കേരളത്തിലെ തീരദേശ നഗരമായ കൊച്ചിയിലെ മട്ടാഞ്ചേരി സാംസ്‌കാരിക വൈവിധ്യത്തിനും വളരെ സമ്പന്നമായ പൈതൃകത്തിനും പേരുകേട്ട പ്രദേശമാണ്. വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കിടയില്‍, പ്രാദേശിക സംസ്‌കാരവും ചരിത്രവും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഊര്‍ജ്ജസ്വലരായ ഒരു മുസ്‌ലിം സമൂഹമാണ് മട്ടാഞ്ചേരിയിലേത്. മട്ടാഞ്ചേരി മുസ്ലിം സമുദായത്തിന്റെ വേരുകള്‍ തേടുമ്പോള്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോളം നീളുന്നതായി കാണാം. അറബ് വ്യാപാരികളും പര്യവേക്ഷകരും കുപ്രസിദ്ധസാഹസികന്‍ വാസ്‌കോഡ ഗാമയും ഉള്‍പ്പെടെയുള്ള ആദ്യകാല സഞ്ചാരികളെല്ലാം ഒമ്പതാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയുടെ മലബാര്‍ തീരവുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ ഇടപെടലുകള്‍ പിന്നീട് അറബ് കുടിയേറ്റക്കാരുടെ വരവിലേക്കു നയിച്ചുവെന്നും അങ്ങനെയാണ് മട്ടാഞ്ചേരിയില്‍ ഇസ്ലാം എത്തിയതെന്നും പറയപ്പെടുന്നത്. അതോടെ മട്ടാഞ്ചേരിയിലെ കൊച്ചങ്ങാടി മുസ്ലിംകളുടെ ഒരു കേന്ദ്രമായി മാറി.
മട്ടാഞ്ചേരിയുടെ വാസ്തുവിദ്യാ ഭൂപ്രകൃതി ഈ പ്രദേശത്തെ മുസ്‌ലിം സ്വാധീനത്തെ പ്രദര്‍ശിപ്പിക്കുന്നതാണ്. ചെമ്പിട്ടപ്പള്ളി ജുമാ മസ്ജിദ്, പഴയ പള്ളി, തുടങ്ങിയ ചരിത്രപ്രസിദ്ധമായ പള്ളികള്‍ സങ്കീര്‍ണ്ണമായ മരപ്പണിയും മികച്ച കരകൗശലവും പ്രദര്‍ശിപ്പിച്ചുകൊണ്ട് വാസ്തുവിദ്യാ വിസ്മയങ്ങളായി ഇന്നും മട്ടാഞ്ചേരിയില്‍ നിലകൊള്ളുന്നു. ഈ മുസ്ലിം പള്ളികള്‍ വെറും ആരാധനാലയങ്ങള്‍ മാത്രമല്ല, സാംസ്‌കാരിക അടയാളങ്ങള്‍ കൂടിയാണ്. ചെമ്പിട്ടപ്പള്ളി ജുമാ മസ്ജിദ് മട്ടാഞ്ചേരിയുടെ ഹൃദയഭാഗമായ കൊച്ചങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപശ്ചാത്തലമുള്ള പള്ളിയാണ്. പ്രാദേശിക മുസ്‌ലിം സമുദായത്തിന് സാംസ്‌കാരികവും മതപരവുമായ പ്രാധാന്യമുള്ള ഈ പള്ളി ഈ പ്രദേശത്തെ ഒരു വാസ്തുവിദ്യാ അത്ഭുതമാണ്. കെട്ടിടത്തിന് ഒരു വലിയ ഘടനയിലുള്ള പള്ളിയുടെ കിഴക്ക് ഭാഗത്ത് പ്രവേശന മണ്ഡപത്തോടടുത്ത് ഒരു നിസ്‌കാര ഹാളുണ്ട്. അതിന്റെ പുറം ഭിത്തികള്‍ കല്ലുകൊണ്ട് നിര്‍മിച്ചതാണ്, വാതിലുകള്‍ അറബിയിലും പഴയ തമിഴിലുമുള്ള ഹദീസ് ലിഖിതങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. അതില്‍ ഒന്ന് പള്ളി സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട മര്യാദകളെ പരാമര്‍ശിക്കുന്നതാണ്. ഈ ലിഖിതങ്ങള്‍ ഹി. 926 (എഡി.1519) മുതലുള്ളതായാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
തദ്ദേശീയമായ കേരളീയ ശൈലികളുടെയും വ്യതിരിക്തമായ ഇസ്ലാമിക സ്വാധീനങ്ങളുടെയും സമന്വയമാണ് മസ്ജിദിന്റെ വാസ്തുവിദ്യ. ചെമ്പിട്ടപ്പള്ളി ജുമാ മസ്ജിദിന്റെ മുന്‍ഭാഗം അലങ്കരിച്ച തടി കൊത്തുപണികളും സങ്കീര്‍ണ്ണമായ അറബി കാലിഗ്രഫിയുമാണ്. പരമ്പരാഗത മലബാര്‍ ഡിസൈന്‍ ഘടകങ്ങളും ഇസ്‌ലാമിക സൗന്ദര്യശാസ്ത്രവും ഈ പള്ളിയെ ഒരു ദൃശ്യഭംഗി എന്ന നിലയിൽ വേറെ തന്നെ എടുത്തുകാണിക്കുന്നതാണ്.
