Thelicham

മോ സലയുടെ ഇസ്‌ലാമികത,  ദബാശിയുടെ മുസ്‌ലിം വായന

മുഹമ്മദ് സലാഹ് എന്ന ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ പ്ലെയറെ കായികലോകം പലവിധത്തിലും ആഘോഷിച്ചിട്ടുണ്ട്. ചടുലതയുള്ള കളിക്കാരന്‍ എന്നതിലുപരി, സലാഹിനെ നിര്‍ണയിക്കുന്ന മുസ്‌ലിംനെസ്സിനെയാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ഒരു അറേബ്യന്‍ രാഷ്ട്രത്തിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത് എന്ന വസ്തുത പരിഗണിക്കുമ്പോള്‍, കളിയിലെ മതാന്മകതയെക്കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികം തന്നെയാണ്. കൂടാതെ, സലാഹിന്റെ ഓരോ ഗോളും ഇസ്ലാമോഫോബിയയുടെ പോസ്റ്റിലേക്കാണ് പതിക്കുന്നതെന്ന വായനകളും ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ട്. പരസ്യമായി തന്റെ ഇസ്‌ലാമിക സ്വത്വബോധത്തെ പ്രകാശനം ചെയ്യാനാവുന്നുവെന്നതാണ് സലാഹിനെ വ്യതിരിക്തനാക്കുന്നത്. ഇനിയും മോസലാ ഗോളടിക്കുകയാണെങ്കില്‍ ഞങ്ങളും മുസ്‌ലിമീങ്ങളാവുമെന്ന ലിവര്‍പൂള്‍ ആരാധകരുടെ ആഹ്ലാദ വാക്കുകളിലും കളിക്കപ്പുറമുള്ള മതത്തിന്റെ അതോറിറ്റിയെ കണ്ടെടുക്കാനാവും.
ഇറാനിയന്‍ ഫിലോസഫറായ ഹാമിദ് ദബാശിയുടെ ബീലിങ് എ മുസ്‌ലിം ഇന്‍ ദ വേള്‍ഡ് എന്ന പുസ്തകം ആവിഷ്‌കരിക്കുന്ന ആശയപരിസരത്തിന് സമാനമാണ് സലാഹിന്റെ ജീവിതാനുഭവവും. ഇസ്‌ലാമോഫോബിയ പടച്ചുണ്ടാക്കിയ അപകര്‍ഷതാബോധത്തെയും മാറ്റിനിറുത്തലുകളെയും മറികടന്ന്, മുസ്ലിം സ്വത്വം തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്ന് ഇവ ഓര്‍മപ്പെടുത്തുന്നു. ദബാശിയുടെ പുസ്തകത്തെ കേന്ദ്രീകരിച്ച്, വര്‍ത്തമാനകാല മുസ്ലിം പ്രതിനിധാനങ്ങളുടെ രൂപമാതൃകകളെ അന്വേഷിക്കുകയാണ് ഈ ലേഖനം.

പടിഞ്ഞാറാനന്തര പാഠഭേദങ്ങള്‍
പടിഞ്ഞാറിന്റെ ആധിപത്യ മനോ ഘടനക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ജീര്‍ണാവസ്ഥയെ സൂചിപ്പിക്കാനാണ് പടിഞ്ഞാറാനന്തരം (പോസ്റ്റ് വെസ്‌റ്റേണ്‍ ) എന്ന പദം പ്രയോഗിക്കുന്നത്. അപ കോളനീകരണ പ്രൊജക്ടുകളിലാണ് ഈ മാറ്റത്തിന്റെ തുടക്കം. തുടര്‍ന്ന് സോവിയറ്റ് യൂണിയന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചെറിയ തോതിലുള്ള അധീശ ഭീഷണിയെ വെസ്റ്റ് നേരിട്ടിരുന്നു. നവ കാല രാഷ്ട്രീയ സാഹചര്യത്തില്‍ തികച്ചും വെസ്റ്റ് എന്ന ഭൗമ രാഷ്ട്രീയ സങ്കല്‍പ്പം തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് സമര്‍ത്ഥിച്ചു കൊണ്ടാണ് ദബാശി പുസ്തകത്തിന്റെ ആമുഖം തയ്യാറാക്കിയിരിക്കുന്നത്.
