Thelicham

ഇശ്ഖ് മിസ്‌കില്‍ മികൈന്തതോ യാ നബീ / ഇഷ്ടമുള്ളോരടുക്കല്‍ വരും കണ്‍മണീ

പുണ്യനബിയെ സ്വപ്‌നത്തില്‍ കാണുകയെന്നത് മുഹമ്മദീയ ഉമ്മതിന്റെ തേട്ടമാണ്. അതിനായി മാത്രം ഒരാള്‍ കുരുക്കഴിക്കുന്ന വിര്‍ദുകളേറെയാകും. പ്രത്യേകം ഓത്ത് കാണും. പാട്ടുകള്‍ വേറെയും. ആ മുഖം ഒന്ന് വെളിപ്പെടുകയെന്നത് തീരാത്ത ദുആയാകും. നിവൃത്തിവരാത്ത ഉത്തരവും. ‘വഫില്‍ മനാമി റുഅ് യതഹു’യെന്ന വാക്യം ചേര്‍ന്ന് വരുന്നതാകും ഓരോ ഇലാ ഹള്‌റതിയും.

തന്റെ ഹബീബിനെ ഒന്ന് സ്വപ്‌നത്തില്‍ കാണുക. അത് മാത്രമാകും പലരുടെയും സ്വപ്‌നം. ഒരുവട്ടമെങ്കിലും സാധ്യമായിക്കഴിഞ്ഞാല്‍ പിന്നെ അതു മാത്രമായിത്തീരും യാഥാര്‍ഥ്യം. സ്വപ്‌നമെന്ന വാക്കിന് ഒരു പരിമിതിയുണ്ട്. അത് അയാഥാര്‍ഥ്യത്തെ കുറിക്കുന്നതാണ് പൊതുവില്‍. എന്നാല്‍ ഇവിടെ കാഴ്ചക്ക് സ്വപ്‌ന-യാഥാര്‍ഥ്യങ്ങളെന്ന വേര്‍തിരിവ് ഇല്ലാതാകുന്നുണ്ട്. യാഥാര്‍ഥ്യം- അയാഥാര്‍ഥ്യം എന്നീ രണ്ട് വന്‍കരകളുടെ മജ്മഅ് രൂപപ്പെട്ടുവരുന്നു ഇവിടെ. ഇരു സമുദ്രങ്ങള്‍ക്കിടയില്‍ ഒരു ബര്‍സഖ് വെളിപ്പെട്ടു കാണുന്നു.

എന്നെ സ്വപ്‌നത്തില്‍ കണ്ടവന്‍ എന്നെ യഥാര്‍ഥത്തില്‍ കണ്ടുവെന്ന് തന്നെയാണ് ഹദീസ്. പിന്നീട് ഉണര്‍ച്ചയില്‍ കാണുമെന്ന് മറ്റൊരു റിപ്പോര്‍ട്ടും. യാഥാര്‍ഥ്യം, ഉണര്‍ച്ച എന്നീ ഗുണങ്ങള്‍ കൊണ്ട് അലങ്കാരം സാധ്യമായൊരു സ്വപ്‌നം. സാധാരണക്കാരെന്നോ അസാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ പലര്‍ക്കും അത് സാധ്യമായിട്ടുണ്ടെന്ന് ചരിത്രം.

ഇന്നും ആ ദര്‍ശനത്തിന്റെ മാത്രം ലഹരിയില്‍ ജീവിതത്തിലേക്ക് ഉണര്‍ന്നിരിക്കുന്നവരുടെ നീട്ടമാണ് നമ്മുടെ ഈ വര്‍ത്തമാനം.
ഭൂമിയില്‍ നിന്ന് ആദ്യമുയര്‍ത്തപ്പെടുന്ന മൂന്ന് കാര്യങ്ങളിലൊന്ന് അവിടത്തെ സ്വപ്‌നദര്‍ശനമാണെന്ന് വാരിദായിട്ടുണ്ട്. ഖുര്‍ആനും ഹജറുല്‍ അസ്‌വദുമാണ് മറ്റു രണ്ടെണ്ണം.

