പലേടത്തേക്കും പുറപ്പെടുന്ന വാനിലെ ഡ്രൈവര്‍മാര്‍ ഉച്ചത്തില്‍ വിളിച്ചു കൂവുന്നുണ്ട്. ഡല്‍ തടാകത്തില്‍ നിന്നുയിരെടുത്ത കുളിരുള്ള കാറ്റ് എല്ലാവരെയും തഴുകുന്നു. പൂക്കാരും പഴക്കച്ചവടക്കാരും പലഹാര വില്‍പനക്കാരും നിറഞ്ഞ, ദര്‍ഗ എന്നു പേരുള്ള മാര്‍ക്കറ്റിലൂടെ ഞാന്‍ ഹസ്രത്ത് ബല്‍ പള്ളിയിലേക്ക് പോവുകയാണ്. ശ്രീനഗറിലെ ആദ്യത്തെ വൈകുന്നേരമാണ്. ശിശിരകാലത്തെ മുന കോര്‍ക്കുന്ന തണുപ്പിനേക്കാള്‍ ശരീരത്തെ പൊതിഞ്ഞു നില്‍ക്കുന്ന ഒരു പേടിയുണ്ട്. ഈ തിരക്കുകള്‍ക്കിടയില്‍ അപായം പതിയിരിപ്പുണ്ട്. ആളുകള്‍ നിങ്ങളെ സംശയിക്കുന്നുന്നുണ്ട് എന്ന തോന്നല്‍.
അസ്ഥാനത്തെത്തിയ അപരിചിതനാണ് നിങ്ങള്‍. തോക്കു ചൂണ്ടിയ, റോന്തു ചുറ്റുന്ന പട്ടാളക്കാര്‍ക്കിടയില്‍, നിരത്തുകളെ തടസ്സപ്പെടുത്തി തഴച്ചു നില്‍ക്കുന്ന മുള്‍വേലികള്‍ക്കിടയില്‍ പേടി കൂടി വരുന്നു. പെട്ടെന്ന് ഫേരന്‍ എന്നു പേരുള്ള നീളക്കുപ്പായം ധരിച്ച, തൊങ്ങലുകള്‍ തുന്നിയ രോമത്തൊപ്പി ധരിച്ച ഒരു തെരുവു കച്ചവടക്കാരന്‍ വഴിമുടക്കി മുന്നോട്ടു വരുന്നു. അയാള്‍ ചെറിയ ബക്കറ്റില്‍ ബട്ടര്‍ വില്‍ക്കുന്നു. സലാം പറയുന്നു. അയാളുടെ പേര് ഹസന്‍ ബേഗ്. നരവീണ താടിയും പുക മൂടിയ കണ്ണുകളും. അടുത്ത നീക്കം തീര്‍ത്തും അപ്രതീക്ഷിതവും ചുവടു തെറ്റിക്കുന്നതുമായിരുന്നു. മുഷിഞ്ഞ ഫേരനു പുറത്തു വന്ന കൈകള്‍ കൊണ്ട് അയാള്‍ എന്നെ ആഞ്ഞു പുല്‍കി. ഞാന്‍ കേരളത്തില്‍ നിന്നാണെന്നും യൂണിവേഴ്‌സിറ്റിയില്‍ ഒരു കോഴ്‌സിനു വന്നതാണെന്നും പറഞ്ഞു. ഹസന്‍ ബേഗ് ബക്കറ്റ് എടുത്തു വെച്ച് വീട്ടിലേക്ക് പുറപ്പെടാന്‍ ഒരുമ്പെട്ടു. ആമുഖങ്ങളാവശ്യമില്ലാത്ത സ്‌നേഹവും ആര്‍ദ്രമായ വാര്‍ധക്യവും എന്നെ നിരായുധനാക്കി. എന്റെ പേടിയുടെ മേലാവരണം പൊഴിഞ്ഞു വീണു. ഫേരനുള്ളില്‍ വെക്കുന്ന കാങ്ക്രി എന്ന ചെറിയ നെരിപ്പോട് അയാള്‍ എന്റെ മുഖത്തിനു നേരെ ഉയര്‍ത്തി. പൂക്കുട പോലെ ഒരു പാത്രമാണ് കാങ്ക്രി. അതില്‍ കനലിട്ടു വസ്ത്രത്തിനുള്ളില്‍ ചൂടു കായാനായി കൊണ്ടു നടക്കുന്നു. നടക്കുന്ന ഒരു തരം നെരിപ്പോട്. ഈര്‍പ്പവും അതുണ്ടാക്കുന്ന മുറുക്കവും അപരിചിതത്വവും കാങ്ക്രിയുടെ ചൂടില്‍ ഉരുകിയൊലിച്ചു.
