പലസ്തീന്‍ ഒരു മുസ്ലീം പ്രശ്‌നമാണോ? പലസ്തീന്‍ വിഷയത്തിലുളള ഇസ്ലാമിക പ്രതികരണം എന്താണ്? മുഹമ്മദ് നബിയുടെ മാതൃക മുന്‍നിര്‍ത്തി പലസ്തീന്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യാം?
പലസ്തീന്‍ വിമോചന സമരങ്ങള്‍ പോലെ പ്രതിരോധങ്ങളിലെ പ്രവാചക വഴി വ്യക്തമാകുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രമേ നമുക്ക അഭിമുഖീകരിക്കാനാവൂ.
ഇസ്ലാമിന്റെ ലേബലില്‍ നടക്കുന്ന പല പോരാട്ടങ്ങളും അധാര്‍മികവും നയപരമായി സങ്കീര്‍ണ്ണവുമാണ്, കാരണം നാം അഭിമുഖീകരിക്കേണ്ട ധാര്‍മിക ആശയക്കുഴപ്പങ്ങള്‍ പ്രവാചകന്റെ സമയത്തിലും സന്ദര്‍ഭത്തിലും നിന്ന് വളരെ വ്യത്യസ്തമാണ്. എന്നാല്‍, പലസ്തീന്‍ വിഷയം അങ്ങനെയല്ല. പലസ്തീന്‍ ചെറുത്ത്് നില്‍പ്പ് പോരാട്ടങ്ങള്‍ പ്രവാചകന്റെ വിമോചക സമരങ്ങളിമായി വലിയ തോതില്‍ സാമ്യത പുലര്‍ത്തുന്നുണ്ട്.
പ്രവാചകനെ മാതൃകയാക്കുന്ന മുസ്ലീങ്ങള്‍ പ്രതിരോധത്തിലൂടെ നീതി തേടണോ, അതോ കീഴടങ്ങണോ, അതുമല്ലെങ്കില്‍ വിട്ടുവീഴ്ച ചെയ്യുകയും, കൂടുതല്‍ ശക്തനായ പീഡകന്റെ നിബന്ധനകള്‍ അംഗീകരിക്കുകയുമാണോ ചെയ്യേണ്ടത് എന്ന ചോദ്യത്തിന് നിയാമകവും മതപരവുമായ വ്യത്യസ്ത മാനങ്ങള്‍ ഉണ്ട്; വിശ്വാസികളായ മുസ്ലീങ്ങള്‍ക്ക്, നിയാമകമായ വിഷയങ്ങളില്‍ പ്രവാചകനാണ് അന്തിമ ഉത്തരം.
പ്രവാചകനെ അംഗീകരിക്കാത്ത മുസ്ലിമേതരര്‍ക്ക് അദ്ദേഹത്തിന്റെ മാതൃകയില്‍ നിന്ന് പ്രചോദനവും ശക്തിയും സത്യവും കണ്ടെത്താന്‍ കഴിയില്ലെന്നല്ല, കാരണം സര്‍വ്വശക്തനായ ദൈവം പ്രവാചകന് വെളിപ്പെടുത്തിയ മൂല്യങ്ങളും അധ്യാപനങ്ങളും മനുഷ്യ പ്രകൃതവുമായി ആഴത്തില്‍ താദാത്മ്യപ്പെടുന്നതും സാര്‍വത്രികവും എല്ലാ മനുഷ്യര്‍ക്കും ആക്‌സസ് ചെയ്യാവുന്നതുമാണ്. വിമോചന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന ഒരു മതമാണ് ഇസ്ലാം, കാരണം അത് സ്വേച്ഛാധിപത്യത്തെ അംഗീകരിക്കാനും കീഴടങ്ങാനും പ്രോത്സാഹിപ്പിക്കുന്നില്ല. ഫലസ്തീന്‍ വിഷയവും ഇതില്‍ നിന്ന്് ഒരു അപവാദമല്ല.
എഴുപത് വര്‍ഷത്തോളമായി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുകയും, ഒരു തുറന്ന ജയില്‍ പോലെ മോശമായ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കി തങ്ങളുടെ മതപരമായ ബന്ധത്തിന്റെ പേരില്‍ അവരെ ഉപദ്രവിക്കുകയും, സാമ്പത്തികമായും, മാനസികമായും തകര്‍ക്കാന്‍ വൃഥാ ശ്രമിക്കുന്ന, ‘പുല്ല് വെട്ടുന്ന’ ലാഘവത്തോടെ തങ്ങളെ വംശഹത്യ നടത്തുകയും ചെയ്യുന്ന ഒരു കൊളോണിയല്‍ അപ്പാര്‍ത്തീഡ് ഭരണകൂടത്തിന് കീഴിലാണ് പലസ്തീനികള്‍ ജീവിക്കുന്നത്. ഇസ്ലാമിന്റെ മൂന്നാമത്തെ പുണ്യ ദേവാലയമായ മസ്ജിദുല്‍ അഖ്സയിലേക്കുള്ള പ്രവേശനം മിക്ക മുസ്ലീങ്ങള്‍ക്കും വിശേഷിച്ചും പലസ്തീനികള്‍ക്കും പരിമിതപ്പെടുത്തുകയും പലപ്പോഴായി നിഷേധിക്കുകയും ചെയ്യുന്നു.
ഹെബ്രോണിലെ ഇബ്രാഹിമി പള്ളി ഇസ്രയേല്‍ വീണ്ടും ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ അല്‍ അഖ്‌സ കയ്യേറിയപ്പോഴാണ് സമീപകാല സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. ഇപ്പോഴത്തെ ഇസ്രായേലിന്റെ പൊതു മാനസികാവസ്ഥ കൂടുതല്‍ തീവ്രമായ പുതിയ വലതുപക്ഷ ഗവണ്‍മെന്റിന്റെ അധികാരാരോഹണത്തിലൂടെയും ‘അറബികള്‍ക്ക് മരണം’, ‘മുഹമ്മദ് മരിച്ചു’ എന്നീ ഭരണകൂടം വിളംബരം ചെയ്യുന്ന മുദ്രാവാക്യങ്ങളിലൂടെയും മുസ്ലീങ്ങളോട് വംശഹത്യപരമായ സമീപനം പുലര്‍ത്തുന്ന ഇന്ത്യ പോലുള്ള ഭരണകൂടങ്ങള്‍ക്കും തങ്ങളുടെ വംശഹത്യ താല്‍പര്യങ്ങള്‍ പരസ്യമാക്കുന്ന വലതുപക്ഷ കുടിയേറ്റക്കാര്‍ക്കും ഇസ്രായേല്‍ ഭരണകൂടം തന്ത്രപരമായ നല്‍കുന്ന പിന്തുണയില്‍ നിന്നും മനസിലാക്കാവുന്നതാണ്.
