സൂഫീ ജീവിതം അത്ഭുതകരമായ ഒരു പ്രതിഭാസമാണ്. ഒരു ഭാഗം ജനങ്ങളുമായും സമൂഹവുമായും സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ ഇടപെടുന്നതോടൊപ്പം മറ്റൊരു വശം അല്ലാഹുവിലേക്കുള്ള സൗഹൃദവും സ്‌നേഹവും അധ്യാത്മിക ബന്ധവും സുശക്തമാക്കുന്നതിനുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. പലപ്പോഴും തികച്ചും മതനിരപേക്ഷമെന്ന് കരുതപ്പെടുന്ന രാഷ്ട്രീയവും സമ്പത്തും ദൈവസാമീപ്യം കൂട്ടാനുള്ള ആയുധവുമാണവര്‍ക്ക്. സമൂഹ(നന്മയിലധിഷ്ടിതമായ) സേവനങ്ങള്‍ ജനങ്ങളെ ആത്മീയതയിലേക്ക് അടുപ്പിക്കാനും സ്വയം വളരാനുമുള്ള മാര്‍ഗമാണ്.
സൂഫികള്‍ക്ക് തങ്ങളുടെ ജീവിതയാത്ര ആദ്യം മുതല്‍ അന്ത്യംവരെയും, അത് കഴിഞ്ഞ് മരണശേഷവും അര്‍ഥപൂര്‍ണമായി സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നു. ഒരു തരത്തില്‍ സൂഫികള്‍ സമൂഹത്തിന്റെ നിര്‍മിതിയാണെന്നും അവരെ സമൂഹം ആദരിക്കണമെന്നും, അതുകൊണ്ട് തന്നെ, മരണശേഷവും അവരെ കൈയ്യൊഴിയുക സമൂഹത്തിന് അസാധ്യമാണെന്നുമാണ് വളരെ വിഖ്യാതമായ ഹദീസിന്റെ താത്പര്യം. ‘നബി തങ്ങള്‍ പറയുന്നു: തന്റെ ദാസന്മാരിലാരെങ്കിലും അല്ലാഹു ഇഷ്ടപ്പെട്ടാല്‍ അല്ലാഹു ജിബ്രീലിനോട് കാര്യം പറയുകയും ജിബ്രീല്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് മലക്കുകളോട് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ കല്‍പിക്കുകയും ചെയ്യുന്നു അവര്‍ ഇഷ്ടപ്പെട്ടാല്‍ പിന്നെ അദ്ദേഹത്തിന് ഭൂമിയിലുള്ളവര്‍ക്കിടയില്‍ അല്ലാഹു സ്വീകാര്യത നല്‍കും (ബുഖാരി, മുസ് ലിം).
മതപരമായ ഈ അനശ്വരസ്വത്വം ആത്മാവിന്റെ സ്വതന്ത്രമാവലോട് കൂടെ കൂടുതല്‍ ശക്തമായതും ഇടപെടുന്നതും, അത് കൊണ്ടു തന്നെ, ജനങ്ങളെ കൂടുതല്‍ തങ്ങളിലേക്ക് അടുപ്പിക്കുന്നതുമാകുന്നു. ദര്‍ഗ, മൗലിദ്, ഉറൂസ് തുടങ്ങിയ ആത്മീയ വിഭവങ്ങള്‍ സൂഫികളിലേക്കുള്ള പൊതുസമൂഹത്തിന്റെ ദൂരം കുറക്കുകയും ചെയ്യുന്നു. മറ്റൊരര്‍ഥത്തില്‍, മരണപ്പെട്ട സൂഫി ജീവിച്ചിരിക്കുന്ന സൂഫികളെക്കാള്‍ ശക്തരും ഇടപെടുന്നവരും ആയിരിക്കും. അഥവാ, മരണശേഷം സമൂഹത്തിന്റെ ആത്മീയ വൈജ്ഞാനിക, സാംസ്‌കാരിക രംഗത്ത് അവര്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നു. ഇത്തരത്തില്‍ കാലാതിവര്‍ത്തിത്വം സൂക്ഷിക്കുന്ന ഒരു സൂഫിയാണ് സയ്യിദ് അലവി മൗലദ്ദവീല(റ).