ബ്രിട്ടീഷ് ഹിസ്‌റ്റോറിയനായ നിയാല്‍ ഫെര്‍ഗൂസന്‍ വെസ്റ്റിനെ മനുഷ്യകുലത്തെ നിര്‍വചിക്കുന്ന സ്വഭാവ ഗുണമായിട്ടാണ് അവതരിപ്പിച്ചിരുന്നത്. അഥവാ, പാശ്ചാത്യ തലച്ചോറുകളാല്‍ ചലിക്കുന്നവരാണെത്ര സര്‍വ്വ മാനവരാശിയും. സയന്‍സിന്റെയും ടെക്‌നോളജികളുടെയും സഹായത്തോടെ ചരിത്രഗതിയുടെ നിര്‍വ്വചനങ്ങളെ നിയന്ത്രിച്ചു പോരുകയാണ് പടിഞ്ഞാറന്‍ ലോകം. ഇത്തരം സാമ്പ്രദായിക ബോധമണ്ഡലത്തെ പൊളിച്ചെഴുതും വിധത്തിലാണ് കിഴക്കന്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ വികസന അധീശ പ്രത്യയശാസ്ത്രത്തെ വളര്‍ത്തിക്കൊണ്ടു വരുന്നത്. ബ്രിക്‌സ് രാഷ്ട്രങ്ങളും ജപ്പാനുമടങ്ങുന്ന ഈസ്‌റ്റേണ്‍ ശക്തികള്‍ ലോക രാഷ്ട്രീയ ക്രമത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് സോ കോള്‍ഡ് വെസ്റ്റിനു മുമ്പിലുള്ള ഇപ്പോഴത്തെ പ്രതിസന്ധി. ദബാശി ഉദാഹരണ സഹിതം വിശദീകരിക്കുന്നതിങ്ങനെ: ‘ഗ്രീസിലെ സാമ്പത്തിക കടക്കെണി, യു.എസിലെ തിരഞ്ഞെടുപ്പാനന്തര അനിശ്ചിതത്വം, ചൈനക്കു കൊടുക്കുവാനുള്ള യു.എസിന്റെ കടബാധ്യത, ഇറാനിയന്‍ നൂക്ലിയര്‍ വിഷയവുമായി ബന്ധപ്പെട്ട നയതന്ത്ര തകര്‍ച്ച തുടങ്ങിയവ വെസ്റ്റിന്റെ ദാരിദ്യത്തിലേക്കുള്ള സൂചനയാണ് നല്‍കുന്നത്’. വെസ്റ്റിനെ പ്രതിരോധത്തിലകപ്പെടുത്തുന്ന പൂര്‍വ്വേഷ്യന്‍ രാഷ്ട്രങ്ങളുടെ വളര്‍ച്ചയെക്കുറിച്ചും ഭാവി ലോകക്രമത്തെയും പരിചയപ്പെടുത്തുന്ന
ഒലിവര്‍ സ്റ്റങ്ങലിന്റെ ‘പോസ്റ്റ് വെസ്‌റ്റേണ്‍ വേള്‍ഡ്; ഹൗ എമേജിങ് പവര്‍സ് ആര്‍ റീമേക്കിങ് ഗ്ലോബല്‍ ഓഡര്‍’ എന്ന കൃതിയിലെ സമാന ആശയ സംഗ്രഹത്തെ തത്വചിന്താരീതിയിലൂടെ സമീപിക്കുകയാണ് ഈ കൃതി.
‘പാശ്ചാത്യവല്‍ക്കരണം’ എന്ന സാംസ്‌കാരിക പ്രക്രിയയാണ് അവരുടെ അധീശ വ്യവസ്ഥയെ സംരക്ഷിച്ചത്. ഇതിനെതിരെ, പൂര്‍വ്വവല്‍കരണമെന്ന (ഈസ്‌റ്റേണലൈസേഷന്‍) പദപ്രയോഗത്തിലൂടെ ബദല്‍ കണ്ടെത്തുകയാണ് കിഴക്കന്‍ പണ്ഡിതര്‍. ദബാശിയും ഫ്രിജോഫ് ഷുവോണും നഖീബ് അത്വാസും ഇവരില്‍ പ്രമുഖരാണ്. പടിഞ്ഞാറിന്റേതല്ല സാംസ്‌കാരിക യുക്തി, കിഴക്കിന്റേതാണ് എന്ന ചിന്താധാരയാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്. ഈ മാറ്റത്തോടെ പൂര്‍ണമായി അധികാരം നേടിയെടുക്കാനാവില്ലെങ്കിലും തങ്ങളുടേതായ മുദ്ര ചാര്‍ത്താനാവുമെന്നാണ് കിഴക്കിന്റെ വിശ്വാസം. അതോടെ, ഡോമിനന്‍സിയുടെ പ്രാധാന്യം നഷ്ടപ്പെട്ട് ,ബൈനറികള്‍ ഇല്ലാത്ത, വിഭിന്ന രൂപകങ്ങളുടെ( പോളി മോര്‍ഫിക്) പരസ്പര നിര്‍വഹണത്തിലൂടെ മാത്രം സജീവമാകുന്ന ലോകക്രമം രൂപപ്പെടും. ഈ രൂപേണയുള്ള പോസ്റ്റ് വെസ്‌റ്റേണ്‍ യുഗത്തില്‍ മുസ്ലിം ആവുക എന്നതിന്റെ വ്യത്യസ്ത അര്‍ത്ഥ തലങ്ങളെ ചര്‍ച്ച ചെയ്താണ് ദബാശിയുടെ ഈ പുസ്തകം പൂരോഗമിക്കുന്നത്.