ഫലസ്തീന്‍ കേവലമൊരു മുസ്ലിം പ്രശ്‌നമായി കാണാവുന്നതല്ല. കാരണം ഇസ്‌റായീല്‍ അതിക്രമങ്ങളുടെ ഇരകള്‍ മുസ്സീങ്ങള്‍ മാത്രമല്ല, മറിച്ച് ഇസ്രായേല്‍ പലസ്തീനീ ക്രിസ്ത്യാനികളുടേയും മാനുഷികവും മതപരമായ അവകാശങ്ങള്‍ ലംഘിക്കുന്നുണ്ട്, കൂടാതെ ഇസ്രായേലിലെ വംശീയ വരേണ്യവര്‍ഗം വെള്ളക്കാരല്ലാത്ത ജൂതരോട് പോലും വിവേചനം കാണിക്കുന്നുണ്ട്. സെമിറ്റിക് ഇസ്ലാമിനെയും മുസ്ലീമിനെയും വെറുക്കുന്നതിനാല്‍ തന്നെ കടുത്ത ആന്റീ സെമിറ്റിക്ക് മനോഭാവമുള്ള ക്രസ്ത്യന്‍ സയണിസമാണ് ഇസ്രായേലിന്റെ സൃഷ്ടിക്കും വളര്‍ച്ചക്കും പിന്നിലെ നിര്‍ണായക ശക്തി. ഇതൊരു മുസ്ലീം-ജൂത പ്രശ്‌നമല്ല: കാരണം പലസ്തീനികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തക്കുന്ന പണ്ഡിതന്മാര്‍, ചരിത്രകാരന്മാര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയ പലരും ജൂത വംശജരാണ്. ഇസ്രായേലിന്റെ അതിക്രമങ്ങളെ വംശഹത്യ എന്ന് ഇസ്രായേലി ചരിത്രകാരന്മാര്‍ വരെ വിളിക്കുന്നുണ്ടെങ്കിലും, അറബ്-മുസ്ലീം രാഷ്ട്രങ്ങളുടെ നേതാക്കള്‍ തങ്ങളുടെ പലസ്തീനീ സഹോദരങ്ങളെ സഹായിക്കലും ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലികളായ മൂന്ന് ആരാധനാലയങ്ങളില്‍ ഒന്ന് സംരക്ഷിക്കലുമടക്കമുള്ള തങ്ങളുടെ മതപരമായ കടമകളില്‍ വ്യക്തിപരമായ, രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങള്‍ക്കായി വീഴ്ച്ച വരുത്തുന്നത് പതിവാണ്.
ഇസ്ലാമും പലസ്തീന്‍ പ്രശ്‌നവും വേര്‍തിരിക്കാനാവാത്തത് എന്ത് കൊണ്ടാണെന്ന് നമുക്ക് നോക്കാം. ഏതെങ്കിലും അധിനിവേശ ശക്തി പരിശുദ്ധ മദീന പിടിച്ചടക്കുന്നതില്‍ പിടിച്ചടക്കുകയും മദീനാ നിവാസികളെ പുറത്താക്കുകയും വിശ്വാസികളെ മദീന സന്ദര്‍ക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുന്നതില്‍ നിന്ന് തത്വത്തില്‍ വ്യത്യസ്തമല്ല അല്‍അഖ്‌സയിലെ ഇസ്‌റായേല്‍ അധിനിവേശം. അത്തരമൊരവസരത്തില്‍ മദീനയെ മോചിപ്പിക്കേണ്ടത് എല്ലാ മുസ്ലീങ്ങളുടെയും പരമപ്രധാനമായ കടമയായിരിക്കും; അത് പോലെത്തന്നെ മുസ്ലീകളെ സംബന്ധിച്ച് പരമപ്രധാനമാണ് അഖ്സ പള്ളിയും. അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം, നിര്‍ബന്ധിത വിശ്വാസത്തില്‍ നിന്നുള്ള സംരക്ഷണം എന്നിവ ഇക്കാലത്ത് ഇസ്ലാമിലെന്ന പോലെ എല്ലാവര്‍ക്കും സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ട അവകാശങ്ങളാണ്. ഇത്തരം അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനും ഇസ്ലാമിന് ഒരു പ്രത്യേക മാര്‍ഗമുണ്ട്, പ്രത്യേകിച്ചും അവകാശം ലംഘിക്കപ്പെട്ടവര്‍ മുസ്ലീങ്ങളാണെങ്കില്‍. ഉദാഹരണത്തിന്, ദിവസേനയുള്ള അഞ്ച് നേരത്തെ നിസ്‌കാരത്തിനുള്ള നിയന്ത്രണവും പ്രവാചക നിന്ദയും തീര്‍ച്ചയായും ഇസ്ലാമിക വിഷയങ്ങളാണ്. അല്‍-അഖ്‌സയെ ചുറ്റിയുള്ള പ്രദേശങ്ങളെ അല്ലാഹു ആറ് ഖുര്‍ആനിക വാക്യങ്ങളിലൂടെ മറ്റൊരു ദേശത്തിനും അവകാശപ്പെടാത്ത ബഹുമതിയെന്നോണം അനുഗ്രഹീതമായി പ്രഖ്യാപിക്കുന്നുണ്ട്. കൂടാതെ-അന്ത്യകാലത്തെക്കുറിച്ചുള്ള തന്റെ പ്രവചനങ്ങളില്‍, പ്രവാചകന്‍ അല്‍ അഖ്‌സ മസ്ജിദിനെ പ്രതിരോധിക്കാന്‍ പാടുപെടുന്നവരെ മറ്റുള്ളവര്‍ പതറിപ്പോകുമ്പോഴും സത്യത്തിനായി നിലകൊള്ളുന്ന ഭൂമിയിലെ അവസാനത്തെ ആളുകളായി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഈ ബഹുമതി മാത്രം മതി മസ്ജിദുല്‍ അഖ്സയുടെയും പരിസരങ്ങളുടെയും സംരക്ഷണത്തന്റെ പ്രാധാന്യം മനസിലാക്കാന്‍.
