Thelicham

അമ്മാവന്മാരെ ആർക്കുവേണം?

1967 മുതല്‍ 1969 വരെയുള്ള, ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്ത കക്ഷി സര്‍ക്കാറിന്റെ കാലത്താണ് മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും സ്ഥാപിക്കപ്പെടുന്നത്. പക്ഷേ, ഈ വാദം അംഗീകരിക്കുമ്പോള്‍ നാം മറന്നു പോകുന്ന മറ്റു ചില വസ്തുതകളുണ്ട്. ആ വസ്തുതകളാകട്ടെ, അടിസ്ഥാനപരമായ ചില രാഷ്ട്രീയ പ്രശ്നങ്ങളെ വഹിക്കുന്നതാണ്.

ഒന്നാമതായി, മലപ്പുറം ജില്ലാ രൂപീകരണം എങ്ങനെയാണ് മുസ്ലിം മതവിഭാഗത്തിനുള്ള എന്തോ പ്രത്യേക തരം ആനുകൂല്യമായി മാറുന്നത്? ഒരു പ്രത്യേക ഭൂവിഭാഗത്തിന്റെ വികസനം, ഭരണ നിര്‍വഹണത്തിലെ വികേന്ദ്രീകരണം എന്നിവ പരിഗണിച്ചാണല്ലോ ജില്ല, താലൂക്ക്, പഞ്ചായത്ത് തുടങ്ങിയ സംവിധാനങ്ങള്‍ രൂപീകരിക്കുന്നത്. മലപ്പുറം ജില്ലാ രൂപീകരണം മുസ്ലിം ജനവിഭാഗത്തിനുള്ള ആനുകൂല്യമാണെങ്കില്‍ ബാക്കി 13 ജില്ലകളും മറ്റേതൊക്കെയോ മതവിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യമായിരിക്കുമല്ലോ? എങ്കില്‍ ആ മതവിഭാഗങ്ങള്‍ ഏതാണ്? 13 ജില്ലകള്‍ മറ്റ് മതവിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യമാണെങ്കില്‍ മുസ്ലിംകള്‍ക്ക് ഒരേയൊരു ജില്ല നല്‍കുന്നതില്‍ എന്താണ് ഇത്രമാത്രം അത്ഭുതകരമായിട്ടുള്ളത്? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുയര്‍ത്താന്‍ കഴിയും. ഈ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുമ്പോഴാണ് മുഖ്യധാരാ രാഷ്ട്രീയത്തെ ഒന്നാകെ മൂടിപ്പൊതിഞ്ഞിട്ടുള്ള ‘പൊതുമ’യുടെ പ്രശ്നം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക.

അതായത്, മലപ്പുറം അല്ലാത്ത മറ്റ് 13 ജില്ലകളില്‍ ഏത് മതവിഭാഗത്തിനാണ് പ്രാമുഖ്യം എന്നത് ഒരു പരിഗണനാ വിഷയമേ അല്ല. മുസ്ലിംകള്‍ അധികമുള്ള ഭൂവിഭാഗത്തില്‍ ഒരു ജില്ല രൂപീകരിക്കുന്നതു പോലും അപകടകരമായ കാര്യമാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ഹിന്ദുക്കളോ ക്രിസ്ത്യാനികളോ കൂടുതല്‍ ഉള്ള സ്ഥലത്ത് ഒരു ജില്ല വരുന്നത് വളരെ സാധാരണമായ കാര്യം മാത്രമാണെന്നും, മുസ്ലിംകള്‍ കൂടുതലുള്ളിടത്ത് ഒരു ജില്ല വരുന്നത് അസാധാരണമായ കാര്യമാണെന്നും. ഇതുതന്നെയാണ് നമ്മുടെ ദേശീയതയുടെ അടിസ്ഥാന പ്രശ്നവും. അതായത്, മുസ്ലിംകളെ സാധാരണ ജീവിത വ്യവഹാരങ്ങളുടെയും രാഷ്ട്രീയ പ്രക്രിയയുടെയും ഭാഗമായി കാണാന്‍ നമ്മുടെ പൊതു ധാര അനുവദിക്കുന്നില്ല. അതുകൊ്ണ്ട് തന്നെ അവര്‍ കൂടുതലായി അധിവസിക്കുന്ന ഒരു പ്രദേശത്ത് ജില്ലയോ താലൂക്കോ പഞ്ചായത്തോ അനുവദിക്കുന്നതു പോലും എന്തോ ഒരു വലിയ കാര്യമായോ അപകടകരമാേയാ ആണ് മുഖ്യധാര പരിഗണിക്കുന്നത്. മുസ്ലിംകള്‍ക്ക് ഞങ്ങള്‍ ഒരു ജില്ല അനുവദിച്ച് തന്നില്ലേ എന്ന് അഭിമാനത്തോടെ ചോദിക്കുന്നവര്‍ ഉള്ളില്‍ പേറുന്നതും ഈ അധീശത്വ പൊതുബോധമാണ്.

