Thelicham

മമ്പുറം മഖാമിലെ എത്‌നോഗ്രഫിക് സാധ്യതകള്‍

(ഈ ലേഖനം എന്റെ പി എച്ച് ഡി പഠനത്തിന്റെ പൈലറ്റ് സ്റ്റഡിയുടെ ഭാഗമായി രൂപപ്പെട്ടുവന്ന ഒരു കേവലശ്രമം മാത്രമാണ്. ഇതിലെ എത്‌നോഗ്രഫിക് നോട്ടുകളിലേക്ക് വായനക്കാരുടെ ശ്രദ്ധക്ഷണിക്കാനാണ് ഞാന്‍ പ്രധാനമായും ആഗ്രഹിക്കുന്നത്.)

സൗത്തേഷ്യയിലെ ഒരു പ്രമുഖ നരവംശശാസ്ത്രജ്ഞ ഒരിക്കലെന്നോട് ചോദിക്കുകയുണ്ടായി: ‘നിങ്ങള്‍ അവതരിപ്പിച്ച കാര്യങ്ങളെല്ലാം, അഥവാ മാപ്പിളമാര്‍ക്കിടയിലുള്ള ദര്‍ഗകള്‍, ഉറൂസുകള്‍, ജിന്നുകള്‍, മൗലിദുകള്‍, റാത്തീബുകള്‍ തുടങ്ങിയവയിലൂടെയെല്ലാമുള്ള ഔലിയാക്കളുടെ സജീവസാന്നിധ്യം (lively presence) നിലനില്‍ക്കുന്നുവെന്നത് ഒരു ദൈവശാസ്ത്രപരമായ (theological) ചോദ്യം അല്ലെ? ഇവയില്‍ എങ്ങനെയാണ് നിങ്ങള്‍ നരവംശശാസ്ത്രസാധ്യതകള്‍ കണ്ടെത്തുന്നത്?’
യഥാര്‍ത്ഥത്തില്‍ മലബാറിലെ മുസ്‌ലിം നരവംശശാസ്ത്രപഠനങ്ങളില്‍ ദൈവശാസ്ത്രപരം അല്ലെങ്കില്‍ നരവംശശാസ്ത്രപരം എന്നിങ്ങനെയുള്ള ദ്വന്ദം സാധ്യമാണോ?

ഈ ചോദ്യത്തില്‍ നിന്നുകൊണ്ട്, മലബാറിലെ മുസ്‌ലിം ദൈനംദിന ജീവിത പരിപ്രേക്ഷ്യത്തെ രൂപപ്പെടുത്തുന്ന മലബാറിലെ ചുറ്റുപാടുകള്‍ ഈ ദ്വന്ദ്വത്തെ സങ്കീര്‍ണമാക്കുന്നത് എങ്ങനെയാണ് എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ താല്‍പര്യം. തദടിസ്ഥാനത്തില്‍ മലബാറിലെ ജീവിതപരിസരത്ത് നിന്നുകൊണ്ട് ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ എങ്ങനെയാണ് മുസ്‌ലിം ജീവിതങ്ങളെ ധാര്‍മികമായ ഒരു ചുറ്റുപാടിനുള്ളില്‍ രൂപപ്പെടുത്തുന്നത് എന്ന് ഈ ലേഖനം വിശകലനവിധേയമാക്കുന്നു.

മലബാറിലെ മൗലിദുകളെക്കുറിച്ചും മാലകളെക്കുറിച്ചും പഠിക്കുന്നവര്‍ വിശ്വാസികളായ (pious) മലബാര്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവ എന്താണ് എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനങ്ങള്‍ക്ക് പലപ്പോഴും തയ്യാറാവുന്നത് കാണാറില്ല. ഈ പ്രശ്നത്തില്‍ ഊന്നിക്കൊണ്ടാണ് എ.കെ മുനീര്‍ ഹുദവിയുടെ (2015) പോയറ്റിക്സ് ഓഫ് പയറ്റി എന്ന ലേഖനം വികസിക്കുന്നത്. നരവംശശാസ്ത്രത്തിന്റെ സങ്കേതങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലൂടെ മുന്‍കാലപഠനങ്ങളുടെ ഈ പൊതുപരിമിതിയെ മറികടക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുന്നു.