ബൈനറിയും ഇസ്ലാമും
വിപരീതങ്ങളില്ലാതെ ഒരു യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കല്‍ പ്രയാസകരമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഒരു വസ്തുവിന്റെ നിലനില്‍പിന് അതല്ലാത്ത മറ്റൊരു വസ്തുവിന്റെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണ്. ഇവിടെയാണ് ബൈനറികള്‍ നിര്‍മിച്ചെടുത്ത ചരിത്ര യാഥാര്‍ത്ഥങ്ങളിലെ ഇസ്ലാമിന്റെ ഏജന്‍സിയെ വായിച്ചെടുക്കേണ്ടത്. പടിഞ്ഞാറും അന്യദേശവും (ദിവെസ്റ്റ് ആന്റ് ദ റെസ്റ്റ്) എന്ന കാറ്റഗറിയിലൂടെയാണ് പാശ്ചാത്യ കേന്ദ്രീകൃത വ്യവസ്ഥ നടപ്പിലാക്കാന്‍ ശ്രമിച്ചത്. വാസ്തവത്തില്‍ പാശ്ചാത്യ ലോകം ശത്രുവായി ഗണിച്ചത് അന്യദേശത്തെ ഇസ്‌ലാമിനെ മാത്രമാണ്. ഭൂമി ശാസ്ത്രപരമായ വെസ്റ്റും മതകീയമായ ഇസ്‌ലാമുമെങ്ങനെ വിപരീതമാവാനാണ്?.ഈ ചോദ്യത്തെ അപ്രസക്തമാക്കി കൊണ്ട് പ്രവര്‍ത്തിച്ചവരായിരുന്നു പാശ്ചാത്യലോബികള്‍. അഥവാ കൃത്രിമ ബൈനറിയെ ബോധപൂര്‍വ്വം നിര്‍മിച്ചെടുത്ത്, അതിനനുസരിച്ച് ലോകത്തെ പരുവപ്പെടുത്തി. കുരിശുയുദ്ധത്തോളം നീളുന്ന വിദ്വേഷത്തിന്റെ തുടര്‍ച്ച തന്നെയാണ് ബൈനറി നിര്‍മാണത്തിലുമുള്ളത്. ഈ നിര്‍മാണ പ്രക്രിയ മതമെന്ന നിലയില്‍ ഇസ്‌ലാമിനെ എങ്ങനെ ബാധിച്ചുവെന്നറിയാന്‍ ആദ്യം പൊതുവിലുള്ള ബൈനറി കണ്‍സ്ട്രക്ഷനുകളുടെ പൊതു സ്വഭാവത്തെ പരിശോധിക്കേണ്ടതുണ്ട്.
മേല്‍ പറഞ്ഞ പ്രകാരം, അഭൗമികമായ ദ്വന്ദ്വ രീതി (ഇമ്മറ്റീരിയല്‍ ബൈനറി) പ്രധാനമായി മാനസിക സംവിധാനത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. മനസ്സുകള്‍ തമ്മിലുള്ള അകല്‍ച്ച അപരിചിതത്വത്തിലേക്കും ശേഷം നിരന്തര സംഘട്ടനത്തിലേക്കും പ്രേരകമായിത്തീരുമെന്നുറപ്പാണ്. കാരണം, വ്യാജമായ അടിത്തറയുടെ മേലിലാണ് ഈ ബൈനറി പണിതുയര്‍ത്തിയിരിക്കുന്നത്. ബൈനറിയായിത്തീരുന്നതോടെ മുന്‍ധാരണയും മുന്‍വിധിയും മുന്നിലെത്തി, സാഹചര്യബന്ധിതമായ യാഥാര്‍ത്ഥ്യത്തെ വിവേചനാപൂര്‍വ്വം തിരിച്ചറിയാനാവില്ല. ഇവയെക്കൂടാതെ ദബാശി ഊന്നിപ്പറയുന്ന മറ്റൊരു വസ്തുത മറച്ചുവെക്കലാണ്. എത്ര സത്യസന്ധവും നീതിനിഷ്ഠവുമായ പ്രവര്‍ത്തനമായാലും ബൈനറിക്കു മുന്നിലെത്തുമ്പോള്‍ അവ മറക്കപ്പെടുന്നു. പകരം ആദ്യമേ നിശ്ചയിച്ച തെറ്റായ , അപൂര്‍ണചിത്രമാണ് തെളിഞ്ഞു വരിക.
