Thelicham

ചെങ്കൊടി നാട്ടിയ വാരിക്കുഴികള്‍

അധികാരത്തിനു വേണ്ടി മതവിശ്വാസികളെ കൂട്ടുപിടിക്കുക, അധികാരം ലഭിച്ചാല്‍ തനിനിറം പുറത്തെടുക്കുക, ലോകത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന പ്രദേശങ്ങളിലെല്ലാം നടന്നത് ഇതാണ്. റഷ്യയില്‍ സാര്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ മുസ്ലിംകള്‍ നിലയുറപ്പിച്ചത് കമ്യൂണിസ്റ്റുകള്‍ക്കൊപ്പമാണ്. ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസത്തില്‍ നിന്ന് മോചനം വേണമെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് പറയുന്നത് പോലെ അന്ന് സാര്‍ ചക്രവര്‍ത്തിയില്‍ നിന്നുള്ള മോചനത്തിന് തങ്ങളുടെ കൂടെ നില്‍ക്കണമെന്ന് അവര്‍ മുസ്ലിംകളോട് ആവശ്യപ്പെട്ടു. ഹസ്രത്ത് ഉസ്മാന്‍ (റ) ന്റെ നിര്‍ദേശപ്രകാരം പകര്‍ത്തിയ വിശുദ്ധ ഖുര്‍ആന്റെ ഏഴ് കൈയെഴുത്ത് പ്രതികളിലൊന്ന് റഷ്യയിലുണ്ടായിരുന്നു. തിമൂര്‍ ദമസ്‌കസ് കീഴടക്കിയപ്പോള്‍ സമര്‍ഖന്ദിലേക്ക് കൊണ്ടുവന്ന വസ്തുക്കളില്‍ ഏറ്റവും വിലപ്പെട്ട ഒന്നായിരുന്നു ഇത്. റഷ്യക്കാര്‍ സമര്‍ഖന്ദ് ആക്രമിച്ചപ്പോള്‍ ഈ ഖുര്‍ആന്‍ പ്രതി സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് മാറ്റി. സാര്‍ ചക്രവര്‍ത്തിക്കെതിരെ നിലകൊണ്ടാല്‍ ഇത് തിരിച്ചു തരാമെന്നായിരുന്നു മുസ്ലിംകള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ കൊടുത്ത വാക്ക്.

മൗലാനമാരെ കൂട്ടുപിടിച്ചായിരുന്നു കമ്യൂണിസ്റ്റ്-മുസ്ലിം സഖ്യം. 1917 ഏപ്രില്‍ 26ന് റഷ്യന്‍ മുസ്ലിം സെന്‍ട്രല്‍ ബ്യൂറോ അവരുടെ പത്രമായ തുര്‍ക്കിസ്ഥാന്‍ സ്‌കൈഗോലോസിലൂടെ വിപ്ലവത്തില്‍ അണിചേരാന്‍ മുസ്‌ലിംകളോട് അഭ്യര്‍ഥിച്ചു. പര്‍ദ്ദ ധരിച്ച സ്ത്രീകള്‍ പോലും പ്രകടനങ്ങളില്‍ ചേര്‍ന്നു. സോവിയറ്റ് റിപ്പബ്ലിക്ക് വന്നാല്‍ മുസ്ലിം പ്രദേശങ്ങളില്‍ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്ന മോഹമായിരുന്നു ഈ അണിചേരലിന് പിന്നില്‍. എന്നാല്‍ 1917ലെ ബോള്‍ഷെവിക് വിപ്ലവാനന്തരം ഇസ്‌ലാമോഫോബിയ അതിഭീകരമായിരുന്നു എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.

സോവിയറ്റ് യൂണിയനില്‍ മുസ്‌ലിം തീര്‍ഥാടന കേന്ദ്രങ്ങള്‍ നിരോധിച്ചു. പളളികള്‍ അടച്ചു പൂട്ടുകയോ സര്‍ക്കാര്‍ ഓഫീസുകളാക്കി മാറ്റുകയോ ചെയ്തു. ചില പള്ളികള്‍ ബാറുകളായും കാബറേ കേന്ദ്രങ്ങളായും മാറ്റി. മുസ്ലിം വഖ്ഫ് സാമ്പത്തിക വ്യവസ്ഥയെ പാടെ നശിപ്പിച്ചു. മതവിരുദ്ധവും ഇസ്‌ലാം വിരുദ്ധവുമായ വ്യാജപ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യം വെച്ച് പല തവണകളിലായി വംശഹത്യാ ശ്രമങ്ങള്‍ നടന്നു. അറബി ഭാഷ നിരോധിച്ചു. മുസ്‌ലിംകള്‍ക്കു മേല്‍ സിറിലിക് ഭാഷാ കോളനീകരണം നടത്തി. 1921 ജൂണ്‍ 13ന് മതപഠനം നിരോധിക്കപ്പെട്ടു. ചെച്‌നിയ, അസര്‍ബൈജാന്‍, ഇറാന്‍, തജികിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ നാടുകളില്‍ നിന്നുളള മുസ്‌ലിംകളാണ് കമ്യൂണിസ്റ്റ് നയങ്ങളുടെ ഇരകളായത്.

കമ്യൂണിസ്റ്റുകാര്‍ കുഴിച്ച വാരിക്കുഴികളില്‍ മുസ്ലിംകള്‍ ഒന്നൊന്നായി
വീഴുകയായിരുന്നു. സാര്‍ ഭരണകാലത്ത് മുസ്ലിംകള്‍ നേരിട്ടത് ക്രിസ്തീയ മതാധിപത്യ ചിന്തയുടെ വിദ്വേഷമാണെങ്കില്‍ കമ്യൂണിസ്റ്റ് ഭരണകാലത്ത് അത് മതവിരുദ്ധ വിദ്വേഷമായി എന്ന വ്യത്യാസം മാത്രമാണ് സംഭവിച്ചത്. രണ്ടിന്റെയും ഫലം ഒന്നു തന്നെ. സാറിസത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത ഒരു കമ്യൂണിസ്റ്റ് ഭരണമാണ് സോവിയറ്റ് യൂണിയനില്‍ നടന്നതെന്ന് 11 പ്രസിദ്ധ എഴുത്തുകാര്‍ അണിനിരന്ന് ‘കമ്യൂണിസത്തിന്റെ കറുത്ത പുസ്തകം’ എന്ന കൃതി മാത്രം വായിച്ചാല്‍ ബോധ്യപ്പെടും.

