Thelicham

മുസ്‌ലിം ദൈനംദിന ജീവിത പരിപ്രേക്ഷം: നരവംശ ശാസ്ത്ര പഠനങ്ങളുടെ സാധ്യതകള്‍


ദൈനദിന ജീവിത പരിപ്രേക്ഷ്യത്തില്‍(everyday life) നിന്നുകൊണ്ട് നൈതികത(ethics)യിലൂടെ ഇസ്‌ലാമിനെ എങ്ങനെ മനസ്സിലാക്കാം എന്നതാണ് ലേഖനത്തിലൂടെ മുന്നോട്ടുവക്കുന്ന പ്രധാന ആശയം. ഇസ്‌ലാമിനെ മനസ്സിലാക്കി എടുക്കുന്നതില്‍ നൈതികത വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരു കാലഘട്ടം വരെ നരവംശശാസ്ത്രജ്ഞര്‍ നൈതികത കൊണ്ട് അര്‍ത്ഥമാക്കിയിരുന്നത് വ്യക്തികള്‍ എങ്ങനെയാണ് അവരുടെ സാഹചര്യങ്ങളോട് ധാര്‍മികപരമായി നല്ലത്, ചീത്തത് എന്ന ദ്വന്ദ്വത്തിലൂന്നി നിന്ന് പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചും തദനുസാരം വ്യക്തികള്‍ ആകസ്മികമായി അവരുടെ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചും സൂചിപ്പിക്കാനായിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി നെെതികത എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് വ്യക്തികളില്‍ ആഴ്ന്നിറങ്ങിയിട്ടുള്ള സര്‍വ്വവ്യാപിയായ (Omniresence) സ്വഭാവ ഗുണം എന്നതിനെ സൂചിപ്പിക്കാനാണ്.

ഡല്‍ഹിയിലെ ഗവേക്ഷണ കാലത്ത് തദ്ദേശിയരായ മുസ് ലിംങ്ങളില്‍ നിന്ന് നേരിട്ട് അനുഭവിച്ചറിഞ്ഞ സവിശേഷമായ സ്വഭാവ ഗുണത്തെ മുന്‍നിര്‍ത്തി കൊണ്ട് ദൈനംദിന ജീവിത (Everyday life) പരിപ്രേക്ഷത്തിലൂടെ നൈതികതയെ സൂക്ഷ്മാര്‍ത്ഥത്തില്‍ എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ചുള്ള വിശാലമായ സാധ്യതയെക്കുറിച്ച് സംവദിക്കാനാണ് ലേഖകന്‍ പ്രധാനമായും ഇതിലൂടെ ശ്രമിക്കുന്നത്.

എത്‌നോഗ്രഫിയിലെ ദൈനംദിന ജീവിതം കൊണ്ട് അര്‍ത്ഥമാക്കുന്നത് അനിശ്ചിതത്ത്വത്തെക്കുറിച്ചുള്ള (Uncertainty) ചോദ്യങ്ങളും (Questions) സംശയങ്ങളും (Doubts) അവ്യക്തതകളും നിറഞ്ഞ ഒരു ഇടമാണെന്ന് ഞാന്‍ കരുതുന്നു. എത്‌നോഗ്രഫി കൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ഫീല്‍ഡ് വര്‍ക്കിനുപരിയായി കാര്യങ്ങളെ സൂക്ഷ്മാര്‍ത്ഥത്തില്‍ നിരീക്ഷിക്കുകയും വിശകലനം ചെയ്യുന്നതിനും വേണ്ടിയുളള രീതിശാസ്ത്രപരമായ സമീപനമാണ്(Methodological approach).

സമകാലിക ലോകത്ത് മുസ്‌ലിം ജീവിതവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഇസ്‌ലാമിലെ വ്യവഹാര പാരമ്പര്യം (Discursive tradition)എന്ന ആശയം നല്‍കുന്ന പഠന സാധ്യതകള്‍ പോലെ തന്നെ ദൈനംദിന പരിപ്രേക്ഷത്തില്‍ (Everyday life) നിന്നുള്ള സാധ്യതകളും വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ തന്നെ ലേഖനത്തിന്റെ ആദ്യ ഭാഗത്തില്‍ ദൈനംദിന പരിപ്രേക്ഷത്തെക്കുറിച്ച് ആദ്യകാല നരവംശശാസ്ത്രജ്ഞരുടേത് മുതലുള്ള വ്യത്യസ്ഥ ആഖ്യാനങ്ങളെ വ്യക്തമായി പരിശോധിക്കുന്നുണ്ട്. ഇതിലൂടെ ദൈനം ദിന പരിപ്രേക്ഷം എന്ന ആശയം ദൈനംദിന മുസ്‌ലിം ജീവിതത്തില്‍ എങ്ങനെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും, മുസ്‌ലിംങ്ങള്‍ എങ്ങനെയാണ് അവരുടെ ജീവിത സാഹചര്യം രൂപപ്പെടുത്തുന്നതെന്നും നിരീക്ഷിക്കാന്‍ കഴിയും.

