Thelicham

ഉത്തരേന്ത്യന്‍ മദ്‌റസകളുടെ സമകാലിക പ്രസക്തി

അറിവും ജ്ഞാനവുമാണ് സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നത്. അതിന്റെ സുഗമമായ കൈമാറ്റം സാധ്യമാക്കുന്ന ഇടങ്ങളാണ് പള്ളിക്കൂടങ്ങളും പാഠശാലകളും. ഈ പ്രക്രിയയില്‍ കേന്ദ്രസ്ഥാനം വഹിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് മദ്‌റസകള്‍. മദ്‌റസകളെന്നാല്‍ മുസ്ലിം സമൂഹത്തിന്റെ ജ്ഞാനോല്‍പാദനപരമായ പ്രക്രിയകളെ സാധ്യമാക്കുന്ന ഇടങ്ങളാണ്.

കേവലം പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നതിലുപരി അതിന്റെ അര്‍ഥ വ്യാപ്തി പ്രവിശാലമാണ്. ഇന്ത്യയിലെ മുസ്ലിം മത വിദ്യാഭ്യാസ കേന്ദ്രങ്ങളെക്കുറിച്ചും മദ്‌റസളെക്കുറിച്ചും ആഴത്തില്‍ ഗവേഷണം നടത്തിയ പ്രശസ്ത ചരിത്രകാരിയുമായ ബര്‍ബറ ഡി മെറ്റ്കാഫ് മദ്‌റസ എന്ന പദത്തിന്റെ വ്യാപ്തിയെക്കുറിച്ചും അതിന്റെ ഉപയോഗങ്ങളെക്കുറിച്ചും രേഖപ്പെടുത്തുന്നതിങ്ങനെയാണ്: ”മദ്‌റസ എന്ന പദം ഇന്ത്യയില്‍ വ്യത്യസ്തതരം സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. അയല്‍പക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് അക്ഷരമാല പഠിപ്പിച്ചുകൊടുക്കുന്ന പള്ളിക്കൂടങ്ങള്‍ മുതല്‍ മതപഠനത്തോടൊപ്പം പ്രാഥമികസര്‍ക്കാര്‍ വിദ്യാഭ്യാസവും നല്‍കുന്ന സ്ഥാപനങ്ങള്‍, ഭൗതിക വിഷയങ്ങളോടൊപ്പം ഉന്നത മതപഠനം സാധ്യമാക്കുന്ന വിദ്യാകേന്ദ്രങ്ങള്‍ എന്നിങ്ങനെ തുടങ്ങി ഇന്ത്യയിലെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ മഹത്തായ സൂക്ഷിപ്പു കേന്ദ്രങ്ങളായി വര്‍ത്തിച്ച ഉന്നത കലാലയങ്ങള്‍ക്കുവരെ മദ്‌റസ എന്ന പേര് പ്രയോഗത്തിലുണ്ട്. അടുത്തകാലം വരെ ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിന് പേരുകേട്ട മദ്‌റസകള്‍ ഉണ്ടായിരുന്നു. മധ്യേഷ്യ, അഫ്ഗാനിസ്ഥാന്‍, മലേഷ്യ, സൗത്താഫ്രിക്ക തുടങ്ങിയ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പഠിതാക്കള്‍ ഇത്തരം മദ്‌റസകളിലെ വിജ്ഞാന സമ്പാദനത്തിന്നായി ഇന്ത്യയിലേക്ക് എത്തിയിരുന്നു.

ഈയടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മദ്‌റസകള്‍ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കണമെന്നും മദ്‌റസകള്‍ അടച്ചുപൂട്ടണമെന്നുന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമാക്കുകയും ചെയ്തിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ എഴുത്ത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍.സി.പി.സി.ആര്‍) അധ്യക്ഷന്‍ സംസ്ഥാന സെക്രട്ടറിമാര്‍ക്കയച്ച റിപ്പോര്‍ട്ടിലാണ് ഈ വിവാദ പരാമര്‍ശം അടങ്ങിയിട്ടുള്ളത്. അബദ്ധ ജടിലമെന്നും തെറ്റിദ്ധാരണാജനകമെന്നുമുള്ള സ്വാഭാവിക പ്രതികരണങ്ങള്‍ക്കപ്പുറം വിദ്വേഷത്തിന്റെ മറ പറ്റിയാണ് ഈ റിപ്പോര്‍ട്ടെന്ന് വ്യക്തമാണ്.

