വിവര്‍ത്തനം സാധ്യതകളുടെ കലയാണ്. കാലത്തോടും, സമൂഹത്തോടും സംസ്‌കാരത്തോടും ഒരുപോലെ സംവദിക്കുമ്പോള്‍ മാത്രമേ അത് ശക്തമായൊരു ഭാഷ രൂപപ്പെടുത്തിയെടുക്കുകയും സമൂഹത്തെ ചലനാത്മകമാക്കുകയുമൊള്ളു. അതിനാല്‍ തന്നെ വിവര്‍ത്തനം ശക്തമായൊരു മാറ്റത്തിനും ചരിത്രപരമായി പുതിയൊരു സംസ്‌കാരത്തിനും ജീവന്‍ നല്‍കുന്നു. ഇസ്‌ലാം ലോകത്തു മുഴുക്കെയും പരിചയപ്പെടുത്തപ്പെടുന്നത് ഇത്തരം വിവര്‍ത്തന സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ്. ഓരോ സാമൂഹിക സന്ദര്‍ഭങ്ങളോടും നീതിപുലര്‍ത്തുന്ന രീതിയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തപ്പെട്ടപ്പോഴാണ് ഇത്തരത്തിലൊരു വലിയ വ്യാപനം സാധ്യമായത്.
ഓരോ പരിവര്‍ത്തനങ്ങളും വിവര്‍ത്തനങ്ങളെപ്പോലെയാണെന്ന് റോനിത് റിച്ചി തന്റെ ഇസ്‌ലാം ട്രാന്‍സ്ലേറ്റഡ് എന്ന പഠനത്തില്‍ സമര്‍ഥിക്കാൻ ശ്രമിക്കുന്നുണ്ട്. അറേബ്യന്‍ സാമൂഹിക സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഉന്നയിക്കപ്പെട്ട ആയിരം ചോദ്യങ്ങളെക്കുറിച്ചുള്ള പുസ്തകം തമിഴിലേക്കും മലായി പോലുള്ള ഇതര ഭാഷാസംസ്‌കാരത്തിലേക്കും എങ്ങനെയാണ് വിവര്‍ത്തനം ചെയ്യപ്പെട്ടതെന്നായിരുന്നു റിച്ചിയുടെ അന്വേഷണം. ഭാഷയുടെ സാംസ്‌കാരിക ഇടപെടലുകളെക്കുറിച്ച് കൂടുതല്‍ വ്യക്തമായൊരു ചിത്രം നല്‍കുവാനാണ് അതിലൂടെ റിച്ചി ശ്രമിക്കുന്നത്.
ഇത്തരത്തില്‍ ബംഗാളി ഭാഷയില്‍ രചിക്കപ്പെട്ട ‘നബിബംഗ്ഷ’ എന്ന സയ്യിദ് സുല്‍ത്താന്റെ രചനയെ മുന്‍നിര്‍ത്തിയുള്ള ഒരന്വേഷണമാണ് ഈ ലേഖനം. ബംഗാളില്‍ നബിയെ ആദ്യമായി പരിചയപ്പെടുത്തുന്ന കൃതി എന്നതുപോലെ തന്നെ ബംഗാളി ഇസ്‌ലാമില്‍ ഏറ്റവും കൂടുതല്‍ വായനാസമൂഹത്തെ സൃഷ്ടിച്ച കൃതി കൂടിയായിരുന്നു ഇത്. അതോടൊപ്പം തന്നെ, ഈ കൃതിയെ പഠനവിധേയമാക്കി ആയിശ എ ഇറാനി രചിച്ച ‘മുഹമ്മദ് അവതാര’ എന്ന പുസ്തകത്തെ കൂടി ഇതില്‍ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഈ കൃതി മുന്നോട്ടുവെക്കുന്ന ആശയങ്ങളെ മുഴുവനായി സംഗ്രഹിക്കാന്‍ ഈ എഴുത്ത് പര്യാപ്തമല്ല. മറിച്ച്, ഈയൊരു കൃതിയെ ഹൃസ്വമായി പരിചയപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. കൃതിയുടെ സജീവമായ ആശയവ്യവഹാരങ്ങളെ സംഗ്രഹിക്കുന്നതിന് പകരം കൃതി മുന്നോട്ടുവെക്കുന്ന ആശയവൈപുല്യത്തെ ചെറിയ രീതിയില്‍ പരിചയപ്പെടുത്തുക മാത്രമാണ് ഈ ലേഖനം ചെയ്യുന്നത്.