ഇന്ന് കമ്യൂണിസ്റ്റുകള്‍ മുസ്ലിം സ്ത്രീകളുടെ പര്‍ദ്ദയെക്കുറിച്ച് വ്യാകുലപ്പെടുന്നത് പോലെ അന്ന് സോവിയറ്റ് പുരുഷനും മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരായി. ചുവപ്പ് ഗ്രഹത്തില്‍നിന്ന് നീക്കം ചെയ്യപ്പെടേണ്ട അണുക്കളായും കീടങ്ങളായുമാണ് കമ്യൂണിസ്റ്റുകാര്‍ മുസ്ലിംകളെ കണ്ടത്. ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന വംശഹത്യാ ഭീഷണിയും ഈ കമ്യൂണിസ്റ്റ് നയത്തിന്റെ ഭാഗമാണ്. അഫ്ഗാനിസ്ഥാന്‍ കയ്യേറിയ ശേഷം 1979ല്‍ വ്യാപക കൂട്ടക്കൊലകള്‍ നടത്തി. ഖുര്‍ആന്‍ പൊതുമധ്യത്തില്‍ കത്തിക്കുകയും പള്ളി ഇമാമുമാര്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി


2020 ഒക്‌ടോബര്‍ 17നാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 100 വയസ്സ് തികഞ്ഞത്. എം.എന്‍ റോയിയുടെ നേതൃത്വത്തില്‍ 1920ല്‍ ഇതേ ദിവസമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. ഇതേസമയം നിരവധി കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ പിറവി കൊണ്ടു. റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവം ചെറുപ്പക്കാരിലുണ്ടാക്കിയ ആവേശമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രൂപ്പുകളുടെ പിറവിക്കും കാരണമായത്. 1925 ഡിസംബറില്‍ കാണ്‍പൂരിലാണ് ഇന്ത്യയിലാദ്യമായി കമ്യൂണിസ്റ്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം റഷ്യന്‍ പാതയാണോ ചൈനീസ് പാതയാണോ വേണ്ടതെന്ന തര്‍ക്കമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഗ്രസിച്ചത്. ഇത്തരം തര്‍ക്കങ്ങള്‍ 1964ലെ പിളര്‍പ്പിലെത്തിച്ചു. സി.പി.ഐയും സി.പി.എമ്മുമായി.

കേരളത്തിലാണ് ജനാധിപത്യത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി അധികാരത്തിലെത്തിയത്. 1957ല്‍. 1977ലാണ് പശ്ചിമബംഗാളില്‍ സി.പി.എം അധികാരത്തിലെത്തുന്നത്. 34 വര്‍ഷം തുടര്‍ച്ചയായി സി.പി.എം ബംഗാള്‍ ഭരിച്ചു. പിന്നീട് നാമാവശേഷമായി. തൃണമൂല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കാനെന്ന പേരില്‍ സി.പി.എം ഓഫീസുകള്‍ ബി.ജെ.പി ഓഫീസുകളായി പരിണമിച്ചു. 1984ലാണ് ത്രിപുരയില്‍ സി.പി.എം അധികാരത്തിലെത്തിയത്. 2018ഓടു കൂടി തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍ ആ സംസ്ഥാനവും നഷ്ടമായി.

ഇപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം കയ്യാളുന്ന ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണ്.കേരളത്തിലെ അധികാരം കൂടി പോയാല്‍ ഇന്ത്യയില്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന തിരിച്ചറിവില്‍നിന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അടവ് നയങ്ങളിലേക്ക് വഴുതിമാറുന്നത്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് വേണ്ടി ബി.ജെ.പി പയറ്റുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പായ ഭൂരിപക്ഷാധിപത്യ രാഷ്ട്രീയമാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് ഈ ആധിപത്യത്തിന്റെ പ്രധാന തന്ത്രം.

സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ബന്ധങ്ങളില്‍ ഊന്നിയാണ് കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണി സംവിധാനം കെട്ടുറപ്പോടെ നിലനിന്നത്. പ്രബല സമുദായങ്ങളായ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഐക്യവും യോജിപ്പും പ്രകടമാകുന്ന സംവിധാനമായിരുന്നു അത്. ക്രിസ്തീയ വിഭാഗങ്ങള്‍ കൂടുതലായി അണിനിരന്ന കേരള കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തെ രാഷ്ട്രീയ ധാര്‍മികതയൊക്കെ കാറ്റില്‍ പറത്തി എല്‍.ഡി.എഫ് ഒപ്പം നിര്‍ത്തി. മുസ്‌ലിം ലീഗിനെ കൂടി തകര്‍ത്ത് കഴിഞ്ഞാല്‍ യു.ഡി.എഫ് സംവിധാനം ദുര്‍ബലമാകുമെന്ന വിചാരത്തിലാണ് മുസ്‌ലിം ലീഗിനെതിരായ ഇപ്പോഴത്തെ നീക്കങ്ങള്‍. മുസ്‌ലിം ലീഗിനോട് ചേര്‍ന്ന് നില്‍ക്കുന്ന മതസംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്താനും സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ശരീഅത്ത് വിവാദവും ഏക സിവില്‍കോഡും


ഇന്ത്യന്‍ മുസ്‌ലിംകളുടെ അസ്ഥിത്വവും വ്യക്തിത്വവും ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് ശാബാനു കേസിനെ തുടര്‍ന്ന് 1984ല്‍ നടന്ന ശരീഅത്ത് വിവാദത്തിന്റെ കാതലായ വശം. വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് അവരുടെ പുനര്‍ വിവാഹം വരെ ഭര്‍ത്താവ് ചെലവിന് നല്‍കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പരമോന്നത നീതിപീഠം വിധി പുറപ്പെടുവിച്ചു. സ്ത്രീയുടെ കാര്യം മാത്രം പരിരക്ഷിക്കുന്ന ആ വിധി പുരുഷനോട് അനീതി കാണിക്കുന്നതായിരുന്നു. ഭാര്യയെ വിവാഹമോചനം ചെയ്താലും പുനര്‍ വിവാഹം വരെ അവരുടെ ചെലവ് വഹിക്കുക സാധാരണക്കാരായ പുരുഷന്മാര്‍ക്ക് അസാധ്യമായ കാര്യമാണ് എന്നതല്ല ഈ വിധിക്കെതിരെ പ്രക്ഷോഭങ്ങള്‍ ഉണ്ടാകാനുള്ള കാരണം. മറിച്ച്, ഇസ്‌ലാമിക ശരീഅത്തിനെ തെറ്റായി വ്യാഖ്യാനിച്ചു എന്നതായിരുന്നു പ്രധാന പ്രശ്‌നം. ഇത് ശരീഅത്തിനെതിരായ കടന്നുകയറ്റമായിരുന്നു. സമുദായത്തിനെതിരായ ഒരു ഗൂഢാലോചനയായി ഈ വിധിയെ ജനം കണ്ടു. ഒന്നിച്ച് നിന്ന് ഇതിനെതിരെ പോരാടണമെന്ന് അവര്‍ ഉറപ്പിച്ചു.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം മുസ്‌ലിംകള്‍ ഭിന്നതകള്‍ മറന്ന് ശരീഅത്ത് സംരക്ഷണ സമരത്തില്‍ സജീവമായത്.
ഇസ്‌ലാമിക ശരീഅത്തിനെതിരെ നാലുപാടു നിന്നും ആക്രമണം നടക്കുന്ന ആ കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി അക്രമികളുടെ പക്ഷത്തായിരുന്നു. കേരളത്തില്‍ സഖാവ് ഇ.എം.എസ് തന്നെ ശരീഅത്തിനെതിരെ രംഗത്തുവന്നു.

