മക്കയിലെത്തുമ്പോള്‍ ഏതൊരു വിശ്വാസിയെയും പോലെ എന്റെ ഹൃദയവും സന്തോഷാകിരേകത്താല്‍ തുടിച്ച് കൊണ്ടിരുന്നു. വിശ്വാസി എന്നതിലപ്പുറം വിശ്വാസിനി എന്ന സ്വത്വം എന്റെ ഉള്‍ക്കിടലത്തെ കൂടുതല്‍ ഊറ്റം കൊള്ളിച്ചു. കാരണം, ഞാനിപ്പോള്‍ നില്‍ക്കുന്നത് കേവലമൊരു അടിമസ്ത്രീ മാത്രമായിരുന്നവള്‍ ജന്മം നല്‍കിയ നാഗരികതയുടെ മടിത്തട്ടിലാണ്. തന്റെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും ദൈവഹിതം നടപ്പിലാക്കാന്‍ സന്നദ്ധതയായ ഹാജറയുടെ സ്ഥൈര്യം എനിക്ക് കൂടുതല്‍ നല്‍കും പോലെ. ഒരു നാഗരികത എന്നതിലപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരകോടി മുസ്‌ലിംകളുടെ വിശുദ്ധ നഗരം കൂടിയാണ് മക്ക, ഹാജറിന്റെ പുണ്യ നഗരത്തിന്റെ മാതാവും. ഓരോ വിശ്വാസിയും മരണത്തിന് മുമ്പ് ഒരിക്കലെങ്കിലും ഹാജറയുടെ പാദങ്ങള്‍ പിന്‍പറ്റണമെന്നും അവള്‍ നടന്ന വഴികളിലൂടെ വെയിലേറ്റ് നടന്ന് ദൈവ പ്രീതി കരസ്ഥമാക്കണമെന്നും കാംക്ഷിക്കുന്നു.ഹജ്ജ് ഓരോ സ്ത്രീക്കും സ്വത്വത്തിന്റെ അടയാളപ്പെടുത്തലാണ്. ഹാജറ കേവലം വ്യക്തിയെന്നതിനപ്പുറം ഒരു സങ്കല്‍പ്പമായി, ഒരു മാതൃകയായി ഒരു പൊതു രൂപമായി മാറുന്നു. ഹാജറ കാലാതീതയാണ്. അവര്‍ ഓരോ കാലത്തിലും വ്യത്യസ്ത മുഖങ്ങള്‍ സ്വീകരിക്കുന്നു.
പെണ്ണിന്റെ, പെണ്ണത്വത്തിന്റെ പ്രതീകമാണ് ഹാജറ. കേവലം സ്ത്രീ, പെണ്ണ് (ഫീമൈല്‍നെസ്സ്) എന്നതിനപ്പുറം സൈത്രണ സംസ്‌കാരത്തിന്റെ, പെണ്ണത്തത്തി (ഫെമിനിറ്റി) ന്റെ പ്രതീകമാവുന്നു ഹാജറ. സ്ത്രീ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരു സംസ്‌കാരമാണത്. ഇവിടെ ഹാജറ ഒരു വ്യക്തിയില്‍ നിന്ന് ഒരു സങ്കല്‍പ്പമായി പരാവര്‍ത്തനം നടത്തുന്നു.
