ഫ്രോയിഡിന്റെ പ്രേതം ആധുനികമായ തീര്‍പ്പുകളില്‍ ഇപ്പോഴും വിടാതെ കൂടിയിരിക്കുന്നു. ന്യൂറോസിസിനെക്കുറിച്ച് ആധുനികതയുടെ പ്രേതഭവനത്തില്‍ ലിഖിതമായ ആലോചനക്കപ്പുറത്ത് വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചൊരു സായാഹ്നവിചാരമാണ് ഈ ലേഖനം. ബാഹ്യലോകത്ത് തങ്ങളുടെ മനസ്സുകളില്‍ രൂപപ്പെട്ട ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളും ‘ആദിമമനുഷ്യരും’ ഒരു പോലെയാണ് പെരുമാറുന്നത് എന്ന് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട് (Freud, 2014).
primitive നെ പ്രാകൃതം എന്ന് പരിഭാഷപ്പെടുത്തുന്നത് തെറ്റാണ്. കാലം മാറുമ്പോഴും ജീവിതസ്ഥലങ്ങളോ സ്ഥലങ്ങളില്‍ മൂര്‍ത്തമാകുന്ന സാസ്‌കാരികമായ ആവിഷ്‌കാരങ്ങളോ മാറാതെ സൂക്ഷിക്കുന്ന ആധുനികകാലത്തും പൗരാണികലോകവാസം നടത്തുന്നവര്‍ എന്ന അര്‍ഥത്തിലാണ് ഈ വാക്ക് ഉപയോഗിക്കേണ്ടത് എന്ന് തോന്നുന്നു. സ്വന്തം ആഗ്രഹങ്ങളുടെയും മനപ്രവൃത്തികളുടെയും പ്രാബല്യത്തെയും ശക്തിയെയും കുറിച്ചുള്ള വല്ലാത്ത ആത്മവിശ്വാസം കുട്ടികളെപ്പോലെ ആദിമമനുഷ്യര്‍ക്കുണ്ടാവും എന്ന് ഫ്രോയിഡ് പറയുന്നു. ബാഹ്യപ്രപഞ്ചത്തെ ‘കറാമത്തികമായ’ പരിപ്രേക്ഷ്യത്തോടു കൂടി നോക്കിക്കാണുന്നവരാണ് അവര്‍. ഫ്രോയിഡിന്റെ നിരീക്ഷണത്തെ വിശകലന വിധേയമാക്കുന്നതിന് മുമ്പ് ഞാന്‍ പ്രയോഗിച്ച കറാമത്തികം എന്ന വാക്കിനെക്കുറിച്ച് പറയാം.
Thaumaturgic എന്നതിനോ, മിറാക്കുലസ് എന്നതിനോ മാന്ത്രികവുമായോ മന്ത്രവാദവുമായോ ബന്ധമുള്ള വാക്കുകളാണ് മലയാളത്തില്‍ കാണുന്നത്. അത് സാംസ്‌കാരികമായ അനുഷ്ഠാനങ്ങളെ പ്രതിഫലിപ്പിക്കുന്ന വാക്കാണ്. ഉരുവിടുന്ന മന്ത്രങ്ങളിലൂടെയല്ലാതെ ലോകവീക്ഷണത്തില്‍ കാര്യകാരണയുക്തിയെയോ രേഖീയചരിത്രത്തെയോ അവലംബിക്കാതെയുള്ള ഒരു മനോഗതി രൂപപ്പെടുന്നുണ്ട്. പ്രകൃതിപരമായ കാരണങ്ങളാല്‍ വിശദീകരിക്കപ്പെടാത്ത ഒരു ബലതന്ത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇസ്‌ലാമിക ലോകത്ത് ഒരു വിഭാഗം ആളുകള്‍ പുലര്‍ത്തുന്നുണ്ട്. അതിനെ കറാമത്ത് എന്നു പറയാം. കറാമത്ത് തൗമാറ്റര്‍ജിക് ആയ ഒരു ശക്തിയെക്കുറിച്ചോ, മാജിക് എന്ന് ഫ്രോയിഡുപോലും തെറ്റായി വിശേഷിപ്പിക്കുന്ന മിറാക്ക്ള്‍-അമാനുഷികക്രിയയോ- ആണ്. അപ്പോള്‍ കറാമത്തികം എന്നത് ഒരു ലോകവീക്ഷണത്തെക്കുറിച്ചുള്ള വിശേഷണമാണ്. മരുന്ന് കഴിക്കാതെ രോഗം മാറുമെന്നോ, താന്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി താന്‍ പോലുമറിയാതെ പരിഹരിക്കപ്പെടുമെന്നോ ഉള്ള വിശ്വാസമാണത്.