സി.പി.എമ്മിന്റെ തനിനിറം തിരിച്ചറിഞ്ഞതോടെ മറക്കുക, പൊറുക്കുക എന്ന ഫോര്‍മുല സ്വീകരിച്ച് അഖിലേന്ത്യാ മുസ്‌ലിം ലീഗ് മാതൃസംഘടനയായ ഇന്ത്യയന്‍ യൂണിയന്‍ മുസ്‌ലിം ലീഗില്‍ ലയിച്ചു. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ഒന്നിച്ചിരുന്ന് ശരീഅത്ത് വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ആഹ്വാന പ്രകാരം പള്ളികളില്‍ പ്രബോധനകളും പ്രാര്‍ഥനകളും നടന്നു. 1985 ജൂണ്‍ എട്ടിന് ഇബ്‌റാഹീം സുലൈമാന്‍ സേട്ട് കോഴിക്കോട്ട് മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ കേരള ഘടകം രൂപീകരിച്ചു. ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ചെയര്‍മാനും ഇബ്‌റാഹീം സുലൈമാന്‍ സേട്ട് ജനറല്‍ സെക്രട്ടറിയുമായ 17 അംഗ കമ്മിറ്റിയില്‍ സമസ്ത നേതാവ് കോട്ടുമല ബാപ്പു മുസ്്‌ലിയാരും മുസ്്‌ലിം യുവജന വേദി ചെയര്‍മാന്‍ വി.പി സെയ്തു മുഹമ്മദ് നിസാമിയും അംഗങ്ങളായിരുന്നു. ജൂണ്‍ 14 വെള്ളിയാഴ്ച ശരീഅത്ത് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഈ പ്രമേയത്തില്‍ ജമാഅത്ത്-മുജാഹിദ്- തബ്‌ലീഗ് നേതാക്കളോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മര്‍ഹൂം കണ്ണിയത്ത് അഹ്‌മദ് മുസ്്‌ലിയാരും കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളും ഒപ്പുവെച്ചു.

കോഴിക്കോട് മുതലക്കുളത്ത് നടന്ന ശരീഅത്ത് സമ്മേളനം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി ഈ സമ്മേളനത്തില്‍ സംബന്ധിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബുമെല്ലാം നേതൃത്വം നല്‍കിയ മുസ്‌ലിം ഐക്യത്തിന്റെ മനോഹര നിമിഷങ്ങളായിരുന്നു അത്. പ്രക്ഷോഭങ്ങളുടെ ഫലമായി 1986ല്‍ ശരീഅത്ത് സംരക്ഷണ ബില്‍ പാസ്സാക്കിയാണ് സുപ്രിംകോടതി വിധിയെ രാജ്യം മറികടന്നത്.

തീര്‍ത്തും നിഷേധാത്മകമായ മതവിരുദ്ധതയാണ് ശരീഅത്ത് വിവാദകാലത്ത് സി.പി.എം പ്രകടിപ്പിച്ചത്. ശാബാനു കേസിലെ വിധി പോലെ മുസ്‌ലിം പുരുഷനോടുള്ള അനീതിയായിരുന്നു മുത്തലാഖ് ചൊല്ലിയാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന നിയമം. വിവാഹ മോചനം ചെയ്താല്‍ മുസ്‌ലിം പുരുഷന്റെ മേല്‍ ക്രിമിനല്‍ കേസ് ചുമത്താനും മൂന്ന് വര്‍ഷം ജയിലിലടക്കാനും ബി.ജെ.പി സര്‍ക്കാര്‍ നിയമമുണ്ടാക്കി. സി.പി.എം ലോക്‌സഭയില്‍ ഇതിനെ എതിര്‍ത്തെങ്കിലും മുത്തലാഖ് സമ്പ്രദായത്തെ അനുകൂലിക്കാനല്ല ഈ എതിര്‍പ്പെന്ന് പ്രത്യേകം എടുത്ത് പറഞ്ഞു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെ മാത്രമാണ് സി.പി.എം എതിര്‍ത്തത്. അതേസമയം മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നടന്ന നിയമ പോരാട്ടത്തില്‍ സി.പി.എമ്മിന്റെ മഹിളാ സംഘടനയായ അഖിലേന്ത്യാ മഹിളാ അസോസിയേഷനും കക്ഷിയായിരുന്നു. മുത്തലാഖിനെതിരായ പോരാട്ടത്തിന് പിന്തുണ നല്‍കുന്നതായി സി.പി.എം പ്രഖ്യാപിച്ചു. ഒരേസമയം വേട്ടക്കാരനും ഇരക്കുമൊപ്പം ഓടാനുള്ള മെയ്‌വഴക്കമാണ് സി.പി.എം പ്രകടിപ്പിച്ചത്. മുസ്‌ലിം സമുദായത്തിന് വലിയൊരു വാരിക്കുഴി കുഴിക്കാനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്ത ശേഷം കുഴിയില്‍ വീണാല്‍ പറ്റുന്ന പരിക്കിനെ ഓര്‍ത്ത് വിലപിക്കുകയായിരുന്നു അവര്‍.



ഏക സിവില്‍കോഡിന്റെ കാര്യത്തിലും ബി.ജെ.പിയുടെ അഭിപ്രായം തന്നെയാണ് സി.പി.എമ്മിനുള്ളത്. 1980കളില്‍ ഏകീകൃത സിവില്‍ കോഡിന് വേണ്ടി സി.പി.എം ശക്തമായി വാദിച്ചു. ഈ നീക്കമാണ് 1987ല്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിലൂടെ ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചത്. അധികാരം നിലനിര്‍ത്താന്‍ ഭൂരിപക്ഷാധിപത്യ താല്‍പര്യങ്ങളെ താലോലിക്കുക എന്ന നയം തന്നെയാകും ഏകീകൃത സിവില്‍കോഡ് വിഷയത്തിലും സി.പി.എം ആവര്‍ത്തിക്കുക.

ഇസ്‌ലാമിനെ ആറാം നൂറ്റാണ്ടിലെ പ്രാകൃത മതമെന്ന് സംഘ്പരിവാറിനേക്കാള്‍ ഉച്ചത്തില്‍ ആക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് പ്രൊഫൈലുകളാണ് എന്നത് കമ്യൂണിസ്റ്റുകളുടെ ഇസ്‌ലാമോഫോബിയയുടെ ആഴം വ്യക്തമാക്കുന്നതാണ്. ഗെയില്‍ സമരം നടത്തുന്നത് ആറാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കി വിടുന്ന തീവ്രവാദികളാണ് എന്ന് പത്രക്കുറിപ്പിറക്കിയ പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്).

