ങളില്‍ വിദ്യര്‍ത്ഥികള്‍ പി.ജി തലത്തില്‍ സമര്‍ച്ചിട്ടുള്ള പഠന പ്രബന്ധങ്ങളില്‍ ഫത്ഹുല്‍ മുഈനിനെ ആസ്പദമാക്കിയുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്‌

1. മന്‍ളൂമുലുബാബുല്‍ ഫറാഇള്: ഫത്ഹുല്‍ മുഈനില്‍ പ്രതിപാദിച്ചിട്ടുള്ള അനന്തരാവകാശ നിയമത്തെ കുറിച്ചുള്ള വിധിവിലക്കുകള്‍ പദ്യരൂപത്തിലായി രചിക്കപ്പെട്ട ചെറു കൃതിയാണിത്. രചയിതാവ് പ്രമുഖ പണ്ഡിതനായ ശൈഖ് മുഹമ്മദ് ബിന്‍ ഹസന്‍ (ഹി 1315-1393) എന്ന വാടാനപ്പള്ളി സ്വദേശിയാണ്. അനന്തരാവകാശ നിയമത്തെ ലളിതമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കേരളത്തില്‍ തിരൂരങ്ങാടിയിലെ അല്‍മുര്‍ശിദ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയിട്ടുണ്ട്. ഗദ്യരൂപത്തിലുള്ള ഗ്രന്ഥങ്ങളെ പദ്യരൂപത്തിലാക്കുന്നത് കാര്യങ്ങള്‍ മനപ്പാഠമാക്കുന്നതിനും വേഗത്തില്‍ ഓര്‍ത്തെടുക്കുന്നതിനും സഹായിക്കുമെന്നതിനാലാണ് മുന്‍കാല പണ്ഡിതന്മാര്‍ ഇത്തരം ശ്രമങ്ങള്‍ ധാരാളമായി ചെയ്തിരുന്നത്.

2. അല്‍ മുഹിമ്മ ഫീ ബയാനില്‍ അഇമ്മ: ഫത്ഹുല്‍ മുഈനില്‍ പരാമര്‍ശിക്കപ്പെട്ട ഇമാമുമാരെ കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്‍ പ്രമുഖ പണ്ഡിതന്‍ ശൈഖ് കുഞ്ഞാലി മുസ്‌ലിയാര്‍ എന്നവരാണ്. ഇമാമുമാരുടെ ജനനം, മരണം, അവരുടെ പ്രധാന ഗ്രന്ഥങ്ങള്‍ തുടങ്ങിയവയാണ് ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ഈ ഗ്രന്ഥം നാഥാപുരം ജാമിഅ അല്‍ഫലാഹിയ്യയുടെ വിദ്യാര്‍ത്ഥി സംഘടനയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

3. ഖുലാസ്വതുല്‍ ഫിഖ്ഹില്‍ ഇസ്ലാമി: ഫത്ഹുല്‍ മുഈന്‍ എന്ന കര്‍മ്മശാസ്ത്രഗ്രന്ഥത്തിന്റെ സംക്ഷിപ്ത രൂപത്തിലുള്ള ഗ്രന്ഥമായിട്ടാണ് ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നത്. ഗ്രന്ഥകാരന്‍ കോടമ്പുഴ ബാവമുസ്‌ലിയാര്‍ എന്നറിയപ്പെടുന്ന ശൈഖ് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ എന്നവരാണ്. ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം ഖുലാസ്വതു ഫത്ഹില്‍ മുഈന്‍ എന്ന പേരിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീടാണ് സുന്നി വിദ്യഭ്യാസ ബോര്‍ഡ് 1993 ല്‍ നിലവിലുള്ള പേരില്‍ പ്രസിദ്ധീകരിച്ചത്. ഫത്ഹുല്‍ മുഈനില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ ചോര്‍ന്നുപോകാതെ അത്യാവശ്യമായ ചെറുവിശദീകരണങ്ങളോട് കൂടെ ഗ്രന്ഥത്തെ ചുരുക്കിയതാണ് ഇത്.
ഇതിനെല്ലാം പുറമെ കേരളത്തില്‍ നടന്നിട്ടുള്ള കര്‍മശാസ്ത്ര ചര്‍ച്ചകളുടെയും രചിക്കപ്പെട്ട ഗ്രന്ഥങ്ങളുടെയുമൊക്കെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടതായി ഫത്ഹുല്‍ മുഈന്‍ ഗണിക്കപ്പെടുന്നു. നിരവധി വിവര്‍ത്തനങ്ങളും വിശദീകരണ വ്യാഖ്യാന ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട് എന്നതിന് പുറമെ ഫത്ഹുല്‍ മുഈനിന്റെ മൂലഗ്രന്ഥമായ ഖുര്‍റത്തുല്‍ ഐന്‍ ഒന്നിലധികം പണ്ഡിതന്മാര്‍ കവിതാരൂപത്തില്‍ ആക്കിയിട്ടുണ്ട്. പഠിതാക്കള്‍ക്ക് വേഗത്തില്‍ പഠിക്കാനും ഗ്രഹിക്കാനുമൊക്കെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ് ഇത്തരം പദ്യരൂപങ്ങള്‍. അവകളെ നമുക്കൊന്നു പരിചയപ്പെടാം.

