triple talaq
Home » Essay » Gender » മുത്വലാഖ് വിധിയും മുസ്‌ലിം സ്ത്രീയും: ചില നിരിക്ഷണങ്ങള്‍

മുത്വലാഖ് വിധിയും മുസ്‌ലിം സ്ത്രീയും: ചില നിരിക്ഷണങ്ങള്‍

ആഗസ്റ്റ് 22-നു മുത്വലാഖ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ മുഖ്യധാരാ മാധ്യമങ്ങളും മതേതര സ്ത്രീപക്ഷവാദികളും മുസ്‌ലിം സ്ത്രീകള്‍ നേടിയ ചരിത്ര വിജയമായാണ് വിശേഷിപ്പിച്ചത്. ഈ വിധി അപരിഷ്‌കൃതമായ മുസ്‌ലിം വ്യക്തി നിയമത്തില്‍ നിന്നും മതാചാരങ്ങളില്‍ നിന്നും  മുസ്‌ലിം സ്ത്രീകളെ വിമോചിപ്പിക്കുന്നുവെന്നും നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമത്തിന്റെ തന്നെ പരിഷ്‌കരണത്തിലേക്കു വഴി തുറക്കുന്നുവെന്നും അവര്‍ നിരീക്ഷിക്കുന്നു. മറ്റു ചിലരാകട്ടെ ഒരു എകികൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ മാത്രമേ മുസ്‌ലിം സ്ത്രികള്‍ പുര്‍ണ്ണമായും വിമോചിതരാകുകയുള്ളൂ എന്നാണ് വീക്ഷിച്ചത്. ഈ നിരീക്ഷണങ്ങളൊക്കെത്തന്നെയും അപരിഷ്‌കൃതമായ മുസ്‌ലിം വ്യക്തി നിയമവും/സമുദായവും, പുരോഗമനപരമായ കോടതിവിധിയും/ഭരണകൂട ഇടപെടലും എന്ന വിരുദ്ധ ദ്വന്ദത്തിലൂന്നിക്കൊണ്ടാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. അത്‌കൊണ്ട് തന്നെ നാല്‍ കാര്യങ്ങള്‍ പ്രധാനമാണ് എന്ന് തോന്നുന്നു.

ആഗസ്റ്റ് 22-നു മുത്വലാഖ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ മുഖ്യധാരാ മാധ്യമങ്ങളും മതേതര സ്ത്രീപക്ഷവാദികളും മുസ്‌ലിം സ്ത്രീകള്‍ നേടിയ ചരിത്ര വിജയമായാണ് വിശേഷിപ്പിച്ചത്. ഈ വിധി അപരിഷ്‌കൃതമായ മുസ്‌ലിം വ്യക്തി നിയമത്തില്‍ നിന്നും മതാചാരങ്ങളില്‍ നിന്നും  മുസ്‌ലിം സ്ത്രീകളെ വിമോചിപ്പിക്കുന്നുവെന്നും നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമത്തിന്റെ തന്നെ പരിഷ്‌കരണത്തിലേക്കു വഴി തുറക്കുന്നുവെന്നും അവര്‍ നിരീക്ഷിക്കുന്നു.

മറ്റു ചിലരാകട്ടെ ഒരു എകികൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ മാത്രമേ മുസ്‌ലിം സ്ത്രികള്‍ പുര്‍ണ്ണമായും വിമോചിതരാകുകയുള്ളൂ എന്നാണ് വീക്ഷിച്ചത്. ഈ നിരീക്ഷണങ്ങളൊക്കെത്തന്നെയും അപരിഷ്‌കൃതമായ മുസ്‌ലിം വ്യക്തി നിയമവും/സമുദായവും, പുരോഗമനപരമായ കോടതിവിധിയും/ഭരണകൂട ഇടപെടലും എന്ന വിരുദ്ധ ദ്വന്ദത്തിലൂന്നിക്കൊണ്ടാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

അത്‌കൊണ്ട് തന്നെ നാല്‍ കാര്യങ്ങള്‍ പ്രധാനമാണ് എന്ന് തോന്നുന്നു.