ആയിശ ഇറാനി ഈ കൃതിയെ ചരിത്രത്തിന്റെ വീക്ഷണകോണില്‍ നിന്നാണ് പരിചയപ്പെടുത്തുന്നത്, അതിനാല്‍ തന്നെ നബിബംഗ്ഷ മുന്നോട്ടുവെക്കുന്ന സാഹിതീയഭാവനകള്‍ അത്രതന്നെ പുസ്തകത്തില്‍ പ്രധാനമല്ല. സൃഷ്ടിപ്പില്‍ നിന്ന് തുടങ്ങി, മുന്‍കാല പ്രവാചകരുടെ ജീവിതകാലങ്ങളിലൂടെ കടന്നുപോയി മുഹമ്മദ് നബിയുടെ ജനനവും മക്കയിലെ ആദ്യകാലജീവിതവും തുടര്‍ന്നുള്ള ഇസ്ലാമിക പ്രബോധനത്തിന്റെ തുടക്കവും ഇതര ചരിത്രങ്ങളുമെല്ലാം വിവരിക്കുന്ന 17396 വരികളുള്ള ഒരു ഇതിഹാസകാവ്യമാണ് ‘നബിബംഗ്ഷ’. ബംഗാളിലെ സാംസ്‌കാരിക പൈതൃകത്തോട് ഒതുങ്ങി നില്‍ക്കുന്ന രൂപത്തില്‍ ബംഗാളി ഭാഷയില്‍ തന്നെ രചിക്കപ്പെട്ട ആദ്യകൃതിയായിരുന്നു ഇത്.
സയ്യിദ് സുല്‍ത്താന്‍ തന്റെ ഈ കൃതി തുടങ്ങുന്നത് പതിവുപോലെ ദൈവത്തെ സ്തുതിച്ചുകൊണ്ടാണ്. പക്ഷേ, ഇതര കൃതികളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം നബിയെ പരിചയപ്പെടുത്തുന്നത് ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രാചീനമായ സാംഖ്യാ ഫിലോസഫിയുടെ (Samkhya philosophy) ആശയങ്ങളെ മുന്‍നിര്‍ത്തിയാണ്. ബൗദ്ധ, ജൈവ, വൈഷ്ണവ ഫിലോസഫികള്‍ക്കും എത്രയോ മുമ്പേ തന്നെ രചിക്കപ്പട്ട ഫിലോസഫിക്കല്‍ ആലോചനയാണ് സാംഖ്യാ തത്വചിന്ത. പ്രപഞ്ചത്തെയും അതിലെ മനുഷ്യന്റെ അനുഭവത്തെയും മനസ്സിലാക്കുന്നതില്‍ മൂന്ന് ഗുണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ ഗുണ, സത്വ ഗുണ, താമ ഗുണ. രാജ ഗുണം ചലനം, പ്രവര്‍ത്തനം, ആഗ്രഹം എന്നിവയെ നയിക്കുന്നു. രാജ ഗുണം ചലനം, പ്രവര്‍ത്തനം, ആഗ്രഹം എന്നിവയെ നയിക്കുന്നു. സ്വത്വ ഗുണം ശാന്തതയും സംതൃപ്തിയും ലക്ഷ്യം വെക്കുന്നു. താമ ഗുണം നിഷേധാത്മകതയെയും അലസതയെയും പ്രതിഫലിപ്പിക്കുന്നു, ഇത് വിനാശത്തിലേക്ക് നയിക്കുന്നു. ഇത് ഉള്‍കൊള്ളിച്ചാണ് സയ്യിദ് സുല്‍ത്താന്‍ തന്റെ കവിത തുടങ്ങുന്നത്.