(ലോകത്ത് ഉടനീളമുള്ള മുസ്‌ലിം ജീവിതത്തിന്റെയും ചര്‍ച്ചകളുടെയും ദൈനംദിന പരിപ്രേക്ഷത്തെ എങ്ങനെയാണ് ദൈനംദിന ഇസ്‌ലാമിനെക്കുറിച്ചുള്ള സംവാദങ്ങളിലേക്ക് നയിക്കുന്നത് ?)


ദൈനംദിന പരിപ്രേക്ഷത്തിലെ മുസ്‌ലിമും ഇസ്‌ലാമും

ദൈനംദിന ജീവിതത്തെ ഒരു വിശകലന ആശയമായി മുന്‍ നിര്‍ത്തി, ദൈനംദിന ജീവിതത്തില്‍ മറ്റുള്ളവരെ ഉള്‍കൊള്ളുന്ന ഒരു ഇസ്‌ലാമിക പാരമ്പര്യത്തെ രൂപപ്പെടുത്താന്‍ ഞാന്‍ ഈ ആശയത്തെ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഇവിടെ വ്യവഹാര പാരമ്പര്യം മുന്നോട്ട് വെക്കുന്ന ഒരു കൂട്ടം നിയമങ്ങള്‍ (Rules) ഒരാള്‍ പരിശീലിക്കേണ്ടതില്ല പകരം സാധാരണയുള്ള മുഖാ-മുഖ കണ്ടുമുട്ടലികളിലൂടെ (Face to face confrontations) ഒരാളുടെ പ്രവര്‍ത്തനങ്ങളെ ശരിയായ രീതിയില്‍ രൂപപ്പെടുത്തിയാല്‍ മതിയാവും. ഈ കണ്ടുമുട്ടലുകളിലൂടെ ഒരു വ്യക്തി നിര്‍ബന്ധമായും പാലിക്കേണ്ട ഒരുകൂട്ടം നിയമങ്ങളെ ആന്തരികവല്‍കരിക്കുകയും ചെയ്യുന്നുണ്ട്. ദൈനം ദിന ജീവിതത്തിലെ മുഖാമുഖ ബന്ധങ്ങള്‍ വ്യക്തികള്‍ക്ക് ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നാണെന്ന് നരവംശ ശാസ്ത്രജ്ഞയായ വീണാ ദാസ് അവരുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.


മുസ്‌ലിം ജീവിതത്തെക്കുറിച്ച് വ്യത്യസ്ഥ പഠനങ്ങളും രീതിശാസ്ത്രപരമായ സമീപനങ്ങളും വളര്‍ന്ന് വന്നതിലുള്ള പ്രധാന കാരണം മുസ്‌ലിം ജീവിതത്തെ മനസ്സിലാക്കുന്നതിലുള്ള സങ്കീര്‍ണതയാണ്. മുസ്‌ലിംങ്ങള്‍ ഒരേ സമയം മതപരമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് മൂല്യങ്ങളെ കൃത്യമായി സാംശീകരിക്കുന്നതോടൊപ്പം മുസ്‌ലിമേതര ജനവിഭാഗങ്ങളെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ബഹുസ്വരമായ ഒരു സാമൂഹിക സാഹചര്യത്തെ ഉള്‍ക്കൊള്ളുന്നു. നരവംശ ശാസ്ത്ര പഠനങ്ങളില്‍ പൊതുവെ പഠന ഉപാധിയായി തെരെഞ്ഞടുക്കുന്ന വസ്തുക്കളില്‍ ഗവേഷകന്റെ അനുമാനങ്ങള്‍ വലിയ രീതിയില്‍ പ്രതിഫലിക്കുന്ന പ്രവണത കാണപ്പെടാറുണ്ട്.ഈ പ്രവണത ആനന്ദ് വിവേക് തനേജയുടെ ജിന്നിയോളജിയിൽ ഒരു പരിധിവരെ കാണപ്പെടുന്നുണ്ട്. അദ്ദേഹം അതില്‍ ഇസ്‌ലാമിനെ പഠിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളായ കവിതകള്‍, ഗസ്സലുകള്‍, അവശിഷ്ടങ്ങള്‍ (Ruins) എന്നിവയിലൂടെ ഒരു കാര്യത്തേയോ വസ്തുവിനേയോ ഇസ്‌ലാമികമാണെന്ന് സമര്‍ത്ഥിക്കാന്‍ പ്രയാസപ്പെടുന്നുണ്ട്. അദ്ദേഹം തന്റെ പഠനത്തില്‍ ശഹാബ് അഹമ്മദിന്റെ വായനയെ പിന്തുടരാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് തലാല്‍ അസദിന്റെ ഇസ്‌ലാമിലെ വ്യവഹാര പാരമ്പര്യത്തെ ഒരു മാതൃകയായി (Reference model) സ്വീകരിക്കാത്തത് എന്ത് കൊണ്ട് എന്നത് ഒരു പ്രസക്തമായ ചോദ്യമാണ്.

