ദാറുല്‍ ഹുദായിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സ് സംഘടിപ്പിച്ച രാജ്യാന്തര ഖുര്‍ആന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വന്നതാണ് വിയറ്റ്‌നാം സ്വദേശി ബാസിറൂന്‍ ബിന്‍ അബ്ദില്ല. ഹോചിമിന്‍ സിറ്റിയിലെ ഹലാല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറലായി സേവനം ചെയ്യുന്ന ബാസിറൂന്‍ മദീന യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഡോക്ടേറ്റ് നേടിയിട്ടുണ്ട്. ഇപ്പോള്‍ ഇസ്‌ലാമിക വിഷയങ്ങളിലും അനുബന്ധ കാര്യങ്ങളിലുമായി ഗവേഷണം തുടരുന്ന അദ്ദേഹം വിയറ്റ്‌നാമിലെ ഖുര്‍ആന്‍ പരിഭാഷകളെ കേരളക്കരക്ക് പരിചയപ്പെടുത്തിക്കൊടുക്കാനാണ് രാജ്യാന്തര സെമിനാറിലെത്തിയത്. ദാറുല്‍ ഹുദായില്‍ അല്‍പ നേരം വിയറ്റ്‌നാം ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെ കുറിച്ചും അദ്ദേഹം തെളിച്ചം പ്രതിനിധികളുമായി പങ്കുവെക്കാന്‍ സമയം കണ്ടെത്തി.
വിയറ്റ്‌നാം ഇസ്‌ലാം: ചരിത്രം
പൂര്‍വേഷ്യന്‍ രാജ്യങ്ങളായ കംബോഡിയ, മലേഷ്യ, ഇന്തോന്യേഷ്യ തുടങ്ങിയ മലായ് രാഷ്ട്രങ്ങളുമായി അയല്‍ ബന്ധം പുലര്‍ത്തുന്ന വിയറ്റ്‌നാം ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമാണ്. ജനസംഖ്യയുടെ 0.1% വരുന്ന മുസ്‌ലിംകള്‍ വിയറ്റ്‌നാമില്‍ ന്യൂനപക്ഷമാണ്. ഏകദേശം 73000ത്തോളം വരും മുസ്‌ലിംകളുടെ ആകെ ജനസംഖ്യ. മറ്റു മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് ഏറെ അകന്ന് നില്‍ക്കുന്ന വിയറ്റ്‌നാമില്‍ ഇസ്‌ലാമെത്തിയതിനെക്കുറിച്ച് പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട് എന്നാണ് ചിലരുടെ പക്ഷം. ഒരു വിഭാഗം പേര്‍ഷ്യന്‍ പടയാളികള്‍ മുഖേനയാണ് ഇസ്‌ലാം വന്നതെന്ന് ചിലര്‍ പറയുമ്പോള്‍, എന്നാല്‍ ഉസ്മാനുബ്‌നു ഗഫ്ഫാന്‍(റ)ന്റെ കാലം മുതല്‍ക്ക് തന്നെ വിയറ്റനാമിന് ഇസ്‌ലാമുമായി ബന്ധമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. മലേഷ്യ, ദക്ഷിണേന്ത്യ, ഇന്താനേഷ്യ തുടങ്ങി
മുസ്‌ലിംരാഷ്ട്രങ്ങളില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് കുടിയേറിയ മുസ്‌ലിംവണിക്കുകളില്‍ നിന്നാണ് വിയറ്റ്‌നാം ഇസ്‌ലാം പരിചയിച്ചതെന്നാണ് പ്രബലമായ അഭിപ്രായം. ബാസിറൂന്‍ ബിന്‍ അബ്ദില്ലയുടെ അഭിപ്രായ പ്രകാരം ഹിജ്‌റ പതിനൊന്നാം നൂറ്റാണ്ടിന് മുമ്പ് തന്നെ വിയറ്റ്‌നാമില്‍ ഇസ്‌ലാം പ്രചരിച്ചിട്ടുണ്ടാവണമെന്നാണ്. അറബിഭാഷയില്‍ വിശ്രുതമായ സ്വിഹാഹ് ഡിക്ഷണറിയുടെ കര്‍ത്താവ് സ്വന്‍ഫി എന്ന പദത്തിനെ വിശദീകരിക്കുന്നത് സ്വന്‍ഫ എന്ന ദേശത്തിലേക്ക് ചേര്‍ക്കപ്പെടുന്നതെന്ന് എന്നാണ്. ഇത് വിയറ്റനാമിലെ ‘ചാംപാ’ എന്ന സ്ഥലത്തെക്കുറിച്ചാവാമെന്ന് ബാസിറൂന്‍ അനുമാനിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വിഹാഹിന്റെ കര്‍ത്താവ് വിയറ്റ്‌നാമിലെ ‘ചാംപാ’ രാഷ്ട്രത്തെക്കുറിച്ച് അറിഞ്ഞിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ സമര്‍ഥനം.
