quran women rading in kerala
Home » Uncategorized » ഖുര്‍ആന്‍ പെണ്‍വായനകളും കേരള മുസ്‌ലിം പ്രതികരണങ്ങളും

ഖുര്‍ആന്‍ പെണ്‍വായനകളും കേരള മുസ്‌ലിം പ്രതികരണങ്ങളും

(ജി.ഐ.ഒ മുസ്‌ലിം വിമിന്‍സ് കൊളോക്യത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്)(ജി.ഐ.ഒ മുസ്‌ലിം വിമിന്‍സ് കൊളോക്യത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്)
ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ പുരുഷ കേന്ദ്രീകൃതമായതിനാല്‍ ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ നിന്നും സാമൂഹിക ഇടങ്ങളില്‍ നിന്നും മുസ്‌ലിം സ്ത്രീ ചരിത്രപരമായി മാറ്റി നിര്‍ത്തപ്പെട്ടുവെന്ന് വാദിച്ചുകൊണ്ടാണ് ഖുര്‍ആന്‍ വചനങ്ങളുടെ സ്ത്രീ വ്യാഖ്യാതാക്കള്‍ രംഗത്തു വരുന്നത്. സാമ്പ്രാദായിക വ്യാഖ്യാന രീതികളെ വിമര്‍ശന വിധേയമാക്കി, ലിംഗനീതി (ജെന്‍ഡര്‍ ജസ്റ്റിസ്) എന്ന പ്രമേയത്തില്‍ ഊന്നിക്കൊണ്ട് ഖുര്‍ആനിനെ സമീപിക്കാന്‍ ഈ ചിന്താധാരക്ക് കഴിഞ്ഞു. ഈ ധാരയിലെ ക്ലാസിക്കല്‍ ടെക്‌സ്റ്റ് ആയി വിലയിരുത്തപ്പെടുന്ന കൃതിയാണ് ആമിനാ വദൂദിന്റെ ‘ഖുര്‍ആനും സ്ത്രീയും: ദൈവിക വചനത്തിന്റെ ഒരു സ്ത്രീപക്ഷ പുനര്‍വായന’ (ഖുര്‍ആന്‍ ആന്റ് വുമണ്‍: റീറീഡിംഗ് ദ സാക്രഡ് ടെക്സ്റ്റ് ഫ്രം എ വുമണ്‍സ് പേഴ്‌സപെക്റ്റീവ്, 1992) എന്ന കൃതി. ആഗോള തലത്തിലെന്ന പോലെ കേരളീയ മുസ്‌ലിം വൈജ്ഞാനിക ഇടങ്ങളിലും ഈ ചിന്താധാര വിശകലനം ചെയ്യപ്പെടുകയും നിരവധി ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്തു. ആമിനാ വദൂദിന്റെ കൃതിയുടെ മലയാള വിവര്‍ത്തനത്തോടെയാണ് കേരളത്തില്‍ ഈ ചര്‍ച്ച സജീവമാകുന്നത്. വദൂദിനൊപ്പം തന്നെ ഏറിയും കുറഞ്ഞും ഈ ശ്രേണിയിലെ മറ്റു സ്ത്രീവാദ വ്യാഖ്യാതാക്കളെയും മലയാളികള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. കേരളീയ വൈജ്ഞാനിക പരിസരങ്ങളില്‍, വിശിഷ്യാ മുസ്‌ലിം ഇടങ്ങളില്‍ ഖുര്‍ആനിന്റെ സ്ത്രീവാദ വ്യാഖ്യാനങ്ങള്‍ സൃഷ്ടിച്ച വ്യവഹാരങ്ങളുടെ ഒരു അവലോകനമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഇസ്‌ലാം-ലിംഗനീതി സംവാദങ്ങളുടെ ചരിത്രപശ്ചാത്തലങ്ങള്‍ 

