കാലിൽ ഒരു ജോടി ഷൂസും ബാഗിൽ ഒരു ദിവസത്തെ ഉച്ചഭക്ഷണവുമായി ഒരു കൂട്ടം തജിക്ക് സ്വദേശികളായ വൃദ്ധന്മാർ 2012-ൽ കാൽ നടയായി ഹജ്ജിന് പുറപ്പെടുകയുണ്ടായി. ആ ഏഴ് പേരടങ്ങുന്ന സംഘത്തിന്റെ കൈയ്യിൽ ഒരു നേരത്തെ ഭക്ഷണമൊഴിച്ച് മറ്റൊന്നുമുണ്ടായിരുന്നില്ല. ആറ് രാജ്യാതിർത്ഥികൾ കടന്നുള്ള യാത്രയിൽ മസ്ജിദുകളായിരുന്നു അവരുടെ അഭയകേന്ദ്രം. വിശുദ്ധ മക്കയെ ലക്ഷ്യം വെച്ചുള്ള യാത്രയിൽ വഴിയിൽ കണ്ടുമുട്ടിയ അപരിചിതർ അവരെ സ്വീകരിച്ചു. വീടുകളിലേക്ക് കൂട്ടികൊണ്ടുപോയി, ഭക്ഷണവും വസ്ത്രവും ഷൂസുകളും നൽകി.
ഈ യാത്ര പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് സംഘതലവനായ അബ്ദുൽ അസീസ് രാജബോവും സഹയാത്രികരും പറയുകയുണ്ടായി. അവർ തങ്ങളുടെ ദീർഘദൂര യാത്രയിൽ ട്വീറ്റ് ചെയ്യുകയോ, ബ്ലോഗിംഗ് ചെയ്യുകയോ ചെയ്തിരുന്നില്ല. അവരുടെ കൈവശം മൊബൈൽ ഫോണുകളോ ക്രെഡിറ്റ് കാർഡുകളോ, യാത്രാ ഇൻഷൂറൻസുകൾ പോലുള്ള ആധുനിക സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. തജിക് റിപ്പോർട്ടറായ ഫറാങ്കിസ് നജിബുള്ളയാണ് ഈ വാർത്ത അന്ന് തജികിസ്ഥാനിൽ നിന്നുള്ള ഒരു ഒൺലൈൻ പത്രത്തിൽ റിപ്പോർട്ട് ചെയ്തത്.
അതേ വർഷം തന്നെ ബോസ്നിയയിൽ നിന്നുള്ള സെനാദ് ഹാഡ്‌സിക് കാൽനടയായി ഹജ്ജ് നിർവഹിക്കുകയുണ്ടായി. അടിസ്ഥാന സാധനങ്ങൾ അടങ്ങിയ ഇരുപത് കിലോ ബാഗും 200 യൂറോ പണം ( ഏകദേശം 17,000 ഇന്ത്യൻ രൂപ) വഴിച്ചിലവിനായും കയ്യിൽ കരുതിയാണ് 47 കാരനായ അദ്ദേഹം ഹെർസഗോവിനയിൽ നിന്നുംപുറപ്പെട്ടത്. കുറച്ചു വസ്ത്രങ്ങൾ, ഒരു ടോർച്ച്, കടന്ന് പോകുന്ന ഏഴ് രാജ്യങ്ങളുടെ ഭൂപടവും പതാകകളും ഒപ്പം ഒരു മുസ്ഹഫും മാത്രമാണ് ബാഗിൽ കരുതിയിരുന്നത്. ആവശ്യത്തിനുള്ള ഭക്ഷണമോ വെള്ളമോ പോലും കയ്യിൽ കരുതിയിരുന്നില്ല. രാജ്യാതിർത്തികൾ കടന്നപ്പോൾ മുസ്ഹഫ് കയ്യിലുള്ളത് തനിക്ക് തുണയായെന്ന് സെനാദ് പറയുകയുണ്ടായി. യാത്രയിൽ യുദ്ധമുഖരിതമായ സിറിയ ഒഴിവാക്കി കൂടുതലും ഇറാഖിലൂടെ യാത്ര ചെയ്യാൻ പലരും അദ്ദേഹത്തെ നിർബന്ധിക്കുകയുണ്ടായി. പക്ഷെ സിറിയയിലൂടെ തന്നെ സഞ്ചരിക്കാനാണ് സെനാദിന്റെ മനസ് മന്ത്രിച്ചത്.. മരണത്തെ മുഖാമുഖം കണ്ട 11 ദിവസത്തെ യാത്രയായിരുന്നു സിറിയയിലൂടെ നടത്തിയതെന്ന് പിന്നീട് ‘ഇന്റിപെന്റനിന്’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം സ്മരിക്കുകയുണ്ടായി.