ഒന്ന്, ഇപ്പോള്‍ മുസ്‌ലിം സ്ത്രീകളുടെ രക്ഷകരായി ഭാവിക്കുന്ന ഭരണകൂടവും കോടതിവ്യവഹാരങ്ങളും എല്ലാ സാഹചര്യത്തിലും മുസ്‌ലിം സ്ത്രീക്ക് അല്ലെങ്കില്‍ പൊതുവില്‍ സ്ത്രികള്‍ക്ക് തന്നെയോ അനുകൂലമായ നിലപാടാണോ കൈക്കൊണ്ടിട്ടുള്ളത്? അല്ലെങ്കില്‍ സാമുഹ്യ രാഷ്ട്രീയമായി നിലനില്‍ക്കുന്ന ആണ്‍കോയ്മ അധികാരത്തില്‍ നിന്നും കോടതിയും ഭരണകൂടവും മുക്തമാണോ? തുടങ്ങിയ വസ്തുതകള്‍ ഈ സാഹചര്യത്തില്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ് എന്ന് തോന്നുന്നു.

triple talaqപലപ്പോഴും ഭരണകൂടത്തിന്റെ സാമുഹ്യ  രാഷ്ട്രീയ അധികാര താല്‍പര്യം മുന്‍ നിര്‍ത്തിയാണ് നിയമ നിര്‍മാണവും കോടതി വിധികളും ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ മുഖ്യധാര ഫെമിനിസ്റ്റുകള്‍ തന്നെ അത്തരം ഇടപെടലുകളെ നിരന്തരം വിമര്‍ശിച്ചിട്ടുണ്ട്. വിവാഹ മോചനത്തിനും മറ്റു ദാമ്പത്യ, കുടുംബ പ്രശ്‌നങ്ങള്‍ക്കുമായി കോടതിയെ സമീപിക്കുന്ന സ്ത്രീകളോട് പലപ്പോഴും ‘വിട്ടു വീഴ്ച’ ചെയ്യാനും ചിലപ്പോള്‍ ‘സ്വകാര്യ’ പ്രശ്‌നങ്ങളിലേക്ക് നിയമത്തെ വലിച്ചിഴക്കേണ്ടതുണ്ടോ? എന്ന തരത്തിലുള്ള ചോദ്യങ്ങളുന്നയിച്ചുമാണ് കോടതി ഇടപെടാറുള്ളത്.

ഇങ്ങനെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കോടതി സ്വീകരിക്കുന്ന ഇരട്ടത്താപ്പിന്റെ  മറ്റൊരു പ്രത്യക്ഷമായ ഉദാഹരണമാണ് ഹാദിയ കേസ്. സ്വന്തം താല്‍പര്യ പ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും ഷെഫിന്‍ ജഹാന്‍ എന്ന മുസ്‌ലിം ചെറുപ്പക്കാരനെ വിവാഹം ചെയ്യുകയും ചെയ്ത ഹാദിയയെ വീട്ടു തടങ്കലിലാക്കാന്‍ ഉത്തരവിട്ട കോടതി മാതാപിതാക്കളുടെ അനുവാദമില്ലാതെ ചെയ്ത വിവാഹം റദ്ദാക്കുകയും ചെയ്തു. ഇവിടെ ഹിന്ദു ജാതി-സമുദായങ്ങളുടെ മൊത്തം പ്രശ്‌നമായോ മതേതര നിയമ/മാധ്യമ രാഷ്ട്രീയത്തിന്റെ ആണ്‍കോയ്മാ ഘടനയുടെ പ്രശ്‌നമായോ ഹാദിയയുടെ അനുഭവത്തെ കൂട്ടിവായിക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്?  ഇന്ത്യന്‍ സാഹചര്യത്തില്‍ സമൂഹമായും ഭരണകൂടമായും വ്യക്തിയായും നിലനില്‍ക്കുന്ന അധീശ അധികാരമാണ് ഹിന്ദു ദേശീയ വാദവും ജാതി അധികാരവും. ഇതിനോട് ബന്ധപ്പെടുത്താതെ കേവലാര്‍ഥത്തില്‍ ‘ഇരയാക്കപെട്ട’ മുസ്‌ലിം സ്ത്രീയെ സങ്കല്‍പിക്കുന്നത് ആരെ സഹായിക്കുമെന്നത് വളരെ വ്യക്തമാണ്.

രണ്ട്, മുസ്‌ലിം സമൂഹം പരിഷ്‌കരിക്കപ്പെടേണ്ടവരാണ് എന്ന ‘ഓറിയന്റലിസ്റ്റ്/അധിനിവേശ’ വ്യവഹാരങ്ങളുടെ പുന:പതിപ്പാണ് മുസ്‌ലിം വ്യക്തി നിയമത്തിന്റെ’ പരിഷ്‌കരണവുമായി ബന്ധപ്പെട്ട സംവാദത്തെ നിര്‍നണയിക്കുന്നതിലെ ഒരു പ്രധാന ഘടകം. ഇന്ത്യയിലെ മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ വളരെ ആക്ടീവായി നിലനില്‍ക്കുന്ന വൈജ്ഞാനിക ചര്‍ച്ചകളെ മുഖവിലക്കെടുക്കാതെയുള്ള ആരോപണമാണ് ഇത്. 1400 വര്‍ഷം മുന്‍പുള്ള കാര്യങ്ങളാണ് ഇന്നും മുസ്‌ലിം സമുഹത്തില്‍ നടക്കുന്നത് എന്ന ലഘൂകരണം തീര്‍ച്ചയായും അപകടകരമാണ്.

