രാജ്യാര്‍തിര്‍ത്തികള്‍ ഭേദിച്ച് ഇസ്‌ലാം കിഴക്കും പടിഞ്ഞാറും വ്യാപിച്ചപ്പോഴാണല്ലോ നബിചരിതം (സീറ) ഒരു സാഹിത്യരൂപം പ്രാപിക്കുന്നത്. അതിനാല്‍തന്നെ സീറകളില്‍ നബി(സ്വ)തങ്ങളെ പ്രാദേശികമായും കാലികമായും സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടന്നിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ചൈനീസില്‍ ആദ്യമായി നബിചരിതമെഴുതിയ ലിയു ചിയും ശേഷം ഒരു നൂറ്റാണ്ടിനിപ്പുറം നബിചരിതമെഴുതിയ ലാന്‍ഷുവും ചൈനീസ് വായനാവൃത്തങ്ങള്‍ക്ക് എളുപ്പം പരിചിതമാവുന്ന ഒരു പ്രവാചകരെയാണ് തങ്ങളുടെ കൃതികളില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്.
ലിയു ചി(1660-1739)യുടെ സീറയായ the veritable records of the utmost sage of Arabia യില്‍ പ്രവാചകരെ പ്രപഞ്ചത്തിന്റെ അച്ചുതണ്ടായാണ് അവതരിപ്പിക്കുന്നത്. എന്നാല്‍, ലാന്‍ഷു തന്റെ epitaphs of perfect beings ല്‍ പ്രവാചകന്മാരുടെയും ചൈനീസ്-മുസ്‌ലിം ആചാര്യന്മാരുടെയും (തന്റെ മാതാപിതാക്കളടക്കം) ജീവചരിത്രത്തോടുകൂടെയാണ് പ്രവാചകനെയും വരച്ചിട്ടിരിക്കുന്നത്.
ചൈനയിലെ ഈ രണ്ടു രചനാസാഹചര്യവും വ്യത്യസ്തമായിരുന്നു. ചിങ് രാജവംശത്തിന്റെ ഭരണകാലത്ത് ചൈനീസ് മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായി വായിക്കപ്പെട്ടിരുന്നതും ചൈനീസിലെ ആദ്യ നബിചരിതവുമായ ‘ദ അറ്റ്‌മോസ്റ്റ് സേജി’ലൂടെ സീറ സാഹിത്യത്തെ ഒരു ചൈനീസ് വായനക്കാരന് ആധികാരികവും ഗ്രാഹ്യവുമാവുന്ന വായനാനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യമായിരുന്നു ഗ്രന്ഥകാരനായ ലിയു ചിക്ക്. അതിനായി പ്രവാചകരെ തന്റെ കാലവുമായും കാലക്കാരുമായും ബന്ധിപ്പിക്കാനും കാലാതീതമായ ‘മെറ്റാഫിസിക്കല്‍ മുഹമ്മദി’ന് കൂടുതല്‍ ഊന്നല്‍ നല്‍കി അവതരിപ്പിക്കലുമായിരുന്നു ലിയു ചിയുടെ ദൗത്യം.
എന്നാല്‍, ലാന്‍ഷുവിനെ സംബന്ധിച്ചിടത്തോളം കാലം സ്വയം മുന്നോട്ട് പോകുന്നു. അഥവാ, അദ്ദേഹത്തിന്റെ ചരിത്രവീക്ഷണത്തില്‍ വ്യക്തിപ്രഭാവത്തേക്കാളേറെ കാലത്തിന് പ്രസക്തിയുണ്ട്. കാലത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന ‘ഹഖ്’ വ്യത്യസ്ത കാലങ്ങളിലായി പരിപൂര്‍ണ്ണ മനുഷ്യരെന്നവകാശപ്പെടാവുന്ന വ്യക്തിത്വങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ തത്വം അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തെ സ്വാധീനിച്ചതിന്റെ ഫലമായാണ് പ്രവാചകന്മാരെയും ചൈനീസ് ആചാര്യന്മാരെയും ചേര്‍ത്തുവെച്ച് വലിയൊരു ഇസ്‌ലാമിക പാരമ്പര്യത്തിലേക്ക് ചൈനയുടെ സാംസ്‌കാരിക മണ്ഡലത്തെ ഇഴുകിച്ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചത്. ഈ രണ്ടുരചനാശൈലിയും ചൈനയിലെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ വികാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
നബി(സ്വ) തങ്ങളുടെ ജീവിതവുമായും പാരമ്പര്യവുമായും ബന്ധപ്പെടുത്തി കൂടുതല്‍ പ്രാദേശിക ജീവിതങ്ങളെ സ്ഥാപിക്കാനാണ് അവര്‍ ശ്രദ്ധിച്ചത്. ചിങ് രാജവംശത്തിന്റെ അവസാനത്തോടെ പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളിലായി ലിയു ചിയുടെ സീറ പാശ്ചാത്യ മിഷനറിമാരെയും ആകര്‍ഷിച്ചു. മഠാധിപതിയായിരുന്ന പാലഡി കഫറോവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് മിഷനറി ഐസക് മേസണും യഥാക്രമം ഇതിനെ റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളിലേക്കായി വിവര്‍ത്തനം ചെയ്തു.