പല പരമ്പരാഗത പള്ളികള്‍ക്കും പ്രദര്‍ശിപ്പിക്കുന്നത് പോലെ ചെമ്പിട്ടപ്പള്ളി ജുമാ മസ്ജിദിനും വിശാലമായ നടുമുറ്റം കാണാം. ഈ തുറന്ന നടുമുറ്റം മുസ്‌ലിം സമൂഹത്തിന് ഒത്തുചേരാനും മതപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സമാധാനപരമായ ഇടം നല്‍കുന്നതായിരുന്നു. മുറ്റം പലപ്പോഴും വിവിധ മത-സാമൂഹിക പരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും ഉപയോഗിക്കപ്പെട്ടതായും കാണാം. ചുറ്റുമുള്ള ഖബറിസ്ഥാന്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞതാണ് വ്യത്യസ്തമായ പൂക്കളാല്‍ മനോഹരമായ ഖബറുകള്‍. ചിലതിലെല്ലാം മരണം ലിഖിതപ്പെടുത്തിയിട്ടുണ്ട്. പലതും വര്‍ഷങ്ങളുടെ പഴക്കമുള്ള ഖബ്‌റുകളാണ്.
മസ്ജിദ് സമുച്ചയത്തിന് ചുറ്റും ഊര്‍ജസ്വലമായ ഒട്ടനവധി മഹത്തുക്കളുടെ വിശ്രമകേന്ദ്രം കൂടിയാണ്. സമൂഹത്തിലെ പേരുകേട്ട നിരവധി സൂഫീ മഖ്ബറകളാല്‍ അലങ്കരിക്കപ്പെട്ട ഇടം കൂടിയാണിവിടം. സയ്യിദ് ഇസ്മാഈല്‍ ബുഖാരിയും അദ്ദേഹത്തിന്റെ മകനായ സയ്യിദ് ഫഖ്‌റുദ്ദീന്‍ ബുഖാരിയുമായിരുന്നു മട്ടാഞ്ചേരിയെയും ചുറ്റുമുള്ള പ്രദേശത്തെയും മതപരമായി അഭിവൃദ്ധിപ്പെടുത്താന്‍ സഹായിച്ചത്. മസ്ജിദിന് സമീപമായി സ്ഥിതി ചെയ്യുന്ന മഖ്ബറകള്‍ ഇവരുടേതാണ്.