ഇതു തന്നെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വിഷയവും. മലബാറിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി. ആ പ്രദേശത്തിന്റെ മൊത്തം വിദ്യാഭ്യാസ പുരോഗതിയാണ് അതിന്റെ ലക്ഷ്യം. മലബാറില്‍ വിദ്യാഭ്യാസ പുരോഗതിയുണ്ടാക്കുക എന്നത് മറ്റേതൊരു പ്രദേശത്തിന്റെ കാര്യത്തിലുമെന്ന പോലെ ഭരണകൂടത്തിന്റെ കടമയാണ്. പക്ഷേ, കാലിക്കറ്റ് യൂണിവേഴ്സിറ്റി രൂപീകരണം മുസ്ലിംകളോട് ചെയ്ത എന്തോ മഹത്തായ കാര്യമായി അവതരിക്കുമ്പോള്‍ എം.ജി യൂനിവേഴ്സിറ്റിയും കേരളാ യൂണിവേഴ്സിറ്റിയും, സ്ഥാപിച്ചത് ഏത് സമുദായത്തോട് ചെയ്ത മഹത്തായ കാര്യമാണ് എന്നും വിശദീകരിക്കേണ്ടി വരും.


2011-16 കാലത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നു എം.കെ മുനീര്‍. ആ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലാണ് കേരളത്തില്‍ പുതുതായി കുറേ പഞ്ചായത്തുകള്‍ രൂപീകരിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. ആ തീരുമാനത്തിനെതിരെ സി.പി.എം ശക്തമായ പ്രചാരണം ആരംഭിച്ചു. തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്ത സി.പി.എം അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. പുതുതായി രൂപീകരിക്കപ്പെടാന്‍ പോകുന്ന പഞ്ചായത്തുകളില്‍ ചിലത് മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ളതായിരുന്നു. പാക്കിസ്ഥാന്‍ പഞ്ചായത്തുകളാണ് രൂപീകരിക്കാന്‍ പോകുന്നതെന്നായിരുന്നു സി.പി.എമ്മിന്റെ പ്രചാരണങ്ങള്‍. ഉന്നത സി.പി.എം നേതാവായ തോമസ് ഐസക് ഫേസ്ബുക്കില്‍ അതേക്കുറിച്ച് എഴുതിയ കുറിപ്പില്‍ പറയുന്നത് രൂപീകരിക്കാന്‍ പോകുന്ന പഞ്ചായത്തുകള്‍ ഒരു പ്രത്യേക സമുദായത്തിന് പ്രാമുഖ്യമുള്ളതാണ് എന്നതായിരുന്നു.