‘ചലനാത്മയില്‍ (രാജഗുണ) നാഥന്‍ ലോകത്തെ സൃഷ്ടിച്ചു
സചേതനമായ തത്വത്തില്‍ (സത്വഗുണ) ദൈവം ലോകത്തെ പരിപാലിച്ചു
ആലസ്യത്തില്‍ (താമഗുണ) ദൈവം ഇതെല്ലാം നശിപ്പിക്കുന്നു.’
ബഹുഭൂരിപക്ഷം വരുന്ന അമുസ്‌ലിം സമൂഹത്തിന് ഇസ്‌ലാം പരിചയപ്പെടുത്താനാണ് സയ്യിദ് സുല്‍ത്താന്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ പുരാണത്തിന്റെ തുടര്‍ച്ചയില്‍ മുഹമ്മദ് നബിയെയും അദ്ദേഹം പ്രതിഷ്ടിക്കുന്നു. തുടര്‍ന്നു വരുന്ന വരികള്‍ ഇത് വ്യക്തമായി പ്രകടമാക്കുന്നുണ്ട്.
‘അവന്‍ ചിലരെ വീട്ടുജോലിക്കാരാക്കി,
ചിലരെ നാടോടികളാക്കി
ശാസ്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍
ചിലരെ പണ്ഡിതരാക്കി
അവന്‍ തന്നെ യാചകരായ
ബുദ്ധ സന്യാസിമാരെ സൃഷ്ടിച്ചു
അവര്‍ക്ക് ഭക്ഷണം നല്‍കാനായി
ധര്‍മ്മിഷ്ടരെയും…
ജാനകിയെ റാഞ്ചിയെടുക്കാനവന്‍
രാവണനോട് കല്‍പിച്ചു.
ഭയാനക ഭൂതങ്ങളെ
സംഹരിക്കാന്‍ രാമനെയും..
പ്രണയാനന്ദത്തിന്റെ അനുഭൂതിയില്‍
വിന്യസിക്കാന്‍ ഹരിയെയും പടച്ചു.’
ഈ കവിതാ ഭാഗം സൃഷ്ടിപ്പിനെക്കുറിച്ചുള്ള ഇന്‍ഡിക് ഭാവനകളെ സാധൂകരിക്കുന്നതാണ്. അതിന്റെ ഭാഗമായിട്ടാണ് മനുഷ്യജീവിതത്തിലെ ദൈവത്തിന്റെ ലക്ഷ്യം വെളിപ്പെടുത്തുന്നതിനായി അവതാരങ്ങളുടെ ആവര്‍ത്തിത ആഗമനത്തിലൂടെ ദൈവം ലോകത്ത് ധാര്‍മ്മിക ജീവിതം പരിചയപ്പെടുത്തുന്നതെന്നും ഇത് സൂചിപ്പിക്കുന്നു. പക്ഷേ, ഇവിടെ മുഹമ്മദ് നബിയെ വിവരിക്കുന്നിടത്ത് എന്തിനാണ് ഇത്തരമൊരു പരിചയപ്പെടുത്തലെന്നത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കേണ്ടതാണ്.
നബിയെക്കുറിച്ചൊരു കവിത എഴുതാന്‍ അദ്ദേഹമെന്തിനാണ് രാമനെയും കൃഷ്ണനെയും ഇതില്‍ കൊണ്ടുവരുന്നത്?. ഈ ചോദ്യം അപ്രസക്തമൊന്നുമല്ലെങ്കിലും, ഇതര സാംസ്‌കാരിക അടയാളങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ട് പുതിയൊരു അനുവാചക മണ്ഡലം സൃഷ്ടിക്കുകയായിരുന്നു സയ്യിദ് സുല്‍ത്താന്‍. അതിലൂടെ മുഹമ്മദ് നബി എന്ന വ്യക്തിത്വത്തെ ലോകത്തിനുമുമ്പില്‍ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. അതൊരിക്കലും, പുതിയൊരു മതകീയ ജീവിതത്തെ സൃഷ്ടിക്കുകയല്ല. മറിച്ച്, ബംഗാളിന്റെ സവിശേഷ സാമൂഹിക സാഹചര്യത്തില്‍ നിന്നുകൊണ്ട് ഇസ്‌ലാമിനെ കണ്ടെത്തുകയായിരുന്നു. അഥവാ, മതത്തെ പരിചയപ്പെടുത്തുകയായിരുന്നുവന്ന് ചുരുക്കം.