ഇസ്‌ലാം വിഭാവനം ചെയ്യുന്ന ലിംഗനീതിയെ കുറിച്ച് ലോക സമക്ഷം അവതരിപ്പിക്കാന്‍ മുസ്‌ലിം ലോകം നിര്‍ബന്ധിതമാവുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ്. ആഗോള തലത്തില്‍ ഇസ്‌ലാമിനെതിരെ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന ഇസ്‌ലാം ഭീതിയും തുടര്‍ന്നുള്ള അപരവല്‍കരണവുമാണ് അതില്‍ ഒന്നാമത്തേത്. ലിംഗനീതിയെ കുറിച്ച് ഇസ്‌ലാമിനകത്ത് നിന്ന് തന്നെ ഉയര്‍ന്ന ചോദ്യങ്ങള്‍ രണ്ടാമത്തേതും. ഇസ്‌ലാമിലെ ലിംഗനീതിയെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ അധിനിവേശവുമായി അങ്ങേയറ്റം കെട്ടുപിണഞ്ഞ് കിടക്കുന്നുണ്ട്. ഇസ്‌ലാമിലെ പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിയുടേയും മുസ്‌ലിം പുരുഷന്റെ അമിത ആസക്തിയുടേയും ‘ഇര’ എന്ന നിലക്കാണ് ഓറിയന്റലിസ്റ്റ് രചനകളില്‍ മുസ്‌ലിം സ്ത്രീ ചിത്രീകരിക്കപ്പെടുന്നത്. ഈ അധിനിവേശ യുക്തിയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് മുഖ്യധാര സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ മുസ്‌ലിം സ്ത്രീയെ സമീപിച്ചത്. അത്‌കൊണ്ട് തന്നെ കോളനിവല്‍ക്കരിക്കപ്പെട്ട മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ രൂപംകൊണ്ട സ്ത്രീവാദ മുന്നേറ്റങ്ങളുടെ ആരംഭകാലം ആധുനികമായ മതേതര ഭാവത്തോടുകൂടിയുള്ളതായിരുന്നു. അതിനാല്‍ തന്നെ പില്‍ക്കാലത്ത് വന്ന ദൈവ വിശ്വാസ പ്രചോദിതമായ സ്ത്രീ ആക്ടിവിസം ഉള്‍ക്കൊള്ളുവാന്‍ അവ അശക്തമായിരുന്നു. എന്നാല്‍,

ഇസ്‌ലാമിസ്റ്റ് ആശയങ്ങളുടെ കടന്നുവരവ്, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലുണ്ടായ നിര്‍ബന്ധിത മതേതരവല്‍കരണം, മുസ്‌ലിം സമൂഹത്തിനകത്ത് രൂപപ്പെട്ട നവോത്ഥാന ചിന്തകള്‍ തുടങ്ങിയവയുടെ സ്വാധീനം ഇസ്‌ലാമിലെ ലിംഗനീതിയെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെക്കുകയുണ്ടായി. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്-തൊണ്ണൂറുകളില്‍ പശ്ചിമേഷ്യന്‍ ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങളില്‍ സജീവമായിരുന്ന വിശ്വാസബന്ധിത സ്ത്രീ ആക്ടിവിസത്തെ ഒരുപറ്റം  അക്കാദമിക്കുകള്‍ ഇസ്‌ലാമിക സ്ത്രീവാദം എന്നു വിളിച്ചു. മര്‍ഗോട്ട് ബദ്‌റന്‍, അഫസാനെഹ് നജ്മാബാദി, സിബ മിര്‍ ഹൊസൈനി തുടങ്ങിയവര്‍ ഈ ധാരയിലെ പ്രമുഖ പണ്ഡിതരാണ്. ഇസ്‌ലാമിക് ഫെമിനിസ്റ്റുകള്‍ എന്നു വിളിക്കപ്പെട്ടവര്‍ പ്രസ്തുത സംജ്ഞ സ്വീകരിക്കാന്‍ പൊതുവില്‍ വിമുഖത കാണിച്ചുവെന്നത് എടുത്തുപറയേണ്ടതുണ്ട്.  ഇതിനു സമാന്തരമായിക്കൊണ്ടാണ് ഖുര്‍ആനിന്റെ പാരമ്പര്യ വ്യാഖ്യാനങ്ങളെ പുരുഷ കേന്ദ്രീകൃത വായനകളെന്ന് ആരോപിച്ചു കൊണ്ടും ലിംഗനീതിയെക്കുറിച്ചുള്ള നിലവിലുള്ള ഖുര്‍ആന്‍ വായനകളെ അപനിര്‍മിച്ചു കൊണ്ടുമുള്ള സ്ത്രീവാദ വ്യാഖ്യാനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സ്ത്രീവാദ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ ആവിര്‍ഭാവത്തിന് മുമ്പ് തന്നെ സൈനബുല്‍ ഗസാലി, ബിന്‍ത് ശാത്തി (ആയിശ അബ്ദുല്‍ റഹ്മാന്‍) എന്നീ മുസ്‌ലിം പണ്ഡിതകള്‍ ഖുര്‍ആനിന് വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിക ലോകത്തും മുഖ്യധാരാ സംവാദങ്ങളിലും ഈ വ്യാഖ്യാനങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. സ്ത്രീപക്ഷ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പ്രധാനമായും ആധുനിക ആശയങ്ങളുമായി ബന്ധപ്പെട്ടാണ് വികാസം പ്രാപിക്കുന്നത്. പ്രമുഖ പാകിസ്ഥാനി പണ്ഡിതനായ ഫസലുര്‍റഹ്മാന്റെ ചിന്തകള്‍ ആദ്യതലമുറ സ്ത്രീവാദ വ്യാഖ്യാതാക്കളില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

