Thelicham

ഫള്ൽ പൂക്കോയ തങ്ങള്‍: രാഷ്ട്രീയവ്യവഹാരങ്ങളിലെ ആത്മീയതയുടെ ഇടം

ഇസ്‌ലാമിന്റെ വളര്‍ച്ചയിലും വിവിധ ദേശങ്ങളിലെ മതസംസ്‌കാരത്തിന്റെ വികാസത്തിലും അദ്വിതീയമായ പങ്കുവഹിച്ചവരാണ് സൂഫിവര്യന്മാര്‍. ഇസ്‌ലാമിലെ ആദ്ധ്യാത്മിക വിഭാഗമായ തസവ്വുഫ്, ‘സമാന്തര ഇസ്‌ലാം’ (Parallel Islam) എന്ന ഓറിയന്റലിസ്റ്റ് ചാപ്പകുത്തലിന് വിരുദ്ധമായി മുഖ്യധാര ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമായിരുന്നു. സൂഫിസരണികളുടെ രംഗപ്രവേശം മുതല്‍ (പന്ത്രണ്ടാം നൂറ്റാണ്ട്) പ്രവിശാലമായ ഇസ്‌ലാമികഭൂമികളിലെ സാധാരണക്കാരുടെ മതപ്രാതിനിധ്യം നിര്‍വഹിച്ചിരുന്നത് സൂഫിവര്യന്മാരായിരുന്നു.

സമൂഹത്തിലെ അതിസാധാരണക്കാരുടെ ഒപ്പം എക്കാലവും നിലകൊണ്ട സൂഫികള്‍, ഉള്‍ക്കൊള്ളലിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും മതപാഠങ്ങള്‍ ആയിരുന്നു തലമുറകള്‍ക്കു കൈമാറിയിരുന്നത്. അവരുടെ സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ മാനുഷിക സമീപനങ്ങള്‍ വിവിധ ദേശങ്ങളിലെ ബഹുസ്വരസമൂഹങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവവും വ്യാപനവും സുഗമമാക്കി. ജനകീയ ഇസ്‌ലാം (Popular Islam) എന്നാണു പാശ്ചാത്യ ചരിത്രകാരനായ സ്പെന്‍സര്‍ ട്രിമിംഗ്ഹാം ഇതിനെ വിശേഷിപ്പിച്ചത്. പൊതുജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവര്‍ക്കുവേണ്ടി ഭരണാധികാരികളോട് കലഹിക്കുകയും ചെയ്ത ആത്മീയ പുരുഷന്മാര്‍, പലപ്പോഴും ഭരണീയര്‍ക്കും അധികാരികള്‍ക്കും ഇടയിലെ മധ്യസ്ഥരായി മാറി.

ജനങ്ങളുടെ ജീവനും മതവിശ്വാസവും ഭീഷണി നേരിട്ട അനിതരസാധാരണ സാഹചര്യങ്ങളിലാവട്ടെ സൂഫി സമൂഹങ്ങള്‍ പ്രതിരോധ ഭടന്മാരായി മാറി. പതിനേഴാം നൂറ്റാണ്ടു മുതല്‍ രൂക്ഷമായ യൂറോപ്യന്‍ അധിനിവേശങ്ങള്‍ക്കെതിരെ വിവിധ ഇസ്‌ലാമിക രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന സൂഫി പ്രതിരോധ പ്രസ്ഥാനങ്ങള്‍ ഇവയ്ക്ക് ഉദാഹരണമാണ്. ലിബിയയിലെ ഉമര്‍ മുഖ്താറിന്റെ സനൂസി പ്രസ്ഥാനം, തുര്‍ക്കിയിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ പങ്കുകൊണ്ട മൗലവി സൂഫിവര്യന്മാര്‍, ഉത്തരേന്ത്യയിലെ നഖ്ശബന്തികളുടെ പ്രതിരോധ സമരങ്ങള്‍, കോകേഷ്യന്‍ രാജ്യങ്ങളിലെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ മുരീദിയ്യ സരണി, നൈജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരെയുള്ള ഖാദിരികളുടെ പോരാട്ടം തുടങ്ങിയ വിവിധ മുസ്‌ലിം ദേശങ്ങളിലെ അധിനിവേശ വിരുദ്ധ സമരങ്ങളില്‍ സൂഫി വ്യക്തിത്വങ്ങളും പ്രസ്ഥാനങ്ങളും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.


