കഴിഞ്ഞ രണ്ടുമാസക്കാലമായി, മമ്പുറം തങ്ങളെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ, മലബാറിലെ വിവിധ പ്രദേശങ്ങളിലൂടെയുള്ള ഗവേഷണ യാത്രയിലായിരുന്നു. മണ്മറഞ്ഞ് നൂറ്റിഎണ്‍പതിലേറെ വര്‍ഷങ്ങള്‍ പിന്നിടുന്ന ഇത്തരുണത്തിലും തങ്ങള്‍ ഈ ദേശത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഓര്‍ക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അവ. മമ്പുറം തങ്ങളെന്ന മഹാനുഭാവനെ അടുത്തറിയാന്‍, അദ്ദേഹം സാധ്യമാക്കിയ ബഹുമുഖസ്പര്‍ശിയായ മുന്നേറ്റങ്ങളെ മനസ്സിലാക്കുവാന്‍, രേഖീയമായ ചരിത്രങ്ങള്‍ക്കും മമ്പുറമെന്ന സ്വദേശത്തിനുമപ്പുറം, ഇന്ന് മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി പരന്നുകിടക്കുന്ന ഒട്ടനവധി ദേശങ്ങളിലേക്കും അവിടങ്ങളില്‍ പ്രചാരത്തിലുള്ള നാട്ടോര്‍മകളിലേക്കും കടന്നുചെന്നാല്‍ മതിയെന്ന തിരിച്ചറിവിലേക്കാണ് ഈ സഞ്ചാരങ്ങള്‍ പര്യവസാനിച്ചത്.
വ്യവസ്ഥാപിതമായ ചരിത്രരചനാസങ്കേതങ്ങളില്‍ നിന്ന് ബോധപൂര്‍വം മാറി, ഒരര്‍ത്ഥത്തില്‍ ഹിസ്റ്ററിക്കല്‍ ആന്ത്രപ്പോളജിയുടെ വീക്ഷണത്തിലൂടെയാണ് ഈ വിഷയത്തെ സമീപിക്കുന്നതെന്ന് ആമുഖമായി സൂചിപ്പിക്കുന്നു. മലബാറിലെ മാപ്പിള മുസ്‌ലിംകളുടെ ഡിവോഷനല്‍ മെറ്റീരിയല്‍ കള്‍ച്ചറിനേയും അതിന്റെ ചരിത്രപരമായ വികാസത്തെയും അടയാളപ്പെടുത്തുന്നതിന് ഇത്തരമൊരു സമീപനം അനിവാര്യമാണെന്ന് മനസ്സിലാക്കിയതിന്റെ ആകത്തുക കൂടിയാണ് ഇത്തരമൊരു വിഷയം. അത്തരം രീതിശാസ്ത്രപരമായ ചര്‍ച്ചകളിലേക്ക് കടക്കുംമുമ്പ് ഒരല്‍പം ഫീല്‍ഡ് ഡാറ്റകള്‍ മുന്നില്‍ വെക്കുവാന്‍ ആഗ്രഹിക്കുന്നു.
മഹാന്മാരുടെ ഭൗതികശേഷിപ്പുകളെ വന്ദിക്കുകയും രോഗശമനമോ ആഗ്രഹസഫലീകരണമോ അടക്കമുള്ള ആവശ്യങ്ങള്‍ക്കായി അവയെ ആശ്രയിക്കുകയും ചെയ്യുന്നത് കേരളത്തിലെയെന്നല്ല, ലോകത്തെ തന്നെ സുന്നി സമൂഹത്തെ സംബന്ധിച്ചിടത്തോളം അന്യമോ അസാധാരണമോ ആയ കാര്യമല്ല. നിത്യജീവിതത്തിന്റെ വളരെ സാധാരണത്വത്തോടെ കാണപ്പെടുന്ന വസ്തുവകകള്‍, അത് കുടിക്കാനുപയോഗിക്കുന്ന വെള്ളമായാലും ചവിട്ടിനടക്കുന്ന മണ്ണാണെങ്കില്‍ പോലും, മഹാരഥന്മാരുടെ സാമീപ്യംമൂലം ബറകത്തുള്ളതായി പരിവര്‍ത്തിക്കപ്പെടുന്നതായി നാം വിശ്വസിച്ചുപോരുന്നു. പൊതുവെ trans-substantiation എന്നു വിളിക്കപ്പെടുന്ന, വിവിധ സംസ്‌കാരങ്ങളിലും മതങ്ങളിലും പ്രചാരത്തിലുള്ള ഈ പ്രക്രിയയുടെ ഉദാഹരണങ്ങള്‍, തിരുനബിയുടെ ജീവിതത്തിലും വിവിധ ഹദീസ് ഗ്രന്ഥങ്ങളിലും നമുക്ക് കാണാവുന്നതാണ്. ബനൂഇസ്‌റാഈല്യര്‍ പ്രവാചകന്മാരുടെ തിരുശേഷിപ്പുകളടങ്ങിയ താബൂത്ത് സാദരം കൈമാറിവന്നിരുന്നതായി വിശുദ്ധ ഖുര്‍ആനും പരാമര്‍ശിക്കുന്നുണ്ട്.