മുന്നാക്ക സംവരണം


‘എ ബഞ്ച് ഓഫ് ബ്രാഹ്‌മിണ്‍ ബോയ്സ്’ എന്നാണ് തന്നെ കാണാനെത്തിയ കമ്യൂണിസ്റ്റുകാരെ ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍ അംബേദ്കര്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ കമ്യൂണിസം അതിന്റെ തുടക്കത്തിലേ ബ്രാഹ്‌മണിക് നേതൃത്വത്തിന്റെ പിടിയിലായിരുന്നു എന്ന സൂചന ഈ വിശേഷണത്തിലുണ്ട്. ഇന്ത്യയുടെ സങ്കീര്‍ണമായ ജാതി സമവാക്യങ്ങളെ അഭിസംബോധന ചെയ്യാതെ യൂറോ കേന്ദ്രീകൃത മാര്‍ക്‌സിസത്തെ അതേപടി പറിച്ചുനട്ടതാണ് ഇന്ത്യന്‍ കമ്യൂണിസം എടുക്കാച്ചരക്കായതിന്റെ പ്രധാന കാരണം. ഉള്ളവനും ഇല്ലാത്തവനുമെന്ന ക്ലീഷേയിലേക്കും മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് തിയറികളിലേക്കും കൂട്ടിക്കെട്ടിയ ഒരു ആദര്‍ശത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇന്ത്യക്കില്ലെന്ന് കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയാന്‍ വൈകി.


സംവരണത്തിന്റെ ആത്മാവിനെ ഇല്ലാതാക്കുന്ന സാമ്പത്തിക സംവരണ വാദത്തെ കമ്യൂണിസ്റ്റുകള്‍ പിന്തുണച്ചതും ഈ ഉള്ളവനും ഇല്ലാത്തവനുമെന്ന തിയറി വെച്ചാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ഈ വാദത്തിന് തുടക്കമിട്ടത്. സാമ്പത്തിക സംവരണ വാദം എന്നതിനേക്കാള്‍ മുന്നാക്ക സംവരണ വാദമെന്നാണ് ഇതിനെ വിളിക്കേണ്ടത്. കാരണം, സംവരണേതര മുന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രമാണ് സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.

സാമൂഹിക കാരണങ്ങളാല്‍ മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെടുന്ന ലക്ഷങ്ങളുള്ള ഇന്ത്യന്‍ അവസ്ഥയെ തെല്ലും ഗൗനിക്കാതെ സമ്പത്താണ് എല്ലാ അസമത്വങ്ങളുടെയും കാരണമെന്ന മാര്‍ക്‌സിയന്‍ സിദ്ധാന്തത്തെ ഏറ്റെടുത്താണ് കേന്ദ്രം ആലോചിക്കുന്നതിന് മുമ്പേ കേരളം മുന്നാക്ക സംവരണത്തിന് വേണ്ടി വാദിച്ചത്. അഗ്രഹാരങ്ങള്‍ സന്ദര്‍ശിച്ച് കണ്ണീരൊഴുക്കാന്‍ വരെ പാര്‍ട്ടി സെക്രട്ടറി കോടിയേരിക്ക് സാധിച്ചത് ഈ സിദ്ധാന്തത്തിന്റെ ബലത്തിലാണ്.

സവര്‍ണ ഫാസിസം വരണമെന്ന് അടിമുടി മോഹിക്കുന്ന ബി.ജെ.പിയോടാണ് ”നിങ്ങള്‍ മുന്നാക്ക സംവരണത്തിന് തയ്യാറുണ്ടോ, ഞങ്ങളിതാ തയ്യാറായിക്കഴിഞ്ഞു” എന്ന് സി.പി.എം പ്രഖ്യാപിച്ചത്. ഉള്ളവനും ഇല്ലാത്തവനും എന്ന ലളിത യുക്തിയില്‍ അസമത്വത്തെ നിര്‍വചിക്കുന്ന യൂറോപ്യന്‍ മാര്‍ക്സിസത്തിന്റെ ദുര്‍ഭൂതം തന്നെയാണ് സി.പി.എമ്മിനെ ഭരിക്കുന്നതെന്ന് ഈ പ്രസ്താവനയില്‍ വ്യക്തം.

മുന്നാക്ക ജനസംഖ്യ 25 ശതമാനമായ നാട്ടില്‍ ഐ.പി.എസിലും ഐ.എ.എസിലും മുന്നാക്ക പ്രാതിനിധ്യം 85 ശതമാനമാണ്. 25 ശതമാനം പട്ടിക ജാതി പട്ടിക വര്‍ഗത്തിന്റെ സിവില്‍ സര്‍വീസിലെ പ്രാതിനിധ്യം 11 ശതമാനമാണ്. 50 ശതമാനം പിന്നാക്ക വിഭാഗങ്ങളില്‍നിന്ന് സിവില്‍ സര്‍വീസിലെ പ്രാതിനിധ്യം 4 ശതമാനമാണ്. 85 ശതമാനം ഉദ്യോഗങ്ങളും കൈയടക്കിയത് 25 ശതമാനമുള്ള മുന്നാക്ക വിഭാഗങ്ങള്‍. അവര്‍ക്കാണ് 10 ശതമാനം വരെ കേന്ദ്രം സംവരണം നടപ്പാക്കിയത്. ഒ.ബി.സി സംവരണത്തിനായി പിന്നോക്ക വിഭാഗങ്ങള്‍ 50 വര്‍ഷം നീണ്ട പോരാട്ടങ്ങള്‍ നടത്തിയെങ്കില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ രാജ്യത്തിന് വേണ്ടി വന്നത് വെറും മൂന്ന് മിനുട്ടാണ്.

കേരള സര്‍ക്കാര്‍ ആദ്യം തന്നെ ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക സംവരണം നടപ്പാക്കി. നാലു കോളേജുകളാണ് ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള ഭരണ നിയന്ത്രണത്തിലുള്ളത്. 2010ലെ കണക്കനുസരിച്ച് ആ നാലു കോളേജുകളിലുമായി 186 അധ്യാപകരുണ്ട്. ഈ 186 അധ്യാപകരില്‍ 135 പേര്‍ നായന്മാരും 6 പേര്‍ നമ്പൂതിരിമാരുമാണ്. അഥവാ 79 ശതമാനം ജോലിയും സവര്‍ണലോബി കൈയടക്കിയിരിക്കുന്നു. അവര്‍ക്ക് തന്നെ വീണ്ടും പത്ത് ശതമാനം കൂടി കൊടുത്തു.

ദാരിദ്ര്യമുള്ളവന് പണമുണ്ടാക്കി കൊടുക്കാനുള്ള ഏര്‍പ്പാടാണ് സംവരണം എന്നു തെറ്റിദ്ധരിച്ച ഭൂലോക ദുരന്തങ്ങളാണ് സാമ്പത്തിക സംവരണവാദികള്‍. അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നത് പോലും വലിയ പാടാണ്. സംവരണത്തിന്റെ അടിസ്ഥാന തത്വം രാഷ്ട്ര നിര്‍മാണത്തിലെ പ്രാതിനിധ്യത്തിലൂടെ അധഃസ്ഥിതനെ മുഖ്യധാരയിലേക്ക് പിടിച്ചിരുത്തലാണ്. അതുകൊണ്ടു തന്നെ ‘മുന്നാക്കത്തിലെ പിന്നാക്കം’ എന്നു പ്രയോഗിക്കുന്നതു തന്നെ സംവരണ മാനദണ്ഡത്തിനും ഭരണഘടനക്കും എതിരാണ്. മുന്നോക്കത്തില്‍ ജാതീയ നോട്ടത്താല്‍ ഉരുകുന്ന പിന്നാക്കക്കാരനില്ല. പണമില്ലെങ്കിലും അവന് സാമൂഹികാംഗീകാരങ്ങള്‍ കിട്ടും. ദാരിദ്ര്യമുണ്ടെങ്കില്‍ നാട്ടു നടപ്പനുസരിച്ചുള്ള റേഷന്‍ കൊടുക്കേണ്ടതിന് പകരമാണ് സര്‍ക്കാര്‍ ജോലിയും കോളേജില്‍ അഡ്മിഷനും കൊടുത്തുകൊണ്ടിരിക്കുന്നത്.