ഇത്തരമൊരു കൃതിയുടെ വിജയം അവ സൃഷ്ടിച്ച വായനാലോകവും അതിന് പുതുവിശ്വാസികളെയേറെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നതു കൂടിയാണ്. ഒരു കൃതികൊണ്ടു മാത്രം ഇത്രയും വലിയൊരു മാറ്റം സാധ്യമായി എന്നല്ല, ആയിശ ഇറാനി അന്വേഷിക്കുന്നത് പോലെ ഇതിലൂടെ മുന്നോട്ടുവന്ന പുതിയൊരു ആശയലോകം ഇങ്ങനെയുള്ള പ്രാദേശിക തര്‍ജ്ജമകളെ ജനകീയമാക്കിയെന്നതു കൂടിയാണ്. സുല്‍ത്താന്റെ വിവര്‍ത്തനം ഒരിക്കലും ലളിതമല്ല, കാരണം അദ്ദേഹം ഒരു അറബ് പ്രവാചകനെയും അദ്ദേഹത്തിന്റെ ചരിത്രത്തെയും സിദ്ധാന്തങ്ങളെയും ബംഗാളി ആശയധാരയിലേക്ക് സ്വാഭാവികവത്കരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
രചയിതാവിന്റെ വിവര്‍ത്തന തന്ത്രങ്ങള്‍ മുഹമ്മദ് നബിയും ഇസ്‌ലാമും ബംഗാളിന്റെ സാംസ്‌കാരികവും ആശയപരവുമായ ഭൂപ്രകൃതിയില്‍ എങ്ങനെ ഇണങ്ങുന്നുവെന്ന് കാണിച്ചുകൊണ്ട് ആരംഭിക്കുന്നുവെങ്കിലും, അവ അവസാനിക്കുന്നത് പരമ്പരാഗത ധാരണകളെ മാറ്റിവെച്ചുകൊണ്ട്, ബംഗാളിനെയും ബംഗാളികളെയും എല്ലാം ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക ലോകചരിത്രമായി പുനര്‍വായിക്കുന്നതിലൂടെയാണ്.
സയ്യിദ് സുല്‍ത്താന്‍ ചട്ടഗ്രാമത്തിന്റെ (ചിറ്റഗോങ് )തെക്കുകിഴക്കന്‍ പ്രവിശ്യയായ നോക്കാലി എന്ന പ്രദേശത്തായിരുന്നു ജീവിച്ചിരുന്നത്. മുഗളന്മാര്‍ ഭാടിയുടെ മേല്‍ നിയന്ത്രണം സ്ഥാപിക്കുന്നതിന് ഏകദേശം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ചിറ്റഗോങ് ഡല്‍ഹി സുല്‍ത്താനേറ്റിന്റെയും പിന്നീട് ബംഗാളിലെ സ്വതന്ത്ര സുല്‍ത്താന്മാരുടെയും നിയന്ത്രണത്തിലായിരുന്നു. ആദ്യം ഫഖ്റുദ്ദീൻ മുബാറക് ഷായുടെ (ഭരണകാലം 1338-1349) കാലത്ത് പിടിച്ചെടുത്ത ഈ പ്രവിശ്യ, ഡല്‍ഹിയിലെ ഫിറൂസ്ഷാഹി സുല്‍ത്താന്മാരും പിന്നീട് റുക്നുദ്ദീൻ ബാര്‍ബക് ഷായുടെ (ഭരണകാലം 1459-1474) കാലം വരെ ബംഗാളിലെ സുല്‍ത്താന്മാരുമായിരുന്നു തുടര്‍ച്ചയായി നിയന്ത്രിച്ചിരുന്നത്. ഏകദേശം 