എഴുത്തുകഴിഞ്ഞെണീക്കുമ്പോള്‍ അവരുടെ പേര് സുരയ്യ എന്നായിരിക്കുന്നു. ചുറ്റുപാടുമുള്ളതെല്ലാം ഒരുമാറ്റവുമില്ലാതെ ബാക്കി നില്‍ക്കെ അവര്‍ക്കുമാത്രമുണ്ടായ ഉള്‍വിളിയുടെ രഹസ്യത്തെപ്പറ്റി ആളുകള്‍ അടക്കം പറയുന്നു. മാധവിക്കുട്ടി മരിച്ചുപോയി. വേറൊരാള്‍ക്കും അനുഭവിക്കാനാവാത്ത വെളിച്ചത്തിനുചുറ്റും സുരയ്യ ത്വവാഫ് ചെയ്യാന്‍ തുടങ്ങിയതന്നു മുതലാണ്.
ഋതുക്കള്‍ മാറുന്നതും ഇലകള്‍ പൊഴിയുന്നതും മൂടല്‍മഞ്ഞുയരുന്നതും ഞാനെങ്ങനെ ശ്രദ്ധിക്കാനാണ്. എന്റെയുള്ളില്‍ വസന്തമായിരുന്നു. മരണമില്ലാത്ത പ്രണയവും. അവരുടെ ജീവിതമൊരു കവിതയായിരുന്നു. അവസാനത്തെ വരിയെഴുന്നുതിനു മുമ്പേ വീണ്ടുമതൊന്ന് വായിച്ച് തിരുത്തിയെഴുതണമെന്നവര്‍ക്ക് തോന്നിയതായിരിക്കണം. ജീവിതമൊരു യാത്രയായിരുന്നെങ്കിലോ. പാതിവഴിയിലെവിടെയോ വെച്ച് വഴിമാറിയിട്ടുണ്ടെന്നവര്‍ തിരിച്ചറിഞ്ഞതായിരിക്കണം. തിരിച്ചറിഞ്ഞ ശരികള്‍ക്കൊപ്പം ജീവിക്കാന്‍, ഞാനിതാണെന്ന് പറയാന്‍ ആരെയാണ് ഭയക്കേണ്ടതെന്ന് ചോദിക്കാനുള്ള ഭാഷ അവര്‍ക്കറിയാമായിരുന്നു. കലഹങ്ങളുടെ അക്ഷരതപസ്സില്‍ നിന്ന് സ്വസ്ഥതയുടെ പ്രാര്‍ത്ഥനാമുറിയിലേക്ക് അവര്‍ താമസം മാറി. എനിക്കു വിശ്വാസമുണ്ട്, സുരയ്യ എന്ന പേരിനര്‍ത്ഥം കമലയുടെ വേരുകാലത്തിനു ശേഷമുള്ള പടര്‍ക്കാലമാണെന്ന്. ആമിയുടെ നിഘണ്ടു വായിച്ചാല്‍ നിങ്ങള്‍ക്കുമത് കാണാനാവും.
പാര്‍ക്കുന്ന വീട് സ്വന്തമാണെന്ന് ഭാവമുള്ള വാടകക്കാരനെക്കുറിച്ചും, ആകാശം എന്റേതാണെന്ന് വിശ്വസിക്കുന്ന പരുന്തിനെക്കുറിച്ചും അവരെഴുതിയിരുന്നു. തുടര്‍യാത്രകളുടെ വഴിയോരക്കാഴ്ച്ചകളില്‍ കാണുന്നതിലെല്ലാം അവരന്വേഷിച്ചിരുന്ന പൊരുള് കണ്ടുപിടിച്ചതിന് ശേഷം അവരതിന്റെ ബാക്കി പറഞ്ഞു. ഞാനൊരു യജമാനനെ തിരയുകയായിരുന്നു. തറവാട്ടിലെ വേലക്കാരുടെ തോളത്തു വളര്‍ന്നൊരു ബാലികയുടെ കരച്ചിലവസാനിച്ചതങ്ങനെയാണ്. വായനക്കാരുടെ ബഹളങ്ങള്‍ക്ക് നടുവില്‍ അത്രയാര്‍ക്കും പരിചയമില്ലാത്ത രീതിയില്‍ അക്ഷരം കൊണ്ടാടിയ നടനങ്ങളവസാനിപ്പിച്ച് അവര്‍ ഒറ്റയ്ക്കിരുന്നു. ഇനി എനിക്ക് ജീവിക്കണമെന്ന് കൊതിയോടെ പറഞ്ഞു. തൊട്ടുതൊട്ടുപോയ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നും അവര്‍ പകര്‍ത്തിയെഴുതിയതെല്ലാം ഇവിടെത്തന്നെ വിതരണം ചെയ്തു. കല്‍ക്കത്തയിലേക്ക് വണ്ടികയറുമ്പോള്‍ പുന്നയൂര്‍കുളത്തെ തറവാടോര്‍മകളും കൂടെയെടുത്തു. തിരിച്ചുവരുമ്പോള്‍ ആ നാടിന്റെ വേനലിനെപ്പറ്റിയെഴുതിക്കാണിച്ചു.
