ആദ്യകാല ഐതിഹ്യങ്ങളിലെ ഓട്ടോമാറ്റോണുകള്‍
ഓട്ടോമറ്റണുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തുടങ്ങിയ സാങ്കേതിക വിദ്യകളുടെ കണ്ടുപിടുത്തങ്ങളെല്ലാം മനുഷ്യ മികവിന്റെ അടയാളങ്ങളാണ്. ചുരുങ്ങിയ സമയത്തിനുളളില്‍ നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള വ്യഗ്രതയില്‍ അതിന് സഹായകമാകുന്ന കണ്ടുപിടുത്തങ്ങളെ പറ്റി നിരന്തരം ചിന്തിച്ച് കൊണ്ടിരിക്കുകയാണ് മനുഷ്യര്‍. ശാസ്ത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടമെന്നറിയപ്പെടുന്ന മധ്യകാലങ്ങളിലെ കണ്ടുപിടിത്തങ്ങളാണ് ഇന്നത്തെ നൂതന ആര്‍ട്ടിഫിഷല്‍ ഇന്റലജിന്‍സിന്റെ പൂര്‍വകാല മാതൃകകളെന്നത് ഏറെ വിസ്മയകരമാണ്. ഇക്കാലയളവിലായിരുന്നു പുതു യുഗത്തിലെ അനേകം കണ്ടുപിടുത്തങ്ങളുടെ ആരംഭം.
പ്രതിഭാശാലികളായ അനേകം മുസ്‌ലിം ശാസ്ത്രജ്ഞര്‍ ഓട്ടോമറ്റണുകളടക്കമുള്ള പല സങ്കീര്‍ണ്ണമായ കണ്ടുപിടുത്തങ്ങളും ഇക്കാലയളവില്‍ നടത്തിയതായി കാണാം. അമേരിക്ക, ആഫ്രിക്ക, കിഴക്കന്‍ ഏഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ ആദ്യകാല ഐതിഹ്യങ്ങളില്‍ ആനിമേറ്റുചെയ്ത പ്രതിമകളും ഓട്ടോമറ്റണുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയിലേറ്റവും കൂടുതല്‍ സ്വാധീനം സൃഷ്ടിച്ചത് ബി.സി രണ്ടാം സഹസ്രാബ്ദത്തില്‍ ഈജിപ്തില്‍ ആരംഭിച്ചവയാണ്. അക്കാലയളവില്‍ ഈജിപ്തുകാര്‍ക്ക് സംസാരിക്കുന്ന പ്രതിമകള്‍ ഉണ്ടായിരുന്നു എന്ന് ഫ്രഞ്ച് ഈജിപ്‌റ്റോളജിസ്റ്റ് ഗാസ്റ്റണ്‍ മാസ്‌പെറോ (1846-1916) അഭിപ്രായപ്പെടുന്നുണ്ട്.
പ്രതിമകള്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയും ചിലപ്പോള്‍ നീണ്ട പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ദേവന്മാരുടെയും മനുഷ്യരുടെയും തമ്മിലുളള ഇടനിലക്കാരായിട്ടാണ് ഇവയെ പുരോഹിതന്മാര്‍ കണ്ടിരുന്നതെന്ന് മാസ്‌പെറോ വിവരിക്കുന്നുണ്ട് . ഇതിന് പുറമെ, ദിവ്യാത്മാക്കള്‍ പ്രതിമകളില്‍ വസിച്ചിരുന്നുവെന്നും, അത് കാരണമായാണ് ശബ്ദ-ചലനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നതെന്നും അവര്‍ വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തിന്റെ ഭാഗമായാണ്, രാജകുടുംബത്തിലെ പുരുഷാംഗങ്ങളില്‍ നിന്ന് അടുത്ത ഫറോവയെ തിരഞ്ഞെടുക്കാന്‍ വേണ്ടി തേബസിലെ അമുന്റെ ക്ഷേത്രത്തിലെ പ്രതിമ കൈ ഉയര്‍ത്തുന്നതിനനുസരിച്ച് പ്രവര്‍ത്തിച്ചു പോന്നിരുന്നത്.
