ഇസ്‌ലാമിക കര്‍മ്മശാസ്ത്രം കേവലം ഒരു നിയമശാസ്ത്രം മാത്രമല്ല, സമഗ്രമായൊരു ജീവിതപദ്ധതി കൂടിയാണത്. ഇക്കാരണത്താല്‍ തന്നെ സാര്‍വകാലികവും സാര്‍വജനീനവുമായ രീതിശാസ്ത്രമാണ് ഫിഖ്ഹ് മുന്നോട്ട് വെക്കുന്നത്. ചെന്ന് കയറിയ ഇടങ്ങളിലെല്ലാം തന്നെ അതാതിടങ്ങളിലെ സാസ്‌കാരിക വൈവിധ്യങ്ങളെയും പ്രാദേശിക നടപ്പുകളെയും സ്വാംശീകരിച്ച് പ്രാദേശികത്വത്തിലൂന്നി അവയെ പരിഷ്‌കരിച്ചെടുക്കുകയാണ് ഫിഖ്ഹിന്റെ സമീപന രീതി. ആഗോളീയത-പ്രാദേശികത എന്ന രണ്ട് ആശയങ്ങളില്‍ ഏകപക്ഷീയമായ നിരാകരണങ്ങളില്ലാതെ സമദൂരം പാലിച്ചു കൊണ്ടാണ് ഇസ്‌ലാം അതിനെ സാധ്യമാക്കുന്നത്.
ഇസ്‌ലാമിക നിയമശാസ്ത്രത്തില്‍ ഈ ദ്വന്ദ്വം വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. നിയമസംഹിതകളോളം പ്രധാനമാണ് ആചാരങ്ങളും നാട്ടുനടപ്പു രീതികളും. നിയമ ഗ്രന്ഥങ്ങള്‍ രൂപം കൊണ്ട സാമൂഹികവും പ്രാദേശികവുമായ പരിസ്ഥിതി വ്യത്യസ്തമായത് കൊണ്ട് തന്നെ കേരളത്തിലെ കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ നാട്ടുനടപ്പിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മിക്ക ശാഫിഈ കര്‍മ്മ ശാസ്ത്രജ്ഞരും നാട്ടുനടപ്പിനെ നിയമ സ്രോതസ്സായി കണക്കാക്കുന്നുണ്ട്. ഇസ്‌ലാമിക നിയമശാസ്ത്രം അനുസരിച്ച് അടിസ്ഥാന തത്വങ്ങളോട് നാട്ടുനടപ്പ് രീതികള്‍ എതിരാവാത്ത കാലത്തോളം നിയമ രീതികളുമായി അവയെ സംയോജിപ്പിക്കാം എന്ന് ഇമാം സുയൂത്വി അടക്കമുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടതായി കാണാം.
പ്രാദേശിക സ്വാധീനങ്ങള്‍ ഇസ്‌ലാമിക നിയമ ശാസ്ത്രത്തെ രൂപപ്പെടുത്തുന്നതില്‍ മര്‍മ പ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഉലമാക്കള്‍ ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളുമായും ആവശ്യങ്ങളുമായും നിരന്തരബന്ധം പുലര്‍ത്തിയിരുന്നു. ഇക്കാരണത്താല്‍ തന്നെ കര്‍മ്മശാസ്ത്രസംബന്ധിയായ നിരവധി ചോദ്യങ്ങള്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. സ്വന്തമായി ഈ വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിട്ട് കൂടി യമന്‍, മക്ക, ഈജിപ്ത് അടക്കമുള്ള മുസ്‌ലിം ദേശങ്ങളിലെ ഉന്നത പണ്ഡിതരുമായി അവര്‍ നിയമോപദേശം