ഇനി ബൈനറി ഇസ്‌ലാമിനെ നിര്‍വചിക്കാന്‍ ശ്രമിച്ചതിലേക്ക് വരാം. ധൈഷണികാക്രമണത്തിലൂടെ ഇസ്ലാമിനെ വെല്ലുവിളിക്കാന്‍ ഉദ്യമിച്ച ഓറിയന്റലിസ്റ്റ് മസ്തിഷ്‌കങ്ങളാണ് ഇസ്ലാമിക് സൊസൈറ്റി എന്ന കാറ്റഗറിയുണ്ടാക്കി അപ്പുറത്ത് വെസ്റ്റിനെ സാധൂകരിക്കുവാന്‍ ശ്രമിച്ചത്. ഇസ്ലാമിനെ അധികാരിയാക്കിക്കണ്ട് ആധിപത്യത്തിനെതിരെയുള്ള സമരമാക്കി ഓറിയന്റലിസത്തെ അവതരിപ്പിച്ചു ന്യായീകരിക്കുകയാണുണ്ടായത്. ഇവിടെ വിചിത്രമായ ഒരു വസ്തുത എന്നത് ഓറിയന്റലിസവും ക്രിസ്തീയ സഭയും തമ്മിലുള്ള കൂട്ടുകെട്ടാണ്. പാശ്ചാത്യ നവോത്ഥാനത്തിന്റെ ഫലമായി ഉരുവം കൊണ്ട മതവിരുദ്ധപ്രസ്ഥാനത്തിന്റെ ഭാഗമാണ് ഓറിയന്റലിസം. അതേ സമയം ക്രിസ്തീയ സഭയാവട്ടെ മതസങ്കുചിതത്വത്തിലധിഷ്ഠിതവുമായിരുന്നു. പക്ഷേ, ഇസ്ലാമിനെതിരെ തിരിയുമ്പോള്‍ അവര്‍ ഭിന്നതകളെല്ലാം മറന്ന് ഒന്നിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. യുക്തിയെ അവലംബമാക്കി പുരോഗതിയെ നിര്‍ണയിക്കുവാന്‍ കൊളോണിയല്‍ സൈദ്ധാന്തികര്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ ഇസ്ലാമിനെ മാത്രമല്ല പുറത്തു നിറുത്തേണ്ടി വരിക, ക്രൈസ്തവതയെക്കൂടിയാണ്. ഈ വസ്തുതയെ മനപ്പൂര്‍വ്വം അവഗണിച്ച് കൊണ്ടാണ് ഓറിയയന്റലുകള്‍ ക്രിസ്തീയ മതത്തെ ഒപ്പം കൂട്ടി ഇസ്ലാമിനെ അക്രമിക്കാനൊരുമ്പെട്ടത്. ആത്മീയ പരമാണ് (തിയോസെന്‍ട്രിസിറ്റി) പൗരസ്ത്യമെന്ന വിമര്‍ശനവും ഈ കൂട്ടുകെട്ടുമാണ് ഏറെ വൈരുദ്ധ്യം. അനന്തര ഫലമെന്നോണം ആദ്യകാല ആന്റി സെമിന്റിസത്തില്‍ നിന്ന് യൂറോപ്പ് വ്യതിചലിച്ച് ആന്റി ഇസ്ലാമിക് ആയിത്തീരുകയും ചെയ്തു.
ഇസ്‌ലാമിക നാഗരികത വേഴ്‌സസ് വെസ്റ്റ് എന്ന ബൈനറിയിലെ യുക്തിയെ ഹാമിദ് ദബാശി പുസ്തകത്തിലുടനീളം ചോദ്യം ചെയ്യുന്നുണ്ട്. അദ്ദേഹം ചോദിക്കുന്നു: ഇസ്‌ലാമിക നാഗരികതയിലെത്രത്തോളം ഇസ്‌ലാമിനെ (ഇസ്‌ലാമിസിറ്റി) കണ്ടെത്താനാവും. വ്യത്യസ്ത സംസ്‌കാരങ്ങളുടെയും നാഗരികതയുടെയും ആഭ്യന്തര വൈരുധ്യങ്ങളും ചേര്‍ച്ചകളും കൊണ്ട് ചലനാത്മകമായ സൊസൈറ്റിയെ ഇസ്ലാമികം എന്ന് വിളിക്കുന്നത് അനീതിയാണ്. പ്രീ ഇസ്‌ലാമിക് അറബ്, ഗ്രീക്ക്, സിറിയക്, ഇറാനിയന്‍, ഇന്ത്യന്‍ , ചൈനീസ് തുടങ്ങിയവയുടെ ഇടപെടലുകള്‍ ഈ നാഗരികതയിലുണ്ടായിട്ടുണ്ടല്ലോ. ‘മറ്റൊരു ഭാഗത്ത് ഇപ്രകാരം എഴുതി: ഈജിപ്ത്, ഇറാന്‍, പാക്കിസ്ഥാന്‍ എന്നിവ ഇസ്ലാമിക സമൂഹമേയല്ല. അവ കേവല സമൂഹങ്ങളാണ്,ഓറിയന്റല്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റിലോ യൂറോപ്പിലെ ഏരിയാ സ്റ്റഡീസിലോ മാത്രമാണ് ഇവ ഇസ്‌ലാമിക സമൂഹമായിത്തീരുന്നത്’. തങ്ങളുടെ അസ്തിത്വത്തിന്റെ അനിവാര്യത അറിയിക്കാനും അധികാരം നിയന്ത്രിക്കാനുമാണ് പടിഞ്ഞാര്‍ ഇസ്ലാമിക ലോകത്തെ ഉല്‍പാദിപ്പിച്ച് ഒരു അവിഭാജ്യ ശത്രുവാക്കി ( ഇന്‍ഡിസ്‌പെന്‍സിബിള്‍ എനിമി) വെച്ചത്. കാള്‍ ഷിമ്മറ്റിന്റെ വിത്തൗട്ട് എനിമി, ദേര്‍ ഇസ് നോ കണ്‍സപ്റ്റ് ഓഫ് പൊളിറ്റിക്കല്‍ (ശത്രുവില്ലാതെ രാഷ്ട്രീയ സങ്കല്‍പമില്ല ) എന്ന ആശയത്തിന് ഇവിടെ പ്രാധാന്യമുണ്ട്. ശത്രുവില്ലാത്തവര്‍ ശത്രുവിനെ ഉല്‍പാദിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് ഇത് കുറിക്കുന്നത്. ഈയര്‍ത്ഥത്തില്‍, ഓറിയന്റലിസ്റ്റുകള്‍ പ്രതിയായ ഇസ്ലാമിന്റെ പേരില്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും നിരത്തി, തങ്ങള്‍ക്കെതിരെ വരാനിടയുള്ള സാമ്രാജത്വ വിരുദ്ധ മനോഭാവത്തെ പ്രതിരോധിച്ചു കൊണ്ട് മുന്നേറിയിട്ടുണ്ട്.