എന്നാല്‍, സാധാരണ നിലക്ക് വെറും ഉപയോഗമൂല്യം മാത്രമുള്ള ഭൗതികവസ്തുക്കള്‍ അതിഭൗതികമായ മൂല്യങ്ങളടക്കുന്ന sacred objects ആയി പരിവര്‍ത്തിക്കപ്പെടുന്നതിന്റെ രസതന്ത്രം അടുത്തിടെ, വളരെ വൈകി മാത്രമാണ് അക്കാദമിക ലോകത്ത് ഗഹനമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കുന്നത്. ചരിത്രത്തിലും നരവംശശാസ്ത്രത്തിലും നടന്നിട്ടുള്ള മതങ്ങളെയും മതകീയാനുഭവങ്ങളെയും കുറിച്ചുള്ള പഠനങ്ങളെല്ലാം തന്നെ, പൊതുവെ അഭൗതികവും വിശ്വാസപരവുമായ, അമൂര്‍ത്തവും (immaterial) അതീന്ദ്രിയവുമായ (transcendental), ഘടനകളെയും വിശ്വാസങ്ങളെയും ചികഞ്ഞുകൊണ്ടുള്ളതാകയാല്‍ തന്നെ, വിശ്വാസിയുടെ ദൈനംദിന മതകീയാനുഭവങ്ങളെ രൂപപ്പെടുത്തുന്നതില്‍ അനല്‍പമായ സ്വാധീനമുള്ള ഭൗതികമായ ശേഷിപ്പുകള്‍, സാഹചര്യങ്ങള്‍, വസ്തുവകകള്‍ ഒന്നുംതന്നെ, അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടി വിശകലനവിധേയമാക്കപ്പെട്ടിട്ടില്ലെന്ന് ബിര്‍ജിത് മേയറിനെപ്പോലുള്ള അക്കാദമീഷ്യന്മാര്‍ നിരീക്ഷിക്കുന്നുണ്ട്. ഈ തിരിച്ചറിവില്‍ നിന്ന് രൂപപ്പെട്ടതും സമീപകാലത്തായി അനവധി പഠനങ്ങള്‍ നടന്നിട്ടുള്ളതുമായൊരു മേഖലയാണ് മെറ്റീരിയല്‍ റിലീജിയന്‍ സ്റ്റഡീസ്.
നവോത്ഥാനാനന്തര യൂറോപ്പിന്റെ വൈജ്ഞാനിക ഇന്ധനമായിത്തീര്‍ന്ന പ്രൊട്ടസ്റ്റന്റ് തിയോളജി തന്നെയായിരുന്നു സാമൂഹ്യശാസ്ത്രങ്ങളുടെയും ജ്ഞാനശാസ്ത്ര ഘടനകള്‍ക്ക് രൂപം നല്‍കിയിരുന്നത് എന്നതാണ് ഇത്തരം പഠനങ്ങളുടെ അഭാവത്തിന്റെ കാരണങ്ങളിലൊന്നായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. താരതമ്യത്തിലെ പരിമിതികള്‍ മുന്നിര്‍ത്തി തന്നെ, തികച്ചും കേരളീയമോ, മറ്റൊരര്‍ഥത്തില്‍ പാന്‍-ഏഷ്യനോ ആയൊരു മുസ്‌ലിം സാഹചര്യത്തിലേക്ക് ഇതിനെ പരാവര്‍ത്തനം ചെയ്യുമ്പോള്‍, പാരമ്പര്യാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെതിരെ രംഗത്തെത്തുകയും അടുത്തകാലംവരെ മുസ്‌ലിം പൊതുവൈജ്ഞാനികനിര്‍മിതികളില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തുകയും ചെയ്ത സലഫിസവുമായുള്ള പ്രൊട്ടസ്റ്റന്റ് യുക്തിയുടെ സമാനതകള്‍ കാണാതെപോവാനാവില്ല. അഥവാ, സലഫീചിന്താധാരകളും യൂറോപ്യന്‍ ആധുനികതയും ഒരുപോലെ സ്വാംശീകരിക്കുന്ന പ്രൊട്ടസ്റ്റന്റ് യുക്തിയുടെ പരിസരത്തുനിന്ന് ചിന്തിക്കുമ്പോഴാണ് കേരളത്തിലെ പാരമ്പര്യ മുസ്‌ലിം മതകീയാനുഭങ്ങളില്‍ അനല്‍പമായ പങ്കുവഹിക്കുന്ന തിരുശേഷിപ്പുകള്‍ വ്യവഹാരികമൂല്യമില്ലാത്ത കേവലം വസ്തുക്കളായി മാറുന്നതെന്നത് ശ്രദ്ധേയമാണ്. ആ അര്‍ഥത്തില്‍, അക്കാദമിക ലോകത്ത് പുതുതായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന മെറ്റീരിയല്‍ റിലീജിയന്‍ പഠനങ്ങള്‍, മാപ്പിളമാരുടെ ഡിവോഷനല്‍ പരിസരങ്ങളെ കൂടുതല്‍ ആഴത്തില്‍ വിശകലനവിധേയമാക്കുന്നതിനുള്ള രീതിശാസ്ത്രപരമായ സങ്കേതങ്ങള്‍ ഒരുക്കിത്തരുന്നതായിക്കൂടി നിരീക്ഷിക്കാവുന്നതാണ്.