തേടിയിരുന്നു. ഈ ചോദ്യങ്ങളെ ഉത്തര സഹിതം സമാഹരിക്കുകയും പില്‍ക്കാലത്ത് അതിനെ ഫത്‌വ ഗ്രന്ഥങ്ങളായി മാറ്റുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നതിലൂടെ തങ്ങളുടെ കര്‍മ്മശാസ്ത്ര ജ്ഞാനത്തിന് ആധികാരികമായ ഒരു മാനം നല്‍കുകയാണ് മലബാറിലെ ഉലമാക്കള്‍ ചെയ്തത്. പുതു മുസ്‌ലിംകളുമായി ബന്ധപ്പെട്ട പെട്ട ചോദ്യങ്ങള്‍, മതപരിവര്‍ത്തനം, രിദ്ദത്ത് തുടങ്ങിയ വിഷയങ്ങളെ പറ്റി സൈനുദ്ദീന്‍ മഖ്ദൂം നിരന്തരം മറ്റു ദേശങ്ങളിലെ പണ്ഡിതരുമായി ആശയവിനിമയം നടത്തിയിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. മാട്രിലീനിയല്‍, മാട്രിയാര്‍ക്കല്‍ ആന്‍ഡ് മാട്രിഫോക്കല്‍ ഇസ്‌ലാം: ദ വേള്‍ഡ് ഓഫ് വിമണ്‍ സെന്‍ട്രിക് ഇസ്‌ലാം എന്ന പുസ്തകത്തില്‍ അബ്ബാസ് പനക്കല്‍ എഴുതുന്നു:
”പതിനാറാം നൂറ്റാണ്ടില്‍, തുറമുഖ പട്ടണമായ പൊന്നാനിയിലെ പണ്ഡിതന്മാര്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള നാട്ടുകാരുടെ ധാരണ വിപുലീകരിക്കുന്നതിനായി പ്രാദേശിക സമ്പ്രദായങ്ങളെ സമന്വയിപ്പിക്കുന്നതിന് മുന്‍കയ്യെടുത്തു. ഈ ബൗദ്ധിക അന്തരീക്ഷം മലബാറിലെ വ്യവസ്ഥാപിതമായ ഒരു ശാഫിഈ ചിന്താധാരയ്ക്ക് ചട്ടക്കൂട് ഒരുക്കുകയും പൊന്നാനിയുടെ മതപരമായ ചുറ്റുപാടില്‍ മാതൃവംശ പാരമ്പര്യങ്ങള്‍ക്ക് (മാട്രിലീനിയല്‍) ഉദാരമായ പിന്തുണ നല്‍കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടില്‍ പ്രശസ്തമായ പൊന്നാനി മുസ്‌ലിം പഠനകേന്ദ്രം സ്ഥാപിച്ച ശേഷം, സൈനുദ്ദീന്‍ ഒന്നാമനും മകന്‍ അബ്ദുല്‍ അസീസും വിവിധ വിഷയങ്ങളില്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. വിശിഷ്യാ, വിരുദ്ധമായ ആചാരങ്ങളെക്കുറിച്ചുള്ള നിയമപരമായ വാദങ്ങളുയര്‍ത്തി. പക്ഷേ ഒരിക്കലും മാതൃദായക പാരമ്പര്യങ്ങളെ അപലപിച്ചില്ല. ഇസ്‌ലാമിക നിയമ വ്യാഖ്യാനത്തില്‍ പ്രാദേശിക സംസ്‌കാരം എങ്ങനെ വ്യാപകമായി പ്രതിഫലിച്ചുവെന്ന് സൈനുദ്ദീന്‍ അല്‍-മലൈബാരിയുടെ ഫത്ഹുല്‍ മുഈന്‍ കാണിച്ചു തരുന്നു. ഖുര്‍ആനിലെയും സുന്നത്തിലെയും തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമപരമായ ന്യായവാദം ‘ഉര്‍ഫിനെ പ്രയോഗവല്‍ക്കരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചു.”