അടുത്ത കാലത്തായി, നരംവംശശാസ്ത്ര മേഖലയിലെ പുതിയ പഠനവസ്തുക്കളായി സ്വപ്നങ്ങള്‍, ജിന്നുകള്‍, ഗൈബ് (അദൃശ്യജ്ഞാനം) എന്നിവയെല്ലാം മാറിയിട്ടുണ്ട്. ഈ ഗണത്തില്‍ വരുന്ന നരവംശശാസ്ത്രപഠനങ്ങളില്‍ ശ്രദ്ധേയമാണ് അമീറ മെറ്റെെമീറിന്റെ (2010) ‘ഡ്രീംസ് ദാറ്റ് മാറ്റര്‍,’ കാര്‍ലാ ബെല്ലമിയുടെ (2011) ‘ദി പവര്‍ഫുള്‍ എഫിമെറല്‍’ തുടങ്ങിയവ. അഭൗതികമെന്നോ യുക്ത്യാതീതമെന്നോ വിലയിരുത്തപ്പെടുകയും അക്കാരണത്താല്‍ തന്നെ അക്കാദമിക് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത, എന്നാല്‍ മനുഷ്യരുടെ ദൈനംദിന ജീവിതങ്ങളെ രൂപപ്പെടുത്തുന്നതിലും നിയന്ത്രിക്കുന്നതിലും അനല്‍പമായ പങ്കുവഹിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങളെ കൂടുതല്‍ ഉള്‍ക്കാഴ്ചയോടെ സമീപിക്കുന്നതിന് പുതിയ വഴികള്‍ വെട്ടുകയാണ് ഇത്തരം പഠനങ്ങള്‍.
……..

മമ്പുറം മഖാമിലെ ആണ്ടു നേര്‍ച്ചയുടെ ആദ്യ ദിവസം ചാള്‍സ് ഹിഷ്‌കിന്ദിന്റെ (2006) എത്തിക്കല്‍ സൗണ്ട്സ്‌കേപ് എന്ന പുസ്തകത്തിലെ ആദ്യ പേജാണ് എന്റെ ഓര്‍മയില്‍ തെളിഞ്ഞത്. എന്റെ ഫീല്‍ഡ്നോട്ടില്‍ ഞാന്‍ അന്ന് എഴുതിയത് ഇങ്ങനെയാണ്:

‘ഇന്ന് മമ്പുറം സയ്യിദ് അലവി തങ്ങളുടെ 185-ാം ആണ്ടുനേര്‍ച്ചയുടെ ആദ്യത്തെ ദിവസമായിരുന്നു. മഖാമിന്റെ പരിസരത്ത് സ്ത്രീകളും പുരുഷന്‍മാരും പ്രാര്‍ഥനാനിരതരാണ്. മഖാമിലെ പ്രാരംഭ സദസ്സില്‍ തങ്ങള്‍ പ്രാര്‍ഥനക്ക് തുടക്കം കുറിച്ചപ്പോള്‍തന്നെ, വഴിയോരക്കച്ചവടക്കാരുടെയും വാഹനങ്ങളുടെയും ശബ്ദങ്ങള്‍ക്കിടയിലും ആളുകള്‍ തങ്ങളുടെ പ്രാര്‍ഥനയില്‍ വളരെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഓരോ വരിയിലും ‘ആമീന്‍’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതും എന്റെ ശ്രദ്ധയില്‍പ്പെട്ടു.’ ഹിഷ്‌കിന്ദ് തന്റെ എത്തിക്കല്‍ സൗണ്ട്സ്‌കേപ് എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ‘ആധുനികതയുടെ ഏത് ശബ്ദ കോലാഹളങ്ങള്‍ക്കിടയിലും മനുഷ്യനില്‍നിന്ന് നഷ്ടപ്പെട്ടുപോകുന്ന ഒന്നല്ല തഖ്‌വ (piety)’ എന്ന എത്നോഗ്രഫിക്ക് സാക്ഷ്യത്തെ മമ്പുറം നേര്‍ച്ചയുടെ ഒന്നാം ദിനത്തില്‍ തന്നെ നേരിട്ടനുഭവിക്കുകയായിരുന്നു ഞാന്‍.
………..

മറ്റൊരു ദിവസത്തെക്കുറിച്ച് ഞാന്‍ എന്റെ ഫീല്‍ഡ് ഡയറിയില്‍ കുറിച്ചതിപ്രകാരമാണ്:

2023 ജൂലൈ 19

ഇന്ന് മമ്പുറത്തെ ഞാന്‍ അനുഭവിച്ചത് വളരെ വ്യത്യസ്തതയോടുകൂടിയായിരുന്നു. വിവിധ ദേശങ്ങളില്‍നിന്നുള്ള ആളുകളാല്‍ വളരെ സമ്പന്നമായിരുന്നു ഇന്ന് മഖാം പരിസരം. മഖാമിലേക്ക് ദാറുല്‍ഹുദയില്‍ നിന്ന് കാല്‍നടയായി പോകുന്ന വിദ്യാര്‍ഥികള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു, അതോടൊപ്പം മഖാമിലേക്ക് എത്തുന്ന സ്ത്രീകളില്‍ വേണ്ടവിധത്തില്‍ തലമറക്കാത്തവര്‍ മഖാം പരിസരത്ത് എത്തുമ്പോഴേക്കും നന്നായി തലമറക്കുന്നതായും ഞാന്‍ നിരീക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട ഒരു വലിയ്യ് എങ്ങനെയാണ് ഇക്കാലത്തും ജനങ്ങളെ രൂപാന്തരപ്പെടുത്താന്‍ കാരണമാകുന്നത് എന്നീ സംഭവം സൂചിപ്പിക്കുന്നുണ്ട്.
………

