മക്ക ഒരു ദേശമല്ല, ദേശമെന്ന ആശയമാണ്. ദേശാതിര്‍ഥികളെ ഭേദിക്കാനുള്ള ദേശമാണ് മക്ക. മക്ക അറബിയല്ല, അജമിയുമല്ല എന്ന കവിയുടെ വാക്കുകള്‍ പോലെ ദേശബന്ധത്തില്‍നിന്ന് വിച്ഛേദിക്കപ്പെട്ട ദേശമായി മക്കയെ മനസ്സിലാക്കാം. വളരെ ചെറിയ ഒരു പട്ടണം എങ്ങനെയാണ് ദേശമെന്ന ആശയത്തെ മറി കടക്കുന്നത്? ഭൂമിശാസ്ത്രപരമായ അതിന്റെ എല്ലാ ഗുണങ്ങളുമടങ്ങിയ, മറ്റു പട്ടണങ്ങളെ പോലെയൊരു പട്ടണം മാത്രമായ മക്ക ദേശാതിവര്‍ത്തിയായ ദേശമായി പരിണമിക്കുന്നതെങ്ങനെയെല്ലാമാണ്? മക്ക അങ്ങ് മക്കയില്‍ മാത്രമല്ല, മലബാറിലും ഗുജറാത്തിലും ആസാമിലും ഇന്തോനേഷ്യയിലും തുര്‍ക്കിസ്ഥാനിലും സമര്‍ഖന്ദിലുമെല്ലാം സ്ഥിതിചെയ്യുന്ന ആശയമായി മാറുന്നതെപ്പോഴാണ്?
നഗരങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ പലപ്പോഴും അതിന്റെ ചരിത്രം, ഡീമോഗ്രഫി, ജിയോഗ്രഫി, എക്കോണമി, സംസ്‌കാരം, എത്നിസിറ്റി തുടങ്ങി പലതിനെയും മുന്‍നിര്‍ത്തി ആലോചന നടക്കാറുണ്ട്. അര്‍ബണ്‍ സ്റ്റഡീസില്‍ അത് പല വിഭിന്ന മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്നു. എന്നാല്‍, ആളുകളുടെ ഭാവനയിലെ നഗരം എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങള്‍ തികച്ചും വിരളവും അപ്രതീക്ഷിതവുമാണ്. നഗരം എന്നത് ഭാവനയോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നല്ല, അത് പലവിധത്തിലുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന ഇടമാണ്. ഭാവന ആവശ്യങ്ങളോട് ഇഴകാത്ത മനുഷ്യ പ്രക്രിയയാണ്.
എന്നാല്‍, മക്കയെ പട്ടണമെന്നതിലുപരി ഭാവനയില്‍ രൂപപ്പെട്ട അതിരില്ലാത്ത ദേശമെന്ന് മനസ്സിലാക്കാനാകും. ആസാമിലെ ഗുവാഹത്തിക്കടുത്ത് ഒരു മക്കയുണ്ട്, ഹുവാഹത്തിക്കടുത്ത് ഹജോയിലെ ഗരുരാചല്‍ മലയുടെ മുകളില്‍. പുവാമക്ക അഥവാ മക്കയുടെ നാലിലൊന്നെന്നാണ് വിളിപ്പേര്. മക്കയില്‍ നിന്ന് കൊണ്ടുവന്ന കാല്‍കുടം മണ്ണുകൊണ്ട് പണിത പള്ളിയുണ്ടെന്നാണ് ആധാരം.