തിരക്കുകള്‍ക്കും ഒച്ചപ്പാടുകള്‍ക്കുമിടയില്‍ ആ സായാഹ്നത്തില്‍ ഞാന്‍ മുഴുകി നിന്നു. ഡല്‍ തടാകത്തില്‍ കാറ്റു വന്നും പോയുമിരുന്നു. ഹസന്‍ ബേഗിനോടു പറഞ്ഞു ഹസ്രത്ത് ബലിലേക്ക് പോവുകയാണ്. അയാള്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി. പ്രാര്‍ത്ഥിക്കുക. കാണാം. ഖുദാ ഹാഫിസ്. എല്ലാ പേടികളെയും തൂത്തു കളയാന്‍ പടച്ചവന്‍ ഒരു രക്ഷകനെ നമുക്ക് കരുതി വെക്കുന്നു. ഇത് യാത്രയിലെ വലിയൊരു പാഠമാണ്. ഒരാള്‍ക്ക് ഒറ്റക്ക് യാത്ര പുറപ്പെടാം. പക്ഷേ, അയാള്‍ വഴിയില്‍ ഒറ്റക്കാവുന്നില്ല എന്ന പാഠം.
നാലാഴ്ച കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായിരുന്നു, അധ്യാപകരുടെ കോഴ്‌സ്. മിക്കവാറും സായന്തനങ്ങള്‍ ഡല്‍ തടാകക്കരയിലെ ദര്‍ഗ മാര്‍ക്കറ്റിലും ഹസ്രത്ത് ബലിലും. പള്ളിയിലേക്കുള്ള വഴി എനിക്ക് ഹൃദിസ്ഥമാണ്. ജനത്തിരക്കുകള്‍ക്കിടയില്‍ (ശ്രീനഗറില്‍ എവിടെയും കാണാവുന്ന) വഴിമുടക്കുന്ന ഇരുമ്പു വേലി കടന്നു പോകുന്നത് കച്ചവടക്കാരുടെ ഒരു ചത്വരത്തിലേക്കാണ്. മരത്തിലുണ്ടാക്കിയ ചെറിയ ശിക്കാരകള്‍, ഘടികാരങ്ങള്‍, പാത്രങ്ങള്‍, കോരികള്‍ ഒക്കെ വില്‍ക്കുന്ന ചില കടകള്‍. പഷ്മീന ഷാളും കുട്ടിയുടുപ്പുകളും വില്‍ക്കുന്നവരുമുണ്ട്. ചത്വരത്തിന് നടുവില്‍ നിന്ന് നോക്കുമ്പോള്‍ മുകള്‍ നിലയില്‍ നിറയെ കാണുന്നത് വീടുകളാണെന്നു തോന്നുന്നു. ചെറിയ കിളിവാതിലുകള്‍. പൊടിപൊടിച്ച ചുമരുകള്‍. ഒരിക്കല്‍ പോലും മനുഷ്യമുഖങ്ങള്‍ ഒന്നും കണ്ടില്ലല്ലോ എന്ന വിചാരവുമുണ്ടായി. വീണ്ടും വീണ്ടും അവിടെ നോക്കി നിന്നു. കാലം നമ്മെ കടന്നു പിടിക്കുന്നതറിയുന്നു.
ചത്വരത്തിന് പുറത്ത് പള്ളിയിലേക്കുള്ള കല്ലു പാകിയ വഴി. വഴിയുടെ വലതു ഭാഗത്ത് ഹമ്മാമുകളുടെ നിര. ഇടതു ഭാഗത്ത് വുസൂ ഖാന. വുളു എടുത്തു പള്ളിയില്‍ കയറുമ്പോള്‍ വാതില്‍ക്കലെല്ലാം തണുപ്പിനെ തടുക്കാനുള്ള നീണ്ട വിരി തൂക്കിയിട്ടിരിക്കുന്നു. ഉയര്‍ന്ന മച്ചുകള്‍. ബഹുമാനം തോന്നുന്ന തൂണുകള്‍. നിശബ്ദതയുടെ ഒരു അരങ്ങ് അവിടെ ഒരുങ്ങിയിരിക്കുന്നു. ഇവിടെ നിങ്ങള്‍ മാത്രമെയൊള്ളൂ എന്ന തോന്നന്നിലേക്ക് നിങ്ങളമരുന്നു.