ഒരു ചരിത്ര സംഭവമെന്നതിനപ്പുറം വൈകാരികമായൊരുനുഭവ തലമായി ഹാജറയുടെ ജീവിതം മാറുന്നു.മാതൃത്വം, മാര്‍ദവത്വം, സ്‌നേഹം തുടങ്ങിയ സ്‌ത്രൈണ സ്വഭാവത്തിന്റെ ഒരനുഭവ തലമാണ് ഹജ്ജ്. അതിനാല്‍ അത് കേവലമൊരാചാര മെന്നതിനപ്പുറം സ്ത്രീക്ക് സ്വത്വത്തെ കുറിച്ചൊരു വിചിന്തനം കൂടിയാണ്. സ്വന്തം സ്വത്വത്തിലുള്‍ചേര്‍ന്ന് കിടക്കുന്ന മാതൃത്വമാണ് സ്ത്രീ ഹജ്ജിലൂടെയനുഭവിക്കുന്നത്. ഹജ്ജ് സ്ത്രീയെ സംബന്ധിച്ചിടത്തോളം വൈകാരികമായ മറ്റൊരനുഭവ തലത്തെയാണ് കുറിക്കുന്നത്. ഹജ്ജ് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. അടിമയായിരുന്ന ഹാജറയില്‍ നിന്ന് ദൈവം ഒരു സംസ്‌കാരത്തെ രൂപപ്പെടുത്തിയതിന്റെ കഥ. അതേ സമയം ഹജ്ജ് പരിത്യാഗത്തിന്റെ പാഠം കൂടിയാണ്. ത്യാഗമെന്ന് അര്‍ഥമുള്ള ‘ഹാജറ’ എന്ന അറബി മൂലത്തില്‍ നിന്നാണ് ഹജ്ജ് രൂപപ്പെടുന്നതെന്ന് ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു. തീര്‍ഥാടകരായി ഹാജിമാര്‍ അഭയസ്ഥാനം തേടി മക്കയിലേക്കെത്തുന്നു. ഹാജറ ബീവിയുടെ ഓര്‍മകളിലേക്ക് തിരികെയെത്തുന്നു. മാതാവിനെത്തേടിയുള്ള പുത്രന്റെ യാത്രയാണ് ഹജ്ജ്. ‘സമൂഹത്തില്‍ ഇഴകിച്ചേര്‍ന്നവന്‍, വിദേശി’ തുടങ്ങിയ അര്‍ഥങ്ങളിലാണ് ഹാജര്‍ എന്ന പദം ഹിബ്രുവില്‍ ഉപയോഗിക്കപ്പെടുന്നത്.
എന്നാല്‍ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഹാജര്‍ എന്ന പദം ആര്‍ജ്ജവമുള്ള മാതൃത്വത്തിന്റെ പര്യായമാണ്. ഒറ്റപ്പെടുത്തപ്പെടലിനും, അടിച്ചമര്‍ത്തപ്പെടലിനുമെതിരെ ഉറച്ച്‌നിന്ന മാതൃഹൃദയത്തിന്റെ ശക്തിയുടെ പര്യായം. ബൈബിളില്‍ അവതരിപ്പിക്കപ്പെടുന്ന ദുര്‍ബലയായ മാതാവില്‍ നിന്ന് തികച്ചും വ്യത്യസ്തയാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന ഹാജറ.
ഉല്‍പത്തിയില്‍ ഹാജറയുടെ കഥ വിവിരിക്കുന്നതിപ്രകാരമാണ്. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവള്‍ കുട്ടിയെ ഒരു കുറുങ്കാട്ടിന്‍ തണലില്‍ ഇട്ടു. അവള്‍ പോയി അതിന്നെതിരെ ഒരു അമ്പിന്‍ പാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു. ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതന്‍ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലന്‍ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊള്‍ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു. ദൈവം അവളുടെ കണ്ണു തുറന്നു; അവള്‍ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയില്‍ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മരുഭൂമിയില്‍ പാര്‍ത്തു, മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായി തീര്‍ന്നു. (ജെനിസിസ് 21: 15-19)
എന്നാല്‍ ഖുര്‍ആനില്‍ ഹാജറയുടെ കഥ വിവരിക്കുന്നതാവട്ടെ തികച്ചും വ്യത്യസ്തമായി. ദാഹിച്ച് കരയുന്ന കുട്ടിയെ കിടത്തി ഹാജറ രണ്ട് പര്‍വതങ്ങള്‍ക്കിടയില്‍ ജലമന്വേഷിച്ചോടുന്നു. പരാജയപ്പെടാന്‍ കൂട്ടാക്കാത്ത ഹൃദയമാണ് ഹാജറക്കുള്ളതെന്ന് ഖുര്‍ആന്‍ സക്ഷ്യപ്പെടുത്തുന്നു. ആര്‍ജ്ജവത്തോടെ, തകരാതിരിക്കാനായി ഓടുന്ന ആ മാതാവിന്റെ സ്മരണാര്‍ഥം ഓരോ തീര്‍ഥാടകരും സഫയ്ക്കും മര്‍വയ്ക്കുമിടയില്‍ ഏഴ് തവണ ഓടുന്നു. സഫയുടെയും മര്‍വയുടെയും ഇടയില്‍ ഓടുന്ന ഓരോ സ്ത്രീയുടെയും മാറിടം മാതൃത്വത്താല്‍ നിറഞ്ഞു തുളുമ്പുന്നു. ഒരു മകന്റെ കരച്ചില്‍ ഓരോ ഓട്ടത്തിനിടയിലും അവരനുഭവിക്കുന്നു. സ്ത്രീക്ക് ഈ ഓട്ടം കേവലം കര്‍മമല്ല, അതവളുടെ നിയോഗമാണ്. കരയുന്ന ഓരോ മനസ്സിനും മുലയൂട്ടല്‍ അവളുടെ ധര്‍മമാണ്. അവ പൂര്‍ത്തികരിക്കാനാവാതെ ഓടുന്ന ഒരു മാതാവിന്റെ വെമ്പലാണ് ഈ ഓട്ടത്തിനിടയില്‍ സ്ത്രീ അനുഭവിക്കുന്നത്.