കാഫ്കയുടെ കഥാപാത്രങ്ങള്‍ പ്രിമിറ്റീവ് ആയിക്കൊള്ളണമെന്നില്ല. എന്നാല്‍ കാഫ്കയുടെ The Rescue will begin in its own time എന്ന ചെറുകഥയില്‍-നാലു ചെറുകഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കഥയായതിനാല്‍ ചെറുകഥാസമാഹാരത്തില്‍- കറാമത്തികമായ ലോകവീക്ഷണം പുലര്‍ത്തുന്ന ആളുകള്‍ കടന്നുവരുന്നുണ്ട്. പ്രത്യേകിച്ചും സമാഹാരത്തിന്റെ പേരിനെ നീതീകരിക്കുന്ന അവസാനത്തെ ചെറുകഥാഖണ്ഡത്തില്‍ (Kafka, 2020). കാരാഗൃഹത്തില്‍ അകപ്പെട്ടിരിക്കുന്ന ഒരു കപ്പിത്താന്‍ തക്കാളിപ്പെട്ടിയില്‍ മുള്ളാണി അടിച്ച് കയറ്റാന്‍ മാത്രം കഴിയുന്ന ഒരു ചെറിയ ചുറ്റിക കൊണ്ട് തടവറയില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതുന്നു. അത് ശരിയാണെന്നറിയാന്‍ അദ്ദേഹമത് ആ കല്‍മതിലില്‍ പ്രയോഗിച്ചിട്ടൊന്നുമില്ല. ഒരു ജാലവിദ്യക്കാരന്റെ വടിപോലെ ഭിത്തിയിലൂടെ ഒന്നോടിച്ച് നോക്കി എന്ന് മാത്രം. എന്നാല്‍ രക്ഷപ്പെടുമെന്നുള്ള അദ്ദേഹത്തിന്റെ കറാമത്തികമായ വിശ്വാസം രക്ഷപ്പെടാന്‍ സാധ്യതയില്ല എന്ന ത്രിതീയപുരുഷ്യാഖ്യാതാവിന്റെ സന്ദേഹത്തെ അതിജയിക്കാന്‍ മാത്രം ശക്തിയുള്ള ഒന്നാണ്. എന്നാല്‍ ആകെയുള്ളത്, രക്ഷപ്പെടുമെന്നുള്ള ഉറപ്പിനപ്പുറത്തേക്ക് മഴമേഘം പോലെ പരന്ന്കൂടിയ രക്ഷപ്പെടണമോ വേണ്ടയോ എന്നുള്ള കപ്പിത്താന്റെ ധര്‍മസങ്കടം മാത്രമാണ്.