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും സൈനികർ പലതവണ തന്നെ അറസ്റ്റ് ചെയ്തെങ്കിലും ആരും തന്നെ തടവിൽ പാർപ്പിക്കുക ഉണ്ടായില്ല. എല്ലാ ചെക്പോസ്റ്റുകളിലും ‘ഖുർആൻ’ ആയിരുന്നു തന്റെ വിസയെന്ന് അദ്ദേഹം പറയുകയുണ്ടായി. ഏതു സമയവും വെടിയേൽക്കാവുന്ന യുദ്ധഭീതി നിറഞ്ഞ സിറിയയിലെ ജനങ്ങളുടെ പെരുമാറ്റം അത്ഭുതാവഹമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വഴിയിൽ കാണുന്നവർ അദ്ദേഹത്തെ ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്യുകയുണ്ടായി. മറിച്ച് സെർബിയയിലെ യാത്ര അത്ര സുഖകരമായ അനുഭവമായിരുന്നില്ല. അവിടെ വെച്ച് രണ്ടു തവണ അദ്ദേഹം മർദ്ദിക്കപ്പെടുകയും, ചില ദുഷ്ടന്മാർ അദ്ദേഹത്തെ കല്ലെറിയുകയും ചെയ്തു. 2011 ഡിസംബറിൽ പുറപ്പെട്ട സെനാദ് 314 ദിവസം കൊണ്ട് 5700 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു ഒക്ടോബർ 2012 ന് മക്കയിലെത്തുകയും ഹജ്ജ് നിർവഹിച്ച് സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.
ഇംഗ്ലണ്ടിലെ മാസ്റ്റഞ്ചറിൽ നിന്നും നാല്പതുകാരനായ ഫാഷൻ ഡിസൈനർ ഫരീദ് ഫെയാദി മക്കയിലേക്ക് ഹജ്ജിനുപോകാൻ ആഗ്രഹിച്ചു. എങ്ങനെ പോകണം എന്നതിനെ കുറിച്ചുള്ള ചിന്തകൾ അയാളിൽ പല വഴിക്കും സഞ്ചരിച്ചു. മുൻപ് പല രാജ്യങ്ങളിൽ സഞ്ചരിക്കുകയും ആഢംബര ഹോട്ടലുകളിലൊക്കെ താമസിക്കുകയും ചെയ്ത ഫരീദ് തന്റെ മക്കയിലേക്കുള്ള ഈ യാത്ര കാൽനടയാക്കാൻ തീരുമാനിക്കുന്നു. കുറച്ചുവർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ഒരു സ്പാനിഷ് സൃഹൃത്ത് പാരിസിൽ നിന്നും മക്കയിലേക്ക് നടത്തിയ കാൽനടയാത്രയാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ അയാൾക്ക് പ്രചോദനം നൽകിയത്. ഫരീദ് ക്യാൻസർ രോഗത്തെ അതിജീവിക്കുകയും പിന്നീട് ഒരു കിഡ്നി മാത്രമായി ജീവിക്കുന്ന വ്യക്തിയായിരുന്നു.
ഉറ്റവരും ഉടയവരുമൊക്കെ കാൽനടയാത്രയെ ആദ്യം നിരുത്സാഹപ്പെടുത്തി. പക്ഷെ ഹൃദയത്തിനുള്ളിൽ പതഞ്ഞുപൊങ്ങിയ അഭിനിവേശം അടക്കാൻ അയാൾക്കായില്ല. 2019 നവംബർ 3-ന് ലണ്ടനിൽ നിന്നും ഫരീദ് അവശ്യസാധനങ്ങളടങ്ങിയ ട്രോളിയും തള്ളി നടന്നു തുടങ്ങി. ഈ യാത്രയിൽ ‘ഇസ്ലാം സമാധാനത്തിന്റെ മതം’ എന്നൊരു സന്ദേശവും കൂടി പ്രചരിപ്പിച്ചു കൊണ്ട് രാജ്യാതിർത്തികൾ താണ്ടികടക്കാൻ അയാൾ നിശ്ചയിച്ചു.