അവരെന്താണ് ചെയ്തുകൊണ്ടിരുന്നത്. പരിചയമില്ലാത്ത അനേകം വഴികളെപ്പറ്റി കഥപറയുകയായിരുന്നു. ആരും ആലോചിക്കാത്ത കാര്യങ്ങള്‍ ചെയ്തുനോക്കാന്‍ ശ്രമിക്കുകയായിരുന്നു. എനിക്കൊരു സ്ത്രീ ഡ്രൈവറെ വേണമെന്ന് ആവശ്യപ്പെട്ടു ഒരിക്കല്‍. പടം വരക്കാന്‍ പുരുഷമോഡലുകളെ കിട്ടാനുണ്ടോ എന്നന്വേഷിച്ചു മറ്റൊരിക്കല്‍. അവരുടെ ശരികളെ ഉറക്കെപറയാന്‍ വേറെയാരുടെയും സമ്മതം കാത്തുനിന്നില്ല. ശരീരസത്യങ്ങളെപ്പറ്റി എഴുതുമ്പോള്‍ വരാനിരിക്കുന്ന ചോദ്യങ്ങളുടെ മുനയെപ്പറ്റി ഭയപ്പെട്ടില്ല. എനിക്കിങ്ങനെ എഴുതാനേ അറിയൂ എന്നു മാത്രം പറഞ്ഞു. നിങ്ങളെന്തിനാണെന്റെ കാര്യത്തിലിങ്ങനെ വാശി പിടിക്കുന്നതെന്ന് ചോദിച്ചു. അവരുടെ വഴികളില്‍ സുരയ്യയായി യാത്ര തുടര്‍ന്നു.
അനുയോജ്യമായ ഭാഷയെ തെരഞ്ഞെടുത്തതുപോലെ അവര്‍ വേഷവും കണ്ടുപിടിച്ചു. വഴികള്‍ തേടി നടന്നവസാനം സത്രം കണ്ടുപിടിച്ചു. സ്വസ്ഥമായ അതിജീവനത്തിന് വേണ്ടി അവര്‍ കണ്ടുപിടിച്ച ഒറ്റമുറിയുടെ പുറത്ത് പരിഹാസങ്ങളുടെ ബഹളമുയരുന്നതറിഞ്ഞപ്പോള്‍ അവരിങ്ങനെ പറഞ്ഞു. പരിഹസിക്കാനൊരവസരം കൊടുക്കുന്നതും സക്കാത്താണ്. നേടിയെടുക്കലുകളുടെ ദാഹമടങ്ങിയപ്പോള്‍ സര്‍വ്വം സമര്‍പ്പിക്കാനിരുന്നൊരാള്‍ക്ക് ബാക്കിയെല്ലാം സഹ്യമായിരുന്നു. അവര്‍ അവരുടെ സംരക്ഷകനെ കണ്ടുപിടിച്ചു കഴിഞ്ഞു. ഭയപ്പെടുത്താന്‍ അവസരം കാത്തിരുന്ന തിരമാലകളെ തോല്‍പ്പിച്ച് അവരുടെ ലാഞ്ചി കരയിലേക്കുകയറിയിരുന്നു.