അല്‍-അഖ്‌സയെ സംരക്ഷിക്കാനുള്ള പലസ്തീന്‍ പോരാട്ടം മക്കക്കാര്‍ക്കെതിരായ പ്രവാചകന്റെ തന്നെ മാതൃകാപരമായ പോരാട്ടത്തോട് സാമ്യമുള്ളതാണ്. അനേകം ഖുര്‍ആനിക സൂക്തങ്ങളുടെ പശ്ചാതലമായ പ്രവാചകന്റെ ആ പോരാട്ടങ്ങളാണ് ചരിത്രത്തിലുടനീളം മുസ്ലീങ്ങള്‍ അവരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് ഒരു മാതൃകയായി കാണുന്നത്്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇസ്ലാമികമെന്ന പറയപ്പെടുന്ന പല പോരാട്ടങ്ങളും ഖുര്‍ആനിന്റെയും പ്രവാചകന്റെ സുന്നത്തിന്റെയും ധാര്‍മ്മിക അധ്യാപനങ്ങളെ യഥാര്‍ത്ഥത്തില്‍ അവമതിക്കുകയാണ് ചെയ്യുന്നത്. ഈ തിരിച്ചറിവ് കൂടുതല്‍ പ്രസക്തമാകുന്നത് പാശ്ചാത്യ വരേണ്യവര്‍ഗത്തിന്റെ അവസരവാദികളായ ചില മുസ്ലിം സ്വേച്ഛാധിപതികളുടെ മത വക്താക്കള്‍ നടത്തുന്ന പ്രവാചക അധ്യാപനങ്ങളുടെ ദുരുപയോഗമാണ്. ശത്രുക്കളോട് പോലും സന്ധിയാകണമെന്ന പ്രവാചക അധ്യാപനം അനുധാവനം ചെയ്യുന്നുവെന്ന വ്യജേന, വെസ്റ്റോക്‌സിക്കേറ്റഡ് അറബ് ഭരണകൂടങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഹുദൈബിയയിലടക്കം പ്രവാചകന്‍ കാണിച്ച മാതൃകയുടെ ലംഘനമാണ്. മുസ്ലീം രാഷ്ട് നേതാക്കളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്ക് ഇസ്ലാമിന്റെ മൂന്നാമത്തെ പുണ്യ ദേവാലയമായ അല്‍-അഖ്സയെ ചില്ലിക്കാശിന് വില്‍ക്കുന്നതിനേക്കാളും അന്താരാഷ്ട്ര നിയമങ്ങളെ ധിക്കരിച്ച് അധിനിവേശം തുടരുന്ന അപ്പാര്‍ത്തീഡ് ഭരണകുൂടവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിലും കൂടുതല്‍ മോശമായ വിധി മറ്റെന്തെങ്കിലും ഉണ്ടോ?
ഏകദേശം പതിമൂന്ന് വര്‍ഷത്തോളം മക്കക്കാര്‍ പ്രവാചകനെയും മതവിശ്വാസികളെയും പീഡിപ്പിക്കുകയും അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്ത ശേഷം, മുസ്ലീങ്ങള്‍ ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി സ്വയം സ്ഥാപിച്ച് മദീനയിലേക്ക് കുടിയേറി. മക്കയില്‍ അവര്‍ ഖുറൈശികളുടെ കാരുണ്യത്തില്‍ ഒരു കൂട്ടം വ്യക്തികള്‍ മാത്രമായിരുന്നപ്പോള്‍, മദീനയില്‍ അല്ലാഹു അവര്‍ നേരിടുന്ന പീഡനങ്ങളെ ചെറുക്കാനും അവരുടെ സന്ദേശം പ്രചരിപ്പിക്കാനും ആവശ്യമായ രാഷ്ട്രീയ ഏജന്‍സി നല്‍കി. തുടര്‍ച്ചയായ ഖുര്‍ആനിക ആയത്തുകള്‍ അവതീര്‍ണ്ണമാക്കി അവരെ ആദ്യം മക്കക്കാര്‍ക്കെതിരെ ചെറുത്ത്‌നില്‍ക്കാന്‍ അനുവദിക്കുകയും പിന്നീട് പോരാടാന്‍ കല്‍പ്പിക്കുകയും ചെയ്തു. മക്കാ ഖൂറൈശിക്കള്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഖുര്‍ആനിക പിന്‍ബലത്തോടെയുള്ള മതപരമായ മാനം കൈവന്നത് പീഡനം, വീടുകളില്‍ നിന്ന് പുറത്താക്കല്‍, സ്വത്ത് തട്ടിയെടുക്കല്‍, വിശുദ്ധ ഗേഹത്തിലേക്കുള്ള പ്രവേശനാനുമതി നിഷേധിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ മൂലമാണ്. പലസ്തീന്‍ വിമോചന പോരാട്ടങ്ങളിലേക്ക് നയിച്ചതും അത്തരം കാരണങ്ങള്‍ തന്നെയാണന്നത് അവക്ക് മതപരമായ സാധുത നല്‍കുന്നുണ്ട്.
പ്രത്യേകിച്ചും, മുഹമ്മദ് നബിയുടെ മദീനയിലേക്കുള്ള പലായനത്തിന്റെ രണ്ടാം വര്‍ഷത്തില്‍ സംഭവിച്ച ബദര്‍ യുദ്ധത്തിന്റെ കാരണങ്ങള്‍ ഇന്നത്തെ ഫലസ്തീന്‍ സാഹചര്യവുമായി അസാധാരണമായ സാമ്യം പുലര്‍ത്തുന്നുണ്ട്. മുന്നൂറോളം വരുന്ന സ്വഹാബികളും തുച്ഛമായ ആയുധങ്ങളും കേവലം രണ്ട് കുതിരകളും മാത്രമായി, മികച്ച സന്നാഹങ്ങളോട് കൂടിയ തങ്ങളുടെ മൂന്നിരട്ടി വരുന്ന ഖുറൈശി സൈന്യത്തെ പരാജയപ്പെടുത്തിയ ബദര്‍ ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായി മാറി. പങ്കെടുത്ത മുഴുവന്‍ സ്വഹാബികള്‍ക്കും പറുദീസാ വാഗ്ദാനം നല്‍ക്കപ്പെട്ട ബദറിനേക്കാള്‍ കൂടുതല്‍ ഇസ്ലാമികമായ വേറേത് പോരാട്ടം ഉണ്ടാകും. ബദര്‍ യുദ്ധത്തിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ പ്രസ്താവിക്കുന്ന വാക്യങ്ങളില്‍ ഈ യുദ്ധത്തിന്റെ കാരണങ്ങള്‍ അല്ലാഹു ദീര്‍ഘമായി വിവരിച്ചിട്ടുണ്ട്.