ജീവിതം, രാഷ്ട്രീയം, ആത്മീയത
ഹിജ്‌റ വര്‍ഷം 1166(1753)ല്‍ ഹദ്‌റ് മൗത്തിലെ തരീമില്‍ സഹ് ല്‍ ബിന്‍ മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച് 17ാം വയസ്സില്‍ തന്റെ മാതുലന്‍ ശൈഖ് ജിഫ്രിയുടെ ക്ഷണപ്രകാരം തന്റെ അമ്മാവന്‍മാരുടെ പാതപിന്തുടര്‍ന്ന് മലബാര്‍ തീരത്തേക്ക് അദ്ദേഹം എത്തി. കാലങ്ങളായി ഇന്ത്യന്‍ തീരപ്രദേശങ്ങളുമായുള്ള അറബികളുടെ കച്ചവട ബന്ധത്തിലെ ഒരു കണ്ണിയായിരുന്നു അദ്ദേഹത്തിന്റെ അമ്മാവനും അനുയായികളും.
റസൂല്‍(സ)യുടെ ബന്ധുക്കള്‍ എന്നതിന് പുറമേ, ഈ കുടുംബം അധ്യാത്മിക മേഖലയില്‍ ഉയര്‍ന്ന സ്ഥാനമുള്ളവരായിരുന്നു. അവരുടെ പേരില്‍ ബാ അലവി ത്വരീഖത്ത് എന്ന പേരില്‍ ഖാദിരി ത്വരീഖത്തിന്റെ കൈവഴി തന്നെ നിലവിലുണ്ടായിരുന്നു. പ്രസിദ്ധ ചരിത്രകാരന്‍ അബ്ദുല്‍ കരീം തന്റെ പുസ്തകത്തില്‍ ഇദ്ദേഹം ബാ അലവി ത്വരീഖത്തിലെ ശൈഖായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏതായിരുന്നാലും, ശൈഖ് ജിഫ്രി എന്ന ജനസമ്മതനായ അമ്മാവന്റെ അടുത്തേക്ക്, വളരെ ബുദ്ധിമാനും നേതൃപാടവമുള്ളരും യുവാവുമായ ‘മമ്പുറം തങ്ങള്‍ ‘ കടന്നുവരുമ്പോള്‍, പൊതുസ്വീകാര്യതയും സ്വാധീനവും സ്വാഭാവികത മാത്രമായിരുന്നു. അത് വളര്‍ന്ന്, ബ്രിട്ടീഷുകാരുടെ ചൂടേറിയ രാഷ്ട്രീയ പരിസരങ്ങളിലെ മൂശയിലിട്ട് പാകപ്പെടുത്തുകയും, ജന്മി-കുടിയാന്‍ ചൂഷണബന്ധങ്ങളുള്ള സാമൂഹിക സാഹചര്യങ്ങളില്‍ വികസിക്കുകയും ചെയ്തു. സാവധാനം, തന്റെ ആത്മീയതയിലൂന്നിയ ജീവിതത്തിലേക്ക് പൊതുജനങ്ങളെയെന്ന പോലെ നേതൃത്വങ്ങളെയും അടുപ്പിച്ച് നിര്‍ത്തി. തന്റെ ‘സയ്യിദ്’ സ്വത്വം ആത്മീയതക്ക് മതിയായ വിഭവം(resource) ആയിരുന്ന മമ്പുറം തങ്ങള്‍, അദ്കാറുകളിലൂടെയും ഔറാദുകളിലൂടെയും സൂഫീ ത്വരീഖത്തിലൂടെയും ജനങ്ങളുടെ മതസാംസ്‌കാരിക കാര്യങ്ങളുടെ നേതൃത്വത്തിലെത്തിപ്പെട്ടു. സമൂഹത്തിലെ വലിയൊരു വിഭാഗക്കാര്‍ക്ക് ഈ ആത്മീയ ജ്ഞാനിയുടെ വാക്കുകള്‍ ‘മുറബ്ബി’യുടേതായി മാറി. വെളിയങ്കോട് ഉമര്‍ ഖാളി, ബൈത്താന്‍ മുസ് ലിയാര്‍, ഖുസയ്യ് ഹാജി തുടങ്ങിയവര്‍ക്ക് പുറമേ, ബ്രിട്ടീഷ് വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആഗോള പണ്ഡിതവിപ്ലവകാരിയായ തന്റെ മകന്‍ ഫദ്ല്‍ പൂക്കോയ തങ്ങള്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ ആത്മീയ ശിഷ്യന്മാരില്‍ ചിലരാണ്.