ഫത്ഹുല്‍ മുഈനും അജ്‌വിബയും
1567 ല്‍ വിരചിതമായ ഖുറത്തുല്‍ ഐന്‍ എന്ന സ്വന്തം രചനയുടെ തന്നെ വിശദീകരണമായാണ് 1575ല്‍ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഫത്ഹുല്‍ മുഈന്‍ രചിക്കുന്നത്. വാണിജ്യം, വിവാഹം, ആരാധനാ കര്‍മങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഗ്രന്ഥത്തിലെ മുഖ്യ പ്രതിപാദ്യ വിഷയം. ഇമാം ഇബ്‌നു ഹജര്‍, ഇബ്‌നു സിയാദ്, സകരിയ്യല്‍ അന്‍സാരി തുടങ്ങിയ പ്രമുഖരുടെ സ്വാധീനം സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഫത്ഹുല്‍ മുഈനില്‍ നിറഞ്ഞ് കാണാം. ഇന്ത്യന്‍ മഹാസമുദ്രതീരത്തെ രാജ്യങ്ങളില്‍ വളരെ പ്രശസ്തമാണ് ഈ ഗ്രന്ഥം. ഇആനത്തുല്‍ മുസ്തഈന്‍, ഇആനത്തു ത്വാലിബീന്‍, തര്‍ശീഹുല്‍ മുസ്തഫീദീന്‍ എന്നിവ അതിന്റെ പ്രസിദ്ധമായ വിശദീകരണ ഗ്രന്ഥങ്ങളാണ്. സാമാന്യജനങ്ങള്‍ സൈനുദ്ദീന്‍ മഖ്ദൂമിനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മധ്യേഷ്യയിലെ പ്രമുഖ പണ്ഡിതര്‍ നല്‍കിയ മറുപടികളെ സമാഹരിച്ച ഗ്രന്ഥമാണ് അല്‍ അജ്‌വിബത്തുല്‍ അജീബ അന്‍ അസ്ഇലത്തില്‍ ഗരീബ എന്ന പുസ്തകം. യമന്‍, ഹളര്‍മൗത്ത്, മക്ക, കൈറോ തുടങ്ങിയ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ പണ്ഡിതന്മാരുമായി മഖ്ദൂം ആശയവിനിമയം നടത്തിയതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. അമുസ്‌ലിം രാജാവിന്റെ കീഴിലെ ജീവിതം, ആരാധനാ കര്‍മ്മങ്ങളിലെ അനറബി ഭാഷ ഉപയോഗം, ഇസ്‌ലാമേതര സമൂഹങ്ങളുമായുള്ള ഇടകലരലുകള്‍, ഇതര മതസ്ഥരുമായുള്ള കച്ചവടങ്ങള്‍ തുടങ്ങിയവ സംബന്ധിയായവയാണ് മിക്ക ചോദ്യങ്ങളും.
ഫത്ഹുല്‍ മുഈന്‍ ഇന്ത്യന്‍ സമുദ്ര തീരങ്ങളില്‍ പ്രചുര പ്രചാരം നേടി. ശാഫിഈ കര്‍മ്മശാസ്ത്ര സരണിയുടെ ഗ്രന്ഥങ്ങളും നിയമ തത്വങ്ങളും പണ്ഡിതന്മാര്‍, കച്ചവടക്കാര്‍ മുഖേന ദേശാന്തര ഗമനം നടത്തി. ഫത്ഹുല്‍ മുഈനിന്റെ കച്ചവട സംബന്ധിയായ നിയമക്രമങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മലേഷ്യ, ഇന്തൊനേഷ്യ അടക്കമുള്ള ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന മിക്ക ദീപു രാജ്യങ്ങളിലെയും പ്രധാന നിയമ ഗ്രന്ഥം ഫത്ഹുല്‍ മുഈനാണ്. ഇന്നും വിദ്യാഭ്യാസ സിലബസുകളില്‍ ഈ ഗ്രന്ഥം പഠന വിഷയമാണ്. മലബാറില്‍ നിന്നും പ്രവഹിച്ച വിജ്ഞാനത്തിന്റെ ഉറവിടം തേടി മാലിദ്വീപ്, ശ്രീലങ്ക, ജാവാ, സുമാത്ര തുടങ്ങിയ വിദൂര ദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ പൊന്നാനിയിലേക്ക് ഒഴുകി. അങ്ങനെയാണ് പൊന്നാനി മലബാറിന്റെ ചെറിയ മക്കയാകുന്നത്. ഫത്ഹുല്‍ മുഈനിലും അജ്‌വിബയിലും മഖ്ദൂം സ്വഗീര്‍ പ്രസ്താവിച്ച അനേകം നിയമസംബന്ധിയായ പ്രാദേശിക പ്രയോഗങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍ പരിശോധിക്കുകയാണ് താഴെ.
