Thelicham

ദ്വിധ്രുവം: ഇസത്‌ബെഗോവിച്ചിന്റെ ദ്വന്ദ്വാത്മക ചിന്തകള്‍

‘When I lose the reasons to live, I shall die’ എന്നാണ് അലിയാ ഇസത്‌ബെഗോവിച്ചിന്റെ ജയില്‍ക്കുറിപ്പുകള്‍ ആരംഭിക്കുന്നത്. ജീവിച്ചിരിക്കുന്നതിനുള്ള ന്യായം എന്നത് ജീവിതം പോലെ വലിയൊരു സിദ്ധാന്തമാണ്. അങ്ങനെയൊരു ന്യായത്തിന്റെ അഭാവത്തില്‍ ജീവിതവും ഇല്ല, അഥവാ ജീവിച്ചിരിക്കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. ജീവിതത്തെ സാരവത്താക്കിത്തീര്‍ക്കാനുള്ള മഹാമനീഷിയായൊരു ചിന്തകന്റെ, മനുഷ്യസ്‌നേഹിയായൊരു വിപ്ലവകാരിയുടെ യത്‌നമാണ് ഈ വാക്യത്തിലൂടെ വെളിവാകുന്നത്. അത്തരമൊരു ജീവിതം ജീവിച്ചു കാണിച്ച ഒരു പ്രതിഭയും കൂടിയാണ് ഇസത്‌ബെഗോവിച്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ സെകന്‍ഡും കര്‍മനിരതവും ഉദ്വേഗപൂര്‍ണവുമായിരുന്നു എന്ന് കാണണം. മാര്‍ഷല്‍ ടിറ്റോയുടെ കാരാഗൃഹത്തില്‍ കിടന്നാണ് അദ്ദേഹം ജയില്‍ക്കുറിപ്പുകള്‍ എഴുതുന്നത്. ‘ജീവിതത്തിന് സ്വന്തമായി അതില്‍ത്തന്നെ ഒരു ലക്ഷ്യമുണ്ട്’ അദ്ദേഹം തൊട്ടടുത്ത കുറിപ്പെഴുതുന്നു: ‘ജീവിതത്തെക്കുറിച്ചുള്ള ബാഹ്യാനുഭവങ്ങളെല്ലാം നഷ്ടപ്പെടുമ്പോള്‍ അത് ദൃശ്യമാകും. ജീവിതത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം യുവത്വം, ചാരുത, ആരോഗ്യം, സ്വാതന്ത്ര്യം തുടങ്ങിയ അഭിലഷണീയവും എന്നാല്‍ ശാശ്വതമല്ലാത്തതുമായ മൂല്യങ്ങളിലല്ല, മറിച്ച് ജീവിതത്തില്‍ തന്നെയാണ് കുടികൊള്ളുന്നതെന്ന് നാം കാണുന്നു.

ഒരു അധ്യാപനം എന്ന നിലക്കല്ല, മറിച്ച് ഒരു ലോകവീക്ഷണം എന്ന നിലക്കാണ് താന്‍ ഇസ്‌ലാമിനെ സമീപിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട് അത്യാധുനിക ലോകത്തിലെ ഏറ്റവും പ്രസക്തനായ ഇസ്‌ലാമിക ചിന്തകനും കൂടിയായ ഇസത്‌ബെഗോവിച്. പഠിപ്പിക്കലില്‍ ഊന്നുന്ന മതയുക്തിയുടെയും പഠിക്കലില്‍ കേന്ദ്രീകരിക്കുന്ന ദാര്‍ശനികയുക്തിയുടെയും ഇടയില്‍ ഒരു വിഭജനരേഖ വരയ്ക്കുകയാണ് അദ്ദേഹം ഈ പ്രസ്താവനയിലൂടെ ചെയ്യുന്നത്. തന്റെ വിഖ്യാതമായ Islam Between East and West എന്ന ക്ലാസിക് കൃതിയിലാണ് ബോസ്‌നിയാക് ജനതയുടെ നേതാവും ബോസ്‌നിയ ഹെര്‍സെഗൊവീനയുടെ ഭരണാധികാരിയുമായിരുന്ന ഇസത്‌ബെഗോവിച് ഇക്കാര്യം പറയുന്നത്. ഇസ്‌ലാമിനെ പുറത്തു നിന്ന് നോക്കിക്കാണാനാണ് ഈ പുസ്തകത്തിലൂടെ താന്‍ ശ്രമിക്കുന്നതെന്ന് അവകാശപ്പെടുന്ന അദ്ദേഹം, പൊരുളന്വേഷിച്ച് ദര്‍ശനങ്ങളിലൂടെ അലയുന്ന സന്ദേഹിയായ ഒരവധൂതന്റെ വേഷം സ്വീകരിക്കുന്നു ഈ പുസ്തകത്തില്‍.