ആത്മീയ നേതാവായി സയ്യിദ് അലവി തങ്ങള്‍ നിലകൊണ്ടിരിക്കുമ്പോള്‍ തന്നെ, ബ്രിട്ടീഷുകാരുടെയും ജന്മികളുടെയും ചൂഷണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാവേണ്ടിവന്ന പരസഹസ്രം പാവപ്പെട്ട കുടിയാന്മാരും താഴ്ന്ന ജാതിയില്‍ പെട്ട ഹിന്ദുവിഭാഗങ്ങളും തങ്ങളെ അവരുടെ പ്രതികരിക്കാനറിയുന്ന, സംരക്ഷിക്കാനറിയുന്ന രാഷ്ട്രീയ നേതാവായും പ്രതിഷ്ടിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ ഉണ്ടായ മിക്കയുദ്ധങ്ങളിലും യോദ്ധാക്കളെ തയ്യാറാക്കുകയും, അവരെ ആവേശഭരിതരാക്കുകയും, അവര്‍ക്ക് ആശയാടിത്തറ നല്‍കുകയും മരണപ്പെട്ടവര്‍ക്ക് ശഹീദിന്റെ സ്ഥാനം ഉണ്ടെന്ന് പ്രഖ്യാപിക്കുകയും അവരുടെ ‘ജാറ’ങ്ങള്‍ ഒരു ‘പൊതു’ഇടമായി മാറ്റുകയും അവരിലൂടെ ജീവിക്കുന്ന ഓര്‍മ്മകള്‍ നിര്‍മ്മിച്ചെടുക്കുകയും ചെയ്ത് തന്റെ രാഷ്ട്രീയ നേതൃസിദ്ധി അനശ്വരമാക്കി ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു.
ബ്രിട്ടീഷുകാര്‍ക്കെതിരെയും ജാതിക്കോമരങ്ങള്‍ക്കെതിരെയും നിരന്തരം സായുധ വിപ്ലവങ്ങള്‍ നടത്തുന്നതിന് തങ്ങള്‍ അമാന്തിച്ച് നിന്നില്ല. ചേറൂരിലും മുട്ടിച്ചിറയിലും നടന്ന യുദ്ധങ്ങള്‍ ഇത്തരം നീക്കങ്ങളുടെ പരിഛേദങ്ങളാണ്.’സൈഫുല്‍ ബത്താര്‍’ പോലുള്ള കൃതികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാനും അത് അനുയായികളെ രക്തസാക്ഷികളുടെ സ്ഥാനത്തേക്ക് ഉയര്‍ന്നുവരുമെന്ന് പറയാനും വേണ്ടി എഴുതപ്പെട്ടതായിരുന്നു. ഈറ്റണ്‍ (1978) ബീജാപൂരിലെ ‘രക്തസാക്ഷികളായ സൂഫി’കളെ പറ്റി പറയുന്നുണ്ട്. അവര്‍ യുദ്ധമുഖത്തേക്ക് സൈനിക നീക്കം നടത്തിയ സൂഫികളായിരുന്നു. എന്നാല്‍, മമ്പുറം തങ്ങള്‍ രക്തസാക്ഷികളെ സൂഫികളുടെ ഗണത്തിലേക്ക് ചേര്‍ക്കുകയായിരുന്നു. അത് കൊണ്ടു തന്നെ പൊതുജനങ്ങള്‍ക്ക് അവരുടെ ആത്മീയദാഹം തീര്‍ക്കാനുള്ള ഒരു അവസരം ബ്രിട്ടീഷ് ജന്മി വിരുദ്ധയുദ്ധത്തിലൂടെ തങ്ങള്‍ രൂപപ്പെടുത്തിക്കൊടുത്തു.
ജന്മിമാര്‍ക്കെതിരെയാണെങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരെയാണെങ്കിലും അതെല്ലാം ‘ജിഹാദ്'(പരിശുദ്ധ യുദ്ധം) എന്ന സംജ്ഞക്കടിയില്‍ ഉള്‍കൊള്ളുന്നതായി. അത് കൊണ്ട് തന്നെ, മരിച്ചവരൊക്കെ രക്തസാക്ഷികളായും അവരുടെ മഖ്ബറകള്‍ ബറകത്ത് എടുക്കപ്പെടുന്ന കേന്ദ്രങ്ങളായും, അഭൗതിക സഹായം പ്രതീക്ഷിക്കപ്പെടുന്ന ഇടങ്ങളായും വര്‍ഷാവര്‍ഷങ്ങളില്‍ നേര്‍ച്ചയും പൊതുജന സമ്മേളനങ്ങളുടെ വേദിയായും വളര്‍ന്നുവന്നു. അവര്‍ അനശ്വരമായി തലമുറകളിലൂടെ ഓര്‍മ്മിക്കപ്പെട്ടു. അവരുടെ മഹത്വങ്ങളും വീരേതിഹാസങ്ങളും പാടുകയും പറയുകയും ചെയ്തു കൊണ്ട് മുസ് ലിം പൊതുസമൂഹത്തിന് ജീവിക്കുന്ന ആവേശദായകങ്ങളായ ഓര്‍മ്മകള്‍ നല്‍കി.