മദ്‌റസാ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും അതിനായുള്ള ഫണ്ടുകള്‍ നിര്‍ത്തലാക്കണമെന്നുമായിരുന്നു പ്രധാനപ്പെട്ട നിര്‍ദ്ദേശം. മദ്‌റസകള്‍ പീഡന കേന്ദ്രങ്ങളാണെന്നും അവിടെ പഠിപ്പിക്കപ്പെടുന്നത് മതാധിപത്യം ആണെന്നുമടക്കമുള്ള കാലങ്ങളായി വര്‍ഗീയശക്തികള്‍ പടച്ചുവിട്ടിരുന്ന ആരോപണങ്ങളെ ബാലാവകാശ കമ്മീഷന്‍ ഏറ്റെടുത്തത് തന്നെ വലിയ പ്രഹസനമാണ്. റിപ്പോര്‍ട്ടിന്റെ തലക്കെട്ട് വായിച്ചാല്‍ തന്നെ ഇത് വ്യക്തമാകും. മദ്‌റസകള്‍ വിശ്വാസത്തിന്റെ സംരക്ഷകരോ അവകാശ ധ്വംസകരോ എന്ന വളരെ കാല്പനികമായ തലക്കെട്ടാണ് റിപ്പോര്‍ട്ടിന് നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ ഗൗരവ സ്വഭാവത്തിനും ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലക്കുള്ള അതിന്റെ ചട്ടങ്ങളുമനുസരിച്ചും ഈ തലക്കെട്ടിലെ അനൗചിത്യം പ്രത്യേകം പറയേണ്ടതില്ല.

മദ്‌റസകളെ കുറിച്ചും ഇസ്‌ലാമിക പാഠശാലകളെ കുറിച്ചും സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇല്ലാകഥകളാണ് ഇത്തരത്തില്‍ ഒരു മോശം പരിവേഷം മദ്‌റസകള്‍ക്ക് നല്‍കുന്നത്. ഇതൊരു നിസ്വാര്‍ത്ഥമായ ഇടപെടല്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. വിദ്യാഭ്യാസത്തിനുള്ള അവകാശം എന്ന നിലക്ക് ആണെങ്കില്‍ ഇതിലും ഗൗരവതരമായ ഒരുപാട് നിഷേധങ്ങള്‍ ഈ രാജ്യത്ത് ഇപ്പോഴും നിലവിലുണ്ട്. ഇന്ത്യയെന്ന ഈ മഹാരാജ്യത്തെ വലിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും അടിസ്ഥാനപരമായ സൗകര്യങ്ങള്‍ ലഭ്യമാവാത്തതുകൊണ്ടോ സാഹചര്യങ്ങളുടെ അഭാവം കൊണ്ടോ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന അവകാശം നിഷേധിക്കപ്പെട്ട് കഴിയുന്നുണ്ട്. ഇത് നേരിട്ട് അനുഭവിച്ചറിയണമെങ്കില്‍ യുപി, ബിഹാര്‍, ആസാം അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഒരു സന്ദര്‍ശനം നടത്തിയാല്‍ മതി. ഇവരോടൊന്നും ഇല്ലാത്ത സഹതാപം മദ്‌റസകളോട് മാത്രം ഉണ്ടാകുന്നിടത്താണ് കാര്യം കിടക്കുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷമാണ് മദ്‌റസകള്‍ക്കെന്നല്ല മുസ്‌ലിം സമൂഹത്തിന് തന്നെ അവകാശങ്ങള്‍ അല്പമെങ്കിലും കാര്യക്ഷമമായി ലഭിച്ചു തുടങ്ങിയത്.

കേരളത്തിലെ മദ്‌റസകളും ഉത്തരേന്ത്യയിലെ മദ്‌റസകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കേരളത്തില്‍ പ്രാഥമിക മത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള കേന്ദ്രങ്ങളെയാണ് മദ്‌റസകള്‍ എന്ന് വിളിക്കുന്നത്. ഉന്നത പഠനത്തിനും മതബിരുദങ്ങള്‍ക്കുമായി അക്കാദമി, ശരീഅത്ത് കോളേജുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുറമെയും കേരളത്തില്‍ നിലവിലുണ്ട്. ഉത്തരേന്ത്യയിലാവട്ടെ പ്രാഥമിക മത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് മക്തബുകള്‍ എന്നാണ് പറയുന്നത്. ഉന്നത പഠനങ്ങള്‍ നടത്തുന്ന പഠന കേന്ദ്രങ്ങള്‍ക്ക് മദ്‌റസകള്‍ എന്നോ കുറച്ചുകൂടി മുതിര്‍ന്ന ബിരുദ പഠനം സാധ്യമാക്കുന്ന ഇടങ്ങളാണെങ്കില്‍ അതിന് ജാമിഅകള്‍ എന്ന പേരുകള്‍ നല്‍കപ്പെടുന്നു. ഈ അന്തരം മനസ്സിലാക്കല്‍ പ്രധാനമാണ്. രണ്ടു തരം മദ്‌റസകളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്. ഒന്ന് സര്‍ക്കാറിന് കീഴിലുള്ള മദ്‌റസകളാണ്. മറ്റേത് സ്വാശ്രയ മദ്റസകളും. അതുതന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതും അല്ലാത്തതും ഉണ്ടാകാം. മുസ്‌ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1960 ഒകളോടെ തന്നെ മദ്‌റസ ബോര്‍ഡുകള്‍ രൂപം കൊള്ളുന്നുണ്ട്.