തെക്കെ ഇന്ത്യയുമായി വിയറ്റ്‌നാമിന് ചിരകാല ബന്ധമുണ്ട്. വിയറ്റ്‌നാം ഭാഷയിലും ഇതിന്റെ സ്വാധീനങ്ങള്‍ കാണാം. മലയാളത്തിലെ അക്ഷരങ്ങളുടെ ഉച്ചാരണം വിയറ്റ്‌നാം ഭാഷയുടെ അക്ഷരങ്ങളുടെ ഉച്ചാരണവുമായി സാമ്യത പുലര്‍ത്തുന്നുണ്ട്. അമ്പോസിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ഭാഷകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇത് ഇന്ത്യന്‍ സമൂഹവുമായി പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ക്കുണ്ടായിരുന്ന സാംസ്‌കാരിക കൈമാറ്റത്തെ സൂചിപ്പിക്കുന്നു. വിയറ്റ്‌നാമിസ് ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് പിന്നില്‍ ഒരു രാജകീയ ചരിത്രവുമുണ്ട്. വിയറ്റ്‌നാമിന്റെ തീരപ്രദേശങ്ങളിലെ ഇസ്‌ലാമിന്റെ ആഗമനത്തിന് മലേഷ്യന്‍ ഇന്ത്യന്‍ വണിക്കുകള്‍ തുടക്കം കുറിച്ചപ്പോള്‍, വിയറ്റ്‌നാമിന്റെ മധ്യ ദേശങ്ങളില്‍ ഇസ്‌ലാം പ്രചരിച്ചിട്ടില്ലായിരുന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഒരു ചാംപാ രാജാവിന്റെ ഇസ്‌ലാം ആശ്ലേഷത്തിന് ശേഷമാണ് ഇവിടെ ഇസ്‌ലാം വ്യാപിക്കുന്നത്. എന്നാല്‍ മറ്റ് പ്രദേശങ്ങളുമായും മുസ്‌ലിം രാഷ്ട്രങ്ങളുമായുമുള്ള ബന്ധത്തിന്റെ അഭാവം നിമിത്തം ചാംപാ മുസ്‌ലിംകളുടെ ഇസ്‌ലാം ഏറെക്കുറെ വിചിത്രമായ വിശ്വാസാചാരങ്ങള്‍ ഉള്‍കൊള്ളുന്നതായിരുന്നു. ഒരു ഗ്രാമത്തിലെ മുഴുവന്‍ മുസ്‌ലിംള്‍ക്കും പകരം ആ നാട്ടിലെ ഇമാം നിസ്‌കരിക്കുന്ന, ജനങ്ങള്‍ക്ക് പകരം ഇമാം നോമ്പ് നോല്‍ക്കുന്ന വിചിത്രമായ ആചാരങ്ങള്‍ നിറഞ്ഞതായിരുന്നു ഏറെക്കുറെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം വരെ ചാംപാ മുസ്‌ലിംകളുടെ ഇസ്‌ലാം. കൂടാതെ, കൃഷികളുടെ കൊയ്ത്ത് കാലത്തോടനുബന്ധിച്ച് സാങ്കല്‍പിക ബിംബത്തിന് നേര്‍ച്ചകളും ഭക്ഷണവിഭവങ്ങളും സമര്‍പ്പിക്കുന്ന വിചിത്രമായ ആചാരങ്ങളും അവര്‍ നിലനിര്‍ത്തിപ്പോന്നിരുന്നു. മറ്റ് മതവിഭാഗങ്ങളുമായുള്ള സമ്പര്‍ക്കം കാരണം മിശ്രിത വിവാഹങ്ങളും ചാംപ മുസ്്‌ലിംകള്‍ക്കിടയില്‍ സാര്‍വത്രികമാണ്. ഗ്രാമത്തിലെ ഇമാമുമാര്‍ തന്നെ മറ്റ് മതവിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിച്ചവരാണ്.