18ാം നൂറ്റാണ്ടിൽ തൊട്ട് കൂട്ടായ്മക്കെതിരെ യുദ്ധം ചെയ്യുകയും അത് അംഗീകരിക്കപ്പെടാന്‍ കഴിയാത്ത സമൂഹ വിപത്താണെന്നും പ്രഖ്യാപിച്ചത് സയ്യിദ് അലവി തങ്ങളും അവരുടെ ശിഷ്യന്മാരുമായിരുന്നു. തൊട്ടുകൂടായ്മക്കെതിരെ ഇത്തരമൊരു നീക്കം ആദ്യമായി നടത്തിയത് മമ്പുറം തങ്ങളാണെന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരെയും കാണാം.
തന്റെ സാന്നിധ്യം തന്നെ നീതി നിര്‍വ്വഹണത്തിനും സാമൂഹിക ഉച്ച നീചത്വങ്ങള്‍ക്കെതിരെയും ബലം നല്‍കുകയായിരുന്നുവെന്ന് പറയുന്നതാവും കൂടുതല്‍ ശരി. മതം മാറി വന്ന കീഴാള സ്ത്രീയെ പഴയ നാട്ടുനടപ്പുരീതിപ്രകാരം ഉപദ്രവിക്കാന്‍ തുനിഞ്ഞതിന്റെ പേരില്‍ യുദ്ധത്തോളം പോകാന്‍ അദ്ദേഹം തയ്യാറായില്ല. ‘ചേറൂര്‍ ചീത്ത് ‘ എന്ന പേരില്‍ പ്രസിദ്ധമായ ജന്മിമാര്‍ക്കെതിരായ യുദ്ധം അത്തരത്തിലൊന്നായിരുന്നു.
ഉമര്‍ ഖാളിയെപ്പോലോത്ത വിപ്ലവകാരിളായ ശിഷ്യന്മാരുണ്ടായിരുന്ന തങ്ങള്‍ കാര്യസ്ഥന്‍ കോന്തുനായരെയും മേസ്തിരി കോമന്‍ കുറുപ്പിനെയും പോലോത്ത ഇതര മതസ്ഥരെയും കൂടെ കൂട്ടുന്നതില്‍ വിജയിച്ചു. അതുകൊണ്ടുതന്നെ, സമൂഹത്തില്‍ ജാതിമത വ്യത്യാസമില്ലാതെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള സര്‍വ്വസമ്മതിയുള്ള ‘ഏക’മാര്‍ഗവും അഭയകേന്ദ്രവുമായി തങ്ങള്‍ വളര്‍ന്നു. പലപ്പോഴും, മതാചാരങ്ങള്‍ക്ക് ആശിര്‍വാദം ലഭിക്കാന്‍ വേണ്ടി മമ്പുറത്തേക്ക് ഹിന്ദു സമുദായാംഗങ്ങള്‍ കടന്നുവന്നു. മാക്‌സ് വെബ്ബര്‍ കരിഷ്മാറ്റിക്ക് ലീഡര്‍ഷിപ്പ് എന്ന പേരില്‍ വകതിരിക്കുന്ന ഒരു വ്യത്യസ്തമായ ഒന്നാണ് നാം മമ്പുറം തങ്ങളില്‍ കാണുന്നത്.
