Home » Article » ളുഹൂറെ നൂര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം

ളുഹൂറെ നൂര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം

[ദക്ഷിണേന്ത്യയിലെ ചിശ്തി ഖാദിരി സൂഫി വഴിയിലെ സുപ്രധാന എഴുത്തുകളില്‍ ഒന്നാണ് ശൈഖ് സയ്യിദ് മുഹമ്മദ് ശാഹ് മീര്‍ ബുഖാരി തങ്ങളുടെ [ 1671 – 1772 ] ‘ആസ്‌റാറെ തൗഹീദ്’ എന്ന കിതാബില്‍നിന്നുള്ള ‘ളുഹൂറെ നൂര്‍’ എന്ന ഭാഗം]

ളുഹൂറെ നൂര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം

അതിരറ്റ അഗണ്യമായ സ്വലാത്ത് സലാമുകള്‍ ആദരണീയരായ മുഹമ്മദ് മുസ്തഫ (സ)യുടെ മേല്‍ ഉണ്ടായിരിക്കട്ടെ. തങ്ങള്‍ ദാത്തിന്റെ നൂര്‍ ആകുന്നു.

قد جاءكم من الله نور وكتاب مبين
നിശ്ചയം നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കലില്‍നിന്നുള്ള നൂറും വ്യക്തമായ കിതാബും വന്നിരിക്കുന്നു. (അല്‍ മാഇദ – 15 )

തങ്ങള്‍ ദാത്തിന്റെ ആദ്യ ളുഹൂര്‍ [വെളിപെടല്‍] ആകുന്നു.
اول ما خلق الله نوری
ആദ്യമായി എന്റെ നൂറിനെയാണ് അല്ലാഹു സൃഷ്ടിച്ചത്.

തങ്ങള്‍ എല്ലാ സൃഷ്ടികളുടെയും മൂല ധാദു [അസ്ല്‍] ആകുന്നു.
انا من نور الله وكل شيء من نوري
ഞാന്‍ അല്ലാഹുവിന്റെ നൂര്‍ ആകുന്നു. സര്‍വ വസ്തുക്കളും എന്റെ നൂറില്‍നിന്നും ആകുന്നു എന്ന ഈ മഹല്‍വാക്യം ഈ യാഥാര്‍ഥ്യമാണ് വിവരിക്കുന്നത്.

മുഹമ്മദ് നബി (സ)യിലും അല്ലാഹുവിലും ഒരു വേര്പാടുമില്ല.
انا انت وانت انا, انا احمد بلا ميم, وانا عرب بلا عين

ഞാന്‍ ഏതോ, അത് തന്നെയാണ് താങ്കള്‍, താങ്കള്‍ ഏതോ അത് തന്നെയാണ് ഞാന്‍. ഞാന്‍ മീം ഇല്ലാത്ത അഹ്മദ് ആകുന്നു. ഞാന്‍ ഐന്‍ ഇല്ലാത്ത അറബ് ആകുന്നു. മേല്പറഞ്ഞ വിശദീകരണം തന്നെയാണ് ഈ വാക്യങ്ങളിലും പറയുന്നത്. എങ്കിലും ഒരു വിത്യാസം ശ്രദ്ദേയമാണ്. അത് അല്ലാഹുവിന്റെ സിഫത്ത് [ഗുണങ്ങള്‍] വഹീയത്തും റുബൂബിയത്തും ആകുന്നു എന്നതും മുഹമ്മദ് നബി (സ)യുടെ സിഫത്ത് ഉബൂദിയ്യത്തും റുബൂബിയത്തും ആകുന്നു എന്നതുമാകുന്നു. അബ്ദുഹൂ വ റസൂലുഹൂ എന്നത് ഇതിന്റെ തെളിവാകുന്നു. അബ്ദ് എന്നതിന്റെ അര്‍ഥം അടിമ എന്നതാണ്. അതായത് അല്ലാഹുവിനെ കൊണ്ട് നിലനില്‍ക്കുന്നതാണ്. അബ്ദ് സ്വയത്താല്‍ ഉള്ളതല്ല. അതിന്റെ വുജൂദും ഉണ്മയുമെല്ലാം അല്ലാഹുവിന്റേതാകുന്നു. അത് അല്ലാഹുവിനെ കൊണ്ട് മൗജൂദ് [നിലനില്‍ക്കുന്നത്] ആണ്. സ്വയത്താല്‍ മൗജൂദ് ആയതല്ല. ഫാനി ബിഖുദ്, ബാകി ബിഹഖ്. സ്വയത്താല്‍ ഇല്ലാത്തതും [ഫാനിയും] ഹഖിനാല്‍ നിലനില്‍ക്കുന്നതും [ബാക്കിയും] ആണ് മുഹമ്മദ് റസൂലുല്ലാഹ് (സ).