1418-ല്‍ രാജാ ഗണേശയുടെ അധികാരവാഴ്ച മുതല്‍ സയ്യിദ് സുല്‍ത്താന്റെ ജനനമെന്ന് അനുമാനിക്കപ്പെടുന്ന 1588 വരെ, ചിറ്റഗോങിനെ ചൊല്ലി ഗൗഡയിലെ മുസ്‌ലിം ഭരണാധികാരികളും, ത്രിപുരയിലെ ഹിന്ദു ഭരണാധികാരികളും, അറാകാനിലെ ബുദ്ധമത ഭരണാധികാരികളും തമ്മില്‍ കഠിനമായ പോരാട്ടം നടന്നിരുന്നു
ബംഗാള്‍ ഉള്‍ക്കടലിലെ തിരക്കേറിയ ഭൂഖണ്ഡാന്തര വ്യാപാരത്തിലേക്കുള്ള പ്രവേശനം നല്‍കുന്ന അതിന്റെ അഭിലഷണീയമായ തുറമുഖമായിരുന്നു ഇതിന് കാരണം. ഈയൊരു ഭൂപ്രദേശത്തുനിന്നുമാണ് ബംഗ്ലാ മുസ്‌ലിം സാഹിത്യത്തിന്റെ തുടക്കമെന്ന് പറയാം. ചിറ്റഗോങ് ആസ്ഥാനമാക്കി അന്ന് രണ്ട് സാഹിതീയ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു: ചിറ്റഗോങ് തുറമുഖ പട്ടണവും അതിന്റെ പരിസരങ്ങളും ഒപ്പം, അറാകാനീസ് കോടതിയും.
സ്വതന്ത്രമായി തന്നെ തങ്ങളുടെ രചനകള്‍ നിര്‍വ്വഹിച്ച പൂര്‍വ്വാധുനിക ബംഗാളി മുസ്‌ലിം പണ്ഡിതന്മാര്‍ സാധാരണയായി പ്രാദേശിക സൂഫി സംഘടനകളുമായോ, പേര്‍ഷ്യനിലും അറബിയിലും അക്ഷരജ്ഞാനമില്ലാത്ത പ്രാദേശിക ജനങ്ങള്‍ക്ക് ഇസ്ലാമിക ഉപദേശങ്ങള്‍ പകര്‍ന്നു നല്‍കുന്നവരുമായോ ബന്ധപ്പെടുന്നവരായിരുന്നു. അതിന്റെ ഫലമായി, ഇസ്‌ലാമിക, സൂഫി സിദ്ധാന്തങ്ങളെയും ധാര്‍മ്മികതയെയും കുറിച്ചുള്ള പേര്‍ഷ്യന്‍-അറബി കൃതികള്‍ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ അവര്‍ താത്പര്യം പുലര്‍ത്തി.
ദൗലത് കാജി, സയ്യിദ് അലാവോള്‍ എന്നിവരെപ്പോലെ ചിലര്‍ക്ക് മ്രൗക് യുവിലെ രാജസഭയുടെ സഹായ സംഭാവനകള്‍ ഇതിനായി ലഭിച്ചിരുന്നു. രാജ സംഭാവനയോടെ ഉത്പാദിപ്പിക്കപ്പെട്ട ഇത്തരം സാഹിത്യങ്ങള്‍ വലിയൊരു പരിധിവരെ പേര്‍ഷ്യന്‍, അവധി സൂഫി കഥാപാരമ്പര്യങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിക്കുന്നതായിരുന്നു. രാജസഭാ വൃത്തങ്ങളിലായാലും ഗ്രാമീണ ചിറ്റഗോങ്ങിലായാലും, ഇസ്‌ലാമിക ബംഗാളി ഗ്രന്ഥങ്ങള്‍ ഒരു വാചിക സാഹിത്യലോകം രൂപപ്പെടുത്തുകയായിരുന്നു.
