Thelicham
image credit: Colin Boyle/Block Club Chicago

പാലസ്തീനിലെ മേഘത്തോടൊരു സ്ത്രീ പറഞ്ഞതു കേള്‍ക്കൂ

ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങളാണ് ലോകത്തിന്റെ വ്യത്യസത ഇടങ്ങളില്‍ നിന്നുയര്‍ന്നുവന്നത്. അതില്‍തന്നെ ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതായിരുന്നു അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ സമരമുഖം. നമ്മുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഇടങ്ങളില്‍ ഫലസ്തീന്‍ അധിനിവേശവിരുദ്ധ സമരങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള പ്രതിരോധ മുഖത്തുനിന്നുമാറി ഒരു കൊളോണിയല്‍ വിരുദ്ധ പോരാട്ടമായിട്ടാണ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ അത് രൂപപ്പെടുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അത്തരം പോരാട്ടങ്ങള്‍ എത്രമാത്രം വിജയകരമായിരുന്നുവെന്ന ആലോചനകൂടി ഇതിനെ വ്യത്യസ്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അത്തരം പോരാട്ടങ്ങള്‍ എത്രമാത്രം വിജയകരമായിരുന്നുവെന്ന ആലോചനകൂടി ഇതിനെ വ്യത്യസ്തമാക്കുന്നുണ്ട്. ഇത്തരമൊരു കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ പ്രസക്തി തിരിച്ചറിയുന്നത് അമേരിക്കയുടെ സവിശേഷമായ അക്കാദമിക, സാമ്പത്തിക സാഹചര്യം കൂടെ തിരിച്ചറിയുമ്പോഴാണ്. വലിയ ശതമാനത്തോളം ജൂത ഡയസ്പോറ ജീവിക്കുന്ന ഇടമാണ് അമേരിക്ക. അമേരിക്കന്‍ സര്‍വ്വകലാശാലകളിലും, രാഷ്ട്രീയത്തിലും, സാമ്പത്തിക മേഖലകളിലും ഈയൊരു ഡയസ്‌പോറയുടെ ശക്തമായ സ്വാധീനം കാണാം. പലസ്ഥാപനങ്ങളും ജവിഷ് ഡയസ്‌പോറയുടെ സാമ്പത്തിക സഹായത്തോടെയാണ് നിലനില്‍ക്കുന്നത് തന്നെ. ഇങ്ങനെയൊരു സവിശേഷ സാഹചര്യത്തെ മുന്‍നിര്‍ത്തി ആലോചിക്കുമ്പോഴാണ് സര്‍വ്വകലാശാലകള്‍ മുന്നോട്ടുവെക്കുന്ന കോളനി വിരുദ്ധ പ്രക്ഷോഭങ്ങളുടെ ആഴം തിരിച്ചറിയുന്നത്. വിയറ്റ്നാം യുദ്ധത്തിനും, ബ്ലാക്ക് ലിവ്സ് മാറ്റര്‍ മൂവ്മെന്റുകള്‍ക്കുമെല്ലാം ശേഷം സര്‍വ്വകലാശാലകളില്‍ രൂപപ്പെടുന്ന ഏറ്റവും ശക്തമായ പ്രക്ഷോഭമാണിതെന്ന സവിശേഷത കൂടിയുണ്ട് ഈ മുന്നേറ്റങ്ങള്‍ക്ക്.