അസിം ഖുറേഷി എഞ്ചിനീയറിംഗ് ചരിത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന തന്റെ പുസ്തകത്തില്‍ അക്കാലത്തെ ഈജിപ്ഷ്യരെ സംബന്ധിച്ച് രേഖപെടുത്തുന്നത് ഇങ്ങനെയാണ്: ഈജിപ്തുകാര്‍ക്ക് കപ്പിയും കയറുമപയോഗിച്ച് ഡിജിറ്റൈസ് ചെയ്യാത്ത റോബോട്ടിക് യന്ത്രം വികസിപ്പിക്കുന്നതിനുള്ള മെക്കാനിക്സിനെക്കുറിച്ച് മതിയായ അറിവുണ്ടായിരുന്നു. സമകാലികരായ ഗ്രീക്ക് ബുദ്ധിജീവികള്‍ക്ക് ഈജിപ്ഷ്യന്‍ സംസ്‌കാരത്തെക്കുറിച്ച് വ്യക്തമായ ബോധമുണ്ടായിരുന്നു. ഗ്രീക്കുകാര്‍ ഈജിപ്ഷ്യന്‍ സംസ്‌കാരത്തെ നിഗൂഢമായ ജ്ഞാനത്തിന്റെ ഉറവിടമായി കണ്ടിരുന്നുവെന്ന് റുഥര്‍ഫോര്‍ഡ് അഭിപ്രായപെട്ടുന്നുണ്ട്.
ചരിത്രകാരനായ ഹെറോഡൊട്ടസിന്റെ വീക്ഷണ പ്രകാരം ഗ്രീക്ക് മതത്തിലധികവും ഈജിപ്ഷ്യന്‍ ഇറക്കുമതിയായിരുന്നു. ഗ്രീക്കുകാരുടെ മുന്നേറ്റങ്ങളിലുടനീളം ഈജിപ്ഷ്യന്‍ സ്വാധീനം പ്രകടമായിരുന്നു എന്നര്‍ഥം. ട്രോജന്‍ യുദ്ധത്തെക്കുറിച്ചുള്ള ഹോമറിന്റെ ഇലിയഡ് എന്ന ഗ്രീക്ക് ഇതിഹാസമായിരിക്കാം ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സും റോബോട്ടിക് രൂപങ്ങളും പരാമര്‍ശവിധേയമാവുന്ന ഗ്രീക്ക് ഐതിഹ്യങ്ങളിലെ ആദ്യത്തെ രചന. ലോഹ ദൈവമായും അഗ്നി ദൈവമായും അറിയപ്പെടുന്ന ഹെഫെസ്റ്റസിന്റെ നിര്‍മാണങ്ങളില്‍ സഹായിക്കാന്‍ സ്വര്‍ണ്ണം കൊണ്ട് നിര്‍മിക്കപ്പെട്ട സ്ത്രീ ഓട്ടോമറ്റണുകള്‍ ഉണ്ടായിരുന്നത്രെ. അവയ്ക്ക് സംസാരശക്തിയും കരകൗശല വിദ്യയും നന്നായി വശമുണ്ടായിരുന്നു. റോബോട്ടുകളെ കുറിച്ചുള്ള ഗ്രീക്ക് പുരാണ സങ്കല്‍പങ്ങളാണ് പ്രായോഗിക എഞ്ചിനീയറിംഗ് ആശയങ്ങളായി പരിണമിച്ചത്.
ഇതടിസ്ഥാനമാക്കിയാണ് പിന്നീട് ഗ്രീക്ക് ശാസ്ത്രജ്ഞര്‍ മനുഷ്യ ശരീര പ്രവര്‍ത്തനങ്ങള്‍ അനുകരിക്കാനാവിശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചത്. മൂന്നാം നൂറ്റാണ്ടിലെ ഗ്രീക്ക് ശാസ്ത്രജ്ഞനായ ത്‌സീബിയസാണ് എയര്‍ കംപ്രസര്‍, ഹൈഡ്രോളിക് ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തിയത്. നില്‍ക്കാനും ഇരിക്കാനും കഴിയുമായിരുന്ന അദ്ദേഹത്തിന്റെ റോബോട്ട് പ്രതിമകളെ ഘോഷയാത്രകളില്‍ ഉപയോഗിച്ചിരുന്നതായി കാണാം .ത്‌സീബിയസിന്റെ രചനകള്‍ ഇന്ന് ലഭ്യമല്ലെങ്കിലും, പില്‍ക്കാല കണ്ടുപിടുത്തക്കാരും എഞ്ചിനീയര്‍മാരും അദ്ദേഹത്തിന്റെ സാങ്കേതികവിദ്യ സ്വീകരിച്ചാണ് തങ്ങളുടെ കണ്ടെത്തലുകള്‍ വിപുലപ്പെടുത്തിയത്.