അവയോടൊപ്പം ചരിത്രത്തില്‍ പ്രതിഷ്ഠിക്കപ്പെടേണ്ടതാണ് മലബാറിലെ മമ്പുറം തങ്ങന്മാര്‍, പ്രത്യേകിച്ചും ഫള്ൽ തങ്ങള്‍ നേതൃത്വം നല്‍കിയ അധിനിവേശവിരുദ്ധ സമരങ്ങള്‍. അധ:സ്ഥിത ഹിന്ദു വിഭാഗങ്ങളെ കൂടി ചേര്‍ത്ത് നിര്‍ത്തി, ബഹുസ്വര സമൂഹങ്ങളിലെ മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റത്തിന് മാതൃകാപരമായ പ്രായോഗിക രൂപം നല്‍കിയതിനാല്‍ ഫദ്ല്‍ തങ്ങളുടെ രാഷ്ട്രീയ വ്യവഹാരങ്ങൾ മറ്റു സൂഫി പ്രതിരോധ സമരങ്ങളുടെയെല്ലാം മുകളില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. മമ്പുറം തങ്ങന്മാരുടെ മലബാറിലെ ഐതിഹാസികമായ രാഷ്ട്രീയ വ്യവഹാരങ്ങള്‍ നിരവധി തവണ പഠനവിധേയമാക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ ആത്മീയ സ്വഭാവവും തസവ്വുഫിന്റെ സ്വാധീനവും ഈ ചര്‍ച്ചകളില്‍നിന്ന് വിട്ടു പോയിട്ടുണ്ട്.

മമ്പുറം സയ്യിദ് അലവി തങ്ങളും പുത്രന്‍ സയ്യിദ് ഫള്ൽ തങ്ങളും മലബാറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പുതിയ യുഗത്തിന് തുടക്കമിട്ടവരാണ്. തികഞ്ഞ സാമ്രാജ്യത്വ വിരുദ്ധ മതാന്തരീക്ഷത്തിലാണ് ഫള്ൽ തങ്ങള്‍ ജനിച്ചതും വളര്‍ന്നതും. മത-ആത്മീയ പാഠങ്ങള്‍ പകര്‍ന്നു തന്ന പിതാവും ഉമര്‍ ഖാളിയും മറ്റു ഗുരുക്കന്മാരും മാപ്പിള സമരങ്ങളുടെ മുന്നണി പോരാളികളുമായിരുന്നു. മലബാറിലെ നിലവിലെ സാമൂഹിക പരിസരം-ബ്രിട്ടീഷ് അധിനിവേശവും രൂക്ഷമായ (ഹിന്ദു) സാമൂഹിക അസമത്വങ്ങളും-യുവ സയ്യിദിന്റെ വ്യക്തിത്വത്തെയും കാഴ്ചപ്പാടുകളെയും ആഴത്തില്‍ സ്വാധീനിച്ചു. അഞ്ചുവര്‍ഷത്തെ ഉപരിപഠനത്തിനു വേണ്ടി ഹിജാസിലേക്ക് യാത്രതിരിച്ച ഫള്ൽ തങ്ങള്‍, പ്രമുഖ ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ മത-ആത്മീയ മേഖലകളില്‍ മുന്നേറി. തന്റെ പ്രപിതാക്കന്മാരുടെ നാടായ യമനില്‍ വെച്ച് ബാഅലവീ സരണിയിലെ ആധ്യാത്മിക യാത്ര പ്രമുഖരായ ഗുരുക്കന്മാരുടെ കീഴില്‍ പൂര്‍ത്തീകരിച്ച് ഖിലാഫത് പട്ടം ഏറ്റു വാങ്ങി. ഈ കാലയളവില്‍ മുന്‍ഗാമികളായ അലവികളെ നേരിട്ടറിഞ്ഞ ഫള്ൽ തങ്ങള്‍, ചരിത്രത്തിലുടനീളം അവര്‍ നടത്തിയ സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളെ ഗ്രഹിച്ചിരിക്കണം.

