Thelicham

സുന്നി ശിയ ഐക്യം: സാധ്യതകളിലെ വര്‍ത്തമാനം

‘ജ്ഞാനിയായ നഥാന്‍’ ജ്ഞാനോദയകാലഘട്ടത്തിന്റെ പ്രമുഖപ്രതിനിധാനവും ജര്‍മന്‍ സാഹിത്യത്തിന്റെ വികാസ പരിണാമങ്ങള്‍ക്ക് ദിശനിര്‍ണയിച്ച എഫ്രയിം ലെസിങ്ങിന്റെ വിഖ്യാതമായ കൃതിയുമാണ്. വിശ്വാസ ഭിന്നതയുടെ വിടവുകള്‍ക്കിടയിലും സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ പൊതുഘടകങ്ങള്‍ കണ്ടെത്തി വിദ്വേഷാത്മക മതാന്ധതക്കപ്പുറം സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ശോഭനചിത്രങ്ങള്‍ രചിക്കുന്ന ജൂത-ക്രിസ്ത്യന്‍-മുസ്‌ലിം സ്‌നേഹിതരുടെ ജീവിതങ്ങളാണ് കൃതിയുടെ പ്രമേയം.
കഥയിലെ കേന്ദ്രപ്രമേയമായി ലെസിങ്ങ് അവതരിപ്പിക്കുന്ന ഒരു ദൃഷ്ടാന്തകഥ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഏത് മതമാണ് സത്യമതമെന്ന സുല്‍ത്താന്‍ സ്വലാഹുദ്ദീന്റെ ചോദ്യത്തിന് പ്രത്യുത്തരമായാണ് കഥയാരംഭിക്കുന്നത്. ജനങ്ങളുടെയും ദൈവത്തിന്റെയും പ്രീതി നേടിത്തരുന്ന ഒരു അത്ഭുതമോതിരം ഒരു കുടുംബത്തിന്റെ പക്കലുണ്ടായിരുന്നു. പരമ്പാരാഗതമായി പിതാവ് തനിക്ക് കൂടുതലിഷ്ടമുള്ള മകന് കൈമാറി വന്നിരുന്ന മോതിരം, പില്‍കാലത്ത് അത് ലഭിച്ച ഒരു പിതാവിന് തന്റെ മൂന്നു പുത്രന്മാരോടും ഒരു പോലെ സ്‌നേഹമുണ്ടാവുകയും മൂന്ന് പേര്‍ക്കും ആ മോതിരം നല്‍കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. വാഗ്ദാനലംഘനത്തില്‍ നിന്ന് രക്ഷപ്പെടാനായി യഥാര്‍ഥ മോതിരത്തില്‍ നിന്ന് വേര്‍തിരിച്ചറിയാനാവാത്ത വിധം സമാനമായ പകര്‍പ്പുകളുണ്ടാക്കി മരണവേളയില്‍ ഓരോരുത്തര്‍ക്കും രഹസ്യമായി നല്‍കുകയും ചെയ്തു. യഥാര്‍ഥ മോതിരം ആരുടെ കൈയ്യിലാണെന്നതിനെച്ചൊല്ലി മക്കള്‍ പരസ്പരം കലഹിക്കാന്‍ തുടങ്ങി. ജ്ഞാനിയായ ഒരു ന്യായാധിപന്‍ ഇടപെട്ട് തര്‍ക്കം പരിഹരിച്ചതിങ്ങനെ: ”ഇനിയൊരിക്കലും ഏതാണ് മൂല മോതിരമെന്ന് പറയാന്‍ കഴിയില്ല. മൂന്നു മോതിരങ്ങളും പകര്‍പ്പുകളാവാമെന്ന സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. അതുകൊണ്ട് ഇനിയുള്ള ഏക പോംവഴി ജനങ്ങളുടെയും ദൈവത്തിന്റെയും പ്രീതിക്കു പാത്രമാകുന്ന സച്ചരിത ജീവിതം അനുഷ്ടിച്ച് മൂലമോതിരം തന്റെ പക്കലാണെന്ന് തെളിയിക്കുകയെന്നതാണത്. കഥയിലെ മോതിരം പോലെയാണ് മതമെന്ന് നഥാന്‍ സുല്‍ത്താനെ ബോധ്യപ്പെടുത്തുന്നു.
മുസ്‌ലിം സമൂഹത്തിന്റെ വര്‍ത്തമാന സാഹചര്യങ്ങള്‍ ഒന്നിലധികം നഥാന്മാരെ കാത്തിരിക്കുന്നതുകൊണ്ടാണ് ഈ കഥയിവിടെ ഉദ്ധരിച്ചത്. വിഭാഗീയക്കളയാന്‍ പറ്റില്ല. അതുകൊണ്ട് ഇനിയുള്ള ഏക പോംവഴി ജനങ്ങളുടെയും ദൈവത്തിന്റെയും പ്രീതിക്കു പാത്രമാകുന്ന സച്ചരിത ജീവിതം അനുഷ്ടിച്ച് മൂലമോതിരം തന്റെ പക്കലാണെന്ന് തെളിയിക്കുകയെന്നതാണത്. കഥയിലെ മോതിരം പോലെയാണ് മതമെന്ന് നഥാന്‍ സുല്‍ത്താനെ ബോധ്യപ്പെടുത്തുന്നു.
മുസ്‌ലിം സമൂഹത്തിന്റെ വര്‍ത്തമാന സാഹചര്യങ്ങള്‍ ഒന്നിലധികം നഥാന്മാരെ കാത്തിരിക്കുന്നതുകൊണ്ടാണ് ഈ കഥയിവിടെ ഉദ്ധരിച്ചത്. വിഭാഗീയ സംഘട്ടനങ്ങളും അനാരോഗ്യകരമായ പ്രത്യയശാസ്ത്ര വടംവലികളും ഉള്‍പോരുകളുമെല്ലാം സാധിച്ചെടുത്ത സാമൂഹിക പരിസരവും അതിന്റെ ഉപോല്‍പന്നങ്ങളായ തീവ്രവാദ ഭീകരവാദാസഹിഷ്ണുതകളും ഉറക്കെ വിളിച്ചുപറയുന്നതും മറ്റൊന്നല്ല. 1979 ലെ ഇറാന്‍ വിപ്ലവത്തിന് ശേഷം ശക്തിയാര്‍ജിച്ച് അറബ് വസന്ത ദശയിലേക്ക് അനുസ്യൂതം പ്രവഹിക്കുകയും സിറിയന്‍ പ്രതിസന്ധിയിലൂടെ ജൈത്രയാത്ര തുടരുകയും അവിശ്വാസത്തിന്റെ വിദ്വേഷാഗ്‌നി മധ്യപൗരസ്ത്യ മേഖലയാസകലം ദഹിപ്പിക്കാനൊരുങ്ങുമ്പോഴും എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചിലര്‍. ‘അവിശ്വാസികള്‍ യുദ്ധാഗ്‌നി ജ്വലിപ്പിക്കാനൊരുമ്പെടുമ്പോഴെല്ലാം ഊതിക്കെടുത്തിയ അല്ലാഹു’ വിന്റെ വിശുദ്ധ ഗ്രന്ഥത്തിന്റെ വക്താക്കളായ പണ്ഡിത പ്രമുഖര്‍ തന്നെ എലിയെ പേടിച്ച് ഇല്ലം ചുടുന്ന തിരക്കിലാണ്. കഴിഞ്ഞ വര്‍ഷമാണ് സൗദി ഗ്രാന്റ് മുഫ്തി അബ്ദുല്‍ അസീസ് ബിന്‍ അബ്ദില്ല ആലുശൈഖ്, ശിയാ മുസ്‌ലിംകള്‍ അഗ്‌നിയാരാധകരും അമുസ്‌ലിംകളുമാണെന്ന് പ്രഖ്യാപിച്ചത്. ഇബ്‌നു തൈമിയ്യ തന്റെ കാലത്തെ റാഫിളികള്‍ക്കെതിരെ പുറപ്പെടുവിച്ച ഫത്‌വയുടെ പിന്‍ബലത്തില്‍ ഇന്നത്തെ ശിയാക്കളും റാഫിളികളും കൊല്ലപ്പെടേണ്ടവരുമാണെന്ന് നിര്‍ലജ്ജം ഘോഷിക്കുന്നവര്‍ തന്നെയാണ് ശിയാകേന്ദ്രങ്ങളില്‍ ചാവേറാക്രമണം നടത്തുന്ന സിപാഹെ സഹാബ പോലുള്ള ഭീകര സംഘടനകള്‍ക്ക് ആശായാടിത്തറ ഒരുക്കുന്നതും നിരപരാധികളായ അസംഖ്യം ജീവനുകള്‍ ഹോമിക്കപ്പെടാന്‍ ഹേതുവാകുന്നതും.