എന്താണ് ഈ പറഞ്ഞതിന്റെ അര്‍ഥം? ഇവിടെ പ്രത്യേക സമുദായം കൊണ്ടുദ്ദേശിക്കുന്നത് മുസ്ലിംകളാണ് എന്നത് വ്യക്തം. അതായത്, പുതുതായി രൂപീകരിക്കപ്പെടാന്‍ പോകുന്ന പഞ്ചായത്തുകള്‍ മുസ്ലിംകള്‍ക്ക് പ്രാമുഖ്യമുള്ളതാണ് എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം, ഇതുവരെയുള്ള പഞ്ചായത്തുകള്‍ മുസ്ലിംകള്‍ക്ക് പ്രാമുഖ്യമില്ലാത്തത് എന്നതാണല്ലോ. കുറച്ചുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍ അമുസ്ലിംകള്‍ക്ക് പ്രാമുഖ്യമുള്ള പഞ്ചായത്തുകള്‍ സാധാരണം , ഏതെങ്കിലും പഞ്ചായത്തില്‍ മുസ്ലിംകള്‍ ഭൂരിപക്ഷമായാല്‍ അത് അസാധാരണമാണ് എന്നര്‍ഥം. സി.പി.എമ്മിലെ സാമാന്യം മതേതരവാദിയെന്ന് ധരിക്കപ്പെടുന്ന തോമസ് ഐസക്കാണ് ഇങ്ങനെയൊരു നിലപാട് പരസ്യമായി സ്വീകരിച്ചത് എന്നുകൂടി മനസ്സിലാക്കണം. ലളിതമാണ് പ്രശ്നം, മുസ്ലിംകളെ ഈ രാജ്യത്തിന്റെ സ്വാഭാവിക ഭാഗമായി പരിഗണിക്കാന്‍ കഴിയുന്നില്ലെന്നതാണ് നമ്മുടെ ദേശീയ മുഖ്യധാരയുടെ പ്രശ്നം. അങ്ങനെ അവരെ പരിഗണിക്കാന്‍ കഴിയില്ലെന്ന് സൈദ്ധാന്തിക നിലപാടെടുത്തവരാണ് ആര്‍.എസ്.എസുകാര്‍. ആ നിലപാട് തന്നെയാണ് പരോക്ഷമായി സി.പി.എമ്മും സ്വീകരിക്കുന്നത്. അതുകൊണ്ടാണ് മുസ്ലിംകള്‍ ധാരാളമുള്ളിടത്ത് ഒരു ജില്ലയോ പഞ്ചായത്തോ രൂപീകരിക്കപ്പെടുന്നത് എന്തോ വലിയ കാര്യമായി അവര്‍ എഴുന്നള്ളിക്കുന്നത്.

മലബാറില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കണം എന്ന ആവശ്യത്തെ ഇവര്‍ ഇപ്പോള്‍ വര്‍ഗീയവാദമായും വിഘടനവാദമായുമാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ ദേശീയതയുടെ സ്വാഭാവിക ഘടകമായി മുസ്ലിംകളെ ഉള്‍ക്കൊള്ളാന്‍ സി.പി.എമ്മിനും സാധിക്കുന്നില്ല എന്നര്‍ഥം.
ഇനി, മുസ്ലിം ലീഗിന് രാഷ്ട്രീയ പങ്കാളിത്തവും മാന്യമായ പദവിയും നല്‍കിയെന്ന വാദത്തെ എടുത്തു പരിശോധിക്കാം.

സി.പി.ഐ പിളര്‍ന്ന് സി.പി.എം ഉണ്ടായ ശേഷം നടക്കുന്ന ആദ്യത്തെ അസംബ്ലി തെരഞ്ഞെടുപ്പ് 1965ലാണ്. മുസ്ലിം ലീഗുമായി അനൗപചാരിക ധാരണയിലാണ് അന്ന് സി.പി.എം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സി.പി.എം 40 സീറ്റുകളും മുസ്ലിം ലീഗ് ആറ് സീറ്റുകളും നേടി. പക്ഷേ, ആര്‍ക്കും ഭൂരിപക്ഷമില്ലാത്തത് കാരണം അന്ന് മന്ത്രിസഭ രൂപീകരിക്കപ്പെട്ടില്ല. കേരളം രണ്ടു വര്‍ഷത്തേക്ക് രാഷ്ട്രപതി ഭരണത്തിലേക്ക് പോയി. പിന്നീട്, 1967ല്‍ സി.പി.എമ്മും സി.പി.ഐയും അടക്കം സപ്തകക്ഷി മുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതും അധികാരത്തിലെത്തിയതും.