മടവൂര്‍ സി.എം മഖാം ഉള്‍പ്പെടെ കേരളത്തിലെ മഖാമുകളെക്കുറിച്ചുള്ള നരവംശശാസ്ത്രപഠനങ്ങളിലും ചരിത്രപഠനങ്ങളിലും മഖാമിലെ വലിയ്യുമായി ബന്ധപ്പെട്ട ഓര്‍മകള്‍ ചികഞ്ഞുകണ്ടെത്താന്‍ അവരുടെ കാലത്ത് ജീവിച്ച ആളുകള്‍, ചിത്രങ്ങള്‍, മറ്റു അവരുമായി ബന്ധപ്പെട്ട ശേഷിപ്പുകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതു കാണാം. എന്നാല്‍, 185 വര്‍ഷങ്ങള്‍ക്കു മുമ്പ് വിടപറഞ്ഞ മമ്പുറം തങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ അത്തരം ഒരു സാധ്യത നിലനില്‍ക്കുന്നില്ല. മമ്പുറം മഖാമുമായി ബന്ധപ്പെട്ട ഫീല്‍ഡ് വര്‍ക്കിലെ എന്റെ ആദ്യത്തെ അഭിമുഖങ്ങളില്‍ നിന്ന് എനിക്ക് വ്യക്തമായത് മമ്പുറം തങ്ങള്‍ ജനങ്ങളില്‍ നിലകൊള്ളുന്നത് തങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്ന ആത്മീയമായ ഒരു അനുഭൂതിയുടെ തലത്തിലാണ് എന്നായിരുന്നു. മമ്പുറം തങ്ങളുടെ വൈദേശികവിരുദ്ധ പോരാട്ടങ്ങളും അതിന്റെ രാഷ്ട്രീയവും മറ്റും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കേവലം ഒരു ബാഹ്യമായ കാര്യം മാത്രമാണ്.
………..
ഫീല്‍ഡ് വര്‍ക്കിനിടയില്‍ ഞാന്‍ കണ്ടുമുട്ടിയ ഒരു തങ്ങള്‍ മമ്പുറം തങ്ങളെ എനിക്ക് പരിചയപ്പെടുത്തി സംസാരിക്കുകയുണ്ടായി. അദ്ദേഹവുമായുള്ള എന്റെ സംഭാഷണം ഇങ്ങനെ പകര്‍ത്താം:

‘ഞാനെന്റെ ചെറുപ്പം മുതല്‍ ഇവിടെയാണ്. ഇത് ഉമ്മയുടെ നാടാണ്. കിഴിശ്ശേരി ഉസ്താദ്, മമ്മദ് പാപ്പ, പച്ചപ്പാപ്പ അങ്ങനെ ഒരുപാട് മഹാന്മാര്‍ ഇതിലൂടെ സഞ്ചരിച്ച് മണ്മറഞ്ഞ് പോയിട്ടുണ്ട്. അല്‍ഹംദുലില്ലാഹ് എനിക്ക് ഇവിടെ റാഹത്താണ്.’

ഞാന്‍ ചോദിച്ചു: ‘ഏകദേശം എത്ര കൊല്ലം ആയിട്ടുണ്ടാകും നിങ്ങള്‍ ഇവിടെയെത്തിയിട്ട്?’

ഒരുപാട് വര്‍ഷമായി. അതിനിടയില്‍ ഞാന്‍ ഇവിടന്ന് പുറത്തൊന്ന് പോയിരുന്നു. മക്ക, മദീന അങ്ങനെ അറബ് രാഷ്ട്രങ്ങളിലൊക്കെ ഒന്നു ചുറ്റി, ഇവിടേക്ക് തന്നെ വീണ്ടും തിരിച്ചെത്തി. കാരണം ഇതിന്റെ ഉള്ളില്‍ വേറെ മറ്റു രഹസ്യങ്ങള്‍ ഉണ്ട്. സൂഫി ലൈനാണിത്. ഇതൊരു ബഹ്‌റാണ്. അതായത്:
മീമെന്ന ഷജര്‍,
നാലാറു കൊമ്പതിലുണ്ട്.
മീമില്‍ വിളഞ്ഞ കനികളുണ്ട്,
കായ്കളുണ്ട്,
മുഹ്യിദ്ദീന്‍ ഉണ്ട്.
മീമും മീമായ് ചമഞ്ഞ
മുറബ്ബിയാക്കള്‍ ഉണ്ട്.

