വിമര്‍ശനാത്മക ചിന്ത, റാഡിക്കല്‍ ആശയങ്ങള്‍, ആക്ടിവിസം എന്നിവക്കുള്ള സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനുമുള്ള പ്രത്യയശാസ്ത്രപരമായ ഇടമായാണ് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലകളെ ഉപയോഗിക്കുന്നത്. യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലും സാമൂഹിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ തരംഗമുണ്ടായത് 1960-1970കളിലാണ്. വിയറ്റ്‌നാം യുദ്ധത്തിനെതിരായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സമരം നയിച്ചത്.
1960 കളില്‍ ബെര്‍ക്ക്‌ലി, കൊളംബിയ, പ്രിന്‍സ്റ്റണ്‍ തുടങ്ങി 18 കാമ്പസുകലും ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോളണ്ട് സര്‍വകലാശാലകളിലെ ചരിത്രപരമായ വിദ്യാര്‍ഥി പ്രതിരോധത്തെ യുദ്ധ വിരുദ്ധ മൂവ്‌മെന്റ് സ്വാധീനിച്ചിരുന്നു. മുന്നേറ്റങ്ങളുടെ മറ്റു കാരണങ്ങള്‍ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം, അവക്ക് മേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണം, ലിംഗ-വര്‍ണ വിവേചനങ്ങളടങ്ങിയതായിരുന്നു. ഈ കാലഘട്ടത്തെക്കുറിച്ച് ചോംസ്‌കി അഭിപ്രായപ്പെട്ടത്, വിദ്യാര്‍ത്ഥികള്‍ പെട്ടെന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നവരായി- കാര്യങ്ങള്‍ പകര്‍ത്തുകയായിരുന്നില്ല. പരിസ്ഥിതി, വംശം, ലിംഗഭേദം, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭൂതപൂര്‍വമായ രീതിയില്‍ ഉയര്‍ത്തപ്പെട്ടു.പൗരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ പോരാട്ടവും മാല്‍ക്കം എക്‌സിന്റെ ‘ബ്ലാക്ക് പവര്‍’ പ്രസ്ഥാനവും ഒരു യുഗത്തിന്റെ വരവിനെ അടയാളപ്പെടുത്തി.
മുഖ്യധാരാ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളെയും പ്രക്രിയകളെയും തിരിച്ചറിയാനുള്ള ഇടമാണ് കാമ്പസ് രാഷ്ട്രീയം. കാമ്പസ് രാഷ്ട്രീയത്തിന്റെ സ്വഭാവം നിലവിലുള്ള രാഷ്ട്രീയ ഘടനയെ വെല്ലുവിളിക്കുന്നതാണ്. ‘സര്‍വകലാശാല സമൂഹത്തിന്റെ പ്രതിഫലനമല്ല; അത് സമൂഹം തന്നെയാണ്. മാറ്റത്തിന്റെ കേന്ദ്രത്തിലാണ് അതുള്ളത്’ എന്ന് ആള്‍ട്ട്ബാക്ക് (Altbatch) നിരീക്ഷിക്കുന്നു. ‘അച്ചടക്കത്തിനും വിയോജിപ്പിനും വിചിത്രമായ ബന്ധമുള്ള’ ഒരു വിജ്ഞാന സമൂഹത്തിന്റെ ജനാധിപത്യ വശമാണ് സര്‍വകലാശാല എന്നാണ് വിശ്വനന്തന്‍ എസ് പറയുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയവും ആക്ടിവിസവും ചെറുത്തുനില്‍പ്പും ജനാധിപത്യത്തിന്റെ ചൈതന്യത്തെ ജീവനോടെ നിലനിര്‍ത്തുന്നുവെന്ന് (Giroux, H) പ്രമുഖ സാമൂഹശാസ്ത്രജ്ഞനായ ജര്‍ഗണ്‍ ഹെബര്‍മാസ് സര്‍വകലാശാലയെ നിരീക്ഷിക്കുന്നത് ജനാധിപത്യരാജ്യത്തിലെ ജനാധിപത്യത്തിന്റെ ഇടം എന്ന രീതിയിലാണ്. നിരന്തരം പരസ്പര വിനിമയത്തിലൂടെ കൂട്ടിയും കുറച്ചും നടത്തുന്ന ധൈഷണിക വിനിമയത്തിന്റെ പൊതുമണ്ഡലം എന്ന അര്‍ഥത്തിലാണ് ഹെബര്‍മാസ് തന്റെ Toward a rational society, science and politics എന്ന ഗ്രന്ഥത്തില്‍ സര്‍വകലാശാലയെ നിരീക്ഷിക്കുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം കനത്ത വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ബ്രിട്ടന്‍, ജര്‍മ്മനി, അമേരിക്ക, കാനഡ, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഏറ്റവും തീവ്ര സമരങ്ങള്‍ അരങ്ങേറി. അമേരിക്കയിലെ ‘ഒക്കുപ്പൈഡ് വാള്‍സ്ട്രീറ്റ്’, ബ്ലാക് ലൈവ്‌സ് മാറ്റര്‍, അറബ് പ്രക്ഷോഭങ്ങള്‍, ഹോങ്കോങ്ങിലെ അംബ്രെല്ല വിപ്ലവം വ്യക്തമാക്കുന്നത് ഉന്നത വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ മാത്രമായി വിദ്യാര്‍ത്ഥി സമരങ്ങള്‍ പരിമിതപ്പെടുന്നില്ല എന്നാണ്. സാംസ്‌കാരിക ബൗദ്ധിക മൂലധനങ്ങള്‍ കൊണ്ടാണ് സാമൂഹിക പ്രസ്ഥാനങ്ങള്‍ ചലിക്കുന്നത്. പ്രാതിനിധ്യവും സാമൂഹിക ബോധവുമാണ് പ്രസ്ഥാനത്തിന് ജൈവികത നല്‍കുന്നത്. ആചാരം, വസ്ത്രധാരണം, ഭക്ഷണം, ഉത്സവങ്ങള്‍, ഭാഷ, ജാതി, പ്രദേശം തുടങ്ങി സാംസ്‌കാരിക സ്വത്വങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പാശ്ചാത്യ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇന്ത്യന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തി. 1960 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തെക്കുറിച്ചുള്ള തന്റെ പഠനത്തില്‍, ആള്‍ട്ട്ബാക്ക് (Altbatch) പടിഞ്ഞാറും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള താരതമ്യങ്ങള്‍ പറയുന്നുണ്ട്. എല്ലാ രാജ്യങ്ങളിലെയും സാമൂഹിക ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക വിഷയങ്ങളില്‍ ഉദാര മൗലിക കാഴ്ചപ്പാടുകളുണ്ടെന്ന് അദ്ദേഹം കണ്ടെത്തുന്നു.