മക്കക്കാര്‍ക്കെതിരായ നടപടിയെ ന്യായീകരിച്ച കാരണങ്ങള്‍ അവലോകനം ചെയ്തു നോക്കാം. മദീനയിലെത്തി ഏതാനും മാസങ്ങള്‍ക്ക് ശേഷം, അല്ലാഹുവിന്റെ കല്‍പ്പന ഇറങ്ങി: അക്രമവിധേയരായിരിക്കുന്നു എന്ന കാരണത്താല്‍ യുദ്ധം അടിച്ചേല്‍പിക്കപ്പെടുന്നവര്‍ക്ക് തിരിച്ചടിക്കാന്‍ ഇതാ അനുമതി നല്‍കുകയാണ്. അവരെ സഹായിക്കുവാന്‍ കഴിവുള്ളവന്‍ തന്നെയാണ് അല്ലാഹു. തങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം, തീര്‍ത്തും ന്യായരഹിതമായി സ്വഗൃഹങ്ങളില്‍ നിന്ന് ബഹിഷ്‌കൃതരായവരത്രേ അവര്‍. ചിലയാളുകളെ മറ്റു ചിലരെ കൊണ്ട് അവന്‍ പ്രതിരോധിക്കുന്നില്ലായിരുന്നെങ്കില്‍ ഒട്ടേറെ സന്യാസീ മഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ജൂതസിനഗോഗുകളും ദൈവനാമം ധാരാളമായനുസ്മരിക്കപ്പെടുന്ന മസ്ജിദുകളും തകര്‍ക്കപ്പെട്ടിരുന്നേനെ. തന്നെ പിന്തുണയ്ക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും പിന്തുണയ്ക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാണ്.
ഇവിടെ, അല്ലാഹു മുസ്ലീങ്ങളോട് ചെറുത്തുനില്‍ക്കാന്‍ കല്‍പ്പിക്കുക മാത്രമല്ല, അടിച്ചമര്‍ത്തല്‍, ഭവനഭേദനം, വിശ്വാസം മൂലമുള്ള പീഡനം തുടങ്ങിയ ചെറുത്ത്‌നില്‍പ്പിലേക്ക് നയിച്ച കാരണങ്ങള്‍ കൂടെ വിശദമാക്കുന്നുണ്ട്. അടിച്ചമര്‍ത്തലിനെ ചെറുക്കാന്‍ ദൈവം ചില വിശ്വാസികളെ നിയോഗിച്ചില്ലായിരുന്നെങ്കില്‍, പള്ളികള്‍ മാത്രമല്ല, മറ്റെല്ലാ ആരാധനാലയങ്ങളും നശിപ്പിക്കപ്പെടുന്ന തരത്തില്‍ സ്വേച്ഛാധിപത്യം ഭൂമിയെ വിഴുങ്ങുമായിരുന്നു. ഈ ആയത്തുകള്‍ അവതീര്‍ണ്ണമായ അവസരത്തില്‍ സിനഗോഗുകളോ ആശ്രമങ്ങളോ ഭീഷണിയിലായിരുന്നില്ലെന്നത് സുവിദിതമാണ്.
പൊതുവേ, ഒരു ഖുര്‍ആനിക ആയത്തിന്റെ സവിശേഷമായ പശ്ചത്താലം, അതിന്റെ പൊതുവായ പ്രയോഗപരതയെ തടയുന്നില്ലെന്ന് മുസ്ലീം പണ്ഡിതന്മാര്‍ സമ്മതിക്കുന്നുണ്ട്, എന്നല്ല ഇതുപോലുള്ള ചില ആയത്തുകളുടെ പൊതു സ്വഭാവം വളരെ സ്പഷ്ഠവുമാണ് . അനീതിക്കും സ്വേച്ഛാധിപത്യത്തിനും കീഴ്‌പ്പെടുന്നത് സര്‍വ്വ മതങ്ങളുടെയും വിനാശത്തിലേക്ക് നയിക്കുമെന്ന യുക്തിയാണ് അത്തരം പോരാട്ടങ്ങളിലേര്‍പ്പെടാനുള്ള ദൈവിക കല്‍പനയുടെ അടിസ്ഥാനം.
സമാധാനമല്ല നീതിയാണ് പ്രധാനം
ബദര്‍ യുദ്ധാനന്തരം പ്രവാചകന്‍ ഖുറൈഷികളുടെ കച്ചവട സംഘങ്ങളെ തടയുകയും ഒന്നര വര്‍ഷത്തിനുള്ളില്‍ നാല് ചെറു സൈനിക സംഘങ്ങളെ അയക്കുകയും ചെയ്തു. നേരിട്ടുള്ള ഏറ്റുമുട്ടലിനേക്കാള്‍, മക്കക്കാരെ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാക്കാനാണ് പ്രവാചകന്‍ ശ്രമിച്ചത്. ഒരു വാണിജ്യ കേന്ദ്രമായതിനാല്‍ മക്ക അതിന്റെ അഭിവൃദ്ധിക്കായി കച്ചവട യാത്രാസംഘങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
മക്കയിലേക്കുള്ള പാതകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് പ്രവാചകന് തന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനും മുസ്ലീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ഇല്ലാതാക്കാനും കഴിഞ്ഞു.
അതിന്റെ ഭാഗമായി പ്രവാചകന്‍, യെമനില്‍ നിന്ന് പുറപ്പെട്ട ഖുറൈഷികളുടെ ഒരു യാത്രാസംഘത്തിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ അബ്ദുല്ലാഹി ബ്‌നു ജഹ്ഷിന്റെ നേത്രത്വത്തില്‍ ഒരു സംഘത്തെ നിയേഗിച്ചു. അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ആചാര പ്രകാരം നാല് വിശുദ്ധ മാസങ്ങളിലോ മക്കയുടെ ഹറം പ്രവിശ്യയിലോ യുദ്ധം പാടില്ലായിരുന്നു. ഈ പുരാതന ആചാരമാണ് അറേബ്യയില്‍ വ്യാപാരവും തീര്‍ത്ഥാടനവും തഴച്ചുവളരാന്‍ കാരണമായത്.