ഇത്തരമൊരു നിരീക്ഷണത്തിന്റെ ചുവടുപിടിച്ച്, മമ്പുറം തങ്ങളുടെ ശേഷിപ്പുകള്‍, കാലങ്ങളേറെ പിന്നിട്ടിട്ടും, തലമുറകള്‍ പലത് മാറിയിട്ടും, മാപ്പിളമാര്‍ക്കിടയില്‍ ഏറെ ബഹുമാനാദരങ്ങളോടെ നിലനില്‍ക്കുന്നത് എങ്ങനെയെന്ന് നോക്കാം. തങ്ങളുടെ തിരുശേഷിപ്പുകള്‍ തേടിയുള്ള യാത്രയില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളിലൂടെ ആഴ്ചകളോളം സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. തങ്ങളുടെ ശേഷിപ്പുകളുടെ വൈവിധ്യവും അവയുടെ ഭൂമിശാസ്ത്രപരമായ വിതരണത്തിലെ വൈപുല്യവും ഏറെ ആശ്ചര്യജനകമാണ്. പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ തുടങ്ങി, കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ വരെയുള്ള വിശാലമായ ഭൂപ്രദേശങ്ങളിര്‍ പലയിടങ്ങളിലായി, ഇത്തരം ആസാറുകള്‍ സൂക്ഷിക്കപ്പെടുകയും ട്രാന്‍സ്ജനറേഷനലായുള്ള ഓര്‍മകളുടെയും ഓറല്‍ നരേറ്റീവുകളുടെയും ഭാഗമായി നിലകൊള്ളുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍, ഇവയുടെ വൈപുല്യവും വിതരണത്തിലെ ആവര്‍ത്തിക്കുന്ന ഘടനകളും മമ്പുറം തങ്ങളുടെ ദഅവാ ആക്ടിവിസത്തിന്റെ രൂപമാതൃകകളെക്കുറിച്ചുള്ള ചരിത്രപരമായ വിശകലനങ്ങള്‍ അനിവാര്യമാക്കുന്നുണ്ട്. അടിസ്ഥാനപരമായി, നിരവധി യാത്രകള്‍ നടത്തിയിരുന്ന, നാടുകള്‍തോറും ചുറ്റിസഞ്ചരിക്കുകയും മുസ്‌ലിം സാമൂഹിക നിര്‍മിതിയില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരു സഞ്ചാരി കൂടിയായി തങ്ങളെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നു മാത്രം സംക്ഷിപ്തമായി സൂചിപ്പിക്കുന്നു.
ഊന്നുവടി, തലപ്പാവ്, ചെരുപ്പ്, ഷാള്‍, കുന്തം, വാള്‍, മുസ്ഹഫ് എന്നിങ്ങനെ വിവിധ ഗണങ്ങളിലായി പരന്നുകിടക്കുന്ന തങ്ങളുടെ ശേഷിപ്പുകളില്‍ മിക്കതും, തങ്ങള്‍ തന്നെ ജീവിതകാലത്തു വിവിധോദ്യേശ്യാര്‍ഥം വിതരണം ചെയ്തതും, ഇന്നും പലവിധത്തില്‍ ആചാരപ്രാധാന്യത്തോടെ നിലനില്‍ക്കുന്നതുമാണ്. ഇവയില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈ ശേഷിപ്പുകളുടെ നിലവിലെ കൈകാര്യകര്‍ത്താക്കളും ബന്ധപ്പെട്ടവരുമായുള്ള അഭിമുഖങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളതെന്ന് ആമുഖമായി സൂചിപ്പിക്കുന്നു. ഇവയുടെ ചരിത്രപരമായ സാധുത വിലയിരുത്തുക ഈ പഠനത്തിന്റെ ലക്ഷ്യമല്ലെന്ന് മുന്‍കൂറായി സൂചിപ്പിച്ചുകൊള്ളട്ടെ.