മുസ്‌ലിം ജീവിതത്തെക്കുറിച്ചുള്ള നരവംശ ശാസ്ത്ര പഠനങ്ങളില്‍ ശ്രദ്ധേയമായ സാമുലി ശിയല്‍ക്കയുടെ ‘Being Good in Ramadan’എന്ന പഠനത്തില്‍ അദ്ദേഹം പറയുന്നത് മുസ്‌ലിംങ്ങള്‍ റമളാന്‍ പോലുള്ള പ്രത്യേക സമയങ്ങളിലും സാഹചര്യങ്ങളിലും മതപരമായ ധാര്‍മിക മൂല്യങ്ങളെ വലിയ അളവില്‍ കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് സമയങ്ങളിലും സാഹചര്യങ്ങളിലും അതിനെ വലിയ രീതിയില്‍ ഗൗനിക്കാന്‍ ശ്രമിക്കാറില്ല എന്നാണ്. ഇതിനെ exceptional morality എന്നാണ് അദ്ദേഹം വിളിക്കുന്നത്. മുസ്‌ലിം ദൈനദിന ജീവിതത്തിലെ അനിശ്ചിതത്വത്തേയും സംശയങ്ങളെയും ശിയല്‍ക്കെ തന്റെ പഠനത്തിലൂടെ നല്ല രീതിയില്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ പഠനത്തിന്റെ ഒരു പരിമിധിയായി ഞാന്‍ കാണുന്നത് മുസ്‌ലിങ്ങള്‍ അവരുടെ എല്ലാ ജീവിത സാഹചര്യങ്ങളിലും നല്ല ഒരു മുസ്‌ലിമാവാന്‍ നിരന്തരം ശ്രമം നടത്തുന്നതിനെ അദ്ദേഹം പരിഗണിക്കുന്നില്ല എന്നതാണ്.

ദൈനംദിന ജീവിത പ്രതലത്തില്‍ നിന്നുള്ള നരവംശ ശാസ്ത്ര പഠന സമീപനം ദൈനംദിന ഇസ്‌ലാമുമായി ബന്ധപ്പെട്ട പഠനങ്ങളിലൂടെ വളര്‍ന്നു വന്ന ഒരു രീതി ശാസ്ത്രമാണെന്ന തെറ്റിധാരണ പലയിടത്തും കാണാറുണ്ട്. എന്നാല്‍ ദൈനദിന ജീവിത പരിപ്രേക്ഷ്യത്തിൽ നിന്നുള്ള ഈ സമീപന രീതി നരവംശ ശാസ്ത്ര പഠനങ്ങളില്‍ തുടക്ക കാലത്ത് തന്നെ ഉപയോഗിച്ച് വരുന്നുണ്ട്. മലിനോസ്‌കിയുടെ ‘Argonauts of the Western Pacific’ എന്ന രചനയില്‍ അദ്ദേഹം ഈ രീതിശാസ്ത്രമാണ് ഉപയോഗിക്കുന്നത്. അദ്ദേഹം പ്രസ്തുത രീതിയിലൂടെ ദൈനദിന ജീവിതത്തിലെ അതി സൂക്ഷ്മമായ തലങ്ങളെ (the imponderabilia of actual life) സമീപിക്കാന്‍ ശ്രമിക്കുന്നുണ്ട്.