മുസ്‌ലിംകള്‍ ഉള്‍പ്പെടെ പിന്നാക്ക സംവരണ സമുദായങ്ങള്‍ക്ക് മുന്നാക്ക സംവരണം വലിയ നഷ്ടങ്ങളുണ്ടാക്കി. കോളേജ് അഡ്മിഷനു വേണ്ടി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പരിശോധിച്ചാല്‍ ഈ നഷ്ടത്തിന്റെ ആഘാതം ബോധ്യപ്പെടും. ഒരു പഠനവും നടത്താതെ സൂപ്പര്‍ ഫാസ്റ്റ് വേഗതയിലാണ് ഇടത് സര്‍ക്കാര്‍ ഇത് നടപ്പാക്കിയത്. ഭൂരിപക്ഷ ഫാഷിസവും വൈരുദ്ധ്യാത്മക ഭൗതികവാദികളും കൈകോര്‍ത്ത ഒരു സുപ്രധാന വിഷയമായിരുന്നു ഇത്. ഏകീകൃത സിവില്‍കോഡ് ഉള്‍പ്പെടെയുള്ള മുസ്‌ലിം വിരുദ്ധ നീക്കങ്ങളിലും ഇടതുപക്ഷവും ആര്‍.എസ്.എസ്സും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിയുടെ നാള്‍വഴികള്‍ മാത്രം പരിശോധിച്ചാല്‍ കേരളത്തിലെ ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്ത ചതിയുടെ ആഴം തിരിച്ചറിയും.


സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിയും ന്യൂനപക്ഷങ്ങളുടെ അകല്‍ച്ചയും


2005ല്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ യു.പി.എ സര്‍ക്കാര്‍ രജീന്ദര്‍ സച്ചാര്‍ സമിതിയുണ്ടാക്കി. പട്ടികജാതിക്കാരേക്കാള്‍ പരിതാപകരമാണ് ഇന്ത്യയിലെ മുസ്ലിംകളുടെ സ്ഥിതിയെന്ന് സമിതി കണ്ടെത്തി. ഈ സമിതിയുടെ ശുപാര്‍ശപ്രകാരം മുസ്‌ലിംകളുടെ അവശതകള്‍ പരിഹരിക്കാനും സര്‍വീസ് പ്രാതിനിധ്യം ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നതിന് പകരം കേരളത്തില്‍ 2008ല്‍ ഒരു പാലോളി കമ്മിറ്റിയുണ്ടാക്കി. മുസ്ലിംകള്‍ക്ക് അനുവദിക്കേണ്ടc പരിഹാരങ്ങള്‍ ഈ സമിതി ന്യൂനപക്ഷമെന്ന പേരില്‍ നടപ്പാക്കി. ഇതാണ് സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കു വേണ്ടി ഇടതുപക്ഷം ചെയ്ത ആദ്യത്തെ പണി.

മുസ്‌ലിംകള്‍ക്ക് മാത്രമായി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ ഗുജറാത്ത്, മുംബൈ ഹൈക്കോടതികളില്‍ വന്ന പരാതികള്‍ തള്ളിപ്പോയത് ചരിത്രമാണ്.സച്ചാറിനെ ഒഴിവാക്കി പാലോളി കമ്മിറ്റിയുണ്ടാക്കുമ്പോള്‍ അതില്‍ അംഗങ്ങളായി കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകളൊന്നും ഉണ്ടായിരുന്നില്ല. കേരളത്തിലെ പ്രബല മതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രതിനിധിയില്ലാത്ത ആ കമ്മിറ്റിയില്‍ അന്ന് ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിയുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

80:20 എന്ന കണക്കില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനാണ് പാലോളി കമ്മിറ്റി തീരുമാനിച്ചത്. മുസ്‌ലിംകള്‍ക്കു വേണ്ടി ആവിഷ്‌ക്കരിക്കേണ്ട ക്ഷേമപദ്ധതികള്‍ക്ക് ന്യൂനപക്ഷം എന്ന പേരിട്ടതോടെ സ്വാഭാവികമായും ഈ അനുപാതം ചോദ്യം ചെയ്യപ്പെട്ടു. ക്രിസ്തീയ ന്യൂനപക്ഷം കോടതിയില്‍ പോയി. ന്യൂനപക്ഷ പദ്ധതികള്‍ ജനസംഖ്യാനുപാതികമായി വീതിക്കണമെന്ന് കോടതി വിധിച്ചു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അപ്പീല്‍ പോയി സമയം കളയാതെ അതിവേഗം കോടതി വിധി നടപ്പാക്കുന്നതായി പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാക്കള്‍ പ്രതികളാകുന്ന കൊലപാതക കേസുകളില്‍ അപ്പീലിനു മുകളില്‍ അപ്പീല്‍ പോകുന്നതിന് കൊമ്പന്മാരായ അഭിഭാഷകരെ ഇറക്കി കോടികള്‍ മുടക്കുന്ന അതേ സര്‍ക്കാറാണ് ഹൈക്കോടതി വിധി അതിവേഗം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. നഷ്ടം മുസ്‌ലിംകള്‍ക്ക് മാത്രം. പദ്ധതിയുടെ പേര് മാറ്റി സച്ചാര്‍ കമ്മിറ്റി സ്‌കീം ഇംപ്ലിമെന്റേഷന്‍ സെല്‍ എന്നാക്കി പ്രശ്‌നം പരിഹരിക്കണമെന്ന മുസ്‌ലിം സംഘടനകളുടെയും മുസ്‌ലിം ലീഗിന്റെയും ആവശ്യം ചവറ്റുകൊട്ടയിലെറിഞ്ഞു. ഒരു സമുദായത്തിന്റെയും ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനല്ല, സ്വന്തം സമുദായത്തിന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് മുസ്‌ലിം സംഘടനകള്‍ വാദിച്ചത്. പരിഗണിക്കപ്പെട്ടില്ല.

ആഗോള രാഷ്ട്രീയ ചലനങ്ങളുടെ ഭാഗമായ ഇസ്‌ലാമോഫോബിയ കേരളത്തിലും വേരുപിടിച്ചതിന്റെ ഫലമായി മുസ്‌ലിം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടായി. സംഘ്പരിവാറിനേക്കാള്‍ രൂക്ഷമായി മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കാനും അപരവല്‍ക്കരിക്കാനും ചില ക്രിസ്തീയ ഗ്രൂപ്പുകള്‍ ശ്രമം തുടങ്ങി. മദ്രസാ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് എന്ന നുണ പോലും വ്യാപകമായി പ്രചരിച്ചു. അവര്‍ക്ക് കിട്ടിയ ചാകരയായിരുന്നു 80:20 വിഷയം.