യുദ്ധം നിരോധിതമായിരുന്ന റജബ് അവസാനിക്കുന്നതിനു മുമ്പേ മക്കയിലെത്താന്‍ തിടുക്കം കൂട്ടിയ ഖുറൈഷി സംഘത്തെ ആക്രമിക്കാന്‍ മുസ്ലിം സംഘം തീരുമാനിച്ചു. മുുസ്ലീകള്‍ ആചാര ലംഘനം നടത്തിയതോടെ അറബികള്‍ക്കിടയിലെ അവരുടെ നല്ല പ്രതിച്ചായക്ക് ഭംഗം വന്നു. പൂര്‍വ്വ കാല ആചാരങ്ങളില്‍ എന്ത് നിലപാടാണ് ഇസ്ലാമിക കാലത്ത സ്വീകരിക്കേണ്ടതെന്ന ആശയക്കുഴപ്പം സ്വാഭാവികമാണ്, കാരണം വിശുദ്ധ മാസങ്ങള്‍ ഇസ്ലാമില്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ടോ എന്നകാര്യത്തില്‍ മതകീയ നിര്‍ദ്ദേശമൊന്നും ഉണ്ടായിരുന്നില്ല. പ്രവാചകന്റെ ഉത്തരവില്ലാതെ നടത്തിയ ആക്രമണമായതിനാല്‍ അത് അംഗീകരിക്കാന്‍ അദ്ധേഹം ആദ്യം തയ്യാറായില്ല, കാരണം അദ്ദേഹം അറബികളുടെ നല്ല ആചാരങ്ങളുടെ പവിത്രത സൂക്ഷിക്കാന്‍ താത്പര്യപ്പെട്ടിരുന്നു.’പവിത്രമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് താങ്കളോടവര്‍ ചോദിക്കുന്നു. പറയുക: അതില്‍ യുദ്ധം ചെയ്യല്‍ മഹാപാതകമാണ്. എന്നാല്‍ ദൈവ മാര്‍ഗത്തില്‍ നിന്നു ജനങ്ങളെ തടയലും അവനെ നിഷേധിക്കലും മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതുപരോധിക്കലും അതിന്റെയാളുകളെ അവിടന്നു ബഹിഷ്‌കരിക്കലും അല്ലാഹുവിങ്കല്‍ കൂടുതല്‍ ഗൗരവതരമത്രേ’ എന്ന ബഖറയിലെ ആയത്ത് ഇറങ്ങുന്നത് വരെ യുദ്ധാര്‍ജിത സമ്പത്ത് സ്വീകരിക്കാനും വിസമ്മതിച്ചു.
ഖുര്‍ആനിക വീക്ഷണത്തില്‍ യുദ്ധം അനിവാര്യമാകുന്ന കാരണങ്ങളില്‍ സ്വയം പ്രതിരോധം ഇല്ലായെന്നത് ശ്രദ്ധിക്കുക, കാരണം ബദറിന്റെ സമയത്ത് ഖുറൈഷികള്‍ മദീനയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതായി യാതൊരു സൂചനയും ഇല്ല. പ്രവാചകന്റെ ആത്യന്തിക ലക്ഷ്യം കേവലം ലൗകിക സമാധാനമോ നീതിയോ മാത്രമായിരുന്നില്ല. ആദ്യാന്തം അദ്ദേഹത്തിന്റെ ദൗത്യം സമാധാനപരമായി തന്റെ മത പ്രബോധനം നടത്തുകയെന്നതാണ്. എന്നിരുന്നാലും, അനീതിയെയും അതിക്രമങ്ങളെയും എതിര്‍ക്കാനും തിന്മകള്‍ നിര്‍മാര്‍ജനം ചെയ്യാനും സമാധാനപരമായ മത പ്രബോധനത്തിന് വഴിയൊരുക്കാനും പലപ്പോഴായി മുസ്ലിങ്ങള്‍ക്ക് ആയുധമെടുക്കേണ്ടി വന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പ്രവാചക ദൗത്യത്തിന് അനുശാസപരവും പ്രതിരോധപരവുമമായ വശങ്ങള്‍ ഉണ്ടായിരുന്നു. സ്വേഷ്ടപ്രകാരമുള്ള വിശ്വാസത്തിനെതിരില്‍ വരുന്നവരെയും സ്വേച്ഛാധിപത്യവും അടിച്ചമര്‍ത്തലും അവസാനപ്പിക്കാന്‍ വേണ്ടിയാണ് പ്രതിരോധാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്, തദ്ഫലമായി സായുധ മുന്നേറ്റങ്ങള്‍ നടത്തേണ്ടി വന്നു. മത പ്രബോധനമായിരുന്നു അനുശാസപരമായ രീതി.
ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യന് ചെയ്യാവുന്ന ഏറ്റവും വലിയ പാതകം ഏകദൈവവിശ്വാസ നിഷേധമാണ്. പക്ഷെ മത പ്രബോധന പാതയില്‍ ഒരു ബലപ്രയോഗവും നടത്താന്‍ പറ്റില്ലെന്ന ഖുര്‍ആനിക നിര്‍ദേശം ശ്രദ്ധേയമാണ്. സായുധ പോരാട്ടത്തിന്റെ ഉദ്ദേശ്യം ആരെയും ബലം പ്രയോഗിച്ച് പരിവര്‍ത്തനം ചെയ്യുക എന്നതല്ല, കാരണം മതത്തില്‍ ബലപ്രയോഗമില്ലെന്ന് അതേ സൂറത്തില്‍ വ്യക്തമായി പറയുന്നുണ്ട്. കൂടാതെ, ശത്രുക്കള്‍ ‘നീതിയുക്തവും സ്വീകാര്യവുമായ സമാധാനത്തിലേക്ക്’ ചായ്വ് കാണിക്കുകയാണെങ്കില്‍ ആയുധങ്ങള്‍ താഴെവയ്ക്കാനും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ സമയത്ത് അവതരിച്ച മറ്റൊരു അധ്യായത്തില്‍ പരജയ ഭീതി മൂലം സമാധാന സന്ധിയുണ്ടാക്കുന്നത് പ്രത്യേകമായി ഖുര്‍ആന്‍ നിരോധിച്ചു (ഖുര്‍ആന്‍ 47:35). പ്രവാചകന്‍ സ്ഥാപിക്കാന്‍ ശ്രമിച്ച സമാധാനം, നീതിയുക്തവും സ്വാതന്ത്രവുമായ മത പ്രബോധനത്തിനുള്ള അവകാശം കൂടിയാണ്.
