muhammali clay
Home » Uncategorized »  ഞാന്‍ കലഹിക്കുന്നു, അതാണണെന്റെ അസ്തിത്വം: മുഹമ്മദലിയുടെ സ്വത്വ വിചാരങ്ങള്‍

 ഞാന്‍ കലഹിക്കുന്നു, അതാണണെന്റെ അസ്തിത്വം: മുഹമ്മദലിയുടെ സ്വത്വ വിചാരങ്ങള്‍

ഞാന്‍ ചിന്തിക്കുന്നു അതാണന്റെ അസ്തിത്വം, (I Think therefore i am ) ഞാന്‍ അനുഭവിക്കുന്നു അതിലാണെന്റെ അസ്തിത്വം,(I feel Therefore i am ) ഞാന്‍ കലഹിക്കുന്നു അതാണെന്റെ അസ്തിത്വം(I Revolt therefore i am) എന്ന ദെക്കാര്‍ത്തിന്റെയും ഗൈദയുടേയും കാമുവിന്റെയും വാക്കുകള്‍ മനുഷ്യനെ നിര്‍വചിക്കാനുള്ള ശ്രമങ്ങളാണ്. ‘ചിന്ത’ മനുഷ്യന്റെ അതുല്യ സ്വഭാവത്തെ മുന്നോട്ട് വെക്കുന്നതിനാല്‍ കാമുവിന്റെയും ഗൈദയുടെയും വിചാരപ്പെടലുകളേക്കാള്‍ പ്രചാരം നേടിയത് ദെക്കാര്‍ത്തയുടെ മനുഷ്യനെക്കുറിച്ചുള്ള നിര്‍വചനമാണ്. എന്നാല്‍ ഇറാനിയന്‍ സാമൂഹ്യ ശാസ്ത്രകാരനായ അലി ശരീഅത്തിയെ സംബന്ധിച്ചിടത്തോളം ‘ഞാന്‍ കലഹിക്കുന്നു, അതാണെന്റെ അസ്തിത്വം’ എന്ന കാമുവിന്റെ നിര്‍വചനമാണ് മനുഷ്യനോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. കാമുവിന്റെ ഈ നിര്‍വചനത്തെ അലി ശരീഅത്തിയുടെ ചിന്തയുമായി ചേര്‍ത്തുവെച്ച് ആഴത്തിലറങ്ങിയുള്ള സൂക്ഷമനിരീക്ഷണങ്ങള്‍ക്ക് നാം തയ്യാറാവേണ്ടതുണ്ട്.  മേല്‍ സൂചിപ്പിച്ച മനുഷ്യന്റെ മൂന്ന് വിശേഷണങ്ങളെ വിശകലന വിധേയമാക്കുമ്പോള്‍ മനുഷ്യന്റെ ബോധം, അഭിപ്രായം/സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് കാമു പറഞ്ഞ കാര്യങ്ങള്‍ മറ്റുള്ളവയേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട് എന്നാണെന്റെ പക്ഷം.

ശരീഅത്തിയെ സംബന്ധിച്ചിടത്തോളം  മനുഷ്യന് അവന്റെ വിയോജിപ്പുകള്‍ രേഖപ്പെടുത്താനുള്ള, സ്വയം ബോധങ്ങള്‍ തുറന്ന് പറയാനുള്ള അവസരണമാണത്. വിപ്ലവം നയിക്കാനും ജീവിത സാഹചര്യങ്ങള്‍ക്കെതിരെ വിയോജിക്കാനുമുള്ള ശക്തി മനുഷ്യന് മാത്രമേ ഉള്ളൂ എന്നാണ് ശരീഅത്തി പറയുന്നത്. കാരണം,ആജ്ഞാലംഘനത്തിനുള്ള കഴിവ് മനുഷ്യന്റെ സ്വതന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. സ്വന്തമായി തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള മനുഷ്യന്റെ കഴിവ് ഒരു കാര്യത്തെ ‘എങ്ങനെ’ ‘എന്ത് കൊണ്ട്’  അതിന്റെ ‘ഉദ്ധേശ്യം’ എന്നിവയെക്കുറിച്ചുള്ള വിചാരപ്പെടലിന്റെ പ്രതിഫലനം എന്ന് വേണം വിളിക്കാന്‍.