ഉദാഹരണമായി വ്യക്തികളുടെ തൊഴില്‍ ദിനങ്ങളിലെ ശീലങ്ങളെക്കുറിച്ചും, അവരുടെ ശാരീരിക പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും, ഭക്ഷണ ശേഖരണ രീതികളെക്കുറിച്ചും, ഗ്രാമത്തിലെ വില്ലേജ് ഫയറിന് ചുറ്റുമുള്ള സംഭാഷണരീതികളെക്കുറിച്ചും, സൗഹൃദം നിലനിര്‍ത്തുന്നതിനെക്കുറിച്ചും, ശത്രുതയെക്കുറിച്ചും, ജനങ്ങള്‍ക്കിടയില്‍ സഹതാപവും ഇഷ്ടാനിഷ്ടവും കൈമാറുന്നതിനെക്കുറിച്ചും അദ്ദേഹം അതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈ വിവരണങ്ങളിലൂടെ ദൈനംദിന പരിപ്രേക്ഷത്തില്‍ നിന്ന് കൊണ്ട് അടിസ്ഥാന സാമൂഹിക ഘടന എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് വളരെ സൂക്ഷ്മാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.


ജാനറ്റ് കാസ്റ്റന്റെ മലായ് സമൂഹത്തെക്കുറിച്ചുള്ള നരവംശ ശാസ്ത്ര പഠനത്തിലൂടെയാണ് ദൈനം ദിന ജീവിത പരിപ്രേക്ഷത്തിലൂടെയുള്ള നരവംശ ശാസ്ത്ര സമീപന രീതി ആദ്യമായി രൂപപ്പെടുന്നത്. എങ്ങനെയാണ് നമ്മുടെ ശീലങ്ങള്‍ ദൈനംദിന ജീവിതത്തിലൂടെ രൂപപ്പെടുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹം തന്റെ പഠനത്തിലൂടെ ഉദാഹരണ സഹിതം വിശദീകരിക്കുന്നുണ്ട്. സ്ത്രീകള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കല്‍, ആതിഥേയത്വം, കൊടുക്കല്‍ വാങ്ങലുകള്‍, വിവാഹം, ഭക്ഷണ കൈമാറ്റം, വ്യത്യസ്ഥ ആഘോഷങ്ങള്‍ ഇത് പോലെയുള്ള ‘rites of passage’ ( വിക്ടര്‍ ടേണര്‍) ഇവയെല്ലാമാണ് മലായ് സമുദായത്തെ നിലനിര്‍ത്തുന്നത് എന്ന് അദ്ദേഹം വാദിക്കുന്നു. ഒരു പക്ഷെ ദൈനംദിന പരിപ്രേക്ഷത്തില്‍ നിന്നുള്ള വീണാ ദാസിന്റെയും നവീദാ ഖാന്റെയും രചനകളില്‍ ഒരു പരിധിവരെ ജാനറ്റ് കാസ്റ്റന്റെ സ്വാധീനം കാണാം.

നവീദാ ഖാന്റെ ‘ Muslim becoming’ എന്ന രചനയില്‍ അനിശ്ചിതത്ത്വം (Skepticism) സാമൂഹിക ബന്ധങ്ങളിലൂടെ രൂപപ്പെടുന്ന അന്തര്‍ലീനമായ ഒരു സാമൂഹിക പ്രതിഭാസമായാണ് (Inherent oscial phenomenon) വിശകലന വിധേയമാക്കുന്നത്. പ്രസ്തുത രചനയില്‍ ദൈനംദിന ജീവിതത്തെ (Everyday life) ഇവന്റ് ഫുളായി (Eventfully) ഗാര്‍ഹിക ജീവിത സാഹചരങ്ങളില്‍ (Domestic life) നിന്ന് എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ച് വ്യക്തമായി വിശകലനം ചെയ്യുന്നുണ്ട്.

ജെയിംസ് ലൈഡ്‌ലാവിന്റെ നൈതികതയെക്കുറിച്ചുള്ള നിര്‍വചനത്തെ അടിസ്ഥാനപ്പെടുത്തി എന്റെ ഗവേഷണ കാലത്തെ ഡല്‍ഹി അനുഭവത്തെ ഒന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ്. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ എങ്ങനെ നന്നായി പെരുമാറാം എന്നതാണ് നൈതികതയെക്കുറിച്ച് അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശയം.