അലനെല്ലൂര്‍ മുണ്ടത്തുപള്ളി
പാലക്കാട് ജില്ലയിലെ അലനെല്ലൂര്‍ മുണ്ടത്തുപള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള ഊന്നുവടിയും മരത്തിന്റെ ഒരു ഉരുപ്പടിയും മമ്പുറം തങ്ങള്‍ ജീവിതകാലത്ത് കൊടുത്തയച്ചതാണെന്നാണ് വിശ്വാസം. പ്രദേശത്ത് വന്യജീവിശല്യം രൂക്ഷമാവുകയും പള്ളിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ പ്രദേശത്തെ കാരണവന്മാര്‍ പരാതിയുമായി തങ്ങളെ സമീപിച്ചപ്പോഴാണ്, പരിഹാരമായി ഇവ കൊടുത്തയക്കുന്നത്. ഇവ പള്ളിയില്‍ സൂക്ഷിക്കുന്നിടത്തോളം കാലം പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്നായിരുന്നു നിര്‍ദേശം. തദാനുസാരം, നാട്ടിലെ മൃഗശല്യം നീങ്ങുകയുണ്ടായി. പിന്നീടിതുവരെ പ്രദേശത്ത് സമാനമായ ബുദ്ധിമുട്ടുകള്‍ രേഖപ്പെടുത്തപ്പെടാത്തതിനും, എന്നല്ല, ഐക്യത്തോടെയും സാമ്പത്തിക ഭദ്രതയോടെയും മുണ്ടത്തുപള്ളി മഹല്ല് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നതിനും പിന്നിലെ ഹേതുവായി ഈ തിരുശേഷിപ്പുകളുടെ സാന്നിധ്യത്തെയാണ് പള്ളിയിലെ ഇമാം ചൂണ്ടിക്കാണിക്കുന്നത്. ഇന്നും, ഇവയുടെ സാന്നിധ്യം കേട്ടറിഞ്ഞ് ബറകത്തെടുക്കുന്നതിനായി വിശ്വാസികള്‍ പലരും മുണ്ടത്തുപള്ളിയിലെത്താറുണ്ട്.
താഴേക്കോട് പള്ളി
പൊതുജനങ്ങള്‍ക്ക് ലഭ്യമാവും വിധം പള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള മറ്റൊരു ശേഷിപ്പ് താഴക്കോട് ജുമാമസ്ജിദിനകത്തുള്ള തങ്ങളുടെ കുന്തവും തലയിണയുമാണ്. മമ്പുറം തങ്ങളുടെ നിര്‍ദ്ദേശാനുസരണം നിര്‍മിക്കുകയും തങ്ങള്‍ തന്നെ കുറ്റിയടിക്കുകയും ചെയ്ത മലബാറിലെ അനേകം പള്ളികളിലൊന്നാണ് അടുത്തിടെ പുനര്‍നിര്‍മാണം കഴിഞ്ഞ താഴേക്കോട് പള്ളി. പള്ളിയുടെ ആദ്യ ഉദ്ഘാടനത്തിനുവന്ന തങ്ങള്‍ അവിടെ സൂക്ഷിക്കുവാന്‍ ബാക്കിവെച്ചുപോയതാണ് ഇവയെന്നാണ് തലമുറകളായി കൈമാറിവരുന്ന വിശ്വാസം. ഇന്നും പള്ളിയിലെ ദിക്ര്‍ മൗലിദ് സദസ്സുകളിലും മറ്റും ഏടുകള്‍ വെക്കുന്നതിനായി ഈ തലയിണയാണ് ഉപയോഗിച്ചുവരുന്നത്. പള്ളിയുടെ പുനര്‍നിര്‍മാണത്തിനുശേഷം പൊതുജനങ്ങള്‍ക്കു കൂടി കാണാവുന്ന വിധം ഇവ ചില്ലുകൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.