മുഹമ്മദ്ഃ ഫിസിക്കല്‍, മെറ്റാഫിസിക്കല്‍, പ്രസന്റ്
ലിയു ചിയുടെ സീറ ‘ഹഖീഖതുല്‍ മുഹമ്മദിയ്യ’യെക്കുറിച്ചാണ് സംസാരിക്കുന്നത്. ലിയു ചിയുടെ വിവരണം മൂന്ന് വൃത്തങ്ങളി(സര്‍ക്കിള്‍)ലായി മനസ്സിലാക്കാം. മധ്യത്തിലുള്ള ഏറ്റവും ചെറിയ വൃത്തത്തില്‍ നബി(സ്വ)തങ്ങളുടെ ജീവചരിത്രമാണ് (ഫിസിക്കല്‍ മുഹമ്മദ്). സീറകളിലും ഹദീസുകളിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ള, ജനനം, കുട്ടിക്കാലം, വിവാഹം, ഭാര്യമാര്‍, കുട്ടികള്‍, യുദ്ധങ്ങള്‍, വഫാത് തുടങ്ങി എല്ലാ വിശദാംശങ്ങളും ഇത് വിവരിക്കുന്നു. എന്നാല്‍, കാലത്തിനനതീതമായ ഹഖീഖതുല്‍മുഹമ്മദിയ്യ എന്ന പ്രവാചകരുടെ അമൂര്‍ത്തവും പരമവുമായ വശത്തെയാണ് (Metaphysical Muhammed) വലിയ വൃത്തം വരച്ചിടുന്നത്.
Present Muhammed എന്ന ഏറ്റവും അവസാന വൃത്തത്തില്‍ പതിനെട്ടാം നൂറ്റാണ്ടിലെ ചൈനയിലിരിക്കുന്ന ഒരാളും നബി(സ്വ)തങ്ങളും തമ്മിലുള്ള ബന്ധങ്ങളെ ആവിഷ്‌കരിക്കുന്നു. ലിയു ചിയുടെ സീറയിലെ ‘ഫിസിക്കല്‍’, ‘മെറ്റാഫിസിക്കല്‍’, ‘പ്രസന്റ് മുഹമ്മദ്’ എന്നീ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ അതില്‍ കേവലം ഒരു ജീവചരിത്രത്തിനുമപ്പുറം പ്രവാചകര്‍ എങ്ങനെ ലോകക്രമം രൂപപ്പെടുത്തുന്നു എന്ന സമീപനം കൂടി അടങ്ങിയിരിക്കുന്നതായി മനസ്സിലാവും.
ഫിസിക്കല്‍ മുഹമ്മദ്
പ്രവാചകരുടെ ജനനം മുതല്‍ വഫാത് വരെയുള്ള അറുപത്തിമൂന്ന് വര്‍ഷത്തെ ജീവിതസംഭവങ്ങളുടെ വിവരണം ലിയു നല്‍കുന്നുണ്ട്. ഇതിന്റെ രചനയ്ക്കായി മറ്റു ചൈനീസ് മുസ്‌ലിംകളുടെ സ്വകാര്യ ശേഖരങ്ങളിലുള്ള വിദേശ ഗ്രന്ഥങ്ങള്‍ പരിശോധിക്കാന്‍ രാജ്യത്തുടനീളം സഞ്ചരിച്ച ഗവേഷണ കാലയളവിന് പുറമേ, നാലു വര്‍ഷമെടുത്തുള്ള ഈ ഗ്രന്ഥരചന വലിയ അധ്വാനമായിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. തനിക്ക് ലഭ്യമാവാത്ത, അറേബ്യയില്‍ നിന്നുള്ള മറ്റു സീറകളെക്കുറിച്ച് ഗ്രന്ഥകാരന് അവബോധമുണ്ടായിരുന്നു. സംഗ്രഹിച്ച്, ഏറ്റവും കാലികമായി പ്രവാചകജീവിതത്തെ അവതരിപ്പിക്കുക എന്നതായിരുന്നു ലിയുവിന്റെ ദൗത്യം.