അഖീദതുല്‍ അവാം. ഇമാം അഹ്മദ് മര്‍സൂഖിയുടെ പദ്യരചന. ദീനിലെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാനായി ചെറുപ്പത്തിലേ പാടിപ്പഠിക്കുന്ന മന്‍ളൂമ. അതിലെ തുടക്കത്തിലെ ഇരുപത്തഞ്ചിലേറെ വരികളും ജനിക്കുന്നത് ഹബീബ് വന്ന ഒരു സ്വപ്‌നത്തിലാണ്. മുത്ത് നബിയില്‍ നിന്നാണവ ഇമാം ആദ്യമായി കേള്‍ക്കുന്നത്. ഉണര്‍ന്ന ശേഷവും ഇമാമിന് ആ വരികളെല്ലാം ഓര്‍മയിലുണ്ട്. തുടര്‍ന്നുള്ള സ്വപ്‌നസംഗമങ്ങളില്‍ അവ നബി തങ്ങളെ പാടിക്കേള്‍പ്പിക്കുന്നുമുണ്ട് ഇമാം മര്‍സൂഖി. പിന്നീടാണ് ബാക്കി വരികള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ സ്വന്തം രചന നടത്തുന്നത്.


ബൂസ്വീരി ഇമാമിന്റെ ബുര്‍ദ. അതുസംബന്ധമായ സ്വപ്‌നം മുസ്ലിംലോകത്ത് പ്രസിദ്ധമാണ്. ഖസ്വീദയിലെ ഒരു വരി ചൊല്ലിമുഴുമിപ്പിക്കാന്‍ കഴിയാതെ കുഴങ്ങുന്നുണ്ട് ഇമാം.

വ അന്നഹു ഖൈറുഖല്‍കില്ലാഹി കുല്ലിഹിമി എന്ന് നേരിട്ട് പാടിക്കൊടുത്താണ് ഹബീബ് ആ രംഗം പരിഹരിക്കുന്നത്. അതിനാലാണ് ബുര്‍ദയുടെ ജവാബില്‍ ഖൈരില്‍ ഖല്‍കി കുല്ലിഹിമിയെന്ന ഭാഗം ഇമാം ചേര്‍ത്തതെന്ന് പലരും വിശദീകരിക്കുന്നു.

ഈ ജവാബിന്റെ കൂടെക്കൂടെയുള്ള ആവര്‍ത്തനത്തില്‍ മാത്രമാണ് ബുര്‍ദയുടെ ഫലസിദ്ധി കിടക്കുന്നതെന്ന് പോലും പറയുന്ന ആരിഫുകളുമുണ്ട്.

ആദ്യകാലക്കാരും ആധുനികരുമായ പല മുസ്വന്നിഫുകളും തങ്ങളുടെ രചന അവസാനിപ്പിക്കുന്നത് ഹബീബിനെ സ്വപ്‌നം കണ്ടതിനെ കുറിച്ച് സൂചിപ്പിച്ചാണ്. രചന പൂര്‍ത്തിയായ ശേഷമുള്ള ഒരുറക്കത്തിലെ സ്വപ്‌നത്തില്‍ മുത്ത് നബി വന്നതും അവിടത്തെ തലയാട്ടിയതും ചിരിച്ചതുമൊക്കെയാവും പ്രസ്തുത സ്വപ്‌നങ്ങളുടെ പൊതുഉള്ളടക്കം. രചനക്കുള്ള അംഗീകാര പത്രമെന്നോണമാണ് ഇവ കിതാബുകളില്‍ വരാറ്.