സൂഫിസത്തിന്റെ മധ്യമ പാത സ്വീകരിച്ച ബാഅലവി സരണി, ഏകാന്തവാസത്തെ (ഖല്‍വ’) നിരുത്സാഹപ്പെടുത്തുകയും അംഗങ്ങളുടെ കുടുംബ, സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിലെ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാഅലവികള്‍ കുടിയേറിയ ഇടങ്ങളിലൊക്കെയും ഒരേ സമയം ആത്മീയ-സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ ഇടപെടാനുള്ള പ്രധാന പ്രചോദനം അവര്‍ സ്വാംശീകരിച്ച ബാഅലവി ആത്മീയ പാരമ്പര്യമാണെന്ന് കാണാം. ഇത്തരത്തില്‍ കൊമോറോസ്, കില്‍വ, സാന്‍സിബാര്‍, ഇന്തോനേഷ്യ, മൊഗാദിഷു, മലബാര്‍ എന്നിവിടങ്ങളില്‍ ബാഅലവികള്‍, അവിടങ്ങളിലെ ഭരണാധിപന്മാര്‍ക്കു കീഴില്‍ ജനസേവനം നടത്തുകയും മത-സാമൂഹിക-രാഷ്ട്രീയ തലങ്ങളില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്.
പ്രപിതാക്കളായ ബാഅലവികളില്‍ ഫള്ൽ തങ്ങളെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വം അബ്ദുല്ലാഹിബ്‌നു ഹദ്ദാദാണ്.

ഹദ്ദാദ് റാത്തീബിനും ഇമാം ഹദ്ദാദിന്റെ സൂഫി ദര്‍ശനങ്ങള്‍ക്കും മലബാറില്‍ ലഭിച്ച സ്വീകാര്യതയില്‍ നിന്ന് ഇതു വ്യക്തമാണ്. ബാഅലവീ ആത്മീയ സരണിക്ക് സൈദ്ധാന്തിക അടിത്തറ നല്‍കിയ ഇമാം ഹദ്ദാദിന്റെ ജീവിതം പില്‍കാല ബാഅലവികള്‍ക്ക് പാഠപുസ്തകമായി മാറി. ഇമാം ഹദ്ദാദ് തന്റെ അതുല്യമായ ദീനി-വൈജ്ഞാനിക സേവനങ്ങളോടൊപ്പം ജനങ്ങളുടെ പ്രതിനിധിയും മാര്‍ഗദര്‍ശകനുമായി യമനീ ഗോത്രസമൂഹത്തിനിടയില്‍ ജീവിച്ചു. മതവിരുദ്ധമായ ഭരണ തീരുമാനങ്ങളെക്കുറിച്ച് അക്കാലത്തെ സുല്‍ത്താന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അവ പിന്‍വലിക്കാന്‍ അവരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഭരണകാര്യങ്ങളില്‍ അദ്ദേഹം അവരെ ഉപദേശിക്കുകയും വൈരാഗ്യമുള്ള ഗോത്രങ്ങള്‍ക്കിടയില്‍ പ്രശ്‌നപരിഹാരത്തിനു മധ്യസ്ഥത വഹിക്കുകയും ചെയ്തു.