മനുഷ്യ ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുള്ള അത്തരം ചിന്താ പ്രതിഫലനത്തെയും സ്വാതന്ത്ര്യത്തെയും പല  വിത്യസ്ത ഘടകങ്ങളും സ്വാധീനിച്ചിട്ടുണ്ട്.  മനുഷ്യകുലത്തിന്റെ ആദിമഘട്ടത്തിലെ ആദം, ഹവ്വ സംഭവത്തില്‍ സ്വത്വം (self) ആയിരുന്നു പ്രശ്‌നത്തിന്റെ മര്‍മം. ശരീഅത്തിയുടെ ഭാഷ്യത്തില്‍ മനുഷ്യന്‍ സ്വാതന്ത്ര്യം തേടുന്ന ജയിലുകളില്‍ ഏറ്റം കഠിനമായതും സ്വത്വം തന്നെയാണ്.

muhammadali clayസ്വത്വത്തിന്റെ ജയിലില്‍ നിന്ന് പുറത്ത് കടക്കുക ഏറെ പ്രയാസകരവും സ്വത്വവുമായിട്ടുള്ള ഏറ്റുമുട്ടല്‍ പ്രകൃതി, ചരിത്രം, സമൂഹം തുടങ്ങിയവയോടുള്ള പോരാട്ടങ്ങളേക്കാള്‍ കൂടുതല്‍ സങ്കീര്‍ണവുമാണ്. സമൂഹം, ചരിത്രം, പ്രകൃതി എന്നിവയുടെ തടവറകള്‍ തകര്‍ത്തെറിയാന്‍ ശാസ്ത്രം മനുഷ്യനെ സഹായിക്കുമെങ്കിലും സ്വത്വത്തിന്റെ തടവറയില്‍ നിന്ന് രക്ഷിക്കാന്‍ ശാസ്ത്രം പര്യപ്തമല്ലെന്ന് മാത്രമല്ല അത് സ്വമേധയാ മറ്റൊരു തടവറക്കകത്താണ്  നില കൊള്ളുന്നത്. മനുഷ്യന്റെ ധാര്‍ഷ്ട്യം കൂടുതല്‍ ശക്തമാക്കി സ്വത്വത്തെ കൂടുതല്‍ കെട്ടിയുറപ്പിക്കുകയാണ് ശാസ്ത്രം ചെയ്യുന്നത്.

സ്വത്വത്തിനെതിരെ വിയോജിക്കാനുള്ള ശക്തിയും അതിനെ നേര്‍വഴി നടത്താനുള്ള ശക്തിയും ഓരോ മനുഷ്യനിലും ഉണ്ടാവേണ്ട ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. സ്വത്വ കേന്ദ്രീകൃതത്തിന്റെയും പരമാധികാര സ്വത്വത്തിന്റെയും വൃത്തങ്ങളില്‍ നിന്ന് പുറത്തുകടക്കുന്നതിലൂടെ മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. സ്വത്വം ഒരു തടവറയായി രൂപപ്പെടുകയും അതിനകത്ത് ‘ഞാന്‍’ എന്നത് മറഞ്ഞ് കിടപ്പുണ്ടെന്ന് സ്വയം മനസ്സിലാക്കാന്‍ അതിന് സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അശക്തനായിത്തീരുന്നത്. .  സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ വ്യവസ്ഥകള്‍ക്കെതിരെ വിപ്ലവം നയിച്ച് സ്വന്തം ബോധ്യങ്ങളെ അവക്കു മീതെ തെരഞ്ഞെടുത്ത നിരവധി വീരപുരുഷര്‍ ചരിത്രത്തില്‍ കഴിഞ്ഞ് പോയിട്ടുണ്ട്.

