TRIPLE TALAQ
Home » Article » Politics » മുത്തലാഖ് ബില്‍ പാസാക്കുമ്പോള്‍

മുത്തലാഖ് ബില്‍ പാസാക്കുമ്പോള്‍

മുസ്‌ലിം സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി കേന്ദ്ര ഭരണകൂടം പുറപ്പെടുവിച്ച മുത്തലാഖിനെതിരെയുള്ള പുതിയ വിധി ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്നും ഉദിച്ചതാണ്. മുസ്‌ലിം ആചാരാനുഷ്ഠാനങ്ങളെ നിന്ദിക്കലും വ്യക്തിനിയമങ്ങള്‍ ഹനിക്കലും തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കലും ആര്‍.എസ്. എസിന്റെ ചിരകാല അഭിലാഷങ്ങളില്‍ പെട്ടതാണല്ലോ. അടിസ്ഥാന രഹിതമായ ഇത്തരം ന്യായീകരണങ്ങളിലൂടെയാണ് സുപ്രീം കോടതിയെ ദുര്‍വ്യാഖ്യാനിച്ച് ഹിന്ദുത്വ സര്‍ക്കാര്‍ മുത്തലാഖ് ബില്‍ നിരോധിച്ച് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള അകലം കുറച്ചത്. ഇണയോടൊപ്പൊമുള്ള ജീവിതം ദുസ്സഹമായാല്‍ ആ ബന്ധത്തില്‍ നിന്നും ഇരുവരും സ്വതന്ത്ര്യരാവുക എന്നത് ഉത്തരാധുനിക യുഗത്തില്‍ ഏറ്റവും പുരോഗമന മുഖമായി പരിഷ്‌കൃത സമൂഹം ഉയര്‍ത്തിക്കാട്ടുമ്പോഴും മുസ്‌ലിംകള്‍ക്കിടയിലെ മുത്തലാഖില്‍ സ്ത്രീയുടെ അവകാശ നിഷേധം ചികയുന്നവര്‍ വസ്തുതകളോട് കണ്ണടച്ചിരുട്ടാക്കുകയാണ്. സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഒരിക്കലും മുസ്‌ലിം സ്ത്രീകളുടെയോ ന്യൂനപക്ഷങ്ങളുടെയോ സംരക്ഷകരാവാന്‍ കഴിയില്ല എന്നത് തീര്‍ച്ചയാണ്. ഗുജറാത്തിലും മറ്റും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ പോലും ത്രിശൂലം കയറ്റിയും കാട്ടിയ ക്രൂരതയാണോ സംഘ്പരിവാറിന്റെ സ്ത്രീസംരക്ഷണം എന്നു വ്യക്തമാക്കേണ്ടതുണ്ട്. മുത്തലാഖ് ബില്‍ സംബന്ധിച്ചുള്ള പുതിയ നിയമം മുസ്‌ലിം സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തുമെന്നും ലിംഗസമത്വം ഉയര്‍ത്തിടിക്കുമെന്നുമൊക്കെയുള്ള അവകാശ വാദങ്ങള്‍ പൊതുസ്വീകാര്യത ലഭിക്കാനുള്ള തിട്ടൂരങ്ങള്‍ മാത്രമാണ്. ഇത്തരം വിഷയങ്ങളില്‍ ഉറച്ചൊരു നിലപാടില്ലാതെ ന്യൂനപക്ഷ സംരക്ഷകരെന്നും മതേതര വക്താക്കളെന്നും സ്വയം പ്രഖ്യാപിച്ച സെക്കുലര്‍ പാര്‍ട്ടികള്‍ മുത്തലാഖ് ബില്‍ ഒറ്റയിരിപ്പിന് പാര്‍ലമെന്റില്‍ പാസാക്കുമ്പോള്‍ ഈ പാര്‍ട്ടികള്‍ അവിടെ എന്തെടുക്കുകയായിരുന്നു എന്ന് 2019ലെ പാര്‍ലമെന്റ് ഇലക്ഷന് വോട്ടിരന്ന് വരുമ്പോഴെങ്കിലും ന്യൂനപക്ഷങ്ങളെ ബോധിപ്പിക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഉറച്ചൊരു നിലപാടില്ലാതെ മൃദുഹിന്ദുത്വ സമീപനം കാണിക്കുകയായിരുന്നു. അത്തരം രാഷ്ട്രീയം മറന്ന കളികളില്‍ കോണ്‍ഗ്രസിന് തിരിച്ചടികള്‍ നേരിട്ട ചരിത്രം മാത്രമേയുള്ളൂ എന്നും പാര്‍ലമെന്റ് നാടകങ്ങള്‍ക്ക് തിക്തഫലം അനുഭവിക്കുമെന്നും കോണ്‍ഗ്രസ് അടക്കമുള്ള സെക്യുലര്‍ പാര്‍ട്ടികള്‍ ഓര്‍ക്കുന്നത് നന്ന്. പതിറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യ നിയമ വ്യവസ്ഥ എത്ര ലാഘവത്തോടെയാണ് അധികാരത്തിന്റെ ഹുങ്കില്‍ അട്ടിമറിക്കപ്പെട്ടത്?. യുക്തിപരമായി ചിന്തിക്കുന്ന ഏതൊരു മതേതര വിശ്വാസിക്കും പുതിയ നിയമത്തിന്റെ വൈരുധ്യങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും.  സുപ്രീം കോടതിയുടെ ഈ വിധിയോടെ മുത്തലാഖ് വിവാഹമോചനത്തിനുള്ള ഒരു ഹേതുവേ അല്ലാതായി മാറിയിരിക്കുന്നു. തദടിസ്ഥാനത്തില്‍ ഒരു വെറും വാക്കു പറഞ്ഞതിന്റെ പേരില്‍ എന്തിന് ഒരു ഇന്ത്യന്‍ പൗരന്റെ മൂന്നു വര്‍ഷം പാഴാക്കപ്പെടണം?. കാരാഗ്രഹങ്ങളില്‍ വസിക്കുന്ന വ്യക്തിയെങ്ങനെ മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് പിഴ നല്‍കും. ഇത്തരം പരസ്പര വിരുദ്ധ ബില്ലിനെ ബുദ്ധിജീവികളെന്നും സെക്യുലറുകളെന്നും സ്വയം വിശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാരും മറ്റു കക്ഷികളും അംഗീകരിച്ചത് പല ഊഹാപോഹങ്ങള്‍ക്കും വഴിവെക്കുന്നതാണ്.

Editor Thelicham

Thelicham monthly

Add comment