സകാത് ദരിദ്രരുടെ ആവശ്യത്തിനായി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട തന്റെ ശിപാര്‍ശകള്‍ യാഫിഈ ഭരണാധികാരികള്‍ നിരാകരിച്ചപ്പോള്‍ അത്തരം ഭരണാധികാരികളുടെ സകാത് പിരിക്കാനുള്ള മതപരമായ അവകാശം ഇല്ലാതായെന്ന് അദ്ദേഹം ഫത്‌വ നല്‍കി. തദ്ഫലമായി തനിക്കെതിരെ തിരിഞ്ഞ ഭരണാധിപന്മാരുടെ അക്രമങ്ങളില്‍നിന്നു രക്ഷ തേടി ഇമാം ഹദ്ദാദ് ജനങ്ങളോടൊപ്പം തരീമിന്റെ പ്രാന്തപ്രദേശത്ത് സ്വയംപര്യാപ്തമായ അല്‍-ഹവി മാതൃക ഗ്രാമം (ഹവ്ത) സ്ഥാപിച്ചു.

ഭരണാധികാരികളുടെ ഇടപെടലുകള്‍ എത്താത്ത ഈ ഗ്രാമങ്ങളെ ഇമാം ഹദ്ദാദിന്റെ നേതൃത്വത്തില്‍, പ്രദേശത്തിന്റെ കാര്‍ഷിക സമൃദ്ധി ഉപയോഗപ്പെടുത്തി സ്വയംഭരണ-സ്വയംപര്യാപ്ത മേഖലകളാക്കി പരിവര്‍ത്തിപ്പിച്ചു. ഇമാം ഹദ്ദാദിന്റെ പ്രസ്തുത രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഫ ള്ൽ തങ്ങളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. കാരണം, അദ്ദേഹത്തിന്റെ ജീവിതത്തിലെ സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകളൊക്കെയും സമാന സ്വഭാവമുള്ളതായിരുന്നു.

ഹിജാസിലെ സുദീര്‍ഘമായ പഠനകാലത്തു (1844-49) വിവിധ മുസ്‌ലിം ദേശങ്ങള്‍ നേരിട്ടിരുന്ന അധിനിവേശക്കെടുതികള്‍ നേരിട്ടുകണ്ടും ഹാജിമാരില്‍ നിന്ന് കേട്ടും മനസ്സിലാക്കിയ ഫള്ൽ തങ്ങള്‍ ഇതിനെതിരെ തീര്‍ക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകളോടെയായിരുന്നു മലബാറിലേക്ക് മടങ്ങിയത്. മലബാറിലെത്തിയ ഉടനെ പിതാവ് വഹിച്ചിരുന്ന മത-ആത്മീയ ചുമതലകള്‍ ഏറ്റെടുത്ത ഫള്ൽ തങ്ങള്‍ ആദ്യം മേഖലയിലെ വിശ്വാസ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.

മമ്പുറം പള്ളി പുനരുദ്ധരിച്ച ശേഷം മിമ്പറില്‍ കയറിയ ഫള്ൽ തങ്ങള്‍, ആത്മീയ മാര്‍ഗത്തില്‍(ബാഅലവീ) സാമൂഹ്യ സമുദ്ധാരണം ലക്ഷ്യം വെച്ചുള്ള മതഭാഷണങ്ങള്‍ നിരന്തരമായി നടത്തി. മുസ്‌ലിംകളുടെ അപചയത്തിന്റെ ആദ്യ ഉത്തരവാദി അവര്‍ തന്നെയാണെന്നും അവരുടെ ആത്മീയശോഷണവും ലൗകിക ആഭിമുഖ്യവുമാണ് പ്രധാന കാരണമെന്നും അദ്ദേഹം പ്രസംഗിച്ചു. ഇതിനാല്‍ ആത്മസംസ്‌കരണത്തിന് വിധേയരാവാനും വിശ്വാസകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവാനും അദ്ദേഹം ജനങ്ങളോട് ഉദ്‌ഘോഷിച്ചു.