ഇതില്‍ ചൈനീസ് സംസ്‌കാരത്തിന് അനുസൃതമായി നബിതങ്ങളുടെ വൈവാഹികവും മരണാനന്തരവുമായ കര്‍മങ്ങള്‍ വിവരിക്കുന്ന ചില ശ്രദ്ധേയമായ ആഖ്യാനങ്ങളുണ്ട്. ഇവിടെ അല്‍-കാസറൂനിയുടെ [d. 1386 C.E /788 A.H] അല്‍-മുന്‍തഖ മിന്‍ സിയരിന്നബിയ്യില്‍ മുസ്തഫയെ ഒരു പ്രധാന അവലംബമാക്കിയതായി കാണാം. കാരണം, കാസറൂനിയെപ്പോലെ ലിയുവിന്റെ സീറയിലും മൂന്നു മുതല്‍ പതിനഞ്ചുവരെയുള്ള പുറങ്ങളിലാണ് ‘ഫിസിക്കല്‍ മുഹമ്മദി’നെ വിവരിക്കുന്നത്. അതുതന്നെ കാലക്രമമനുസരിച്ചാണ് ഇവ രണ്ടിന്റെയും ക്രമീകരണങ്ങള്‍.
മെറ്റാഫിസിക്കല്‍ മുഹമ്മദ്
‘മെറ്റാഫിസിക്കല്‍ മുഹമ്മദി’നെ ചര്‍ച്ചചെയ്യുന്നതിനാല്‍ നബിചരിതത്തെ ഏതുരീതിയിലാണ് വായനക്കാരന്‍ സമീപിക്കേണ്ടതെന്ന് ആമുഖം ലിയു ആദ്യത്തെ മൂന്ന് പുറങ്ങളില്‍ വിവരിക്കുന്നുണ്ട്. ‘ഫിസിക്കല്‍ മുഹമ്മദി’നെ വിവരിക്കുന്നിടത്ത് സ്വയം നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലത്തെയാണ് രചയിതാവ് സങ്കല്‍പിക്കുന്നത്. അഥവാ ക്രമാനുഗതമായി കടന്നുപോകുന്ന പ്രവാചകരിലെ വ്യക്തിജീവിതത്തിലെ സംഭവവികാസങ്ങള്‍ സമയത്തിലൂടെ സഞ്ചരിക്കുന്നു. ‘മെറ്റാഫിസിക്കല്‍ മുഹമ്മദിനെ’ക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, സമയവും അതിന്റെ മുന്നോട്ടുള്ള ഗമനത്തിനും എങ്ങും നബി(സ്വ)യുടെ സ്വാധീനം ലിയു കാണുന്നു. അദ്ദേഹം പറയുന്നു:”സമയം നബി(സ്വ)യെ ചുറ്റിപ്പറ്റിയാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. നബി(സ്വ)യാണ് കാലത്തിന്റെ ഊര്‍ജം. സൃഷ്ടികളില്‍ എല്ലാത്തിനും പരമമായ സംഹിതയാണ് പ്രവാചകര്‍. പ്രവാചകരില്‍ സമ്മേളിക്കുന്ന ഭരണം, പ്രവചനം, വെളിച്ചം എന്നീ കാര്യങ്ങളുടെ പ്രക്ഷേപണത്തിനിടയില്‍ സമയം അപ്രസക്തമാവുന്നു. അത് ആത്യന്തികമായി മുഹമ്മദില്‍ അവസാനിക്കുന്നു”.