ഇത്തരം വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മൗനം പാലിക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടൊക്കെ പെട്ടിയിലായ ശേഷം മാത്രമാണ് യാഥാര്‍ഥ്യം പറയാന്‍ ചിലരെങ്കിലും രംഗത്തുവന്നത്. അപ്പോഴേക്കും ഈ അകല്‍ച്ചയുടെ ദൂരം വര്‍ധിച്ചിരുന്നു. കോട്ടമില്ലാതെ നിലനിന്നിരുന്ന കേരളത്തിലെ മുസ്‌ലിം-ക്രൈസ്തവ സൗഹൃദം തകര്‍ക്കണമെന്നും അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കണമെന്നും ആരാണ് ആഗ്രഹിച്ചത് എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പോടെ വ്യക്തമായി.

വഖ്ഫ് ബോര്‍ഡിനെതിരെ


1995ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ കേന്ദ്ര വഖ്ഫ് ആക്ടിന് വിരുദ്ധമായി ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടി കേരളത്തിലെ മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വിവേചനത്തിന്റെ നേര്‍ചിത്രമാണ്. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന നൂറുകണക്കിന് എയിഡഡ് സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടിട്ടില്ല. വഖ്ഫ് ബോര്‍ഡിന് സമാനമായ മതസ്ഥാപനമായ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് നടത്തുന്നത്.

രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒമ്പതിനായിരത്തിലേറെ പള്ളി-മദ്രസ്സ-സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഏഴ് ശതമാനം വഖഫ് ബോര്‍ഡില്‍ അടക്കണമെന്നാണ് നിയമം. ഇതാണ് വഖ്ഫ് ബോര്‍ഡിന്റെ തനത് ഫണ്ട്. ഈ ഫണ്ടില്‍നിന്നാണ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. എപ്പോഴെങ്കിലും സര്‍ക്കാര്‍ കൊടുക്കുന്ന ഗ്രാന്റല്ലാതെ മറ്റൊരു സഹായവും സര്‍ക്കാരില്‍നിന്ന് വഖ്ഫ് ബോര്‍ഡിനില്ല. സ്വന്തം പണമെടുത്ത് സ്വന്തം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്ന ഒരു സ്ഥാപനത്തിലെ നിയമനങ്ങളാണ് പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ അതിവേഗം തീരുമാനിച്ചത്.

വഖ്ഫ് സ്വത്തുക്കളുടെ പവിത്രത സംരക്ഷിക്കുക എന്നത് വിശ്വാസികളുടെ അഭിലാഷമാണ്. വിശ്വാസികളല്ലാത്ത ആളുകള്‍ അത് കൈകാര്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും പാര്‍ലമെന്റ്, നിയമസഭാംഗങ്ങളും ഉള്‍പ്പെട്ട ബോര്‍ഡ് മെമ്പര്‍മാരടങ്ങുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ സുതാര്യമായാണ് ഇക്കാലമത്രയും നിയമനം നടത്തിയത്. വഖഫ് ബോര്‍ഡിന്റെ പണം ഉപയോഗിച്ച് ശമ്പളം കൊടുക്കുന്ന ഉദ്യോഗസ്ഥരെ പൂര്‍ണമായും സര്‍ക്കാര്‍ പി.എസ്.സി വഴി നിയമിക്കുമെന്ന് പറയുന്നതിലെ വൈരുദ്ധ്യമാണ് ചോദ്യം ചെയ്യപ്പെട്ടത്.

ഇനി നിയമനങ്ങളുടെ കണക്ക് നോക്കാം. 106 ജീവനക്കാര്‍ മാത്രമാണ് വഖ്ഫ് ബോര്‍ഡിലുള്ളത്. ഇതില്‍ 58 പോസ്റ്റുകളിലേക്ക് മാത്രമാണ് നേരിട്ടുള്ള നിയമനം. ബാക്കിയുള്ളത് പ്രൊമോഷന്‍ പോസ്റ്റുകളാണ്. പി.എസ്.സിക്ക് നിയമനം നടത്താന്‍ കഴിയുന്നത് ഈ പോസ്റ്റുകളിലേക്ക് മാത്രമാണ്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം കൊടുക്കുന്ന പതിനായിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ സുതാര്യ നിയമനങ്ങള്‍ നടക്കുന്ന വഖ്ഫ് ബോര്‍ഡില്‍ കൈകടത്തലുണ്ടായത്.

ഈ അനീതി ചോദ്യം ചെയ്തവരെയെല്ലാം വര്‍ഗീയവാദികളാക്കി തടിതപ്പാനാണ് സി.പി.എം ശ്രമിച്ചത്. നിയമസഭയില്‍ മുസ്‌ലിം ലീഗ് അംഗങ്ങള്‍ നിരന്തരം ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി. കേരളത്തിലെ എ.പി വിഭാഗം സുന്നികള്‍ ഒഴികെയുള്ളവര്‍ പങ്കെടുത്ത മുസ്‌ലിം നേതൃസമിതി സമര പരിപാടികള്‍ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി പ്രഖ്യാപിച്ചതിന്റെ തൊട്ടുമുമ്പ് സമസ്തയുടെ വന്ദ്യവയോധികരായ നേതാക്കളെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി ഉടനെ നടപ്പാക്കില്ല എന്ന് മാത്രമാണ് ഇവരോട് മുഖ്യമന്ത്രി പറഞ്ഞത്. കൂടിയാലോചനകള്‍ക്ക് ശേഷം നിയമം റദ്ദാക്കുന്ന കാര്യം ആലോചിക്കുമെന്നും പറഞ്ഞു. മാസമൊന്ന് കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

തിരുവനന്തപുരത്തേക്ക് 24 മണിക്കൂര്‍ യാത്ര ചെയ്ത സമസ്ത നേതാക്കളെ കാണാന്‍ മുഖ്യമന്ത്രി അനുവദിച്ചത് അഞ്ച് മിനുട്ടാണ്. സംസാരിച്ചത് ഒന്നര മിനുട്ട്. മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് കൊടുത്ത വാക്ക് പാലിക്കണമെന്ന് പിന്നീട് സുന്നി മഹല്ല് ഫെഡറേഷന് പ്രസ്താവനയിറക്കേണ്ടി വന്നു. വാസ്തവത്തില്‍ സമസ്തയുടെ പണ്ഡിതരെ അപമാനിക്കുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്തത്.




കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളോട് ചെയ്ത ചതികളില്‍ മറ്റൊന്ന് പൗരത്വ പ്രക്ഷോഭ കാലത്തെ കേസുകള്‍ പിന്‍വലിക്കുമെന്ന വാക്കായിരുന്നു. ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയാണ് ഈ തെരഞ്ഞെടുപ്പിനെ പോലും എല്‍.ഡി.എഫ് നേരിട്ടത്. എന്നാല്‍ സമാധാനപരമായി പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇപ്പോഴും പിഴയടച്ചുകൊണ്ടിരിക്കുകയാണ്.