ദാര്‍ശനികമാനമുള്ള അദ്ദേഹത്തെപ്പോലൊരാളുടെ ജീവിതത്തില്‍ ചോദ്യങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും വലിയ പ്രസക്തിയുണ്ട്. ചോദ്യങ്ങളാണ് മനസ്സിലും സമൂഹത്തിലും പരിവര്‍ത്തനം സൃഷ്ടിക്കുക. ഉത്തരങ്ങളില്‍ പലപ്പോഴും മുന്‍വിധിയുണ്ടാവാം. മാത്രവുമല്ല, ഒരു നിലക്ക് ചിന്തിച്ചാല്‍, ഉത്തരങ്ങള്‍ ചോദ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ മാത്രമാണ്. ചോദ്യങ്ങള്‍ക്ക് സ്വതന്ത്രാസ്തിത്വമുണ്ട്. എന്നാല്‍ ഉത്തരങ്ങള്‍ ചോദ്യങ്ങളെ ആശ്രയിച്ചു മാത്രം അസ്തിത്വം കണ്ടെത്തുന്നു. ഉത്തരങ്ങളെക്കാള്‍ ആയിരം ഇരട്ടി വിപ്ലവശേഷി ചോദ്യങ്ങള്‍ക്കുണ്ടെന്ന് സോക്രട്ടീസ് പറഞ്ഞിട്ടുണ്ട്. ‘പുറത്തു നിന്നുള്ള നോക്കിക്കാണല്‍’ പ്രസക്തമാകുന്നത് അതുകൊണ്ടാണ്. സന്ദേഹത്തിന്റെ പ്രാധാന്യവും അതുതന്നെ. അതേസമയം ആമുഖമായി ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ തിരിച്ചറിവുകള്‍ പങ്കുവെക്കുന്നുമുണ്ടദ്ദേഹം.

മൂന്നുതരം ലോകവീക്ഷണങ്ങളെയാണ് ഇസത്‌ബെഗോവിച് കണ്ടെത്തുന്നത്. ഒന്ന് ഭൗതികവാദപരം, രണ്ട് മതപരം, മൂന്ന് ഇസ്‌ലാമികം. മതപരം എന്ന് വിവക്ഷിക്കാവുന്ന എന്തിനെയും വ്യാമോഹം (delusion) ആയാണ് പൊതുവെ ഭൗതികവാദികള്‍ കാണാറുള്ളത്. ജീവിതത്തിന്റെ ഭൗതികയാഥാര്‍ഥ്യങ്ങളെ മറയ്ക്കുന്ന വ്യാമോഹത്തിന്റെ പ്രത്യക്ഷങ്ങളായി മതം എന്ന് വ്യവഹരിക്കാവുന്ന ഏത് രൂപത്തെയും വിശേഷിപ്പിക്കുന്നു ഫ്രീദ്രിച് എംഗല്‍സ് (Anti Duhring). ജനങ്ങളുടെ കറുപ്പ് ആയി മാര്‍ക്‌സും (A Contribution to the Critique of Hegal‑’s Philosophy of Rights) അടയാളപ്പെടുത്തുന്നു. എന്നുവെച്ചാല്‍ ആശ്വാസം പ്രദാനം ചെയ്യുന്ന ഒന്നാണ് മതം. എന്നാല്‍ ആത്യന്തികമായി, ഭൗതികമായ അടിച്ചമര്‍ത്തലിനെയും സാമൂഹിക ചൂഷണത്തിന്റെ യഥാര്‍ഥ സ്വഭാവത്തെയും അഭിമുഖീകരിക്കുന്നതില്‍ നിന്ന് ആളുകളെ തടയുന്ന ‘വ്യാമോഹം’ ആയി മതം പ്രവര്‍ത്തിക്കുന്നു. അത് ആളുകളെ നിഷ്‌ക്രിയരാക്കുകയും ചെയ്യുന്നു. മതപരമായ വ്യാമോഹങ്ങള്‍ എന്ന ആശയത്തെ തള്ളിക്കളയുന്നില്ല ഇസത്‌ബെഗോവിച്. അതേസമയം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭൗതികവാദപരം എന്നതും വ്യാമോഹം തന്നെയാണ്.