സമയത്തെപ്പോലെ നബി തങ്ങളാല്‍ സജീവമാകുന്ന സംവിധാനങ്ങളായി അദ്ദേഹം പരിചയപ്പെടുത്തുന്നത്, തലമുറ (ഷി ടോങ്), ഭരണം (ഗുവോ ടോങ്), മതം (ദാവോ ടോങ്) മെറ്റാഫിസിക്‌സ് (ഹുവ ടോങ്) എന്നിവയാണ്. ആദ്യത്തേതില്‍ ആദം(അ) മുതല്‍ അമ്പത് തലമുറകളിലൂടെ സഞ്ചരിച്ച്, പിതാവ് അബ്ദുല്ല വഴി പ്രകാശം നബി തങ്ങളിലേക്കെത്തുന്നു. ഇവിടെ തലമുറകളുടെ ഒഴുക്കില്‍ കാലം അപ്രസക്തമാവുന്നു. ലിയു ചി എഴുതുന്നു, ‘അങ്ങേയറ്റം സദ്ഗുണത്തോടും അങ്ങേയറ്റം മൂല്യത്തോടും കൂടെയുള്ള പ്രവാചകര്‍(സ്വ) ഒരു മകനിലേക്ക് പകര്‍ന്നില്ല. ഇത് ന്യായമായും പ്രവാചകരുടെ പരിപൂര്‍ണത (കമാലിയത്) ഉള്ളതിനാലാണ്. ആണ്‍മക്കള്‍ക്ക് അവരുടെ പിതാക്കന്മാരെക്കാള്‍ വലിയവരായിരിക്കുക എന്നത് സന്തോഷകരമാണല്ലോ’.
നബി(സ്വ) എങ്ങനെയാണ് വെളിച്ചമായിരിക്കുന്നതെന്നും ലിയു ചി ചൂണ്ടിക്കാണിക്കുന്നു. ‘പുത്രന്‍ പിതാവിന്റെ നിഴലാണല്ലോ. പ്രകാശത്തിന് നിഴലില്ല. പ്രകാശമായ അതിനാല്‍ പ്രവാചകര്‍ക്കര്‍ക്ക് അനന്തരാവകാശിയായി പുത്രന്‍ ജീവിച്ചിരുന്നില്ല. ഈ തലമുറ സംവിധാനത്തില്‍ നബി(സ്വ)തങ്ങള്‍ക്ക് മറ്റൊരു മനുഷ്യന് തന്റെ പദവി കൈമാറാന്‍ കഴിയില്ല, കാരണം അദ്ദേഹം തന്നെയാണ് സംവിധാനം’.
ഭരണ സംവിധാനത്തില്‍, ആദം(അ) ആദ്യ ഭരണാധികാരിയായി ആരംഭിച്ച് പേര്‍ഷ്യന്‍, ബൈസന്റൈന്‍ രാജാക്കന്മാരിലൂടെ കടന്നുപോയി അവസാനം ഭരണം പ്രവാചകരി(സ്വ)ലേക്കെത്തുന്നു. ഇവിടെ കാലത്തെ ആറ് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ കാലഘട്ടത്തിന്റെയും ഉയര്‍ച്ചയും പതനവും അടയാളപ്പെടുത്തിയത് ഭരണാധികാരികളുടെയും അവരുടെ വര്‍ഷങ്ങളുടെയും എണ്ണം കൊണ്ടാണ്. നബി(സ്വ)തങ്ങള്‍ വരെ നീളുന്ന ഭരണ സംവിധാനത്തില്‍ ആകെ എഴുപത്തിരണ്ട് ഭരണാധികാരികളുണ്ടെന്ന് ലിയു ചി കുറിക്കുന്നു. ഇസ്‌ലാമിക പാരമ്പര്യത്തില്‍ എഴുപത്തിരണ്ട് എന്ന സംഖ്യ ‘അനവധി(many)’എന്നതിനെ പ്രതിനിധീകരിച്ചു വന്നതായി കാണാം. അതിനാല്‍ ഭരണസംവിധാനത്തിന്റെ പൂര്‍ണത മുഹമ്മദിലൂടെയാണെന്ന് ലിയു ചി ചൂണ്ടിക്കാണിക്കുന്നു. ‘പ്രവാചകന്റേത് ജ്ഞാനപൂര്‍ണ്ണമായ ഭരണമാണ്. ഇനി ഒരാള്‍ക്കിത് വീണ്ടും കൈമാറ്റം ചെയ്താല്‍, പിന്നെ ഈ സംവിധാനത്തിന് പ്രസക്തിയില്ല’,
ലിയു എഴുതുന്നു, ‘ഈ സംവിധാനത്തിന്റെ പൂര്‍ത്തീകരണത്തെയും ഫലപ്രാപ്തിയെയും കാലാതീതമായ മാതൃകയയെയും മുഹമ്മദ്(സ്വ) പ്രതിനിധീകരിക്കുന്നു. എന്നിട്ടും ഒരു രാജാവെന്നോ ചക്രവര്‍ത്തിയെന്നോ പ്രവാചകര്‍ സ്വയം വിശേഷിപ്പിച്ചില്ല. അവിടുത്തെ വഫാതിന് ശേഷം, പീന്നീടു വന്ന ഭരണാധികാരികളൊക്കെ പ്രവാചകരുടേത് പ്രതിനിധി(ഖലീഫ)കളാണ്’. പ്രവാചകരുടെ ഭരണകാലത്ത്, വിവിധ രാജ്യങ്ങളിലെ രാജാക്കന്മാരും ഭരണാധികാരികളും പ്രവാചകരെ അനുസരിക്കാനും അവരുടെ കൂറ് അറിയിക്കാനും വന്നതെങ്ങനെയെന്ന് ലിയു രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും ഭരണാധികാരികള്‍ക്ക് നബി(സ്വ) ഉപദേശവും സഹായവും നല്‍കുന്നത് ചിത്രീകരിക്കുന്ന കഥകള്‍ ഇവിടെ കാണാം.