ഒരുപക്ഷെ ഒരു കൂട്ടക്കുരുതിയുടെയോ ഹിംസാത്മകമായ കാരാഗൃഹവാസത്തിന്റെയോ മുനമ്പിലുള്ളവര്‍ക്കുമാത്രമേ ഈ ധര്‍മസങ്കടത്തെ മനസിലാകൂ. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി യൂറോപ്പില്‍ ജീവിച്ച ഒരു യഹൂദനെന്ന നിലക്ക് കാഫ്കക്ക് അത് മനസിലായിട്ടുണ്ട്. കാരണം അകപ്പെട്ട കാരാഗൃഹത്തില്‍ നിന്ന് രക്ഷപ്പെടാനൊരു മിശിഹാകാലമെങ്കിലും സ്വപ്നം കാണാനാകും കപ്പിത്താന്. എന്നാല്‍ താനകത്താണോ പുറത്താണോ എന്നറിയാതെ പെട്ടിരിക്കുന്ന ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനൊരു പഴുതുണ്ടോ എന്നൊരു ചോദ്യം അവിടെ നിലനില്‍ക്കുന്നു. സത്യത്തില്‍, ദേശരാഷ്ട്രത്തിന്റെയും ശാസ്ത്രത്തിന്റെയും സാമൂഹികതയുടെയും യുക്തിക്ക് പുറത്തുള്ള കറാമത്തികമായ ഒരു ആദിമവിചാരത്തിന് പ്രസക്തിയില്ലേ എന്നൊരു ചോദ്യത്തെയാണ് ഫലസ്തീനും കൂട്ടക്കുരുതികളും ഇപ്പോഴും പരിഷ്‌കൃതലോകവിചാരങ്ങളെ ഉലയ്ക്കാതെ നയിക്കുന്ന ഈ ലോകത്തിരുന്ന് ഇതെഴുതുമ്പോള്‍ ഞാന്‍ അഭിമുഖീകരിക്കുന്നത്.
ഫ്രോയിഡിന്റെ ആത്മരതിയെക്കുറിച്ചുള്ള മുകളില്‍ പരാമര്‍ശിച്ച പ്രബന്ധത്തില്‍ (2014)ആത്മരതിയെയും narcissism അതിന്റെ സാമൂഹിക രാഷ്ട്രീയ തലത്തിലെ ആവിഷ്‌കാരമായ അഹങ്കാരോന്മാദത്തെയും (megalomania) ന്യൂറോസിസുമായി ബന്ധിപ്പിക്കുന്നുണ്ട്. ”പ്രാഥമികവും സ്വാഭാവികവുമായ ആത്മരതി”യുള്ളവര്‍ -അവരെ ഫ്രോയിഡ് പരാഫെര്‍നിക്‌സ് (Paraphrenics) എന്ന് വിശേഷിപ്പിക്കുന്നു- അടിസ്ഥാനപരമായി രണ്ട് സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു – തന്നാത്മവിചാരവും ബാഹ്യലോകത്തോടുള്ള, വ്യക്തികളോടും വസ്തുക്കളോടുമുള്ള, താല്‍പര്യമില്ലായ്മയും. രണ്ടാമത്തെ അവരുടെ സ്വഭാവം കാരണം പരാഫെര്‍നിക്സ് ആയ ചിത്തരോഗികളെ മനോവിശകലനത്തിലൂടെ സുഖപ്പെടുത്താനാവില്ലെന്ന് ഫ്രോയിഡ് സമ്മതിക്കുന്നു. പക്ഷെ ബാഹ്യലോകത്തുനിന്നുള്ള അവരുടെ ഉള്‍വലിയല്‍ യാഥാര്‍ത്ഥ്യവുമായുള്ള തങ്ങളുടെ ബന്ധം വേര്‍പ്പെടുത്തിയ ന്യൂറോടിക് രോഗികളുടേതിന് സമമാണ്. പക്ഷേ ചിത്തരോഗികളെപ്പോലെ അവര്‍ മനുഷ്യരുമായും വസ്തുക്കളുമായും ലൈംഗികോത്തേജനപരമായ ബന്ധം നിലനിര്‍ത്തുന്നുണ്ട്, അവരുടെ ഫാന്റസിയില്‍. അവിടെയാണ് പാരഫെര്‍നിസിസ് രോഗികള്‍ക്ക് ചിത്തരോഗികളില്‍ നിന്നുള്ള വ്യത്യാസത്തെ ഫ്രോയിഡ് കല്‍പിച്ചു കൊടുക്കുന്നത്- പാരഫെര്‍നിസിസ് രോഗികള്‍ തങ്ങളുടെ ഭ്രമചിന്തയില്‍ യഥാര്‍ത്ഥ വ്യക്തികള്‍ക്കും വസ്തുക്കള്‍ക്കും പകരമായൊന്നിനെ നിശ്ചയിച്ചിട്ടില്ല. അല്ലാതെ തന്നെ അവര്‍ യാഥാര്‍ത്ഥ്യത്തില്‍ ഉള്‍വലിഞ്ഞ് നില്‍ക്കുന്നവരാണ്. പക്ഷെ, മനുഷ്യന്റെ ആത്മചോദനകളെ കേവലം വ്യക്തിതലത്തിലല്ല, രാഷ്ട്രീയവും സാമൂഹികവുമായ തലത്തില്‍ പ്രസക്തിയില്ല എന്നാണ് പുതിയലോകം നമ്മോട് പറയുന്നത്.