ലോകവീക്ഷണങ്ങളെ മൂന്നായി തരം തിരിക്കുന്നതോടെ ഇസ്‌ലാമികം എന്ന പരികല്‍പനം ഭൗതികവാദപരമോ മതപരമോ അല്ലാതായി മാറുന്നു. തത്വചിന്താപഠനം നടത്തുന്ന ഭൗതികവാദികള്‍ ഇസ്‌ലാമിനെ ആശയവാദത്തിന്റെ കോളത്തിലാണ് പെടുത്താറുള്ളത്. അതുപോലെ ഇസ്‌ലാമികം എന്നതിനെ മതപരം എന്നതിന്റെ ഒരു രൂപം മാത്രമായി മനസ്സിലാക്കുക എന്നതാണ് പൊതുബോധം. ഇത്തരം പരികല്‍പനങ്ങളെ നിഷേധിക്കുക എന്നത് കൂടിയാണ് ഇസത്‌ബെഗോവിച്ചിന്റെ ഈ തരംതിരിക്കലില്‍ സംഭവിക്കുന്നത്. അതോടൊപ്പം അദ്ദേഹം ഇസ്‌ലാമിനെ പ്ലെയ്‌സ് ചെയ്യുന്നത് ഭൗതികവാദത്തിന്റെയും മതത്തിന്റെയും നടുവിലാണ്. Middle Path എന്ന ഒരാശയത്തിലേക്കാണ് അദ്ദേഹം സഞ്ചരിക്കുന്നത്. Islam Between East and West എന്ന പുസ്തകത്തിന്റെ കേന്ദ്ര പ്രമേയവും അതുതന്നെ. ഇവിടെ ഭൗതികവാദത്തിന്റെ പ്രതിനിധാനമായി പടിഞ്ഞാറ് മാറുന്നു. കിഴക്ക് മതത്തെയും പ്രതിനിധീകരിക്കുന്നു. കിഴക്കിനും പടിഞ്ഞാറിനും മധ്യേയുള്ള മിഡില്‍ പാത്തിനെ ഒരു രാജപാതയായി കണ്ടുകൊണ്ടാണ് ഈ പുസ്തകത്തിന് മലയാള പരിഭാഷ തയ്യാറാക്കിയ എന്‍.പി മുഹമ്മദ് തന്റെ പരിഭാഷക്ക് ‘ഇസ്‌ലാം രാജമാര്‍ഗം’ എന്ന് പേര് നല്‍കിയത്.

   *****     *****     *****       

കേവലമൊരു തത്വചിന്തകന്‍ മാത്രമല്ല, ദുരിതപര്‍വം താണ്ടിക്കടന്ന ഒരു പോരാളിയും ഏറ്റവും ക്ലേശകരമായ ഒരു സാഹചര്യത്തില്‍ സ്വന്തം ജനതയെ കാര്യക്ഷമമായി നയിച്ച ഒരു നേതാവും കൂടിയായിരുന്നു അലിയാ ഇസത്‌ബെഗോവിച്. യൂഗോസ്ലാവ്യയില്‍ മാര്‍ഷല്‍ ടിറ്റോയുടെ കമ്യൂണിസ്റ്റ് ഭരണകൂടം കൊല്ലങ്ങളോളം അദ്ദേഹത്തെ ജയിലിലടച്ചിട്ടുണ്ട്. എന്നാല്‍ ടിറ്റോയുടെ മരണത്തിനും യൂഗോസ്ലാവ്യയുടെ തകര്‍ച്ചക്കും ശേഷം അദ്ദേഹത്തിന്റെ വംശമായ ബോസ്‌നിയാക്കുകള്‍ക്കെതിരെ മാരകമായ വംശീയ കലാപം അരങ്ങേറി.

ഇന്‍ഡോ-ആര്യന്‍ വര്‍ഗത്തിലെ സ്ലാവുകളില്‍പ്പെട്ട ജനതയായിരുന്നു അവര്‍. ചെക്കുകളും സ്ലോവാക്കുകളും പോളുകളും കശൂബിയന്മാരും സിലേഷ്യനുകളും സെര്‍ബുകളും അടങ്ങുന്ന പടിഞ്ഞാറന്‍ സ്ലാവുകളും ബെലറൂസിയന്‍, റഷ്യന്‍, ഉക്രെയ്‌നിയന്‍ ഉപവിഭാഗങ്ങളടങ്ങുന്ന കിഴക്കന്‍ സ്ലാവുകളും പിന്നെ യൂഗോസ്ലാവ്യന്‍ പ്രദേശങ്ങളിലെ തെക്കന്‍ സ്ലാവുകളുമായി മൂന്ന് വലിയ വിഭാഗങ്ങളും ഒട്ടേറെ ഉപവിഭാഗങ്ങളുമടങ്ങുന്ന സ്ലാവിക് ജനത പല നിലക്കും അടിച്ചമര്‍ത്തപ്പെട്ടവരും ദുരിതങ്ങള്‍ പേറിയവരുമായിരുന്നു. അതേസമയം അവര്‍ക്കിടയിലുള്ള വംശീയതയും അതിനെക്കാളൊക്കെ ശക്തമായിരുന്നു. ബള്‍ഗേറിയന്മാര്‍, സ്ലൊവീനുകള്‍, മാസിഡോണിയന്മാര്‍, മോണ്ടിനെഗ്രിനുകള്‍ തുടങ്ങിയ വംശങ്ങളായിരുന്നു തെക്കന്‍ വിഭാഗത്തില്‍പ്പെട്ടവര്‍.