നബിയെ സ്വപ്‌നം കാണുന്നതുമായി ബന്ധപ്പെട്ടും വലിയ ചര്‍ച്ചയുണ്ട് മുസ്ലിംലോകത്ത്. അല്ലാഹുവിന്റെ കോലത്തില്‍ വന്ന് ശൈത്വാന്‍ പല സമുദായങ്ങളെയും വഴിപിഴപ്പിച്ചിട്ടുണ്ടല്ലോ; അപ്പോള്‍ എന്തുകൊണ്ട് നബിയുടെ കോലത്തില്‍ അവന് വന്നുകൂടാ? ഇത് നമ്മുടെ നബിയുടെ മാത്രം പ്രത്യേകതയാണോ? സ്വപ്‌നം കണ്ടവന്‍ ഹഖീഖത്തില്‍ തന്നെ നബിയെ കണ്ടുവെന്നതിന്റെ വിവക്ഷയെന്ത്? സ്വപ്‌നം കണ്ടവന്‍ ഉണര്‍ച്ചയിലും കാണുമോ; അത് സ്വഹാബികളുടെ തുടര്‍ച്ചക്ക് കാരണമാകില്ലേ? സ്വപ്‌നത്തില്‍ കണ്ടുവെന്ന വിവരിച്ച പലരുടെയും ഉണര്‍ച്ചയിലെ കാഴ്ചയെക്കുറിച്ച് വിവരണം ലഭ്യമാകാത്തതെന്ത് കൊണ്ട്? സ്വപ്‌നത്തിലെ കല്‍പന ഒരു ഹുക്മായി വരുമോ? തുടങ്ങി വിശ്വാസ-നിദാന ശാസ്ത്രങ്ങളെ വരെ ചൂഴുന്ന തരത്തിലൊക്കെ പോകുന്നുണ്ട് ഈ ചര്‍ച്ച.

സ്വപ്‌നദര്‍ശനത്തിന് പ്രധാന വിഘ്‌നമായി വരുന്നത് അവിടുത്തെ സുന്നത്തിനെ അവഗണിക്കുന്നത് തന്നെയെന്ന് ഒട്ടുമിക്ക ഇമാമുകളും അഭിപ്രായപ്പെടുന്നു. അവിടത്തോടുള്ള അടങ്ങാത്ത ഇശ്ഖ്, അല്ലാഹുവോടുള്ള തഖ്‌വ തുടങ്ങി സ്വപ്‌നസമാനമായ ഗുണങ്ങളാണ് ഇക്കാര്യത്തില്‍ സഹായകരമാകുന്നത്. അവിടത്തെ സ്വപ്‌നത്തില്‍ കാണുന്നതും ഒരുപോലെയല്ല. ചിലര്‍ കാണുക ശമാഇലിലെല്ലാം വിവരിക്കപ്പെട്ട അതേ രൂപത്തിലാകും. ചിലര്‍ അങ്ങനെയാകില്ല. ചിലരുടെ സ്വപ്‌നം വ്യക്തമാകും, ചിലരുടേത് അവ്യക്തവും. ചിലര്‍ അവിടത്തെ ചിരിച്ചാവും കാണുന്നത്.

ചിലരാകട്ടെ കരഞ്ഞും. തങ്ങളുടെ നേരെ അവിടന്ന് മുന്നിട്ടുവരുന്നതായാകും ചിലപ്പോള്‍ കാഴ്ച. നേരെ തിരിച്ചുമാകാം. യുവാവും വൃദ്ധനുമൊക്കെയായി അവിടുന്ന് പ്രത്യക്ഷപ്പെടാം.

കാണുന്നവന്റെ ഇശ്ഖിനും ഈമാനും അനുസരിച്ചിരിക്കും ഈ ഏറ്റക്കുറച്ചിലുകളെന്ന് ആരിഫീങ്ങള്‍ വിശദീകരിക്കുന്നു. ഒരേ സാധനത്തിന് ചെറുതും വലുതും പൊട്ടിയതും അല്ലാത്തതുമായ വിവിധ കണ്ണാടികളില്‍ ഉണ്ടാകുന്ന പ്രതിഫലനം വ്യത്യസ്തമാകുമല്ലോയെന്ന് ലളിതമായി ഉദാഹരിക്കുക കൂടി ചെയ്യുന്നു അവര്‍.