പഴയിടത്തു തറവാട്ടിലെ മുസ്ഹഫ്
പള്ളികളില്‍ സൂക്ഷിച്ചിരിപ്പുള്ള ഈ രണ്ടു വസ്തുക്കള്‍ ഒഴിച്ചുള്ളവയെല്ലാം വിവിധ തറവാടുകളില്‍, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുവരുന്നവയാണ്. ഭൂമിയുടെ കൈവശക്കാരായിരുന്ന ഇത്തരം തറവാട്ടുകാരണവന്മാരുമായി തങ്ങള്‍ സ്ഥാപിച്ചിരുന്ന ബന്ധം പ്രത്യേക പഠനമര്‍ഹിക്കുന്ന വിഷയമാണ്. ഇവരിലൂടെയാണ് വിവിധ പ്രദേശങ്ങളില്‍ മമ്പുറം തങ്ങള്‍ പള്ളികള്‍ നിര്‍മിക്കുന്നതും സാമൂഹിക ശാക്തീകരണം ഉറപ്പുവരുത്തുന്നതും. പകരം, ഇത്തരം തറവാട്ടുകാര്‍ തങ്ങളുമായുള്ള ബന്ധം തലമുറകളിലൂടെ കൈമാറ്റം ചെയ്തുവരികയും കുടുംബത്തിന്റെ ഉന്നതിക്കും അതോറിറ്റിക്കും നിദാനമായി ഈ ബന്ധത്തെ മനസ്സിലാക്കിവരികയും ചെയ്യുന്നു. ഇത്തരത്തിലുള്ള ശ്രദ്ധേയമായൊരു ശേഷിപ്പാണ് മലപ്പുറത്തിനടുത്തുള്ള കോഡൂരിലെ പഴയിടത്തു തറവാട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മമ്പുറം തങ്ങളുടെ മുസ്ഹഫും തൊപ്പിയും. പഴയിടത്ത് തറവാടിന് കുറ്റിയടിക്കുന്നതിനായി തങ്ങളെ ക്ഷണിച്ച വേളയില്‍ അവിടെയുണ്ടാവാറുള്ള ഭൂമിസംബന്ധമായ ഒടിപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പരിഹാരമായി സൂക്ഷിക്കാനേല്‍പ്പിച്ചതാണ് മനോഹരമായ പൊന്നാനി ലിപിയില്‍ തയ്യാറാക്കിയിട്ടുള്ള മുസ്ഹഫെന്നാണ് വിശ്വാസം. തങ്ങളുടെ നേരിട്ടുള്ള കൈയെഴുത്താണ് ഇതിലേതെന്നാണവര്‍ വിശ്വസിച്ചുപോരുന്നത്. മുസ്ഹഫിന്റെ അവസാനത്തിലായി, വിശദമായ ഒരു ഖത്മ് ദുആയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മുസ്ഹഫ് യാതൊരു കാരണവശാലും പുറത്തേക്കു കൊണ്ടുപോവരുതെന്ന് തങ്ങള്‍ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ വിട്ടുനല്കിയാല്‍ വിപത്തുകള്‍ വന്നുഭവിക്കുമെന്നും വീട്ടുകാര്‍ വിശ്വസിച്ചുപോരുന്നു. സവിശേഷമായ അവസരങ്ങളിലും മറ്റും ബറകത്തെടുക്കുന്നതിനായി ഈ മുസ്ഹഫില്‍ ഓതുന്ന പതിവും അവര്‍ക്കുണ്ട്.
താനൂരിലെ ഷാള്‍ തങ്ങളുടെ മറ്റൊരു പ്രധാനപ്പെട്ട ശേഷിപ്പാണ് താനൂരിലെ സാഹിര്‍ തങ്ങള്‍ മഖാമിനോട് ചേര്‍ന്നുള്ള തങ്ങള്‍ തറവാട്ടില്‍ സൂക്ഷിച്ചിരിപ്പുള്ള നിസ്‌കാരപ്പായയോട് സദൃശ്യം തോന്നിപ്പിക്കുന്ന ഷാള്‍. താനൂരിലെ വടക്കേപള്ളി നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഈ ഷാള്‍ അവിടെയെത്തിച്ചേരുന്നത്. മമ്പുറം തങ്ങള്‍ തറക്കല്ലിട്ട പള്ളികളിലൊന്നാണ് തീരപ്രദേശത്തു സ്ഥിതി ചെയ്യുന്ന താനൂര്‍ വടക്കേപള്ളി. ഷാളിനു പിന്നിലെ കഥ ഇപ്രകാരമാണ്: പള്ളിയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കെ, ഹൗള് നിര്‍മിക്കുന്നതിനായി വലിയൊരു കല്ല്, തങ്ങള്‍ മമ്പുറത്തുനിന്ന് കൊടുത്തയക്കുകയുണ്ടായി. കടലുണ്ടിപ്പുഴയിലൂടെ വഞ്ചിയില്‍ കൊണ്ടുവരുന്ന മുറക്ക് കല്ല് വെള്ളത്തില്‍ ആണ്ടുപോവുകയുണ്ടായി. അതേകുറിച്ച് പരാതി ബോധിപ്പിക്കാനായി വന്ന സംഘത്തിനടുത്ത് തങ്ങള്‍ ഷാള്‍ കൊടുത്തയച്ചു. കല്ല് വീണിടത്ത് ഷാള്‍ കാണിച്ചാല്‍ അത് ഉയര്‍ന്നുവരുമെന്നും ആവശ്യം കഴിഞ്ഞ ശേഷം അന്നത്തെ സാഹിര്‍ തങ്ങളുടെ കൈവശം അതേല്‍പ്പിക്കണമെന്നുമായിരുന്നു നിര്‍ദേശം. തദ്പ്രകാരം പ്രവര്‍ത്തിച്ചതനുസരിച്ച് ഉയര്‍ന്നുവന്ന കല്ല്, ഇന്ന് താനൂര്‍ വടക്കേപള്ളിയിലും ഷാള്‍ സാഹിര്‍ തങ്ങന്മാരുടെ കുടുംബത്തിന്റെ കൈവശവും സൂക്ഷിച്ചുപോരുന്നു. തങ്ങളുടെ ഷാളില്‍ നിന്ന് ബറകത്തെടുക്കുന്നതിനായി നിരവധി പേർ ഇന്നും അവിടെ എത്താറുണ്ടെന്ന് തങ്ങള്‍ പറയുന്നു.