ബൈസാന്റിയന്‍ കാലഘട്ടത്തെ പ്രശസ്ത ശാസ്ത്രജ്ഞനായ ‘മെക്കാനിക്കസ്’ ഫിലോയുടെ (ബി.സി 280-220) റോബോട്ടിനെ കുറിച്ചുള്ള പരാമര്‍ശം ‘കമ്പെന്‍ഡീയം ഓഫ് മെക്കാനിക്‌സി’ല്‍ കാണാം. പ്രസ്തുത റോബോട്ടിന്റെ കൈയില്‍ ഒരു കപ്പ് വെച്ചാല്‍ വ്യത്യസ്ത ദ്രാവകങ്ങള്‍ കലര്‍ത്തി പാനീയങ്ങള്‍ ഉണ്ടാക്കാന്‍ അതിന് കഴിയുമായിരുന്നു എന്നാതായിരുന്നു അതിന്റെ പ്രത്യേകത. ഇത്തരം അതിശയ കഥകള്‍ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് റോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച സംഭവിക്കുന്നതും യൂറോപ്പില്‍ ഇരുണ്ട യുഗം ആരംഭിക്കുന്നതും.
ഈ യൂറോപ്യന്‍ കഥയുടെ അറേബ്യന്‍ പതിപ്പാണ് പിന്നീട് ആയിരത്തൊന്ന് രാവുകളിലെ ‘ദ സിറ്റി ഓഫ് ബ്രാസ്’ എന്ന കഥയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ സംഭവം വിശദീകരിക്കുന്ന ഇബ്‌നുല്‍ ഫഖീഹിന്റെ ചരിത്ര വിവരണം ഇങ്ങനെ ചുരുക്കാം: ഉമയ്യദ് ഖലീഫ അയച്ച സൈനിക സംഘം വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട മതിലുള്ളൊരു നഗരം കണ്ടെത്തി. സുലൈമാന്‍ നബി നിര്‍മിച്ചുവെന്ന് കരുതപ്പെടുന്ന ഈ നഗരം നശിക്കുന്നത് വരെ പ്രദേശത്തെ തലസ്ഥാനമായിരുന്നു. നഗരത്തിന്റെ നാശത്തിന് കാരണമായ ദുരന്തത്തില്‍ പ്രദേശവാസികളെല്ലാം മരണമടയുകയും അവിടെ തന്നെ മമ്മി ചെയ്യപ്പെടുകയും ചെയ്തു. കൂട്ടത്തില്‍ രാജ്യത്തെ സുന്ദരിയായ രാജ്ഞിയെ എംബാം ചെയ്ത് അലങ്കാര വസ്ത്രങ്ങളണിയിച്ച് സിംഹാസനത്തില്‍ ഇരുത്തിയിരുന്നു. വാളേന്തിയ രണ്ട് ഓട്ടോമറ്റണുകള്‍ അവര്‍ക്കായി കാവല്‍ നില്‍കാന്‍ ഏല്‍പിക്കപ്പെടുകയും ചെയ്തു. പിന്നീടൊരിക്കല്‍ പര്യവേക്ഷകരിലൊരാള്‍ രാജ്ഞിയുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചപ്പോള്‍, ഓട്ടോമറ്റണുകള്‍ അവരെ തടഞ്ഞു.