സൗത്ത് സ്ലാവ് വിഭാഗത്തില്‍ ബോസ്‌നിയന്‍ പ്രദേശത്ത് അധിവസിച്ച വലിയൊരു വംശമാണ് ബോസ്‌നിയാക്കുകള്‍. പിന്നെ സെര്‍ബുകളും ക്രൊയാട്ടുകളും. സെര്‍ബുകള്‍ കൂടുതലായി കേന്ദ്രീകരിച്ചത് സെര്‍ബിയയിലാണ്. ക്രൊയാട്ടുകള്‍ ക്രൊയേഷ്യയിലും. യൂഗോസ്ലാവ്യയുടെ തകര്‍ച്ചക്ക് ശേഷം സെര്‍ബുകളുടെ നേതാവായ സ്ലാബൊദാന്‍ മിലോസെവിച് എന്ന ഭീകര വംശീയവാദിയുടെ നേതൃത്വത്തില്‍ സെര്‍ബുകള്‍ക്കിടയില്‍ വംശീയത ശക്തിപ്പെട്ടു. ബോസ്‌നിയ ഹെര്‍സെഗൊവീനയെ സെര്‍ബിയയോട് ചേര്‍ക്കാനുള്ള അവരുടെ ആലോചനയാണ് കൊടും വംശഹത്യക്ക് കാരണമായിത്തീര്‍ന്നത്. തെക്കന്‍ സ്ലാവുകള്‍ പൊതുവെ ക്രൈസ്തവരാണെങ്കിലും ബോസ്‌നിയാക്കുകള്‍ മുസ്ലിംകളാണ്. വംശഹത്യയുടെ രൂക്ഷതക്ക് ഇതും ഒരു കാരണമായി. കുരിശുയുദ്ധ മനോഭാവം നിലനിര്‍ത്തുന്നവരായിരുന്നു ബാള്‍ക്കന്‍ പ്രദേശത്തെ ക്രൈസ്തവ വിഭാഗങ്ങള്‍. കൂട്ടക്കൊലകള്‍ക്ക് പുറമെ, ഭീകരമായ ബലാല്‍സംഗങ്ങള്‍ അരങ്ങേറിയ വംശഹത്യയായിരുന്നു ബോസ്‌നിയയില്‍ നടന്നത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം നാന്‍ജിങ്ങില്‍ ചൈനീസ് വംശജര്‍ക്ക് നേരെ ജാപനീസ് ഷോവനിസ്റ്റ് ദേശീയവാദികള്‍ നടത്തിയ വംശീയാക്രമണത്തിന് ശേഷം ബലാല്‍സംഗം ഒരു യുദ്ധനയമായി പ്രത്യക്ഷത്തില്‍ത്തന്നെ സ്വീകരിച്ചത് സെര്‍ബുകളായിരുന്നെന്ന് പറയേണ്ടി വരും. ഇങ്ങനെയൊരവസ്ഥയെ അതിജയിക്കുന്നതിന് സ്വന്തം ജനതക്ക് ആത്മവിശ്വാസം പകരുകയും ഫലപ്രദമായ നേതൃത്വം നല്‍കുകയും ചെയ്ത ധീരനും കൂടിയാണ് അലിയാ ഇസത്‌ബെഗോവിച്.

***** ***** *****

‘ഇസ്‌ലാം കിഴക്കിനും പടിഞ്ഞാറിനും മധ്യേ’ എന്ന പുസ്തകത്തില്‍ ഇസത്‌ബെഗോവിച് വിശദീകരിക്കാന്‍ ശ്രമിക്കുന്നത് Bipolar Unity എന്ന ആശയമാണ്. ഈ പ്രയോഗത്തെ ദ്വിധ്രുവത എന്ന് വിവര്‍ത്തനം ചെയ്തിട്ടുണ്ട് എന്‍.പി. പുസ്തകത്തിന്റെ ആദ്യ അധ്യായത്തിന്റെ പേര് സൃഷ്ടിയും പരിണാമവും (Evolution and Creation) എന്നാണ്. അതില്‍ത്തന്നെയുള്ള ആദ്യ ഉപശീര്‍ഷകം ഡാര്‍വിനും മീഖേലാഞ്ജലോയും എന്നതും. ചരിത്രം, തത്വചിന്ത, നിലപാടുകള്‍, ജീവിതം എന്നിവയില്‍ വിരുദ്ധധ്രുവങ്ങളില്‍ നിലകൊള്ളുന്ന ദ്വന്ദ്വങ്ങള്‍ക്കിടയിലാണ് അദ്ദേഹം എല്ലായ്‌പ്പോഴും ഇസ്‌ലാമിനെ സ്ഥാപിക്കുന്നത്. വിരുദ്ധ ധ്രുവങ്ങളുടെ പ്രതീകങ്ങളായി തുടക്കത്തില്‍ അദ്ദേഹം മുന്നോട്ടു വെച്ച രണ്ട് പ്രതീകങ്ങളാണ് ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ ചാള്‍സ് ഡാര്‍വിനും ഇറ്റാലിയന്‍ ചിത്രകാരനായ മീഖേലാഞ്ജലോയും. ആ രണ്ട് വ്യക്തികളുടെ എല്ലാ ആശയങ്ങളെയും പൂര്‍ണമായി പരിഗണിച്ചു കൊണ്ടുള്ള പ്രതീകവത്കരണമല്ല അത്.