ഇസ്‌ലാം മത നിയമവിശകലനത്തില്‍ വ്യക്തികളുടെ വിചാരങ്ങളല്ല മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളാണ് വിധിവിലക്കുകള്‍ക്ക് വിധേയമാകുക. മനോഗതിയുടെ നിയന്ത്രണം തസവ്വുഫിന്റെ മണ്ഡലമാണ്. നിയമവിധികള്‍ വിചാരങ്ങളുമായി ബന്ധപ്പെട്ടതല്ല. വിചാരങ്ങള്‍ പരിവര്‍ത്തനപ്പെടുന്ന ഒന്നാണ്. ഉദാഹരണമായി പ്രവാചകന്റെ ഒരു വചനത്തില്‍ ഒരാള്‍ തെറ്റു ചെയ്യാന്‍ തീരുമാനിക്കുകയും തെറ്റുചെയ്യാതിരിക്കുകയും ചെയ്യുന്നത് ഒരു പുണ്യപ്രവര്‍ത്തിയാണ് (Bukhari: 6491). ആ അര്‍ത്ഥത്തില്‍ ക്ഷണികമായ വിചാരങ്ങളെ വ്യക്തിത്വത്തെക്കുറിച്ചുള്ള സാമാന്യവത്കൃതമായ ഒരു വീക്ഷണമായി പരിവര്‍ത്തിപ്പിക്കപ്പെടാനാകുമോ എന്ന അടിസ്ഥാന വിമര്‍ശനം പാരമ്പര്യമതചിന്തയുടെ അടിസ്ഥാനത്തില്‍ നിന്ന് പോലും മനശാസ്ത്രവിശകലനത്തോട് ഉന്നയിക്കാനാകും. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഉള്‍വലിയുകയും ഫാന്റസിയില്‍ യഥാര്‍ത്ഥമനുഷ്യര്‍ക്കും സമൂഹങ്ങള്‍ക്കും ലൈംഗികതയോളമെത്തുന്ന ആഗ്രഹസഫലീകരണത്തിന്റെ അടിസ്ഥാനത്തില്‍ വിഭ്രമാത്മകമായ ആവിഷ്‌കാരങ്ങള്‍ നല്‍കുകയും അത് യഥാര്‍ത്ഥലോകത്തെ പെരുമാറ്റത്തിന്റെ അടിത്തറയാകുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള, യഥാര്‍ത്ഥ മെഗലോമാനിയയെക്കുറിച്ചുള്ള ആലോചനകള്‍ ഫ്രോയിഡ് നടത്തുന്നില്ല. ഫ്രോയിഡിനാല്‍ പ്രചോദിതനായി വില്യം റീഹിനെപ്പോലുള്ളവര്‍ അത് ആലോചിച്ചിട്ടുണ്ടെങ്കിലും.
മെഗാലോമാനിയ അഥവാ സ്വാധികാരപ്രമത്തത തെറ്റായി തിരിഞ്ഞുപോയ ഒരാത്മന്വേഷണം ആത്മരതിയിലൊടുങ്ങിയതിന്റെ അനന്തരഫലമാണെന്ന നിരീക്ഷണം നേരിട്ട് പറഞ്ഞില്ലെങ്കില്‍ കൂടി ഫ്രോയിഡില്‍ നിന്ന് വായിക്കാവുന്നതാണ്. അതുശരിയാണ്. പക്ഷെ ആത്മരതിക്കും ഒരു സന്ന്യാസിയോ സൂഫിയോ നടത്തുന്ന അത്മചിന്തനത്തിനുമിടയിലുള്ള നേര്‍ത്ത അതിര്‍വരമ്പല്ല തങ്ങളുടെ സ്വകാര്യലോകത്തെ നിരവധി പിശാചുകളോടും മാലാഖമാരോടും സംവദിക്കുന്ന ഒരു ന്യൂറോടിക് രോഗിക്കും മെഗലാമാനിക് ആയ ഒരു ഭരണാധികാരിക്കുമിടയിലുള്ളത്.