ഞാന്‍ ജമാ മസ്ജിദിലെ നിത്യ സന്ദര്‍ഷകനായിരുന്ന സമയത്ത് ഖുറൈഷി കബാബ് കോര്‍ണറിലെ രുചികരമായ കബാബുകള്‍, ജമാ മസ്ജിദില്‍ വിളമ്പുന്ന ഫലൂദ, ഖീര്‍ എന്നിവ ആസ്വദിക്കാന്‍ സമയം നീക്കിവെക്കല്‍ എന്റെ ഒരു പതിവ് രീതി ആയിരുന്നു. 2019 ഡിസംബറില്‍ മുന്‍ മന്ത്രി അബ്ദുല്‍ കലാം ആസാദിന്റെ ഉപേക്ഷിക്കപ്പെട്ട ശവകുടീരം (ഖബര്‍സ്ഥാന്‍) ഒരു സുഹൃത്തിനോടൊപ്പം ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശവകുടീരം മീനാ ബസാറിനോട് ചേര്‍ന്ന ഇടുങ്ങിയ ഒരു ഭാഗത്താണ്. പുറത്ത് നിന്നുള്ള ഒരാള്‍ക്ക് പെട്ടന്ന് അവിടെ എത്തിച്ചേരല്‍ വളരെ പ്രയാസകരമാണ്. ഞാന്‍ അവിടെ സന്ദര്‍ഷിക്കുന്ന സമയത്ത് അവിടെ എത്തിച്ചേരാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു. വഴി ചോദിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ക്കും റിക്ഷാ വാലകള്‍ക്കും അങ്ങനെ ഒരു സ്ഥലം ഉണ്ടോ എന്ന് തന്നെ ഉറപ്പില്ലായിരുന്നു. കാരണം ഈ ഖബറിസ്ഥാന്‍ അതിന്റെ പരിസരത്തുള്ളവര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയ്യാത്ത രീതിയില്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു.

2019 ലെ അതിശക്തമായ ഒരു ശൈത്യകാല രാത്രിയില്‍ ജമാ മസ്ജിദിന്റെ ഗൈറ്റിന്റെ മുമ്പില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഒരു റാലിയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ ഡിസംബറിലെ അതിശക്തമായ ശൈത്യം മെല്ലെ ശരീരത്തിലേക്ക് അരിച്ചുകയറാന്‍ തുടങ്ങിയിരുന്നു. എങ്കിലും െൈശത്യംഎനിക്കും സുഹൃത്തിനും റാലിയെ പിന്തുടരുന്നതില്‍ നിന്ന് പിന്‍വാങ്ങാനുള്ള കാരണമായിരുന്നില്ല. മുസ്‌ലിംങ്ങള്‍ക്കെതിരിലുള്ള ഭരണകൂട ഭീകരതകള്‍ വര്‍ധിച്ചിരുന്ന ആ സമയത്ത് ഞങ്ങള്‍ ആ റാലിയെ പിന്തുടരുകയും ജമാ മസ്ജിദിന്റെ തെരുവില്‍ ഒരുമിച്ച് കൂടിയ ആളുകളുടെ ബഹളങ്ങള്‍ക്കിടയിലും റാലിയിലെ പ്രസംഗങ്ങളെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയും ചെയ്തു. അവിടെ ഫീല്‍ഡ് വര്‍ക്ക് ചെയ്തിരുന്ന ഒരു നരവംശ ശാസ്ത്രജ്ഞന്‍ റാലിയെ അഭിസംബോധന ചെയ്ത് തുടങ്ങിയത് ഗാലിബിന്റെ കവിതകളിലൂടെയായിരുന്നു അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം ഹിന്ദുക്കള്‍ക്കും മറ്റുള്ളവര്‍ക്കും അനുകൂലമായ മൗലാനാ ആസാദിന്റെ ധാര്‍മിക നിലപാടുകളെക്കുറിച്ച് ഓര്‍ത്തുകൊണ്ടുമായിരുന്നു.