സ്വയം തെരഞ്ഞെടുക്കലിന്റെ വഴിയില്‍ സാമൂഹ്യ ബോധങ്ങളെ തകര്‍ത്തെറിഞ്ഞവരില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നയാളാണ് ക്യാഷസ് ക്ലേ എന്ന മുഹമ്മദലി. 1967 ല്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അദ്ധേഹത്തിന് തന്റെ ഹെവി വെയിറ്റ് സ്ഥാനപ്പേര് നഷ്ടപ്പെട്ടു. പ്രശസ്തിയുടെ സാമൂഹ്യസ്ഥാനങ്ങളെ സ്വയം ബോധത്തിന്റെ തിരിച്ചറിവുകള്‍ കൊണ്ട് അതിര്‍ ലംഘിക്കുന്നതിലൂടെ സാമൂഹ്യഘടനക്ക് പുറത്ത് തന്നെ സ്വയം പ്രതിഷ്ഠിക്കാന്‍ മുന്നോട്ട് വരികയായിരുന്നു മുഹമ്മദലി. തന്റെ യുദ്ധവിരുദ്ധ നിലപാട് പിന്നീട് അദ്ധേഹം വ്യക്തമാക്കുന്നതിങ്ങനെയാണ്.’അമേരിക്കക്ക് വേണ്ടി കറുത്തവരും ദരിദ്രരുമായ എന്റെ സഹോദരന്മാരെ വെടിവെക്കാന്‍ എന്റെ ബോധമെന്നെ അനുവദിക്കുന്നില്ല. അവര്‍ക്ക് നേരെ ഞാനെന്തിന് വെടിയുതിര്‍ക്കണം? അവരെന്നെ നീഗ്രോയെന്ന് വിളിച്ച് പരിഹസിച്ചിട്ടില്ല, എന്നെ വലിച്ചിഴച്ചിട്ടില്ല, എനിക്ക് നേരെ പട്ടികളെ അഴിച്ച് വിട്ടിട്ടില്ല, എന്റെ പിതാവിനെ അക്രമിക്കുകയോ മതാവിനെ മാനഭംഗത്തിനിരയാക്കുകയോ ചെയ്തിട്ടില്ല. പിന്നെയെന്തിന് അവര്‍ക്കെതിരെ ഞാന്‍ വെടിയുതിര്‍ക്കണം? കറുത്തവരും ദരിദ്രരുമായ സ്ത്രീകളോടും കുട്ടികളോടും ഈ ക്രൂരത ചെയ്യാന്‍ എനിക്കാവില്ല. വേണമെങ്കില്‍ നിങ്ങളെന്നെ ജയിലിലടച്ചോളൂ.’.

മാനവിക സൗഹൃദത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ, എന്നോട്  സൗഹൃദം ഭാവിക്കാത്തവനോട് ഞാനെന്തിന് ഐക്യപ്പെടണമെന്ന മലിക് ശഹബാസിന്റെ അതേ ഭാഷ്യം തന്നെയായിരുന്നു മുഹമ്മദലിയുടെയും നിലപാട്. തന്റെ ശക്തമായ സ്‌റ്റേറ്റ് വിരുദ്ധ നിലപാടിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന മുഹമ്മദലിക്ക് നിയമത്തിന്റെ സമ്മര്‍ദ്ദത്താല്‍ ശേഷം മൂന്ന് വര്‍ഷം ബോക്‌സിംഗ് റിങ്ങില്‍ നിന്ന് പുറത്തിരിക്കേണ്ടിയിരിക്കുകയും ചെയ്തു. എങ്കിലും അനീതികളോട് സന്ധിയാകാന്‍ തയ്യാറാവാത്ത ആ പോരാളി ഒരാള്‍ക്ക് മുമ്പിലും തന്റെ തലകുനിച്ചില്ല. ശേഷം തനിക്കെതിരെയുള്ള നടിപടിക്കെതിരെ അദ്ധേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘എന്തുകൊണ്ടാണവര്‍ വീട് വിട്ട് യൂനിഫോം ധരിച്ച് പതിനായിരം മയിലുകള്‍ താണ്ടി വിയറ്റ്‌നാമിലെ പാവം ജനതക്കെതിരെ ബോംബ് വര്‍ഷിക്കാനും വെടിയുതിര്‍ക്കാനും എന്നോടാവശ്യപ്പെടുന്നത്? ലൗസ് വില്ലയിലെ നീഗ്രോകള്‍ മൗലികാവകാശങ്ങള്‍ പോലും ലഭിക്കാതെ നരകജീവിതം നയിക്കുന്നത് എന്തുകൊണ്ടവര്‍ കാണുന്നില്ല? കറുപ്പിന് മുകളില്‍ വെളുപ്പിന് ആധിപത്യം ചെലുത്താന്‍ ഇത്രയും നിരപരാധികളെ കൊന്നൊടുക്കാന്‍ ഞാനെന്തിന് കൂട്ടുനില്‍ക്കണം? ഇത്തരം പൈശാചിക കൃത്യങ്ങള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈയൊരു നിലപാടിന്റെ പേരില്‍ മില്യണ്‍ ഡോളറുകള്‍ വിലനല്‍കേണ്ടി വരുമെന്ന ഭീഷണിക്ക് ഞാന്‍ പുല്ലുവില കല്‍പിക്കുന്നില്ല.