ഇന്ന് നിലനില്‍ക്കുന്ന പൊതു നിയമം, വ്യക്തി നിയമം എന്ന ദ്വന്ദം തന്നെ കൊളോണിയലിസത്തിന്റെയും തുടര്‍ന്നുണ്ടായ പൊളിറ്റിക്കല്‍ സെക്കുലറിസത്തിന്റെയും ഉല്‍പന്നമാണ് എന്ന വസ്തുത തിരിച്ചറിയാത്തവരാണ് ഇങ്ങനെ വിലകുറഞ്ഞ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇന്ന് നിലനില്‍ക്കുന്ന മുസ്‌ലിം-മുസ്‌ലിമേതര വ്യക്തി നിയമങ്ങളെല്ലാം തന്നെ കൊളോണിയല്‍ ചരിത്രം അടക്കം നിരവധി ഘടകങ്ങളിലൂടെ ഉണ്ടായിതീര്‍ന്നതാണ്.

മൂന്ന്, ഇസ്‌ലാമിക നിയമ പണ്ഡിതരായ വാഇല്‍ ഹല്ലാഖ്, ഖാലിദ് മസ്ഊദ് തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടുന്നത് ശരീഅ: എന്നത് ധാര്‍മിക ജീവിത സങ്കല്‍പമാണെന്നും നിയമം ശരീഅ:യുടെ കേവല ലക്ഷ്യമല്ലെന്നും മാര്‍ഗം മാത്രമാണ് എന്നുമാണ്. അതുകൊണ്ട് തന്നെ ശരീഅ: ഉറപ്പുനല്‍കിയ മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ കര്‍മശാസ്ത്രം മുഖേന എങ്ങിനെ ലഭ്യമാക്കാം എന്നു ഇസ്‌ലാമിക ലോകത്ത് വളരെ ആക്ടീവായി ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകളെ പരിഗണിച്ചു കൊണ്ടുള്ള ഒരു മുന്നോട്ടുപോക്കാണ് ആവശ്യം. ഇസ്‌ലാമിക സമൂഹങ്ങളില്‍ നടക്കുന്ന ചര്‍ച്ച ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റെടുക്കാന്‍ മാത്രം ആന്തരികഘടനയുള്ള ഒരു കമ്യൂണിറ്റി ഇവിടെ ബാക്കിയുണ്ടോ എന്നത് മറ്റൊരു കാര്യം. അധീശ ഭരണകൂടവും/സമുദായങ്ങളും പങ്കിട്ടെടുത്ത മുസ്‌ലിം സാമുദായിക ജീവിതത്തെ ഒരു സ്വയം ഭരണാധികാരമുള്ളവരായി വീണ്ടെടുക്കാനുള്ള സാധ്യത എത്രയാണ്?

നാല്, മുസ്‌ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് എസന്‍ഷ്യലിസ്റ്റ് ടോണില്‍ സംസാരിക്കുന്നവര്‍ മുസ്‌ലിം സമുദായത്തിന്റെ മൊത്തം പിന്നാക്കാവസ്ഥയെ കുറിച്ച് നിശബ്ദരാണ്. മുസ്‌ലിം സ്ത്രീ സ്വത്വം/ശരീരം എന്നത്, മുസ്‌ലിം സമുദായത്തില്‍ നിന്നും എളുപ്പം മാറ്റി നിര്‍ത്തിയോ അല്ലെങ്കില്‍ മുസ്‌ലിം ആണ്‍കോയ്മയുടെ മാത്രം ഇരയോ ആയി മനസ്സിലാക്കാവുന്ന പ്രശ്‌നമല്ല. മറിച്ച് മറ്റു ആധുനിക മതേതര ദേശരാഷ്ട്രം, ഭരണകൂടം, മറ്റു സാമൂഹിക-രാഷ്ട്രീയ അധികാരങ്ങള്‍ തുടങ്ങിയവ കൂടി ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണമായ അധികാര സംഘര്‍ഷത്തിന്റെ ഭാഗമാണ്. ഈ കാര്യങ്ങള്‍ ഒക്കെ പരിഗണിക്കുമ്പോള്‍ മുത്വലാഖ് നിരോധനം ഇതാ മുസ്‌ലിം സ്ത്രീയെ രക്ഷിക്കുന്നു എന്ന വാദം അത്ര സൂക്ഷ്മമോ രാഷ്ട്രീയമായി അവധാനതയോ ഉള്ളതല്ല.

Editor Thelicham

Thelicham monthly

Add comment