റൊനാള്‍ഡ് റീഗന്റെ കാലത്ത് (1981-1989) അമേരിക്കയില്‍ ശക്തിപ്പെട്ട ഡ്രഗ് വാര്‍ എന്ന പ്രതിഭാസത്തെ അപനിര്‍മിച്ച് നോക്കുമ്പോള്‍ ഇത് മനസ്സിലാകും. നൈമിഷി കവും മിഥ്യാത്മകവുമായ ഒരു ‘സുബോധത്തെ’ ഡ്രഗ്സിലൂടെ കണ്ടെത്തിയവര്‍ക്കെതിരെ മെഗാലോമാനിക് ആയ ഒരു ഭ്രാന്തന്‍ ഭരണാധികാരി നടത്തുന്ന പ്രേതോച്ഛാടന പ്രവര്‍ത്തനങ്ങളായി ആ കാലഘട്ടത്തെ കാണാവുന്നതാണ്. വര്‍ത്തമാനകാലത്തെ നാശോന്മുഖമാക്കുന്ന യഥാര്‍ത്ഥ ന്യൂറോസിസ് അധികാരമാണ്. ഗസ്സയെക്കുറിച്ച് നാം എല്ലാ ദിവസവും വായിക്കുന്നത് മെഗലാമാനിയയും ന്യൂറോസിസും ഒരേ സമയം അതിര് വിട്ട നെതന്യാഹുവിന്റെ രാഷ്ട്രീയനൈതികതയുടെ ആത്മവിചാരത്തിന് വിധേയമാകാത്ത വിഭ്രാന്തികളാണ്. അദ്ദേഹം തന്റെ യുദ്ധക്കൊതിയുടെ ഇരകളാക്കിയവരെക്കുറിച്ച് വിശേഷിപ്പിക്കാനുപയാഗിക്കുന്ന പ്രിമിറ്റീവ്, ബാര്‍ബേറിയന്‍ തുടങ്ങിയ പദാവലികള്‍ക്ക് ഫ്രോയിഡിന്റേതുമായി സമാനതകളുണ്ടെന്നുള്ളത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ല.
ആധുനിക കാലത്തെ നിരവധി ദീനങ്ങള്‍ക്കുപ്പുറത്ത് നിന്ന്, പ്രത്യേകിച്ചും അധിക്കാരക്കൊതി എന്ന ന്യൂറോസിസിനുമപ്പുറത്ത് നിന്ന്, നാം പുറത്തേക്ക് നോക്കുമ്പോള്‍ അഡക് ഹക്‌സിലിയുടെ ന്യൂറോതിയോളജി എന്ന പരികല്‍പനയെക്കുറിച്ച് ആലോചിച്ച് പോകുകയാണ്.