റിഫത് ഹസന്‍, അസീസ അല്‍ ഹിബ്രി, ഫാത്വിമ മെര്‍നീസി, ആമിനാ വദൂദ്, അസ്മ ബെര്‍ലാസ്   തുടങ്ങിയവര്‍ ഈ ധാരയില്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. ആദ്യതലമുറ സ്ത്രീവാദികളുടെ ഇസ്‌ലാമിക പ്രമാണ വായനയെ പഠന വിധേയമാക്കി കേഷ്യ അലി, ആയിഷാ ഹിദായത്തുള്ള, സഅദിയ്യ ശൈഖ് തുടങ്ങിയ ഗവേഷകരെ രണ്ടാം തലമുറയെന്ന് വിളിക്കാവുന്നവരാണ്. ആയിഷാ ഹിദായത്തുള്ളയുടെ അഭിപ്രായത്തില്‍ വദൂദൂം ബര്‍ലാസുമാണ് പ്രസ്തുത ധാരയില്‍ ഖുര്‍ആനിലെ ലിംഗഭേദം (ജെന്‍ഡര്‍) പ്രമേയമാക്കികൊണ്ട് മുഴുനീള വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുള്ളത്. സാമ്പ്രാദായിക ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ സ്ത്രീവാദ വിമര്‍ശനങ്ങളില്‍ പ്രഥമ ഗവേഷണമാണ് വദൂദിന്റെ പഠനമെന്ന് സഹ്‌റാ അയ്യൂബി നിരീക്ഷിക്കുന്നുണ്ട്.
വദൂദിന്റെയും ബര്‍ലാസിന്റെയും വാദങ്ങള്‍ ദൈവശാസ്ത്ര വ്യവഹാരങ്ങളില്‍ നിന്ന് മുസ്‌ലിം സ്ത്രീ മാറ്റി നിര്‍ത്തപ്പെട്ടതിനെ, അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലക്കുള്ള അവളുടെ അവകാശങ്ങളുടെ ലംഘനമാണെന്നാണ് വദൂദ് അഭിപ്രായപ്പെടുന്നത്. മുസ്‌ലിം സ്ത്രീയുടെ യഥാര്‍ഥ സ്വത്വം തിരിച്ചു പിടിക്കാനും അപരത്വങ്ങളെ ഇല്ലായ്മ ചെയ്യാനും ഖുര്‍ആനിന്റെ സത്രീപക്ഷ വായനകള്‍ അനിവാര്യമാണെന്നും വദൂദ് വാദിക്കുന്നു. ബൃഹത് ആഖ്യാനങ്ങളില്‍ നിന്ന് പുറത്ത് കടന്ന് ജെന്‍ഡര്‍ എന്ന പ്രമേയത്തെ ആഗതമാക്കി ഖുര്‍ആനിനെ വ്യാഖ്യാനിക്കുന്നതിനാല്‍ തന്റെ പഠനം അധിനിവേശാനന്തര ഇസ്‌ലാമിക വ്യവഹാരങ്ങളായി പരിഗണിക്കാമെന്നും അല്ലെങ്കില്‍ സ്ത്രീവാദ രീതികള്‍ ഉപയോഗിക്കുന്നതിനാല്‍ സ്ത്രീവാദ വായനയായി വിലയിരുത്താമെന്നും വദൂദ് പറയുന്നു. ഖുര്‍ആന്‍ അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ള പുസ്തകം (ഒപ്രസീവ് ടെക്സ്റ്റ്) ആണെന്ന വാദത്തെ നിരാകരിച്ചുകൊണ്ട്,

quran women reading in keralaഅതിന്റെ വിമോചനപരതയെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ് അസ്മ ബര്‍ലാസിന്റെ വ്യാഖ്യാനത്തിന്റെ സവിശേഷത.