പൊന്നാനി ചെറിയ മക്കയാണ്. ഇന്തോനേഷ്യയിലെ അച്ചെ, കൗമാന്‍ തുടങ്ങിയവ രണ്ടാം മക്കയോ ചെറിയ മക്കയോ ആയി ഭാവന ചെയ്യപ്പെടുന്നു. കിര്‍ഗിസ്താനിലെ ഉഷ്, ചൈനയിലെ ലിങ്സ്യ തുടങ്ങിയവ മക്കയെന്ന പേരില്‍ ഖ്യാതി നേടുന്നു. പ്രസിദ്ധ കവിയായ അല്ലാമാ ഇഖ്ബാല്‍ മസ്ജിദെ ഖുര്‍തുബയെന്ന കവിതയില്‍ അന്ദലുസിനെ മക്കയായും ഖുര്‍തുബാ പള്ളിയെ കഅ്ബയായും വിവരിക്കുന്നു. ഇതെല്ലാം ആത്മികമായ ഒരു സവിശേഷ ബിന്ദുവില്‍നിന്ന് ഉയരുന്നതാകാം, എന്നാല്‍ പേളണ്ടിലെ കാര്‍കോ എന്ന നഗരം പോളിഷ് മക്കയെന്ന പേരില്‍ പ്രസിദ്ധമാണെന്നത് ചേര്‍ത്തുവെക്കുമ്പോള്‍ ഭാവനയുടെ മണ്ഡലം തീര്‍ത്തും അപ്രതീക്ഷിതമായി തീരുന്നു.
മക്ക വേറെയും പലയിടങ്ങളിലായി സ്ഥിതിചെയ്യുന്നുണ്ട്. നോര്‍ത്താഫ്രിക്ക മുതല്‍ ഇന്തോനേഷ്യവരെയുള്ള മുസ്‌ലിം വീടുകളുടെ ഉമ്മറച്ചുമരുകളില്‍, ബസ്സുകളില്‍, കാറുകളില്‍, വ്യക്തിയോട് ഏറ്റവും പ്രിയപ്പെട്ടുകിടക്കുന്ന ഇടങ്ങളില്‍ എല്ലാം മക്കയുടെ ചിത്രം സ്ഥിതിചെയ്യുന്നു. അപ്പോള്‍ മക്കയെ സംബന്ധിച്ച് നരവംശശാസ്ത്ര പഠനം നടത്തുമ്പോള്‍ മക്കയെക്കുറിച്ച് മക്കയില്‍ മാത്രം അന്വേഷിച്ചാല്‍ മതിയാകുന്നില്ല. 21.4 ലാറ്റിറ്റിയൂഡിലും 39.82 ലോങിറ്റിയൂഡിലും സ്ഥിതി ചെയ്യുന്ന മക്കയെന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച പട്ടണം മാത്രം പരിശോധിച്ചാല്‍ തീരാത്തതാണ് മക്ക എന്ന ദേശത്തെക്കുറിച്ചുള്ള പഠനം.
പട്ടണം ജീവിക്കുന്നത് അതിന്റെ ഭൂമിശാസ്ത്ര ഘടനയേക്കാള്‍ അതിനോട് ചേര്‍ന്നുനില്‍ക്കുന്ന മനസ്സുകളുടെ ഭാവനാ ബന്ധത്തിലാണ് എന്നത് ഏറെ മൗലികമായ ഘടകമാകുന്നു. അപ്പോള്‍ ഒരു നഗരത്തിന്റെ ചരിത്രം അതില്‍ ജീവിച്ച മനുഷ്യരുടെ സാമൂഹിക സങ്കലനങ്ങളുടേതാണെങ്കില്‍ മക്കയുമായി ബന്ധപ്പെട്ട സാമൂഹിക സങ്കലനങ്ങള്‍ എവിടെയെല്ലാമാണ് നടക്കുന്നത്. മക്കയെക്കുറിച്ചേറ്റവും ആലോചിക്കുന്നത് മക്കക്കാരനേക്കാള്‍ മൊറോക്കോയിലെ ഏതെങ്കിലും ചുവര്‍-ചിത്രപണിക്കാരനായിരിക്കും. അപ്പോള്‍ ആരാണ് മക്കക്കാരന്‍? ദേശത്തെക്കുറിച്ചും ദേശക്കാരനെക്കുറിച്ചും നമ്മുടെ പരിപ്രേക്ഷ്യങ്ങള്‍ അവിടെ പരിഭ്രമിക്കുന്നു.