മരണം കൊണ്ടവസാനിക്കുകയായിരുന്നില്ല മമ്പുറം തങ്ങള്‍. മറിച്ച്, കൂടുതല്‍ ശക്തമായി സമൂഹത്തില്‍ തെളിഞ്ഞ് നില്‍ക്കുകയായിരുന്നു. ഒരു നവോഥാന നായകന്‍ അനശ്വരമായി മുസ് ലിം പൊതുജീവിതത്തെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കുന്നതെങ്ങെനെയാണെന്ന് അദ്ദേഹം: 1260ല്‍ തന്റെ 94ാം വയസ്സില്‍ മരിക്കുന്നതോടെ കേരള മുസ് ലിംകള്‍ അനുഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം ഒരു ആത്മീയ വിജയമായിരുന്നെന്ന പോലെ ഒരു രാഷ്ട്രീയ വിജയം കൂടിയായിരുന്നു. മരണപ്പെട്ടതോടെ സൂഫീ സങ്കേതങ്ങളുടെ എല്ലാ വിഭവങ്ങളും സമ്മേളിക്കുന്ന ഒരു ഇടമായി മമ്പുറം മാറുകയായിരുന്നു. അത് തങ്ങളുടെ ജീവിതകാലത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെക്കാള്‍ വ്യാപ്തിയുള്ളതും സ്വാധീനശേഷിയുള്ളതുമായി മാറി. അഥവാ, മരണപ്പെട്ടത് മുതല്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ മഖ്ബറ സന്ദര്‍ശിച്ച് ആത്മീയ ദാഹമകറ്റുന്ന പരലക്ഷം വിശ്വാസികളെ നാം കാണുന്നു. ഇത് ത്വരീഖത്തുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക(official) സൂഫിസത്തിനപ്പുറം ജനകീയ സൂഫിസത്തെയും(popular) വളര്‍ത്തി.
സൂഫി മരണം: ഒരു ആത്മീയ-രാഷ്ട്രീയ വിജയം
മമ്പുറം ദര്‍ഗയിലെ ബറകത്തെടുക്കല്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ ആത്മീയത ഊട്ടിയുറപ്പിക്കുന്നതില്‍ അനിര്‍വചനീയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നേര്‍ച്ചയാക്കലും അതിന്റെ ഫലപ്രാപ്തിയും നിദര്‍ശനമായി മനസ്സിലാക്കുകയും അതിന്റെ പുണ്യം തങ്ങള്‍ക്കും ലഭിക്കണമെന്ന ആശയുമാണ് ദൈവ ചിന്തയും പ്രവാചകാനുരാഗവും സൂഫീപ്രേമവും ഉള്ള പൊതു ജനങ്ങളെ ദര്‍ഗയിലേക്ക് അടുപ്പിക്കുന്നത്. അവര്‍ തങ്ങളുടെ അയല്‍പക്കങ്ങളലേക്ക് മതകീയതയുടെയും ആത്മീയതയുടെയും പുതിയ ഉണര്‍വ്വ് കൊണ്ടുവരുന്നു. ദര്‍ഗക്ക് സമീപമുള്ള ഖുര്‍ആന്‍ പാരായണവും, അസുഖങ്ങള്‍ക്ക് പരിഹാരമെന്നോണമുള്ള ദര്‍ഗാസന്ദര്‍ശനവും ദുആയും വാര്‍ഷിക ഉറൂസുകളും അവയോടനുബന്ധിച്ച ‘ചീരണി’ എന്ന് വിളിക്കപ്പെടുന്ന ഭക്ഷണങ്ങളും ജനകീയ ആധ്യാത്മികതയെ കൂടുതല്‍ ജീവസുറ്റതും, വ്യാപ്തിയുള്ളതുമാക്കുന്നു. ഇത്തരത്തില്‍ അപഗ്രഥിക്കുമ്പോള്‍ ഒരു സൂഫിയുടെ മരണം കൃത്യമായും ആത്മീയവിജയം തന്നെയാണ്.
ആധ്യാത്മികതയുടെ ഔദ്യോഗികരീതിയായ ത്വരീഖത്ത് ആയിരുന്നു ജീവിതകാലത്ത് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നതെങ്കില്‍, അതിന്റെ ജനകീയ അനൗദ്യോഗിക-വിഭവങ്ങളിലൂടെ സയ്യിദ് അലവി തങ്ങള്‍ കാലാതിവര്‍ത്തിയായി ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നു.