ഏകീകൃത സിവില്‍ കോഡിനെതിരെ കല്‍പറ്റയില്‍ നടന്ന സമസ്തയുടെ ശരീഅത്ത് സംരക്ഷണ റാലിയില്‍ പങ്കെടുത്ത ആറായിരം പേര്‍ക്കെതിരെയാണ് സര്‍ക്കാര്‍ കേസെടുത്തത്. മുസ്‌ലിം ലീഗ് വഖ്ഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത പതിനായിരം പേര്‍ക്കെതിരെ കേസെടുത്തു. തിരൂരങ്ങാടിയില്‍ നടന്ന വഖ്ഫ് സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുത്ത എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. നാട്ടില്‍ സി.പി.എമ്മും ബി.ജെ.പിയും ആയിരങ്ങളെ അണിനിരത്തി പ്രകടനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുമ്പോഴാണ് ഈ പ്രതികാര നടപടികള്‍.

പോലീസ് സേനയില്‍ ആര്‍.എസ്.എസ്സിന്റെ സ്വാധീനമുണ്ടെന്ന് സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടറിക്ക് തന്നെ തുറന്ന് സമ്മതിക്കേണ്ടി വന്നു. ആഭ്യന്തര വകുപ്പിന് മേല്‍ സര്‍ക്കാറിന് യാതൊരു നിയന്ത്രണവുമില്ല. ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലാണെങ്കില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെയല്ലാതെ അധികാരം നിയന്ത്രിക്കുന്ന ആര്‍.എസ്.എസ്സും കേരളത്തിലാണ് എന്നതാണ് സ്ഥിതി.


അരിച്ചുകയറുന്ന ലിബറലിസം


മുസ്‌ലിം വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരെ കൊഞ്ഞനം കുത്തുന്ന നിലപാടാണ് എല്ലാ കാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്. പര്‍ദ്ദയോടും മുസ്‌ലിം ചിഹ്നങ്ങളോടുമുള്ള ഭയം ഇതിന്റെ ഭാഗമാണ്. ഇസ്‌ലാമിലെ സ്വര്‍ഗം, നരകം, ജിഹാദ് തുടങ്ങിയ കാര്യങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നതില്‍ സംഘ്പരിവാറിനൊപ്പമോ ചിലപ്പോഴൊക്കെ അതിനേക്കാള്‍ ഉച്ചത്തിലോ ശബ്ദമുയര്‍ത്തുന്ന സഖാക്കളുടെ പ്രൊഫൈലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

യൂറോപ്യന്‍ നവോഥാനത്തിന്റെ ഉപോല്‍പ്പന്നമായ ലിബറലിസത്തെ കമ്യൂണിസവുമായി കൂട്ടിക്കെട്ടി അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാമ്പസുകളെ ഒരുക്കിക്കഴിഞ്ഞു. ലിംഗഭേദമില്ലാത്ത പ്രണയത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങളുമായാണ് എസ്.എഫ്.ഐ കാമ്പസുകളിലേക്ക് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നത്. ക്ലാസിക്കല്‍ ലിബറലിസവും നവ ഉദാരതാവാദവും പുതിയ കാലത്ത് സമ്പൂര്‍ണ സ്വാതന്ത്ര്യ വാദമായി പരിണമിച്ചു. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നതാണ് ലിബറലിസത്തിന് ഇവര്‍ നല്‍കുന്ന വ്യാഖ്യാനം. മതത്തിനോ വിശ്വാസത്തിനോ ഈ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാവില്ല.

ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം എന്ന തമാശയിലൂടെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ലിംഗസമത്വത്തിനു വേണ്ടിയുള്ള ഔദ്യോഗിക ശ്രമങ്ങളുണ്ടാകുന്നത് ഈ ലിബറലിസത്തിന്റെ സ്വാധീനഫലമായിട്ടാണ്. മതമൂല്യങ്ങളെയും പാരമ്പര്യ ശീലങ്ങളെയും പാടെ നിഷേധിക്കുന്ന അരാജകത്വത്തിന്റെ ആഘോഷമായി ഇത്തരം വാദങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ ലേബലിലാണ് ഇതെല്ലാം വന്നുകൊണ്ടിരിക്കുന്നത്.




എല്ലാവരും രോഗികളായ ഒരു നിര്‍ധന കുടുംബത്തിലെ മുസ്‌ലിം പെണ്‍കുട്ടിയെ വിളിച്ചിറക്കി രജിസ്റ്റര്‍ വിവാഹം നടത്തി പാര്‍ട്ടി ഓഫീസില്‍ വെച്ച് അത് ആഘോഷിക്കുന്നത് മതത്തോടുള്ള വെല്ലുവിളി തന്നെയാണ്. മതം ഉപേക്ഷിക്കൂ, മനുഷ്യനാകൂ എന്ന കാമ്പയിനുമായി ഇടക്കിടെ ഇവര്‍ പ്രത്യക്ഷപ്പെടും. ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളെ പിന്തുടരുന്നവരാണ് ഈ ‘മതം ഉപേക്ഷിക്കൂ’ കാമ്പയിന്റെ പ്രധാന വക്താക്കള്‍.

മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചു എന്ന് പറഞ്ഞ് മുസ്‌ലിം ഭവനത്തില്‍നിന്ന് വിളിച്ചിറക്കിയ പെണ്ണിനെ ക്ഷേത്രത്തില്‍ കൊണ്ടുപോയി താലികെട്ടുന്ന ഒരു പ്രത്യേക തരം മതേതരത്വമാണ് ഇവര്‍ ആചരിക്കുന്നത്. മുസ്‌ലിം പെണ്ണ് തലയിലെ തട്ടം മാറ്റിയാല്‍ ഇന്ത്യന്‍ മതേതരത്വം പൂര്‍ണമായി എന്ന മട്ടിലാണ് പെരുമാറ്റം. സോവിയറ്റ് യൂണിയനിലെ പുരുഷന്മാരുടെ അതേ അസ്വസ്ഥത.

മതം ഉപേക്ഷിച്ചിട്ടല്ല, മതം വിശ്വസിച്ചിട്ടാണ് ഞങ്ങള്‍ മനുഷ്യരായതെന്ന് പറയാനുള്ള ആര്‍ജവമാണ് ഇവരോട് പുതിയ തലമുറ പ്രകടിപ്പിക്കേണ്ടത്. സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്ററുകളുമായാണ് എസ്.എഫ്.ഐ നവാഗതരെ സ്വാഗതം ചെയ്യുന്നത്. ജീവിതത്തില്‍ നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമില്ലെന്ന ഈ ചിന്താഗതി പതുക്കെപ്പതുക്കെ വിദ്യാര്‍ഥികളെ സ്വാധീനിക്കുകയും മതനിരാസത്തിന്റെയും അരാജകത്വത്തിന്റെയും തെരുവിലേക്ക് അവര്‍ വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. ഇത് എസ്.എഫ്.ഐയുടെ പ്രശ്‌നമായി കാണേണ്ടതില്ല. നിയമാനുസൃത വേശ്യാലയങ്ങളും മദ്യശാലകളുമില്ലാതെ കേരളത്തില്‍ ടൂറിസം നടക്കില്ലെന്ന് പറഞ്ഞത് സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിയാണ്. മതവും മതമൂല്യങ്ങളും കമ്യൂണിസത്തിന്റെ ശത്രുവാണ്.