അഞ്ച് ദിവസത്തെ കാൽനടയാത്രയ്‌ക്ക് ശേഷം ഡോവർ തുറമുഖത്ത് എത്തിയ ഫരീദ് അവിടെ നിന്ന് ഫ്രാൻസിലെ കാലായിസിലേക്ക് ഒരു ഫെറിയിൽ കയറി. ബ്രിട്ടൻ എന്ന ദ്വീപിനോട് അടുത്ത യുറോപ്യൻ തുറമുഖമാണ് കാലായിസ്. പിന്നീട് ഇറ്റലി, സ്ലൊവേനിയ, ക്രൊയേഷ്യ, ബോസ്നിയ, മോണ്ടിനെഗ്രോ, അൽബേനിയ, ഗ്രീസ്, തുർക്കി, ജോർദാൻ തുടങ്ങി 11 രാജ്യങ്ങളിലൂടെയുള്ള കാൽ നടയാത്ര. യാത്രാനുഭവങ്ങളെ കുറിച്ച് ഫരീദ് പറയുകയുണ്ടായി “യാത്ര ശരിക്കും മികച്ചതും സമ്പന്നവുമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. ഞാൻ ചെന്നെത്തിപ്പെടുന്നിടത്തെല്ലാം ജനങ്ങൾ സ്നേഹവും വാത്സല്യവും ചൊരിഞ്ഞു. അപരിചിതർ അവരുടെ വീടുകളിൽ എന്നെ സ്വീകരിച്ചു. എന്റെ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആളുകൾക്ക് അമ്പരപ്പായി. പ്രശംസകൾ കൊണ്ട് ശ്വാസം മുട്ടിച്ചു. ഫ്രാൻസ്, ബോസ്നിയ, ഇറ്റലി എന്നിവിടങ്ങളിലെ ഭക്ഷണശാലകൾ എന്റെ ഭക്ഷണത്തിന് പണം നൽകാൻ എന്നെ അനുവദിച്ചില്ല. അൽബേനിയയിൽ, ഒരു ഹോട്ടലിന്റെ ഉടമ എനിക്കായി ഒരു ജോഡി ഷൂസ് നൽകി; ജോർദാനിലും തുർക്കിയിലും മുതിർന്ന സർക്കാർ പ്രതിനിധികൾ എന്നെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഞാൻ മക്കയിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോൾ അവർ എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു. എല്ലാവരുടെയും ചിന്താശേഷിയും ഔദാര്യവും എന്നെ അതിശയിപ്പിക്കുന്നു”.
ലണ്ടൻ വിട്ടതിന് ശേഷം ഫരീദിന്റെ 27 കിലോ ഭാരം കുറയുകയുണ്ടായി.പ്രതിദിനം 30 മുതൽ 60 കിലോമീറ്റർ വരെ നടക്കുമായിരുന്നു.ഒരു ദിവസം കൊണ്ട് നടന്നതിൽ ഏറ്റവും ദൈർഘ്യമേറിയ ദൂരം 83 കിലോമീറ്ററാണ്.രാത്രി വിശ്രമം പകൽ നടത്തം ഇതായിരുന്നു രീതി. ഒരിക്കൽ, നിരവധി കാട്ടുപന്നികൾ ക്യാമ്പിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച സംഭവമുണ്ടായി മറ്റൊരവസരത്തിൽ പല്ലുകടിച്ചുകൊണ്ട് മുരളുന്നു ഒരു കൂട്ടം ചെന്നായ്ക്കൾ ഭയപ്പെടുത്തി കൊണ്ട് വളഞ്ഞ സംഭവം വരെയുണ്ടായി. അൽബേനിയയിലെ ഒരു ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ ഒരു നായയുടെ കടി ഫയാദി ഏൽക്കേണ്ടി വന്നു.