ഇ.എം.എസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട മന്ത്രി സഭയില്‍ സി.എച്ച് മുഹമ്മദ് കോയ, എം.പി.എം അഹ്‌മദ് കുരിക്കള്‍ എന്നിവര്‍ ലീഗിന്റെ മന്ത്രിമാരായി. നേരത്തെ കോണ്‍ഗ്രസുമായി ധാരണയിലായിട്ടായിരുന്നു മുസ്ലിം ലീഗ് തെരഞ്ഞെടുപ്പുകളെ നേരിട്ടിരുന്നത്. എന്നാല്‍, ലീഗിന് ഭരണ പങ്കാളിത്തം നല്‍കാനോ അവരെ മാന്യമായി പരിഗണിക്കാനോ കോണ്‍ഗ്രസ് സന്നദ്ധമായിരുന്നില്ല. എന്നാല്‍, 1965ലെ ധാരണയും 1967ലെ സഖ്യവും തെരഞ്ഞെടുപ്പ് വിജയവും ഭരണ പങ്കാളിത്തവും അതുവരെ അനുഭവിച്ച അസ്പൃശ്യത മാറിക്കിട്ടാന്‍ ലീഗിന് അനൂകൂല ഘടകമായി. പിന്നീട് കോണ്‍ഗ്രസുമായി വിലപേശല്‍ നടത്താന്‍ പോലും ലീഗിനെ പ്രാപ്തമാക്കിയത് സി.പി.എം സഖ്യവും കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ പങ്കാളിത്തവുമാണ്. അതുവെച്ചാണ് ന്യൂനപക്ഷത്തിന് അഭിമാനകരമായ രാഷ്ട്രീയ അസ്തിത്വം നല്‍കിയത് തങ്ങളാണെന്ന അവകാശവാദം ഇടതുപക്ഷം ഉയര്‍ത്താറുള്ളത്.

പക്ഷേ, ഇത് കാര്യത്തിന്റെ ഒരു വശം മാത്രമാണ്. 1965ല്‍ ലീഗുമായുണ്ടാക്കിയ ധാരണയാണ് സി.പി.എമ്മിന് രാഷ്ട്രീയ മേല്‍ക്കൈ ഉണ്ടാക്കിക്കൊടുത്തത് എന്ന വസ്തുത അപ്പുറത്തുമുണ്ട്. അന്നത്തെ തെരഞ്ഞെടുപ്പില്‍ പ്രമുഖരായ നേതാക്കളെല്ലാം ഒപ്പമുണ്ടായിട്ടും 79 സീറ്റില്‍ മത്സരിച്ച സി.പി.ഐക്ക് കിട്ടിയത് വെറും മൂന്ന് സീറ്റുകളാണ്. 73 സീറ്റില്‍ മത്സരിച്ച സി.പി.എം 40 സീറ്റും നേടി. 1967ലെ സപ്തകക്ഷി മുന്നണിയില്‍ സി.പി.ഐക്ക് വെറും 22 സീറ്റുകള്‍ മാത്രം അനുവദിച്ച് കൊടുക്കാന്‍ സി.പി.എമ്മിന് ആത്മവിശ്വാസം നല്‍കിയത് 1965ലെ അനുഭവമാണ്. ഇത് സൂചിപ്പിക്കുന്നത് കേരളത്തിലെ ഒന്നാം നമ്പര്‍ ഇടതു പാര്‍ട്ടിയായി സി.പി.എമ്മിനെ മാറ്റുന്നതില്‍ ലീഗിന്റെ പിന്തുണ നിര്‍ണായകമായിരുന്നു. അതായത്, ലീഗിന്റെ രാഷ്ട്രീയ അമ്മാവനാണ് സി.പി.എമ്മെങ്കില്‍ അതേ പോലെ സി.പി.എമ്മിന്റെ രാഷ്ട്രീയ അമ്മാവനാണ് ലീഗും.