അവരുടെ കണ്ണീര്‍ ഒരു പൊള്ളുന്ന ചൂടായ് അവരുടെ കാലിനെ ചൂടുപിടിപ്പിക്കുന്നു. സഫയില്‍ നിന്ന് മര്‍വയിലേക്കും മര്‍വയില്‍ നിന്ന് സഫയിലേക്കുമുള്ള ഓട്ടത്തിനിടയില്‍ ഹാജറയെന്ന മാതാവിന്റെ കണ്ണുനീര്‍ ഓരോ സ്ത്രീയും നെഞ്ചിലേറ്റു വാങ്ങുന്നു. സഇയില്‍ ഓരോ സ്ത്രീയും മനസ്സ് കൊണ്ട് വിങ്ങിപ്പൊട്ടുന്നു. കരച്ചില്‍ സഹിക്കാനാവാതെ പലരും ഇടയ്ക്ക് വച്ച് മാറി നിന്ന് തേങ്ങുന്നത് ഞാന്‍ കണ്ടു. മാനസികമായൊരനുഭവത്തിനപ്പുറത്ത് ജൈവികമായൊരു അനുഭവമാണ് ഈ ഓട്ടം. ഒരു സ്ത്രീക്ക് മാത്രമേ ഒരു പക്ഷേ, സഇയിനെ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയൂ. ഒരു സംസ്‌കാരത്തെ മുഴുവന്‍ മുലയൂട്ടുന്ന സ്ത്രീയ്‌ക്കേ അതിന്റെ വിശപ്പെന്തെന്നറിയൂ. കണ്ണീരിന്റെ വിലയറിയാന്‍ സ്‌നേഹം തുളുമ്പുന്ന മാതൃഹൃദയമാണ് വേണ്ടത്.
‘വിശക്കുന്ന മകന് വേണ്ടി മുല ചുരത്താനാവാതെ സംഭ്രമിച്ച് നിന്ന ഹാജറയ്ക്ക് ദൈവം കനിഞ്ഞേകിയ മുലപ്പാലാണ് സംസം’. കൂടെയുണ്ടായിരുന്ന സ്ത്രീ പറഞ്ഞു. സംസം സ്ത്രീ തന്നെയാണ്. ദാഹിച്ച് വലഞ്ഞ മക്കള്‍ക്ക് വേണ്ടി ഹാജറ മനസ്സില്‍ സൂക്ഷിച്ച മലുപ്പാല്‍. അതാണ് മഹത്തായൊരു സംസ്‌കാരത്തിന് ജന്മം നല്‍കിയത്. ലോകത്തിലെ സംസ്‌കാരങ്ങള്‍ മുഴുവന്‍ ജലത്തിനരികിലാണ് രൂപം കൊണ്ടത്. ജലമാകട്ടെ സ്ത്രീയുടെ പ്രതിരൂപമാണ് താനും. അത്‌കൊണ്ട് തന്നെയാണ് പുരാതന ഈജിപ്ത് മുതല്‍ ഇന്ത്യവരെയുള്ള ജനങ്ങള്‍ നദികളെ സ്ത്രീ ദൈവങ്ങളായി കണ്ടത്. സംസ്‌കാരത്തെ മുലയൂട്ടി വളര്‍ത്തുന്ന മാതാവാണ് സ്ത്രീ.