നഗരങ്ങളും, സര്‍വ്വകലാശാലകളും കേന്ദ്രീകരിച്ച് ‘സ്റ്റുഡറ്റ്‌സ് ഫോര്‍ ജസ്റ്റിസ് ഓഫ് ഫലസ്തീന്‍’ എന്ന വിദ്യാര്‍ത്ഥി സംഘടന ഇത്തരം പ്രശ്‌നങ്ങളുടെ തുടക്കം മുതലേ പല രീതിയിലുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്. ഏകമായി പ്രവര്‍ത്തിക്കുന്നതിന് പകരമായി SJP കള്‍ ഒരു അമ്പ്രല്ലാ ഓര്‍ഗനൈസേഷനായി നിലകൊള്ളുകയും അവക്കൊപ്പം MSA (Muslim Students Association), ക്വീര്‍ സംഘടനകള്‍, ബ്ലാക്ക് അബോളിഷന്‍ ഓര്‍ഗനൈസേഷനുകള്‍, ജവിഷ് സ്റ്റുഡന്റ്സ് ഫോര്‍ ഫലസ്തീന്‍ എന്നിങ്ങനെ നിരവധി സംഘടനകള്‍ സംഘടിതമായി തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാഴ്ച മനോഹരമാണ്. നിലവില്‍ 60 ശതമാനത്തോളം വരുന്ന അമേരിക്കന്‍ സര്‍വ്വകലാശാലകളിലും നഗരങ്ങളിലും SJP കള്‍ സജീവമായി തന്നെ നില നില്‍ക്കുന്നതായി കാണാം. ഈ സംഘടനകള്‍ പുലര്‍ത്തുന്ന മാതൃകാപരമായ ഏകോപനസമീപനം നമ്മുടെ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ക്കും പരീക്ഷിക്കാവുന്നത് തന്നെയാണ്.

ഇവര്‍ മുന്നോട്ടുവെക്കുന്ന എംകാംപ്മെന്റ് പ്രക്ഷോഭരീതി വ്യത്യസ്തവും ചിട്ടയായ രീതിപുലര്‍ത്തുന്നതുമാണ്. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഇത്തരമൊരു എംകാംപ്‌മെന്റില്‍ ഒരിക്കല്‍ ഞാനും പങ്കുചേരുകയുണ്ടായി. അവിടെ ശഹബാസ് അമന്റെ ദര്‍വേശും മറ്റൊരു ബംഗാളി കവിതയുമായിരുന്നു ഞാന്‍ അവതരിപ്പിച്ചത്. ഭാഷ സൃഷ്ടിക്കുന്ന മറകള്‍ക്കപ്പുറത്ത് മനുഷത്വം സൃഷ്ടിക്കുന്ന ഏകതയാണ് സ്വരങ്ങള്‍. അത്രയും വൈവിധ്യപൂര്‍ണ്ണമായൊരു ഇടം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വിജയം.

image credit: Nathaniel Rodwell-Simon/the Chicago maroon
photo by Nathaniel Rodwell-Simon

അമേരിക്കയില്‍ തന്നെ ഏറ്റവും ശക്തമായ പോലീസ് സര്‍വെയ്ന്‍ലസ് ഉള്ള പ്രദേശമാണ് ചിക്കാഗോ. അതില്‍തന്നെ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന സൗത്ത് ചിക്കാഗോയിലാണ് കൂടുതല്‍ പോലീസ് വിന്യാസമുള്ളത്. അത്തരമൊരു ഇടത്തില്‍ ഇത്രയും വലിയൊരു പ്രക്ഷോഭം സംഘടിപ്പിക്കുമ്പോള്‍ കരുതേണ്ട സര്‍വ്വമുന്‍കരുതലുകളും അവര്‍ സ്വീകരിച്ചിരുന്നു. അവരുടെ പോലീസുമായി സംവദിക്കുന്ന രീതി, ക്യാമ്പിലേക്കായി ഭക്ഷണം സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണം, പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള സ്ഥലങ്ങള്‍ രൂപപ്പെടുത്തുന്നത് എല്ലാം തന്നെ ഇതിന്റെ സജീവതയെയും ലക്ഷ്യത്തെയും സാധൂകരിക്കുന്നതായി കാണാം.

പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് എന്‍കാംപ്മെന്റുകള്‍ രൂപപ്പെടുന്നതെന്ന് മനസ്സിലാക്കാം. BDS (Boycott, Divest, Sanction) എന്നീ മൂന്ന് ആവശ്യങ്ങളാണ് ഇവര്‍ ഇസ്രയേലിനെതിരെ മുന്നോട്ടുവെക്കുന്നത്. ഇസ്രയേല്‍ സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങള്‍/ ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കുന്ന കമ്പനികള്‍ തുടങ്ങിയവ ബഹിഷ്‌കരിക്കുക. യൂണിവേഴ്സിറ്റികള്‍, ഇതര സ്ഥാപനങ്ങള്‍ തുടങ്ങിയവകള്‍ക്കായി ഇസ്രയേല്‍ നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുക (divest). അതുപോലെ, ഇസ്രയേലിനു മേല്‍ ശക്തമായ സാമ്പത്തിക ഉപരോധം(sanction) രൂപപ്പെടുത്തുക എന്നിവയാണ് ബി.ഡി.എസ് മൂവ്മെന്റ് പ്രധാനമായും ലക്ഷീകരിക്കുന്നത്. Boycott മൂവ്മെന്റുകള്‍ നമുക്കിടയില്‍ അത്ര പ്രചാരത്തിലുണ്ടെങ്കില്‍ തന്നെയും വ്യവസ്ഥാപിതമായ രീതിയില്‍ ഒരു divest, sanction തുടങ്ങിയ മാര്‍ഗങ്ങള്‍ നമ്മള്‍ പരിചയിച്ചിട്ടില്ല.

ഇന്ത്യപോലുള്ള രാഷ്ട്രങ്ങളിലേക്ക് ആയുധ സഹായം വരുന്നത് തന്നെ ഇസ്രയേലില്‍ നിന്നെല്ലാമാണല്ലോ. അതിനാല്‍ തന്നെ അത്തരമൊരു പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലും പരീക്ഷിക്കാവുന്നത് തന്നെയാണ്. ഇവര്‍ മുന്നോട്ടുവെച്ച സമരപ്രക്ഷോഭ മുറകളുടെ വിജയത്തെ അടയാളപ്പെടുത്തുന്നതായാണ് പിന്നീട് പല അമേരിക്കന്‍ സ്ഥാപനങ്ങളും ഇസ്രയേല്‍ ധനസഹായം നിര്‍ത്തലാക്കുക divest എന്ന ആശയത്തോട് അനുകൂലമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നതിലൂടെ മുന്നോട്ടുവെച്ചത്. ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍കൊണ്ടും, ആലപിക്കുന്ന പാട്ടുകള്‍ കൊണ്ടുമെല്ലാം തന്നെ കൊളോണിയല്‍ വിരുദ്ധ മുഖം വെളിപ്പെടുത്തുന്ന ഈ മൂവ്മെന്റ് രണ്ടായിരത്തി അഞ്ചുമുതല്‍ ശക്തമായി തന്നെ അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

1948ലെ അറബ്-ഇസ്രയേല്‍ യുദ്ധാനന്തരം അമേരിക്കയിലേക്കുള്ള അറബ് ഫലസ്തീനി കുടിയേറ്റം വലിയ തോതില്‍ സംഭവിച്ചിരുന്നു. 1949ല്‍ യുദ്ധം അവസാനിക്കുമ്പോഴേക്ക് വെറും 1.3 മില്യണ്‍ മാത്രം ജനസംഖ്യയുള്ള ഫലസ്തീനിലെ ഏകദേശം 750000 വരുന്ന ജനതയും കുടിയിറക്കപ്പെട്ടിരുന്നു. അതിന്റെ പ്രതിഫലനമെന്നോളം അമേരിക്കയില്‍ ശക്തമായൊരു അറബ് ഡയസ്പോറിക് സാന്നിധ്യം കാണാം. അത്തരമൊരു ഡയസ്‌പോറിക് സാന്നിധ്യം സൃഷ്ടിച്ച അറബ് കള്‍ച്ചറിനോടുള്ള ആഭിമുഖ്യം ഇപ്പോഴും അമേരിക്കന്‍ തെരുവുകളില്‍ കാണാം. അറേബ്യന്‍ ഭക്ഷണ സംസ്‌കാരവും, സംഗീത സംസ്‌കാരവും മിഷിഗണ്‍ ഷിക്കാഗോ പോലുള്ള ഇടങ്ങളിലും ഇതര പ്രദേശങ്ങളിലും ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നത് ഈയൊരു അറബ് അനുഭാവത്തിന്റെ ബഹിസ്ഫുരണമാണ്. ഈയൊരു സാംസ്‌കാരികത എന്‍കാംപ്മെന്റ് മൂവ്‌മെന്റിനെയും പല രീതിയിലും സ്വാധീനിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പല എന്‍കാംപ്മെന്റ് കാമ്പുകളിലും ഉയര്‍ന്നുവരുന്ന അദാല, ഹുരിയ്യ, കറാമ വഥനിയ്യ, ഇന്‍തിഫാദ തുടങ്ങിയ അറബിക് മുദ്രാവാക്യങ്ങളെല്ലാം സാധാരണ ഉപയോഗത്തില്‍ തന്നെ കടന്നുവരുന്നത് ഇതിന്റെ ഭാഗമായിട്ട് വേണം കരുതാന്‍.