ഡോവറിൽ നിന്ന് കാലേസിലേക്കുള്ള കടത്തുവള്ളം കൂടാതെ, ഫെയാദിക്ക് കാൽനടയല്ലാത്ത ഒരു മാർഗ്ഗം കൂടി ആശ്രയിക്കേണ്ടി വന്നു. സിറിയയിലെയും ഇറാഖിലെയും അക്രമങ്ങൾ ഒഴിവാക്കാൻ തുർക്കി തലസ്ഥാനമായ അങ്കാറയിൽ നിന്ന് അമ്മാനിലേക്ക് വിമാനം കയറിയാത്ര ചെയ്യേണ്ടി വന്നതാണത്. അമ്മാനിലെത്തിയപ്പോൾ കോവിഡ് ശക്തമാവുകയും മൂന്നുമാസത്തോളം അവിടെ കുടുങ്ങിപ്പോവുകയും ചെയ്തു. പിന്നീട് യാത്ര തുടരാൻ കഴിഞ്ഞില്ല. ആ വർഷത്തെ ഹജ്ജ് കർശനനിയന്ത്രണങ്ങളിലായതിനാൽ അനുമതി ലഭിച്ചില്ല. അപ്പോഴെക്കും ലണ്ടനിൽ നിന്ന് 4600 കിലോമീറ്റർ കാൽനടയായി ഫെയാദി പിന്നിട്ടിരുന്നു.തന്റെ സമാധാന സന്ദേശത്തിനുപുറമെ, ലോകമെമ്പാടുമുള്ള കാൻസർ രോഗികളിൽ പ്രത്യാശ ഉണർത്താനും ഫെയാദി ആഗ്രഹിച്ചിരുന്നു. “ഞാൻ കിഡ്‌നി ക്യാൻസർ അതിജീവിച്ചയാളാണ്. കാൻസർ ബാധിച്ച് മറ്റൊന്ന് നഷ്ടപ്പെട്ട ഞാൻ ഒരു വൃക്കയുമായി ജീവിക്കുന്നു. മണിക്കൂറുകളോളം മഴയിലും മഞ്ഞിലും ഞാൻ നടന്നിട്ടുണ്ടെങ്കിലും എന്റെ ദൃഢനിശ്ചയം ഒരിക്കലും തെറ്റിയില്ല. ഒരാൾ ഒരിക്കലും പ്രതീക്ഷ കൈവിടരുത്, ”അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിലെ വോൾവർഹാംപ്ടണിൽ നിന്നും 2021 ഓഗസ്റ്റിൽ ആദം മുഹമ്മദ് എന്ന 52 കാരൻ ഇത്തവണത്തെ ഹജ്ജ് ലക്ഷ്യമാക്കി കാൽനടയായി പുറപ്പെടുകയുണ്ടായി. യാത്രക്കിടെ സെർബിയയിൽ വെച്ച് ഒരു തെരുവുനായ ആദമിനൊപ്പം കൂട്ടുകൂടി. ഇസ്താബൂൾ വരെ ആ നായ ആദം മുഹമ്മദിനെ അനുഗമിക്കുകയും ചെയ്തു. അസ്ഹാബുൽ കഹ്ഫിന്റെ ചരിത്രത്തെ ഓർമ്മിപ്പിക്കുന്ന ആ ചിത്രം ടർകിഷ് പത്രങ്ങളിൽ പലതിലും അച്ചടിച്ചു വരുകയുണ്ടായി.100 ഡിഗ്രി ചൂടിലും ഹൈവേയിലൂടെ തന്റെ 250 കിലോ ഭാര വണ്ടിയും തള്ളി നടക്കുന്ന അദ്ദേഹത്തിന് വഴിയരികിൽ നിന്ന് ആളുകൾ അഭിവാദ്യമർപ്പിക്കുന്നു, വെള്ളം കൊടുക്കുന്നു, ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു, ചിലർ ഭാരവണ്ടി തള്ളി സഹായിക്കുകയും ചെയ്യുന്നു. ഉറങ്ങാൻ വണ്ടിയിൽ സജീകരണമൊരുക്കിയിട്ടുണ്ട്, വൈദ്യുതിക്കായി സൗരോജ്ഞന പാനലും അദ്ദേഹം ഘടിപ്പിച്ചിരുന്നു. 22 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്ന ഒരു ഇറാഖി അഭയാർത്ഥിയാണ് താനെന്ന് പ്രസ്താവിച്ച മുഹമ്മദ് പറഞ്ഞു: “കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 ന് ഞാൻ എന്റെ യാത്ര ആരംഭിച്ചു. അടുത്ത ഹജ്ജ് കാലത്തെ ഞാൻ സ്വപ്നം കാണുന്നു. യാത്രപൂർണ്ണമാക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. എന്റെ വീട്ടിൽ നിന്ന് നടന്ന് മക്കയിലേക്ക് പോകാം എന്ന ശക്തമായ ഒരു ശബ്ദം എന്റെ ഉള്ളിൽ ഉടലെടുക്കുകയായിരുന്നു. ഈ ഉൾവിളിയെ എനിക്ക് അവഗണിക്കാൻ കഴിഞ്ഞില്ല. അത് ഒരു അഗ്നിപർവ്വതം പോലെ എന്റെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നു”. ഇറാഖി സൈന്യത്തിൽ ജോലിചെയ്തപ്പോൾ 1999 ലാണ് ആദം മുഹമ്മദിനെ യുദ്ധത്തടവുകാരനായി പിടിക്കപ്പെടുന്നത്.