അസര്‍ നിസ്‌കരിച്ചു പുറത്തിറക്കുമ്പോള്‍ ബാരാമുള്ളയില്‍ നിന്നുള്ള കാവല്‍ പോലീസിനെ കണ്ടു. തുടുത്ത മുഖം. ഞാന്‍ ഈ പണിയെടുക്കേണ്ടവനല്ലെന്ന ഭാവം. തോക്കില്‍ ഒരു കൈയുണ്ട്. ആദ്യമറിയേണ്ടിയിരുന്നത് ശഅറേ മുബാറക് എവിടെ എന്നായിരുന്നു. അയാള്‍ കൈ പിടിച്ചു അകത്തേക്ക് കൊണ്ടു പോയി. അലങ്കരിച്ച മിഹ്റാബിനു മുകളില്‍, ഉയരത്തില്‍ അതിനേക്കാള്‍ ചമഞ്ഞു നില്‍ക്കുന്ന ഒരു ചില്ലുമേട. അതിനകത്താണ് ആ പുണ്യമിരിക്കുന്നത്. മോയേ ശരീഫ് അല്ലെങ്കില്‍ മോയേ മുഖദ്ദസ് എന്നാണ് അവര്‍ സ്‌നേഹം ചാലിച്ചു വിളിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ മദീനയില്‍ നിന്നും ബീജാപ്പൂരിലേക്ക് പുറപ്പെട്ട തിരുകുടുംബത്തിലെ സയ്യിദ് അബ്ദുല്ലയാണ് മോയേ മുഖദ്ദസ് ഇന്ത്യയിലെത്തിക്കുന്നത്. വ്യാപാരിയായ അദ്ദേഹത്തിന്റെ മകനില്‍ നിന്ന് ഔറംഗസീബ് അത് നേടുകയും ആദ്യം അജ്മീറിലേക്കും തുടര്‍ന്ന് കാശ്മീറിലേക്കും അയക്കുകയായിരുന്നു.
പോലീസുകാരന്‍ നില മറന്ന് ട്രാവല്‍ ഗൈഡിന്റെ ജോലി മിടുക്കോടെ കാര്യങ്ങള്‍ പറഞ്ഞു തന്നു. മോയേ മുഖദ്ദസ് എന്നു പറയുമ്പോഴൊക്കെ അയാള്‍ മറ്റൊരാളായിരുന്നു. ആദരവിന്റെ ആവരണം എടുത്തണിയുന്നു. മീലാദുന്നബിയുടെയും മിഅ്‌റാജ് രാവിലും ഖലീഫമാരുടെ ജനന വിയോഗദിനങ്ങളിലുമാണ് മോയേ മുഖദ്ദസ് പ്രദര്‍ശിപ്പിക്കുന്നത്. പള്ളിയുടെ മട്ടുപ്പാവിനു മുകളില്‍ കയറി നോക്കി. പിന്നാമ്പുറത്ത്, ഡല്‍ തടാകത്തില്‍ കാറ്റിന്റെ കഥപറച്ചില്‍ നിലച്ചിട്ടില്ല. കിനാക്കാഴ്ച പോലെ ശികാരകളുടെ ഓളംതള്ളല്‍.
പക്ഷേ, ആ സന്ധ്യയെ, തുടര്‍ന്നുള്ള സന്ധ്യകളെ മറക്കാന്‍ പറ്റാതാക്കിത്തീര്‍ത്തത് മൈനകളായിരുന്നു. പടച്ചവനേ, ഇത്രയും മൈനകളോ? മൈനകളുടെ ഒരു സമൂഹം. മൈനകളുടെ ഒരു സന്ധ്യ. ഒത്തുതീര്‍പ്പുകള്‍ ഒന്നുമില്ലാതെ അവ കലമ്പല്‍ കൂട്ടുന്നു. അത് തര്‍ക്കമാണോ, മടങ്ങി വരവിന്റെ വിശേഷം പറച്ചിലാണോ, വരുന്ന രാത്രിയെ കുറിച്ചുള്ള ഹര്‍ഷമാണോ? അറിയില്ല. ആ കാഴ്ചയും കലമ്പലും കണ്ണില്‍ നിന്നു മാറുന്നില്ല.