താനൂരിലെ തന്നെ പ്രസിദ്ധമായ കേയി കുടുംബത്തിന്റെ കൈവശം മമ്പുറം തങ്ങളുടേതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടു വാളുകള്‍ കൂടിയുണ്ട്. തങ്ങളുടെ വസീര്‍ എന്ന പേരില്‍ പ്രസിദ്ധനായ പാലമഠത്തില്‍ പുതുപ്പറമ്പില്‍ കുഞ്ഞാലിയുടെ കുടുംബത്തിന്റെ കൈവശമുള്ള ഷാളാണ് മറ്റൊന്ന്. ഏറെ ഭക്ത്യാദരവുകളോടെയാണ് ഇവയും സൂക്ഷിച്ചുപോരുന്നത്. തങ്ങളുടെ ഇനിയും ജീവിക്കുന്ന ശേഷിപ്പുകളായി അവശേഷിക്കുന്ന ജംഗമമായ(movable) ഭൗതികശേഷിപ്പുകളുടെ ഏതാനും ഉദാഹരണങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. തങ്ങളുടെ സാന്നിധ്യത്തെ വിളിച്ചോതുന്ന സ്ഥാവരമായ(immovable) ഒട്ടേറെ വസ്തുക്കള്‍ വേറയുമുണ്ട്.
ജംഗമവസ്തുക്കള്‍
മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മമ്പുറം തങ്ങളുടേതെന്ന് വിശ്വസിക്കുന്ന കാല്‍പ്പാദങ്ങള്‍ ഇത്തരം ശേഷിപ്പുകളിലൊന്നാണ്. വേങ്ങര, ഊരകം, അരിമ്പ്ര, കല്‍പകഞ്ചേരി എന്നുതുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരം ശേഷിപ്പുകള്‍ ഇന്നും സംരക്ഷിച്ചുപോരുന്നു. പള്ളികളോട് ചേര്‍ന്നുള്ള ചിലതെല്ലാം വികസനപ്രവര്‍ത്തനങ്ങളില്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്തുള്ള കാച്ചടി എന്ന സ്ഥലം മമ്പുറം തങ്ങളുടെ കാലടി എന്നതില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെയും തങ്ങളുടെ കാല്‍പാദം സംരക്ഷിച്ചുപോരുന്നുണ്ട്. തങ്ങള്‍ കുറ്റിയടിച്ചതോ താമസിച്ചതോ ആയ തറവാട്ടുവീടുകളാണ് മറ്റൊന്ന്. ഇക്കാരണത്താല്‍ മാത്രം ഇനിയും മാറ്റം വരുത്താതെ സൂക്ഷിക്കുന്ന തറവാട്ടുവീടുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാണാം. ഇവയില്‍ മുസ്‌ലിം കുടുംബങ്ങളെന്നപോലെ, നായര്‍ ജന്മി കുടുംബങ്ങളും ഉണ്ടെന്നതും ശ്രദ്ധേയമാണ്. തങ്ങള്‍ സ്ഥലം നിര്‍ണയിച്ച കിണറുകളും ജലസ്രോതസുകളും ഉപയോഗത്തിലുള്ള തറവാടുകളും പള്ളികളുമാണ് ഈ ഗണത്തില്‍ വരുന്ന മറ്റൊന്ന്. മഞ്ചേരി പയ്യനാട് പള്ളി, കൂട്ടിലങ്ങാടി കീരംകുണ്ട് പള്ളി എന്നിവ ഉദാഹരണം.
ഈ ഫീല്‍ഡ് എക്‌സ്പീരിയന്‍സുകളുടെ വെളിച്ചത്തില്‍ അക്കാദമിക വിദ്യാര്‍ത്ഥികള്‍ക്കായി, സൈദ്ധാന്തികമോ രീതിശാസ്ത്രപരമോ ആയ നാലു നിര്‍ദ്ദേശങ്ങള്‍ കൂടി മുന്നോട്ടു വെക്കുന്നത് സംഗതമായിരിക്കുമെന്ന് കരുതുന്നു.