കൃഷിയും ഭക്ഷണവും
ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ മലബാറിലെ പ്രധാന ജീവിതമാര്‍ഗവും രീതിയും കാര്‍ഷികവൃത്തി ആയിരുന്നു. വ്യത്യസ്ത തരം കൃഷിയിനങ്ങളും അതിന്റെ ഭാഗമായുള്ള കൊയ്ത്ത്, നിലം ഉഴുതല്‍ തുടങ്ങിയ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഫത്ഹുല്‍ മുഈനില്‍ കാണാം. കൊയ്ത്തിന് ശേഷം നെല്ല് മെതിക്കുന്നതിനായി കന്നുകാലികളെയാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. ഇത്തരം ഘട്ടങ്ങളില്‍ കന്നുകാലികളുടെ മൂത്രം ധാന്യങ്ങളിലായാല്‍ അത് അശുദ്ധിയാവില്ലെന്ന് മഖ്ദൂം വിശദീകരിക്കുന്നു. നിര്‍ബന്ധമായ സകാത്തില്‍ ഭക്ഷണവസ്തു നല്‍കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് കേരളീയ പശ്ചാത്തലത്തില്‍ അരി എന്നാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ മലബാറിലെ ജനങ്ങള്‍ സര്‍വസാധാരണമായി ഉപയോഗിച്ചു വന്നിരുന്ന വെറ്റിലകളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. നോമ്പ് കാലങ്ങളിലെ വെറ്റില ഉപയോഗത്തിനിടയില്‍ വായയിലെ ഉമിനീരില്‍ കലരുന്ന വെറ്റിലനീര് നോമ്പ് മുറിക്കുമോ എന്ന വ്യാപകമായ സംശയത്തിന് ത്വാഹിറായ വസ്തുവുമായി കലര്‍ന്ന ഉമിനീര് പ്രശ്‌നമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഭക്ഷണത്തിനിടയിലെ സലാം പറച്ചില്‍, ബാങ്കിനുള്ള ജവാബ് തുടങ്ങിയവയും വിവാഹ വീടുകളിലെ വെറ്റിലകളുടെയും മധുരങ്ങളുടെയും വിതരണത്തെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ ഫത്ഹുല്‍ മുഈനില്‍ യഥേഷ്ടം കാണാം.
സാമ്പത്തികവും ഭാഷയും
പതിനാറാം നൂറ്റാണ്ടില്‍ മലബാറിലെ പണ്ഡിതര്‍ നേരിട്ട പ്രധാന വിഷയം യുദ്ധങ്ങളില്‍ ലഭിച്ചിരുന്ന യുദ്ധമുതലിനെ പറ്റിയായിരുന്നു. കടല്‍ വ്യാപാരം കുത്തകയാക്കി വെച്ച പോര്‍ച്ചുഗീസ് ആധിപത്യത്തിന്റെ തുടക്കം മുസ്‌ലിംകളെ നന്നായി അലട്ടിയിരുന്നു. ഇതിനോടുള്ള പ്രതികരണമായി കോഴിക്കോട് സാമൂതിരിയുമായി സഹായം തേടുകയും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധം നടത്തുകയും ചെയ്തു. ഇങ്ങനെ ലഭിച്ചിരുന്ന യുദ്ധമുതലുകളുടെ വിതരണം ആര് നടത്തണമെന്നതായിരുന്നു തര്‍ക്ക വിഷയം. മുസ്‌ലിം രാജാവോ യോഗ്യനായ ഖാദിയോ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് നടപ്പിലാക്കേണ്ട വിഷയമാണിത്. മലബാറില്‍ ഇവയുടെ അസാന്നിധ്യത്തില്‍ മുതല്‍ ലഭിച്ച കപ്പല്‍,ബോട്ട് ഉടമകളാണ് ഈ വിതരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. പ്രസ്തുത വിഷയം ഉന്നയിച്ച് ശൈഖ് മഖ്ദൂം വിഖ്യാത നിയമജ്ഞനും പണ്ഡിതനുമായ മുഹമ്മദ് ഖത്വീബ് അശ്ശിര്‍ബീനിക്കൊരു കത്തയച്ചു. യുദ്ധമുതലുകള്‍ ശരീഅത്ത് അനുശാസിക്കുന്നതനുസരിച്ച് അര്‍ഹര്‍ക്കു തന്നെ നല്‍കേണ്ടതാണെന്നും അല്ലാത്ത പക്ഷം അവ പൊതു മുതലായി മാറ്റേണ്ടതാണെന്നും അദ്ദേഹം മറുപടിയും നല്‍കി.