ജമാ മസ്ജിദിന്റെ ഇടുങ്ങിയ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗരീബ് കീ നവാസ് ഹോട്ടല്‍ ഞാന്‍ പലപ്പോഴായി സന്ദര്‍ശിച്ചിരുന്നു. ആ സമയത്തെല്ലാം ജമാ മസ്ജിദിന്റെ പരിസരവാസികളായ ആളുകള്‍ അവരുടെ പ്രയാസകരമായ ജീവിത സാഹചര്യങ്ങളെ സൂചിപ്പിക്കാനായി മുറാഖാ, സൈര്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നതായി പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചു. പ്രഭാഷണങ്ങള്‍ക്കിടയില്‍ പ്രഭാഷക നിരയിലെ ഏക സ്ത്രീ സാന്നിദ്ധ്യമായ ഡല്‍ഹി നിയമസഭ അംഗത്തിന്റെ പ്രസംഗം ജനക്കൂട്ടത്തെ പോലെ തന്നെ എന്നെയും വളരെ അധികം ആകര്‍ഷിച്ചു അവളുടെ പ്രഭാഷണ മധ്യേ Muraqqa e Dilli എന്ന പ്രയോഗം കടന്ന് വന്നപ്പോള്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടം വലിയ കയ്യടിയോടെ ആണ് അതിനെ സ്വീകരിച്ചത്. പ്രസംഗത്തിനിടെ ഡല്‍ഹിയുടെ പഴയ ഓര്‍മകളെ പ്രഭാഷക ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.


മുസ്‌ലിം പള്ളികള്‍, ദര്‍ഗകള്‍ അതിനോടു ചേര്‍ന്നുള്ള അരുവികളുടെയും പുഴകളുടെയും പൂന്തോട്ടങ്ങളുടെയും ഓര്‍മ്മകള്‍ തിരികെ കൊണ്ട് വരുമ്പോള്‍ പഴയ ഡല്‍ഹിയുടെ സൗന്ദര്യത്തെ അവിടെ ചുറ്റും കൂടി നിന്നിരുന്ന തദ്ദേശീയരായ ജനങ്ങളുടെ മുഖത്ത് നിന്ന് എനിക്ക് വ്യക്തമായി വായിച്ചെടുക്കാന്‍ സാധിച്ചു. കാരണം, പ്രഭാഷകയുടെ വാക്കുകള്‍ പഴയ ഡല്‍ഹിയിലെ പള്ളികള്‍, ദര്‍ഗകള്‍ എന്നിവയുടെ അനിര്‍വചിനീയമായ അനുഭവതലങ്ങള്‍ പുനര്‍സൃഷ്ടിക്കുന്നതായിരുന്നു. പ്രഭാഷകയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആനന്ദ് വിവേക് തനേജ അദ്ദേഹത്തിന്റെ ജിനിയോളജി എന്ന നരവംശ ശാസ്ത്ര രചനയില്‍ പഴയ ഡല്‍ഹിയെക്കുറിച്ചുള്ള സമാനമായ വികാരം കൈമാറിയത് എന്റെ ഓര്‍മയില്‍ തെളിഞ്ഞ് വന്നു. അത് ഡല്‍ഹിയിലെ മസ്ജിദുകളുടെയും അതിനോട് ചേര്‍ന്നുള്ള ദര്‍ഗകളുടെയും പരിസ്ഥിതിയും പവിത്രതയുമായി ബന്ധപ്പെട്ടതാണ്.

ഡല്‍ഹിയിലെ എന്റെ തുടക്കകാലം മുതല്‍ തന്നെ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഞാന്‍ ജമാ മസ്ജിദ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. ആ സമയത്ത് അതിശക്തമായ വേനല്‍ ചൂടില്‍ ഡല്‍ഹിയിലെ തദ്ദേശീയരായ ജനങ്ങളുടെ വ്രതം എന്റെ ശ്രദ്ധ ആകര്‍ശിച്ച ഒരു കാര്യമാണ്. ഒരിക്കല്‍ അമുസ്‌ലിം സുഹൃത്തുക്കള്‍ സംഘടിപ്പിച്ച ഒരു ഇഫ്താര്‍ വിരുന്നിലേക്ക് നരവംശ ശാസ്ത്ര മേഖലയിലെ എന്റെ മാര്‍ഗദര്‍ശിയായ ഒരു സുഹൃത്ത് എന്നെ ക്ഷണിക്കുകയുണ്ടായി.


രാജ്യത്ത് ഭരണകൂടത്തില്‍ നിന്ന് പോലും വലിയ രീതിയിലുള്ള അതിക്രമങ്ങള്‍ മുസ്‌ലിങ്ങള്‍ നേരിടുന്ന സഹചര്യത്തിലാണ് ഈ ഒരു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കപ്പെടുന്നത്. പത്രമാധ്യമങ്ങളില്‍ ആ സമയത്ത് മുസ്‌ലിം വിരുദ്ധ അക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ചാന്ദിനി ചൗകിലെ ഒരു പഴയ ഹോട്ടലിലെ മീറ്റിംങ് ഹാളില്‍ വെച്ച് ഇത്തരം ഒരു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്. കൃത്യമായ സ്ഥലം ഞാന്‍ ഓര്‍ക്കുന്നില്ലെങ്കിലും പ്രശസ്ത കവി ഗാലിബിന്റെ ശവകുടീരത്തിന് സമീപമാണെന്ന ചെറിയ ഒരു ഓര്‍മ്മ എന്നില്‍ ബാക്കിയുണ്ട്.