തസ്‌കിയ, ഇഖ്‌ലാസ്, ഇസ്തിഖാമത് എന്നീ സൂഫി സംജ്ഞകളിലായിരുന്നു ഫ ള്ൽ തങ്ങളുടെ അധ്യാപനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്. വിശ്വാസദൃഢത കൈവരിച്ചതിനുശേഷമാവണം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലേക്ക് കടക്കേണ്ടതെന്ന് അദ്ദേഹം വാദിച്ചു. പ്രഭാഷണങ്ങളോടൊപ്പം തന്റെ തൂലികയില്‍ വിരിഞ്ഞ സുപ്രധാന രചനകളെല്ലാം ഈ സന്ദേശം കൈമാറുന്നതായിരുന്നു. ‘ഉദ്ദത്തില്‍ ഉമറാ’ എന്ന സമരാഹ്വാന ഗ്രന്ഥം ഈ ഗണത്തില്‍ ശ്രദ്ധേയമാണ്. ഫദ്ല്‍ തങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ട് ഈ ഗ്രന്ഥം.

ഇംഗ്ലീഷുകാര്‍ക്കെതിരായ പോരാട്ടത്തിനുള്ള (ജിഹാദ്) ആഹ്വാനം മാത്രമല്ല, ഇസ്‌ലാമിക ദഅവത്, സ്വഭാവ ശുദ്ധീകരണം, ആത്മസംസ്‌കരണം (നഫ്‌സുമായുള്ള ജിഹാദ്), മത രാഷ്ട്രീയ നേതൃത്വത്തോടുള്ള (ഉലമാ-ഉമറാ) അനുസരണ തുടങ്ങി ഇസ്‌ലാമിക നൈതിക ജീവിതത്തിനുള്ള സമ്പൂര്‍ണ വഴികാട്ടിയെന്ന നിലയിലാണ് ഈ ഗ്രന്ഥം തയ്യാറാക്കപ്പെട്ടിട്ടുള്ളത്. മുസ്‌ലിം സ്വത്വം സംരക്ഷിക്കേണ്ടതിന്റെയും ബഹുദൈവാരാധകരോടുള്ള അനുകരണത്തെ നിരാകരിക്കുന്നതിന്റെയും പ്രാധാന്യം സമര്‍ഥിക്കാന്‍ വേണ്ടി ഗ്രന്ഥത്തിന്റെ വലിയൊരു ഭാഗം നീക്കിവെച്ചിട്ടുണ്ട്.

അങ്ങനെ വ്യവസ്ഥാപിതമായ മതബോധനത്തിലൂടെ വിശ്വാസപരമായും ആത്മീയമായും കരുത്താര്‍ജ്ജിച്ച സമരപോരാളികളെ ഫള്ൽ തങ്ങള്‍ വളര്‍ത്തിയെടുത്തു. മലബാര്‍ മുസ്‌ലിംകളില്‍ സമരാവേശം ജ്വലിപ്പിക്കാന്‍ വേണ്ടി ആത്മീയ സങ്കേതങ്ങളെ അദ്ദേഹം സമര്‍ഥമായി പ്രയോഗിച്ചു. മാപ്പിള സമരങ്ങളിലെ ഫള്ൽ തങ്ങളുടെ പങ്ക് വിശദീകരിക്കുന്ന ബ്രിട്ടീഷ് റിപ്പോര്‍ട്ടിലെ വിവരണങ്ങള്‍ ഇതിനുദാഹരണമാണ്: ‘മാപ്പിള സമരപോരാളികള്‍ സയ്യിദ് ഫള് ലി ന്റെ അനുഗ്രഹവും മാര്‍ഗനിര്‍ദേശവും പ്രതീക്ഷിച്ച് അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയിരുന്നു. തുടര്‍ന്നവര്‍ വെള്ള വസ്ത്രം ധരിച്ച് ഭാര്യമാരെ വിവാഹമോചനം ചെയ്യുന്നു, പള്ളികളില്‍ ദീര്‍ഘനേരം ആരാധനയിലും പ്രാര്‍ഥനയിലും മുഴുകുന്നു. അതിനുശേഷം, (ഫള്ൽ തങ്ങളുടെ നേതൃത്വത്തില്‍) ബാഅലവി മൗലിദ് അല്ലെങ്കില്‍, ദിക്ര്‍ സദസ്സുകള്‍ നടത്തപ്പെടുന്നു. കൂട്ടുപ്രാര്‍ഥനയ്ക്ക് ശേഷം തങ്ങളുടെ അനുഗ്രഹ/സമരാഹ്വാന ഭാഷണവും ശ്രവിച്ച ശേഷമാണ് സായുധ സമരത്തിന് ഇറങ്ങിയിരുന്നത്.’