ഒരിക്കല്‍ പറഞ്ഞ സത്യം തിരുത്തിപ്പറയാന്‍ എനിക്ക് സാധിക്കില്ല, ഞാന്‍ ഇനിയുമത് ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കും. എന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ ഇവിടത്തുകാര്‍ തന്നെയാണ്. എന്റെ വിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല, സ്വന്തം നീതിക്കും സ്വാതന്ത്രത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ജനതയുടെ മുന്നേറ്റത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കാനാണ് എന്റെയും എന്റെ ജനതയുടെയും ആഗ്രഹം, വിശ്വാസങ്ങള്‍ മുറുകെപ്പിടിക്കുന്നതിന്റെ പേരില്‍ എനിക്കൊന്നും ഭയക്കാനില്ല, ജയിലാണ് എനിക്ക് മുന്നില്‍ നിങ്ങള്‍ തുറന്ന് വെക്കുന്ന വഴിയെങ്കില്‍ ജയിലെനിക്കൊരു പുത്തരിയല്ല, കഴിഞ്ഞ് 400 വര്‍ഷങ്ങളായി ജയിലില്‍ തന്നെയായിരുന്നു ഞങ്ങള്‍.’

തനിക്ക് വധശിക്ഷ വിധിച്ച ഇറ്റാലിയന്‍ കോടതിയിലെ ജഡ്ജിയോട് നിങ്ങളുടെ വിധിക്ക് ഞാന്‍ പുല്ലുവില കല്‍പിക്കുന്നില്ല, ദൈവത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്, അവനിലേക്ക് തന്നെയാണ് എന്റെ മടക്കവും എന്ന ഉമര്‍ മുഖ്താറിന്റെ അതേ വിശ്വാസം തന്നെയായിരുന്നു മുഹമ്മദലിയെയും ഇവിടെയും മുന്നോട്ടു വെച്ചത്.

 

muhammadali clayവിയറ്റ്‌നാം യുദ്ധത്തിനെതിരെയുള്ള തന്റെ നിലപാടില്‍ യുദ്ധവിരുദ്ധത മാത്രമല്ല, ഐസിസ്, ബോകോ ഹറം തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന അതേ  വയലന്‍സ്/ അതിലും വലിയ വയലന്‍സ് തന്നെയാണ് അവിടെയും സംഭവിക്കുന്നതെന്ന് അദ്ധേഹം വ്യക്തമാക്കുന്നു.  ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യന്റെ ശക്തിയും അശക്തിയും വിയോജിപ്പിന്റെയും സ്വയം ബോധം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും തെരഞ്ഞെടുപ്പുകള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ്.  സ്വന്തം സ്വതന്ത്ര്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ വേണ്ടി മനുഷ്യന്‍ തനിക്ക് ചുറ്റുമുള്ള എല്ലാ വലയങ്ങളില്‍ നിന്നും മോചനം നേടേണ്ടതുണ്ട്. ഇബ്‌നു ഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ മനുഷ്യന്‍ സ്വന്തം നിലപാടുകളേക്കാള്‍ പ്രശസ്തിക്കും സ്ഥാനത്തിനും സമ്പത്തിനും പ്രാധാന്യം നല്‍കുമെന്നും വിമര്‍ശന ബുദ്ധിയും നിശ്പക്ഷതയുമാണ് സ്വത്വസ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകങ്ങളെന്നും നിരീക്ഷിക്കുന്നുണ്ട്. ഇവയെല്ലാം ജീവിത ദര്‍ശനം പോലെ കൊണ്ട് കാത്ത്‌സൂക്ഷിച്ചതിനാലാവും മുഹമ്മദലിയുടെ ഉരുക്കു മുഷ്ടികള്‍ ഇന്നും നമ്മുടെ ഹൃദയങ്ങളില്‍ അവശേഷിക്കുന്നത്.

 

കടപ്പാട്: ഡെയ്‌ലി സബാഹ്‌

Editor Thelicham

Thelicham monthly

1 comment