മറ്റൊരിക്കല്‍ ഗാലിബിന്റെ ശവകുടീരത്തിലേക്ക് നോക്കി കൊണ്ട് ഒരു സുഹൃത്ത് എന്നോട് പറഞ്ഞു: ഗാലിബിന്റെ ശവകുടീരത്തിലേക്ക് നോക്കൂ വേണ്ടവിധത്തില്‍ പരിപാലിക്കപ്പെടാത്ത അതിന്റെ ശോചനീയമായ അവസ്ഥ നീ കാണുന്നില്ലേ… എങ്കിലും അദ്ദേഹത്തെ അനുഭവിക്കാനായി പലപ്പോഴും ഞാന്‍ ഇവിടെ വരാറുണ്ട്. കുറച്ച് കാലത്തിന് ശേഷം ഞാനൊരു സ്വപ്‌നം കണ്ടു ഞാനും പ്രസ്തുത സുഹൃത്തും ഗാലിബിന്റെ ശവകുടീരത്തിന് ( ഖബറിസ്ഥാന്‍) മുമ്പില്‍ വെച്ച് കരയുന്നതായിരുന്നു സ്വപ്‌നം, ആസ്വപ്‌നത്തെക്കുറിച്ച് പ്രസ്തുത സുഹൃത്തിനെ അറിയിച്ചപ്പോള്‍ അത് സത്യമായിരിക്കാം അദ്ദേഹത്തിന്റെ ശവകുടീരത്തിന് (ഖബറിസ്ഥാന്‍) മുമ്പില്‍ വെച്ച് എന്റെ ഹൃദയം പലപ്പോഴായി വിതുമ്പിയിട്ടുണ്ട് എന്ന് അദ്ദേഹം എനിക്ക് മറുപടി സന്ദേശം അയച്ചു. വിവേക് തനേജയുടെ വരാനിരിക്കുന്ന ‘Jabreel of madness’ എന്ന രചനയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളില്‍ ആധുനിക ഇന്ത്യയില്‍ ഗാലിബനെ പോലുള്ള കവികളുടെ കവിതകള്‍ എന്ത് കൊണ്ടാണ് തിരിച്ച് വരുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്.

നരവംശ ശാസ്ത്ര മേഖലയിലെ എന്റെ വഴിക്കാട്ടിയായ മറ്റൊരു സുഹൃത്തുമായി പലപ്പോഴായി വളരെ ഹൃസ്യവും ആശ്ചര്യജനകവുമായ സംഭാഷണാനുഭവം എനിക്കുണ്ടായിട്ടുണ്ട്. ഞങ്ങളുടെ സംഭാഷണത്തിന് ശേഷം അവയില്‍ പലതും എഴുതി എടുക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. അദ്ദേഹത്തിന്റെ ഫീല്‍ഡ് വര്‍ക്കിനിടെ ഞങ്ങള്‍ കണ്ട് കണ്ടുമുട്ടുമ്പോയെല്ലാം അദ്ദേഹം സുബ്ഹ് നമസ്‌കാരത്തിനും ജുമുഅ നമസ്‌കാരത്തിനും ജമാ മസ്ജിദിലേക്ക് എന്നെ അദ്ദേഹത്തോടൊപ്പം കൊണ്ട് പോകുമായിരുന്നു. ഓള്‍ഡ് ഡല്‍ഹിയിലെ പ്രശസ്തമായ ഉറുദു കവികളെയും പ്രഭാഷകരെയും എനിക്ക് പരിചയപ്പെടുത്തി തരുന്നത് പള്ളിയിലേക്കുള്ള ഞങ്ങളുടെ ഇത്തരം യാത്രകളിലൂടെയായിരുന്നു.