ഡാര്‍വിന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന ചിത്രം, ഏതോ ഒരാദിമ സ്പീഷീസില്‍ നിന്ന് യാന്ത്രികവും ഭൗതികവുമായ പരിണാമത്തിന് വിധേയനായി പൂര്‍ണത പ്രാപിക്കുന്ന മനുഷ്യന്റെതാണെങ്കില്‍, മീഖേലാഞ്ജലോയുടെ പേര് നമ്മളെ വത്തിക്കാനിലെ സിസ്റ്റെയ്ന്‍ ചാപ്പലില്‍ എത്തിക്കും. അതിന്റെ മേല്‍ക്കൂരയില്‍ അദ്ദേഹം വരച്ച ചിത്രങ്ങളുണ്ട്. ബൈബിള്‍ക്കഥകളെ ആധാരമാക്കി മനുഷ്യന്റെ ഉത്പത്തി തൊട്ട് ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണം വരെയുള്ള ചിത്രങ്ങള്‍.

അതിലെ ഒന്നാമത്തെ ചിത്രമാണ് The Creation of Adam. വിരുദ്ധ ദ്വന്ദ്വങ്ങളുടെ പ്രതീകങ്ങളായാണ് ആ ചിത്രങ്ങള്‍ നമ്മുടെ മുന്നിലേക്ക് വരുന്നത്. ഡാര്‍വിന്റെ മനുഷ്യന്‍ ഭൗതിക പരിണാമങ്ങള്‍ക്ക് മാത്രം വിധേയനാണ്. ജീവപരിണാമത്തെക്കുറിച്ച തന്റെ സിദ്ധാന്തത്തില്‍ അദ്ദേഹം അതേ പരിഗണിക്കുന്നുള്ളൂ. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ബാധ്യതയും അത്രേയുള്ളൂ. എന്നുവെച്ചാല്‍ ഒരു വ്യക്തി എന്ന നിലക്ക് അദ്ദേഹം ഉള്‍ക്കൊണ്ട അറിവുകളുടെയും വച്ചുപുലര്‍ത്തിയ ആശയങ്ങളുടെയും സമ്പൂര്‍ണമായ പ്രതിനിധാനമാവണമെന്നില്ല ഈ പ്രതീകാത്മകതയിലൂടെ ഇസത്‌ബെഗോവിച് ഉദ്ദേശിക്കുന്നത്. മറിച്ച് മനുഷ്യനെക്കുറിച്ച ഭൗതികമാത്രമായ എല്ലാ വായനകളുടെയും അടയാളമായാണ് അദ്ദേഹം ശാസ്ത്രജ്ഞനെ നിര്‍ത്തുന്നത്. അതായത് ലോകവീക്ഷണങ്ങള്‍ എന്ന നിലക്ക് അദ്ദേഹം വര്‍ഗീകരിച്ച മൂന്ന് ശീര്‍ഷകങ്ങളില്‍ ഭൗതികവാദപരം എന്ന കാറ്റിഗൊറിയെയാണ് പുസ്തകത്തില്‍ എവല്യൂഷന്‍ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. മറുവശത്ത് ചിത്രകാരന്‍ അടയാളപ്പെടുത്തുന്നത് ക്രിയേഷനെ (സൃഷ്ടിയെ) ആണ്. അതാകട്ടെ മതപരം എന്ന വിഭാഗത്തിന്റെ അടയാളവും ആണ്. ഇവിടെ ഗ്രന്ഥകാരന്‍ പറയുന്നത് ഇസ്‌ലാം പരിണാമവാദമോ സൃഷ്ടിവാദമോ അല്ല, മറ്റൊരു ഭാഷയില്‍ ഇസ്‌ലാം ഭൗതികവാദപരമോ മതപരമോ അല്ല എന്ന് തന്നെയാണ്. എന്നാല്‍ രണ്ടിന്റെയും നിരാകരണവും അല്ല. മധ്യമ ദര്‍ശനത്തിന്റെ സവിശേഷത അത് കൂടുതല്‍ ഇന്‍ക്ലൂസീവ് ആയിരിക്കും എന്നുള്ളതാണ്. ആത്മീയമായ അസ്തിത്വാന്വേഷണം എന്നതിനും കേവലഭൗതികമായ പരിണാമം എന്നതിനും മധ്യേയാണ് ഇസത്‌ബെഗോവിച് മനുഷ്യനെ നിര്‍ത്തുന്നത്. അതാണ് അദ്ദേഹം കണ്ടെത്തുന്ന ഇസ്‌ലാമിന്റെ ഇടം.

വസത്വിയഃ എന്ന ഖുര്‍ആനികാശയമാണ് ഇവിടെ തത്വശാസ്ത്രപരമായി അടയാളപ്പെടുത്തപ്പെടുന്നത്. മധ്യമികത എന്ന് ഇതിന് അര്‍ത്ഥം പറയാം. ഒരു തരത്തില്‍ ഇതൊരു വൈരുദ്ധ്യാത്മക (dialectical) വീക്ഷണമാണ്. പല തത്വചിന്തകളും ഡയലക്ടിക്കല്‍ സമീപനത്തെ വിശദീകരിച്ചിട്ടുണ്ടെങ്കിലും ഭൗതികവാദപരമോ ആശയവാദപരമോ ആയ ഏതെങ്കിലുമൊരു പ്രതലത്തില്‍ നിന്നുകൊണ്ടാവും ആ വിശദീകരണം. എന്നാല്‍ ഇസ്‌ലാം ഭൗതികവാദം, ആശയവാദം എന്നിവക്കിടയില്‍ത്തന്നെ ഡയലക്ടിക്കല്‍ സമീപനം സാധ്യമാക്കുന്നു.