ദാത്ത് കീ ഖബര്‍ കാഇനാത്ത് കോ പൊഹ്ചനെ വാല
ഓര്‍ കാഇനാത്ത് കോ ദാത്ത് സെ മിലാനെ വാല

ഹഖിന്റെ ദാത്തിനെ കുറിച്ചുള്ള വിവരം പ്രപഞ്ചത്തിന് എത്തിച്ച് നല്‍കുന്നവര്‍, പ്രപഞ്ചത്തെ ദാത്തുമായി ബന്ധിപ്പിക്കുന്നവര്‍. അതാണ് മുഹമ്മദ് റസൂലുല്ലാഹ് (സ).

മുഹമ്മദ് റസൂലുല്ലാഹ് (സ)യെ അബ്ദ് എന്ന് പറഞ്ഞതുകൊണ്ട് തന്നെപോലെയാണ് എന്ന് ഇതില്‍നിന്നു മനസിലാക്കേണ്ട. അപ്രകാരമുള്ള ഒരു വിശ്വാസത്തെയല്ല ഇത് സൂചിപ്പിക്കുന്നത്. തങ്ങള്‍ അബ്ദ് ആണ് എന്നത് ഹഖിന്റെ ദാത്തിനോടുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. എന്നാല്‍ നിന്നോടുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ റബ്ബ് ആകുന്നു.

قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُواْ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُواْ مِن رَّحْمَةِ ٱللَّهِ
ഓ മുഹമ്മദ്, താങ്കള്‍ പറയുക, സ്വന്തം നഫ്സുകളുടെമേല്‍ അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ അടിമകളെ ! നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെതൊട്ട് നിരാശരാവരുത്. (അല്‍ സുമര്‍ – 53 )
ഈ അയത്തില്‍ മേലുദ്ധരിച്ച റബ്ബ് അബ്ദ് എന്നതിന്റെ വിവരണമാണ് ഉള്ളത്. ഹദീസില്‍  «إِنِّي لَسْتُ كَأَحَدِكُمْ،ഞാന്‍ നിങ്ങളില്‍ ഒരാളെപോലെയുമല്ല എന്നതും അതെ വിവരണത്തിന്റെ സൂചനയാണ്. മുഹമ്മദ് റസൂലുല്ലാഹി (സ) നമ്മെപ്പോലെ ഒരു മനുഷ്യനാണ് എന്നും മനസിലാക്കേണ്ട, ആദം (അ)യുടെ മകനാണ് എന്ന പൊതു ധാരണയും വച്ചുപുലര്‍ത്തണ്ട.
مَّا كَانَ مُحَمَّدٌ أَبَآ أَحَدٍۢ مِّن رِّجَالِكُمْ  (മുഹമ്മദ് നിങ്ങളില്‍ ആരുടെയും പിതാവല്ല – അല്‍ അഹ്‌സാബ് 40 ) മുഹമ്മദ് നബി (സ) നിങ്ങളില്‍ ആരുടേയും പിതാവല്ല എങ്കില്‍ ആരുടേയും മകനുമല്ല. അതായത് നിസംശയം ഞാന്‍ രൂപത്തില്‍ ആദം (അ)യുടെ സന്താനമാകുന്നു. എന്നാല്‍ ആദമിന്റെ ആന്തരീയം എന്റെ പിതൃത്വത്തിനു സാക്ഷിയല്ല. അതായത് ഹസറത്ത് ആദം (അ) അബുല്‍ ബഷര്‍, മാനവ പിതാവാണ്. മുഹമ്മദ് നബി (സ) ഖൈറുല്‍ ബഷറും [മനുഷ്യരില്‍ ഏറ്റവും സ്രേഷ്ടനും] അബുല്‍ അര്‍വ്വാഹും [ആത്മാക്കളുടെ പിതാവും]മാണ് എന്നതാണ് യാഥാര്‍ഥ്യം. നൂര്‍ മുഹമ്മദ് എന്ന അടിസ്ഥാനത്തില്‍ ആദം (അ)ഉം ആദം സന്തതികളും മുഹമ്മദ് നബി (സ)യുടെ ആത്മീയ സന്തതികള്‍ ആകുന്നു.
 قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ
ഓ മുഹമ്മദ്, പറയുക, ഞാന്‍ നിങ്ങളെപോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. (അല്‍ കഹ്ഫ് – 110 )