മതവ്യവസ്ഥയില്‍, ബൈബിളിലെ പ്രധാന പ്രവാചകന്മാരുടെ നിരയിലെ പത്താമത്തെയും അവസാനത്തെയും പ്രവാചകരാണ് മുഹമ്മദ്(സ്വ). ലിയു എഴുതുന്നുഃ ”പരമജ്ഞാനിയായ പ്രവാചകര്‍ സൂര്യനാണ്. ആദം മുതല്‍ ഈസയിലേക്കുള്ള എല്ലാ പ്രവാചകന്‍മാരുടെയും പാതയെ സംബന്ധിച്ചിടത്തോളം മുഹമ്മദ്(സ്വ) ഇലകള്‍ മാത്രമുണ്ടായിരുന്ന മരത്തിലെ പൂവ് പോലെയാണ്. അവിടുത്തെ പാത അതിലെ പഴമാണ്. സൂര്യനെക്കാള്‍ പ്രകാശമുള്ളതായി മറ്റൊന്നില്ലല്ലോ. മരങ്ങളില്‍ പഴങ്ങളെക്കാള്‍ പ്രസക്തിയുള്ള മറ്റൊന്നില്ലല്ലോ. മതത്തിന്റെ പാതയില്‍ പ്രവാചകരെ(സ്വ)ക്കാള്‍ പൂര്‍ണ്ണമായ മറ്റൊന്നുമില്ല. കാരണം മതസംവിധാനം മുഹമ്മദി(സ്വ)ന്റെ കൂടെ അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നു’.
ഈ പ്രവാചകത്വത്തിന്റെ പര്യവസാനമെന്ന ആശയത്തെ കുറച്ചുകൂടി വിശാലാര്‍ഥത്തില്‍ ലിയു ചി എഴുതുന്നു: ‘124,000 പ്രവാചകന്മാരുടെ പരമ്പര തിരുനബിയില്‍ അവസാനിക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് ‘അവസാനമ’ല്ല, കാരണം പ്രവാചകര്‍(സ) തന്നെയാണ് പാത. മുഹമ്മദും പാതയും ഒന്നുതന്നെ”.
നബിയുടെ ഭൗതിക ജീവിതത്തെക്കുറിച്ചും അതിഭൗതിക പ്രാധാന്യത്തെക്കുറിച്ചുമുള്ള രണ്ട് വിവരണങ്ങള്‍ ഇന്നത്തെ ലോകവുമായി പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട് ലിയു. കേവലം ഒരു സാധാരണ മനുഷ്യനല്ലാത്തതിനാല്‍ മെറ്റാ’ഫിസിക്കല്‍ മുഹമ്മദി’നെക്കുറിച്ചുള്ള വിവരണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി ലഭിക്കുന്നു.