‘നാഗകരികതകളുടെ സംഘട്ടന’ യുഗാന്തരം നാഗകരികതകളുടേയും മതങ്ങളുടേയും സംവാദ യുഗത്തിലേക്ക് അനുക്രമിച്ച ലോകത്ത് ഭിന്ന മതങ്ങള്‍ തമ്മില്‍ ആശയസംവാദത്തിന്റെ വേദികള്‍ ഒരുങ്ങുമ്പോഴും മതത്തിനുള്ളിലെ (Intra-faith) വിഭാഗങ്ങള്‍ തമ്മില്‍ അബദ്ധധാരണകളുടേയും പരസ്പരാധിക്ഷേപത്തിന്റെയും അരങ്ങുകള്‍ സജീവമായി തന്നെ തുടരുന്നുവെന്നത് കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ അറച്ച് നില്‍ക്കുന്ന ധൈഷണിക ജഡത്വത്തിന്റെ ആപല്‍കരമായ സൂചനയാണ് നല്‍കുന്നത്. സ്‌നേഹം, സമാധാനം, സാഹോദര്യം, സഹകരണം തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ക്ക് മേല്‍ ശാഖാപരമായ അഭിപ്രായ ഭിന്നതകള്‍ അധീശത്വം നേടുകയും മുന്‍ഗണനാക്രമങ്ങള്‍ തകിടം മറിയുകയും ചെയ്തതിന്റെ ദുരന്തഫലമായാണ് ഈ അനാരോഗ്യ പ്രവണത മതസംരക്ഷണത്തിന്റെ വേഷമണിഞ്ഞെത്തുന്നത്.
തെറ്റിദ്ധാരണകളും മുന്‍ധാരണകളും മാറ്റിനിര്‍ത്തി പരസ്പരം അറിയുന്നതിലൂടെ നേടിയെടുക്കേണ്ട സഹജീവന പാഠങ്ങളാണ് ഇന്ന് ഏറെ ആവശ്യമായുള്ളത്. ചരിത്രത്തിന്റെ അഗാധതകളിലേക്ക് നീളുന്ന ബലിഷ്ഠ വേരുകള്‍ അവിശ്വാസത്തിന്റെയും സംശയത്തിന്റെയും വര്‍ത്തമാനത്തെ തെല്ലൊന്നുമല്ല ദൃഢപ്പെടുത്തുന്നത്. എന്നാല്‍ നിഷ്പക്ഷതയുടെ പക്ഷം ചേര്‍ന്ന് പ്രമാണങ്ങളിലൂടെ ഒരു ഹ്രസ്വ പര്യടനം നടത്തുന്നതോടെ ഉരുകിപ്പോകാവുന്നതേയുള്ളൂ അബദ്ധധാരണകളുടെ ഹിമപര്‍വ്വങ്ങളെന്ന് ഇരുവിഭാഗങ്ങളെയും സമഗ്ര വിശകലനം നടത്തിയ അല്ലാമാ ത്വാഹിറുല്‍ ഖാദിരിയെപ്പോലുള്ള പണ്ഡിതര്‍ കാണിച്ചു തരുന്നു.
ബഹുസ്വരതയുടെ ചുറ്റുപാടില്‍ ഭിന്നസ്വരങ്ങള്‍ സശ്രദ്ധം ശ്രവിച്ച് ഉത്തമ മാര്‍ഗമവലംബിക്കുന്നവരാണ് സത്യവിശ്വാസികളെന്ന് ഖുര്‍ആന്‍ (സുമര്‍: 18). വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും സഹിഷ്ണുതയോടെ സമീപിച്ച പൈതൃകത്തിന്റെ അവകാശികളാണ് മുസ്‌ലിംകള്‍. യവനതത്വചിന്തയോട് അന്ധമായ ആഭിമുഖ്യം പുലര്‍ത്തിയവര്‍ക്കെതിരെ ചലിച്ച ഗസാലി(റ)യുടെ തൂലിക യവനദര്‍ശനങ്ങളിലടങ്ങിയ ശാസ്ത്രസത്യങ്ങളോട് നിഷേധാത്മക നിലപാട് കൈക്കൊണ്ടവരെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ”വിശ്വാസ സംരക്ഷണാര്‍ഥംം സ്വീകരിക്കുന്ന ഇത്തരം നിഷേധാത്മകത, വിശ്വാസ ധ്വംസനത്തിലേക്കുള്ള കുറുക്കു വഴിയാണ് തെളിക്കുന്നതെന്ന് ‘വിഡ്ഢികളായ സുഹൃത്തുക്കള്‍’ ഓര്‍ക്കുന്നില്ല. (അല്‍ മുന്‍ഖിദ് മിനള്ളലാല്‍)
യോജിച്ചു നീങ്ങാവുന്നയിടങ്ങളില്‍ പൊതുനന്മക്കായി ഒന്നിച്ചണി ചേരുന്ന പാരമ്പര്യമാണ് ഇസ്‌ലാമിക ചരിത്രത്തിന് പറയാനുള്ളത്. ഹില്‍ഫുല്‍ ഫുളൂലും സ്വഹീഫത്തുല്‍ മദീനയുമെല്ലാം അതിലെ തിളങ്ങുന്ന ആധ്യായങ്ങള്‍ മാത്രം. മാനവരാശിയുടെ വൈവിധ്യങ്ങള്‍ തന്നെയും പരസ്പര ജ്ഞാനത്തിന്റെ ദര്‍പ്പണത്തിലൂടെയാവണം ദര്‍ശിക്കേണ്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍. (ഹുജ്‌റാത്ത്: 13)
ആരോപണ പ്രത്യാരോപണങ്ങളുടെ കൊടുങ്കാറ്റുകള്‍ ഇളക്കിവിട്ട ധൂളിപടലങ്ങള്‍ക്കിടയില്‍ നിന്നും സംശുദ്ധവും തനിമയാര്‍ന്നതുമായ സത്യങ്ങളെ ചികഞ്ഞെടുക്കാന്‍ സാഹസയത്‌നം ചെയ്ത ധൈര്യശാലികളായ പണ്ഡിതര്‍ ഇരു വിഭാഗങ്ങളുടെയും വിരുദ്ധ ദിശാ പ്രയാണത്തിന് തടസം നില്‍ക്കുകയും ഇസ്‌ലാമെന്ന ഭ്രമണപഥത്തിലൂടെ സഹസഞ്ചാരത്തിന് വേദിയൊരുക്കുകയും ചെയ്തുപോന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഈ ദിശയില്‍ ധീരവും സുചിന്തിതവുമായ ചുവടുകള്‍ വെച്ച അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നടക്കമുള്ള സുന്നികളും ശിയാക്കളുമായ പണ്ഡിതര്‍ 1947ല്‍ ഈജിപ്തിലെ കയ്‌റോ ആസ്ഥാനമാക്കി ബീജാവാപം നല്‍കിയ സംഘടനയാണ് ‘ജമാഅത്തു തഖ്‌രീബ് ബൈനല്‍ മദാഹിബില്‍ ഇസ്‌ലാമിയ്യ’.
1910ല്‍ ഇറാനിലെ ഖുമ്മില്‍ ജനിച്ച് അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രവീണ്യവും മത വിജ്ഞാനീയങ്ങളില്‍ അഗാധ ജ്ഞാനവും നേടിയ അല്ലാമാ മുഹമ്മദ് തഖി അല്‍ ഖുമ്മിയായിരുന്നു ശിയാ പക്ഷത്തു നിന്ന് ഇത്തരമൊരു നീക്കത്തിന് മുന്‍ കൈയെടുത്തത്. തന്റെ വിപ്ലവകരമായ ആശയവുമായി അസ്ഹറിലെത്തിയ അല്ലാമാ ഖുമ്മിയെ അസ്ഹര്‍ റെക്ടര്‍ ശൈഖ് മഹ്മൂദ് ശല്‍ത്തൂത്ത് ഇരുകൈകളും നീട്ടി സ്വീകരിച്ചാനയിക്കുകയും സ്വപ്‌നസാക്ഷാല്‍കാരമായ ദാറുത്തഖ്‌രീബ് സ്ഥാപിക്കുവാന്‍ സര്‍വ സഹായങ്ങളും നല്‍കുകയും ചെയ്തു. പിന്നീട് 1959ല്‍ ‘ഇസ്‌ലാം: ഐക്യത്തിന്റെ മതം’ എന്ന തലക്കെട്ടില്‍ പുറത്തു വന്ന ശൈഖ് ശല്‍ത്തൂത്തിന്റെ ഫത്‌വ സുന്നീ കര്‍മശാസ്ത്രസരണികളായ മാലികീ, ഹനഫീ, ശാഫീ, ഹമ്പലീ മദ്ഹബുകളെപോലെ അഞ്ചാമതൊരു സരണിയായി ശിയ കര്‍മശാസ്ത്രസരണിയായ ജഅ്ഫരി മദ്ഹബിനെയും അംഗീകരിക്കുന്നതായിരുന്നു. അസ്ഹറിലെ മാത്രം പണ്ഡിതന്മാരുടെ വീക്ഷണമല്ല, മറിച്ച് സുന്നീ ലോകത്തെ നിരവധി പണ്ഡിതവരേണ്യരുടെ കൂടി അഭിപ്രായവും ഇതുതന്നെയാണെന്ന് ശൈഖ് ശല്‍ത്തൂത്ത് ആണയിടുന്നുണ്ട്.