ഇത് അല്ലാഹു പറയുന്നതാണ്. നബിയെ താങ്കള്‍ പറയൂ, ഞാന്‍ മഅബൂദ് [ആരാധിക്കപെടുന്നവന്‍] അല്ല, മറിച് അല്ലാഹുവിനോടുള്ള ബന്ധത്തില്‍ നിങ്ങളെപ്പോലുള്ള അടിമയാകുന്നു. ഞാന്‍ ഇലാഹുമല്ല അടിമ മാത്രമാവുന്നു. അല്ലാഹുവിന്റെ റസൂല്‍ ആകുന്നു. നിങ്ങള്‍ സര്‍വ്വരും എന്നില്‍നിന്നുമാകുന്നു. ഞാന്‍ അല്ലാഹുവില്‍നിന്നുമാകുന്നു. അതായത് നിങ്ങള്‍ എല്ലാവരും എന്റെ നൂര്‍ ആകുന്നു, ഞാന്‍ അല്ലാഹുവിന്റെ നൂറുമാകുന്നു. ആയതിനാല്‍ സ്വയത്തെ എന്നില്‍നിന്ന് വേര്‍പെടുത്തി മനസിലാക്കേണ്ട. സ്വയത്തില്‍ത്തന്നെ നിങ്ങള്‍ എന്നെ ദര്‍ശിക്കൂ. അങ്ങിനെ അല്ലാഹു നിങ്ങള്‍ ഏവര്‍ക്കും ചെയ്ത ആ വലിയ അനുഗ്രഹത്തെ തിരിച്ചറിയൂ.

അവന്‍ പറയുന്നു: لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا  (തീര്‍ച്ചയായും സത്യവിശ്വാസികളുടെമേല്‍ അല്ലാഹു വലിയ അനുഗ്രഹം ചെയ്തിരിക്കുന്നു; അവരിലേക്ക് അവരുടെ ശരീരങ്ങളിനിന്നുതന്നെ ഒരു റസൂലിനെ നിയോഗിക്കുക വഴി – ആലുഇമ്രാന്‍: 164 )

അല്ലാഹുവിന്റെ സ്വലാത്ത് സലാമുകള്‍ തങ്ങളുടെ മേലും തങ്ങളുടെ കുടുംബങ്ങളിലും അനുചരന്മാരിലും അന്ത്യനാള്‍വരെ വര്‍ഷിച്ചുകൊണ്ടേയിരിക്കട്ടെ.

കെ. ടി ഹാഫിസ്

Add comment