സൂഫികളുടെ മരണം ഒരു രാഷ്ട്രീയ വിജയം കൂടിയാണ്. തെറ്റിനെതിരെ പടപൊരുതി വീരമൃത്യൂ വരിച്ച മുട്ടിച്ചിറ, ചേറൂര്‍, മഞ്ചേരി, കൊളത്തൂര്‍, മട്ടന്നൂര്‍ ശുഹദാക്കള്‍ ഭൗതികമായി ബ്രിട്ടീഷ്-ജന്മി വിരുദ്ധയുദ്ധങ്ങളുടെ അടയാളങ്ങളാണ്. എന്നാല്‍, അവരെ അനുസ്മരിച്ചുള്ള ചരിത്രരചനകള്‍, മാപ്പിളപ്പാട്ടുകള്‍, ദര്‍ഗകള്‍, തുര്‍ക്കിയിലെ ഉസ്മാനി ഭരണത്തിന്റെ സംസ്ഥാപനത്തെ അവരവതരിപ്പിക്കുന്ന എര്‍തുഗ്‌റുല്‍ ഗാസി എന്ന ഡ്രാമ ഉണ്ടാക്കുന്ന രാഷ്ട്രീയ സ്വത്ത പുനര്‍നിര്‍മ്മിതിയെക്കാള്‍ ശക്തമായി സമൂഹത്തില്‍ നില നില്‍ക്കുന്നു. വീര കൃത്യങ്ങളുടെയും തെറ്റിനെതിരെ സന്ധിയാവാതെ നിലകൊള്ളുന്നതിന്റെയും പ്രോല്‍സാഹജനകമായ ചരിത്ര ശകലങ്ങളായി ജനങ്ങള്‍ക്ക് രാഷ്ട്രീയ സ്വത്തം പുനര്‍നിര്‍വ്വചിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, മമ്പുറം തങ്ങളുടെ ചരിത്രം മറ്റ് സൂഫീചരിത്രങ്ങളെപ്പോലെ കാലഘട്ടത്തിനനുസൃതമായി പുതിയ രീതിയില്‍ പുനര്‍ നിര്‍മിക്കപ്പെടേണ്ടതുണ്ട്.
ജീവിതകാലത്തുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഒരു നവോഥാന നേതൃപരിവേഷം ലഭിച്ചിട്ടുള്ള സയ്യിദ് അലവി തങ്ങള് തന്റെ മരണശേഷവും ഈ സാമൂഹിക ഉത്ഥാനപ്രകൃയയില്‍ അഭൗതികമായി ഭാഗ-ഭാഗികത്വം വഹിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.
നാഗരികയുടെ ഏറ്റവും അടിസ്ഥാനം വിജ്ഞാനവും അതിന്റെ പ്രസരണവുമാണ്. ദര്‍ഗ വഴി ഇന്ന് ഇന്ത്യയിലും പുറത്തും വൈജ്ഞാനിക സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ദാറുല്‍ഹുദായെ നേരിട്ട് സഹായിക്കുന്നുവെന്നത് ദൈവികമായ ഒരു നിമിത്തമായി മനസ്സിലാക്കുന്നതിനെയാണല്ലോ സുന്നിസം എന്ന് വിളിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കേരള ചരിത്രത്തില്‍ അതുല്യമായ സാമൂഹിക പരിഷ്‌കര്‍ത്താവ് തന്റെ മരണത്തെയും സമൂഹ ഉത്ഥാനത്തിന് പരിസരമൊരുക്കുന്നതിന് ഹേതുവായിരിക്കുന്നു.
ചുരുക്കത്തില്‍, ജീവിക്കുന്ന മമ്പുറം തങ്ങളെക്കാള്‍ മരണപ്പെട്ട മമ്പുറം തങ്ങള്‍ ശക്തനാണ്. അവരെ അന്റോര്‍ണിയോ ഗ്രാംഷി പരിചയപ്പെടുത്തുന്ന ജൈവിക ബുദ്ധിജീവി (organic intelluctual)യായി മനസ്സിലാക്കുന്നത് എന്തുകൊണ്ടും യോജിച്ചതാണ്. കാരണം, തന്റെ ജീവിത കാലഘട്ടത്തില്‍ ആത്മീയതയെ പൊതുജനങ്ങളിലേക്ക് രാഷ്ട്രീയവും സാംസ്‌കാരികവും, മതകീയവുമായ ചിഹ്നങ്ങളിലൂടെ സന്നിവേഷിപ്പിക്കുന്നതോടൊപ്പം, തങ്ങള്‍ അതിന്റെ പ്രായോഗിക രൂപീകരണത്തിന് മുന്നില്‍ നില്‍ക്കുകയും ചെയ്തു. താനുമായി ബന്ധപ്പെട്ട ആത്മീയതയുടെ മുഴുവന്‍ വിഭവങ്ങളും സാമൂഹിക വൈജ്ഞാനിക ആത്മീയ സാംസ്‌കാരിക ജാഗരണത്തിനും സ്വത്തപുനര്‍നിര്‍മിതിക്കും നിരന്തരം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നത് തന്നെ സയ്യിദ് അലവി തങ്ങളെ കാലാതിവര്‍ത്തിയായി അനശ്വര ചരിത്രപുരുഷനാക്കുന്നു.
Add comment