അപ്പൊ ഇവരെ കാലിന്റെ ചുവട്ടില്‍ ചെന്നാലേ നമുക്ക് എന്ത് കിട്ടൊള്ളൂ, സത്ത. തന്നെത്താനെ അറിയണം എന്ന് പറഞ്ഞ വ്യവസ്ഥ. ഒരു ഗുരു ഉണ്ടെങ്കിലേ കരുവൊള്ളൂ എന്ന് പറഞ്ഞ മാതിരിയാണ്. അവരില്‍നിന്നും ഞമ്മക്ക് എന്ത് കിട്ടണം, ആ ഒരു ശക്തി കിട്ടണം. അപ്പൊ അത് കിട്ടിയാലേ നമുക്ക് എന്ത് ചെയ്യാന്‍ കഴിയുകയുള്ളൂ, മുന്നോട്ട് നമ്മളെ തന്നെ തിരിക്കാന്‍ കഴിയുകയുള്ളൂ. അപ്പൊ ഇവരോടു തേടിയാല്‍ മുറബ്ബിയായ ശൈഖിനെ നമുക്ക് കാട്ടിത്തരും. അതിലൂടെ സഞ്ചരിക്കാം. അത്രയും ദറജ നേടിക്കഴിഞ്ഞവരാണ് ഇവര്‍. അതായത് യമനിലെ തരീമിലെ ഹളര്‍ മൗതിന്ന് ഇവര്‍ ഇങ്ങോട്ട് വന്ന് മുന്‍കാലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ എല്ലാത്തിലും ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ചു. അങ്ങനെ അവര്‍ അന്ന് നമുക്കും വേണ്ടീട്ട് ത്യാഗങ്ങള്‍ സഹിച്ച് ജീവിതം ഇവിടെ കൊടുത്ത് മണ്മറഞ്ഞ് പോയി. എന്നാലും അവരിന്ന് എല്ലാ മനസ്സിലും ജീവിക്കുന്നുണ്ട്. നമ്മള്‍ ഇതിലൂടെ ഓടിയാലെ നമുക്ക് നമ്മളെ തന്നെ തിരിയൊള്ളൂ. മനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യന്‍ ആവുകയുള്ളൂ. ഇന്നത്തെ കാലഘട്ടത്തില്‍ പല ദുരനുഭവങ്ങളും നമ്മള്‍ അഭിമുഖീകരിക്കുകയല്ലേ? അപ്പോള്‍ അതിന്റെ ഇടയില്‍ നമുക്ക് ഇങ്ങനെ ഉള്ള സ്ഥലങ്ങളാണ് ഇന്ന് ഏറ്റവും പ്രധാനം. അവര്‍ അല്ലാഹുവിനെ അറിഞ്ഞ് അല്ലാഹുവില്‍ എത്തിയവരാണ്. ആ കൈ, ആ കാല്‍ എല്ലാം കൊണ്ടും അല്ലാഹുവില്‍ ലയിച്ചവരാണ് അവരെ സഹായം ഇല്ലാതെ ഇവിടെ നമുക്ക് ഒരു കരുവില്ല. അവരുള്ളത് കൊണ്ടാണ് ഈയൊരു നാട് തന്നെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞത്. വെള്ളക്കാരില്‍ നിന്നും ബ്രിട്ടീഷ്‌കാരില്‍ നിന്നും ഹിച്കോക്കില്‍ നിന്നും നമ്മുടെ സമുദായത്തിനെ രക്ഷിച്ചവരാണ് അവര്‍.’

കൂട്ടത്തില്‍ ഞാനെന്റെയുള്ളില്‍ എപ്പോഴുമുള്ള ഒരു ആശങ്ക പങ്കുവെച്ചു: ‘ഞാനൊരു ജമാഅത് ചുറ്റുപാടില്‍ നിന്ന് വളര്‍ന്ന ഒരാളാണ്. ഞാന്‍ പഠിച്ചിട്ടുള്ള വിശ്വാസം ഇതിനോട് എതിരായിട്ടാണ്. പൊതുവേ എന്റെ ഉമ്മ ഞാന്‍ ഇങ്ങോട്ട് വരുമ്പോഴൊക്കെ പറയും, ‘മോനെ ശിര്‍കിലേക്ക് പോകരുതേ എന്ന്. പടച്ചോന്റെയും നിന്റെയും നടുവില്‍ വേറെ ഒരാള്‍ ഇല്ല. ശിര്‍ക് ചേര്‍ക്കരുത്’ എന്ന്. ഇങ്ങനെയൊക്കെ കേട്ടിട്ടാണ് ഞാന്‍ വീട്ടീന്ന് ഇറങ്ങുന്നത് തന്നെ. ഇതിനെക്കുറിച്ച് നിങ്ങള്‍ എന്താണ് പറയുന്നത്?’