പട്ടണത്തില്‍ നരവംശശാസ്ത്രപഠനം നടത്തുക എന്നതില്‍നിന്ന് മാറി പട്ടണത്തെക്കുറിച്ച് നരവംശശാസ്ത്രം എങ്ങനെ പഠിക്കണമെന്ന ആശയം മുന്നോട്ടുവെക്കുന്നുണ്ട് സേതാ എം ലോയെപ്പോലെ ചില പണ്ഡിതര്‍. എന്നാല്‍ മക്കയെന്ന പട്ടണത്തെ എവിടെ അന്വേഷിക്കണമെന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്.
മക്ക ചിഹ്നമായും ആശയമായും പലയിടങ്ങളില്‍ സ്ഥിതി ചെയ്യുന്നുണ്ട്. നാലു വട്ടം നിങ്ങള്‍ ഗുവാഹത്തിക്കടുത്തുള്ള പുവാമക്കയിലേക്ക് പോയാല്‍ ഒരു തവണ മക്ക പോയ പോലെ എന്നാണ് പ്രചാരം. അപ്പോള്‍ ആസാമുകാരുടെ അബോധ മനസ്സില്‍ മക്കയും പുവാമക്കയും അതിന്ദ്രീയമായി ബന്ധപ്പെട്ടുകിടക്കുന്ന ദേശങ്ങളാണ്. ഗിയാസുദ്ദീന്‍ എന്ന് പേരുള്ള സൂഫീവര്യന്‍ പതിനാറാം നൂറ്റാണ്ടില്‍ ഗരുരാചല്‍ മലമുകളില്‍ പള്ളിക്ക് വേണ്ടി മണ്ണ് വെട്ടുന്നതിനിടെ മക്കയുടെ കാല്‍ ഭാഗം കണ്ടു എന്നാണ് പ്രചാരത്തിലുള്ള കഥ. പൊന്നാനി പള്ളി പണിത് അവസാനം മേല്‍ക്കൂര പാകുന്നതിനിടെ ഹിന്ദുവായ ആശാരി കഅ്ബം കണ്ടെന്നത് വേറൊരു കഥ.
മക്കയെന്ന ദേശത്തെ അതിഭൗതികമായ കാഴ്ച്ചയിലൂടെ ഇങ്ങ് ഏറെ ദൂരെ പൊന്നാനിയിലും ഗുവാഹത്തിയിലും കുടിയിരുത്തുകയാണീ കഥകളെല്ലാം. ജാവയിലെ തംബായത്തിലെ പള്ളിയില്‍ കഅ്ബയെ പോലൊരു രൂപം പുനസൃഷ്ടിച്ച് വെച്ചിരിക്കുന്നത് ചെറുമക്കയെന്ന ചിത്രം പൂര്‍ണമാവാനാണ്. അവിടെയുള്ള ചിലര്‍ യഥാര്‍ഥ മക്ക അറേബ്യയിലേതല്ലെന്നും ഇവിടെ തങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവുന്ന തംബായത്താണെന്നും വരെ വിശ്വസിക്കുന്നു. ചൈനയിലെ ഹുയ് വംശക്കാര്‍ ഗുരുക്കന്മാരുടെ അടിസ്ഥാനവിവരണം നല്‍കുമ്പോള്‍ അവര്‍ മക്കയിലോ യാര്‍ക്കന്ദിലോ പോയിട്ടുണ്ടെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നു. മക്കയിലേക്കുള്ള തീര്‍ഥാടനത്തിന് സമാനമാണ് യാര്‍കന്ദിലേക്കുള്ള തീര്‍ഥാടനം എന്നവര്‍ സങ്കല്‍പിക്കുന്നു.