1872-ലാണ് ബ്രിട്ടീഷുകാര്‍ ആദ്യമായി സെന്‍സസ് സംഘടിപ്പിക്കുന്നത്. അന്ന് കിഴക്കന്‍ ബംഗാളിന്റെ ജനസംഖ്യയുടെ 70% ത്തിലധികം മുസ്‌ലിംകളാണെന്ന് കണ്ടെത്തുകയുണ്ടായിരുന്നു. ബംഗാളിന്റെ ഇസ്‌ലാമികവത്കരണത്തെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ വൈവിധ്യമേറിയതാണ്. അസിം റോയ് (1983), റിച്ചാര്‍ഡ് ഈറ്റണ്‍ (1993) തുടങ്ങിയ ഗവേഷകര്‍ പതിനാറ്-പതിനേഴ് നൂറ്റാണ്ടുകളിലെ ബംഗാളിലെ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനങ്ങള്‍ എങ്ങനെ സംഭവിച്ചുവെന്നും അതിലേക്ക് നയിച്ച കാരണങ്ങളെന്തെല്ലാമാണെന്നുമുള്ളതിനെ കുറിച്ച് വ്യത്യസ്തമായ ചരിത്ര പുനര്‍നിര്‍മ്മാണങ്ങള്‍ നടത്തുന്നുണ്ട്. അസിം റോയി മുന്നോട്ടുവെക്കുന്ന മാതൃകയില്‍, ‘മുസ്‌ലിം സാംസ്‌കാരിക മധ്യവര്‍ത്തികള്‍’ വഴിയാണ് ഇസ്‌ലാം ബംഗാളി ജനങ്ങള്‍ക്കിടയില്‍ വ്യാപകമായത്.ഇസ്‌ലാമിന്റെയും പ്രാദേശികമായ ഇസ്‌ലാമേതര മത സിദ്ധാന്തങ്ങളുടെയും ഘടകങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് അവര്‍ ഒരു ‘സിന്‍ക്രറ്റിക്ക്’ സാഹിത്യ പാരമ്പര്യം സൃഷ്ടിച്ചു.
ആയിശാ ഇറാനി തന്റെ കൃതിയില്‍ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്നത്, മധ്യകാല ഘട്ടത്തിലെ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തെക്കുറിച്ച് സയ്യിദ് സുല്‍ത്താന്‍ മുന്നോട്ടുവെക്കുന്ന ‘സ്മൃതിചരിത്ര’ (Memo history) പഠനത്തെ വിശദീകരിക്കുകയും അതോടൊപ്പം, ഇസ്‌ലാമിക ചരിത്രരചനാ പാരമ്പര്യങ്ങളുടെ വിശാലമായ സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ രക്ഷാചരിത്രരചനയെ (salvation history) സ്മൃതിചരിത്രരചനയുടെ സാധ്യതകളുമായി സംയോജിപ്പിച്ച് പരിശോധിക്കുകയും ചെയ്യുകയെന്നതാണ്.
സുല്‍ത്താന്‍ മുന്നോട്ടുവെക്കുന്ന വര്‍ത്തമാനത്തിന്റെ ‘പ്രാധാന്യവും പ്രസക്തിയും’ തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ ‘ഭൂതകാലത്തെക്കുറിച്ചുള്ള അപഗ്രഥനം’ നമ്മെ പ്രാപ്തരാക്കുന്നു. ഇതില്‍ സുല്‍ത്താന്റെ വര്‍ത്തമാനം വെറുതെ ഭൂതകാലത്തെ ‘സ്വീകരിക്കുക’ മാത്രമല്ല ചെയ്യുന്നത്, മറിച്ച് അത് ഭൂതകാലത്താല്‍ ‘ബാധിക്കപ്പെടുകയും’ ചെയ്യുന്നു. അതേസമയം, ഭൂതകാലം വര്‍ത്തമാനത്താല്‍ രൂപപ്പെടുത്തപ്പെടുകയും, കണ്ടുപിടിക്കപ്പെടുകയും, പുനഃരാഖ്യാനം ചെയ്യപ്പെടുകയും ചെയ്യുന്നു. അഥവാ, ഇന്‍ഡിക് ചരിത്രാഖ്യാനത്തില്‍ മുഹമ്മദ് നബിയെ പ്രതിഷ്ഠിക്കുന്നതിലൂടെ ഭൂതകാലത്തെ അപഗ്രഥിക്കുകയും, ആ അപഗ്രഥനത്തിലൂടെ സമകാലികര്‍ക്ക് മുഹമ്മദ് നബിയെ തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന രൂപത്തില്‍ സമര്‍ഥിക്കുക കൂടി ചെയ്തുവെന്നു ചുരുക്കം.