928-ല്‍ (1521) കേരളത്തിലെത്തിയ ആദ്യത്തെ ബുഖാരി സയ്യിദായിരുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരിയുടെ ഏക പുത്രനായിരുന്നു ശൈഖ് ഇസ്മാഈല്‍ ബുഖാരി. പഠനശേഷം സയ്യിദ് ഇസ്മായില്‍ വടക്കന്‍ കേരളത്തിലെ വളപട്ടണത്തു നിന്ന് അക്കാലത്ത് കുറച്ച് മുസ്‌ലിംകള്‍ മാത്രം താമസിച്ചിരുന്ന കൊച്ചിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അനന്തരം, നഗരത്തില്‍ ഇസ്‌ലാം മതം പ്രചരിപ്പിക്കുകയും, ജനങ്ങളെ മതകീയമായി ഉണര്‍ത്തുകയും ചെയ്യാന്‍ അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ സയ്യിദ് അഹമ്മദ് ബുഖാരി, സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് ബാ ഫഖ്‌റുദ്ദീന്‍ ബുഖാരി എന്നിവരും മുസ്‌ലിം കൊച്ചിയുടെ നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ മഹാ പണ്ഡിതരും സൂഫികളുമായിരുന്നു. സയ്യിദ് ഫഖ്‌റുദ്ദീനില്‍ നിന്നാണ് കേരളത്തിലെ ബുഖാരി സാദാത്ത് വംശാവലി ആരംഭിക്കുന്നത്.
മുസ്‌ലിം മട്ടാഞ്ചേരിയെ നിര്‍മിക്കുന്നതില്‍ പരിഗണനീയനായ മറ്റൊരു പണ്ഡിതനാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മഅ്ബരി (14651522) യെന്ന സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍. യമനില്‍ നിന്നുവന്ന് പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആദ്യമായി അദ്ദേഹം തമിഴ്നാട്ടിലെ നാഗൂരില്‍ താമസമാക്കുകയായിരുന്നു. പിന്നീട്, കൊച്ചിയിലേക്ക് താമസം മാറി. ഈ പ്രദേശത്തെ അധ്യാപകനും ആത്മീയ നേതാവുമായി നിലകൊണ്ടു. പ്രാദേശിക ജനതയെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ച അദ്ദേഹം സാമൂഹിക പുരോഗതിക്കായി നിലകൊള്ളുകയായിരുന്നു. സൈനുദ്ദീന്‍ മഖ്ദൂം, ഒരു കാലത്ത് ഇന്നത്തെ ചെമ്പിട്ടപ്പള്ളിയുടെ സ്ഥലത്ത് നിലനിന്നിരുന്ന യഥാര്‍ത്ഥ ജുമുഅത്ത് പള്ളിയുടെ സ്ഥാപകനാണെന്നും പറയപ്പെടുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന് ഇബ്രാഹിം, അലി എന്നീ രണ്ട് ആണ്‍മക്കളാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തെ കൊച്ചിയില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അലി കൊച്ചിയില്‍ ഖാദി (മത ന്യായാധിപന്‍) ആയി തുടരുമ്പോള്‍, ഇബ്രാഹിം അവിടെ ഖാദിയായി പൊന്നാനിയിലേക്ക് പോയി. സൈനുദ്ദീന്‍ മഖ്ദൂമിന്റെ മുറബ്ബി കൊച്ചിയിലെ പ്രധാന ബുഖാരി പണ്ഡിതനായിരുന്ന സയ്യിദ് ബാ ഫഖ്‌റുദ്ദീനായിരുന്നു.
നൈന കുടുംബമാണ് കാലങ്ങളായി ചെമ്പിട്ടപ്പള്ളിയുടെ മുതവല്ലിമാര്‍. വര്‍ത്തക പ്രമാണിമാരായ മരയ്ക്കാര്‍ വംശത്തിന്റെ ഒരു ശാഖയാണ് നൈനാമാര്‍. രാജാവ് നല്‍കിയ ”നൈനാര്‍” എന്ന സ്ഥാനപ്പേര് ലോപിച്ചാണ് നൈനാ എന്നായതെന്നാണ് ചരിത്രം. അറബി നാടുകളില്‍നിന്ന് കായല്‍ പടണത്തെത്തിയതോടെ ഇന്ത്യയിലെയും അവിടെനിന്നു കൊച്ചിയിലെത്തുന്നതോടെ കേരളത്തിലെയും നൈനാമാരുടെ ചരിത്രം ആരംഭിക്കുന്നു. കൊച്ചിയില്‍ നിന്നുമാണ് ആലുവ, വടുതല, മണ്ണഞ്ചേരി തുടങ്ങിയ വിവിധ പ്രദേശങ്ങളിലേക്ക് നൈനാമാര്‍ പടര്‍ന്നു പന്തലിച്ചത്. പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളുടെ ആസ്ഥാനമായ സിറുജില്‍ വെച്ച് 1306-ല്‍ മരണപ്പെട്ട സുല്‍ത്താന്‍ ജമാലുദ്ദീന്റെയും അദ്ദേഹത്തിന്റെ സഹോദരനായ തഖിയുദ്ദീന്‍ അബ്ദുല്‍ റഹുമാന്റെയും പിന്‍ഗാമികളാണ് ഇന്നത്തെ മരയ്ക്കാര്‍മാരും നൈനാമാരും. അവരുടെ പിന്‍ഗാമികള്‍ ഇപ്പോഴും രത്‌നവ്യാപാരികളായി കായല്‍ പട്ടണത്തുണ്ട്. നൈനാ സ്ട്രീറ്റും നൈനാ ഹൗസും അവിടെ പലയിടത്തും കാണാം.