ചരിത്രകാരനായ ഇ.ആര്‍ ട്രുയിട്ട് ‘മീഡിവല്‍ റോബട്ട്‌സ്’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നതു പ്രകാരം റോമിന്റെ പതനത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ മെക്കാനിക്കല്‍ കലകള്‍ സംരക്ഷിച്ചിരുന്നത് ബൈസന്റൈന്‍സും അവര്‍ക്ക് ശേഷം അറബികളുമാണ്. ഏകദേശം എ.ഡി. 850നോടടുത്ത വര്‍ഷങ്ങളിലായി ബനൂ മൂസ എന്ന പേരിലറിയപ്പെടുന്ന മൂന്ന് സഹോദരന്മാര്‍ ‘ദ ബുക്ക് ഓഫ് ഇന്‍ജെനിയസ് ഡിവൈസസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. വെളളത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അവയവമുള്ളവ ഉള്‍പ്പെടെ നൂറോളം ഓട്ടോമേറ്റിക് ഉപകരണങ്ങളുടെ രൂപകല്‍പ്പനയുള്ള ചിത്രീകരണമാണ് പുസ്തത്തിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്ന്.
അഹ്മദ്, മുഹമ്മദ്, ഹസന്‍ ഇബ്‌നു മൂസ ഇബ്‌നു ഷക്കീര്‍ എന്നിവരായിരുന്നു മൂസാ സഹോദരന്മാര്‍. ഖുറാസാനിലെ സഹോദരന്മാര്‍ എന്നറിയപ്പെടുന്ന ഇവര്‍ ബൈത്തുല്‍ ഹിക്മയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് . ഹ്യൂമനോയിഡ് ഓട്ടോമാറ്റോണുകളെ കുറിച്ച് അവരുടെ പുസ്തകം ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും, 12ാം നൂറ്റാണ്ടിലെ പ്രസിദ്ധ ശാസ്ത്ര പ്രതിഭ അല്‍ ജസ്‌രി ഇവര്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഓട്ടോമാറ്റിക് യന്ത്രങ്ങളും മറ്റും വിപുലപ്പെടുത്തി.
ബനു മൂസയുടെയും അല്‍ ജസ്‌രിയുടെയും കാലത്ത് അറബ്- ഇസ്‌ലാമിക ശാസ്ത്രം വളര്‍ന്നു. അലക്‌സാണ്ട്രിയന്‍ ശാസ്ത്രജ്ഞരുടെ സൃഷ്ടികളെ അടിസ്ഥാനമാക്കിയുള്ള റോബോട്ടിക് കണ്ടുപിടുത്തങ്ങള്‍ ഇസ്‌ലാമിക കാലഘട്ടത്തിലും ഈജിപ്തില്‍ തുടര്‍ന്നു പോന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഫാത്തിമീ വസീര്‍ അല്‍-അഫ്ദല്‍ ഷഹാന്‍ഷ തന്റെ ഹാളിലേക്കേ് പ്രവേശിക്കുമ്പോള്‍ ഗാനം ആലപിക്കുന്ന ഫാഷന്‍ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച റോബോട്ട് പ്രതിമകള്‍ അദ്ദേഹത്തിന് മുന്നില്‍ കുമ്പിടുകയും, സ്ഥാനത്തിരുന്ന് കഴിഞ്ഞാല്‍ നേരെ നില്‍കുകയും ചെയ്യുമായിരുന്നു. അയ്യൂബീ ചരിത്രകാരനായ ഇബ്‌നു മുയാസ്സറിന്റെ ഈ റിപ്പോര്‍ട്ട് മറ്റൊരു ഈജിപ്ഷ്യന്‍ ചരിത്രകാരനായ അല്‍മഖ്‌രീസി അദ്ദേഹത്തിന്റെ രചനകളില്‍ സൂക്ഷിച്ചിരിക്കുന്നു.
എഞ്ചിനീയറിംഗ് ചരിത്രത്തില്‍ അല്‍-ജസ്‌രിയുടെ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം പറയാതിരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളുടെ സ്വാധീനം പില്‍ക്കാലത്ത് സ്റ്റീം എഞ്ചിനുകളുടെയും ആന്തരിക ജ്വലന എഞ്ചിനുകളുടെയും രൂപകല്‍പ്പനയില്‍ കാണാനാകും. ഇത് ഓട്ടോമാറ്റിക് നിയന്ത്രണത്തിനും മറ്റു ആധുനിക യന്ത്രങ്ങള്‍ക്കും വഴിയൊരുക്കുന്നു. ഇന്നത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ അല്‍-ജസ്‌രിയുടെ സ്വാധീനം ഇപ്പോഴും പ്രകടമാണ്.