ഫള്ൽ തങ്ങള്‍ മലബാറില്‍ അഭൂതപൂര്‍വമായ ജനാംഗീകാരവും വിധേയത്വവും നേടിയെടുത്തതില്‍ അവരുടെ സൂഫി ദര്‍ശനങ്ങളും ആത്മീയ സിദ്ധിയും കാരണമായിട്ടുണ്ടെന്നു വില്യം ലോഗന്റെ ഈ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്: ‘പഴയ ഹാലിളക്കക്കാരെപ്പോലെ ഇപ്പോഴത്തെ ആവേശക്കാരും തങ്ങളുടെ പ്രവര്‍ത്തന വിജയത്തിന്ന് അനുപേക്ഷിണീയമായി കരുതുന്നത് മമ്പുറം പള്ളിയിലെ തറമ്മല്‍ തങ്ങളുടെ ബലികുടീരത്തില്‍ നിസ്‌കരിക്കുകയും തൊട്ടടുത്തുതന്നെയുള്ള വീട്ടില്‍ താമസിക്കുന്ന ഇപ്പോഴത്തെ മമ്പുറം തങ്ങളുടെ (ഫള്ൽ തങ്ങള്‍) കൈ മുത്തുകയുമാണ്. ഈ സമയമായപ്പോഴേക്കും മാപ്പിളമാര്‍ സയ്യിദ് ഫദ്ല്‍ ദൈവികത്വം കൈവരിച്ച മഹാത്മാവാണെന്ന് വിശ്വസിച്ചിരുന്നു. തങ്ങളുടെ പാദങ്ങളില്‍ മുട്ടുകുത്തി പ്രതിജ്ഞ ചെയ്താല്‍ എല്ലാമായെന്ന് അവര്‍ കരുതുന്നു. തങ്ങള്‍ നടക്കുകയും തുപ്പുകയും ചെയ്ത സ്ഥലം അവര്‍ക്ക് പരിപാവനമത്രേ. അദ്ദേഹത്തിന്റെ അതിമാനുഷികസിദ്ധികളെക്കുറിച്ച് പലകഥകളും പരന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം കിട്ടുന്നത് വിലമതിക്കാനാവാത്ത നിധിയായി വിശ്വാസികള്‍ കരുതിപ്പോരുന്നു. മാപ്പിളമാരില്‍ മേല്‍ത്തട്ടിലുള്ളവരെ സംബന്ധിച്ചുപോലും അദ്ദേഹത്തിന്റെ വാക്കുകള്‍ ആജ്ഞയായിരുന്നു’.

കൊണോലിയുടെ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ ഖബറുകള്‍ക്കു സമീപം ഫള്ൽ തങ്ങള്‍ ആരംഭിച്ച ചേറൂര്‍ രക്തസാക്ഷികളുടെ നേര്‍ച്ച/അനുസ്മരണ ചടങ്ങുകള്‍ കൊളോണിയല്‍ സര്‍ക്കാരിനെതിരായ പ്രതിരോധ സമരങ്ങളെക്കുറിച്ച് ജനങ്ങളില്‍ ആത്മീയ ആവേശം സൃഷ്ടിച്ചിരുന്നു. ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെ ഫള്ൽ തങ്ങള്‍ രക്തസാക്ഷികളായി പ്രഖ്യാപിക്കുകയും അവരുടെ നേര്‍ച്ചകള്‍ സംഘടിപ്പിക്കുകയും മഹത്വവൽക്കരിക്കുന്ന മാലപ്പാട്ടുകള്‍ സംഘമായി ചൊല്ലിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മതപരമായും ആത്മീയമായും ബ്രിട്ടീഷ് വിരുദ്ധ സമരജ്വാല ജനഹൃദയങ്ങളിലേക്ക് പടര്‍ത്തിയ ക്രിയാത്മക ഇടപെടലുകളായിരുന്നു ഫള്ൽ തങ്ങള്‍ നടത്തിയത്.