പില്‍ക്കാലത്ത് നടന്ന യുദ്ധങ്ങളുടെ സ്വഭാവത്തെ നിര്‍ണയിച്ച ബദര്‍ യുദ്ധം, പ്രതിരോധാത്മകമോ പ്രകോപനരഹിതമായ ആക്രമണമോ ആയിരുന്നില്ല. പ്രവാചകന്റെ സന്ദേശം മക്കക്കാര്‍ നിരസിച്ചത് മൂലമോ അല്ല സായുധ പോരാട്ടത്തിന് അനുമതിയുണ്ടായത്. സൂറത്തുല്‍ മുംമ്തഹിനയില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായി വിവരിക്കുന്നുണ്ട്: ‘മതകാര്യങ്ങളില്‍ നിങ്ങളോട് അങ്കംവെട്ടാതിരിക്കുകയും സ്വഭവനങ്ങളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ പറ്റി, അവര്‍ക്ക് നന്മയും നീതിയും ചെയ്യുന്നതില്‍ അല്ലാഹു നിങ്ങളെ തടയുന്നില്ല; നീതിപാലകരെ അവന്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു. മതകാര്യങ്ങളില്‍ നിങ്ങളോട് അങ്കം വെട്ടുകയും സ്വഭവനങ്ങളില്‍ നിന്ന് നിങ്ങളെ ബഹിഷ്‌കരിക്കുകയും അതിനു സഹകരിക്കുകയും ചെയ്തവരോട് സൗഹൃദം പുലര്‍ത്തുന്നതേ അല്ലാഹു നിരോധിക്കുന്നുള്ളു. അവരോട് ആരെങ്കിലും സൗഹൃദം പുലര്‍ത്തുന്നുവെങ്കില്‍ അവര്‍ തന്നെയത്രേ അതിക്രമകാരികള്‍’. സമാധാന തത്പരരായ സത്യനിഷേധികള്‍ക്ക് നീതിയും ദയയും സ്വാതന്ത്ര്യവും ലഭിച്ചിരുന്നു . മക്കയിലെ ജീവിത കാലത്ത് തനിക്ക് അത്തരം നീതിപൂര്‍വ്വമായ പെരുമാറ്റമൊന്നും ലഭിച്ചിരുന്നെങ്കിലും നിരപരാധികളായ സാധാരണക്കാരെ കൊല്ലാനോ പകരം മറ്റുള്ളവരെ പീഡിപ്പിക്കാനോ തനിക്ക് ലഭിച്ച അനീതിയെ മുന്‍നിര്‍ത്തി പ്രവാചകന്‍ ഒരിക്കലും അനുവദിച്ചില്ല. ഹില്‍ഫുല്‍ ഫുദൂല്‍ പോലെയുള്ള സംഭവങ്ങള്‍ പ്രവാചകന്റെ നീതിബോധത്തിന്റെ ഉത്തമ ഉദാഹരണമാണ്.
പലസ്തീനികള്‍ക്കുള്ള പ്രവാചക പാഠങ്ങള്‍
പലസ്തീനികളും കശ്മീരികളും റോഹിംഗ്യകളും ഉയ്ഗുറുകളും തങ്ങളുടെ ചെറുത്ത്‌നില്‍പ്പ് പോരാട്ടങ്ങള്‍ നിര്‍ത്തി മര്‍ദക ഭരണകൂടങ്ങളും എതിരാളികളും മുന്നോട്ട് വെക്കുന്ന ഉപാധികളും അംഗീകരിക്കണോ? തങ്ങളുടെ ദൈവനിര്‍ദാവകാശങ്ങളും, മതത്തേയും വിശുദ്ധ മസ്ജിദും സംരക്ഷിക്കേണ്ടതിന്റെ റിസ്‌ക് എന്തിന് ഏറ്റെടുക്കണം? ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ച അറബ് രാഷ്ട്ര നേതാക്കാള്‍ കരുതുന്ന പോലെ എന്തുകൊണ്ട് ഇസ്രായേല്‍ ഭരണകൂടം പറയുന്നത് കേട്ട് തങ്ങളുടെ ചെറുത്ത്‌നില്‍പ്പ് പോരാട്ടങ്ങള്‍ നിര്‍ത്തിക്കൂടാ?
കഴിഞ്ഞ നൂറ്റാണ്ടില്‍ നേരിട്ട പരീക്ഷണങ്ങളില്‍ നിന്നും ചരിത്രപരമായ പിശകുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പ്രവാചകാധ്യാപനങ്ങളിലേക്ക് മടങ്ങാനാണ് മുസ്ലിം ലോകം ഇന്ന് ശ്രമിക്കുന്നത്.ഒരു പ്രവാചകന്‍ എന്ന നിലയില്‍, തന്റെ സമുദായത്തെ ബാധിക്കാവുന്ന പ്രതിസന്ധികളെയും അതില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികളെയും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. അത്തരമൊരു ഹദീസ് നോക്കാം: ഭക്ഷണം കഴിക്കുന്നവര്‍ വിളമ്പുന്ന വിഭവം പങ്കിടാന്‍ പരസ്പരം ക്ഷണിക്കുന്നത് പോലെ നിങ്ങളെ ആക്രമിക്കാന്‍ ആളുകള്‍ ഒരു ദിവസം പരസ്പരം വിളിക്കും. അപ്പോള്‍ ഒരു സ്വഹാബി ചോദിച്ചു: ‘അത് ആ സമയത്ത് ഞങ്ങളുടെ അംഗ സംഖ്യ കുറവായത് കൊണ്ടാണോ?’ അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങള്‍ വലിയ ഒരു കൂട്ടമായിരിക്കും. അല്ലാഹു നിങ്ങളുടെ ശത്രുവിന്റെ ഹൃദയങ്ങളില്‍ നിന്ന് നിങ്ങളോടുള്ള ഭയം എടുത്ത് കളയും, നിങ്ങളുടെ ഹൃദയങ്ങളില്‍ ഒരു ബലഹീനത വരുത്തുകയും ചെയ്യും. അവര്‍ ചോദിച്ചു: എന്താണ് ആ ദൗര്‍ബല്യം? അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ലൗകികതയോടുള്ള അമിത സ്‌നേഹവും മരണത്തോടുള്ള ഭയവുമാണത്.