ജമാ മസ്ജിദില്‍ പോകുമ്പോയെല്ലാം അവിടെ ഉണ്ടാകാറുള്ള ആളുകള്‍ മുസ്‌ലിം നൈതികതയെക്കുറിച്ചും ഇത് പോലുള്ള പരീക്ഷണ സമയങ്ങളില്‍ എങ്ങനെ നല്ല ഒരു മുസ്‌ലിം ആകാം എന്നതിനെക്കുറിച്ചും ഞങ്ങളോട് നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ജമാ മസ്ജിദില്‍ നിസ്‌കാരത്തിന് വേണ്ടി പോയ സമയത്ത് പ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ ജീവിത യാത്രയില്‍ സാക്ഷ്യം വഹിച്ചത് പോലുള്ള പ്രയാസകരമായ ഒരു സമയത്തിലൂടെയാണ് നമ്മളും ഇന്ന് കടന്ന് പോകുന്നത് എന്ന് അവിടെ ഉണ്ടായിരുന്ന ഒരാള്‍ എന്നോട്ട് പറയുകയുണ്ടായി.

വീണാ ദാസിന്റെയും ദീപക് മേത്തയുടെയും റോമ ചാറ്റര്‍ജിയുടെയും മുസ്‌ലിം ജീവിതത്തെക്കുറിച്ചുള്ള നരവംശ ശാസ്ത്ര പഠനങ്ങളിലൂടെ അവര്‍ പറയാന്‍ ശ്രമിക്കുന്നത് ഇന്ത്യയിലെ മുസ്‌ലിംങ്ങള്‍ അവരുടെ വിശ്വാസ മൂല്യങ്ങളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നിലനിര്‍ത്തികൊണ്ട് ഒരു നല്ല മുസ്‌ലിം ആകുന്നതോടൊപ്പം മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍കൊള്ളുന്ന ഒരു ബഹുസ്വര പരിസ്ഥിതിയെ ആണ് അവര്‍ ആഗ്രഹിക്കുന്നത് എന്നാണ്. അതേപ്രകാരം എന്റെ പഠനവും ഗവേഷണ അനുഭവങ്ങളും പ്രശസ്തമായ ഈ പഠനങ്ങളെ സാധുകരിക്കുന്നതുമാണ്. പലപ്പോഴും ദൈനം ദിന ജീവിത പരിപ്രേഷത്തില്‍ നിന്നുള്ള നരവംശ ശാസ്ത്ര പഠനങ്ങളിലൂടെയാണ് മുസ്ലിം സാമൂഹിക ജീവിതത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുകയൊള്ളൂ.

കടപ്പാട്

ഈ ലേഖനം എഴുതാന്‍ സഹായിച്ച റാഷിദ് മൊറയൂര്‍, ആനന്ദ് വിവേക് തനേജ, റോമ ചാറ്റര്‍ജി എന്നിവര്‍ക്ക് പ്രത്യേക കടപ്പാട് രേഖപ്പെടുത്തുന്നു.


വിവര്‍ത്തനം
റാഷിദ് അസ്‌ലമി മൊറയൂര്‍

References
1. Ahmed, Shahab. 2016. What Is Islam? The Importance of Being Islamic. Princeton, NJ: Princeton University Press.
2. Asad, Talal. 1986. The idea of an Anthropology of Islam. Washington, D.C.: Centre for Contemporary Arab Studies, Georgetown University.
3. Carsten, Janet. 1997. The Heat of the Hearth: The Process of Kinship in a Malay Fishing Community. Oxford: Oxford University Press.
4. Chatterji, Roma, and Deepak Mehta. 2007. Living with Violence: An Anthropology of Events and Everyday Life. New Delhi: Routledge.
5. Das, Veena. 2011. Moral and Spiritual Striving in the Everyday: To Be a Muslim in Contemporary India’ in Pandian, Anand and Ali, Daud. Eds. Ethical Life in South Asia. Oxford University Press, New Delhi, 232‑252.
6. Khan, Naveeda. 2012. Muslim Becoming: Aspiration and Skepticism in Pakistan. Duke University Press, Durham & London.
7. Laidlow, James. 2015. For an Anthropology of Ethics and Freedom. Journal of the Royal Anthropological Institute, 8 (2): 311‑32.
8. Schielke, Samuli. 2009. Being good in Ramadan: Ambivalence, fragmentation, and the moral self in the lives of young Egyptians.‑ Journal of the Royal Anthropological Institute, 15 (S1): S24‑40.
9. Taneja, Anand. 2017. Jinnealogy: Time, Islam, and Eco logical Thought in the Medieval Ruins of Delhi. Stanford: Stanford University Press.

ഷജീം മുഹമ്മദ് ഫസല്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.