അപ്പോഴും അവരുടെ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഞാനിതാണെന്ന് പറയാന്‍ ഞാനാരെ ഭയക്കണം. ആത്മീയമായ വഴിയില്‍ ആരും ഒറ്റയ്ക്കാവുന്നില്ലെന്നറിയാന്‍ സുരയ്യയെ വായിച്ചാല്‍ മതി. ആള്‍ക്കൂട്ടത്തിന് നടുക്ക് നിന്നും ആരുമില്ലാത്തൊരു ഇരുട്ടുമുറിയില്‍ ആരാണ് അവര്‍ക്ക് അഭയവും ശാന്തിയും നല്‍കിയതെന്നാലോചിച്ചാല്‍ മതി. സ്വതന്ത്ര്യമെന്താണെന്ന് ഞാനിതാ അറിയുന്നു എന്ന അവരുടെ സാക്ഷ്യത്തെപ്പറ്റി ഓര്‍ത്താല്‍ മതി. അഭിലാഷങ്ങളുടെ പിന്നാലെയോടിയ കാലത്ത് അവര്‍ക്ക് ചെന്ന് തൊടാനാവാത്തതെല്ലാം വെറും ആഖ്യാനങ്ങളായിരുന്നു. പലപ്പോഴും നമ്മള്‍ വായിച്ചതൊക്കെയും കിട്ടാജീവിതത്തിന്റെ ശ്വാസംമുട്ടലുകളായിരുന്നു. പേരുമാത്രമല്ല, അവരുടെ ലോകം തന്നെ മാറിവന്നു പിന്നീട്. കാണുന്നതും അനുഭവിച്ചതുമെല്ലാം കെട്ടുകഥകളുടെയത്രപോലും ജീവനില്ലാത്തതാണെന്ന് ബോധ്യപ്പെട്ടു. ദൈവത്തിന്റെ ദര്‍ബാറില്‍, ഏകാകിനിയുടെ സുജൂദിലേക്ക് വീണുകിടന്നു. യാ അല്ലാഹ് എന്ന തസ്ബീഹിന്റെ കാവ്യമെഴുതി.
എത്ര കാതങ്ങള്‍ ഞാന്‍ പറന്നു. മുറിവുള്ള ചിറകുകളുമായി ഒടുവില്‍ നിന്റെ വിളകളില്‍ ഞാന്‍ വീണു. അവര്‍ അവരുടെ ആശ്വാസതീരത്തേക്ക് നടന്നുകയറി. ഇനിയെനിക്കൊന്നും വേണ്ടെന്ന് പറഞ്ഞു. വിശപ്പും കനിയും ദാഹവും ദാഹജലവും എനിക്കെല്ലാമിനി നീ തന്നെയാണെന്ന് ഹൃദയാക്ഷരങ്ങള്‍ക്കൊണ്ടെഴുതിവെച്ചു. കടന്നാക്രമങ്ങളുടെ നടുക്കൊരു മുസ്വല്ല വിരിച്ച് അവര്‍ പ്രാര്‍ത്ഥിക്കാനിരുന്നു. പ്രണയിച്ച് പിരിഞ്ഞ ഭര്‍ത്താവിനോടും കാമുകനോടുമെല്ലാം അവര്‍ പിന്നെയും സംസാരിച്ചു. ഞാനിപ്പോഴും സനാഥയാണെന്ന്. ആരുമില്ലാത്തവളല്ല ഞാനൊരിക്കലുമെന്ന്. കനമുള്ള മാറാപ്പുകളെല്ലാമുപേക്ഷിച്ച് മരുപ്പച്ചയിലേക്കു നടക്കുകയായിരുന്നു അവര്‍.
യാ അല്ലാഹ് കാലിടറുന്നതു കൊണ്ടാവാം കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടാവാം നിന്റെയൊപ്പം ഞാന്‍ സദാ സഞ്ചരിക്കുന്നു. എന്റെ പ്രതീക്ഷകള്‍ നിന്നില്‍ മാത്രം സമര്‍പ്പിക്കുന്നു. ചിലരൊക്കെ പറയുന്നു സുരയ്യ ഭ്രാന്തിയാണെന്ന്. കഥയും കവിതയുമവസാനിപ്പിച്ച് അക്ഷരങ്ങളുടെ നിത്യസ്വര്‍ഗത്തിന്റെ വാതിലടച്ച് പ്രിയപ്പെട്ട സുരയ്യ അകത്തേക്ക് കയറിപ്പോയി. പ്രാര്‍ത്ഥന. അവരുടെ ഓര്‍മകളില്‍ പ്രിയപ്പെട്ടൊരാള്‍ ഈ നാട്ടില്‍ മിനാരങ്ങള്‍ പണിതുവെച്ചു. പൂത്തിറങ്ങിയതിന് ശേഷം പിന്നീടൊരിക്കലും വാടിവീഴാത്ത നീര്‍മാതളം. ഉദിച്ചുയര്‍ന്നതിന് ശേഷം, നേരം വെളുത്തിട്ടും മായാതെ മിന്നുന്ന പുലര്‍ക്കാല നക്ഷത്രം, സുരയ്യ.
വര: ആയിഷ മുർഷിദ ടി.
Add comment