ഏകോപനത്തിന്റെ സംരംഭത്തിന് ആക്കം കൂട്ടിയ ഘടകങ്ങളെ കുറിച്ച് അല്ലാമാ ഖുമ്മി പറയുന്നു: ‘അന്നത്തെ മുസ്‌ലിം ലോകത്തിന്റെ സ്ഥിതിഗതികള്‍ സുന്നികളും ശിയാക്കളും തമ്മില്‍ വിഭാഗീയ സംഘട്ടനം അതിന്റെ പരമകാഷ്ഠയില്‍ അനിവാര്യമാക്കി തീര്‍ക്കുന്നതായിരുന്നു, ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ അവിശ്വാസത്തിന്റെയും തെറ്റിദ്ധാരണകളുടെയും കലഹത്തിന്റെയും ആരവങ്ങളാല്‍ മുഖരിതമായ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. വിശ്വാസ സരണികള്‍ക്കിടയില്‍ ഭേദിക്കാനാവാത്ത മതിലുകള്‍ സൃഷ്ടിക്കുന്നതില്‍ മതത്തിന്റെ ശത്രുക്കള്‍ വിജയം വരിച്ചിരുന്നു. ആക്ഷേപഹാസ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമപ്പുറം അപരനെ ശ്രവിക്കാന്‍ തയാറാവാതെ പരസ്പരം അധിക്ഷേപ ശരവര്‍ഷം നടത്തുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു വിവിധ വിഭാഗങ്ങള്‍’. (മിലഫ്ഫുത്തഖ്‌രീബ്, ഡോ. മുഹമ്മദ് അലി ആദര്‍ശബ്)
‘ജമാഅത്തു തഖ്‌രീബി’ന്റെ മുന്നണിയില്‍ സുന്നി-ശിയ ലോകത്തെ തലയെടുപ്പുള്ള അനവധി വ്യക്തിത്വങ്ങളുണ്ടായിരുന്നു. ശൈഖ് മഹ്മൂദ് ശല്‍ത്തൂത്ത്, ശൈഖ് മുസ്ത്വഫാ അബ്ദുറസാഖ്, ശൈഖ് അബ്ദുല്‍ അസീസ് ഈസാ, ശൈഖ് മുഹമ്മദ് തഖി അല്‍ ഖുമ്മി, ശൈഖ് അബ്ദുല്‍ മുതആലിഅസ്സ്വഈദി, ശൈഖ് മുഹമ്മദ് മുഹമ്മദ് അല്‍ മദനി, ശൈഖ് അബ്ദുല്‍ മജീദ് സലീം, ശൈഖ് മുഹമ്മദ് ജവാദ് മുഗ്‌നിയ, ശൈഖ് അബ്ദുല്‍ ഹുസൈന്‍ ശറഫുദ്ദീന്‍ അല്‍ മൂസവി, മുഹമ്മദ് അലൂബ പാഷ തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്. ഏകോപനത്തിന്റെ ശ്രമങ്ങള്‍ അസ്ഹറിന്റെയോ ശൈഖ് അല്‍ശല്‍ത്തൂത്തിന്റെയോ മാത്രം വ്യതിയാനങ്ങളായിരിക്കണമെന്നും സുന്നീ മുഖ്യധാരയൊരിക്കലും ഇത്തരം ‘ആവേശങ്ങള്‍ക്ക്’ പിന്തുണയേകിയിട്ടുണ്ടാവില്ലെന്നുമുള്ള സ്വയംകൃതാനുമാനത്തിന് അടിസ്ഥാനമില്ലെന്ന് സൂചിപ്പിക്കാനാണ് ഇത്രയും പേരുകള്‍ പരാമര്‍ശിച്ചത്. ചില കോണുകളില്‍ നിന്ന് എതിര്‍പ്പിന്റെ സ്വരങ്ങളുണ്ടായിട്ടില്ലെന്ന് വാദവുമില്ല. കാരണം മുസ്‌ലിംകളുടെ സംഘശക്തിയുടെ സംരക്ഷണാര്‍ഥം അധികാരം തൃജിക്കാന്‍ തയ്യാറായ ഹസന്‍ ബിന്‍ അലി (റ) യുടെ നേരെയും വിമര്‍ശ ശരങ്ങള്‍ ചീറിയടുത്തിട്ടുണ്ട്.
അറബ്-ഇസ്രായേല്‍ യുദ്ധങ്ങളും ഇറാനിലെ ഇസ്‌ലാമിക വിപ്ലവങ്ങളുമടക്കം മുസ്‌ലിം ലോകത്തിന്റെ ഭൂപടങ്ങള്‍ മാറ്റിവരച്ച സംഭവ വികാസങ്ങള്‍ ഏകോപനൈക്യശ്രമങ്ങള്‍ക്ക് കനത്ത പ്രഹരങ്ങളേല്‍പ്പിച്ചുവെന്ന് മാത്രമല്ല അഭൂതപൂര്‍വമാം വിധം മേഖലയുടെ രാഷ്ട്രീയ സ്ഥിരതയെ തന്നെ അമ്മാനമാടി. അധികാര അച്ചുതണ്ടാവാനുള്ള മത്സരത്തില്‍ സൗദി ഇറാന്‍ ശീതസമരം സൃഷ്ടിച്ച രഹസ്യസംഘങ്ങള്‍ നിഴല്‍ യുദ്ധങ്ങള്‍കൊണ്ടും ചാവേര്‍ സ്‌ഫോടനങ്ങള്‍കൊണ്ടും സാധാരണക്കാരുടെ സൈ്വര്യജീവിത മോഹങ്ങളെ ഭൂതകാലത്തിന്റെ വിദൂരസ്വപ്‌നങ്ങളാക്കി മാറ്റി. മേഖലയിലെ താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചെടുത്ത വെറുപ്പിന്റെ രാഷ്ട്രീയ യുക്തി പ്രത്യയശാസ്ത്ര മൂടുപടങ്ങളണിഞ്ഞ് ആഗോള വേദികളിലേക്ക് വിപണനം ചെയ്യപ്പെട്ടു. തങ്ങളുടെ തീവ്രാശയങ്ങളോട് സമരസപ്പെടാന്‍ വിസമ്മതിക്കുന്ന ഭിന്ന സരണികളോട് തന്നെ വെറുപ്പിന്റേയും സംഘട്ടനത്തിന്റെയും മാര്‍ഗമവലംബിക്കാമെങ്കില്‍ മതത്തിന്റെ വൃത്തത്തിന് പുറത്തുള്ള ഇതര മതവിശ്വാസികളോട് അതിലേറെ കടുത്ത സമീപനം കൈകൊള്ളാന്‍ തടസ്സമൊന്നുമില്ലെന്ന സാമാന്യ യുക്തിയാണ് ഇന്ന് ഭീകരവാദമെന്ന ഓമനപ്പേരില്‍ ലോകത്തിന്റെ സമാധാനം കെടുത്തുന്നത്.
അറബ് വസന്തത്തിലെ രക്തപുഷ്പമായ സിറിയന്‍ പ്രതിസന്ധിയുടേയും യമന്‍, ബഹ്‌റൈന്‍ ആഭ്യന്തര യുദ്ധങ്ങളുടെയും അന്തര്‍നാടകങ്ങള്‍ രചിക്കപ്പെടുന്നത് ഈ സെനഫോബിയ(Xenophobia)യുടെ യുക്തിയും പ്രമാണങ്ങളും നിര്‍വചിക്കുന്ന ഭാഷയിലും സങ്കേതങ്ങളിലുമാണ്.
ആസുരതകളുടെ മേഘപാളികള്‍ക്കിടയിലും സഹകരണത്തിന്റെ രജതരേഖയുമായി 1992 ല്‍ ‘അല്‍ മജ്‌ലിസുല്‍ ആലമി ലിത്തഖ്‌രീബി ബൈനല്‍ മദാഹിബില്‍ ഇസ്‌ലാമിയ്യ’ എന്ന ആഗോള സമിതി മുസ്‌ലിം ഐക്യത്തിനായുള്ള പ്രത്യേക പദ്ധതികളുമായി രംഗത്ത് വരികയുണ്ടായി. 1991 ല്‍ ISESCO(Islamic Educational, Scientific ad Cultural Organization)യും സമവായത്തിന്റെ ചര്‍ച്ചകള്‍ക്കായി മൊറോക്കോയുടെ തലസ്ഥാനം റബാത്തില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. 2003 ല്‍ നടന്ന മുസ്‌ലിം ഉച്ചകോടിയുടെ പ്രമേയം ‘വിശ്വാസ സരണികള്‍ തമ്മിലുള്ള അടുപ്പം സാധ്യമാക്കാനുള്ള നയതന്ത്ര’മായിരുന്നു. 2013 സെപ്റ്റംബറില്‍ ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ISNA)യെന്ന പേരില്‍ ദഅ്‌വാ രംഗത്ത് സജീവമായ അമേരിക്കന്‍ മുസ്‌ലിം സംഘടന സുന്നി ശിയാ വിഭാഗങ്ങളുടെ ഐക്യ സംബന്ധിയായുള്ള യൂനിറ്റി അഗ്രിമെന്റ് ഒപ്പുവെച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. ”അമേരിക്കന്‍ ഇസ്‌ലാമിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് ” ഇസ്‌ന അധ്യക്ഷന്‍ ഇമാം മുഹമ്മദ് മാജിദ് സംഭവത്തെ വിശേഷിപ്പിച്ചു. മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും (എം.സി.ബി) സമാനമായൊരു പ്രസ്താവന പുറത്തിറക്കിയിരുന്നു.