ഇസ്‌ലാം ഖദീം, ഇസ്‌ലാം ജദീദ്:
വിയറ്റ്‌നാം ഇസ്‌ലാമിന്റെ വിചിത്രാന്തരങ്ങള്‍
ചാംപ മുസ്‌ലിം വിയറ്റ്‌നാം മുസ്‌ലിംകളുടെ വലിയ ഒരു വിഭാഗത്തെ ഉള്‍ക്കൊള്ളുന്നു. ഏകദേശം 32000 ത്തോളം വരും ചാംപ മുസ്‌ലിംകളുടെ ജനസംഖ്യ. മധ്യദേശത്ത് താമസിച്ചിരുന്ന ചാംപ മുസ്‌ലിംകള്‍ക്ക് ദക്ഷിണ വിയറ്റ്‌നാമുമായി തീരെ ബന്ധമില്ലായിരുന്നു. എന്നാല്‍ ഹോചിമിന്റെ കമ്യൂണിസ്റ്റ് ഭരണകാലത്തിന്റെ സ്ഥാപനത്തിന് ശേഷം ചാംപാ ഭരണകൂടം തകര്‍ന്നടിഞ്ഞു. വിയറ്റ്‌നാമുമായി കൂടുതല്‍ ബന്ധം തുടങ്ങുന്നത് ഹോചിമിന്റെ ഈ കൂട്ടിച്ചേര്‍ക്കല്‍ മുതലാണ്. പിന്നീട് ഒരുപാട് ചാംപാ മുസ്‌ലിംകള്‍ ദക്ഷിണ വിയറ്റ്‌നാമുമായി അടുക്കുകയും മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും കുടിയേറിയ ഇസ്‌ലാമാണ് യഥാര്‍ഥ മതമെന്ന് ചാംപാ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ അപ്പോഴും പഴയ തന്നെ നിലനിന്നു. ഈയൊരു വിഭജനമാണ് ഇസ്‌ലാം ഖദീം, ഇസ്‌ലാം ജദീദ് എന്നീ ദ്വന്ദ ഇസ്‌ലാമുകള്‍ക്ക് പിന്നിലെ ഹേതുകം. മധ്യ വിയറ്റ്‌നാമില്‍ നിന്ന് നാല് പള്ളികള്‍ മാത്രമാണ് ഇസ്‌ലാം ജദീദ് മുസ്‌ലിംകള്‍ക്കുള്ളത്. മറ്റുള്ളവര്‍ക്ക് ഏഴു പള്ളികളും, വിയറ്റ്‌നാമിലെ നാല് പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് പല മുസ്‌ലിം സംഘടനകളും ‘ഇസ്‌ലാം ജദീദു’ മുസ്‌ലിംകള്‍ക്കുണ്ട്. മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഏറെ പിന്നോക്കമാണ് ഇവിടുത്തെ മുസ്‌ലിംകള്‍. ഓരോ പള്ളികളോട് ചേര്‍ന്നാണ് പ്രാഥമിക മതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിലകൊള്ളുന്നത്. ഏകദേശം ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ഈ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇസ്്‌ലാം പഠനം അഭ്യസിക്കുന്നു. പല മുസ്‌ലിം രാഷ്ട്രങ്ങളുടെയും സഹായങ്ങള്‍ ഈയടുത്തായി മുസ്‌ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ഈയടുത്ത കാലത്തായി മലേഷ്യ, സൗദി അറേബ്യ തുടങ്ങി മുസ്‌ലിം രാഷ്ട്രങ്ങളിലേക്ക് വിദ്യാഭ്യാസാര്‍ഥം മുസ്‌ലിം വിദ്യാര്‍ഥികളുടെ കുടിയേറ്റം വര്‍ധിച്ചിട്ടുണ്ട്.