അദ്ദേഹം പറഞ്ഞു: ‘ഇതിന്റെ പിന്നില്‍ ശിര്‍ക് അല്ല. അതായത് നമ്മള്‍ തേടലാണ്. അല്ലാഹു പറഞ്ഞിട്ടുണ്ട്, വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. നീ എന്നെ കൊള്ളെ ഒരു ചാണടുത്താല്‍ ഞാന്‍ നിന്നെ കൊള്ളെ ഒരു അടി അടുക്കും. നീ എന്നെ കൊള്ളെ ഒരു അടി അടുത്താല്‍ ഞാന്‍ നിന്നിലേക്ക് ഓടി അടുക്കും. ഞാന്‍ നിന്നിലേക്ക് ഓടി അടുത്തു കഴിഞ്ഞാല്‍ ഞാന്‍ നിന്റെ കൈയാവാം, ഞാന്‍ നിന്റെ എല്ലാം ആകാം എന്ന് അല്ലാഹു വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. ആ കൈയും ആ കാലും ആ എല്ലാമായ സമ്പൂര്‍ണ രൂപമാണ് ഖുത്ബുസ്സമാന്‍. അതിലൂടെ ഒരു കരു എന്ത് ചെയ്യുന്നുണ്ട് -ഇവിടെ നീങ്ങുന്നുണ്ട്. അവരെ ഹഖാലും അവരെ ബര്‍കത്താലുമായാണ് നമ്മള്‍ തേടുന്നത്. ഒരുപാട് പേര്‍ തെറ്റിദ്ധരിക്കും. നമ്മള്‍ നേരിട്ട് പോയി ചോദിക്കാണ് എന്ന്.

ജീവിതകാലത്ത് നേരിട്ട് വാങ്ങേണ്ടവര്‍ വാങ്ങി. വെളിയങ്കോട് ഉമര്‍ ഖാളി ഉപ്പാപ്പ വാങ്ങി. നഫ്സിനെ തിരിയാതെ ഒരിക്കലും നമ്മള്‍ക്ക് മുന്നേറാന്‍ കഴിയൂല. നമുക്ക് നഫ്സിനെ, അഥവാ തടിയെ തിരിയണം എന്നുണ്ടെങ്കില്‍ ഒരു ഗുരു വേണ്ടേ, ഒരു ഗുരു വേണം എന്നുണ്ടെങ്കില്‍ ഒരു കരു വേണം. അപ്പൊ ആ കരു കിട്ടാതെ ആ ഗുരു വളരുന്നില്ല. അത് എന്തിലായാലും. ചെറുപ്പത്തില്‍ നമ്മക്ക് ഉമ്മ വേണം, വാപ്പ വേണം. ഇവരൊക്കെ ഗുരു തന്നെയാണ്. അപ്പൊ അതിലൂടെ നമ്മള്‍ സഞ്ചരിച്ചാല്‍ നമുക്ക് പിന്നീട് പലതും നേടിയെടുക്കാമ്പറ്റും. അതായത് പഠനാര്‍ഥം മാത്രമല്ല, അതിനപ്പുറവും ചിലത് കിടക്കുന്നുണ്ട്. ശൂന്യതയില്‍ നിന്നും വന്ന നമ്മള്‍ ഉള്ളതിലെത്തി. ഉള്ളതില്‍ നിന്നും ശൂന്യതയിലേക്ക് മറയുകയാണ്. ഏത്, അപ്പൊ ഇതിന്റെ ഉള്ളിലൊക്കെ നമുക്ക് ഒരുപാട് സംഗതികള്‍ അറിയണം എന്നുണ്ടെങ്കില്‍ ഇങ്ങനെ ഉള്ളിടത്ത്ന്ന് തന്നെ ഇത് തിരിച്ചറിയാന്‍ കഴിയൊള്ളൂ. തന്നെ താന്‍ അറിയണം എന്നുള്ള വ്യവസ്ഥ. ആരെങ്കിലും സ്വശരീരത്തെ/ആത്മാവിനെ അറിഞ്ഞാല്‍ അവന്‍ റബ്ബിനെ അറിഞ്ഞു എന്ന് അല്ലെ.

ആ ശൈഖ് ഉണ്ടെങ്കിലേ നമുക്ക് പിന്നീട് ഒരു ശരിയായ വഴിയുണ്ടാകൂ/വ്യവസ്ഥയുണ്ടാകൂ. അതായത് അങ്ങനെ ശൈഖ് നമ്മുടെ കരു നീക്കും, അഥവാ തൗഹീദിന്റെ വശത്തേക്ക് നമ്മളെ യാത്രയാക്കണമെങ്കില്‍ അവര്‍ കാട്ടിത്തരുന്ന ശൈഖിന് കഴിയും.