2015 ല്‍ സുന്നി ശിയ കലാപത്തിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ നക്കിതുടച്ച മലേഷ്യയിലെ സാംപാങ്ങ് പ്രവിശ്യയില്‍ അടുത്ത വര്‍ഷം 2016 ല്‍ സന്ദര്‍ശനത്തിനെത്തിയ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ സുന്നികളും ശിയാക്കളും ഇസ്‌ലാമിന്റെ രണ്ടു ചിറകുകളാണെന്നും അവരുടെ ഐക്യം അനിവാര്യമാണെന്നും പ്രസ്താവിച്ചു.
ചുരുക്കത്തില്‍ സുന്നി ശിയ ഐക്യം ആഗോളതലത്തില്‍ തന്നെ മുഖ്യധാരാ ഇസ്‌ലാമിന്റെ ആശീര്‍വാദത്തോടെ വിജകരമായി പുരോഗമിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാസമാണെന്ന് ഇത്രയും പറഞ്ഞതില്‍ നിന്ന് മനസിലാക്കാനാവും.
രണ്ട് തെറ്റിദ്ധാരണകള്‍
ഇത്തരമൊരു സാഹചര്യത്തില്‍ പ്രധാനമായും രണ്ട് തെറ്റിദ്ധാരണകള്‍ ഉയര്‍ന്ന് വന്നേക്കാം.
ഒന്ന്: സുന്നികളും ശിയാക്കളും തമ്മില്‍ ഐക്യപ്പെടുമ്പോള്‍ തങ്ങളുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് നിരക്കാത്ത പലതും ഇരുവിഭാഗങ്ങളും അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുമല്ലോ എന്ന ആശങ്ക.
രണ്ട്: സുന്നികളും ശിയാക്കളും തമ്മിലുള്ള വിശ്വാസാചാരങ്ങളിലെ സമാനതകള്‍ തുറന്നു പറഞ്ഞാല്‍ തങ്ങളുടെ വിശ്വാസങ്ങള്‍ മറുവിഭാഗത്തില്‍ നിന്ന് സംക്രമിച്ചതാണെന്ന് സമ്മതിക്കലാവില്ലേയെന്ന ആശങ്ക.
വിശദീകരണം
ഒന്ന്: ഐക്യം കൊണ്ട് ഉദ്ദേശിക്കുന്നത് ഐക രൂപ്യം (Uniformity) കൈവരുത്തി സുന്നി സുന്നിയല്ലാതാവുകയും ശിയ ശിയയാവാതിരിക്കുകയും ചെയ്യുന്ന മൂന്നാമതൊരു സരണിയുടെ രൂപീകരണമല്ല. സായുധ സംഘട്ടനത്തില്‍ നിന്ന് ആശയസംവാദത്തിലേക്കുള്ള ദൂരം കുറക്കുകയും പൊതു നന്മക്കായ് സമാധാന പൂര്‍ണമായ സഹജീവനം സാധ്യമാക്കുകയെന്നുമാണ്.
രണ്ട്: തങ്ങളുടെ വിശ്വാസാചാരങ്ങളില്‍ ചിലത് മറ്റേതെങ്കിലും വിഭാഗവും പങ്കുവെക്കുന്നുവെന്നതുകൊണ്ട് അവരില്‍ നിന്ന് കടം കൊണ്ടതാണെന്ന് അതിനര്‍ഥമില്ല. അങ്ങനെയെങ്കില്‍, നിസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങി സുന്നികളും ശീഇകളും ഒരുപോലെ സ്വീകരിച്ചുവരുന്ന കര്‍മങ്ങള്‍ മുഴുവനും മറുവിഭാഗത്തില്‍ നിന്ന് കയറിക്കൂടിയതാണെന്ന് പറയേണ്ടിവരും.
‘ശീഇസം: ഒരു ആത്മ വിചാരണ’ എന്ന പേരില്‍ ഡോ. മൂസ അല്‍മൂസവിയുടെ അശ്ശീഅത്തു വത്തസ്ഹീഹ് എന്ന ഗ്രന്ഥം മലയാള വിവര്‍ത്തനം നിര്‍വ്വഹിച്ച ഇ.എന്‍ ഇബ്രാഹിം തന്റെ വിവര്‍ത്തകകുറിപ്പില്‍ പുസ്തകത്തിന്റെ പ്രസക്തി വിവരിക്കുന്നതിനിടെയും ഇത്തരമൊരാരോപണം ഉന്നയിക്കുന്നതു കാണാം. അദ്ദേഹം എഴുതുന്നു: ”കേരള മുസ്‌ലിംകളിലെ മഹാഭൂരിപക്ഷത്തിന്റെയും വിശ്വാസാചാരങ്ങളില്‍ പലതും ശിയാക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. തങ്ങള്‍ സുന്നികളാണെന്ന് അവകാശപ്പെടുന്നവര്‍ അറിയുന്നില്ല പലകാര്യങ്ങളിലും തങ്ങള്‍ ശിയാ രീതികളാണ് അവലംബിച്ചിട്ടുള്ളതെന്ന്.” ‘ഇസ്തിഗാസ ഇസ്‌ലാമിക വീക്ഷണത്തില്‍’ എന്ന പുസ്തകത്തിന്റെ അവസാനപുറങ്ങളില്‍ കേരള മുസ്‌ലിംകളിലെ ഭൂരിപക്ഷം ന്യായീകരിക്കുന്ന ഇസ്തിഗാസ ശിയാ വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും എഴുതിയിട്ടുണ്ട്.
ഇവര്‍ക്ക് ഇസ്‌ലാമിക ചരിത്രത്തിലെ വിശ്വാസ ധാരകളുടെ നാള്‍വഴികളെക്കുറിച്ചും വിശ്വാസസരണികളുടെ താരതമ്യപഠനങ്ങളെക്കുറിച്ചും സാമാന്യബോധമില്ലെന്നതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ഇത്തരം ആരോപണങ്ങള്‍. ശിയാ വിശ്വാസത്തിലെ ക്ഷുദ്രശക്തികളായിരുന്ന ബാത്വിനി (മമൈശൈി)െ കളുടേതടക്കം ശിയാ വിശ്വാസങ്ങള്‍ സൂക്ഷ്മ വിശകലനം ചെയ്യുന്ന കൃതിയായ ‘ഫളാഇഹുല്‍ ബാത്വിനിയ്യ’യും ‘തഹാഫുത്തുല്‍ ഫലാസിഫ’യും രചിച്ച ഗസാലി ഇമാ(റ)മിന്റെ വിശ്വാസ സരണിയിലാണ് കേരളത്തിലെ സുന്നികള്‍ നിലകൊള്ളുന്നത്. ഇസ്തിഗാസയടക്കമുള്ള കര്‍മങ്ങള്‍ ശിയാ വെളിപാടുകളായിരുന്നെന്ന വസ്തുത കാണാതെ പോകാന്‍ മാത്രം ബുദ്ധിമോശം ഗസാലി(റ)ക്ക് ഇല്ലെന്ന് കേരളത്തിലെ സുന്നികള്‍ വിശ്വസിക്കുന്നു. അപ്രകാരം മുസ്‌ലിം-അമുസ്‌ലിം ലോകങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസക്രമങ്ങളെ സമഗ്രപഠനം നടത്തി ‘ഇഅ്തിഖാദാത്തു ഫിറഖില്‍ മുസ്‌ലിമീന വല്‍ മുശ്‌രികീന്‍’ എന്ന ഗ്രന്ഥമടക്കം നിരവധി ദൈവശാസ്ത്ര കൃതികളുടെ കര്‍ത്താവായ ഇമാം റാസി(റ)യും ശിയാ വിശ്വാസ ധാരകളെയെല്ലാം സസൂക്ഷമം അവലോകനം ചെയ്തിരുന്നു. ശിയാക്കളുടെ ‘ഇമാമത്ത്’ വാദത്തിന് സുദീര്‍ഘവും അഖണ്ഡനീയവുമായ മറുപടികള്‍ നല്‍കുന്ന തന്റെ ‘തഫ്‌സീറുല്‍ കബീറി’ല്‍ തന്നെ ഇസ്തിഗാസയടക്കമുള്ള കേരളസുന്നി ആചാരങ്ങളെ വിശ്വാസക്രമങ്ങളിലേക്കെടുക്കാന്‍ എന്ത് യുക്തിയായിരിക്കും അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.?