മനുഷ്യജീവിതത്തിന്റെ തുടക്കവും ലക്ഷ്യവുമായി ബന്ധപ്പെട്ട ഒരു അന്യാപദേശമുണ്ട് ഖുര്‍ആനില്‍ (സൂറഃ അല്‍അ്‌റാഫ് 172). ഈ അലിഗറിയെ ഇസത്‌ബെഗോവിച് ഖാലൂബലാ സംഭവം എന്ന് വിളിക്കുന്നു. ഈ സംഭവം മുതല്‍ക്ക് ഏകധ്രുവത്തില്‍ നിന്നുകൊണ്ടുള്ള ജീവിതം അപ്രായോഗികവും അര്‍ഥരഹിതവുമായിത്തീര്‍ന്നു എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മെറ്റീരിയലിസത്തെ നിരാകരിച്ചു കൊണ്ടും മാറ്ററിനെ ഉള്‍ക്കൊണ്ടു കൊണ്ടുമുള്ള ഒരു ഡയലക്ടിക്കല്‍ എക്സ്പ്രഷന്‍ (വൈരുദ്ധ്യാത്മക പ്രകാശനം), ആശയ-ഭൗതിക ലോകങ്ങള്‍ തമ്മില്‍ത്തന്നെയുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ വിശദീകരിക്കുന്ന പാഠം, കേവലമൊരു മതദര്‍ശനം മാത്രമായി പലരും മനസ്സിലാക്കുന്ന ഇസ്‌ലാമില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് ഈ പുസ്തകം നല്‍കുന്ന ഏറ്റവും മഹത്തായ അനുഭൂതി. ഇതറിയുന്നതോടെ നമ്മുടെ ഇസ്‌ലാം പഠനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഈ മധ്യമ സ്വഭാവം ആയിത്തീരുന്നു. വസ്തുക്കളെയും വസ്തുതകളെയും പ്രതിഭാസങ്ങളെയും സംഭവങ്ങളെയും ദ്രവ്യത്തെയും ബോധത്തെയും എല്ലാം വിശകലനം ചെയ്യുന്നതിനും ശരി കണ്ടെത്തുന്നതിനുമുള്ള അടിത്തറയായി മധ്യമം എന്ന ആശയം മാറുന്നു. രണ്ട് ധ്രുവങ്ങളുടെ ശരിയും ശക്തവുമായ ചേര്‍പ്പ് ആണ് ഇസ്‌ലാം എന്നാണ് ഇസത്‌ബെഗോവിച് സ്ഥാപിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ഈ പുസ്തകത്തിന്റെ പൂര്‍വഖണ്ഡം ദാര്‍ശനികമായ കാഴ്ചകളും ഉള്‍ക്കാഴ്ചകളും കൊണ്ട് സമ്പന്നമാണ്. രണ്ടാം ഭാഗമാകട്ടെ, കൃത്യമായി Islam; Bipolar Unity എന്ന വിഷയത്തില്‍ കേന്ദ്രീകരിക്കുന്നു.

മധ്യമ ദര്‍ശനത്തിന്റെ പ്രാധാന്യത്തെ ക്രാന്തദര്‍ശികളായ മനീഷികളും പ്രവാചകരും മുമ്പേ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ചൈനയിലെ ഏറ്റവും പ്രമുഖ തത്വചിന്താ പദ്ധതിയും മതവുമായ കണ്‍ഫ്യൂഷനിസത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നിന്റെ പേര് Zhong-Yong എന്നാണ്. കണ്‍ഫ്യൂഷസിന്റെ പൗത്രനും അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രചാരകനുമായ കീഗ് സമാഹരിച്ചതാണ് ഈ ഗ്രന്ഥം. Doctrine of the Mean (മധ്യമത്വത്തിന്റെ സിദ്ധാന്തം) എന്നാണ് ഷോങ്-യോങ് എന്നതിന്റെ അര്‍ത്ഥം. കാര്യങ്ങളില്‍ ഏറ്റവും പുണ്യമുള്ള വഴിയാണ് ഷോങ്-യോങ് എന്ന് കണ്‍ഫ്യൂഷസ് തന്നെ പറഞ്ഞിട്ടുണ്ട്. ഇത് തന്നെയായിരുന്നു ബുദ്ധന്റെയും ഉപദേശം. ഇന്ദ്രിയ ലോലുപതയുടെ ഭോഗമാര്‍ഗവും ഇന്ദ്രിയ നിഗ്രഹത്തിന്റെ യോഗമാര്‍ഗവും തെറ്റാണ് എന്ന തിരിച്ചറിവായിരുന്നു അദ്ദേഹത്തിന് ലഭിച്ച ബോധോദയം. പ്രവാചകരെല്ലാവരും ഈ മധ്യമ ദര്‍ശനത്തിന്റെ പ്രബോധകര്‍ തന്നെയായിരിക്കെ പ്രയോഗത്തില്‍ യൂദ മതം തന്നെ കവിഞ്ഞ ഭൗതികതയുടെയും ക്രൈസ്തവത കൂടുതല്‍ മതപരതയുടെയും നിറം സ്വീകരിച്ചതായി അദ്ദേഹം നിരീക്ഷിക്കുന്നു. പുസ്തകത്തിന്റെ രണ്ടാം ഖണ്ഡം ആരംഭിക്കുന്നത് അങ്ങനെയാണ്. ഇവിടെയും പ്രായോഗികമായി ഒരു മധ്യമനിലയുടെ സാധ്യത അദ്ദേഹം കണ്ടെത്തുന്നുണ്ട്. അതിവിപുലമാണ് Islam Between East and West ന്റെ റഫറന്‍സും ബിബ്ലിയോഗ്രഫിയും. ഇസത്‌ബെഗോവിച്ചിന്റെ വായനയുടെ ആഴവും ധാരണയുടെ വ്യാപ്തിയും വിഷയങ്ങളിലുള്ള അവഗാഹവും അമ്പരപ്പിക്കുന്നതാണ്.