കിഴക്കന്‍ സംസ്‌കാരത്തെ അവമതിച്ചു കൊണ്ടുള്ള പടിഞ്ഞാറിന്റെ സാംസ്‌കാരികക്കോയ്മയുടെ പ്രധാനപ്പെട്ട വാദമാണ് സാര്‍വലൗകികത (യൂണിവേഴ്‌സാലിറ്റി). അഥവാ, യൂറോപ്പിന്റെ ശരികള്‍ ബാക്കിയുള്ളവരുടെ ശരിയാണെന്നും തെറ്റുകള്‍ തെറ്റാണെന്നുമുള്ള കുത്തക മനോഭാവമാണിത്. ഇതോടുകൂടെ പ്രാദേശികമായ (പര്‍ട്ടികുലാരിറ്റി) മൂല്യ സംഹിതകള്‍ നിരാകരിക്കപ്പെടാന്‍ തുടങ്ങിയെന്നാണ് ചരിത്രം. ഉപരുക്ത്യ വാദഗതിക്കു പുറമെ, പാശ്ചാത്യര്‍ സര്‍വ്വരേയും പ്രതിനിധീകരിക്കുവാനുള്ള അധികാരവും അവകാശപ്പെട്ടിരുന്നു. ‘പ്രാതിനിധ്യം ഒരു തരം അധികാരമാണെന്ന’ മിഷേല്‍ ഫൂക്കോയുടെ
നിരീക്ഷണത്തെ മുന്‍നിറുത്തിയാണ് ഗ്രന്ഥകാരന്‍ വെസ്റ്റിന്റെ പ്രാതിനിധ്യ താല്‍പര്യത്തെ വായിച്ചെടുക്കുന്നത്. ഇതര സമൂഹങ്ങളെയും സാംസ്‌കാരിക വൈപുല്യങ്ങളെയും ഉള്‍കൊള്ളാന്‍ ഇത്രയധികം ആഗോളവല്‍കൃതമായ കാലത്തും പടിഞ്ഞാറിന് കഴിയുന്നില്ല എന്നത് എത്രമേല്‍ ‘ദയനീയമാണ്’. എന്നിരുന്നാലും പരോക്ഷ കൊളോണിയലിസം അവസാനിച്ചുവെന്ന് പറയാനാവില്ല. കിഴക്കില്‍ ജീവിക്കുമ്പോഴും നാം മുസ്ലിം രാഷ്ട്രങ്ങളെ മിഡില്‍ ഈസ്റ്റ് എന്നാണ് വിളിച്ചു പോരുന്നത്. യഥാര്‍ത്ഥത്തില്‍ ആ പ്രദേശം മിഡില്‍ വെസ്റ്റാണ്. ഇവിടെയാണ് വെസ്റ്റിന് വിജയിക്കാനാവുന്നത്. കാരണം അവരുടെ അഭിസംബോധന രീതികളെ ഇരകളടക്കം അറിഞ്ഞോ അറിയാതെയോ സ്വീകരിച്ചു പോരുന്നു. ഹാമിദ് ദബാശി ഈ മനോഭാവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച പദമാണ് ആന്ത്രപോളജിക്കല്‍ വാര്‍. നരവംശപരമായ അടിച്ചമര്‍ത്തലിന്റെ ഭാഗമാണിതൊക്കെ. അത്രമേല്‍ ആഴ്ന്നിറങ്ങിയ മേധാവിത്വഘടനയാണ് വെസ്റ്റിനുള്ളത്.

ടേമിങ്ങും മെറ്റാഫറുകളും
ബൈനറി യോടൊപ്പം ചേര്‍ത്തി വായിക്കേണ്ടതാണ് ടേമിങ്ങും ( നാമകരണം ) മെറ്റാഫറും, പ്രത്യേകിച്ചും ഇസ്ലാമിനെ ഭീകരവാദത്തിന്റെയും മതമൗലികവാദത്തിന്റെയും ഉപമയാക്കി ഗണിക്കുന്ന സമയത്ത്. മെറ്റാഫര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ദബാശി വിവരിക്കുന്നുണ്ട്: ഉപമകള്‍ മസ്തിഷ്‌ക ബന്ധിതമാണ്. യുക്തിയും വസ്തുതയും കാരണവും ബോധിപ്പിക്കലും ഇവിടെ പരിഗണനീയ വിഷയമേയല്ല. കാര്യങ്ങളെല്ലാം അവ നേരത്തെ തീരുമാനിച്ചു വെച്ചിട്ടുണ്ടാവും’. 9/11 ന് ശേഷമുള്ള ഏതൊരു ഭീകരാക്രമണത്തെയും ന്യൂയോര്‍ക് ടൈംസും ദ ഗാര്‍ഡിയനും ഹാര്‍പേഴ്‌സ് മാഗസിനുമടങ്ങുന്ന മാധ്യമ മുതലാളിമാര്‍ അവതരിപ്പിച്ചത് ഇസ്ലാമിക ചിഹ്നങ്ങള്‍ വെച്ച് കൊണ്ടാണ്. താടിയോ തൊപ്പിയോ മുല്ലയെയോ ഖുര്‍ആന്‍ വചനത്തെയോ മുന്നില്‍ വെക്കുന്നതോടെ ഇസ്ലാമിനെ പ്രതിക്കൂട്ടിലാക്കാനാവും. മുസ്ലിം എന്ന് പറയുമ്പോള്‍ അവര്‍ കേള്‍ക്കുന്നത് ഭീകരവാദിയെന്നും ദീകരവാദി യെന്ന് പറയുമ്പോള്‍ കേള്‍ക്കുന്നത് മുസ്‌ലിം എന്നുമാണ്.