ന്യൂറോതിയോളജിക്കലും കറാമത്തികവുമായ ഒരുള്‍ക്കാഴ്ചയെ ന്യൂറോടിക് അധികാരത്താലും, വസ്തുകാമനകളോടുള്ള (fetishism) വിധേയത്വത്താലും നിയന്ത്രിതമായ ഒരു ലോകത്ത് എങ്ങനെയാണ് പ്രസക്തമാകുന്നത് എന്ന ആലോചനയാണ് ഞാന്‍ മുന്നോട്ട് വെക്കുന്നത്. ഹക്‌സലിയുടെ ഐലന്റ് എന്ന നോവലിലാണ് ന്യൂറോതിയോളജി എന്ന ആശയം കടന്നുവരുന്നത്. 1962-ലാണ് അദ്ദേഹം ഐലന്റ് എഴുതുന്നത്. 1932-ല്‍ എഴുതിയ ഹക്സിലിയുടെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രവ് ന്യൂ വേള്‍ഡ് എന്ന നോവലില്‍ സമാനമായ ഇതിവൃത്തമുണ്ട്. മാത്രമല്ല 1945-ല്‍ ബ്രവ് വേള്‍ഡിന്റെ ആമുഖത്തില്‍ ഐലന്റിന്റെ പിറവിയെക്കുറിച്ച് മുന്‍വിചാരം നടത്തുന്നുണ്ട് അദ്ദേഹം- പെരേനിയല്‍ ഫിലോസഫി എന്ന കൃതിയിലൂടെ തന്റെ ദാര്‍ശനികതയെ ലോകത്തിന് ഹക്സിലി പരിചയപ്പെടുത്തിക്കൊടുത്തതും ആ വര്‍ഷം തന്നെയാണ്. പാല എന്ന ദ്വീപിലകപ്പെട്ട വില്‍ ഫാര്‍നബി എന്ന പത്രപ്രവര്‍ത്തകനാണ് നോവലിന്റെ ആഖ്യാതാവ്. പാലാക്കാര്‍ കൊതിപ്പിക്കുന്ന ആത്മീയ ജീവിതം നയിക്കുന്നവരാണ്. ഭാവി-ഭൂത വിചാരങ്ങളൊന്നുമില്ലാതെ, ഓരോ നിമിഷത്തിലും അവര്‍ ജീവിക്കുന്നു (മോട്ടിവേഷന്‍ സ്പീക്കര്‍മാര്‍ വിരളമായതു കൊണ്ട് അന്നത് ഒരു ക്ലിഷേ ആയിട്ടില്ല). മരണം, യാതന, ദു:ഖം അങ്ങിനെ സര്‍വതും ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു. മെഡിറ്റേഷന്‍ നടത്തുന്നു, മൈഥുനം എന്നറിയപ്പെടുന്ന രതിവിഘ്‌നത അഭ്യസിക്കുന്നു – പുരുഷന്‍മാര്‍ സ്ഖലനത്തിന് മുമ്പ് ലീലയില്‍ നിന്ന് വേര്‍പിരിയുന്നു. അതിലുപരി മോക്ഷം എന്ന് പേരുള്ള സൈക്കഡെലിക് ഡ്രഗ് ഉപയോഗിച്ച് നിര്‍വൃതി പരിശീലിക്കുന്നു (പാല ബിഷപ്പ് അറിയുക. നോവലിലെ പാലാക്കാരെ വഴിപിഴപ്പിക്കാന്‍ നാര്‍കോട്ടിക് ജിഹാദ് ആരും അവിടെ നടപ്പിലാക്കിയിട്ടില്ല).
ദൈവശാസ്ത്രം കേവലമായ കലാം, അഥവാ സംഭാഷണമല്ല എന്നതാണ് ന്യൂറോതിയോളജി പറയുന്നത്. ദൈവം ചരിത്രത്തിലിടപെടുന്നുണ്ടോ, ചരിത്രം ദൈവനിരപേക്ഷമാണോ, മനുഷ്യന് സ്വാതന്ത്ര്യമുണ്ടോ, ദൈവികത പൂര്‍ത്തിയാകുന്നതിന് ഭരണകൂടത്തിന്റെ ആവശ്യമുണ്ടോ തുടങ്ങി അമൂര്‍ത്തമായ ആശയങ്ങളും സംവാദാത്മകമായ ചര്‍ച്ചകളും അവസാനിക്കാന്‍ സമയമായി എന്ന ചോദ്യം ന്യൂറോതിയോളജിയിലുണ്ട്. വേദനിക്കുന്നവര്‍ക്ക് ദൈവത്തൈലം പുരട്ടും മുമ്പ് സമാനമായ ഒരു വേദനയിലൂടെ നിങ്ങള്‍ കടന്നുപോകുന്നുണ്ടോ, അല്ലെങ്കില്‍ തൈലം വീട്ടില്‍ വെച്ചേക്ക് എന്ന ചോദ്യമാണ് ഹക്സിലി ചോദിക്കുന്നത്. പാപം ചെയ്യുന്നതിനെക്കുറിച്ചും, അടുത്ത ഫണ്ട് എവിടെ നിന്ന് വരുമെന്നതിനെക്കുറിച്ചും സമ്പാദിക്കുന്നതിനെക്കുറിച്ചും ആലോചിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വേദനിക്കുന്നവരെയും മുറിവേറ്റവരെയും മര്‍ദ്ദിതരെയും ആശ്വസിപ്പിക്കാനാവില്ല എന്നതാണ് ചോദ്യം.