1 . നള്മു ഖുര്‍റത്തില്‍ ഐന്‍: പ്രമുഖ പണ്ഡിതനായിരുന്ന അരീക്കല്‍ മുഹമ്മദ് മുസ്ല്യാര്‍ (ഹി 1307 1371) ആണ് ഈ പദ്യത്തിന്റെ രചയിതാവ്. അദ്ദേഹത്തെ വളരെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നാണിത്. ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇതിന്റെ കയ്യെഴുത്തുപ്രതി കേരളത്തിലെ പല പണ്ഡിതന്മാരുടെയും കൈവശം ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ കുടുംബക്കാരോട് വരെ അന്വേശിച്ചെങ്കിലും പ്രതി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ ഗ്രന്ഥത്തെക്കുറിച്ച് ചിലഗവേഷണ പ്രബന്ധങ്ങളില്‍ സൂചനകളും അതിലെ ചില വരിളുടെ ഉദ്ദരണികളും കാണാന്‍ കഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ അരീക്കല്‍ പ്രദേശത്ത് ജനിച്ച ഗ്രന്ഥകാരന് ഈ കവിതാഗ്രന്ഥം കൂടാതെ അന്നൂറുല്‍ അവ്വല്‍ , അശ്ശാഇലുല്‍ മുഹമ്മദിയ്യ, തൂടങ്ങിയ പദ്യഗ്രന്ഥങ്ങളുമുണ്ട്. കടമേരി റഹ്മാനിയ്യ അറബിക് കോളേജ് പ്രസിദ്ധീകരണ വിഭാഗം അല്‍ബഹ്ജ് പുറത്തിറക്കിയ അരീക്കല്‍ ഉസ്താദിനെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ ഈ വിവരണങ്ങള്‍ ലഭ്യമാണ്.

2. അന്നള്മുല്‍ വഫി ഫില്‍ഫിഖ്ഹിശ്ശാഫിഈ: ഖുര്‍റത്തുല്‍ ഐനിന്റെ മറ്റൊരു കാവ്യ രൂപമാണിത്.999 വരികള്‍ ഉള്ള ഈ ഗ്രന്ഥം രചിച്ചത് പ്രസിദ്ധ പണ്ഡിതനായ ശൈഖ് അബൂസഹ്‌ല് അന്‍വര്‍ അബ്ദുല്ല ഫള്ഫരിയാണ്. മലപ്പുറം പടുഞ്ഞാറ്റുമുറിയിലുള്ള പണ്ഡിതകുടുംബമായ ഫള്ഫരി കുടുംബത്തിലെ പ്രസിദ്ധ പണ്ഡിതനായ ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ ഗ്രന്ഥകര്‍ത്താവാണ്. ഈ ഗ്രന്ഥം സഊദിയിലെ റിയാദിലുള്ള ദാറുസ്സ്വുമൈഇയില്‍ 2013 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വളരെ ലളിതമായ ശൈലിയും ഭാഷയുമാണ് ഗ്രന്ഥത്തിന്റേത്. മസ്ജിദുന്നബവിയിലെ ശാഫിഈ ഹല്‍ഖയുടെ ശൈഖായ ഡോക്ടര്‍ അഹ്മദ് അലി, മുഹമ്മദ് അല്‍മദനി എന്നിവര്‍ ഈ ഗ്രന്ഥത്തിന് മുഖവുര എഴുതി കൊണ്ട് പറഞ്ഞത് ഇങ്ങനെയാണ് ”ഖുര്‍റത്തുല്‍ ഐന്‍ എന്ന ഫിഖ്ഹി ഗ്രന്ഥത്തിന്റെ പ്രൗഢിയും ആദരവും വര്‍ദ്ധിപ്പിക്കുന്ന വിധമാണ് ഫള്ഫരി ഈ പദ്യം തയ്യാറാക്കിയിട്ടുള്ളത്. ആവശ്യമായ വിശദീകരണങ്ങളോട്കൂടെയും എല്ലാ വിഷയങ്ങളും ഉള്‍ക്കൊണ്ടുമാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്.

3. അല്‍മുഈന്‍ ലിനളമിഖുര്‍റത്തില്‍ഐന്‍: പ്രസിദ്ധ യമനീ പണ്ഡിതനായ മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ അഖീലിയാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. പതിനാലാം നൂറ്റാണ്ടിലെ ഗ്രന്ഥങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നസ്‌റുല്‍ ജവാഹിര്‍ വദ്ദുറര്‍ എന്ന ഗ്രന്ഥത്തില്‍ മാത്രമാണ് ഈ പദ്യത്തെക്കുറിച്ച് കാണാനായത്.
പദ്യരൂപത്തിലുള്ള ഈ മൂന്ന് ഗ്രന്ഥങ്ങളില്‍ രണ്ടാമത് പറഞ്ഞ അന്നള്മുല്‍ വഫിയ്യ് മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പദ്യകൃതികള്‍ ഖുര്‍റത്തുല്‍ ഐനിന്റെയും ഫത്ഹുല്‍ മുഈനിന്റെയും പ്രാധാന്യത്തെയും സ്വാധീനത്തെയും വിളിച്ചോതുന്ന കൊടിയടയാളങ്ങളാണ്.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.