ഖുര്‍ആനിന്റെ ഒപ്രസീവ് ആയിട്ടുള്ള വ്യാഖ്യാനങ്ങളെ ഒരു സ്ത്രീ എന്ന നിലയില്‍ പുനര്‍ വായിക്കുവാനുള്ള സ്വന്തം അവകാശത്തെ ഊന്നിപ്പറയാനും ഈ സന്ദര്‍ഭത്തെ അവര്‍ ഉപയോഗിക്കുന്നു. ദൈവിക സമക്ഷം ഉത്തരം ബോധിപ്പിക്കേണ്ട ഒരു ഉത്തരവാദിത്തമായി അവര്‍ തന്റെ വ്യാഖ്യാനത്തെ കാണുന്നു. ഖുര്‍ആന്‍ എന്തുകൊണ്ട് സ്ത്രീകളെ നേരിട്ട് അഭിസംബോധനം ചെയ്യുന്നില്ല എന്ന പ്രവാചക പത്‌നി ഉമ്മുസലമ (റ) അന്വേഷണങ്ങളാണ് ബര്‍ലാസ് തന്റെ വ്യാഖ്യാനത്തിന് പ്രചോദനമായി എടുത്തു കാണിക്കുന്നത്.

സ്ത്രീവാദ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും കേരള മുസ്‌ലിം പരിപ്രേക്ഷ്യങ്ങളും മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ലോകത്താകമാനം നിലവിലുള്ള വിപണി കേരളീയ പൊതുമണ്ഡലത്തിലും അതുപോലെ പ്രതിഫലിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ മുതല്‍ അവളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ പോലും പലപ്പോഴും മലയാളി മുഖ്യധാരയുടെ പ്രിയപ്പെട്ട ചര്‍ച്ചാ വിഷയങ്ങളാണ്.  വദൂദിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ മലയാള വിവര്‍ത്തനം പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇസ്‌ലാമിക ഫെമിനിസം, സ്ത്രീപക്ഷ ഖുര്‍ആന്‍ വായനകള്‍ മുതലായവയെ അടിസ്ഥാനമാക്കിയുള്ള നിരവധി ചര്‍ച്ചകള്‍ കേരളത്തില്‍ അരങ്ങേറുകയുണ്ടായി. ‘ഖുര്‍ആന്‍ ഒരു പെണ്‍വായന’ എന്ന പേരില്‍ അദര്‍ ബുക്‌സാണ് 2008-ല്‍ പ്രസ്തുത മലയാള വിവര്‍ത്തനം പ്രസിദ്ധീകരിച്ചത്. മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലും മുഖ്യധാര/ മതേതര പ്രസിദ്ധീകരണങ്ങളടക്കമുള്ള മറ്റു വൈജ്ഞാനിക ഇടങ്ങളിലും അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങള്‍ വരികയുണ്ടായി. ഇസ്‌ലാമിലെ സ്ത്രീയുടെ പദവിയെ സംബന്ധിച്ച ആഴമേറിയ പഠനങ്ങള്‍ക്കും ഈ ചര്‍ച്ചകള്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്. വദൂദിനോളം സുപരിചിതമല്ലെങ്കിലും രിഫാത് ഹസന്‍, അസീസാഹ് അല്‍ ഹിബ്രി, അസ്മാ ബര്‍ലാസ് എന്നീ സ്ത്രീവാദ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ആശയങ്ങള്‍ മുതല്‍ ഈ ധാരയിലെ പുതിയ മുഖമായ അസ്മ ലംറബിത്തിനെ വരെ മലയാളികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്ത്രീവാദ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രതികരണങ്ങളെ ഈ ലേഖനം പ്രധാനമായും മൂന്നായി തരംതിരിക്കുന്നു. ഒന്ന്, മുസ്‌ലിം വൈജ്ഞാനിക ഇടങ്ങളില്‍ ഉണ്ടായിട്ടുള്ള പുരുഷ പ്രതികരണങ്ങള്‍. രണ്ട്, മുസ്‌ലിം സ്ത്രീ പ്രതികരണങ്ങള്‍. മുന്ന്, മുഖ്യധാര സെകുലര്‍ പഠനങ്ങളില്‍ ഉണ്ടായിട്ടുള്ള പ്രതികരണങ്ങള്‍. ചുരുക്കം ചില പ്രതികരണങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ വന്ന നിരീക്ഷണങ്ങള്‍ മിക്കതും സ്ത്രീവാദ വ്യാഖ്യാതാക്കളുടെ ആധികാരികതയെ ചോദ്യം ചെയ്യും വിധമായിരുന്നു. വ്യാഖ്യാതാക്കളുടെ പാശ്ചാത്യ ഫെമിനിസ്റ്റ് പശ്ചാത്തലമാണ് പ്രധാനമായും നിരീക്ഷകര്‍ ഉന്നയിച്ച പ്രശ്‌നം. പാശ്ചാത്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാമ്പത്തികമായി പിന്തുണ നല്‍കപ്പെട്ട ഗവേഷണങ്ങളാണ് ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങളെന്നും പാശ്ചാത്യ പിന്തുണകൊണ്ട് മാത്രമാണ് ഇത്തരം രചനകള്‍ പെട്ടെന്നു തന്നെ മുഖ്യധാരയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായതെന്നും വിമര്‍ശകര്‍ വാദിക്കുന്നു.