ജീവിച്ചിരിക്കുമ്പോഴാണ് നമ്മള്‍ എല്ലാം കയ്യിലാക്കേണ്ടത്. കാരണം, അതിന് അല്ലാഹു അത്രയും പവര്‍ തന്നിട്ടുണ്ട്. ഞാന്‍ നിനക്ക് വേണ്ടി ഒരു കയര്‍ ഇട്ട് തന്നിട്ടുണ്ട്, ആ കയറിലൂടെ നീ മുകളിലോട്ട് കയറിക്കോ എന്ന് ഖുര്‍ആനില്‍ വ്യക്തമായിട്ട് പറയുന്നുണ്ട്. അതൊക്കെ ഖുര്‍ആന്റെ ഭാഗം ആണല്ലോ. അപ്പൊ ആ കയര്‍ നമ്മള്‍ ഇന്ന് കണ്ടെത്തണം. ഇന്ന് കണ്ടെത്താതെ നാളെ മരിച്ചു പോയിട്ട് നമുക്ക് ആ കയര്‍ കിട്ടോ? കിട്ടൂല. നമ്മളെ ശരീരത്തിലേക്ക് അല്ലാഹു ഇട്ടു തന്നിട്ടുള്ള ഒരു 916 ഉണ്ട്. തിരിച്ചു പോകുമ്പോഴും ആ 916 അതുപോലെ പോകണം. നമ്മുടെ വളര്‍ച്ചയില്‍ റൂഹിനെ കേടുപാടുള്ളതാക്കി മാറ്റിയാല്‍ അത് കൊണ്ട് അതിനെ നമ്മള്‍ ശുദ്ധി ചെയ്യല്‍ പൂര്‍ണമായിട്ടും നിര്‍ബന്ധമാണ്. ഞാന്‍ പറഞ്ഞു വന്നത് ഒരു വ്യവസ്ഥയാണ്. അപ്പോള്‍ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ നിന്നേ നമുക്ക് ഒരുപാട് സംഗതികള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.”

………..

മഖാമിന്റെ പരിസരത്ത് ഒരുപാട് കാലമായി ആയുര്‍വേദ ഷോപ്പ് നടത്തുന്ന ഒരു വ്യക്തിയും അവിചാരിതമായി ഞാന്‍ പരിചയപ്പെട്ട ഒരു അത്തറ് കച്ചവടക്കാരനും ഇതേ കാര്യമാണ് എന്നോട് ആവര്‍ത്തിച്ചത്. പലപ്പോഴും ഇവരുടെ കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന വലിയ സമ്പത്തായി അവര്‍ കാണുന്നത് മമ്പുറം മഖാമിന്റെ പരിസരത്ത് കച്ചവടം നടത്തുന്നതോട് കൂടി അവര്‍ക്ക് ലഭിക്കുന്ന തങ്ങളുടെ സാന്നിദ്ധ്യവും അതുവഴി ലഭിക്കുന്ന വലിയ ആത്മീയാനുഭൂതിയുമാണ്. സാമ്പത്തികമായ ലാഭം പറയത്തക്ക വിധത്തിലൊന്നുമില്ല. അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെ എല്ലാം അവനുവേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ച വലിയ്യാണ് മമ്പുറം തങ്ങളുപ്പാപ്പ എന്ന വിശേഷണത്തോടെയാണ് അവരുടെ സംസാരങ്ങളില്‍ മമ്പുറം തങ്ങള്‍ കടന്നുവരുന്നത്.

…………

മഖാമിലെ ഉറൂസിനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ തങ്ങളുടെ ജീവിത ചുറ്റുപ്പാടുകളെ ഒരുപാട് മുമ്പേ തന്നെ ക്രമീകരിക്കുകയും തുടര്‍ന്ന് ഉറൂസിനെ വരവേല്‍ക്കാനായി കാത്തിരിക്കുകയും ചെയ്യും. ഉറൂസ് അവരെ സംബന്ധിച്ച് ഒരു home-coming ആണെങ്കില്‍ അതിനുമുമ്പുള്ള മാസങ്ങളെല്ലാം ഇതിനുവേണ്ടിയുള്ള ‘waiting period’ ആണ്.

ഫീല്‍ഡ് വര്‍ക്കിനിടയില്‍ ഒരു ആയുര്‍വേദ ഡോക്ടറുമായി സംസാരിക്കവെ മറ്റൊരാൾ വന്നുകൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: ‘ഞാന്‍ ഫള്ല്‍ തങ്ങളെ കണ്ടു. നിങ്ങള്‍ എന്തിനാണ് ആണ്ടുനേര്‍ച്ചക്ക് ഇടയിലും കട തുറന്നത് എന്ന് എന്നോട് ചോദിച്ചു.
അതിന് ആയുര്‍വേദ ഡോക്ടര്‍ ഇങ്ങനെ മറുപടി പറഞ്ഞു: ‘വെള്ളിയാഴ്ച്ചകളിലും പള്ളിയില്‍ പോകാത്ത എത്ര ആളുകളുണ്ട്!’
അയാള്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു: ‘എനിക്കിപ്പോള്‍ നിങ്ങളോട് ശക്തമായ വെറുപ്പും ദേഷ്യവും ഉണ്ട് എന്നു വക്കുക. പക്ഷേ, അതിപ്പോള്‍ വാപ്പാന്റെ മുന്നില്‍ വച്ചു തീര്‍ക്കേണ്ടതില്ലല്ലോ.’

ഡോക്ടര്‍ അതിനു മറുപടി നല്‍കിയത് ‘സുബ്ഹാനല്ലാഹ്!, അല്‍ഹംദുലില്ലാഹ്!’ എന്നു പറഞ്ഞുകൊണ്ടാണ്.

………….