ഇസത്‌ബെഗോവിച്ചിന്റെ ചിന്തയുടെ പ്രധാന പ്രമേയം ഇസ്‌ലാമിക മാനവികത തന്നെയാണ്. വംശീയതയുടെ തീച്ചൂളയിലൂടെ സഞ്ചരിക്കേണ്ടി വന്നിട്ടും, ക്ലേശങ്ങള്‍ മാത്രം വിധിക്കപ്പെട്ട ഒരു കാലത്തെ ജനതയുടെ നായകത്വം വഹിക്കേണ്ടി വന്നിട്ടും മനുഷ്യന്‍ എന്ന ആശയത്തിന് മേല്‍ ഇസ്‌ലാം വിക്ഷേപിക്കുന്ന നന്മ, നൈതികത, വിശാലത എന്നീ ഗുണങ്ങളെ ഒരിക്കലും അവഗണിക്കാന്‍ അദ്ദേഹം തയ്യാറായില്ല. Islamic Declaration, Islam Between East and West എന്നു തുടങ്ങി ജയില്‍ക്കുറിപ്പുകളുടെ സമാഹാരമായ Izetbegovic of Bosnia and Herzegovina; Notes from Prison 1983-1988, ആത്മകഥയായ Inescapable Questions തുടങ്ങിയ പുസ്തകങ്ങളെല്ലാം തന്നെ നീതിയുടെ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി കാണാം. മനുഷ്യന്റെ അന്തസ്സും അതുമായി ബന്ധപ്പെട്ട കല്‍പനകളുമെല്ലാം ഖുര്‍ആന്റെയും മുഖ്യ പ്രമേയങ്ങളില്‍പ്പെട്ടതാണല്ലോ. വൈയക്തിക സ്വാതന്ത്ര്യത്തെയും സാമൂഹിക ഭദ്രതയെയും അനുരഞ്ജനപ്പെടുത്തുന്നതിലും ജീവിതത്തിന്റെ ആത്മീയവും ഭൗതികവുമായ വശങ്ങളെ സമന്വയിപ്പിക്കുന്നതിലും ഒരു സമഗ്രമായ സമീപനം ഇസ്‌ലാം പ്രദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.

ഇതിന്റെ ആധാരത്തില്‍ മതത്തിന്റെയും ആത്മീയതയുടെയും ഡോഗ്മാറ്റിക് രൂപങ്ങളോടും ഭൗതികവാദത്തിന്റെ ലോകവീക്ഷണത്തോടും പുലര്‍ത്തുന്ന വിയോജിപ്പാണ് അദ്ദേഹത്തിന്റെ കൃതികളിലെ മറ്റൊരു പ്രധാന പ്രമേയം. മനുഷ്യനെ കേവലം ഭൗതിക സാഹചര്യങ്ങളുടെ ഉത്പന്നമായി ചുരുക്കുന്നു എന്നതാണ് മാര്‍ക്‌സിസത്തോട് അദ്ദേഹത്തിനുള്ള ഏറ്റവും പ്രധാന വിയോജിപ്പ്. പൂര്‍ണതയിലേക്കുള്ള അന്വേഷണമാണ് അദ്ദേഹത്തിന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ പ്രതലം. പാപബോധത്തിന്റെയും മാനസികപീഡയുടെയും ഇരകളായി മനുഷ്യരെ മാറ്റുന്ന സ്ഥാപിത മതസങ്കല്‍പങ്ങളോടും അദ്ദേഹം വിയോജിക്കുന്നു.