ഫെമിനിസ്റ്റ് വ്യാഖ്യാതാക്കള്‍ പരമ്പരാഗത വ്യാഖ്യാതാക്കളുടെ മുന്‍ധാരണകളെ (പ്രയര്‍ ടെക്സ്റ്റ്) എപ്രകാരം വിമര്‍ശന വിധേയമാക്കുന്നുവോ അതുപോലെ തന്നെ പാശ്ചാത്യ-ഫെമിനിസ്റ്റ് സ്വാധീനം സ്ത്രീവാദ വ്യാഖ്യാതാക്കളിലും കടന്നു കൂടിയതായി വിമര്‍ശകര്‍ ആരോപിക്കുന്നു. ഖുര്‍ആനില്‍ ആധുനിക ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയ വിമര്‍ശനം. ആധുനിക വ്യാഖ്യാന രീതികളെ സ്വീകരിക്കാന്‍ ഇസ്‌ലാമിക പാരമ്പര്യത്തെ പൂര്‍ണമായും നിഷേധിക്കുന്നുവെന്നും അതോടൊപ്പം ആധുനിക വനിതയെ ഇസ്‌ലാമിലേക്ക് ഫിറ്റ് ചെയ്യുകയെന്നതാണ് അവരുടെ ദൗത്യമെന്നും വിമര്‍ശകര്‍ പറയുന്നു. ഇസ്‌ലാമിക ലോകത്ത് വലിയ ഒച്ചപ്പാടുകളുണ്ടാക്കിയ വദൂദിന്റെ ജുമുഅ നമസ്‌കാരത്തിനു നേതൃത്വം നല്‍ക(2005)ലുമായി ബന്ധിപ്പിച്ചും അവരുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തിനു അനേകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. നന്നേ ചുരുക്കം പ്രതികരണങ്ങള്‍ ഒഴിച്ചാല്‍ വദൂദിന്റെ പ്രസ്തുത ഇമാമത്തിനെ ഇസ്‌ലാമിക സമൂഹം ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സ്ത്രീയുടെ നേതൃത്വം, അധികാരം തുടങ്ങിയ വിഷയങ്ങളും വദൂദിന്റെ വ്യാഖ്യാനത്തിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ഇസ്‌ലാം വിരുദ്ധ പ്രതിഛായ വദൂദിന് നല്‍കുന്നതില്‍ വിമര്‍ശകര്‍ വിജയിച്ചു.

1992ല്‍ പുറത്തിറങ്ങിയ മൂല കൃതിയെ സംബന്ധിച്ച നിരീക്ഷണങ്ങളില്‍ ഒട്ടുമിക്കതും വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിച്ച പ്രസ്തുത ഇമാമത്തിനെ പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്തീയ പൗരോഹിത്യവുമായി ഇസ്‌ലാമിലെ ഇമാം എന്ന ആശയത്തെ സമീകരിക്കാന്‍ ശ്രമിച്ചതിന്റെ പ്രതിഫലനമാണ് വദൂദിന്റെ ഇമാമത്ത് എന്ന് നിരീക്ഷിക്കപ്പെട്ടു. വിമര്‍ശനങ്ങളോടൊപ്പം തന്നെ എണ്ണത്തില്‍ കുറവാണെങ്കില്‍ പോലും അനുകൂല പ്രതികരണങ്ങളും മുസ്‌ലിം പരിസരത്ത് നിന്നുണ്ടായിട്ടുണ്ട്. ഇസ്‌ലാമിലേക്ക് മതാരോഹണം നടത്തിയ ഒരു സ്ത്രീയുടെ അന്വേഷണങ്ങളുടെ ഭാഗമായി വദൂദിനെപ്പോലുള്ള സ്ത്രീവാദ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സ്വീകരിക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്.

ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഖുര്‍ആനിക ആഹ്വാനങ്ങളോടുള്ള ഒരു പ്രായോഗിക പ്രതികരണ രീതിയായും ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങളെ വിലയിരുത്തിയവരുണ്ട്.

ഇസ്‌ലാമിക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മയുടെ പ്രതിഫലനമാണ് പുതിയ വായനകളോടുള്ള അസഹിഷ്ണുത എന്നും നിരീക്ഷിക്കപ്പെട്ടു. പെണ്‍പ്രതികരണങ്ങളായിരുന്നു ഒട്ടുമിക്ക അനുകൂല സമീപനങ്ങളിലും പ്രതിഫലിച്ചത്. ഫെമിനിസ്റ്റ് വ്യാഖ്യാതാക്കളുടെ പരിമിതികളെ അംഗീകരിച്ച് കൊണ്ട് തന്നെ സ്ത്രീവാദ ഖുര്‍ആന്‍ വായനകളെ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ പുതുപ്രവണത എന്ന രീതിയില്‍ സമീപിക്കുന്നവരാണ് സ്ത്രീ നിരീക്ഷരകരിലധികവും. സ്ത്രീ വ്യാഖ്യാതാക്കളുടെ ഇസ്‌ലാമിക പരിജ്ഞാനത്തിന്റ മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിനെക്കാള്‍ അവരുന്നയിച്ച ചോദ്യങ്ങളെ അഭിസംബോധന ചെയ്യാനാണ് സ്ത്രീവായനക്കാര്‍ ശ്രമിച്ചത്. മറുവശത്ത് ഇസ്‌ലാമിലെ സ്ത്രീയുടെ പദവിയെക്കുറിച്ചു തന്നെ ഒരു പക്ഷേ സ്ത്രീവാദ വ്യാഖ്യാതാക്കള്‍ മുന്നോട്ടുവെച്ചതിനേക്കാള്‍ റാഡിക്കലായ വാദങ്ങള്‍, ഫെമിനിസ്റ്റ് വായനകള്‍ കേരളത്തില്‍ ചര്‍ച്ചയാവുന്നതിനു മുമ്പും ശേഷവും ഒരു പോലെ മുസ്‌ലിം ലോകത്ത് പുരുഷ പണ്ഡിതന്മാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. താരിഖ് റമദാന്‍, ഹസന്‍ തുറാബി, അബൂ ശഖ, റാശിദുല്‍ ഗനൂശി, ഫരീദ് ഇസാഖ് തുടങ്ങിയവരുടെ ആശയങ്ങളെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ പരിചയപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, ഈ പണ്ഡിതരുടെ ആധികാരികത ചോദ്യം ചെയ്യും വിധത്തിലുള്ള പ്രതികരണങ്ങള്‍ മുസ്‌ലിം വൈജ്ഞാനിക ഇടങ്ങളില്‍ സംഭവിച്ചിട്ടില്ല. സ്ത്രീ വ്യാഖ്യാനങ്ങള്‍ സൃഷ്ടിച്ചതിനു സമാനമായ പ്രതികരണ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാനും ഇവക്കായിട്ടില്ല. മുഖ്യധാര/ മതേതര പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈന്‍ ഇടങ്ങളിലും ഖുര്‍ആനിന്റെ സ്ത്രീവാദ വ്യാഖ്യാനങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.

women rading in keralaസെകുലര്‍ പ്രസിദ്ധീകരണങ്ങള്‍ മുസ്‌ലിം സമൂഹത്തെ വിമര്‍ശിക്കാനുള്ള ഉപാധിയെന്ന നിലക്കാണ് ഇത്തരം രചനകളെ നോക്കിക്കാണുന്നത്. എന്നിരുന്നാലും ഖുര്‍ആനിലുള്ള സ്ത്രീ സ്വത്വത്തെ കണ്ടെത്താനുള്ള പരിശ്രമം എന്ന നിലയിലും, ഇസ്‌ലാമും ഫെമിനിസവും തമ്മിലുള്ള സംഭാഷണം എന്ന കോണിലൂടെ കണ്ടവരും ഈ ഗണത്തിലുണ്ട്. അതോടൊപ്പം തന്നെ ബഹുഭാര്യത്വം, സ്ത്രീയുടെ സാക്ഷിത്വം, അനന്തരവാകാശം മുതലായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇസ്‌ലാമിക തത്വങ്ങളെ വിമര്‍ശന വിധേയമാക്കാതെ ‘ക്ഷമാപണ മനോഭാവ’ ത്തോടുകൂടെയാണ് സ്ത്രീവാദികള്‍ ഖുര്‍ആനെ സമീപിച്ചതെന്നും വിമര്‍ശിക്കപ്പെട്ടു. ഇതിന്റെ മറുവശത്ത് മുസ്‌ലിം പുരുഷ പണ്ഡിതന്മാര്‍ ഉയര്‍ത്തിയിട്ടുള്ള സ്ത്രീ വിമോചന ആശയങ്ങളെ മതേതര മാഗസിനുകള്‍ നിരാകരിച്ചതായി കാണാന്‍ സാധിക്കും. മുസ്‌ലിം പുരുഷനെ പ്രതിസ്ഥാനത്ത് അവരോധിച്ചുകൊണ്ടുള്ള പതിവു നിര്‍മിതികളുടെ ഭാഗമായുള്ള ബോധപൂര്‍വമായ അവഗണനയായി ഇതിനെ മനസിലാക്കേണ്ടതുണ്ട്.
സ്ത്രീവാദ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ വഴി തുറക്കുന്നത്

കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ പൊതുവില്‍ ഖുര്‍ആനിന്റെ പെണ്‍വായനകളെ സംശയദൃഷ്ടിയോടെയാണ് കണ്ടത്. പാശ്ചാത്യ ഫെമിനിസത്താല്‍ പ്രചോദിതമായതാണെന്നതും അനിസ്‌ലാമിക രീതി ശാസ്ത്രത്തിലൂടെ ഖുര്‍ആനിനെ സമീപിച്ചു എന്നതുമായിരുന്നു ഈ വിരോധത്തിന്റെ പ്രധാന കാരണങ്ങള്‍. കൂടാതെ ആധികാരികമായ ഇജ്തിഹാദിന് ഇസ്‌ലാമിക ജ്ഞാനശാസ്ത്രം നിര്‍ണയിച്ച ഗുണങ്ങള്‍ സ്ത്രീവാദികള്‍ക്കില്ല എന്നും ആരോപിക്കപ്പെട്ടു. മറുഭാഗത്താണെങ്കില്‍, ദൈവിക വചനങ്ങളുടെ വ്യാഖ്യാനങ്ങളിലുണ്ടായ നീതികേടിനെ പ്രതിരോധിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വമായി ഇത്തരം പരിശ്രമങ്ങളെ ഫെമിനിസ്റ്റ് വ്യാഖ്യാതാക്കള്‍ പ്രഖ്യാപിക്കുന്നു. ഇസ്‌ലാമിക ജ്ഞാനശാസ്ത്ര പ്രകാരം സ്ത്രീവാദ വ്യാഖ്യാനങ്ങളെ ഇജ്തിഹാദായി പരിഗണിക്കാന്‍ സാധിക്കില്ല എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം ശ്രമങ്ങളെ അനിസ്‌ലാമികം എന്ന് മുദ്രകുത്തുന്നതിനും ന്യായീകരണങ്ങളില്ലെന്നതാണ് വാസ്തവം. മുസ്‌ലിം ആണ്‍ ചിന്തകള്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇസ്‌ലാമിക ജ്ഞാന പരമ്പരയില്‍ കണ്ണിചേര്‍ക്കപ്പെടുമ്പോള്‍ സ്ത്രീകളുടെ പരിശ്രമങ്ങള്‍ മുന്‍വിധികളോടെ സമീപിക്കപ്പെട്ടു എന്ന പി.കെ അബ്ദുല്‍ റഹ്മാന്റെ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. ഈ മേഖലയിലെ ആരംഭ പരിശ്രമങ്ങള്‍ എന്ന നിലയില്‍ ഇത്തരം പഠനങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ട് എന്നംഗീകരിക്കുന്നു. എങ്കിലും, ഇസ്‌ലാമിലെ സ്ത്രീയുടെ സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്ന പഠനം എന്ന നിലയിലും ആണ്‍കോയ്മയെന്ന സാമൂഹ്യ ക്രമത്തില്‍ നിന്നും വിമോചന പരതയെ ഉയര്‍ത്തിപ്പിടിക്കുന്നതിനാലും ഇത്തരം ശ്രമങ്ങളെ പൂര്‍ണാര്‍ത്ഥത്തില്‍ നിരാകരിക്കുക സാധ്യമല്ല.