പ്രസന്റ് മുഹമ്മദ്
വര്‍ത്തമാനകാലവുമായുള്ള നബി(സ്വ)തങ്ങളുടെ ബന്ധമാണ് അവസാന വൃത്തം. ‘ഫിസിക്കല്‍ മുഹമ്മദ് ഏഴാം നൂറ്റാണ്ടിലെ അറേബ്യയിലാണെങ്കില്‍, ‘മെറ്റാഫിസിക്കല്‍ മുഹമ്മദ്’ എല്ലായിടത്തുമുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ ചൈനയിലെ ഒരു എഴുത്തുകാരനായ ലിയു ചിയുമായും അദ്ദേഹത്തിന്റെ വായനക്കാരുമായും പ്രവാചക(സ്വ)ന് എന്താണ് ബന്ധം? ഈ വൃത്തം ഒരു പ്രത്യേക സ്ഥല-കാലത്തിരിക്കുന്നരുടെ ഭൗതികതയെയാണ് അഭിസംബോധന ചെയ്യുന്നത്. ലിയു ചിയുടെ സീറയില്‍, പ്രവാചക(സ്വ)ന്റെ സ്വന്തം ചുറ്റുപാടുകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചിന്തകള്‍ അവസാനമാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്.
മെറ്റാഫിസിക്കല്‍, ഫിസിക്കല്‍ മുഹമ്മദ് വായിച്ചതിന് ശേഷം അറേബ്യയുടെ ഭൂമിശാസ്ത്രപരമായ പര്യവേക്ഷണം, ചൈനയിലെ ഇസ്‌ലാമികാവിര്‍ഭാവം സാക്ഷ്യപ്പെടുത്തുന്ന ചൈനീസ് ലിഖിതങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി അദ്ദേഹം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവയിലൂടെ മുഹമ്മദി(സ്വ)നെ വായനക്കാരുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ലിയു അഭിസംബോധന ചെയ്യുന്നു. വര്‍ത്തമാനകാലവുമായി ബന്ധപ്പെടുത്താതെ നബി(സ്വ)യുടെ കഥ പൂര്‍ത്തിയാവില്ല എന്നദ്ദേഹം വാദിച്ചു. അങ്ങനെയാണദ്ദേഹം സുയി രാജവംശത്തിന്റെ കാലഘട്ടത്തിലെ ഇസ്‌ലാമിന്റെ വരവ് സാക്ഷ്യപ്പെടുത്തുന്ന ലിഖിതങ്ങളിലൂടെ പ്രവാചകന്റെ ജീവിതവുമായയും അറേബ്യന്‍ ഭൂമിശാസ്ത്രനിരീക്ഷണങ്ങളിലൂടെ അറേബ്യയുമായും ചൈനയ്ക്ക് ഒരു ബന്ധം സ്ഥാപിച്ചുകൊടുക്കുന്നത്.
ഇസ്‌ലാമിന് ഒരു കാതലുണ്ടെങ്കില്‍ അത് മുഹമ്മദിന്റെ ജീവിതമായിരിക്കും. പക്ഷെ, നബിചരിതം ഒരിക്കലും ഒറ്റയ്ക്ക് കാണപ്പെടുന്നില്ല, അതിന്റെ മറ്റു വശങ്ങളായ ‘മെറ്റാഫിസിക്കല്‍ മുഹമ്മദും’ ‘പ്രസന്റ് മുഹമ്മദും’ വായിക്കുന്നതിലൂടെയാണ് യഥാര്‍ഥ മാധുര്യം രുചിക്കാന്‍ കഴിയുക. ഓരോ ആഖ്യാനങ്ങളിലും പുതുമയുണ്ടാവുമല്ലോ എന്ന് ലിയു പറഞ്ഞുവെക്കുന്നു.
ഹഖ്: ലാന്‍ ഷുവിന്റെ പ്രപഞ്ചവീക്ഷണം
ലാന്‍ഷുവിന്റെ കൃതിയായ ‘ദി അപ്രൈറ്റ് ലേണിംഗി’ല്‍ ചൈന എന്ന ആശയം തുടക്കം മുതല്‍ തന്നെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. അദ്ദേഹം ബോധപൂര്‍വ്വം തന്നെയും തന്റെ ആശയങ്ങളെയും ഇവിടെ സ്ഥാപിക്കുന്നു. ലാന്‍ ഷുവിന്റെ ചിന്തയെ മുന്നോട്ടു കൊണ്ടുപോകുന്നത് ഹഖും മനുഷ്യരും തമ്മിലുള്ള സങ്കീര്‍ണ്ണമായ പരസ്പരപ്രവര്‍ത്തനമാണ്. ഹഖ് ‘പെര്‍ഫെക്റ്റഡ് ബീയിംഗ്‌സ’ആയ വ്യക്തികളെ തിരഞ്ഞെടുക്കുന്നു. അങ്ങനെയാണ്, ലാന്‍ ഷുവിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള വിവരണത്തില്‍, ചൈനീസ്-ഇസ്‌ലാമിക് ചരിത്രത്തില്‍ നിന്ന് തിരഞ്ഞെടുത്ത പരിപൂര്‍ണരായ വ്യക്തിത്വങ്ങള്‍ക്കൊപ്പം മുഹമ്മദ്(സ്വ) പ്രത്യക്ഷപ്പെടുന്നത്.