അവിടുത്തെ ജീവിതകാലത്ത് നേരിട്ടുള്ള കാഴ്ചയിലുമുണ്ടായിരുന്നല്ലോ ഇതിനു സമാനമായ വ്യത്യാസം. അബൂമുഹമ്മദ് അലാഅ് തങ്ങളുടെ ഒരു സംഭവകഥയുണ്ട്. അവര്‍ പറയുന്നു: ഞാന്‍ മദീനയിലെത്തി. എനിക്ക് നല്ല വിശപ്പുണ്ട്. റൗളയില്‍ ചെന്ന് നബിയോടും രണ്ടു സ്വഹാബികളോടും ഞാന്‍ സലാം പറഞ്ഞു. എന്നിട്ട് നബിയോടായി പറഞ്ഞു. ‘നബിയേ, ഞാനിവിടെ എത്തിയിരിക്കുന്നു. എന്റെ ദാരിദ്ര്യവും വിശപ്പും അല്ലാഹുവിന് മാത്രമേ അറിയൂ. ഈ രാവില്‍ ഞാന്‍ അങ്ങയുടെ അതിഥിയാണ്’. അദ്ദേഹം തുടരുന്നു. അതുകഴിഞ്ഞ് ഞാന്‍ ഉറക്കമായി. സ്വപ്‌നത്തില്‍ ഞാന്‍ നബിയെ കണ്ടു. അവിടുന്ന് എനിക്ക് ഒരു റൊട്ടി തന്നു. അതിന്റെ പാതി ഞാന്‍ ഭക്ഷിച്ചു. ഞാന്‍ ഉണര്‍ന്നപ്പോള്‍ മറ്റേ പാതി എന്റെ കൈയില്‍ തന്നെയുണ്ടായിരുന്നു. അപ്പോഴാണ് എന്റെ സ്വപ്‌നം കണ്ടവര്‍ എന്നെ യഥാര്‍ഥത്തില്‍ തന്നെ കണ്ടിരിക്കുന്നുവെന്ന ഹദീസിന്റെ ഉള്ളടക്കം എനിക്ക് ബോധ്യംവന്നത്. സ്വപ്‌നം വഴി അവിടുന്ന് ഇടപെട്ട ഭൗതികസാഹചര്യങ്ങള്‍ പോലും രസകരമാണ്.

തങ്ങളുടെ രചനയിലെ ചില ഭാഗം പൂര്‍ത്തിയാക്കിയാണ് ചിലര്‍ക്ക് മുമ്പില്‍ അവിടുന്ന് പ്രത്യക്ഷപ്പെട്ടത്. ചിലര്‍ക്കാകട്ടെ രചന തുടങ്ങിക്കൊടുത്തത് തന്നെ അവിടുന്നാണ്. വിശന്നുകിടന്ന ചിലരെ അവിടുന്ന് സ്വപ്‌നത്തില്‍ ഭക്ഷിപ്പിച്ചു. ചിലര്‍ക്ക് അതികഠിനമായ രോഗങ്ങളില്‍ നിന്ന് ശമനം നല്‍കി. പലര്‍ക്കും അവരുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലെ അവ്യക്തതകള്‍ നീക്കിക്കൊടുത്തു. പല കൈവഴികളിലൂടെയാണ് ആ സാഫല്യം പുല്‍കുന്നത്.

ഭൗതികമായി തോന്നുന്ന ഇത്തരം രംഗങ്ങള്‍ക്കെല്ലാമതീതമായി, എപ്പോഴും അവിടുത്തെ മുശാഹദയിലായി കഴിയുന്ന ഉന്നതവ്യക്തിത്വങ്ങള്‍ എമ്പാടുമുണ്ട്. അവരുടെ അനുഭവങ്ങള്‍ കുറിക്കപ്പെടാതെ പോവാറാണ് പതിവ്. ഒരു നിമിഷം നബി തങ്ങളെ തൊട്ട് ഹിജാബ് വന്നാല്‍ ഞാന്‍ എന്നെ മുഅ്മിനായി എണ്ണുകയില്ലെന്ന തരത്തിലുള്ള മശാഇഖുമാരുടെ പ്രസ്താവന ഇക്കൂട്ടത്തിലാണ് വരിക. നബിയെ സ്വപ്‌നം കാണാന്‍ സാധ്യതയേറിയ ദിവസം, സമയം, അതിന് സഹായിക്കുന്ന പ്രത്യേക വിര്‍ദുകള്‍ തുടങ്ങി പലതും മുസ്വന്നിഫുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വപ്‌നസംബന്ധിയായ ഹികായതുകള്‍ പലതുമുണ്ട് മൗലിദുകളില്‍. ഉണര്‍ച്ചയിലും നബിതങ്ങളെ കാണാനാകുമെന്ന് ഇമാമുകള്‍ വ്യക്തമാക്കിയതാണ്. അപ്പറഞ്ഞതിന് വിവിധ അടരുകളിലുള്ള വിശദീകരണവുമുണ്ട്. എന്നാല്‍ ഈ അഭിപ്രായം മുന്നേതന്നെ എതിര്‍ക്കപ്പെട്ടതായും കാണാം. അവ്വിഷയം മുസ്ലിംലോകത്ത് വലിയ സംവാദമായി പില്‍ക്കാലത്ത് രൂപപ്പെട്ടിട്ടുമുണ്ട്.