മഗ്രിബ് നിസ്‌കരിച്ചു മടങ്ങാമെന്നു വെച്ചു. ജമാഅത്തില്‍ കൂടാമല്ലോ. ഫേരന്‍ ധരിച്ച, കൈയില്‍ കാങ്ക്രി തുക്കിയ, മെലിഞ്ഞ ഒരു വൃദ്ധന്‍ എന്നെ പള്ളിക്ക് പുറത്ത്, വുസുഖാനക്ക് മുകളില്‍ ഒരിടത്തേക്കു നയിച്ചു. കാശ്മീരിയില്‍ സംസാരിക്കുന്ന കുറേയധികം പേര്‍ അവിടെയുണ്ട്. നീണ്ട പലകയുടെ ഒരിരിപ്പിടം. കാലു കുത്തിയപ്പോള്‍ ഊഷ്മളമായ ഒരു സുഖം. ചൂട് എങ്ങനെ ഉണ്ടാകുന്നെന്ന് അന്ധാളിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ പറഞ്ഞു: അതിനു താഴെ കനല്‍ കത്തിക്കുന്നു. ശിശിരത്തില്‍ ചൂടു പകരുന്ന ഒരു മരപ്പലക. സൊറ പറച്ചിലിന്റെ ഇടം. സംസാരത്തിനിടെ അയാള്‍ പറഞ്ഞു: അടുത്ത ദിവസം മോയേ മുഖദ്ദസ് കാണിക്കുന്നുണ്ട്. ഹസ്രത്ത് അലി (റ) ന്റെ ജന്മദിനവുമായി ബന്ധപ്പെട്ട്… മഗ്‌രിബിനു ശേഷം. പള്ളിയില്‍ നിന്നു പുറത്തു പോകുമ്പോള്‍ മുറ്റത്ത് പ്രാവുകള്‍ക്ക് തിന്നാനുള്ള തിനയും ഗോതമ്പും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. സൂഫിയുടെ നെഞ്ചിന്‍ കൂട് പ്രാവുകള്‍ കുറുകിക്കൊണ്ടിരുന്നു. ഡല്‍ തടാകത്തിലെ രാക്കാറ്റേറ്റു മുഗളന്മാരുണ്ടാക്കിയ ചിനാര്‍ മരങ്ങളുടെ തോട്ടം കടന്ന് മുറിയിലേക്ക് നടന്നു.
ജനത്തിരക്ക് അറിയാവുന്നതു കൊണ്ട് അന്ന് നേരത്തെ തന്നെ ഹസ്രത്ത് ബലില്‍ എത്തി. സ്ത്രീകള്‍ ധാരാളം പേര്‍ പള്ളിക്ക് പുറത്തുണ്ട്. പള്ളിയുടെ ചുമരുകള്‍ ചുംബിച്ചു പലരും സങ്കടം പറയുന്നു. ചെറിയ സുഷിരങ്ങളില്‍ വര്‍ണച്ചരടുകള്‍ കെട്ടി പലരും നേര്‍ച്ചകള്‍ വീട്ടുന്നു. ജീവനുള്ളതിനോട് പെരുമാറും പോലെയാണ് അവരുടെ രീതി. പള്ളിയുടെ വെളുത്ത മകുടങ്ങളും മിനാരങ്ങളും ഇന്ന് പതിവില്‍ കവിഞ്ഞു തിളങ്ങുന്നു. ശ്രീനഗറിലെ മനുഷരുടെ സാമൂഹ്യ, രാഷ്ട്രീയ മത ജീവിതത്തില്‍ ഇതു പോലെ ഇടപെടുന്ന മറ്റൊരിടമില്ല. 1952 ല്‍ തടിച്ചു കൂടിയ മനുഷ്യരെ നോക്കി ശൈഖ് അബ്ദുല്ല ഇവിടെ വെച്ച് ഇപ്രകാരം പറഞ്ഞു: എന്റെ ജനതയെ ഞാന്‍ ഒറ്റു കൊടുക്കില്ല. കാശ്മീരിന്റെ സ്വയംഭരണം നിലനിര്‍ത്തുന്നതിന് ശ്വാസം നേര്‍ത്തില്ലാതാവോളം നിലകൊള്ളും. ഈ വിശുദ്ധ ഇടത്തോടുള്ള അവരുടെ അടുപ്പം മോയേ മുഖദ്ദസിനോടുള്ള അനുരാഗമാണ്. ഞാനിന്നത് കാണാന്‍ പോകുന്നു.