ഇവിടെ നദി മാതാവെന്നതിനപ്പുറം സംരക്ഷക കൂടിയാണ്. സംസ്‌കാരത്തെ ഊട്ടി വളര്‍ത്തുന്നതും സംരക്ഷിക്കുന്നതും സ്ത്രീയാണ്. പക്ഷികള്‍ പറക്കുന്നത് കണ്ട് ജലമുണ്ടെന്ന് മനസ്സിലാക്കിയ ചില വഴിയാത്രക്കാര്‍ മക്കയിലെത്തിയ ചരിത്രം ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുന്നത് കാണാം. ‘നൂഹിന്റെ സന്തതികളില്‍ പെട്ട ചിലര്‍ മക്കയിലെത്തി, സംസമിനടുത്തിരിക്കുകയായിരുന്ന ഹാജറ ബീവിയോട് അവര്‍ അവിടെ താമസിക്കാനനുവാദം ചോദിച്ചു. ജലത്തിന് മേലുള്ള സമ്പൂര്‍ണാവകാശം തനിക്കായിരുക്കുമെന്ന വ്യവസ്ഥയുടെ മേല്‍ അവരെയവിടെ താമസിക്കാന്‍ ഹാജറ അനുവദിച്ചു. മാതൃത്വമെന്നതിനപ്പുറം ഒരു നേതൃത്വത്തിന്റെ ഒരിധകാരം ഇസ്ലാം സ്ത്രീക്കനുവദിച്ച് നല്‍കുന്നതാണ് നമുക്കിവിടെ കാണാനാവുക. സ്ത്രീകളെ അധികാര പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഇസ്ലാമിന്റെ അടിസ്ഥാനാദ്ധ്യാപനങ്ങളെ മറന്നുകൂടാ.
പ്രവാചകനും ഇസ്മാഈല്‍ നബിക്കും മുമ്പ് അല്ലാഹു മക്കയെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം ഏല്‍പ്പിച്ചത് ഒരു സ്ത്രീയെയായിരുന്നു. സംസം നമ്മോട് സ്ത്രീയുടെ നേതൃപാഠവത്തെപ്പറ്റി സംസാരിക്കുന്നു. മാതൃത്വമെന്ന പരിവേഷം നല്‍കി സ്ത്രീയെ മാറ്റി നിര്‍ത്താതെ അവര്‍ക്ക് രാഷ്ട്രീയപരമായൊരു സ്വത്വം നല്‍കുന്ന ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ മുസ്ലിം രാജ്യങ്ങളില്‍ പോലും നടപ്പിലാക്കപ്പെടാത്തത് ദയനീയമാണ്. ഗാര്‍ഹിക രാഷ്ട്രീയ വിഭജനം നടത്തി വീട് സ്ത്രീക്കും സമൂഹം പുരുഷനുമായി വിഭജിച്ച് നല്‍കുന്ന ഇന്നത്തെ മുസ്ലിം നിലപാടിനെതിരെയുള്ള ഒരു ശബ്ദമാണ് ഹാജറയുടേത്. ഗാര്‍ഹിക രാഷ്ട്രീയ വിഭജനത്തിനപ്പുറം രാഷ്ട്രീയത്തെ പൊതുധാരാ ബോധത്തില്‍ നിന്ന് മോചിപ്പിച്ച സ്ത്രീയെ ഉള്‍ക്കൊള്ളിക്കുന്ന രൂപത്തില്‍ പുനര്‍ നിര്‍മിക്കുകയാണ് വേണ്ടത്. അല്ലാതെ വിക്ടോറിയന്‍ യുഗത്തിലെ മാനദണ്ഡങ്ങളെ അപ്പാടെ ആഗിരണം ചെയ്ത് സ്ത്രീയെ രാഷ്ട്രീയ പരിസരത്ത് നിന്ന് മാറ്റി നിര്‍ത്തുകയല്ല. ജംറയിലെ കല്ലെറിയല്‍ ഹജ്ജിന്റെ അവസാന കര്‍മങ്ങളിലൊന്നാണ്. ദൈവകല്‍പനയനുസരിച്ച ഇസ്മാഈലിനെ അറുക്കാന്‍ വേണ്ടി ഇബ്രാഹീം (അ) തയ്യാറാവുന്നു. സ്വന്തം മകന് നേരെ കത്തിപിടിച്ച് നില്‍ക്കുന്ന പിതാവിന്റെ ചിത്രവും ദൈവകല്‍പന മാനിച്ച് അവരെ യാത്രയയക്കുന്ന മാതാവിന്റെ ചിത്രവും ഹജ്ജിനിടയില്‍ നമുക്കൊരിക്കലും മറക്കാനാവില്ല.