എന്തുകൊണ്ടാണ് വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നവരേക്കാള്‍ അധികമാളുകള്‍ മയക്കുമരുന്ന് വില്‍ക്കുന്നവരെ അന്വേഷിച്ച് പോകുന്നത് എന്ന ചോദ്യം മതപാഠശാലകള്‍ ചോദിക്കാന്‍ സമയമായി എന്നും പറയാം. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ഒരു മിഥ്യാനിര്‍വൃതിയുടെ സമാനതയുണ്ട്. എന്നാല്‍ ഖുതുബ പറയുന്നത് മുകളില്‍ കയറി താഴേക്കാണ്. മുകളില്‍ നിന്ന് താഴേക്കുള്ള അഭിസംബോധന കേവലം ആചാരമെന്നതില്‍ ഒതുക്കിനിര്‍ത്തുകയും സാമൂഹ്യപെരുമാറ്റങ്ങളിലേക്ക് വ്യാപിപ്പിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് വലിയകാര്യം. കാരണം പ്രവാചകന്‍ അങ്ങനെയായിരുന്നു എന്ന് നാം മനസ്സിലാക്കുന്നുണ്ട്. എല്ലാ മേല്‍ത്തട്ടുകള്‍ക്കുമപ്പുറത്ത് മുകളിലേക്ക് പോയ തിരുദൂതര്‍ താഴേക്കിറങ്ങി വന്നത് പില്‍ക്കാലത്തെ പണ്ഡിതന്‍മാര്‍ക്ക് പാഠമാണ്. സാധാരണമായ അനുഭവങ്ങളുടെ ഏകീകരണത്തിനപ്പുറം വേദനിക്കുന്നവരോട് ഒന്നാകാനുള്ള ഒരു അസാധാരണ ബോധം ആവിഷ്‌കരിക്കുകയാണ് ന്യൂറോതിയോളജിയന്‍ ചെയ്യുന്നത്.
കലാം എന്നതിനപ്പുറത്തേക്ക് ദൈവശാസ്ത്രം വ്യാപിക്കേണ്ടതിന്റെ ആവശ്യകത ആധുനിക മന:ശാസ്ത്രവിശകലനത്തിന്റെ രീതിശാസ്ത്രം നമുക്കു മുമ്പില്‍ ഉന്നയിക്കുന്നുണ്ട്. ഒരു മനശാസ്ത്രജ്ഞനന്റെ/മനശാസ്ത്രജ്ഞയുടെ ക്ലിനിക്കില്‍ അദ്ദേഹം ഒരു പ്രൊഫഷണല്‍ ആണെങ്കില്‍ കാര്യങ്ങള്‍ ശ്രദ്ധിച്ച് മനസിലാക്കുന്നയാളാണ് (Active listener). തനിക്ക് മുമ്പുള്ള വ്യക്തി ഒരു കേസ് ആണ്. മനശാസ്ത്രപഠനങ്ങളില്‍ കേസ് ആയ വ്യക്തിയെ സമീപകാലം വരെ വിശേഷിപ്പിച്ചിരുന്നത് വിഷയി എന്നാണ് (subject). എന്നാല്‍ പഠനപങ്കാളി എന്ന നിലക്ക് (participant) ആ വ്യക്തി തിരിച്ചറിയപ്പെടുന്നുണ്ടെങ്കിലും ഒരു കേസ് എന്ന നിലക്കുള്ള ലംബമായ ഒരു ബന്ധമാണ് ഉപദേശിക്കും ഉപദേശം ലഭിക്കുന്നവര്‍ക്കുമിടയില്‍ ശാസ്ത്രീയമായി കല്‍പിച്ചിട്ടുള്ളത്. ആധുനിക മനശാസ്ത്രത്തിന്റെ ഉപകരണവാദപരമായ യുക്തി (materialistic rationale) എവ്വിധം ബോധധാരയില്‍ പ്രകടമാകുന്നു എന്നതിനെ വരച്ച് കാട്ടുന്നുണ്ട് സിഗ്മണ്ട് ഫ്രോയിഡും ദൈവശാസ്ത്രജ്ഞനായ സി.എസ് ലെവിസും തമ്മിലുള്ള സംഭാഷണത്തെ വരച്ചുകാട്ടുന്ന ഫ്രോയിഡ് ലാസ്റ്റ് സെഷന്‍ എന്ന ചലച്ചിത്രം (Brown. 2023).