മുന്‍ധാരണകളുടെ കരിനിഴല്‍ വീഴാത്ത ശുദ്ധ ബുദ്ധികള്‍ക്കായ് അടിസ്ഥാനപരമായ ഒരു കാര്യം കൂടി പറയാം. ഇസ്‌ലാമിക ചരിത്രത്തില്‍ കടന്നുവന്ന ചിന്താസരണികളെയെല്ലാം വസ്തുനിഷ്ഠമായി വിലയിരുത്തുന്ന പാരമ്പര്യമാണ് അശ്അരീ സരണിക്ക് അവകാശപ്പെടാനുള്ളത്. ‘മഖാലാത്തുല്‍ ഇസ്‌ലാമിയ്യീനി’ന്റെ കര്‍ത്താവ് അബുല്‍ ഹസന്‍ അശ്അരി (റ), ‘അല്‍ മിലലു വന്നിഹല്‍’ രചിച്ച ശഹറസ്താനി (റ) മുതല്‍ ഗസാലി(റ), റാസി(റ), തുടങ്ങിയവരിലൂടെ നീളുന്ന സുവര്‍ണവും സമ്പന്നവുമായപൈതൃകമാണത്.
അശ്അരീ സരണിയിലെ പ്രഗല്‍ഭ പതിഭകള്‍ മിക്കവാറും സൂഫികള്‍ കൂടിയായിരുന്നെന്ന് കാണാം. സൂഫിസത്തിലെ ആരോപിത ശിയ സ്വാധീനത്തെ തരിച്ചറിയാതിരിക്കാന്‍ മാത്രം ബുദ്ധിഹീനരായിരുന്നില്ല ഗസാലി(റ)യെയും റാസി(റ)യെയും പോലുള്ള പണ്ഡിതരെന്ന ലളിതബോധം മതി ആരോപണങ്ങളുടെ പൊള്ളത്തരം മനസിലാവാന്‍.
സുന്നി ശിയാ എക്യത്തിന് കേരളത്തിലെ സുന്നീപക്ഷത്തു നിന്നുള്ള ചുവടുകളെ സംശയത്തിന്റെയും ദുരാരോപണങ്ങളുടെയും അകമ്പടിയോടെ മാത്രം സ്വാഗതം ചെയ്യാനിടയുള്ളതുകൊണ്ടാണ് ഇത്രയും വിശദീകരിക്കേണ്ടി വന്നത്.
അടുത്തതായി ഇരുവിഭാഗങ്ങളെയും ഒരേബിന്ദുവില്‍ കോര്‍ത്തിണക്കുന്ന ആശയപാരസ്പര്യങ്ങളെ പരിചയപ്പെടാം. പരസ്പര ജ്ഞാനത്തിന്റെ അഭാവമാണ് ഭീതിയുടേയും വിദ്വേഷത്തിന്റെയും മൂലഹേതുവെന്നതു കൊണ്ടുതന്നെ ഇരുസരണികളുടെയും സമാനതകള്‍ അടുത്തറിയുന്നത് ഐക്യബോധത്തിന് ഏറെ ഗുണകരമാവും.

അലി(റ)യും പ്രവാചക കുടുംബവും
ഇസ്‌ലാമിക ചരിത്രത്തിലെ നാലാം ഖലീഫയും പ്രവാചക (സ്വ) രുടെ ജാമാതാവുമായിരുന്ന അലിയ്യുബ്‌നു അബീത്വാലിബി(റ)ന്റെ വ്യക്തിത്വത്തെയും സന്താനപരമ്പരയെയും കേന്ദ്രീകരിച്ചാണ് ശിയാ വിശ്വാസം ഉരുവം കൊള്ളുന്നതും വികാസം പ്രാപിക്കുന്നതും. പ്രവാചക കുടുംബത്തിനും അലി(റ)ക്കും നല്‍കേണ്ട പ്രത്യേക പരിഗണനകളൊന്നും സുന്നികള്‍ വകവെച്ചു നല്‍കുന്നില്ല എന്ന പരാതിയാണ് ശിയാക്കള്‍ പൊതുവില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനം. ‘നവ ഖവാരിജു’കളായ ചില സലഫി സംഘടനകളുടെ നിലപാടുകള്‍ ശിയാക്കളുടെ സംശയം ബലപ്പെടുത്തുന്നതില്‍ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. എന്നാല്‍ പ്രവാചക കുടുംബത്തോടും അലി(റ)യോടുമുള്ള സ്‌നേഹം വിശ്വാസത്തിന്റെ ലക്ഷണമായാണ് അഹ്‌ലുസ്സുന്നയിലെ പണ്ഡിതര്‍ എക്കാലവും ഗണിച്ചുവരുന്നത്.
സുന്നികളുടെ പ്രബലങ്ങളായ ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം തന്നെ അലി(റ)യുടെ ഗുണങ്ങള്‍ (മനാഖിബ്) വേറിട്ട അധ്യായങ്ങളായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ബുഖാരിയുടെ ശറഹായ ഫത്ഹുല്‍ ബാരിയില്‍ അലി(റ)യുടെ മനാഖിബ് വിവരിക്കുന്ന അധ്യായത്തില്‍ അഹ്മദ് (ഇബ്‌നു ഹമ്പല്‍), ഇസ്മാഈല്‍ അല്‍ ഖാളി, നസാഈ, അബൂഅലി നൈസാബൂരി എന്നീ പ്രമുഖ ഹദീസ് വിശാരദര്‍ പ്രസ്താവിക്കുന്നതായി ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തുന്നു: ”പ്രവാചകരുടെ അനുചരരിലൊരാളെക്കുറിച്ചും അലി(റ)യെ കുറിച്ചുള്ളത്ര പ്രബലങ്ങളായ നിവേദക പരമ്പര സഹിതം പ്രവാചക വചനങ്ങള്‍ നിവേദനം ചെയ്യപ്പെട്ടിട്ടില്ല” ( ഫത്ഹുല്‍ ബാരി വാ:7, പേ:71).
സ്വഹീഹുല്‍ ബുഖാരിയില്‍ അലി(റ)യുടെ ഗുണങ്ങള്‍ വിവരിക്കുന്ന അധ്യായത്തിന്റെ തലവാചകത്തില്‍ തന്നെ ഒരു ഹദീസ് കാണാം, ”പ്രവാചകര്‍ (സ്വ) അലി(റ)യോട് പറഞ്ഞു: ഓ അലി, നീ എന്നില്‍ പെട്ടവനും ഞാന്‍ നിന്നില്‍ പെട്ടവനുമാകുന്നു (ബുഖാരി, ബാബു മനാഖിബില്‍ അലി). സ്വഹീഹ് മുസ്‌ലിമില്‍ കിതാബുല്‍ ഈമാനില്‍ തന്നെ അലി(റ)യോടും അന്‍സ്വാരികളോടുമുള്ള സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നും അവരോടുള്ള വിദ്വേഷം കപട വിശ്വാസമാണെന്നുമുള്ള ഒരധ്യായം തന്നെ ഇമാം മുസ്‌ലിം (റ) കൊണ്ടു വരുന്നുണ്ട് (മുസ്‌ലിം വാ: 1, പേ:160). സ്വഹീഹ് മുസ്‌ലിമില്‍ തന്നെ അലി(റ)യുടെ ശ്രേഷ്ഠതകള്‍ പറയുന്ന അധ്യായത്തില്‍ ‘അല്‍ ഗദീര്‍’ സംഭവം വിവരിക്കുന്നുണ്ട്. ഹിജ്‌റ 10ാം വര്‍ഷം ഹജ്ജത്തുല്‍ വിദാഅ് കഴിഞ്ഞ് മടങ്ങവെ മക്കക്കും മദീനക്കുമിടയിലെ ‘ഖും’ തടാകത്തിനടുത്ത് വെച്ച് പ്രവാചകര്‍ (സ്വ) നിര്‍വ്വഹിച്ച പ്രഭാഷണമാണ് അല്‍ ഗദീര്‍ സംഭവം. രണ്ട് കനത്ത സമ്മാനങ്ങള്‍ സഖലൈന്‍ സമുദായത്തിന് നല്‍കുന്നുവെന്ന പ്രവാചകരുടെ പ്രഖ്യാപനമുള്ളതു കൊണ്ട് ഇത് വിവരിക്കുന്ന ഹദീസ് ഹദീസുസ്സഖലൈന്‍ എന്നും അറിയപ്പെടുന്നു.
അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചക കുടുംബവുമാണ് മാര്‍ഗഭ്രംശത്തില്‍ നിന്ന് തടയുന്ന കവചമായി അവിടുന്ന് നല്‍കിയത്. ഹദീസിന്റെ അവസാന ഭാഗത്ത് പ്രവാചകര്‍ മൂന്ന് തവണ ആവര്‍ത്തിക്കുന്നത് കാണാം. ”എന്റെ കുടുംബത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഞാന്‍ ഉണര്‍ത്തുന്നു.” ഹദീസ് നിവേദകനായ സൈദ്ബ്‌നു അര്‍ഖ(റ)മിനോട് അഹ്‌ലുബൈത്ത് ആരാണ് എന്ന ചോദ്യത്തിന് പ്രവാചകര്‍ക്ക് ശേഷം സകാത്ത് നല്‍കപ്പെടാത്ത അലി, അഖീല്‍, ജഅ്ഫര്‍, അബ്ബാസ് (റ) എന്നിവരുടെ കുടുംബങ്ങളാണെന്ന് അദ്ദേഹം പ്രതിവചിച്ചു (സ്വഹീഹ് മുസ്‌ലിം വാ:7, പേ:122).