മമ്പുറം തങ്ങളള്‍ ജീവിതകാലത്തും മരണശേഷവും ജനങ്ങളില്‍ രൂപപ്പെടുത്തിയ, രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന നൈതികതയും (ethics) മതകീയതയുമാണ് (religiosity) ഈ ഉദാഹരണങ്ങളില്‍ പലതിലും തെളിഞ്ഞുകാണുന്നത്. മമ്പുറം തങ്ങളുടെ ജീവിതകാലത്ത് തങ്ങള്‍ പകര്‍ന്നുനല്‍കിയ നൈതികതയും റിലീജിയോസിറ്റിയും, ഒപ്പം, തങ്ങളോടും തങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജനങ്ങള്‍ തങ്ങളുടെ ജീവിത കാലത്ത് പുലര്‍ത്തി പോന്ന അദബും ഹുബ്ബും തങ്ങളുടെ വഫാത്തിന് നൂറ്റാണ്ടുകള്‍ക്ക് ശേഷവും, പല തലമുറകള്‍ പിന്നിട്ടിട്ടും, അവര്‍ വ്യത്യാസം വരാതെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് കാണാം. ഇതിന് മറ്റൊരുദാഹരണമാണ് ഫീല്‍ഡ് വര്‍ക്കിനിടെ പരിചയപ്പെട്ട ഒരാളുടെ വാക്കുകള്‍.
‘ഞാന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മഖാമിന്റെ ഉള്ളില്‍ കയറി സിയാറത്ത് ചെയ്തത്. അതിന് ശേഷം അദബ് കേടാവുമോ എന്നോ ഭയത്താല്‍ മഖാമിന്റെ പുറത്ത് നിന്ന് സിയാറത്ത് ചെയ്ത് പോകുകയാണ് എന്റെ പതിവ്.’

………
ചുരുക്കത്തില്‍, മലബാറിലെ മുസ്്ലിം ജീവിത ചുറ്റുപാടുകളെ നരവംശശാസ്ത്രപരം/ദൈവശാസ്ത്രപരം എന്ന് വേര്‍തിരിക്കല്‍ സാധ്യമല്ല. മലബാറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ തിയോളജിയെ മാറ്റി നിര്‍ത്തി ഒരു ആന്ത്രോപോളജിക്കല്‍ സാധ്യത ഉണ്ടെന്ന് പറയുന്നതുതന്നെ തെറ്റാണ്. കാരണം, മേല്‍പറഞ്ഞ മനുഷ്യരെല്ലാം തിയോളജിക്ക് അകത്തുനിന്നുതന്നെയാണ് സംസാരിക്കുന്നത്. ആണ്ടു നേര്‍ച്ചകളില്‍ നാം കാണുന്നത് ആളുകള്‍ തങ്ങളുടെ വിശ്വാസത്തെ അവയിലൂടെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ്. ഒരു നല്ല മനുഷ്യനാവുക എന്നാല്‍ അവരുടെയര്‍ഥം ഒരു നല്ല വിശ്വാസിയാവുക എന്നതില്‍ കവിഞ്ഞതൊന്നുമല്ല. അതില്‍ മമ്പുറത്തെ പോലുള്ള മഖാമുകളും നേര്‍ച്ചകളും മറ്റും വലിയ പങ്കു വഹിക്കുന്നുമുണ്ട്.

കേവലം മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന കേന്ദ്രങ്ങളാണ് കളിയാട്ടക്കാവും മമ്പുറം മഖാമും എന്ന, പലപ്പോഴും കേട്ടുവരാറുള്ള, സെകുലര്‍ ലോജിക് കൂടി ഇവിടെ സംശയത്തിന്റെ നിഴലിലാവുന്നുണ്ട്. കാരണം, ഇത്തരം ലോജിക്കുകള്‍ പറയാതെ പറയുന്നത് കലര്‍പ്പുകളെയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ബഹുസ്വര പാരമ്പര്യം ഇസ്്ലാമിനുണ്ട് എന്നാണ്. എന്നാല്‍, തലാല്‍ അസദിനെപ്പോലെയുള്ള (2009) നരവംശശാസ്ത്രജ്ഞര്‍ പറഞ്ഞുവെക്കുന്നത് ഇസ്‌ലാമിന്റെ വ്യാവഹാരിക പാരമ്പര്യത്തെ (discursive tradition) കുറിച്ചാണ്. കര്‍മത്തെ ശരിപ്പെടുത്തുക correct your practice എന്നതാണ് അതിന്റെ അന്തഃസത്ത. അഥവാ, പാരമ്പര്യത്തിനുള്ളില്‍ എത്രതന്നെ സങ്കീര്‍ണതകള്‍ ഉണ്ടെങ്കിലും -മൗലിദ്, റാത്തീബ്, ആണ്ടു നേര്‍ച്ച എന്നിവയിലെ വിശ്വാസത്തെ പ്രതിയുള്ള തര്‍ക്കങ്ങള്‍ പോലെ- അവിടെയും പ്രവര്‍ത്തനങ്ങളെ/കര്‍മങ്ങളെ ചിട്ടപ്പെടുത്തുന്നതിനാണ് പാരമ്പര്യം ശ്രമിക്കുന്നതെന്ന് സാരം.