ലിയു ചിയുടെ മുഹമ്മദ് എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും സത്തയുമായി വര്‍ത്തിക്കുമ്പോള്‍, ലാന്‍ ഷുവിന് സമയവും പ്രപഞ്ചവും ഹഖില്‍ അടങ്ങിയിരിക്കുന്നു. മേല്‍പറഞ്ഞ ലിയു ചിന്റെ സങ്കല്‍പം പ്രവാചകന് ദിവ്യത്വം കല്‍പിച്ചതല്ല. മറിച്ച് അല്ലാഹു ആദ്യം സൃഷ്ടിച്ചത് പ്രവാചകരുടെ തിരുപ്രകാശമാണെന്നും നബി തങ്ങള്‍ക്കു വേണ്ടിയാണ് അല്ലാഹു പ്രപഞ്ചം സംവിധാനിച്ചതെന്നുമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വാക്പ്രയോഗമാണ്.
ലാന്‍ഷുവിലേക്ക് തിരിച്ചുവരാം. അല്‍-ഹഖ് എന്നത് അല്ലാഹുവിന്റെ പേരുകളിലൊന്നാണല്ലോ. യഥാര്‍ഥ ഏകത്വമാണ് ഹഖ്. ഇതിനെ അദ്ദേഹം നബി തങ്ങളുമായി ബന്ധിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘എല്ലാ പ്രതിഭാസങ്ങളുടെയും പ്രകടനത്തിന് മുമ്പ് ഹഖ് നിശ്ചലമാണ്. അത് ചലിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് മുഹമ്മദിന്റെ പ്രകാശമാണ്. യിന്‍ യാങിന്റെ* ആദ്യ വിഭജനത്തിലാണ് മുഹമ്മദിന്റെ പ്രകാശം ഉല്‍പാദിപ്പിക്കപ്പെടുന്നത്”.
പ്രപഞ്ചത്തിന്റെ മുഴുവന്‍ ആയുസ്സും ഭൂമിയിലെ പന്ത്രണ്ട് മാസങ്ങള്‍ക്കു ചുറ്റും ഒരു ഘടികാരദിശയില്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ‘ഒമ്പത് മാസങ്ങള്‍ ആദമില്‍നിന്ന് തുടങ്ങി പ്രവാചകന്മാരുടെയും ചൈനീസ് ആചാര്യന്മാരുടെയും കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. (ഇതില്‍ പ്രമുഖ സ്വഹാബിവര്യന്‍ സഅദ് ബിന്‍ അബീ വഖാസി(റ) ചൈനയിലേക്കുള്ള വരവും കാലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്). അതിനു മുമ്പുള്ള മാസങ്ങളില്‍ മുഹമ്മദിന്റെ പ്രകാശം കടലില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു’. ചില വ്യക്തികള്‍ക്ക് കാലത്തെ എത്രത്തോളം സ്വാധീനിക്കാന്‍ കഴിയുമെന്ന് ലാന്‍ഷു ഊന്നിപ്പറയുന്നു. ഇവിടെ സൃഷ്ടികളില്‍ തങ്ങളുടെ ദൗത്യനിര്‍വഹണം കൊണ്ട് കാലത്തിന് ചലനാത്മകത നല്‍കുന്നത് ‘പൂര്‍ണ്ണരായ വ്യക്തിത്വങ്ങളാ’ണ്.