ഈ സങ്കല്‍പങ്ങളുടെ ദൈവശാസ്ത്രപരമായ വശമെന്തെന്ന ചര്‍ച്ചകള്‍ അപ്രസക്തമാണെന്ന് തോന്നുന്നു. മക്കയെ അങ്ങനെ മാറ്റി പ്രതിഷ്ടിക്കാമോ അല്ലെങ്കില്‍ മൂന്നുവട്ടമോ നാലു വട്ടമോ ചെറു മക്കയിലേക്ക് പോയാല്‍ മക്ക പോയ പോലെയാകുമെന്ന് കരുതുന്നത് വിശ്വാസശാസ്ത്രപ്രകാരം ശരിയാണോ എന്ന ചര്‍ച്ച പ്രസക്തമല്ല. പ്രതിബിംബം സൃഷ്ടിക്കുക, വിദൂര കാലത്തെയും ദേശത്തെയും അനുഭവങ്ങളെ പരാവര്‍ത്തനം നടത്തുക എന്നത് ഇസ്‌ലാമിക അനുഷ്ടാനങ്ങളുടെ മൂലശിലയാകുന്നു. കഅ്ബയും മക്കയും പ്രസിദ്ധമാകുന്നതും പ്രധാനമാകുന്നതും ഇബ്രാഹീ(അ)മിന്റെ ത്യാഗജീവിതത്തിന്റെ പുനരാവിഷ്‌കാരമാകുന്നത് കൊണ്ടാണ്. അപ്പോള്‍ മക്കയും പുവാമക്കയും തമ്മില്‍ അത്തരത്തില്‍ കണ്ണിചേര്‍ക്കുന്ന ഘടകങ്ങളുണ്ട്.
മക്കയെ കണ്ടതോ മക്കയിലെ മണ്ണുള്ളത് കൊണ്ടോ ആ ദേശം അഭേദ്യമായി മക്കയോട് ബന്ധം സ്ഥാപിച്ച് കഴിയുന്നു. ദൈവശാസ്ത്രപ്രകാരം അത്തരം അതിന്ദ്രീയ ബന്ധങ്ങള്‍ ചരിത്രത്തിന്റെ രൂപപ്പെടലിന്തന്നെ കാരണമായിത്തീരുന്നത് കാണാവുന്നതാണ്. നബിയുണ്ടായത്‌കൊണ്ട് പുണ്യമായിത്തീര്‍ന്ന മസ്ജിദുന്നബവിയും അനവധി നബിമാരുടെ അദൃശ്യമായ സാന്നിധ്യമുള്ളതിനാല്‍ പവിത്രമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച മസ്ജിദുല്‍ അഖ്സയും ‘സമൂദുകാര്‍ താമസിച്ചതിനാല്‍ ശകുനം പിടിച്ച ഇടമാണിതെന്നും പെട്ടെന്ന് യാത്രതിരിച്ചോളൂ’ എന്ന് തിരുനബി ഹിജ്റില്‍ വെച്ച്‌നിര്‍ദേശിച്ചതുമെല്ലാം അതിന്ദ്രീയമായ ഭാവുകത്തങ്ങള്‍ ഇന്ദ്രീയമായ ദേശങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഇടപെടുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്.
ചരിത്രം ഭൂമിശാസ്ത്ര ബന്ധങ്ങളില്‍നിന്ന് ഉയിര്‍കൊള്ളുന്നതാണ്. ചരിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ ദേശവും സമയവുമാണ്. മക്കയുടെ ചരിത്രത്തെ അപ്പോള്‍ എങ്ങനെയെല്ലാം സമീപിക്കാം എന്ന് നോക്കാം. മക്കയെന്ന ഏക ദേശത്തെ മറി കടന്ന് മക്കയെന്ന ബന്ധങ്ങളാല്‍ വലയം ചെയ്യപ്പെട്ട പല ദേശങ്ങളുടെ ആഖ്യാനം ചരിത്രകാരന്മാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. മക്കയുമായി ബന്ധപ്പെട്ടുകിടക്കുന്ന ആദാന പ്രധാനങ്ങളില്‍ ഭൂമിശാസ്ത്രപരമായി മക്കയുമായി ബന്ധിക്കുന്ന ദേശങ്ങള്‍ക്ക് അതിരില്ലാതാവുന്നുണ്ട് എന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചരിത്രകാരന്മാര്‍ അടിവരയിടുന്നു. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കൈവഴികളില്‍ മാത്രമല്ല മക്ക സഞ്ചരിക്കുന്നത്.