മുസ്‌ലിംസ് വേര്‍ ടെററിസ്റ്റ്‌സ്; ടെററിസ്റ്റ്‌സ് വേര്‍ മുസ്‌ലിംസ് എന്ന ടേമിങ്ങ് ഇസ്‌ലാമിന്റെ സൗന്ദര്യത്തെയാണ് പോറലേല്‍പ്പിക്കുന്നത്. അക്രമണത്തിനപ്പുറത്തേക്ക് ഇസ്‌ലാമിനെക്കുറിച്ചുള്ള ചിന്തകള്‍ വികസ്വരമാവുന്നില്ല. ജീവിത വ്യവസ്ഥിതി എന്ന നിലയില്‍ ഇസ്‌ലാം അവതരിക്കുന്ന സൗന്ദര്യ സങ്കല്‍പങ്ങള്‍ വിലയിരുത്തുവാന്‍ പോലും ശ്രമിക്കാത്തതാണ് ഇതിന്റെ ഏറ്റവും വലിയ പരാജയം. അതോടൊപ്പം തന്നെ, മറ്റു മതങ്ങളിലുള്ള ഇത്തരം ഭീകരവാദ പ്രശ്‌നങ്ങള്‍ ഇസ്‌ലാമിന്റ പേരില്‍ ആരോപിക്കാനുമിടയായിട്ടുണ്ട്. ക്രിസ്ത്യന്‍ മതക്കാരനായ ബ്രെവിക് നടത്തിയ നോര്‍വീജിയന്‍ കൂട്ടക്കൊലയുടെ ഉത്തരവാദികളായി മുസ്‌ലിംകളെയാണ് മാധ്യമങ്ങള്‍ തുടക്കത്തിലേ എഴുതി വിട്ടത്.വാള്‍സ്ട്രീറ്റ് ജേണല്‍ പിന്നീട് ബ്രെവികിനെ വിശേഷിപ്പിച്ചത് അല്‍ ഖാഇദാ അനുയായി ( കോപികാറ്റ്) എന്നാണ്. ദ അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ: ദീകരവാദ ചെയ്തികളെപ്പറ്റി കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ അല്‍ ഖാഇദയെപ്പറ്റി ചിന്തിക്കുമെന്ന കാര്യം ബുദ്ധിശൂന്യമായതൊന്നുമല്ല. എന്നല്ല അതാണ് ലോജിക്കും. കഴിഞ്ഞ ദശാബ്ദക്കാലത്തെ മുഖ്യ പ്രതികളും മുസ്ലിംകളായിരുന്നുവല്ലോ’. ഇത്തരുണത്തില്‍ ആരോ ചെയ്തതിന്റെ പേരില്‍ ജനറലൈസ് ചെയ്ത് ഇസ്ലാമിനെ അവതരിപ്പിക്കുകയാണ് വെസ്റ്റ്.
മൊത്തത്തില്‍ എല്ലാ വിധത്തിലുമുള്ള ടേമിങ്ങുകളെ നിരാകരിക്കുകയാണ് ദബാശി. ടേമിങ്ങുകളില്ലാത്ത ലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ബൗദ്ധിക വിഭാവനകള്‍ ഭാവിയില്‍ എത്രമാത്രം പ്രയോജനപ്രദമാവുമെന്നത് സംശയമാണ്. എങ്കിലും ചില സാധ്യതകളെ തുറന്നിടുന്നുണ്ട് ഈ നിരീക്ഷണങ്ങള്‍. ശൈഖ് ഹുജ്വീരിയുടെ കശ്ഫുല്‍ മഹ്ജൂബില്‍ പറഞ്ഞ, സൂഫിസമുണ്ടായിരുന്നപ്പോള്‍ അതിന് നാമമുണ്ടായിരുന്നില്ല, ഒരു നാമം വന്നപ്പോള്‍ അവിടെ സൂഫിസവുമുണ്ടായില്ല എന്ന ആശയത്തിലേക്കാണ് അദ്ദേഹം ഇസ്ലാമിനെ മാറ്റി സ്ഥാപിക്കുന്നത്. അതായത്, പേരു വന്നപ്പോഴാണ് നൈസര്‍ഗിക സ്വഭാവം ഇസ്ലാമില്‍ നിന്ന് അന്യം നിന്നുപോയതെന്ന് ചുരുക്കം. എല്ലാ പേരുകളും അഴിച്ചു വെച്ച് (അണ്‍നൈമിങ്) തനിമ നിലനിറുത്തണമെന്നാണ് പുസ്തകം പറഞ്ഞു വെക്കുന്നത്. കൂടാതെ, ഇസ്ലാമിക കല, ഇസ്ലാമിക ഫിലോസഫി , ഇസ്ലാമിക സയന്‍സ് എന്നിവയില്‍ ചേര്‍ക്കപ്പെട്ട ഇസ്ലാം എന്ന പ്രത്യയം ഒരു വിധേനയും ഈ വിജ്ഞാന ശാഖയോട് നീതി പുലര്‍ത്തുന്നവയല്ല എന്നാണ് ദബാശിയുടെ അവലോകനം. മുസ്ലിംകളില്‍ കലാകാരന്മാരും കവികളും സയന്റിസ്റ്റുകളും ഫില സോഫേഴ്‌സുമുണ്ടായേക്കാം. പക്ഷേ അതൊന്നും ഇസ്ലാമായിത്തീര്‍ക്കുന്നതിന് യോഗ്യമാവില്ല. കാള്‍ മാര്‍ക്‌സും