”നമ്മള്‍ മതത്തെ എതിര്‍ക്കുക തന്നെ വേണം. ഇതാണ് മാര്‍ക്‌സിസത്തിന്റെ എ.ബി.സി. ഒരു മാര്‍ക്‌സിസ്റ്റ് മതദ്രോഹിയായിരിക്കണം. നമ്മുടെ പരിപാടിയുടെ ഒരു അവിഭാജ്യ ഘടകമാണ് നിരീശ്വരത്വ പ്രചാരണം” എന്നെഴുതിയത് ലെനിനാണ്. കമ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു എന്ന് പറഞ്ഞത് മാര്‍ക്‌സാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കുന്ന ഒരാളുടെ ആദ്യ പ്രതിജ്ഞ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്നാണ്. പള്ളി കമ്മിറ്റി പ്രസിഡന്റിനും കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ഷിപ്പുണ്ടെന്നാണ് ഇപ്പോള്‍ ചിലരുടെ വാദം. മതത്തിനകത്ത് കടന്നുകൂടി മതത്തെ ഇല്ലാതാക്കാനുള്ള പദ്ധതിയായിട്ടേ ഈ വൈരുദ്ധ്യത്തെ കാണാനാകൂ. ഒന്നുകില്‍ അയാള്‍ മതത്തെ ചതിക്കുന്നു. അല്ലെങ്കില്‍ താന്‍ വിശ്വസിച്ച് മെമ്പര്‍ഷിപ്പെടുത്ത കമ്യൂണിസത്തെ ചതിക്കുന്നു.

ദൈവവിശ്വാസത്തിന്റെ അടിയിളക്കാതെ മനുഷ്യന് നേട്ടങ്ങള്‍ കൈവരിക്കാനാവില്ലെന്ന് പറഞ്ഞത് മാര്‍ക്സോ ലെനിനോ അല്ല. ഇ.എം.എസ്സാണ്. ”ഈശ്വരനില്ല. അതുകൊണ്ട്, ഈശ്വര വിശ്വാസം ആവശ്യമില്ല എന്നതാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആധാരം. അതിനുവേണ്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അതിലെ അംഗങ്ങള്‍ മതവിശ്വാസികളാവരുത്” എന്നെഴുതിയത് വി.എസ് അച്യുതാനന്ദനാണ്. ”മതനിരാസം കമ്യൂണിസത്തിന്റെ സുപ്രധാന ഘടകമാണെന്നും വര്‍ഗബോധമുള്ള കമ്യൂണിസ്റ്റുകാരന്‍ മതനിഷേധത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കും” എന്ന് പറഞ്ഞത് സഖാവ് ലെനിന്‍ ആണ്.

ഇന്ത്യയില്‍ മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തന്നതാണ്. കമ്യൂണിസ്റ്റുകള്‍ക്ക് മതനിരാസം പ്രചരിപ്പിക്കാമെങ്കില്‍ മതവിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം വിശ്വാസികള്‍ക്കുണ്ട്. കമ്യൂണിസം ഏതെങ്കിലും ഘട്ടത്തില്‍ വിശ്വാസികളുമായി സഹകരിക്കുന്നുണ്ടെങ്കില്‍ അത് അധികാരത്തിന് വേണ്ടി മാത്രമാണ്.

ശബരിമലയിലെ വിശ്വാസ ആചാരങ്ങള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ നിലകൊണ്ട സി.പി.എം രണ്ടാം ഘട്ടത്തില്‍ നിലപാട് മാറ്റിയതിന് മറ്റൊരു കാരണവുമില്ല. സര്‍ക്കാറിന്റെ വാക്ക് വിശ്വസിച്ച് മലകയറിയ പെണ്ണുങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംഘ്പരിവാറില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ ഇപ്പോള്‍ ഒരുത്തനുമില്ല. ഇവരെ വിശ്വസിച്ചാലുള്ള ഗതി ഇതുതന്നെയാണ്. മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍കോള്‍ വന്നാല്‍ ചിലര്‍ക്ക് എല്ലാ കമ്യൂണിസ്റ്റ് വിരോധവും അലിഞ്ഞ്, ഇല്ലാതായിപ്പോവുകയാണ്. ആ ഫോണ്‍ കോളിനു പിന്നില്‍ കളിക്കുന്നവരുടെ കുതന്ത്രങ്ങളെ അവര്‍ തിരിച്ചറിയുന്നില്ല. ഫാഷിസത്തിനും മതനിരാസത്തിനുമെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനിന്ന കേരളീയ മുസ്‌ലിംകളില്‍ വിള്ളലുണ്ടാക്കിയിട്ട് എന്ത് നേട്ടമാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ശരിക്കുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല എന്ന് ന്യായീകരിച്ചുകൊണ്ടാണ് ചിലര്‍ ഇവരോടുള്ള സമീപനത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത്. അവര്‍ക്കുള്ള മറുപടി 1961ല്‍ കക്കാട് നടന്ന 21-ാമത് സമസ്ത സമ്മേളന സ്‌പെഷ്യല്‍ പതിപ്പില്‍ കൂറ്റനാട് കെ.വി മുഹമ്മദ് മുസ്്‌ലിയാര്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഈ വാദം അറിഞ്ഞു കൊണ്ടോ അല്ലെങ്കില്‍ പൊതുജനങ്ങളെ മനഃപൂര്‍വം വഞ്ചിക്കാന്‍ വേണ്ടിയോ മാത്രം പറയുന്നതാണ്. അതൊരിക്കലും സ്വീകാര്യമല്ല. ഏതെങ്കിലും ഉത്തരവാദപ്പെട്ട കമ്യൂണിസ്റ്റ് നേതാവ് നാളിതുവരെ പറഞ്ഞിട്ടുണ്ടോ, മാര്‍ക്‌സിന്റെ സിദ്ധാന്തം ഇവിടെ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്ന്? നേരെമറിച്ച് അവരില്‍ പലരും തങ്ങള്‍ മാര്‍ക്‌സിസ്റ്റുകളാണെന്നും നിരീശ്വരത്വം പ്രചരിപ്പിക്കുമെന്നും തുറന്ന് പ്രസ്താവിച്ചിട്ടുണ്ട്. (പേജ് 148). മാര്‍ക്‌സിസത്തിന്റെ ചതിക്കുഴികളെപ്പറ്റി അദ്ദേഹം ഈ ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്.

ഒരു സംശയവുമില്ല. അവര്‍ വൃത്തിയായി വാരിക്കുഴികളുണ്ടാക്കും. അതിനു മുകളില്‍ മുസല്ല വിരിക്കും. ചെങ്കൊടി നാട്ടി ക്ഷണിക്കും. അവിടെ പോയി നിസ്‌കരിക്കാന്‍ നില്‍ക്കുമ്പോഴാണ് വീണുപോവുക.

ശരീഫ് സാഗർ

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.