തല്‍ഫലമായി, ചില ചരിത്രകാരന്മാര്‍ അല്‍ ജസ്‌രിയെ ‘ഇന്നത്തെ എഞ്ചിനീയറിംഗിന്റെ പിതാവ്’ എന്ന് വിളിക്കുന്നു. ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് സിവിലൈസേഷന്റെ അധ്യക്ഷനായ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സലിം അല്‍ ഹസാനി, ഒരു റോബോട്ട് അല്‍-ജസ്‌രിയുടെതായി കണ്ടെത്തുകയും, ‘റോബോട്ടിക്‌സിന്റെ പിതാവ്’ എന്ന പദവിക്ക് അല്‍ ജസ്‌രി യോഗ്യനാണെന്ന് അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്.
ഇസ്‌ലാമിക ലോകത്തെ റോബോട്ടിക് ഡിസൈനുകള്‍ യൂറോപ്പിലേക്ക് ക്രമേണ വ്യാപിച്ചു. ഗായക റോബോട്ടുകള്‍, റോബോട്ടിക് സേവകര്‍, മെക്കാനിക്കല്‍ മൃഗങ്ങള്‍, കൃത്രിമ പാട്ടുപക്ഷികള്‍ തുടങ്ങിയവയെല്ലാം ഇങ്ങനെ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചവയാണ്. ബഗ്ദാദ്, ഡമസ്‌കസ്, കോണ്‍സ്റ്റാന്റിനോപ്പിള്‍, കാരക്കോറം എന്നിവിടങ്ങളിലെ കോടതികളിലും റോബോട്ടുകള്‍ ഉപയോഗിക്കപ്പെട്ടിരുന്നു. അത്തരം ഓട്ടോമറ്റണുകള്‍ മധ്യകാല യൂറോപ്പിലേക്ക് വിദേശ ഭരണാധികാരികളില്‍ നിന്ന് സമ്മാനമായി വന്നിരുന്നു എന്ന് ചരിത്രകരാനായ ട്രുയിട്ട് അഭിപ്രായപെടുന്നുണ്ട്.
മധ്യകാലഘട്ടത്തിലെ പാശ്ചാത്യ ശാസ്ത്രജ്ഞര്‍ ഈ എഞ്ചിനീയറിംഗ് ആശയങ്ങളെ കൂടുതല്‍ ശ്രദ്ധയോടെ നോക്കിക്കണ്ടു. കൊര്‍ദോവയില്‍ വെച്ച് ശാസ്ത്രം പഠിച്ച പത്താം നൂറ്റാണ്ടിലെ ഫ്രഞ്ച് പുരോഹിതനായ ഗെര്‍ബര്‍ട്ട് അബാക്കസ്, അറബി അക്കങ്ങള്‍ എന്നിവ ഉപയോഗിച്ച് ശാസ്ത്രീയ ഗണിത സംവിധാനങ്ങള്‍ വടക്കന്‍ യൂറോപ്പിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ശാസ്ത്രീയ നേട്ടങ്ങളുടെ ഫലമായി അദ്ദേഹത്തിന്റെ മരണത്തിന് ഒരു നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ട കൃതികള്‍ അദ്ദേഹം പ്രത്യേക രീതിയിലുളള ഒരു റോബോട്ട് നിര്‍മിച്ചുവെന്ന് അവകാശപ്പെടുന്നുണ്ട്. സംസാരിക്കുന്ന ഹ്യൂമനോയിഡ് റോബോര്‍ട്ടിന് ആകാശ പ്രതിഭാസങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ജ്ഞാനോദയത്തിനും വളരെക്കാലം മുമ്പേ ഗെര്‍ബര്‍ട്ട് പറഞ്ഞുവെച്ചിട്ടുണ്ട്.
Add comment