അഹ്മദ്, നസാഈ, തുര്‍മുദി എന്നിവരുടെ അടുക്കല്‍ ഈ ഹദീസിന് ‘ഞാന്‍ ആരുടെ സുഹൃത്താണോ അലി(റ)യും അവന്റെ സുഹൃത്താകുന്നുവെന്ന്’ അധിക നിവേദനവുമുണ്ട്. തുര്‍മുദിയുടെ സുനനില്‍ നിരവധി അധ്യായങ്ങള്‍ അലി(റ)യുടെ ശ്രേഷ്ഠതകള്‍ വിവരിക്കാന്‍ മാത്രമായി നീക്കിവെച്ചിരിക്കുന്നത് കാണാം. ഉമ്മു സലമ ബീവി (റ) തുര്‍മുദിയില്‍ നിവേദനം ചെയ്തിരിക്കുന്നു: ”കപടവിശ്വാസി ഒരിക്കലും അലി(റ)യെ സ്‌നേഹിക്കില്ല, യഥാര്‍ത്ഥ വിശ്വാസിയാകട്ടെ അദ്ദേഹത്തെ വെറുക്കുകയുമില്ല” (തുര്‍മുദി വാ:5 പേ: 635). ഖുര്‍ആനിലെ അഹ്‌സാബ് 33ാം വചനം അവതരിച്ചപ്പോള്‍ പ്രവാചകര്‍ (സ്വ), അലി (റ), ഫാത്തിമ (റ), ഹസന്‍ (റ), ഹുസൈന്‍(റ) എന്നിവരെ ഒന്നാകെ ആവരണം ചെയ്യുന്ന പുതപ്പ് പുതച്ച് അല്ലാഹുവേ ഇതാണ് എന്റെ കുടുംബം എന്ന് പറയുകയുണ്ടായി. അബൂയഅ്‌ലാ, ത്വബ്‌റാനി, ബസ്സാര്‍, മുസ്‌ലിം തുടങ്ങി നിരവധി പ്രബലര്‍ ഈ സംഭവം നിവേദനം ചെയ്തിട്ടുണ്ട്. പ്രവാചക കുടുംബത്തിന്റെ ശ്രേഷ്ഠതകളെ കുറിച്ച് മാത്രം സ്വതന്ത്രരചനകള്‍ നിരവധി പിറന്നിട്ടുണ്ട്. അഹ്‌ലുബൈത്തിനെ നിഷേധിക്കുന്ന സലഫികള്‍ തങ്ങളുടെ ശൈഖ് ഇബ്‌നു തൈമിയ്യ തന്നെ ‘ഹുഖൂഖു ആലില്‍ ബൈത്ത്’ (അഹ്‌ലു ബൈത്തിന്റെ അവകാശങ്ങള്‍) എന്ന പേരില്‍ ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നറിയുന്നത് നന്നായിരിക്കും. ഇബ്‌നുല്‍ ഖയ്യിം, ഇബ്‌നു അബ്ദില്‍ ഹാദി, സുയൂഥി, സഖാവി, ദഹബി, ഇബ്‌നു ഹജര്‍ തുടങ്ങിയ പ്രമുഖരെല്ലാം ഇവ്വിഷയത്തില്‍ സ്വതന്ത്രരചനകള്‍ നിര്‍വ്വഹിച്ചവരാണ് (മന്‍ഹജു സലഫ്, അലവി മാലികി പേ:30).
യൂസുഫുന്നബ്ഹാനി(റ)യുടെ ‘അശ്ശറഫുല്‍ മുഅയ്യദ് ലി ആലി മുഹമ്മദ്’, മുഹമ്മദ് അബ്ദു യമാനിയുടെ ‘മക്കളെ നിങ്ങള്‍ പ്രവാചക കുടുംബത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുക’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അടുത്തകാലത്തായി വിരചിതമായവയില്‍ ശ്രദ്ധേയങ്ങളാണ്.
ചുരുക്കത്തില്‍ സുന്നികള്‍ക്ക് അലി(റ)യോടോ പ്രവാചക കുടുംബത്തോടോ അവഗണയുണ്ടെന്നുള്ള ധാരണ അബദ്ധമാണെന്ന് മനസിലാക്കാം. സുന്നികളിലുള്ള ചിലര്‍ (സലഫികള്‍) ഖവാരിജിന്റെ പ്രതിലോമകരമായ ആശയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വേണ്ടത്.
കുഫ്‌റ് ആരോപണം
പ്രമുഖ ശിയാ പണ്ഡിതന്‍ അബ്ദുല്‍ ഹുസൈന്‍ മൂസവി ഐക്യശ്രമങ്ങളെ വിശകലനം ചെയ്യുന്ന കൃതിയായ ‘അല്‍ഫുസൂലുല്‍ മുഹിമ്മ ഫീ തഅ്‌ലീഫില്‍ ഉമ്മ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”സുന്നികളില്‍ നിന്ന് അകലം പാലിക്കാന്‍ ശിയാക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പ്രധാനമായും രണ്ടാണ്. ഒന്ന്, കുഫ്‌റാരോപണം. രണ്ട്, അഹ്‌ലുബൈത്തിലെ നേതൃത്വത്തോടുള്ള അവഗണന” (ഉദ്ധരണം, ഇമാം അബൂ സുഹ്‌റ,മസ്അലത്തുത്തഖരീബ് ബൈന അഹ്്‌ലിസ്സുന്ന വശ്ശീഅ, വാ:2, പേ:137).
ശിയാക്കള്‍ക്ക് നേരെയുള്ള കുഫ്‌റാരോപണം യഥാര്‍ഥത്തില്‍ അവരിലെ തീവ്രപക്ഷങ്ങള്‍ക്കു നേര്‍ക്കുള്ളതാണ്. ഗുലാത്ത് എന്നറിയപ്പെട്ടിരുന്ന ഈ വിഭാഗങ്ങള്‍ മതവൃത്തത്തിന്റെ പുറത്താണെന്ന് അവരിലെ മിതവാദികള്‍ തന്നെ സമ്മതിക്കുന്നതാണ്.
ശിയാക്കളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് അശ്അരി(റ), ഇബ്‌നു ഹസ്മ്(റ), ഈജി(റ), കിര്‍മാനി(റ) തുടങ്ങിയവര്‍ തരം തിരിക്കുന്നത്. ഒന്ന്, തീവ്രവാദികള്‍: അല്ലാഹുവിന് അംഗങ്ങളും ശരീരവുമുണ്ടെന്നും അല്ലാഹുവിന്റെ ആത്മാവ് പരകായ പ്രവേശം നടത്തുമെന്നുമൊക്കെയുള്ള നഗ്നമായ അവിശ്വാസത്തിന്റെ വക്താക്കള്‍.
രണ്ട്, സൈദിയ്യ: ഇമാം ഹുസൈനി(റ)ന്റെ മകന്‍ അലി സൈനുല്‍ ആബിദീന്റെ(റ) മകന്‍ സൈദി(റ)ന്റെ അനുയായികള്‍. കൂഫയിലെ 5000 പേര്‍ അദ്ദേഹത്തെ ബൈഅത്ത് ചെയ്യുകയുണ്ടായി. ശേഷം ഹിശാമു ബ്‌നു അബ്ദില്‍ മലികിന്റെ കൂഫ ഗവര്‍ണര്‍ യൂസുഫുബ്‌നു ഉമര്‍ അസ്സഖഫിയുമായി പോരാട്ടം നടത്തുകയും ചെയ്തു. തന്റെ അനുയായികളില്‍ ചിലര്‍ അബൂബക്കറി(റ)നെയും ഉമറി(റ)നെയും ഭര്‍ത്സിക്കുന്നത് കേട്ട അദ്ദേഹം പ്രതിവചിച്ചു: എന്റെ പിതാമഹന്‍ അലിയ്യു ബ്‌നു അബീ ത്വാലിബ്(റ) അവരെ പ്രശംസിച്ചിട്ടുണ്ട്. അതുകൊണ്ട് ഭര്‍ത്സനം പാടില്ല. ഇതുകേട്ട് വളരെ കുറഞ്ഞ പേരൊഴികെ എല്ലാവരും അദ്ദേഹത്തെ വിട്ടോടിപ്പോയി. അദ്ദേഹത്തെ തിരസ്‌കരിച്ചവര്‍ റാഫിളികള്‍ (തിരസ്‌കാരികള്‍) എന്നറിയപ്പെട്ടു.
മൂന്ന്, ഇമാമിയ്യ: പ്രവാചകര്‍(സ)ക്ക് ശേഷം അധികാരം കൈകൊള്ളേണ്ടവരായിരുന്ന പന്ത്രണ്ട് ഇമാമുകളില്‍ പാപസുരക്ഷിതത്വവും അധികാരവും (വിലായത്ത്) വിശ്വസിക്കുന്നവരാണ് ഇസ്‌നാ അശരികള്‍.