മിഹ്‌റാബില്‍ നിന്നുയരുന്ന ഇമാമിന്റെ ശബ്ദം പ്രാവിന്റെ കുറുകല്‍ പോലെ. നിശബ്ദതയുടെ ആ അരങ്ങ് ഇത്രയധികം ആളു കൂടിയിട്ടും ഭംഗപ്പെട്ടിട്ടില്ല. നിസ്‌കാരത്തിന് ശേഷം മുകളിലെ മച്ചു കാണാവുന്നിടത്തേക്ക് എല്ലാവരും ഒതുങ്ങി. അവിടെ വെളിച്ചം തെളിഞ്ഞു. ചില്ലുജാലകം തുറന്നു. നീളക്കുപ്പായവും തലേക്കെട്ടും അണിഞ്ഞ ഒരാള്‍ വലതു കൈയിലെ ചന്ദനപ്പെട്ടി തുറന്നു ഒരു ചില്ലുപേടകം ഉയര്‍ത്തിപ്പിടിച്ചു പ്രത്യക്ഷപ്പെട്ടു. പേടകത്തിന് അകത്താണ് മോയേ മുഖദ്ദസ്. ലാഹോറില്‍ നിന്ന് മോയേ മുഖദ്ദസ് വന്ന കാലത്ത് കവി ഖ്വാജാ അഅ്‌സം ദേദ്മറി ഇങ്ങനെ പാടി:
‘കാശ്മീര്‍ മദീനയായിരിക്കുന്നു, മോയേ മുഖദ്ദസിന്റെ എഴുന്നള്ളത്ത് കൊണ്ട് ‘
ഇപ്പോള്‍ നിശബ്ദതയെ ആള്‍ക്കൂട്ടം ഭജ്ഞിച്ചിരിക്കുന്നു. വികാരത്തിന്റെ പരകോടിയില്‍ ദുറൂദുകളുടെ ആരവമുയരുന്നു. പറയാനാവാത്തത് പറയാനാണല്ലോ സ്വലാത്ത്. എല്ലാം പറയേണ്ടത് ഇപ്പോഴാണല്ലോ. പതുക്കെ ചില്ലു പേടകം പിന്‍മാറി. കാര്‍മികന്‍ പിന്‍വാങ്ങി. ജാലകച്ചില്ലടഞ്ഞു. കാലം ആ തിരശ്ശീലക്കു പിന്നിലായി.
ഹസ്രത്ത് ബലിന്റെ പ്രധാന രണ്ടു കവാടത്തിന്റെ മുകളില്‍ വെണ്ണക്കല്ലില്‍ കൊത്തി വെച്ച വരികള്‍ സഅദി ശീറാസിയുടെതാണ്. അതിങ്ങനെ വായിക്കാം:
മനുഷ്യകത്തിന്റെ നായകരേ,
സൗന്ദര്യത്തിന്റെ നേരവകാശിയേ
ഒറ്റത്തവണ നീയെന്നെക്കൊള്ളെ കണ്‍പാര്‍ക്കണേ
എങ്കില്‍ എന്റെ ശരത് കാലം വീണ്ടും
വസന്തത്തിലേക്കു തിരിഞ്ഞേനേ.