ദൗര്‍ബല്യവും പ്രീണനവും മൂലമുള്ള വിട്ടുവീഴ്ച ശത്രുവിന് ധൈര്യം പകരുകയും അവന്റെ സ്വേച്ഛാധിപത്യം ശക്തിപ്പെടുത്തുകയും ചെയ്യും. നിര്‍ഭയത്വവും തികഞ്ഞ ദൈവവിശ്വാസവും ഏകീകൃതവും അച്ചടക്കമുള്ളതും നിരന്തരവുമായ പ്രവര്‍ത്തനംകൊണ്ട് മാത്രമാണ് കൂടുതല്‍ ശക്തിയുള്ള നെറികെട്ട എതിരാളിയെ സന്ധി സംഭാഷണങ്ങളിലേക്ക് കൊണ്ട് വരാനാവൂ. താരതമ്യേന എത്ര ശക്തനായാലും കുടിയേറ്റ- കൊളോണിയല്‍ ശക്തികള്‍ സമാധാന സന്ധിക്ക് സമ്മതിക്കുന്നതിന് മുമ്പേ സാമ്പത്തികമായും സൈനികമായും മാനസികമായും ദുര്‍ബലപ്പെടുത്തണം. ഇന്ന് ഏകദേശം രണ്ടു ബില്ല്യണ്‍ മുസ്ലിങ്ങള്‍ ദുര്‍ബലരായത് മൂലം നാം മദീനയിലേതിന് പകരം മക്കയിലെ പ്രവാചക പെരുമാറ്റമാണ് പിന്തുടരേണ്ടത്, കാരണം ഏത് ചെറുത്തുനില്‍പ്പും ആത്മഹത്യാപരമാണെന്ന വാദം തീര്‍ത്തും ബാലിശമാണ്. കാരണം ശത്രുക്കള്‍ക്ക് മുസ്ലിങ്ങളെ ആക്രമിക്കുകയും ഇരുവശത്തും വളരെയധികം രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനുമുളള സാധ്യതയുണ്ടായിരുന്നിട്ടും പ്രവാചകന്‍ ഹുദൈബിയയില്‍ സ്വീകരിച്ച തന്ത്രം സാഹസികമായിരുന്നുവെന്ന് ഓര്‍ക്കുക. അത്തരം നിലപാടുകള്‍ പ്രവാചകന് മാത്രമേ സ്വീകരിക്കാവൂ എന്ന് പറയാനാകില്ല, കാരണം മുന്‍പ്രവാചകന്മാരുടെ ജീവിതത്തെ മുന്‍നിര്‍ത്തി ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട് വിജയം വലുപ്പത്തെയോ ശക്തിയെയോ ആശ്രയിച്ചല്ല, മറിച്ച് ദൈവത്തിന്റെ പിന്‍ബലത്തെ ആശ്രയിച്ചാണ്.
പലസ്തീന്‍ വിഷയത്തില്‍ ഒരു സുപ്രധാന ചോദ്യമിതായിരിക്കും എങ്ങനെ ചെറുക്കണെമെന്ന നയം ആര് എപ്പോള്‍ സ്വീകരിക്കണം എന്നത്. സംഘടിതവും സുശക്തവുമായ ഒരു സമുദായ നേതൃത്വമില്ലാത്ത ഈ ഘട്ടത്തില്‍ തങ്ങളുടെ പോരാട്ട സംബന്ധമായ നയരൂപീകരണത്തിന് ഏറ്റവും അവകാശമുള്ളത്് ഇസ്‌റായീലീ അതിക്രമങ്ങളേയും അടിച്ചമര്‍ത്തലുകളേയും അതിജീവിച്ച് തളരാത്ത പോരാട്ടവീര്യവുമായി മസ്ജിദുല്‍ അഖ്‌സയെയും തങ്ങളുടെ ജന്മഭൂമിയേയും ചെറു കല്‍ചീളുകള്‍ കൊണ്ട് സംരക്ഷിരിക്കുന്ന പലസ്തീനികള്‍ തന്നെയാണ്.
ആഗോള തലത്തില്‍തന്നെ മുഖ്യധാരാ മാധ്യമ ആഖ്യാനങ്ങളില്‍ പലസ്തീനി ചെറുത്തനില്‍പ്പ് പോരാട്ടങ്ങളെ തീവ്രവാദവത്കരിക്കാന്‍ ശ്രമിക്കുന്നതായി കാണാം. എന്നിരുന്നാലും, മുസ്ലിം ബഹുജനങ്ങളുടെ ആത്മാര്‍ഥമായ പിന്തുണയുടെയും പ്രാര്‍ഥനകളുടെയും ഫലമായും സോഷ്യല്‍ മീഡിയയിലടക്കം ലോകമെമ്പാടുമുള്ള പൊതുജന പിന്തുണയുടെയും സഹായത്തോടെ, പലസ്തീനി വിമോചന പോരാട്ടങ്ങള്‍ മുഖ്യധാരാ ആഖ്യാനത്തെ അത്ഭുതകരമായി അതിജയിക്കാന്‍ തുടങ്ങിയിരിക്കുന്നു. യഥാര്‍ഥത്തില്‍, നിഷ്ഠൂര ഭരണകൂടങ്ങളെ എങ്ങനെ ചെറുക്കണമെന്ന് ലോകത്തിന് കാണിച്ചുനല്‍കാന്‍ പലസ്തീന്‍ പോരാട്ടത്തിന് കഴിഞ്ഞിട്ടുണ്ട്. പലസ്തീനി വിമോചക പ്രസ്ഥാനങ്ങളോട് ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുസ്ലീം ലോകം ബോധവാന്മാരാകേണ്ടതുണ്ട്്.
സംഘടിതമായ സാമുദായിക നേതൃത്വത്തിന്റെ അഭാവത്തില്‍ ചുരുക്കം ചില നയങ്ങള്‍ മാത്രമേ പ്രായോഗികവത്കരിക്കാനാവൂ. പ്രവാചക നയമായ സാമ്പത്തിക സമ്മര്‍ദ്ദമെന്ന ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗമാണ്് പലസ്തീനികള്‍ പലപ്പോഴായി സ്വീകരിച്ചിട്ടുള്ളത്.
2005-ല്‍, ബഹിഷ്‌കരണം, ഡൈവെസ്റ്റ്മെന്റ്, ഉപരോധം (ബിഡിഎസ്) പ്രസ്ഥാനത്തിന്റെ സാമ്പത്തിക സമ്മര്‍ദ്ദം മൂലം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതമായി. അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെ ദക്ഷിണാഫ്രിക്കയിലെ അടിച്ചമര്‍ത്തപ്പെട്ട കറുത്ത വര്‍ഗക്കാരുടെ വര്‍ണവിവേചന വിരുദ്ധ പ്രസ്ഥാനം സമാധാനപരമായി നടത്തിയ പോരാട്ടത്തിന്റെ മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രസ്ഥാനം ഉടലെടുക്കുന്നത്. 1959 ല്‍ ഭരണകൂട ബഹിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തുടങ്ങിയ പ്രസ്ഥാനം ഒരു ആഗോള ശക്തിയായി വളര്‍ന്ന് 1993 ഓടെ അതിന്റെ ലക്ഷ്യങ്ങള്‍ നേടി. ആദ്യം, എല്ലാ പാശ്ചാത്യ രാഷ്ട്രങ്ങളും എതിര്‍ത്തെങ്കെലും, ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കിടയില്‍ അത് നേടിയ പിന്തുണയോടെ പ്രസ്ഥാനം വിജയകരമായെന്ന് മാത്രമല്ല, അത് വിമോചക സംഘങ്ങളെ കുറിച്ചുളള മാധ്യമ ആഖ്യാനങ്ങളെ പൊളിച്ചെഴുതുകയും ആഗോള തലത്തില്‍തന്നെ അടിച്ചമര്‍ത്തപ്പെട്ട ആളുകള്‍ക്ക് പ്രചോദകമാവുകയും ചെയ്തു.