ഇക്കാര്യത്തില്‍ ഏകപക്ഷീയമായ അവകാശവാദത്തിന് പ്രസക്തിയില്ല. ഇരുകൂട്ടരും പരസ്പരം സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു എന്നതാണ് ശരി. പിന്നീട് സി. അച്യുത മേനോന്‍ എന്ന സി.പി.ഐ നേതാവിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് മന്ത്രിസഭാ രൂപീകരണത്തിലും ലീഗിന് നിര്‍ണായക റോളുണ്ടായിരുന്നു. ഇത് സൂചിപ്പിക്കുന്നത് പിളര്‍പ്പിന് ശേഷം സി.പി.ഐക്ക് രാഷ്ട്രീയമായ നിവര്‍ന്നു നില്‍പും അന്തസ്സും നല്‍കിയ രാഷ്ട്രീയ സംഭവവികാസമായിരുന്നു അത്. ആ നിലക്ക് നോക്കുമ്പോള്‍ സി.പി.ഐയുടെയും അമ്മാവനായി ലീഗിന് അവകാശവാദം ഉന്നയിക്കാന്‍ കഴിയും. ലീഗിനും തദ്വാരാ ന്യൂനപക്ഷ രാഷ്ട്രീയ കര്‍തൃത്വത്തിനും തങ്ങളെന്തോ വലിയ ഔദാര്യം ചെയ്തുവെന്ന കമ്യൂണിസ്റ്റുകളുടെ അവകാശവാദത്തിന് വലിയ അടിസ്ഥാനമില്ല എന്നര്‍ഥം.

‘1985ലെ ശരീഅത്ത് വിവാദ കാലം വരെ മുസ്ലിം ലീഗുമായി ഏതെങ്കിലും നിലക്ക് ബന്ധപ്പെട്ടു കൊണ്ടാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയം കേരളത്തില്‍ പ്രവര്‍ത്തിച്ചതും വികസിച്ചതും. സി.പി.ഐ മുസ്ലിം ലീഗിനൊപ്പം മന്ത്രിസഭകളുണ്ടാക്കി മുന്നോട്ടു പോവുമ്പോഴാണ് സി.പി.എം മുസ്ലിം ലീഗിനെ പിളര്‍ത്തി സര്‍വേന്ത്യാ ലീഗുണ്ടാക്കി രാഷ്ട്രീയ മുന്നണി രൂപീകരിച്ചത്. അന്നൊന്നും ലീഗിനെ വര്‍ഗീയ പാര്‍ട്ടി എന്നു വിളിക്കുന്ന പതിവ് കമ്യൂണിസ്റ്റുകള്‍ക്കുണ്ടായിരുന്നില്ല. പരമാവധി പോയാല്‍, വരേണ്യ മുസ്ലിംകളുടെ പാര്‍ട്ടി എന്നത് മാത്രമായിരുന്നു ലീഗിനെതിരായ ഇടതുപക്ഷ വിമര്‍ശനം. അതാകട്ടെ, വര്‍ഗപരമായ വിശകലനമായിരുന്നു.’ എന്നാല്‍, 1980ന് ശേഷമാണ് ലീഗിനോടുള്ള സമീപനത്തിലും മുസ്ലിം സമുദായത്തോടുള്ള സമീപനത്തിലും സി.പി.എം കാതലായുള്ള മാറ്റം വരുത്തുന്നത്.

1985ലെ ശരീഅത്ത് വിവാദം അതിന് വേണ്ടിയുണ്ടാക്കിയെടുത്ത ഒരു നിമിത്തമായിരുന്നു. സര്‍വേന്ത്യാ ലീഗും സി.പി.എമ്മും തമ്മിലുള്ള ബന്ധം അവസാനിക്കുകയും ലീഗുകള്‍ തമ്മില്‍ ലയിക്കുകയും ചെയ്തു. ശരീഅതിനെ മുന്‍നിര്‍ത്തി മുസ്ലിം സമുദായത്തിന്റെ സാംസ്‌കാരിക അസ്തിത്വത്തെ നിഷേധിക്കുന്ന ഒരു കൂട്ടരോടൊപ്പം നില്‍ക്കാന്‍ സര്‍വേന്ത്യാ ലീഗിന് സ്വാഭാവികമായും സാധിക്കുമായിരുന്നില്ല.