മനുഷ്യചരിത്രത്തിന്റെ ഒന്‍പത് മാസങ്ങളുടെ മധ്യമായ അഞ്ചാം മാസത്തിന്റെ തുടക്കക്കാരനായി മുഹമ്മദി(സ്വ)നെ ലാന്‍ ഷു കൃത്യമായി സ്ഥാപിക്കുന്നു. ഇവിടെ അദ്ദേഹം ലിയു ചിയെയും മുഹമ്മദ്(സ്വ) പ്രവാചകന്മാരുടെ പരിസമാപ്തിയാണെന്ന(ഖാതിമുന്നബിയ്യീന്‍) ഇസ്‌ലാമിക വിശ്വാസത്തെയും പിന്തുടരുന്നു. മുഹമ്മദി(സ്വ)ന് മുമ്പിലുള്ള മനുഷ്യരാശി ഒരു കെട്ടിപ്പടുക്കല്‍ മാത്രമാണ്, മുഹമ്മദി(സ്വ)ന് ശേഷമുള്ള മനുഷ്യരാശിക്ക് പ്രവാചകരുടെ പ്രകാശമാസ്വദിക്കുന്നു. ഈ അര്‍ത്ഥത്തില്‍, മനുഷ്യചരിത്രത്തിലെ പുരോഗതിക്കും അധഃപതനത്തിനും ഇടയിലുള്ള നിര്‍ണ്ണായക ബിന്ദുവായി മുഹമ്മദ്(സ്വ) വര്‍ത്തിക്കുന്നുവെന്ന് ലാന്‍ഷു പറഞ്ഞുവെക്കുന്നു.
തിരുനബി(സ്വ)യുടെ ജീവചരിത്രം എഴുതിയ ലിയു ചിയില്‍ നിന്ന് വ്യത്യസ്തമായി, ലാന്‍ ഷു തിരുനബി(സ്വ)യെ ഉള്‍പ്പെടുത്തി ചൈനീസ് ഭൂതകാലവും വര്‍ത്തമാനകാലവും ആവിഷ്‌കരിക്കുന്നു. ചൈനീസ് ഭാഷയില്‍ നബിചരിതമെഴുന്ന ആദ്യത്തെയാള്‍ എന്ന നിലയില്‍, മുഹമ്മദ് നബി(സ്വ) ആരാണെന്ന് വിശദീകരിക്കലായിരുന്നു ലിയു ചിയുടെ ദൗത്യം. കൂടാതെ ‘മെറ്റാഫിസിക്കല്‍ മുഹമ്മദും’പ്രാധാന്യവും വിശദീകരിച്ചു. ലിയു ചിയുടെ വിവരണത്തില്‍, മഹത്തായ കുടുംബപാരമ്പര്യം മുതല്‍ ഭരണവും(മുല്‍ക്) പ്രവാചകത്വവും ലഭിക്കുന്നതടക്കമുള്ള അതുല്യമായ വിധിയുടെ വാഹകനും സ്വീകര്‍ത്താവുമായി മുഹമ്മദി(സ്വ)നെ അവതരിപ്പിക്കുന്നു.
ലിയു ചിയുടെ കൃതികളിലൂടെ ഇതിനകം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞ പ്രവാചകരുടെ ജീവിതകഥയും പ്രസക്തിയും വ്യാപകമായി പ്രചരിക്കുകയും വായിക്കപ്പെടുകയും ചെയ്ത ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണ് ലാന്‍ ഷു തന്റെ പുസ്തകമെഴുതുന്നത്. സുദീര്‍ഘമായ പ്രവാചകജീവചരിത്രം ‘എപ്പിറ്റാഫുകളില്‍(ഹ്രസ്വമായ വിവരണം)’ പുനസ്ഥാപിക്കുക എന്നതാണ് അദ്ദേഹം ഏറ്റെടുക്കുന്ന ദൗത്യം. അതിനാല്‍ ഹഖ്, പ്രപഞ്ചത്തിന്റെ സൃഷ്ടി, കാലത്തിന്റെ ആരംഭം, പ്രപഞ്ചത്തിന്റെ അവസാനം എന്നിവ ഉള്‍ക്കൊള്ളുന്ന ലാന്‍ ഷുവിന്റെ സാര്‍വത്രിക ചരിത്രവിവരണത്തിലാണ് പരിപൂര്‍ണ്ണരായ വ്യക്തിത്വങ്ങളുടെ കൂട്ടത്തില്‍ മുഹമ്മദ് നബി(സ്വ) തങ്ങളും പ്രത്യക്ഷപ്പെടുന്നത്.
*ചൈനീസ് തത്ത്വചിന്തയില്‍,വിപരീത ശക്തികള്‍ തമ്മിലുള്ള പരസ്പര ബന്ധവും പരസ്പരാശ്രയത്വവും വിശദീകരിക്കുന്ന ഒരു ആശയം.
Add comment