വിമോചന സമരങ്ങളില്‍ സമ്പദ് വ്യവസ്ഥ പ്രധാനമാണ്; സൈനികമായ ചെറുത്ത്‌നില്‍പ്പിന് കഴിയാത്തത് സാമ്പത്തിക ഉപരോധങ്ങളിലൂടെ നേടാന്‍ കഴിയും. അതുകൊണ്ടാണ് ഇസ്രയേല്‍ ഭരണകൂടം ബിഡിഎസ് പ്രസ്ഥാനത്തെ ഭയപ്പെടുന്നതും വടക്കേ അമേരിക്കന്‍- യൂറോപ്പ്യന്‍ ലോബികളിലൂടെയും നയരൂപകര്‍ത്താക്കള്‍ വഴിയും ബിഡിഎസിനെ പിന്തുണയ്ക്കാന്‍ ധൈര്യപ്പെടുന്ന എല്ലാവരെയും ശിക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ പ്രേരിപ്പിക്കുന്നതും. യഹൂദരും മറ്റെല്ലാ മതവിശ്വാസികളും ഉള്‍പ്പെടുന്ന നീതിക്കായുള്ള ബിഡിഎസ് പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഇസ്രായേല്‍ പതിവായി വ്യാജ ജൂതവിരുദ്ധ ആരോപണങ്ങള്‍ നടത്താറുണ്ടെന്ന പല ജൂത പണ്ഡിതന്മാര്‍ തന്നെ ആരോപിച്ചിട്ടുണ്ട്്. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം വ്യാജ ആന്റി സെമിറ്റിക് ആരോപണങ്ങള്‍ യഥാര്‍ത്ഥത്തില്‍, പാശ്ചാത്യരാജ്യങ്ങളിലടക്കം തീവ്ര പ്രശ്‌നമായി നിലനില്‍ക്കുന്ന യഥാര്‍ത്ഥ ജൂതവിരുദ്ധതക്ക് വളമാവുകയും, ആത്യന്തികമായി ജൂത സമൂഹത്തിന് തന്നെ ദ്രോഹപരമാവുകയുമാണ് ചെയ്യുന്നത്.
പലസ്തീന്‍ സംഘര്‍ഷത്തിന്, വിശ്വാസി ഹൃദയത്തിന് മാത്രം അനുഭവിക്കാന്‍ കഴിയുന്ന മറ്റൊരു ത്രെഡ് കൂടിയുണ്ട്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ‘ഏറ്റവും വിദൂരത്തുളള പള്ളി’ സന്ദര്‍ശിക്കാനും അതില്‍ പ്രാര്‍ഥന നിര്‍വഹിക്കാനും കൊതിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. തീര്‍ച്ചയായും, വിശുദ്ധ ഭൂമി കാണുന്നത് ലോകത്തേക്കാളും അതിലെ എല്ലാറ്റിനെക്കാളും ഒരു വിശ്വാസിക്ക് പ്രിയപ്പെട്ടതായിത്തോന്നുന്ന ഒരു കാലം വരുമെന്ന പ്രവാചക വചനം സുനനു അബീദാവൂദില്‍ കാണാം. അത് സന്ദര്‍ശിക്കാന്‍ കഴിയാത്തവര്‍, അതിന്റെ വിളക്കുകള്‍ കത്തിക്കാന്‍ കുറച്ച് എണ്ണയെങ്കിലും അയയ്ക്കണമെന്ന് ആ ഹദീസീല്‍ തന്നെ പ്രവാചകന്‍ പറയുന്നുണ്ട്. അല്‍-അഖ്സയിലെ വിളക്കുകളില്‍ എണ്ണ അയയ്ക്കുന്നത് ആരാധനാപരമായ ഒരു പ്രവൃത്തിയാണെങ്കില്‍, തീര്‍ച്ചയായും അത് അനധികൃതമായി കൈവശപ്പെടുത്തുന്നവരുടെ എണ്ണ ബഹിഷ്‌കരിക്കുന്നതും ഒരു ആരാധനാ കര്‍മമാകുമല്ലോ.
ഹിജ്‌റ എട്ടാം വര്‍ഷം മക്കക്കാര്‍ക്കെതിരെ നേടിയ ആത്യന്തിക വിജയത്തിന്റെ നിമിഷത്തില്‍, പ്രവാചകന്‍ കാണിച്ച മാതൃക നമുക്ക് അമൂല്യമായ പാഠമാണ് പകര്‍ന്ന നല്‍കുന്നത്. തന്നെ നിരന്തരം പീഡിപ്പിക്കുകയും അക്രമിക്കുകയം ചെയ്ത ശത്രു പരാജിതരായപ്പോള്‍ അവരെ ആദരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത പ്രവാചക മാതൃകയാണ് പല ഖലീഫമാരും നിരവധി മുസ്ലിം കമാന്‍ഡര്‍മാരും പില്‍ക്കാലത്ത് പകര്‍ത്തി വെച്ചത്. ആറു നൂറ്റാണ്ടുകള്‍ക്കുശേഷം മുസ്ലിങ്ങളെയും യഹൂദന്മാരെയും സഹക്രിസ്ത്യാനികളെയും പോലും കൂട്ടക്കൊല ചെയ്ത കുരിശുയോദ്ധാക്കാളുടെ പരാജയ ഘട്ടത്തില്‍ ഐതിഹാസികമായ ക്ഷമാവചനം നടത്താന്‍ സ്വലാഹുദ്ധീന്‍ അയ്യൂബിയെ പ്രാപ്തനാക്കിയതും ആ പ്രവാചക പാഠമാണ്.
അപ്പോള്‍, തങ്ങള്‍ നേരിടുന്ന അനീതിക്കെതിരെ ശബ്ദിക്കാതെ, അതിക്രമങ്ങളെ ചെറുക്കാതെ അപമാനകരമായ സമാധാനത്തിന് കീഴ്പ്പെടണമെന്ന് മുസ്ലിങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന മധ്യ പൗരസ്ത്യ മേഘലയിലെ സ്വേച്ഛാധിപതികള്‍ ഖുര്‍ആനിന്റെയും പ്രവാചകന്റെ അനുഗ്രഹീത ദൗത്യത്തിന്റെയും എല്ലാ സന്ദേശങ്ങളും വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. നീതിയില്ലാതെ സമാധാനം പുലരില്ല എന്ന ഇസ്ലാമിക സന്ദേശത്തിന്റെ ലംഘനമാണ് അവര്‍ നടത്തുന്നത്.
Add comment