ഫ്രോയിഡും ജൂതനായതിനാല്‍ മാര്‍ക്‌സിസവും സൈക്കോ അനാലിസവും ജൂദായിസമാണെന്ന് പറയാനാവുമോ?. പകരം നമ്മള്‍ മാര്‍ക്‌സിനെ കേവലം പൊളിറ്റിക്കല്‍ എക്കണോമിസ്റ്റ് ആയിട്ടാണ് മനസ്സിലാക്കുന്നത്. അതുപോലെയാണ് ഫ്രോയിഡും ഐന്‍സ്റ്റീനും. എന്നാല്‍ ഫിലോസഫിയില്‍ മികച്ച സംഭാവനകളര്‍പ്പിച്ച ഇബ്‌നു റുഷ്ദിനെയും അവിസെന്നയെയും ലോകം സമീപിക്കുന്നത് മുസ്ലിം ഫിലോസഫര്‍ എന്ന രൂപത്തിലുമാണ്. ഈ ടേമിങ്ങ് കാരണമായി പലതും നഷ്ടപ്പെട്ടു പോവുന്നു. മുന്‍ വിധികളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു മാത്രമേ അവരെ വിലയിരുത്തുവാനും ഉള്‍കൊള്ളാനും സമൂഹം തയ്യാറാകൂ. മൂല്യനിരപേക്ഷമായ തലത്തില്‍ നിന്ന് ഉള്‍കൊള്ളാന്‍ ഈ ടേമിങ്ങ് വിലങ്ങു തടിയാവുന്നുവെന്ന് സ്പഷ്ടം. മെറ്റാഫറുകളെ നിര്‍വീര്യമാക്കാന്‍ കൗണ്ടര്‍ മെറ്റാഫറുകളെ ഉപയുക്തമാക്കണം. അറബ് സ്പ്രിങ്ങ് അത്തരം കൗണ്ടര്‍മെറ്റാഫറുടെ ഉദാഹരണമാണ്. വെസ്റ്റിന്റെ കുതന്ത്രങ്ങളെ ജനപക്ഷത്തു നിന്നും തടയിടാനായിരുന്നുവല്ലോ അറബ് വസന്തം ശ്രമിച്ചത്. മാത്രമല്ല, അറബ് വസന്തമെന്നു കേള്‍ക്കുമ്പോള്‍ രൂപപ്പെടുന്ന പാശ്ചാത്യ വിരുദ്ധ മനോഭാവമാണ് വെസ്റ്റാനന്തര ലോകത്തിന്റെ മുതല്‍ കൂട്ട്. മഹ്മൂദ് മംദാനിയുടെ ഗുഡ് മുസ്ലിം / ബാഡ് മുസ്ലിം എന്ന വകഭേദവും കൗണ്ടര്‍മെറ്റാഫറായി പരിഗണിക്കാവുന്നതാണ്. എക്‌സ്ട്രീമാവുന്ന മുസ്ലിംകളെ ബാഡ് മുസ്ലിം കാറ്റഗറിയിലുള്‍പ്പെടുത്തി ജനറലൈസേഷനെ തടയിടുകയാണ് മംദാനി.

ബീയിങ്ങ് എ മുസ്ലിം
ബൈനറികളില്‍ നിന്ന് മുസ്ലിം സ്വത്വം വിമോചിതമായിക്കൊണ്ടിരിക്കുകയാണ്. ഈ സവിശേഷ സന്ദര്‍ഭത്തില്‍ മുസ്ലിമാവുക എന്നതിന്റെ അര്‍ത്ഥ തലങ്ങളെ കണ്ടെത്തുന്നതില്‍ ഹാമിദ് ദബാശി ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്ന് പറയാം. ഞാനൊരു മുസ്ലിമാണ് എന്ന് അപകര്‍ഷതയില്ലാതെ, ആത്മാഭിമാനത്തോടെ പൊതുമധ്യത്തില്‍ വെച്ച് വിളിച്ച് പറയലാണ് മുസ്ലിമാവലിന്റെ സുപ്രധാന തലം. ലേഖനത്തിന്റെ തുടക്ക ഭാഗത്ത് പരാമര്‍ശിച്ച മുഹമ്മദ് സലാഹിന്റെ ബാഹ്യ പ്രകടനം പ്രസക്തിയാര്‍ജിക്കുന്നത് ഇവിടെയാണ്. നിസ്സംഗത പുലര്‍ത്താതെ മുസ്ലിം ബോധത്തെ പരസ്യമായി പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് പോസ്റ്റ് വെസ്റ്റിലെ മുസ്ലിം പ്രവര്‍ത്തിക്കേണ്ടത്. ‘ ഈ ലോകത്ത് ഒരു മുസ്ലിമാവണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വാക്കില്‍ തന്നെ കടന്നു വരണം, നിങ്ങളുടെ സ്ഥാനത്തേക്ക് നിങ്ങള്‍ സമര്‍പ്പിക്കപ്പെടണം. നിങ്ങള്‍ക്കൊരിക്കലും മുസ്ലിംകളെക്കുറിച്ച് ‘അവര്‍ ‘ എന്ന് അഭിസംബോധന ചെയ്ത് സംസാരിക്കാനാവില്ല, കാരണം നിങ്ങളും ഒരു മുസ്ലിമാണല്ലോ’ ദബാശി വിശദീകരിക്കുന്നു.