മലബാറിലെ താഴ്ന്ന ജാതിക്കാരായ ഹിന്ദു വിഭാഗങ്ങളും മുസ്‌ലിംകളുടേതിനു സമാനമായ സ്വത്വപ്രതിസന്ധി നേരിടുകയാണെന്നു മനസ്സിലാക്കിയ ഫള്ൽ തങ്ങള്‍ അവരെ കൂടെ നിര്‍ത്തുകയും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുകയും ചെയ്തു. ഉള്‍കൊള്ളലിന്റെയും സാഹോദര്യത്തിന്റെയും കരങ്ങള്‍ നീട്ടിയ ഫള്ൽ തങ്ങളെ അംഗീകരിക്കാന്‍ അധ:സ്ഥിത ഹിന്ദു വിഭാഗങ്ങള്‍ ഒരു മടിയും കാട്ടിയില്ല. അവരുടെ സാമൂഹിക ഉന്നമനത്തിനും അവര്‍ക്കിടയില്‍ പ്രശ്‌നപരിഹാരത്തിനും ഫള്ൽ തങ്ങള്‍ മുന്നില്‍ നിന്നു. മത-ജാതി ഭേദമന്യേ ഫള്ൽ തങ്ങള്‍ മലബാറില്‍ നേടിയെടുത്ത സ്വീകാര്യത, ബ്രിട്ടീഷുകാരെയും ഉന്നത ജാതിക്കാരായ ഹിന്ദു ജന്മിമാരെയും ആശങ്കപ്പെടുത്തി. ഫള്ൽ തങ്ങളുടെ കീഴില്‍ തങ്ങള്‍ക്കെതിരായി ഒരു സമാന്തര ഭരണകേന്ദ്രവും സാമൂഹിക ഐക്യവും രൂപപ്പെടുമോ എന്ന അവരുടെ ഉല്‍കണ്ഠയായിരുന്നു പിന്നീട് ഫള്ൽ തങ്ങളുടെ നാടുകടത്തലില്‍ (1952) കലാശിച്ചത്. എന്നാല്‍, ബ്രിട്ടീഷുകാരില്‍ ഭയം ജനിപ്പിച്ച ഈ വിപ്ലവകരമായ സാമൂഹിക സമവാക്യം മഹാനവര്‍കള്‍ രൂപപ്പെടുത്തിയത് വെറും മൂന്നു വര്‍ഷം കൊണ്ടാണെന്നത് (1949-52) തീര്‍ത്തും അവിശ്വസനീയമാണ്.