പ്രവാചകര്‍ക്ക് ശേഷം ഏഴ് ഇമാമുകളില്‍ വിശ്വസിക്കുന്നവര്‍ ഇസ്മാഈലിയ്യ (സബ്ഇയ്യ) എന്നറിയപ്പെടുന്നു. മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ പ്രവാചകരുടെ ശരീഅത്ത് റദ്ദാക്കിയെന്ന് വിശ്വസിക്കുന്ന ഇവര്‍ അവിശ്വാസികളാണെന്ന് ഖൈറുവാനിലെ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ടെന്ന് ഖാളി ഇയാള്(റ) വ്യക്തമാക്കുന്നു. സൈദികളും ഇസ്‌നാ അശരികളും അവിശ്വാസികളല്ലെന്ന് അശ്അരി(റ), ഇബ്‌നു ഹസ്മ്(റ) തുടങ്ങിയ പണ്ഡിതര്‍ പറയുന്നു. ഇന്ന് ശിയാ ലോകത്തിന്റെ 75 ശതമാനവും ഇസ്‌നാ അശരികളാണ്. ശേഷിക്കുന്ന 25 ശതമാനത്തില്‍ സിംഹഭാഗവും സൈദികളും ന്യൂനാല്‍ ന്യൂനപക്ഷമായി ഇസ്മാഈലികളും അവശേഷിക്കുന്നു.
എന്നാല്‍ ഇബ്‌നു തൈമിയ്യ(റ)യുടെ അസ്സ്വാരിമുല്‍ മസ്‌ലൂല്‍ അലാ ശാതിമിര്‍ റസൂല്‍ എന്ന ഫത്‌വയുടെ പ്രചോദനത്താല്‍ എല്ലാ ശിയാക്കളും റാഫിളികളും വധിക്കപ്പെടേണ്ടവരുമാണെന്ന് തെറ്റിദ്ധരിക്കുന്നതാണ് അബ്ദുല്‍ ഹുസൈന്‍ മൂസവി സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ഇനി സുന്നികള്‍ക്ക് ശിയാക്കളോട് അമര്‍ഷമുള്ള ചില കാര്യങ്ങള്‍ കൂടി പരിശോധിക്കാം.
ഖുര്‍ആനില്‍ ഭേദഗതി
വിശുദ്ധ ഖുര്‍ആനില്‍ ഭേദഗതികള്‍ നടന്നിട്ടുണ്ടെന്നുള്ള ശിയാക്കളുടെ പൊതുവിശ്വാസം ഐക്യത്തിന്റെ അടിസ്ഥാന ശിലയെത്തന്നെ തകര്‍ക്കാന്‍ പോന്നതാണ്. ഹി.1320 ന് അന്തരിച്ച ശിയാ പണ്ഡിതന്‍ ഹുസൈന്‍ അന്നൂരി ഫസ്‌ലുല്‍ ഖിത്വാബ് ഫീ തഹ്‌രീഫി കിതാബി റബ്ബില്‍ അര്‍ബാബ് എന്ന പേരില്‍ ഭേദഗതി സ്ഥിരീകരിക്കുന്ന സ്വതന്ത്ര രചന തന്നെ നിര്‍വഹിക്കുകയുണ്ടായി. എന്നാല്‍ ശിയാ പക്ഷത്തു നിന്നുള്ള അബ്ദുല്ല മംഖാനി, മിര്‍സാ മഹ്ദി ബുറൂജര്‍ദി, ഹുസൈന്‍ ആല്‍ കാശിഫുല്‍ ഗിത്വാ, മുഹമ്മദ് ഹുസൈന്‍ ത്വബാതബാഇ, നശ്ര്‍ നാദി ഖാഖാനി തുടങ്ങിയ പ്രമുഖര്‍ ഇതിനെതിരെ സജീവമായി രംഗത്ത് വരികയുണ്ടായി. ബുറൂജര്‍ദിയുടെ ഭേദഗതി വാദഖണ്ഡന കൃതിയുടെ പേര് ‘അല്‍ ബുര്‍ഹാന്‍ അലാ അദ്മി തഹ്‌രീഫില്‍ ഖുര്‍ആന്‍’ എന്നാണ്. അസ്‌ലുശ്ശീഅ വ ഉസൂലുഹാ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഹുസൈന്‍ ആല്‍ കാശിഫുല്‍ ഗിത്വാ പ്രസ്തുത ഗ്രന്ഥത്തില്‍ ഖുര്‍ആനില്‍ ഭേദഗതി നടന്നിട്ടില്ലെന്നതിന് ഇജ്മാഅ് ഉണ്ടെന്ന് അംഗീകരിക്കുന്നു (ശീഇസം ആത്മവിചാരണ:67).
സ്വഹാബത്തിന് നേര്‍ക്കുള്ള ഭര്‍ത്സനം
അബൂബക്ര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ), ആഇശ (റ), അബൂഹുറൈറ (റ) തുടങ്ങി പ്രവാചകരു(സ്വ)ടെ ഏറ്റവുമടുത്ത അനുചരെപ്പോലും ഭര്‍ത്സിക്കുന്നത് വിശ്വാസ കര്‍മ്മമായി കാണുന്ന ശിയാ രീതി സുന്നികളെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്. അമ്പത് വര്‍ഷക്കാലം അമവീ മിമ്പറുകളില്‍ വെച്ച് അലി(റ)യെ ഭര്‍ത്സിച്ചതിന്റെ പ്രതികാരമെന്നോണം ശിയാക്കള്‍ തുടര്‍ന്നുവന്നതാണ് ഈ സമ്പ്രദായമെന്നാണ് സാമാന്യവീക്ഷണം.
ഇറാഖിലെ പ്രമുഖ ശിയാ പണ്ഡിതനായിരുന്ന അഹ്മദ് അല്‍ വാഇലി (1928-2003) തന്റെ ‘ശീഇസത്തിന്റെ സ്വത്വം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”ഇവിടെ പരാമര്‍ശിച്ച ആദ്യ കാല ശിയാക്കള്‍ ഇമാം അലി(റ)ക്ക് മറ്റുള്ളവരേക്കാള്‍ അര്‍ഹതയുണ്ടെന്ന് വിശ്വസിക്കുന്നവരായിട്ടും അവരില്‍ നിന്നൊരാളും സ്വഹാബത്തില്‍ നിന്നൊരാളെപ്പോലും അധിക്ഷേപിക്കുകയോ അനാദരവ് കാണിക്കുകയോ ചെയ്തതായി അറിയപ്പെട്ടിട്ടില്ല. എന്ന് മാത്രമല്ല, അത്തരം ഹീനകൃത്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരും എതിരാളികളേക്കാള്‍ ശക്തരുമായിരുന്നു (പേ:38).
അധിക്ഷേപ ഭര്‍ത്സനങ്ങള്‍ കൊണ്ട് അവകാശങ്ങള്‍ നേടിയെടുക്കുന്നത് കരണീയമല്ലെന്ന് സൂചിപ്പിച്ച് അദ്ദേഹം തുടര്‍ന്നെഴുതുന്നു: ”അമീറുല്‍ മുഅ്മിനീന്‍ തന്റെ അനുയായികളെ ശ്രേഷ്ട സംസ്‌കാരത്തില്‍ ശിക്ഷണം നല്‍കാന്‍ പ്രേരണനല്‍കിയിട്ടുണ്ട്. അത്തരം സമീപനങ്ങളിലൊന്നാണ് നസ്‌റു ബ്‌നു മുസാഹീം നിവേദനം ചെയ്യുന്ന സംഭവം. അദ്ദേഹം പറയുന്നു: സ്വിഫ്ഫീനില്‍ തന്റെ സൈന്യത്തിനരികിലൂടെ കടന്നുപോയപ്പോള്‍ അമീറുല്‍ മുഅ്മിനീന്‍ ചിലര്‍ മുആവിയ(റ)യേയും അനുയായികളേയും ഭര്‍ത്സിക്കുന്നത് കേള്‍ക്കാനിടയായി. അദ്ദേഹം ഇബ്‌നു അദിയ്യിനോടും ഉമറുബ്‌നുല്‍ ഹുംകിനോടുമായി പറഞ്ഞു: നിങ്ങള്‍ ഭര്‍ത്സകരോ അധിക്ഷേപകരോ ആവുന്നത് ഞാന്‍ വെറുക്കുന്നു. അവരുടെ കര്‍മ്മസ്വഭാവങ്ങളില്‍ നിന്ന് ദൂഷ്യമായവയെ പറയുകയാണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ ഉപകരിക്കുമായിരുന്നു. അവരെ ഭര്‍ത്സിക്കുന്ന സ്ഥാനത്ത് നിങ്ങള്‍ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ വളരെ നന്നായേനെ; അല്ലാഹുവേ അവരുടേയും ഞങ്ങളുടേയും രക്തം നീ സംരക്ഷിക്കേണമേ, ഞങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയും വഴികേടില്‍ നിന്ന് അവരെ സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരികയും ചെയ്യേണമേ. സത്യം കാണാതെപോയവര്‍ക്ക് അത് മനസിലാവാനും മാര്‍ഗഭ്രംശത്തില്‍ നിന്നും അക്രമത്തില്‍ നിന്നും അത് കൈകൊണ്ടവര്‍ പിന്മാറുവാന്‍ വേണ്ടിയും (അങ്ങനെ പറഞ്ഞാല്‍) അതായിരിക്കും എനിക്ക് ഇഷ്ടവും നിങ്ങള്‍ക്ക് നന്മയും. അവര്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍ അങ്ങയുടെ നിര്‍ദേശം സ്വീകരിച്ച് ഞങ്ങള്‍ മര്യാദപാലിക്കുന്നു’ (സ്വിഫ്ഫീന്‍- നസ്‌റ് ബ്ന്‍ മുസാഹിം പേ:115. ഉദ്ധരണം: ശീഇസത്തിന്റെ സ്വത്വം-39).
പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിയ ആചാര്യനായ മഹ്ദി തബാതബാഈ ആഇശ(റ)യെ പ്രകീര്‍ത്തിച്ചതും രണ്ട് താവഴിയിലൂടെ അബൂബക്ര്‍ തന്റെ പിതാമഹനാണെന്ന ജഅ്ഫര്‍ സ്വാദിഖി(റ)ന്റെ പ്രഖ്യാപനവും ഈ ദിശയിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്നു. ആയത്തുള്ളാ അലി ഖാംനഈ, അലി സിസ്താനി തുടങ്ങിയ ആധുനിക പണ്ഡിതരും ഭര്‍ത്സനം നിര്‍ത്തിവെക്കാനാവശ്യപ്പെട്ടിരുന്നു. ശിയാ പണ്ഡിതന്‍ അബുല്‍ ഫത്ഹ് ഇര്‍ബലിയുടെ ‘കശ്ഫുല്‍ ഗുമ്മ ഫീ മഅ്‌രിഫത്തില്‍ അഇമ്മ’ എന്ന ഗ്രന്ഥത്തില്‍ ഇമാം മുഹമ്മദുല്‍ ബാഖിര്‍(റ) അബൂബക്‌റി(റ)നെ പ്രകീര്‍ത്തിക്കുന്ന മനോഹരമായൊരു രംഗമുണ്ട്. ഉര്‍വത്തുബ്‌നു അബ്ദില്ലയില്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ഞാന്‍ അബൂജഅ്ഫറി(റ) (മുഹമ്മദുല്‍ ബാഖിര്‍)നോട് വാളിന് സ്വര്‍ണ്ണം കൊണ്ട് മോടി പിടിപ്പിക്കാമോ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: കുഴപ്പമില്ല; അബൂബക്ര്‍ സ്വിദ്ദീഖ്(റ) അങ്ങനെ ചെയ്യാറുണ്ടായിരുന്നു. ഉര്‍വ ചോദിച്ചു: അബൂബക്‌റിനെ ‘സ്വിദ്ദീഖ്’ എന്ന് താങ്കള്‍ വിളിക്കുമോ? ഉടന്‍ അദ്ദേഹം ഖിബ്‌ലക്ക് അഭിമുഖമായി നില്‍ക്കുകയും സ്വിദ്ദീഖ് സ്വിദ്ദീഖ് സ്വിദ്ദീഖ് എന്ന് മൂന്നു തവണ ആവര്‍ത്തിച്ച് ഉരുവിട്ടതിനു ശേഷം പറഞ്ഞു: അദ്ദേഹത്തെ വിശ്വസിക്കാത്തവന് ഇഹപരലോകത്ത് യാതൊരു വിലയുമില്ല.
ഖലീഫ ഉമറുബ്‌നുല്‍ ഖത്വാബി(റ)നെക്കുറിച്ച് ഇമാം അലി (റ) പറയുന്നു: ഉമറിന്റേത് വല്ലാത്ത പരീക്ഷണമായിരുന്നു. അദ്ദേഹം വളവ് നിവര്‍ത്തി, രോഗം ചികിത്സിച്ചു, കലഹത്തെ തള്ളിമാറ്റി, പ്രവാചകചര്യ നടപ്പില്‍ വരുത്തി, ശുദ്ധനായും കുറ്റം കുറഞ്ഞവനായും ലോകത്തോട് വിടപറഞ്ഞു, നന്മ വരിച്ചു, തിന്മയെ മറികടന്നു, അല്ലാഹുവിനെ പൂര്‍ണ്ണമായി അനുസരിച്ചു, അവനെ യഥാവിധി അനുസരിച്ചു. അദ്ദേഹം പോയത് ജനങ്ങളെ ഒരു വഴിത്തിരിവില്‍ വിട്ടേച്ച് കൊണ്ടാണ്. വഴിതെറ്റിയവന്‍ അതില്‍ നേര്‍വഴി കണ്ടെത്തുകയില്ല. നേര്‍വഴിയില്‍ സഞ്ചരിക്കുന്നവന് പൂര്‍ണബോധ്യം വരികയുമില്ല” (നഹ്ജുല്‍ ബലാഗ 2:222. ഉദ്ധരണം: ശീഇസം ഒരു ആത്മവിചാരണ).

ഫാത്വിമ(റ)യോടുള്ള ഉമറി(റ)ന്റെ സമീപനം
അബൂബക്കറി(റ)നെ ഖലീഫയാക്കിയതിന് ശേഷം ഫാത്വിമ ബീവിയുടെ വീട്ടിലേക്ക് ഉമറി(റ)നെ പറഞ്ഞയക്കുകയും ഉമര്‍(റ) ബീവിയെ അടിക്കുകയും വീട് തകര്‍ക്കുകയും ചെയ്തുവെന്ന കെട്ടുകഥയാണ് ഐക്യത്തിന് വിഘാതമായി നില്‍ക്കുന്ന മറ്റൊരു പ്രശ്‌നം. ശിയാ പ്രഭാഷകര്‍ ഈ സംഭവം വികാരഭരിതമായി അവതരിപ്പിച്ച് വിശ്വാസികളെ കരയിപ്പിക്കുകയും അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ക്കെതിരില്‍ രോഷാഗ്നി ആളിക്കത്തിക്കുകയും ചെയ്തുവരുന്നു. യഥാര്‍ഥത്തില്‍ ഈ സംഭവത്തിന്റെ നിജസ്ഥിതിയെന്താണ്. സുലൈം ബിന്‍ ഖൈസ് ആമിരിയുടെ അസ്സഖീഫ എന്ന ഗ്രന്ഥത്തിലാണ് ഈ കെട്ടുകഥ ആദ്യമായി ജന്മമെടുത്തത്. സുലൈമു ബ്‌നു ഖൈസിന്റെ ഗ്രന്ഥം നിവേദനം ചെയ്യുന്നത് അബാന്‍ ബിന്‍ അബീ അയ്യാശ് എന്ന വ്യക്തിയാണ്. അല്ലാമാ ഇബ്‌നു മുതഹ്ഹര്‍ ഹില്ലി (അല്ലാമാ ഹില്ലി, കിതാബുറിജാല്‍, പേജ് 206), മുഹമ്മദ് ബിന്‍ അലി ഇര്‍ദബീലി (ജാമിഉ റുവാത്ത് വാ.1 പേ.9), അബ്ദുല്ല മാമഖാനി (തന്‍ഖീഹുല്‍ മഖാല്‍) തുടങ്ങിയ പ്രമുഖ ശീഈ പണ്ഡിതര്‍ തന്നെ അബാനെ അങ്ങേയറ്റം ദുര്‍ബലന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അല്ലാമാ മൂസവി തന്റെ ‘ലില്ലാഹി സുമ്മ ലിത്താരീഖ്’ എന്ന ഗ്രന്ഥത്തില്‍ സുലൈം ബിന്‍ ഖൈസിന് ഇത്തരത്തിലൊരു പുസ്തകം തന്നെയില്ലെന്ന് രേഖപ്പെടുത്തുന്നുണ്ട്. സുന്നീ പക്ഷത്തു നിന്നുള്ള പ്രമുഖരായ അഹ്മദ് ബിന്‍ ഹമ്പല്‍, അലിയ്യ്ബ്‌നുല്‍ മദീനി, ശുഅ്ബ, ഇബ്‌നു ഹജര്‍ അസ്ഖലാനി തുടങ്ങിയവരും ഹദീസ് സ്വീകരിക്കാന്‍ പാടില്ലാത്തവരുടെ ഗണത്തിലാണ് അബാനെ എണ്ണുന്നത്.
ചുരുക്കത്തില്‍ പണ്ഡിത ലോകം തള്ളിക്കളഞ്ഞ വെറുമൊരു കെട്ടുകഥയാണ് വിദ്വേഷത്തിന്റെ വിഷബീജങ്ങള്‍ വിതച്ചതും വിതച്ചുകൊണ്ടിരിക്കുന്നതും. ഇത്തരം അടിസ്ഥാന രഹിത കഥകളില്‍ നിന്ന് ശിയാ പണ്ഡിതര്‍ വിട്ടുനില്‍ക്കുന്നത് പോലെ പൊതുജനങ്ങളും കൂടി അകലം പാലിക്കുകയാണെങ്കില്‍ പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും നല്ല നാളെകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.