മറ്റൊന്ന്, കൊളോണിയല്‍ കാലത്തിനു മുമ്പെയുള്ള കോസ്‌മോ പൊളിറ്റിസത്തിലേക്ക് മുസ്ലിംകള്‍ മടങ്ങലാണ്. അഥവാ ബൈനറികള്‍ നിര്‍മിക്കപ്പെടുന്നതിനു മുമ്പേയുള്ള സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകളിലേക്ക് മുസ്ലിം ഉണരേണ്ടതുണ്ട്.ദി മുസ്‌ലിം കോസ്‌മോപോള്‍ എന്ന അധ്യായത്തില്‍ പ്രീ കൊളോണിയല്‍ കാലത്ത് മുസ്ലിംകളുടെ കലാ സാഹിത്യ, കാവ്യ, ചരിത്ര, ഫോക് ലോര്‍ ഭാവനകളെ ഭാസുരമാക്കിയ നാഗരീക സമ്പര്‍ക്കളെക്കുറിച്ചും വിവിധ തരം സ്വാധീനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. സ്വതന്ത്രമായ രീതിയില്‍ ഒന്നും തന്നെ നിലനിന്നിട്ടില്ലെന്നും പലയിടങ്ങളില്‍ നിന്നുമുള്ള ആദാന പ്രദാനത്തിലൂടെയാണ് സര്‍വ്വതും നിലനിന്നതെന്നും ഈ അധ്യായം വ്യക്തമാക്കുന്നു. സമ്പുഷ്ടമായ അത്തരം ഭൂതകാലത്തെ പുനര്‍നിര്‍മിക്കുന്നതിലൂടെ മുസ്ലിം സ്വത്വാവബോധം തിരിച്ചു പിടിക്കാം. യൂറോപ്യന്‍ ക്രിസ്താനിറ്റിയില്‍ സംഭവിച്ച പരിഷ്‌കരണത്തെയല്ല കോസ്‌മോപൊളിറ്റി സത്തിലേക്കുള്ള മടക്കം കൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രത്യുത, മഹത്തായ നാഗരികതയെ സമ്മാനിച്ച ഇസ്ലാമിന്റെ ലൗകിക ഭാവനകളെ ( വേള്‍ഡ്‌ലിനെസ്സ്) തിരിച്ചുവിളിക്കലാണതിന്റെ താല്‍പര്യം.
ഈ കാലത്ത് മുസ്ലിമാവുക എന്നത് സത്താപരമായ ചോദ്യമായിട്ട് തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ പുതിയ ജ്ഞാന സങ്കേത (റെജിംസ് ഓഫ് നോളിജ്) ങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ മുസ്ലിമിന് സാധിക്കുകയുള്ളൂ. അതിന് മെറ്റാഫറുകളുടെ വ്യാജധാരണക്കുള്ളില്‍ നിന്ന് പുറത്തുചാടണം. മറ്റുള്ളവരാല്‍ നരേറ്റ് ചെയ്യപ്പെട്ട വ്യാകരണങ്ങളെ തിരസ്‌കരിച്ച് മുസ്‌ലിംകള്‍ തങ്ങളുടെ നരേഷനുകളിലെ അസ്തിത്വ ബോധത്തെ ആവിഷ്‌കരിക്കുകയും വേണം. പുതിയ ലോകത്തെ നിര്‍മിക്കുവാന്‍ ബദല്‍ വായനകള്‍ (ഹെര്‍മന്യൂട്ടിക്‌സ് ഓഫ് ആള്‍ട്ടേരിറ്റി) വിപുലപ്പെടേണ്ടതുമുണ്ട്. സയ്യിദ് നഖീബ് അത്താസ് നിരീക്ഷിച്ചത് പ്രകാരം വെസ്റ്റിന്റെ ജ്ഞാനാധിപത്യത്തിനെ വെല്ലുവിളിക്കുന്ന ഡീ വെസ്‌റ്റേണൈസേഷന്‍ കണ്‍സപ്റ്റുകളിലാണ് മുസ്ലിം സമൂഹത്തിന്റെ ഇനിയുള്ള ഭാവിയെന്ന് ഈ പുസ്തകം ഓര്‍മപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.