ഒന്നാമതായി, പൊതുവെ അപഗ്രഥനമൂല്യമില്ലാത്ത(analytical value), അപ്രധാനമായ ഘടകങ്ങളായി പരിഗണിച്ചുവരാറുള്ള ഭൗതികവസ്തുക്കള, നിത്യജീവിതത്തില്‍ ഏറെ നിര്‍ണായകമായ, മൂല്യവത്തായ വസ്തുക്കളാണെന്ന തിരിച്ചറിവ് ഇന്ന് അക്കാദമിക ലോകത്ത് പ്രബലമായിക്കൊണ്ടിരിക്കുന്നുണ്ട്. വസ്തുക്കളുടെ സാമൂഹിക ജീവിതത്തെ(social life) ക്കുറിച്ചുള്ള അര്‍ജുന്‍ അപ്പാദുരൈയുടെ നിരീക്ഷങ്ങള്‍, പാശ്ചാത്യ തത്വചിന്തയില്‍ പുതുതായി ഇടമുറപ്പിച്ചുകൊണ്ടിരിക്കുന്ന ജെയന്‍ ബെന്നറ്റ്, കാരണ്‍ ബറാഡ്, മാന്വുവല്‍ ഡിലാന്‍ഡ തുടങ്ങിയവരുടെ ന്യൂ മെറ്റീരിയലിസ്റ്റ് ഫിലോസഫികള്‍ ബിര്‍ജിത് മെയര്‍, ഹ്യൂഗോ ഡെവ്‌റസ് എന്നിവരുടെ മെറ്റീരിയല്‍ റിലീജിയന്‍ പ്രൊജക്ടുകള്‍ എന്നിവയൊക്കെ ഈ പുതിയ തിരിച്ചറിവിന്റെ ഭാഗമാണ്. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിന്റെയും ക്ലാസിക്കല്‍ ഭൗതികവാദത്തിന്റെയും ജ്ഞാനശാസ്ത്രപരമായ അധീശത്വത്തില്‍ നിന്ന് കുതറിമാറുന്നതിനുള്ള ഇത്തരം ശ്രമങ്ങളെ, അതേപടി ഒരു മുസ്‌ലിം പരിസരത്തിലേക്ക് പറിച്ചുനടുന്നതില്‍ ജ്ഞാനശാസ്ത്രപരമായൊരു അപകടസാധ്യത ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ കൂടിയും, മുസ്‌ലിം സാമൂഹിക ജീവിതത്തെയും മതകീയാനുഭവങ്ങളെയും മനസ്സിലാക്കുന്നതിനുള്ള ചിന്താമാര്‍ഗമായി ഇവയെ ഉപയോഗപ്പെടുത്താവുന്നതാണ്. അപ്രകാരം, ഒരേസമയം നമ്മുടെ പര്‍ട്ടിക്കുലാരിറ്റികളില്‍ കൂടി ഊന്നിനിന്നുകൊണ്ട്, തീര്‍ത്തും ഭൗതികമായ വസ്തുക്കള്‍ക്കൂടി വിശുദ്ധമോ അല്ലെങ്കില്‍ ഏജന്‍ഷ്യലോ ആയി പരിണമിക്കുന്നതിനു പിന്നിലെ നമ്മുടേതായ സെമിയോട്ടിക് ഐഡിയോളജികളെക്കുറിച്ചുള്ള ആലോചനകള്‍ ഇത്തരുണത്തില്‍ പ്രസക്തമാവുന്നുണ്ട്.
രണ്ടാമതായി, അടുത്തിടെ പുറത്തുവന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നതുപോലെ, തിരുശേഷിപ്പുകളുമായി ബന്ധപ്പെട്ടുള്ള മുസ്‌ലിം പ്രാക്ടീസുകളെ മനസ്സിലാക്കുന്നതിനും കൃത്യമായി സ്ഥാപിക്കുന്നതിനും, റാഷനാലിറ്റിയുടെയോ ടെക്‌സ്ച്വല്‍ ഡിസ്‌കോഴ്‌സുകളുടെയോ, അഥവാ അഖ്‌ലിന്റെയോ നഖ്‌ലിന്റെയോ, പുറമെ, ഇമേജിനേഷന്റെ, അല്ലെങ്കില്‍ സൂഫികള്‍ പറയും വിധത്തിലുള്ള ഖയാലിന്റെ, സാധ്യതകള്‍ നാം ചികഞ്ഞുപോവേണ്ടിയിരിക്കുന്നു.