സലഫി ധാരകളുടെ സ്വാധീനം വിയറ്റ്‌നാമിലുണ്ടെങ്കിലും വ്യാപാരികള്‍ മുഖേനെ പ്രചരിച്ച ഇസ്്‌ലാമായത് കൊണ്ട് സുന്നി ഇസ്‌ലാമിനാണ് കൂടുതല്‍ വേരോട്ടം. സലഫികള്‍ സ്വയം സുന്നത്ത് എന്ന് പരിചയപ്പെടുത്തുമ്പോള്‍ സുന്നികള്‍ അഹ്്‌ലുസ്സുന്ന വല്‍ ജമാഅത്ത് എന്ന പേരിലറിയപ്പെടുന്നു. ശാഫിഈകളാണ് ഇവിടുത്തെ മുസ്‌ലിംകള്‍. മരണാനന്തര കര്‍മങ്ങളും മറ്റ് ആചാരങ്ങളും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. വിയറ്റ്‌നാം ഇസ്്‌ലാമിനെക്കുറിച്ച് ബാസറൂന്‍ പതിനഞ്ച് പേജുകള്‍ വരുന്ന ലേഖനം അറബിയില്‍ എഴുതി പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. അഞ്ച് പ്രസിദ്ധീകരണങ്ങളില്‍ ഇതിനകം വിയറ്റ്‌നാമിലേക്കുള്ള ഇസ്‌ലാം ആഗമനത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ തമിഴ് ജനതയുമായുള്ള ഈ അടുപ്പത്തിന്റെ തുടര്‍ച്ചയാവണം വിയറ്റ്‌നാം ഇസ്‌ലാമിന്റെ പ്രചാരത്തിന് പിന്നിലെന്നാണ് ബാസറൂന്റെ നിഗമനം. തന്റെ പിതാവും പ്രപിതാവും ആദ്യം ഇസ്‌ലാം ഖദീമിന്റെ വക്താക്കളായിരുന്നെന്നും ദക്ഷിണ വിയറ്റ്‌നാമിലേക്കുള്ള അവരുടെ ആഗമനം മധ്യദേശങ്ങളില്‍ ഇസ്്‌ലാം ജദീദിന്റെ പ്രചരണത്തിന് തുടക്കം കുറിച്ചുവെന്നും ബാസറൂന്‍ പറയുന്നു. പലരും വിയറ്റ്‌നാമിസ് ഭാഷകളിലാണ് തങ്ങളുടെ പേരുകള്‍ പരിചയപ്പെടുത്തുന്നത്. വിയറ്റ്‌നാം ഭാഷയില്‍ താന്‍ഹ് താന്‍ഹ് മാന്‍ഹ് എന്നാണ് ബാസിറൂന്റെ നാമം. ജനന രേഖകളില്‍ ഇവര്‍ വിയറ്റ്‌നാമിസ് ഭാഷയിലാണ് പേര് രേഖപ്പെടുത്താറുള്ളത്.
രാഷ്ട്രീയത്തില്‍ ഒരു മതവിഭാഗത്തിനും ഇടപെടാനുള്ള അവസരമില്ലെങ്കിലും മതനിരപേക്ഷ കമ്യൂണിസ്റ്റ് ഭരണമായത് കൊണ്ട് മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ യഥേഷ്ടം ലഭിക്കാറുണ്ട്. ബുദ്ധമതവും കിവത്വാനികളും പ്രബല മതവിഭാഗങ്ങളെങ്കിലും മതരഹിത കമ്യൂണിസ്റ്റ് ഭരണം ചാംപ മുസ്‌ലിംകള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും ഏറെ പരിഗണന നല്‍കുന്നു. പല വിദ്യാഭ്യാസ സഹായങ്ങളും മറ്റും ഇവിടുത്തെ സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കായി മാത്രം വകവെച്ച് നല്‍കുന്നുണ്ട്. എന്നാല്‍ സാംസ്‌കാരികമായി വളരെ പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംകള്‍ക്ക് ഇനിയും മുസ്‌ലിംരാജ്യങ്ങളുമായുള്ള കൂടുതല്‍ സമ്പര്‍ക്കത്തിലൂടെ മാത്രമേ സമഗ്രമായ മാറ്റം സാധിച്ചെടുക്കാനാവൂ എന്ന് ബാസറൂന്‍ സാക്ഷ്യപ്പെടുത്തുന്നു.
Add comment