നിലവിലെ മത പഠന സിലബസിനോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസവും നല്‍കപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് ഉത്തരേന്ത്യയിലെ മദ്‌റസകളില്‍ ഭൂരിഭാഗവും. പത്താം ക്ലാസും പ്ലസ്ടുവിനും തത്തുല്യമായ വിദ്യാഭ്യാസ രേഖകളും ഇത്തരത്തിലുള്ള പഠനം നടത്തിയവര്‍ക്ക് ലഭ്യമാകും. അഥവാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സമാന്തരമായി തത്തുല്യ യോഗ്യതയുള്ള വിദ്യാഭ്യാസ ഇടങ്ങളാണ് മദ്‌റസകളും. എട്ടാം ക്ലാസിന് വുസ്ത്വാനിയ എന്നും പത്താം ക്ലാസ്സിന് ഫൗഖാനിയ്യ, പ്ലസ്ടുവിന് മൗലവി, ഡിഗ്രി തലത്തിന് ആലിം, ബിരുദാനന്തര ബിരുദ പഠനം നടത്തുന്നവര്‍ക്ക് ഫാളില്‍ എന്നിങ്ങനെ യാഥാക്രമം ആ വിദ്യാഭ്യാസ ശൃംഖല നീണ്ടുപോകുന്നു. മതപഠന വിഷയങ്ങളോടൊപ്പം തന്നെ ശാസ്ത്രം, ഗണിതംതുടങ്ങിയ ഭൗതിക വിഷയങ്ങളും മദ്‌റസകളിലെ പ്രധാന പാഠ്യ വിഷയമാണ്. യോഗേന്ദര്‍ സിക്കന്ദറിന്റെ ബാസ്റ്റ്യന്‍സ് ഓഫ് ബിലീവേഴ്‌സ്: മദ്‌റസ ആന്‍ഡ് ഇസ്‌ലാമിക് എജുക്കേഷന്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകവും റോബര്‍ട്ട് ഹെഫ്‌നറും ഖാസിം സമാനും ചേര്‍ന്ന് എഡിറ്റ്‌ചെയ്ത സ്‌കൂളിങ് ഇസ്ലാം എന്ന പുസ്തകത്തില്‍ ബാര്‍ബറ ഡി മെറ്റ്കാഫ് എഴുതിയ മദ്‌റസ ആന്‍ഡ് മൈനോരിറ്റിസ് ഇന്‍ സെക്യുലര്‍ ഇന്ത്യ എന്ന പഠനവും മദ്‌റസകളെക്കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കുള്ള അവലംബയോഗ്യമായ സ്രോതസ്സുകളാണ്.

മറ്റു സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവിലുള്ളത് പോലെ തന്നെ മദ്‌റസകളിലും എയ്ഡഡ്-അണ്‍ എയ്ഡഡ് സംവിധാനങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ സാലറി നല്‍കുകയും നടത്തിപ്പ് ചിലവ്, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, അധ്യാപക നിയമനം തുടങ്ങിയ ചുമതലകള്‍ അതാത് മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന രീതിയാണ് ഉത്തരേന്ത്യയില്‍ ഒരു വിഭാഗം മദ്‌റസകളില്‍ കാണാറുള്ളത്. എംപി, എംഎല്‍എ പ്ലാന്‍ ഫണ്ടുകള്‍ ഇത്തരം മദ്‌റസകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താറുണ്ട്. മറ്റൊരു വിഭാഗം മദ്‌റസകള്‍ ഗവര്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നും കൂടാതെ തന്നെ പ്രവര്‍ത്തിക്കുന്നവയുമാണ്. സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി തന്നെ പ്രവര്‍ത്തിക്കുന്നവയാണിവ.