Photo by Scott Olson/Getty Images

യു.എസിലേക്ക് എന്റെ പഠനം മാറിയതിന് ശേഷം ഞാന്‍ കൂടുതലായി പഠിക്കുന്നതും, തിരിച്ചറിയുന്നതുമായൊരു മേഖലയാണ് റാപ്പ് സോംഗുകള്‍. റാപ്പ് എപ്പോഴും, ഒരു ചലനാത്മക ശ്രോതാക്കളെ സൃഷ്ടിക്കുന്നതായി കാണാം. ‘സീസ് ഫെയര്‍ നൗ’ എന്നത് ഫലസ്തീന്‍ പ്രശ്നങ്ങളുടെ തുടക്കകാലത്തുതന്നെ ബിജിപാലും, ഡാബ്സിയും, ബേബിയുമൊക്കെ മുന്നോട്ടുവെച്ച ഒരു റാപ്പാണ്. റാപ്പുകള്‍ക്ക് പുറമേ, ഷഹബാസ് അമന്‍ പാടിയ ദര്‍വീശ് എന്ന ഫലസ്തീന്‍ ഗാനവും പരാമര്‍ശ വിധേയമാണ്. മഹ്‌മൂദ് ദര്‍വീശി നെ ഉദ്ധരിച്ചു കൊണ്ട് ആരംഭിക്കുന്ന ഗാനം, ഫലസ്തീന്‍ നിത്യജീവിതത്തിന്റെ ഭാഗമായി നിര്‍ഭാഗ്യവശാല്‍ മാറിയ ദൈന്യതകളെ വിവരിച്ചുകൊണ്ട് കവിതയുടെ കനത്തോടെയും ലാളിത്യത്തോടെയും വികസിക്കുന്നുണ്ട്.

അതുപോലെ, അമേരിക്കന്‍ റാപ്പറായ മക്ക്‌ള് മോര്‍ (Mecklemore) ഹിന്ദ്‌സ് ഹാള്‍ (Hind’s Hall) എന്ന പേരില്‍ മുന്നോട്ടു വെച്ച റാപ്പും വളരെ ശ്രദ്ധയാകര്‍ഷിച്ചതാണ്. അത് പിന്നീട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. എംസി അബ്ദുല്‍ എന്ന ഒരു ഫലസ്തീനി, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നും നേരിട്ട് നടത്തുന്ന റാപ്പും ഇതുപോലെ ജനശ്രദ്ധ ലഭിച്ചതാണ്. ചിക്കാഗോ സൗത്ത് സൈഡ് റാപ്പറായ ഡാമനും ഉമാലി ഇത്തരത്തിലൊരു ഫലസ്തീന്‍ പ്രശ്നത്തെ റാപ്പിലൂടെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നതായി കാണാം. ബ്രദര്‍ അലിയുടെ റാപ്പുകളും എടുത്തു പറയേണ്ടതാണ്.അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ മുന്നോട്ടുവെച്ചിട്ടുള്ള കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ വ്യത്യസ്തമായ സമരവിതാനങ്ങള്‍ മാതൃകയാക്കി ഇനിയും ശക്തമായ സമരസംവിധാനങ്ങള്‍ നിലവില്‍ വരേണ്ടതുണ്ട്. അവ ഒരേ സമയം അധിനിവേശം മുന്നോട്ടുവെക്കുന്ന ഹിംസാത്മകമായ സമീപനങ്ങളോട് കലഹിക്കുകയും, പുതിയ സമീപന രീതിശാസ്ത്രങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

( യൂനിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)

ഇഹ്സാനുല്‍ ഇഹ്തിസാം

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.