മക്കയുടെ ഭാവനാ ഉപരിതലം മഹാസമുദ്രത്തേക്കാള്‍ വ്യാപൃതിയും സമയവുമുള്ളതായി കാണാം. സമൂഹം, രാഷ്ട്രം, സൈന്യം, സമുദ്രം, കാറ്റുകള്‍ എന്നിങ്ങനെ എല്ലാ ചരിത്രത്തിന്റെ ബിന്ദുക്കളില്‍നിന്നും കുതറിമാറുന്ന മക്ക ആത്യന്തികമായി മറ്റൊരു ചരിത്രസങ്കല്‍പത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്. ആശയങ്ങള്‍, ഭാവനകള്‍ എന്നിവയെ മുന്‍നിര്‍ത്തി ചരിത്രത്തെ വായിക്കാന്‍ സാധിക്കുമോ എന്ന ഏറെ പ്രധാനപ്പെട്ട ചോദ്യമായി അത് മാറുന്നു.
ദേശബന്ധങ്ങളില്‍നിന്നും ലോങ് അഡ്യൂറെ പറയുംപോലെ ദീര്‍ഘകാലം നീളുന്ന സമൂദ്രത്തിന്റെ കൈവഴികളില്‍നിന്നും ചരിത്രത്തിന്റ അതിര്‍ഥി മക്കയെ വായിക്കുമ്പോള്‍ വികസിക്കേണ്ടതായി വരുന്നു. അതിന്ദ്രീയമായ ആശയങ്ങളുടെയും ഭാവനകളുടെയും അന്വേഷണമായി ചരിത്രത്തെ പുനര്‍നിശ്ചയിക്കുമ്പോള്‍ അതൊരു പുതിയ ഘട്ടമായി പിറവിയെടുക്കുന്നു. ചരിത്രപഠനം ഭൂമിക്ക് മുകളിലെ ഖരവസ്തുക്കളില്‍നിന്ന് മാറി ആശയങ്ങളെയും ആശയങ്ങളുടെ ഖനനത്തെയും കേന്ദ്രസ്ഥാനത്ത് നിര്‍ത്തേണ്ടിയിരിക്കുന്നു എന്ന സാധ്യതയായി അത് രൂപാന്തരപ്പെടുന്നു.
സംസ്‌കാരിക പഠനങ്ങളില്‍ അറബ് കേന്ദ്രീകൃത മുസ്‌ലിം ഭാവന ഇപ്പോള്‍ നിരന്തരം ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അധികാരത്തെക്കുറിച്ചുള്ള ഉത്തരാധുനികതയുടെ പുതിയ ആഖ്യാനങ്ങളില്‍നിന്നാണതിന്റെ പിറവി. കേന്ദ്രം എന്ന ആശയം ആത്യന്തികമായി അധികാരശ്രേണീകരണത്തിലേക്ക് നയിക്കുന്നു എന്ന അടിസ്ഥാന സങ്കല്‍പത്തില്‍നിന്നാണ് ഉത്തരാധുനിക സംസ്‌കാരിക പഠനങ്ങളുടെയൊക്കെ പിറവി. എന്നാല്‍, മക്ക കേന്ദ്രമാവുകയും ആ കേന്ദ്രം അധികാരശ്രേണീ ബന്ധങ്ങളെ പൊളിക്കുകയും ചെയ്യുന്നു എന്നിടത്ത് ഉത്തരാധുനിക സങ്കല്‍പങ്ങള്‍ പിഴക്കുന്നു.
അറബ് കേന്ദ്രീകൃത മുസ്‌ലിം ലോകബോധത്തെ ചോദ്യം ചെയ്യുകയാണ് യഥാര്‍ഥത്തില്‍ മക്ക. മക്ക ആരുടെത് എന്ന ചോദ്യം തന്നെ എക്കാലത്തും അപ്രസക്തമായിരുന്നു. ഏതെങ്കലും വംശത്തിനോ ഭാഷക്കോ ഭരണകൂടത്തിനോ ഒതുങ്ങാതെ മക്ക വികസിച്ചു. മക്ക അറേബ്യയിലായിട്ടും മക്ക അറബികളുടേതല്ലാതായിത്തീര്‍ന്നു. മക്കയുടെ ഭാഷയോ മദ്ഹബോ വംശമോ ഒരുകാലത്തും ഒന്നിലൊതുങ്ങിയില്ല. മക്ക ലോകമെന്ന നിലയിലേക്ക് പടര്‍ന്നു. അതിനുള്ളില്‍ വൃത്തം രൂപപ്പെടുത്തി. ദൈവമെന്ന കേന്ദ്രത്തിന്റെ പ്രതിബംബത്തിന് ചുറ്റും അത് വലയംചെയ്തു. അതോടെ മനുഷ്യരുടെ ഉല്‍പന്നങ്ങളായ എല്ലാ സംസ്‌കാരിക അധികാര ശ്രേണികളും വീണുടഞ്ഞു.