കേവലം സര്‍ക്കാര്‍ അംഗീകാരം മാത്രമല്ല മറിച്ച് വിദ്യാഭ്യാസത്തിനുള്ള അവകാശം, സാക്ഷരതാ മിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അകമ്പടിയും ഇത്തരം മദ്‌റസകള്‍ക്കുണ്ട്. ഇത്തരത്തിലുള്ള പൊതു സ്‌കീമുകള്‍ നടപ്പിലാക്കുന്ന ദീര്‍ഘവീക്ഷണമുള്ള ഒരു നേതൃത്വത്തിന്റെ അഭാവമാണ് ഉത്തരേന്ത്യയില്‍ നിഴലിച്ചു കാണുന്നത്. ഇത്തരം വിദ്യാഭ്യാസ സംരംഭങ്ങളില്‍ നിസ്വാര്‍ത്ഥമായി ഇടപെടുകയും സജീവപങ്കാളിത്തം വഹിക്കുകയും ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ആളുകളുടെ അഭാവമാണ് ഇത്തരമൊരു അനാസ്ഥയിലേക്ക് ഉത്തരേന്ത്യയിലെ മദ്‌റസകളെ തള്ളിവിട്ടത്. ഇനിയും നമുക്കു മുന്നിലെ വഴികള്‍ ഒന്നും അടഞ്ഞിട്ടില്ല. കൃത്യമായ ഒരു ദര്‍ശനവും വീക്ഷണവും ദീര്‍ഘദൃഷ്ടിയും ഉണ്ടെങ്കില്‍ പൂര്‍വസ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമായി നടക്കുകയാണെങ്കില്‍ വിജയം കാണാവുന്നതേയുള്ളൂ. അഗ്‌നിപഥിനായി അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള കത്തില്‍ മദ്‌റസ സര്‍ട്ടിഫിക്കറ്റുകളെ പ്രത്യേകം പരാമര്‍ശിച്ചതായി കാണാം. കൃത്യമായ ഒരു നേതൃത്വത്തിന്റെ അഭാവവും നിലവിലുള്ളവരുടെ ശ്രദ്ധക്കുറവും അനാസ്ഥയും ആണ് മുസ്‌ലിം സമൂഹത്തെ എന്നും എല്ലായിടത്തും പിന്നോക്കക്കാരായി തന്നെ നിലനിര്‍ത്തുന്നത്.

ബീഹാറിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും അവിടങ്ങളിലെ മദ്‌റസകളെയും ദീര്‍ഘകാലമായി അടുത്തറിയുന്ന ഒരാളാണ് ഞാന്‍. നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ അധ്യാപക നിയമനവും അടിസ്ഥാന സൗകര്യ വികസനവും അതാതിടങ്ങളിലെ മാനേജ്‌മെന്റിന്റെ കയ്യില്‍ ആയതിനാല്‍ അഴിമതിയുടെയും കൊള്ളയുടെയും കേന്ദ്രങ്ങളാണ് ഇന്ന് അത്തരം മദ്‌റസകള്‍ എന്ന് വളരെ ദുഃഖത്തോടെ പറയേണ്ടി വരുന്നു. അര്‍ഹരായ അധ്യാപകരെ നിയമിക്കുകയോ കൃത്യമായി പരിപാലിക്കുകയോ ചെയ്യാത്ത മദ്‌റസ കമ്മിറ്റികളാണ് മിക്കയിടത്തും ഇന്നുള്ളത്. സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടുന്നതിനു പകരം അത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങളെ കൂടുതല്‍ ഉപയോഗപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതികള്‍ ആയിരുന്നു ആവിഷ്‌കരിക്കേണ്ടത്. വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ കുറച്ചുകൂടി പ്രായോഗികമായി നടപ്പിലാക്കാനുള്ള സമീപനങ്ങളാണ് ഇനി ഉണ്ടാവേണ്ടത്.

എന്‍.ആര്‍.സി വന്നപ്പോഴാണ് ഉത്തരേന്ത്യയില്‍ തങ്ങള്‍ ജീവിക്കുന്ന പരിസ്ഥിതിയെ കുറിച്ച് യാതൊരു അവബോധവും ഇല്ലാതിരുന്ന അനേകം പേര്‍ ഇത്തരം രേഖകള്‍ തങ്ങള്‍ക്ക് ആവശ്യമാണെന്ന് മനസ്സിലാക്കുന്നത്. ഇത് നമുക്ക് ഒരു അവസരമാണ്. മദ്‌റസകളും സമാനമായ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ബഹുമുഖമായ ഒരു നവജാഗരണത്തിന് തുടക്കമിടേണ്ടതുണ്ട്. പന്ത്രണ്ടാം തരം വരെയെങ്കിലുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന രീതിയിലേക്ക് നമ്മുടെ മദ്‌റസകള്‍ മാറണം. ഇത്തരം വര്‍ഗീയ അജണ്ടകള്‍ളൊളിപ്പിച്ചുള്ള റിപ്പോര്‍ട്ടുകളെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ നമ്മുടെ സാമൂഹിക വിദ്യാഭ്യാസ സ്ഥിതിയെ ബലപ്പെടുത്തുന്നതിനുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ ആവശ്യമാണ്. മുസ്‌ലിം സാമൂഹിക അടിത്തറയില്‍ ഈ അവബോധമില്ലായ്മ സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് തടയാന്‍ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ ജാഗരണത്തിന് മാത്രമേ സാധ്യമാവൂ.

കടപ്പാട്: സര്‍ഹിന്ദി സ്റ്റഡി സര്‍ക്കിള്‍

സുബൈര്‍ ഹുദവി ചേകനൂര്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.