2013-ൽ പാകിസ്ഥാനിൽ നിന്നുള്ള ഖർൽസാദ കസ്രത് റായി (6000 കിലോമീറ്റർ). 2018-ൽ ഇന്ത്യോനേഷ്യയിലെ ജാവയിൽ നിന്നും മുഹമ്മദ് ഖമീം (9000 കിലോമീറ്റർ). 2016-ൽ ബാഗ്ലൂരിൽ നിന്നും റഹ്മത്തുല്ലാഖാൻ. 2021-ൽ മൊറോക്കയിൽ നിന്നും മുഹമ്മദ് അൽ ഹംദൂനി എന്നിവരൊക്കെ ഈയടുത്ത കാലങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നും നടന്ന് ഹജ്ജിന് പോയവരിൽ വാർത്തകളിൽ ഇടംപിടിച്ചവരായിരുന്നു.പഴയ കാലത്ത് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ധാരാളം പേർ കാൽനടയായി ഹജ്ജിന് പോയിരുന്നതായി പഴമക്കാരിൽ നിന്നും
“ജനങ്ങള്‍ക്കിടയില്‍ നീ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക. കാൽനടയായും, എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും വിദൂരമായ സകല മലമ്പാതകളും കടന്ന് അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും.” (വി.ഖു 22:27) മനുഷ്യയാത്രയുടെ പ്രാചീന രൂപമാണ് കാൽനടയെന്ന അർത്‌ഥത്തിലായിരിക്കണം പദയാത്രയെ ആദ്യം എടുത്തുപറയുവാനുള്ള കാരണമെങ്കിലും വാഹനത്തിൽ യാത്ര ചെയ്യുന്നതിനെക്കാൾ അത് ശ്രേഷ്ഠമായതിനാലാണെന്ന് ഇമാം നസഫി അഭിപ്രായപ്പെടുന്നുണ്ട്.
ഇമാം ഇസ്ഹാഖ് റാഹവൈഹിയും ഈ അഭിപ്രായംത്തെ ശരിവെക്കുന്നതായി ഇമാം ഇബ്നു ഹജർ ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തിയിടുണ്ട്. ഹസ്രത്ത് ഇബ്രാഹിം നബിയും ഇസ്മാഈൽ നബിയും (അ) കാൽ നടയായി ഹജ്ജ് ചെയ്തിരുന്നുവത്രെ. എങ്കിലും യാത്രാസൗകര്യങ്ങൾ വിപുലമായുള്ള ഇക്കാലത്ത് വാഹനയാത്രയാണ് തിരുനബിയുടെ സുന്നത്തെന്ന് ഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെടുന്നു. ‘കാൽ നടയായും ഹജ്ജിനെത്തുവർ’ ഉണ്ടാകുമെന്ന വിശുദ്ധ ഖുർആനിലെ വാക്കിന്റെ ആമാനുഷികയെന്നോണം യാത്രക്ക് ആധുനികസൗകര്യങ്ങളുള്ള ഇക്കാലത്തും പലരിലൂടെയും പ്രസ്തുത വാക്ക് പുലർന്നു കൊണ്ടിരിക്കുന്നു എന്ന് കാണാം .
Add comment