മക്ക ഒരാശയമായി നിലനിന്നു. മക്ക ഭാവനകളിലും കവിതകളിലും പാട്ടുകളിലും കഠിനമായ അഭിലാഷങ്ങളിലും ജീവിച്ചു. മക്കയില്‍നിന്നെത്തിയ ഒരു കുടം വെള്ളമോ മണ്ണോ അതിദൂര ദേശക്കാരിലും മക്കയെന്ന ഓര്‍മയെ ജീവിപ്പിച്ചു നിര്‍ത്തി. മക്ക ദേശമെന്ന സങ്കല്‍പത്തില്‍നിന്ന് കുതറി മാറി സങ്കല്‍പങ്ങളില്‍ കുടിയിരുന്നു. മക്ക കാലത്തിന്റെയും ദേശത്തിന്റെയും എല്ലാ വ്യവസ്ഥാപിത സങ്കല്‍പങ്ങളെയും തിരുത്തുന്നു. അതിനപ്പുറമുള്ള മറ്റെന്തോ ഒന്നായി അത് പരിവര്‍ത്തിക്കപ്പെടുന്നു. മക്കയെ കുറിച്ച് സംഭവിച്ച എല്ലാ ജ്ഞാന ശാഖകളിലേയും പഠനങ്ങള്‍ മക്കയെ മനസ്സിലാക്കാന്‍ അപര്യമാണ്.
മക്കയെ കുറിച്ചുള്ള തീവ്രാഭിലാഷങ്ങള്‍ പുതിയ കഥകളും ചരിത്രങ്ങളുമായി വികസിച്ചിട്ടുണ്ട്. മക്കയോടുള്ള അടങ്ങാത്ത അഭിവാജ്ഞ കാരണം വീടു വിട്ടിറങ്ങിയ മൊറോക്കോക്കാരനായ അബൂ അബ്ദുല്ല പിന്നീട് ലോകം സഞ്ചരിച്ചു തീര്‍ത്ത മഹാപ്രതിഭയായ ഇബ്നു ബത്തൂത്തയായി പരിണമിച്ചത് മക്കയെന്ന അഭിലാഷം നിദാനമായിരുന്നു. ഈജിപ്തില്‍ മെച്ചപ്പെട്ട കോളേജുകളുണ്ടായിട്ടും അസംഖ്യം ജ്ഞാനദാഹികളുണ്ടായിട്ടും സുല്‍ത്വാന്റെ സവിശേഷമായ പരിഗണനയുണ്ടായിട്ടും മക്കവിട്ട് പോരാന്‍ തയ്യാറാകാത്ത ഇബ്നു ഹജറില്‍ ഹൈഥമിയെയും ആകര്‍ഷിച്ചത് ദേശങ്ങള്‍ക്കപ്പുറത്തെ മക്കയുടെ സാധ്യതയായിരുന്നു.
അതോടെ മലബാറില്‍ നിന്നും ഗുജറാത്തില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ദാഗിസ്താനില്‍ നിന്ന് വരെ ശിഷ്യരെ അവര്‍ക്ക് സമ്പാദിക്കാന്‍ സാധിച്ചു. മക്കയില്‍ ജീവിക്കുന്നവരും ദേശമെന്ന വൃത്തത്തില്‍ നിന്നും മോചിതരായിത്തീരുന്നു. ദേശം എന്ന ആശയത്തിന് അഥിര്‍ത്ഥി അനിവാര്യമാണ്. എന്നാല്‍ അഥിര്‍ത്ഥികള്‍ക്കുള്ളില്‍ കുരുങ്ങാത്ത ഭാവനയായി മക്കയും മക്കയോട് ചേരുന്നവരും മാറുന്നു.
Add comment