വര്‍ഗീയ കക്ഷികളാരുമില്ലാത്ത ‘ശുദ്ധ മതേതര’ മുന്നണി എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് 1987ലെ തെരഞ്ഞെടുപ്പിനെ സി.പി.എം നേരിട്ടത്. മുസ്ലിം കക്ഷികളില്ലാത്തത് കാരണം അത് ശുദ്ധവും മതേതരവുമാവുന്നുവെന്നര്‍ഥം. ഹിന്ദു ഭൂരിപക്ഷ വോട്ടിന്റെ ഏകീകരണമായിരുന്നു ആ പ്രയോഗത്തിലൂടെ ഇ.എം.എസ് ലക്ഷ്യം വെച്ചത്. അത് വിജയിക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി മുസ്ലിം വിരുദ്ധത പാകത്തിന് ചേര്‍ത്ത് അതുവഴി ഹിന്ദു ഏകീകരണം സൃഷ്ടിച്ചു കൊണ്ടാണ് സി.പി.എം അതിന്റെ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോയത്.
എണ്‍പതുകളുടെ മധ്യം മുതലാണ് ആ ലൈന്‍ സി.പി.എം പിടിക്കുന്നത്. കുഞ്ഞൂഞ്ഞ്-കുഞ്ഞാലിക്കുട്ടി-കുഞ്ഞുമാണി സഖ്യത്തിനെതിരെ എന്നു പറഞ്ഞാണ് വി.എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അമീര്‍-ഹസന്‍-കുഞ്ഞാലിക്കുട്ടി സഖ്യം എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ എടുത്തിട്ട തുറുപ്പു ചീട്ട്.

ഇന്ത്യയില്‍ രാമജന്മഭൂമി പ്രസ്ഥാനം ശക്തിപ്പെടുന്നതും സംഘപരിവാരം ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നതും എണ്‍പതുകളുടെ മധ്യം മുതലാണ്. ഹിന്ദു ഏകീകരണമാണ് സംഘപരിവാരത്തിന്റെ രാഷ്ട്രീയ പദ്ധതി. ആ രാഷ്ട്രീയത്തെ എതിരിടാന്‍ മതേതര ബദല്‍ എന്നതാണ് സാധാരണ ഗതിയില്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കപ്പെടേണ്ടത്. എന്നാല്‍ കേരളത്തില്‍ ബി.ജെ.പിയെക്കാള്‍ മനോഹരമായും എന്നാല്‍ പരോക്ഷമായും ഹിന്ദു ഏകീകരണം സൃഷ്ടിക്കുക എന്ന ലൈനാണ് സി.പി.എം സ്വീകരിച്ചത്.

എണ്‍പതുകള്‍ തൊട്ട് മുസ്ലിം രാഷ്ട്രീയവുമായുള്ള ഇടപാടുകളില്‍ സി.പി.എം അടിമേല്‍ മറിച്ചില്‍ നടത്തിയതിന്റെ യാഥാര്‍ഥ്യം കിടക്കുന്നത് ഇവിടെയാണ്. പച്ച ബോര്‍ഡിനെതിരായ പിണറായി വിജയന്റെ പ്രസ്താവനയും വി.എസ് അച്യുതാനന്ദന്റെ ലവ് ജിഹാദും എളമരം കരീമിന്റെ റിക്രൂട്ട്മെന്റ് ജിഹാദും എ വിജയരാഘവന്റെ തുടര്‍ച്ചയായ മുസ്ലിം വിരുദ്ധ പ്രസ്താവനകളുമൊക്കെ അതിന്റെ മേല്‍പാളി സൂചനകള്‍ മാത്രമാണ്. ഞങ്ങളുള്ളത് കൊണ്ടാണ് കേരളത്തില്‍ ബി.ജെ.പി വളരാത്തത് എന്ന് സി.പി.എമ്മുകാര്‍ നിരന്തരം പറയാറുണ്ട്. അത് എല്ലാ അര്‍ഥത്തിലും ശരിയാണ്. മുസ്ലിം വിരുദ്ധമായ ഹിന്ദു പൊതുമനസ്സിന്റെ ഏകീകരണം എന്ന അജണ്ട ബി.ജെ.പിയെക്കാള്‍ ഭംഗിയായി പ്രയോഗിക്കാന്‍ സി.പി.എമ്മിന് സാധിക്കുന്നുണ്ട്. അത്തരമൊരിടത്ത് ബി.ജെ.പിക്ക് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുക അല്‍പം പ്രയാസമായിരിക്കും.

സി. ദാവൂദ്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.