തന്നെ ദൈവത്തില്‍ നിന്ന് വഴിതെറ്റിക്കാന്‍ വേണ്ടി വന്ന ഇബ്‌ലീസിനോടുള്ള ഹാജറയുടെ പ്രതികരണത്തിന്റെ ഓര്‍മയാണ് ജംറയിലെ കല്ലേറ്. ഓരോ ഹാജിയും ഹാജറ ബീവിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെകുത്താന്റെ പ്രതീകാത്മക രൂപത്തന് നേരെ കല്ലെറിയുന്നു. സ്വന്തം മനശ്ശക്തിയിലൂടെ പ്രതിസന്ധിയെ മറികടന്ന മാതാവിന്റെ രൂപമാണ് ഹാജറക്കുള്ളത്. ഹാജറ ചരിത്രാതീതമായ ഒന്നായി നിലനില്‍ക്കുന്നു. പോരാട്ടത്തിന്റെ വീര്യം കെടാതെ സൂക്ഷിക്കുന്ന മാതാവാണ് ഹാജറ. സംസ്‌കാരത്തിന്റെ ഉയര്‍ച്ചയും തകര്‍ച്ചയും കാണേണ്ടവളായി മാതാവ് മാറുന്നു. സ്വന്തം മകന്റെ മരണം പോലും അവളെ തളര്‍ത്തുന്നില്ല. ചരിത്ര ഗഥിയില്‍ ഉദ്ദാനവും പതനവും ഒരു പോലെ അനിവാര്യം. അത് നോക്കി നില്‍ക്കാന്‍ ആര്‍ജവമുള്ളവളാണ് ഹാജറ അഥവാ സ്ത്രീ. ഹജ്ജിന്റെ വഴികള്‍ ഒരു സ്ത്രീയുടെ അനുഭവങ്ങളാണ് അവള്‍ അതിജീവിച്ച പ്രശ്‌നങ്ങളെയാണ് അതനാവരണം ചെയ്യുന്നത്. വിശന്ന മകന് വേണ്ടി വെള്ളമന്വേഷിച്ചോടിയ മാതാവില്‍ നിന്ന് ഭര്‍ത്താവിനാല്‍ കഴുത്തറക്കപ്പെട്ട് മരിക്കാന്‍ പോവുന്ന മകനെ യാത്രയാക്കുന്ന ആര്‍ജ്ജവമുള്ള വനിതയായി ഹാജറ മാറുന്നത് വരെയുള്ള ജീവിതമാണ് ഹജ്ജിനിടയില്‍ സ്ത്രീക്ക് ജീവിച്ച് തീര്‍ക്കേണ്ടത്. അതിനിടയില്‍ അവള്‍ മാത്രം സ്‌നേഹം അനുഭവിക്കുന്നു. ദൈവത്തെ അനുസരിക്കുന്നു. ഒരു സ്ത്രീ ജീവിച്ച് തീര്‍ക്കേണ്ട ഒരു ജീവിതം അതാണ് ഹജ്ജ്. അത്‌കൊണ്ട് തന്നെയാണ് ഹജ്ജ് സ്ത്രീക്ക് ഒരു ജൈവികാനുഭവമായി മാറുന്നതും.
വിവര്‍ത്തനം: സജീന കുഞ്ഞുമുഹമ്മദ്
Add comment