മൂന്നാമതായി, മുസ്‌ലിം മതകീയാനുഭവങ്ങളെ മനസ്സിലാക്കുന്നതിനുള്ള പ്രധാന പരിമിതിയായി, സാമൂഹ്യശാസ്ത്രപഠനങ്ങളുടെ മുന്നിലുണ്ടായിരുന്നത് ഒരു സയന്റിഫിക് എന്‍ഡവര്‍ എന്ന നിലക്ക് അവ അടിസ്ഥാനമായി സ്വീകരിച്ചുപോന്നിരുന്ന രീതിശാസ്ത്രപരമായ നിരീശ്വരവാദമായിരുന്നു. പീറ്റര്‍ ബെര്‍ജറെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ ഡിസിപ്ലിന്റെ തന്നെ അടിത്തറയായി മനസ്സിലാക്കുന്നത് ഈ രീതിശാസ്ത്രപരമായ നിരീശ്വരവാദത്തെയാണ്. എന്നാല്‍, അടുത്തിടെ നരവംശശാസ്ത്രപഠനങ്ങളിലുണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍, മതകീയാനുഭവങ്ങളെ കാര്യഗൗരവത്തോടെ സമീപിക്കുന്നതിനാവശ്യമായ രീതിശാസ്ത്രപരമായ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കേവലവിശ്വാസം അല്ലെങ്കില്‍ ബിലീഫ് എന്നതില്‍ നിന്നുമാറി ഒരു ലീപ് ഓഫ് ഫെയ്ത്ത് തന്നെ റിലീജിയസ് ലൈഫ് വേള്‍ഡുകളെ മനസ്സിലാക്കുന്നതിന് അനിവാര്യമാണെന്ന് വാദിക്കുന്ന ക്രിസ്ത്യന്‍ സുഹ്‌റിന്റെ പഠനങ്ങള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. മള്‍ട്ടിപ്പിള്‍ ഓണ്ടോളജിയുടെ ചുവടുപിടിച്ചുനടന്നുവരുന്ന പഠനങ്ങളും, താരതമ്യേനയാണെങ്കില്‍ കൂടി, മതകീയാനുഭവങ്ങളുടെ സത്ത ചോരാതെ അവയെ അക്കാദമികമായി അടയാളപ്പെടുത്തുന്നതിനുള്ള പുതിയ തുറവികള്‍ പ്രദാനം ചെയ്യുന്നുണ്ട്.
നാലാമതും അവസാനവുമായി, സബാള്‍ട്ടണ്‍ ഹിസ്റ്റോറിയനായ ശാഹിദ് അമീന്‍, conquest and communtiy; afterlife of a warrior saint എന്ന ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ മറപെട്ടുകിടക്കുന്ന ഗാസി മിയാനെക്കുറിച്ചുള്ള പുസ്തകത്തില്‍, പില്‍ക്കാലജീവിതത്തെ (afterlife), നാഷനലിസ്റ്റ് ഹിസ്റ്റോറിയോഗ്രഫിക്കെതിരെയുള്ള ശക്തമായ ഒരു വിമര്‍ശനോപാധിയായി വികസിപ്പിക്കുന്നത് കാണാം. മമ്പുറം തങ്ങളെക്കുറിച്ച് നമുക്ക് ലഭ്യമായ ചരിത്രഗ്രന്ഥങ്ങളെല്ലാം തന്നെ, നാഷനലിസ്റ്റ് ഹിസ്റ്റോറിയോഗ്രഫിയുടെയോ മാര്‍ക്‌സിസ്റ്റ് ഹിസ്റ്റോറിയോഗ്രഫിയുടെയോ ഉപോല്‍പന്നങ്ങളാണെന്നു കാണാനാവും. ദേശസ്‌നേഹിയും അധഃസ്ഥിതരുടെ ഉത്ഥാന നായകനുമായ ഒരു തങ്ങളെ മാത്രമേ അവ പ്രൊജക്ട് ചെയ്യുന്നുള്ളൂ. ഇത്തരം പഠനങ്ങളുടെ അനിവാര്യതയെയോ അവയുടെ സാധുതതെയോ ചോദ്യം ചെയ്യുകയല്ല ഞാനിവിടെ. മറിച്ച്, ഇത്തരം ചരിത്രരചനാരീതികള്‍ക്കൊരിക്കലും പിടികിട്ടാത്ത, ആര്‍ക്കൈവല്‍ പഠനങ്ങളില്‍ നിന്ന് കണ്ടെടുക്കാനാവാത്ത ഒരു തങ്ങള്‍ കൂടി, ഇന്നും ജനഹൃദയങ്ങളില്‍ ജീവിച്ചുപോരുന്നുണ്ടെന്നും, കാലാതിവര്‍ത്തിയായി ഇന്നും അവശേഷിക്കുന്ന തങ്ങളുടെ ഭൗതികശേഷിപ്പുകള്‍ അവയാണ് നമ്മോട് പറയാന്‍ ശ്രമിക്കുന്നതെന്നും കൂടി മാത്രമാണ്. ആ അര്‍ഥത്തില്‍, മമ്പുറം തങ്ങളുടെ ജീവിതത്തിന്റെ രേഖപ്പെടുത്തപ്പെടാതെ പോയ അടരുകളിലേക്കുള്ള ഒരു പ്രവേശനോപാധി കൂടിയാണ് ഇത്തരം ഭൗതികശേഷിപ്പുകള്‍.
Add comment