മോയേ മുഖദ്ദസിന്റെ കഥ
കൈയില്‍ മോയേ മുഖദ്ദസ് വന്നു ചേര്‍ന്നപ്പോള്‍ ജീവിതത്തില്‍ ലഭിക്കാവുന്ന വില പറയാനാവാത്ത സമ്മാനമാണിതെന്ന് ഔറംഗസീബ് തിരിച്ചറിഞ്ഞു. തീക്കു നേരെ പിടിച്ചു കത്തുന്നില്ലെന്നും സൂര്യവെളിച്ചത്തിനു നേരെ നിര്‍ത്തി നിഴലില്ലെന്നും തേനില്‍ മുക്കിയെടുത്തു ഈച്ചയും പൂച്ചിയും നേരെ വരുന്നില്ലെന്നും അദ്ദേഹം ഉറപ്പു വരുത്തി. വിശുദ്ധ മദീനയില്‍ നിന്നു ദക്ഷിണേന്ത്യയിലെ ബീജാപ്പൂരിലെത്തിയ സയ്യിദ് അബ്ദുല്ലയെക്കുറിച്ച് നേരത്തെ പറഞ്ഞുവല്ലോ. അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഹമീദിലാണ് തിരുശേഷിപ്പിന്റെ തുടര്‍ച്ചയെത്തിയത്. അദ്ദേഹത്തില്‍ നിന്ന് ഷാജഹാനാബാദിലെ വ്യാപാരിയായ ഖ്വാജാ നൂറുദ്ദീനിലേക്ക് അതെത്തിച്ചേര്‍ന്നു. ഖ്വാജാ അതുമായി ലാഹോറിലെത്തി. ഖ്വാജയെക്കുറിച്ചും തിരുശേഷിപ്പിനെക്കുറിച്ചും ലാഹോറില്‍ അപ്പോഴുണ്ടായിരുന്ന ഔറംഗസീബ് അറിഞ്ഞിരുന്നു. താത്പര്യമില്ലാതിരുന്നിട്ടും മോയേ മുഖദ്ദസ് ചക്രവര്‍ത്തിക്ക് നല്‍കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അത് ശ്രീനഗറിലേക്ക് അയക്കണമെന്ന നിര്‍ദേശം രാജാവിന് സ്വപ്‌നത്തില്‍ ലഭിച്ചു.
റമസാന്‍ ആയിരുന്നു സമയം. നോമ്പ് പതിനാറിന് പുറപ്പെട്ട കാരവാന് ഷോപിയാനിലെ ഹേര്‍പൂരില്‍ വലിയ സ്വീകരണം ലഭിച്ചു. വലിയ ജനക്കൂട്ടത്തെ സ്വീകരിക്കാന്‍ സൗകര്യമില്ലാതിരുന്ന ഹേര്‍പ്പൂരില്‍ നിന്ന് അത് ശ്രീനഗറിലെ ഡല്‍ തടാകത്തിന്റെ തീരത്തെത്തി. കാശ്മീര്‍ താഴ്‌വരയുടെ ആധുനിക ചരിത്രം മോയേ മുഖദ്ദസുമായി ഇഴചേര്‍ന്നു നില്‍ക്കുന്നു. രാഷ്ട്രീയവും മതവും അനുഷ്ഠാനവുമൊക്കെ ചേര്‍ന്ന് അത് വലിയ ഇതിഹാസമാണ്. പഷ്ത്തൂണുകളും അഫ്ഗാനികളും സിഖുകാരും ചേര്‍ന്ന ഭരണകര്‍ത്താക്കളുടെയും ഇനായത്ത് ബീഗം, ഹാജി മുഹമ്മദ് ചിശ്ത്തി, ശൈഖ് അബ്ദുല്ല തുടങ്ങിയ നേതാക്കളുടെയും ജീവിതവുമായി ഹസ്രത്ത് ബല്‍ ചേര്‍ന്നു നില്‍ക്കുന്നു.
1963 ല്‍ മോയേ മുഖദ്ദസ് അപ്രത്യക്ഷമായതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ ആധുനിക കാശ്മീരിന്റെ ചരിത്രത്തിലെ കലുഷമായ ദിവസങ്ങളായിരുന്നു. 1993 ലും 1996 ലും ഹസ്രത്ത് ബല്‍ പള്ളിയില്‍ കയറിപ്പാര്‍ത്ത ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളുടെ സംഭവപരമ്പരകളും താഴ്‌വരയില്‍ സൃഷ്ടിച്ചത് അസ്വാസ്ഥ്യങ്ങളാണ്. ഇപ്പോള്‍, 2022 ല്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജെ ആന്റ് കെ മുസ്‌ലിം വഖ്ഫ് ബോര്‍ഡാണ് പള്ളിയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. മനുഷ്യകത്തിന്റെ നായകന്‍ ചരിത്രത്തിലും ഭാവിയിലും ഇടപെടുന്നത് കാണാന്‍ നാം കാത്തിരിക്കുന്നു. അപ്പോള്‍ ഇലക്കും അഭിമാനത്തിനും വിലയിടിയുന്ന ശരത്കാലത്തേക്ക് വസന്തം സംക്രമിക്കുന്നത് കാണാം.
Add comment