സുല്‍ത്താന്‍ മുന്നോട്ടുവെക്കുന്ന പ്രപഞ്ചോത്പത്തി സിദ്ധാന്തം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ പ്രപഞ്ചാക്ഷരമായ ഓംകാരത്തിന്റെ മൂന്നു വിവിധ ശബ്ദ പ്രകടനങ്ങളിലേക്ക് മാപ്പ് ചെയ്യപ്പെടുന്ന മൂന്ന് ഗുണങ്ങളുടെ സംയോജനങ്ങളിലൂടെയും വിഭജനങ്ങളിലൂടെയും സംഭവിക്കുന്ന ഒരു പ്രപഞ്ചോത്പത്തി പരിണാമ പ്രക്രിയയാണത്. പക്ഷേ, പരിചിതമായ ഒരു വിവര്‍ത്തനം തത്തുല്യം നല്‍കുന്നതിനൊപ്പം, ഓംകാരം ഒരു ബംഗാളി ശ്രോതാവിന് ഇസ്‌ലാമികമായി അവതരിപ്പിക്കുകകൂടി വേണം. അതിനായി അദ്ദേഹം വിശുദ്ധ ഖുര്‍ആനിലെ ‘കുന്‍!’ (ഖു 36:82) എന്ന സൂക്തത്തെ ഉപനിഷത്തിലെ ഓംകാരമായി പരിഭാഷപ്പെടുത്തുന്നു. എന്നിരുന്നാലും, വചനത്തിന്റെ ഈ പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള സുല്‍ത്താന്റെ വിവരണം ‘അവദി’യുടെ പ്രേമാഖ്യാനത്തേക്കാള്‍ സങ്കീര്‍ണ്ണമാണ്, കൂടാതെ പ്രാദേശിക ധാരണകളില്‍ കൂടുതല്‍ ആഴത്തില്‍ വേരൂന്നിയതുമാണ്, എന്നാല്‍, അതിന്റെ ഇസ്‌ലാമികത വിസ്മരിക്കപ്പെടുന്നുമില്ല.
സങ്കീര്‍ണ്ണമായ ഇത്തരം ആശയങ്ങളെ അദ്ദേഹം വളരെ ആയാസകരമായി കോര്‍ത്തിണക്കുന്നത് കാണാം. ചില ഉദാഹരണങ്ങള്‍ കൂടെ നല്‍കി ഇതവസാനിപ്പിക്കാമെന്ന് കരുതുന്നു. സുല്‍ത്താന്‍ ‘നൂര്‍ മുഹമ്മദ്’ എന്ന പദം മഹാജ്യോതിര്‍മയ (‘അസാധാരണമായ പ്രകാശമാനന്‍’) എന്ന ഇന്‍ഡിക് പദത്തിന് തത്തുല്യമായ പദമായിത്തന്നെ അവതരിപ്പിക്കുന്നു. അതില്‍ തന്നെ, നബി-അവതാര, ഇബ്ലീസ്-നാരദ, പുരാണ-ഖുര്‍ആന്‍ പോലുള്ള ദ്വിഭാഷാ ഇണപ്പദങ്ങള്‍ തുല്യത സൂചിപ്പിക്കാന്‍ പ്രത്യേകമായ ആഖ്യാന സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
പ്രഭു, നിരഞ്ജന പോലുള്ള ബംഗാളി ദൈവനാമങ്ങള്‍ പലപ്പോഴും ഒരു പ്രത്യേക ആഖ്യാനത്തില്‍ ബംഗാളി പദത്തിന്റെ ആദ്യ ഉപയോഗത്തിന് തൊട്ടുപിന്നാലെ ‘അല്ലാഹ്’, ‘ഖുദാ’ എന്നീ അറബി-പേര്‍ഷ്യന്‍ ദൈവനാമങ്ങള്‍ പരിചയപ്പെടുത്തുന്നു. ഇബ്‌ലീസിനെ നാരദനായി വിവര്‍ത്തനം ചെയ്യുന്നതിനായി ഇബ്‌ലീസ് നാരദനാണെന്ന ‘വസ്തുത’ മുന്‍കൂട്ടി അനുമാനിക്കുന്നു. ഇത് ഒരു താര്‍ക്കിക പൂര്‍വധാരണയാണ്. അതേസമയം ഇത് ഒരു പ്രായോഗിക പൂര്‍വധാരണയുമാണ്, കാരണം അലങ്കാരമെന്ന നിലയില്‍ ഇത് അറബി-പേര്‍ഷ്യന്‍ ഇസ്‌ലാമിക്ക് സംഭാഷണ മേഖലയെയും ഹിന്ദുസ്ഥാനി സംഭാഷണമേഖലയെയും സൂചിപ്പിക്കുന്നു.