ഇക്കാര്യങ്ങളില്‍ വിശ്വാസികള്‍ക്കിടയില്‍ തന്നെ ആന്തരികമായി ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, അവര്‍ വീണ്ടും തങ്ങളുടെ കര്‍മങ്ങള്‍ ഇസ്ലാമിക വ്യാവഹാരിക പാരമ്പര്യത്തിലൂടെ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. വ്യാവഹാരിക പാരമ്പര്യത്തിന്റെ സാധ്യതകളാണ് ഇത് നമ്മോട് പറയുന്നത്.
നേരത്തെ എത്നോഗ്രാഫിക് നോട്ടുകളിലൂടെ നമ്മോട് സംസാരിച്ച മമ്പുറം മഖാമിന്റെ പരിസരത്തു ജീവിക്കുന്ന സൂഫിയുടെ വാക്കുകളില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കാവുന്നതാണ്, വ്യക്തി എന്ന രീതിയിലുള്ള തന്റെ പരിമിതികളും ഇസ്ലാമിലേക്ക് അടുക്കാനുള്ള സാധ്യതകളും ഈ വ്യാവഹാരിക പാരമ്പര്യത്തിന്റെ എക്‌സ്‌പ്ലൊറേറ്ററി പാരഡൈമിന്റെ സാധ്യതകളിലേക്കാണ് ആണ് അദ്ദേഹം നമ്മെ കൊണ്ടുപോകുന്നത്.
അത്തരമൊരു സ്പേസ് ഇസ്ലാമിക വ്യാവഹാരിക പാരമ്പര്യം ഓരോ വ്യക്തിക്കും നല്‍കുന്നുണ്ട്.

പ്രശസ്ത റിലീജിയസ് സ്റ്റഡീസ് സ്‌കോളര്‍ ആയ ഷഹാബ് അഹ്‌മദ് പറയുന്നതു പോലെ ഇസ്ലാമില്‍ രണ്ടു ശാഖകളാണ് വ്യാവഹാരിക പാരമ്പര്യത്തിന്റെ ഉള്ളില്‍ കാണുന്നത്. അതിലൊന്നിനെ അദ്ദേഹം വിളിക്കുന്ന ദ പ്രിസ്‌ക്രിപ്റ്റീവ് അതോറിറ്റി എന്നാണ്. പ്രവാചകന്റെ ചര്യകള്‍ ഈ വ്യാവഹാരിക പാരമ്പര്യത്തിന്റെ ചട്ടക്കൂടിലൂടെ പിന്തുടര്‍ന്ന്, വ്യക്തികളുടെ സ്വഭാവത്തിലേക്ക് പ്രാവര്‍ത്തികമാക്കുന്നതിനെയാണ് അദ്ദേഹം ഇത് കൊണ്ടുദ്ദേശിക്കുന്നത്. പക്ഷെ നമ്മുടെ സൂഫി ഇന്റര്‍ലൊക്യൂട്ടറിന്റെ കാര്യത്തില്‍, അദ്ദേഹം കവിതകളിലൂടെയും കഥകളിലൂടെയും തന്റെ പരിമിതികളിലേക്കും പടച്ചവനിലേക്ക് അടുക്കാനുള്ള മാര്‍ഗങ്ങളിലേക്കുള്ള സാധ്യതകളിലേക്കും ആയിരിക്കാം ഒരുപക്ഷെ വിരല്‍ ചൂണ്ടുന്നത് എന്നു മനസ്സിലാക്കാം. ഒരിക്കല്‍ അദ്ദേഹം തന്നെ പറയുകയുണ്ടായി, ഇപ്പോഴത്തെ മനുഷ്യന്റെ അവസ്ഥ ഇച്ച മസ്താന്റെ വരികളിലൂടെ നമുക്ക് വായിക്കാന്‍ പറ്റും.
പട്ടാപ്പകല് ചൂട്ടും മിന്നിച്ച്മനുഷ്യനെ തേടി നടന്നു
ഞാന്‍ മനുഷ്യനെ തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷ്യനെ കണ്ടില്ല…
മനുഷ്യനെ കണ്ടില്ല….

ഇങ്ങനെയാണ് ഇപ്പോഴത്തെ സമൂഹത്തെ അതിന്റെ ചുറ്റുപാടുകള്‍ രൂപപ്പെടുത്തുന്നത് എന്നാണ് അദ്ദേഹം മനസ്സിലാക്കുന്നതും നമ്മോട് പറയാന്‍ ശ്രമിക്കുന്നതും.

(ഈ ലേഖനം വിവര്‍ത്തനം ചെയ്യാന്‍ സഹായിച്ച റാഷിദ് മൊറയൂര്‍, മുഹമ്മദ് എ ത്വാഹിര്‍, അനീസ് കമ്പളക്കാട് എന്നിവരോട് പ്രത്യേക കടപ്പാട് അറിയിക്കുന്നു.)


ഷജീം മുഹമ്മദ് ഫസല്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.