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ആദ്യ വിപ്ലവ കാഹളമൊരുക്കിയ കുഞ്ഞാലി മരയ്ക്കാര്‍മാരും മഖ്ദൂമുമാരും കായല്‍ പട്ടണത്തു നിന്നു തന്നെയാണ് കൊച്ചിയിലെത്തുന്നത്. അവരും നൈനാമാരുമായി ബന്ധമുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് കണ്ടെത്തുന്നതെന്ന് മാത്രം. യുദ്ധത്തിന് വേണ്ടി കൊച്ചിയിലെത്തിയ പാലിയത്തച്ഛന്റെ സേനാധിപനായിരുന്ന കുഞ്ഞാലി നൈനയും മൂന്ന് സഹോദരന്‍മാരും നിസ്‌കാരത്തിന് പള്ളിയില്ലാത്തതിനാല്‍ കോഴിക്കോട്ടേയ്ക്ക് തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ കൊച്ചിയില്‍ തന്നെ തുടരാന്‍ അവരോട് കൊച്ചി രാജാവ് ആവശ്യപ്പെടുകയും അവര്‍ക്ക് പള്ളിക്കായി സ്ഥലം ദാനം ചെയ്യുകയും ചെയ്തു.
മട്ടാഞ്ചേരിയിലെ ബസാര്‍ റോഡിലുള്ള കച്ചി മേമന്‍ ഹനഫി മസ്ജിദിനെ പ്രാദേശികമായി പഴയ പള്ളി എന്നാണ് വിളിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഈ പള്ളി കൊച്ചിയിലെ കച്ചി മേമന്‍ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ളതാണ്. ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്നാണ് ഇവരുടെ പൂര്‍വികര്‍ കൊച്ചിയിലേക്ക് കുടിയേറിയത്. കച്ചി മേമന്‍ ഡയറക്ടറി പ്രകാരം ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും 383 കച്ചി മേമന്‍ കുടുംബങ്ങളുള്ളതായി കാണാം. മലയാളം അറിയാമെങ്കിലും കച്ചി മേമന്‍മാര്‍ അവരുടെ സമൂഹത്തില്‍ കച്ച് സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നത്. വിശ്വസ്തന്‍ എന്നര്‍ത്ഥം വരുന്ന മോമിന്‍ എന്ന അറബി പദത്തില്‍ നിന്നാണ് മേമന്‍ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. പരമ്പരാഗതമായി, കച്ചി മേമന്‍മാര്‍ ലോഹാന ഹിന്ദുക്കളും സിന്ധില്‍ താമസിച്ചിരുന്നതുമായ വ്യാപാരികളാണ്.
1421-ല്‍ ലോഹാന ഹിന്ദുക്കളുടെ 700 കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ച് സിന്ധ് വിട്ടു. ഒരു കൂട്ടം മേമന്‍മാര്‍ കച്ചിലേക്ക് യാത്ര ചെയ്യുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു, ഈ സമൂഹത്തെ കച്ചി മേമന്‍സ് എന്ന് വിളിക്കുന്നു. 1813-ല്‍ കച്ചി മേമന്‍മാര്‍ കൊച്ചിയില്‍ എത്തിയതായി വിശ്വസിക്കപ്പെടുന്നു. 1825 ലാണ് കച്ചി ഹനഫി മസ്ജിദ് നിര്‍മ്മിച്ചത്. കൊച്ചിയിലെ മറ്റ് പള്ളികളില്‍ നിന്ന് വ്യത്യസ്തമാണ് കച്ചി ഹനഫി മസ്ജിദിന്റെ ഘടനയും ശൈലിയും.