ഫതാവല്‍ ഹദീസിയ്യയിലും ഇതു സംബന്ധമായ ചോദ്യോത്തരമുണ്ട്. ഉണര്‍ച്ചയിലെ പുണ്യനബിയുമൊത്തുള്ള തന്റെ സമാഗമം മറ്റുള്ളവരോട് തുറന്നു പറഞ്ഞു ചില ആരിഫുകള്‍. അതിന്റെ പേരില്‍ നാട്ടുകാരില്‍ നിന്ന് ക്രൂരമായ എതിര്‍പ്പ് നേരിട്ടു അവര്‍. സഹിക്കവയ്യാതെ, ജീവിതാവസാനം വരെ തങ്ങളുടെ ഒറ്റമുറിയിലടഞ്ഞു കൂടി കഴിയേണ്ടി വന്നു അവര്‍ക്ക്. അങ്ങനെയുമുണ്ട് ചില ഏടുകള്‍ പഴയകാല ചരിത്രത്തില്‍.

കിതാബുകളിലേത് ഇതുസംബന്ധിയായ ബൗദ്ധികചര്‍ച്ചയായി ചുരുങ്ങുന്നു പലപ്പോഴും; ഈ കുറിപ്പും അതേ. ഇതിനൊക്കെ അപ്പുറത്തു നില്‍പുണ്ട് ആശിഖുകളുടെ പ്രണയപ്രപഞ്ചം. തീരെ സാധാരണക്കാരാകും അവിടെ ഏറെയും. ഹൃദയത്തിന്റെ വെളുത്ത കിതാബില്‍ ഹബീബിനോടുള്ള ഇശ്ഖ് കൊത്തിവെച്ചവര്‍.

സദാ അവിടുത്തെ ഓര്‍മയിലായി കഴിയുന്നവര്‍. അവിടെ എല്ലാം കറങ്ങിത്തിരിയുന്നത് തിരുനബിയെ കേന്ദ്രമാക്കിയാണ്. അവരെ ഈ ചര്‍ച്ച ബാധിക്കുന്നേയില്ല, ഇതിലെ സങ്കീര്‍ണതകളും. അവര്‍ സല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്‌നത്തില്‍ കാണുന്നു. അതിനു മുമ്പെ അവരാ യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്നു. പല ആരിഫികളുടെയും പ്രവൃത്തിമണ്ഡലം തീരുമാനമാകുന്നത് തന്നെ ചില സ്വപ്‌നങ്ങളെ തുടര്‍ന്നാകും.

പലപ്പോഴും ഹബീബിന്റെ നിര്‍ദേശം അനുസരിച്ചാകുമത്. കാലക്രമത്തില്‍ അവിടം ശഹാദത്തിന്റെ മറ്റൊരു സ്വപ്‌നഭൂമികയായി മാറും. ഹബീബിനെ കാണേണ്ടവര്‍ അവിടെ എത്തിപ്പെടും. അതുവഴി പുണ്യനബിയെ ദര്‍ശിക്കുന്ന സ്വപ്‌നത്തിനൊരു ചാക്രികത കൈവരും. ഈമാനിന് അതിന്റെ ജൈവികതയും.





മര്‍ഹബാ യാ മുസമ്മില്‍ ജമാലേ
മസ്തകം താ പ്രപഞ്ചപ്രഭുവേ…

മൻഹർ യു.പി കിളിനക്കോട്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.

Solverwp- WordPress Theme and Plugin