ഇത്തരത്തില്‍ സൂക്ഷ്മവും സമഗ്രവുമായ വിവര്‍ത്തനത്തിന്റെ സ്വഭാവസവിശേഷതകള്‍ ഈ ഗ്രന്ഥത്തില്‍ പ്രകടമാണ്. മുഹമ്മദ് നബിയെ ബംഗാളി വായനാ സമൂഹത്തിന് പരിചയപ്പെടുത്തുകയെന്നതില്‍ കവിഞ്ഞ് ഇസ്ലാമിനെ വിശാലമായ രീതിയില്‍ പരിചയപ്പെടുത്തുക കൂടിയാണ് ഗ്രന്ഥം നിര്‍വഹിക്കുന്ന ധര്‍മം. ബംഗാളിലെ ഇസ്‌ലാമിക സാഹിത്യ പാരമ്പര്യത്തില്‍ ഉത്ഭവിച്ച ഒരു കൃതിയെന്ന നിലയില്‍, നബിബംഗ്ഷ, ഇസ്‌ലാമിക-ബംഗാളി പാരമ്പര്യങ്ങളുടെ വാചിക, പ്രകടന ചരിത്രങ്ങളുമായും പ്രയോഗങ്ങളുമായും വ്യവഹാരപരമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. സയ്യിദ് സുല്‍ത്താന്‍ തന്റെ രചനയെ ഇങ്ങനെ വിവരിക്കുന്നതായി കാണാം:
”ഏകാഗ്രചിത്തതയോടെ പ്രവാചകരുടെ
പഞ്ചാലി ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.
ഏകാഗ്രമായ മനസ്സോടെ നിങ്ങള്‍
അത് കേള്‍ക്കുകയാണെങ്കില്‍,
അത് മനുഷ്യജന്മത്തിന്റെ
പാപങ്ങളെ മോഷ്ടിക്കുകയും
മനസ്സിന്റെ വ്യസനത്തെ
നശിപ്പിക്കുകയും ചെയ്യും.”
പാടുകയും ചൊല്ലുകയും ചെയ്യുന്ന ഒരു പാഞ്ചാലി എന്ന നിലയില്‍, അത് പാന്‍-ഇന്ത്യന്‍ മഹാകാവ്യ സാഹിത്യത്തിന്റെയും ഗാനാലാപന പ്രകടന പാരമ്പര്യത്തിന്റെയും ഭാഗമാണ്. പ്രവാചകരെയും അദ്ദേഹത്തിന്റെ പൂര്‍വികരെയും കുറിച്ചുള്ള ഒരു മഹാകാവ്യ കഥ എന്ന നിലയില്‍, ജൂഡിയോ-ക്രിസ്ത്യന്‍ പ്രവചന പാരമ്പര്യങ്ങളെ ഇസ്‌ലാമിക ആഖ്യാന ചട്ടക്കൂടുകളിലേക്ക് ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ഈ രചന കാലാതീതമായിത്തീരുന്നു.
Add comment