ഫള്ൽ തങ്ങള്‍ മലബാര്‍ വിട്ട ശേഷവും ഈ അധിനിവേശവിരുദ്ധ മനസ്ഥിതി അതേ തീവ്രതയില്‍ കൊണ്ടുനടന്നു എന്നു മാത്രമല്ല, പ്രവാസജീവിതം അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം കുറെക്കൂടി വിശാലമാക്കുകയും ചെയ്തു. ഒട്ടോമന്‍ നേതൃത്വത്തില്‍, യൂറോപ്യന്‍ രാഷ്ട്രീയ-സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരെയുള്ള ഏകീകൃത പ്രതിരോധ മുന്നണി രൂപീകരിക്കാനുള്ള യജ്ഞങ്ങള്‍ മരണം വരെ അദ്ദേഹം നടത്തിയിരുന്നു. (ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലേഖകന്റെ പുറത്തിറങ്ങാനിരിക്കുന്ന ഫള്ൽ ജീവചരിത്ര ഗ്രന്ഥത്തിലുണ്ട്. ബുക്പ്ലസാണു പ്രസാധകര്‍)
മലബാറിലെ ഫള്ൽ തങ്ങളുടെ രാഷ്ട്രീയവ്യവഹാരങ്ങള്‍ ഈ കാലഘട്ടത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരുന്ന സൂഫിവര്യന്മാരുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍നിന്നും പ്രചോദനം ഉള്‍കൊണ്ടിരുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ സമരങ്ങള്‍ നടത്തിയ ഉത്തരേന്ത്യയിലെ സൂഫി പ്രസ്ഥാനങ്ങളും ഫള്ൽ തങ്ങളുടെ പ്രതിരോധ സമരങ്ങളും തമ്മില്‍ ശ്രദ്ധേയമായ സമാനതകളുണ്ട്. ഇന്ത്യന്‍ ഉലമാക്കളും സൂഫി സമൂഹങ്ങളും അധിനിവേശ ഭരണകൂടവുമായോ അവരെ പിന്തുണക്കുന്ന സംഘടനകളുമായോ വ്യക്തികളുമായോ ഒരിക്കലും വിട്ടുവീഴ്ചക്കു തയ്യാറായില്ല. 18,19 നൂറ്റാണ്ടുകളില്‍ ഇന്ത്യയിലുടനീളമുള്ള ഉലമാഉം സൂഫികളും രാഷ്ട്രീയ സമരങ്ങളിലേര്‍പ്പെടുകയും സ്വന്തം പ്രദേശങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. ഷാ വലിയുല്ലാഹ് ദഹ്ലവി (1702-1761), സയ്യിദ് അഹമ്മദ് ഷാഹിദ് (1786-1831), ഷാ ഇസ്മാഈല്‍ ശാഹിദ് (1781-1831) തുടങ്ങിയ ഉത്തരേന്ത്യന്‍ സൂഫി നേതാക്കന്മാരുടെ പോരാട്ടങ്ങള്‍ ഫള്ൽ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചുവെന്ന് അനുമാനിക്കപ്പെടുന്നു. അതോടൊപ്പം തന്നെ ഇസ്‌ലാമിക ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ മത-ആത്മീയ-രാഷ്ട്രീയ വ്യവഹാരങ്ങളിലേര്‍പ്പെട്ട ബാഅലവികളുമായും മഹാനവര്‍കള്‍ നിരന്തരം സമ്പര്‍ക്കവും ആശയ വിനിമയവും നടത്തിയിരുന്നു.

ഫദ്ല്‍ തങ്ങള്‍, പൂര്‍വികര്‍ പ്രയോഗത്തിലും അനുഷ്ഠാനങ്ങളിലും കൈമാറിയ ബാഅലവി പാരമ്പര്യം മുറുകെപ്പിടിച്ച് ആത്മജ്ഞാനത്തിലേക്കും ദിവ്യ പൊരുളിലേക്കുമുള്ള വഴി കണ്ടെത്തിയ ആദ്ധ്യാത്മിക യാത്രികനാണ്. അതേസമയം തന്നെ മഹാനവര്‍കള്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരുന്ന ദീനിന്റെയും ഇസ്‌ലാമിക സമൂഹത്തിന്റെയും സേവനത്തിനു തന്റെ പുരുഷായുസ്സ് സമര്‍പ്പിച്ചു. കല്ലും മുള്ളും നിറഞ്ഞ ഈ കഠിന വഴി മുമ്പെ നടന്നു തീര്‍ത്ത പിതാവ് മമ്പുറം തങ്ങള്‍ ഫള്ൽ തങ്ങള്‍ക്കു മുന്നില്‍ ജ്വലിക്കുന്ന നക്ഷത്രവും വഴികാട്ടിയുമായി നിലകൊണ്ടു. ഇസ്‌ലാമിതര സമുദായങ്ങളെ കൂടി അണിനിരത്തി മമ്പുറം തങ്ങളും ഫള്ല്‍ തങ്ങളും നേതൃത്വം നല്‍കിയ അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.


ഡോ. മുസ്തഫ ഹുദവി ഊജംപാടി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.