ഫെമിനിസ്റ്റ് ആഖ്യാനങ്ങളോട് സ്ത്രീ പ്രതികരണങ്ങളില്‍ പൊതുവില്‍ കാണപ്പെടുന്ന പ്രതീക്ഷയും അനുകൂല വിശകലനങ്ങളും പ്രാധാന്യമര്‍ഹിക്കുന്നതാണ്. മുസ്‌ലിം സ്ത്രീ എന്ന നിലക്ക് സ്വത്വപരമായ സംശയങ്ങളും അന്വേഷണങ്ങളുമാണല്ലോ ഫെമിനിസ്റ്റ് ചിന്തകരെ ഖുര്‍ആന്‍ വ്യാഖ്യാന ഭൂമികയിലേക്ക് നയിക്കുന്നത്. ഏതോ അര്‍ഥത്തില്‍ സമാന ചിന്തകളിലൂടെ കടന്നു പോകുന്നതിനാലായിരിക്കാം മുസ്‌ലിം സ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാവുന്ന അനുകൂല വായനകളെന്നും അനുമാനിക്കാവുന്നതാണ്.

മുസ്‌ലിം സ്ത്രീയെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ സെപ്റ്റംബര്‍ 11 സംഭവത്തോടുകൂടി കൂടുതല്‍ സജീവമായതായി കാണുവാന്‍ സാധിക്കും. ഒരു ‘മോഡറേറ്റ് ഇസ്‌ലാം’ രൂപപ്പെടുന്നതിന്റെ ഭാഗമായി ഇസ്‌ലാമിനെ അതിനകത്ത് നിന്നു തന്നെ പരിഷ്‌കരിക്കുന്ന അമേരിക്കന്‍ പ്രോജക്ടുകളെ സബാ മഹ്മൂദ് സൈദ്ധാന്തികവല്‍കരിച്ചിട്ടുണ്ട്.

women reading keralaസ്ത്രീവാദ വ്യാഖ്യാനങ്ങള്‍ക്ക് ലഭിക്കുന്ന യു.എസ് അക്കാഡമിയയുടെ പ്രത്യേക പിന്തുണ ഈ അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്. എന്നാല്‍ മുസ്‌ലിം സ്വത്വത്തെയും വിശ്വാസത്തെയും ഉയര്‍ത്തിപിടിക്കുകയും ഇസ്‌ലാമിക ചരിത്രത്തില്‍ നിന്നുതന്നെ തങ്ങളുടെ മാതൃകകളെ ചൂണ്ടികാണിക്കുകയും ചെയ്യുന്ന ഫെമിനിസ്റ്റ് വ്യാഖ്യാതാക്കളെ പാശ്ചാത്യ ഗൂഢാലോചന എന്ന ആരോപണത്തില്‍ തളച്ച് ഇത്തരം ആലോചനകളെ മുഴുവനായും റദ്ദ് ചെയ്യുന്ന കാഴ്ചപ്പാടുകള്‍ ന്യായീകരിക്കാവതല്ല. മുസ്‌ലിം ധൈഷണികരെയും വിവിധ സംഘടനകളെയും ഇസ്‌ലാമിലെ ലിംഗനീതിയെക്കുറിച്ചുമുള്ള ചര്‍ച്ചകളിലേക്ക് വഴിനടത്താനുള്ള ഒരു വൈജ്ഞാനിക വിപ്ലവത്തിന് സ്ത്രീവാദ വ്യാഖ്യാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നതാണ് വാസ്തവം. ഭൗമ രാഷ്ട്രീയ അജണ്ടകള്‍ തിരിച്ചറിഞ്ഞു കൊണ്ട് തന്നെ, ഫെമിനിസ്റ്റ് ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ ചലനാത്മകമായ ഒരു വശത്തെ മുഖവിലക്കെടുത്തു കൊണ്ട് മുസ്‌ലിം സ്ത്രീകളെ ഇസ്‌ലാമിന്റെ വൈജ്ഞാനിക നിര്‍മ്മാണ മണ്ഡലത്തിലേക്ക് പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ വലിയൊരളവോളം ഇസ്‌ലാമിലെ ലിംഗനീതിയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മുസ്‌ലിം സമൂഹത്തിനു കഴിയും.

Editor Thelicham

Thelicham monthly

1 comment

  • വളരെ നല്ല ലേഖനം. കൃത്യമായി ഒരു സുന്നി മുസ്ലിമിന് മനസ്സിലാകുന്ന രീതിയിലുള്ള വിശദീകരണം. അടച്ചാക്ഷേപിക്കാതെയുള്ള, ശ്രമങ്ങളെ അംഗീകരിച്ചുകൊണ്ട് മുന്നേറുന്ന ലേഖകന് അഭിനന്ദനങ്ങൾ !