മലബാറില്‍ പ്രാദേശിക ഭാഷയായി പൊതുവേ ഉപയോഗിക്കപ്പെടുന്നത് മലയാളമാണ്. എന്നാല്‍ മുസ്‌ലിം മതപരമായ ആചാരങ്ങളില്‍ ബഹുഭൂരിപക്ഷവും അറബി ഭാഷയിലാണ് നിര്‍വഹിക്കപ്പെടുന്നത്. മഖ്ദൂം രണ്ടാമന്‍ ആരാധനാ കര്‍മ്മങ്ങളില്‍ മലയാള ഭാഷ ഉപയോഗിക്കുന്നതിനെ ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ത്വലാഖ്, നിക്കാഹ് പോലെയുള്ള വിഷയങ്ങളില്‍ ശാഫിഈ നിയമപ്രകാരം ഭാഷാഭേദങ്ങളും പരിഭാഷയും അനുവദനീയമാണെന്ന് മുന്‍കാല നിയമഗ്രന്ഥങ്ങളില്‍ കാണാം. പദാനുപദ വിവര്‍ത്തനമല്ലാത്ത വ്യത്യസ്തമായ പ്രയോഗങ്ങള്‍ മലബാറില്‍ നിലനിന്നിരുന്നു. വിവാഹത്തെ സൂചിപ്പിക്കുന്ന കാമന്‍ എഴുതിത്തന്നു, വിവാഹമോചനത്തെ സൂചിപ്പിക്കുന്ന മൊഴി ചൊല്ലി ,ഭാഷണം ചൊല്ലി, ന്യായം ചൊല്ലി തുടങ്ങിയ പ്രയോഗങ്ങളെ അതിന്റെ പ്രചാരത്തെയും പൊതു വ്യാപനത്തെയും പരിഗണിച്ച് അത് സാധു ആകുമെന്ന് അദ്ദേഹം വിധിച്ചതായി കാണാം.
അറബ് നാടുകളില്‍ നിന്നും കച്ചവട താല്പര്യാര്‍ത്ഥം മലബാറില്‍ വന്നിരുന്ന കച്ചവടക്കാര്‍ക്കിടയിലും തദ്ദേശീയരായ സ്ത്രീകള്‍ക്കിടയിലും നിലനിന്നിരുന്ന ആചാരമായിരുന്നു അറബി കല്യാണം. തിരിച്ചുപോക്ക് വരെ തദ്ദേശീയയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും തിരിച്ചുപോകുന്നതോടുകൂടി പ്രസ്തുത ബന്ധം ഒഴിവാകുന്നതും ആണ് അറബിക്കല്യാണം. സമയബന്ധിതമോ വ്യവസ്ഥാപരമോ ആയ വിവാഹങ്ങള്‍ അനുവദനീയമല്ലെന്ന് ഫത്ഹുല്‍ മുഈനില്‍ സൈനുദ്ദീന്‍ മഖ്ദൂം വിവരിക്കുന്നു. ഇങ്ങനെ മലബാറിന്റെ പ്രാദേശിക രീതികളും നാട്ടുനടപ്പുകളും ആചാരങ്ങളും പരിഗണിച്ചാണ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ ഫത്ഹുല്‍ മുഈനും അജ്‌വിബയും എഴുതിയത്. പതിനാറാം നൂറ്റാണ്ടില്‍ സര്‍വ്വ സാധാരണയായി വീടുകള്‍, പള്ളി തുടങ്ങിയ കെട്ടിടങ്ങളുടെ ഉത്തരം കെട്ടാന്‍ ഉപയോഗിച്ചിരുന്ന ഓലകള്‍ക്കുള്ളിലുണ്ടാവുന്ന പ്രാണികള്‍ ശുദ്ധമാണെന്ന് വരെ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലുണ്ടന്നറിയുമ്പോഴാണ് കര്‍മ്മശാസ്ത്രത്തെ പ്രാദേശികമായി എത്ര ആഴത്തിലാണ് ശൈഖ് മഖ്ദൂം സ്പര്‍ശിച്ചതെന്ന് ഗ്രഹിക്കുക.
image credit: Instagram/kr.sunil_
Add comment