മട്ടാഞ്ചേരിയിലെ കൊച്ചങ്ങാടിയിലുള്ള തക്യാവ് മസ്ജിദ് പതിനാറാം നൂറ്റാണ്ടില്‍ പണിതതും വാസ്തുവിദ്യയില്‍ അറബിക് സ്വാധീനം പ്രകടിപ്പിക്കുന്നതുമായ ഒരു പള്ളിയാണ്. അറബിയില്‍ തക്യാവ് എന്നാല്‍ ദൈവ സന്നിധിയില്‍ ആളുകള്‍ ഒത്തുകൂടുന്ന സ്ഥലം എന്നാണ് അര്‍ത്ഥമാക്കുന്നത്. സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഹൈദ്രോസ് തങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ യമനില്‍ നിന്ന് കൊച്ചിയിലെത്തിയവരാണ്. സയ്യിദ് അബ്ദുള്‍ റഹ്‌മാന്‍ ഹൈദ്രോസ് 1751-ല്‍ അന്തരിച്ചു, അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് അബൂബക്കര്‍ ഹൈദ്രോസാണ് ‘ബാമ്പ്’ എന്ന് അറിയപ്പെടുന്നത്. അവരാണ് ഈ പള്ളി സ്ഥാപിച്ചത്. കൊച്ചിയില്‍ ഇസ്‌ലാം മതം പ്രചരിപ്പിച്ച ബാമ്പ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും രോഗികള്‍ക്ക് ആശ്വാസം നല്‍കുകയും ഒരു സൂഫിയായി അറിയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഖബ്ര്‍ പള്ളിയിലാണുള്ളത്.
മട്ടാഞ്ചേരിയിലെ പള്ളികള്‍ കേവലം ആരാധനാലയങ്ങള്‍ മാത്രമല്ല, നൂറ്റാണ്ടുകളുടെ സാംസ്‌കാരിക ഇടപെടലിനും മതസൗഹാര്‍ദ്ദത്തിനും സാക്ഷ്യം വഹിക്കുന്ന വാസ്തുവിദ്യാ വിസ്മയങ്ങളുമാണ് . ചെമ്പിട്ടപ്പള്ളി മസ്ജിദിന്റെ സങ്കീര്‍ണ്ണമായ കൊത്തുപണികളും തടി ഘടനയും അത്ഭുതപ്പെടുത്തുന്നതാണ്. ഈ പള്ളികള്‍ അവയുടെ വാസ്തുവിദ്യാ പൈതൃകം സംരക്ഷിക്കുക മാത്രമല്ല, മതപരമായ സഹിഷ്ണുതയുടെയും സാംസ്‌കാരിക സമൃദ്ധിയുടെയും പ്രതീകങ്ങളായി പ്രവര്‍ത്തിക്കുന്നു..
ചരിത്രപരമായ ആരാധനാലയങ്ങള്‍ കാലത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്നതിനാല്‍, അവ വിശ്വാസികള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായി നിലകൊള്ളുക മാത്രമല്ല, ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഈ തീരപ്രദേശത്തെ സമ്പന്നമായ സാംസ്‌കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകത്തിലേക്ക് ഒരു നേര്‍കാഴ്ച നല്‍കുന്നു. മട്ടാഞ്ചേരി മുസ്‌ലിം പള്ളികള്‍ വിശ്വാസത്തിന്റെയും കലയുടെയും പാരമ്പര്യത്തിന്റെയും സ്ഥായിയായ പൈതൃകത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ്. ഈ പ്രദേശത്തിന്റെ സാംസ്‌കാരിക വിസ്മയത്തിന് ഗണ്യമായ സംഭാവന ഈ പള്ളികള്‍ നല്‍കുന്നുണ്ട്.
Add comment