സംസാരിക്കുന്നവരും കേള്‍ക്കുന്നവരും തമ്മിലുള്ള ദൂരം ഇല്ലാതാക്കുകയാണ് കലാം ദൈവശാസ്ത്രത്തെ വര്‍ത്തമാനകാലത്തേക്ക് വീണ്ടെടുക്കേണ്ടതിന്റെ ആദ്യപടി. ശാസ്ത്രീയമായി കല്‍പിച്ചെടുക്കുകയും നിര്‍ണയിക്കപ്പെടുകയും ചെയ്തിട്ടുള്ള അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടേണ്ടതുണ്ട്. മനുഷ്യരോടൊപ്പം അവരിലൊരാളായി വസ്ത്രം മുഷിയുന്നത് കാര്യമാക്കാതെ തെരുവിലിറങ്ങാന്‍ ദൈവശാസ്ത്രജ്ഞന്‍ തയ്യാറുണ്ടോ എന്നതാണ് ചോദ്യം. ദൈവശാസ്ത്രത്തിലെ ശാസ്ത്രത്തെ സമന്വയങ്ങളിലൂടെയും സമവായങ്ങളിലൂടെയും നേര്‍പ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. പണ്ഡിതന്മാര്‍ പ്രവാചകന്‍മാരുടെ അനുചരന്‍മാരാകേണ്ടത് തങ്ങളെയും തങ്ങളുടെ ദൈവശാസ്ത്ര- നിയമവിധികളെയും മനുഷ്യരുമായി ചേര്‍ത്തുവെച്ചു കൊണ്ടാവണം.
ന്യൂറോറിസിസിനെക്കുറിച്ചും പരിഷ്‌കൃത അപരിഷ്‌കൃത ദ്വന്ദ്വങ്ങളെക്കുറിച്ചും ആലോചിക്കാന്‍ സമയമായി എന്നാണ് തോന്നുന്നത്. അമേരിക്കന്‍ സൈനറ്റിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടത്തെക്കുറിച്ചും, മെഗലോമാനിയ എന്ന ലോകത്തെ മുഴുവന്‍ സംഹരിക്കാന്‍ ശേഷിയുള്ള ഭ്രാന്തിനെക്കുറിച്ചും, പലതരത്തിലുള്ള വംശഹത്യകളുടെ മുനമ്പില്‍ നിന്ന് നമുക്ക് ചോദിക്കേണ്ടിവരുന്നു.
ന്യൂറോടിക് എന്നോ, അപരിഷ്‌കൃതമെന്നോ കയ്യൊഴിഞ്ഞ ഭൂമിശാസ്ത്രങ്ങള്‍ തേടിയുള്ള പലായനങ്ങള്‍ നീം കരോളി ബാബയെത്തേടി സ്റ്റീവ് ജോബ്‌സോ, ലാരി ബ്രില്യന്റോ ജൂലിയ റോബോട്ട്‌സോ വന്നതില്‍ അവസാനിക്കുന്നില്ല. പാല എന്ന സങ്കല്‍പ ഭൂമിയെ ഹക്സിലി സ്ഥാപിച്ചത് അന്തമാനിനും സുമാത്രക്കും ഇടയിലാണ്. ദേശാന്തര പലായനങ്ങള്‍ അവസാനിക്കാനും സമയമായി. ഓരോ മതത്തിലെയും പരിഷ്‌കൃതര്‍ ന്യൂറോടിക് എന്ന് പരിഹസിച്ചിരുന്ന പ്രിമിറ്റീവ് ആയ പരികല്‍പനകളെ വിമോചനപരിപ്രേക്ഷ്യത്തെ വീണ്ടെടുക്കാന്‍ സമയമായി എന്ന് പറയാം.
Add comment