പാരമ്പര്യത്തിനും ആധുനികതക്കും ഇടയിലുള്ള മധ്യമപാതയാണ് അദ്ദേഹം അന്വേഷിക്കുന്നത്. ഒരുഭാഗത്ത് പരമ്പരാഗത പുരോഹിതരും മറുഭാഗത്ത് മോഡേണിസ്റ്റ് മതിഭ്രമം ബാധിച്ചവരുമാണ് ഇസ്‌ലാമിനെ തകര്‍ക്കുന്നതെന്ന് Islamic Declaration ല്‍ പ്രസ്താവിക്കുമ്പോഴും പാരമ്പര്യത്തിന്റെ ക്രിയാത്മക മൂല്യങ്ങളെയും ആധുനികതയുടെ തുറസ്സുകളെയും പുല്‍കുന്നുമുണ്ട്. സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ധര്‍മനീതിക്കും (ethics) സദാചാരത്തിനും (morality) ഉള്ള പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം കരുതുന്നു.
മധ്യമികതയുമായി ബന്ധപ്പെട്ട വിശകലനത്തില്‍ ഇസത്‌ബെഗോവിച് ഒരു പരിധി വരെ ഹെഗലിയന്‍ വൈരുദ്ധ്യാത്മതയുമായി എന്‍ഗെയ്ജ് ചെയ്യുന്നുണ്ട്. അതേസമയം അതിനോട് വിമര്‍ശനാത്മക സമീപനം പുലര്‍ത്തുന്നുമുണ്ട്. സംയോഗത്തിലൂടെ (synthesis) വൈരുദ്ധ്യങ്ങള്‍ പരിഹരിക്കുന്നതുള്‍പ്പെടെയുള്ള ഹെഗലിയന്‍ വൈരുദ്ധ്യാത്മക രീതി ചരിത്രപരവും ദാര്‍ശനികവുമായ വികാസത്തെ അറിയുന്നതിനുള്ള പ്രയോജനപ്രദമായ ചട്ടക്കൂടാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അതേസമയം അമൂര്‍ത്തതയോടുള്ള ഹെഗലിന്റെ ആഭിമുഖ്യത്തെയും അമിതമായ ആശയവാദ പ്രവണതയെയും വിമര്‍ശിക്കുന്നു. സമാനമായി മാര്‍ക്‌സിയന്‍ വൈരുദ്ധ്യവാദത്തെ സമീപിക്കുമ്പോള്‍, ഭൗതികസാഹചര്യങ്ങളോടുള്ള അതിന്റെ ആശ്രിതത്വത്തെയും ഇസത്‌ബെഗോവിച് പ്രശ്‌നവത്കരിക്കുന്നു. ഭൗതിക സാഹചര്യങ്ങള്‍ സുപ്രധാനം തന്നെയെങ്കിലും മനുഷ്യ ചരിത്രത്തിന്റെയും സമൂഹത്തിന്റെയും ഏക നിര്‍ണായക ശക്തിയായി അതിനെ കരുതാന്‍ പറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പാശ്ചാത്യ-ഇസ്‌ലാമിക തത്വചിന്തകളെ സമന്വയിപ്പിക്കാന്‍ ശ്രമിച്ച തത്വചിന്തകനായും ഭാവനാതീതമായ പ്രതിസന്ധിയില്‍ സ്വജനതക്ക് നേതൃത്വം നല്‍കിയ രാഷ്ട്ര, രാഷ്ട്രീയ നേതാവായും ഇസ്‌ലാമിക ലോകത്തെ ധിഷണാശാലിയായും വര്‍ത്തിച്ച അലിയാ ഇസത്‌ബെഗോവിച്, ആധുനിക ചിന്താരംഗത്ത് സവിശേഷമായ ഒരു സ്ഥാനം വഹിക്കുന്നു. ഭൗതികവാദ ചിന്താഗതികളെയും കര്‍ക്കശമായ ഡോഗ്മാറ്റിക് മത പാരമ്പര്യങ്ങളെയും അദ്ദേഹം ഒരുപോലെ വിമര്‍ശിച്ചു. വ്യത്യസ്ത ചിന്തകളെ സമന്വയിപ്പിക്കുന്ന സന്തുലിതമായ സമീപനത്തിനായി വാദിച്ചു. മനുഷ്യന്റെ അന്തസ്സ്, സ്വാതന്ത്ര്യം, പൊതുജീവിതത്തില്‍ വിശ്വാസത്തിന്റെ പങ്ക് എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ ആധുനിക ഇസ്‌ലാമിക സ്വത്വത്തെയും മതേതരത്വത്തിന്റെ വെല്ലുവിളികളെയും കുറിച്ചുള്ള സംവാദങ്ങളില്‍ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ ഉദ്യമങ്ങള്‍ ഇന്നത്തെ ലോകത്ത് ഏറെ പ്രസക്തമാണ്. പ്രത്യേകിച്ചും മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയിലുള്ള അന്വേഷണം. അതേസമയം ലോക സമൂഹത്തില്‍, പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ലെന്ന് വേണം പറയാന്‍. അതുകൊണ്ടുണ്ടാകുന്ന നഷ്ടം പക്ഷേ അദ്ദേഹത്തിനല്ലെന്ന് മാത്രം.

മുഹമ്മദ് ശമീം

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.