നൂറ്റാണ്ടുകളായി പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഇടങ്ങള്‍ ദളിത്-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ആഖ്യാനങ്ങളെ എതിര്‍ക്കാനും പ്രതി ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനും ദളിത്, മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നു. വിദ്യാഭ്യാസത്തിലെ പരമ്പരാഗത ജാതി ആധിപത്യത്തെ വെല്ലുവിളിച്ച് പുതിയ ചിഹ്നങ്ങളും ഐക്കണുകളും അവര്‍ സൃഷ്ടിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ നിലവിലുള്ള പ്രബലമായ സംസ്‌കാരത്തിന് വിരുദ്ധമായ ഒരു സംസ്‌കാരം സൃഷ്ടിക്കുന്ന കോണിലൂടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തെ വിശകലനം ചെയ്യേണ്ടത്. ഗ്രാംഷിയെ സംബന്ധിച്ചിടത്തോളം, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏത് വിശകലനവും നിലവിലുള്ള സാമൂഹിക സാംസ്‌കാരിക രൂപീകരണങ്ങളെയും അവ സൂചിപ്പിക്കുന്ന അധികാര ബന്ധങ്ങളെയും ബന്ധപ്പെട്ട് മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയം മനസ്സിലാക്കുന്നതില്‍ ‘കമണ്ടല്‍’ എന്നറിയപ്പെടുന്ന മണ്ഡല്‍, മന്ദിര്‍-മസ്ജിദ് എന്നിവ നിര്‍ണായകമാണ്. 1990 ഓഗസ്റ്റില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി വി. പി. സിംഗ് 1980ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജോലികളിലും മറ്റ് പൊതുമേഖലകളിലും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒബിസി) 27% സംവരണം ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടിനെ അപലപിച്ച് സവര്‍ണ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഡല്‍ഹി യൂണിവേഴ്സിറ്റി ദേശ്ബന്ധു കോളേജിലെ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായ രാജീവ് ഗോസ്വാമി സ്വയം തീകൊളുത്തി. തീ വേഗത്തില്‍ നഗരത്തിലുടനീളം വ്യാപിച്ചു. പലയിടത്തും വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു.
റോഡുകള്‍ തടയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടുകയും സര്‍ക്കാര്‍-പൊതു സേവനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി. ഐഐടികളിലും ഐഐഎമ്മുകളിലും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ യൂത്ത് ഫോര്‍ ഇക്വാലിറ്റി രൂപീകരിച്ചു. കാലങ്ങള്‍ക്ക് ശേഷം, ഗോസ്വാമി തന്റെ കണങ്കാലിന് തീയിടാന്‍ മാത്രമാണ് പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ മറ്റുള്ളവര്‍ കൂടുതല്‍ പെട്രോള്‍ തളിച്ചുവെന്നും കിംവദന്തികള്‍ പരന്നിരുന്നു. വി. പി. സിംഗ് സര്‍ക്കാരിനെ പതനത്തിലേക്ക് നയിച്ച ഈ പ്രതിഷേധം ചിലരുടെ പദ്ധതി പ്രകാരമായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ആഹ്വാനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി സര്‍വകലാശാലയില്‍ എ.ബി.വി.പി എന്ന സംഘടന സജീവമാകുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് ഹിന്ദുക്കളെ വിഭജിക്കും എന്ന് പറഞ്ഞ് ആന്റി മണ്ഡല്‍ കമ്മീഷന്‍ ഫോറം രൂപീകരിക്കുകയും വിശാല ഹിന്ദു എന്ന ബാനറില്‍ എല്ലാ ജാതി ഹിന്ദുക്കളെയും ഏകീകരിക്കുകയായിരുന്നു എ.ബി.വി.പി ചെയ്തത്.
സംവരണ സമ്പ്രദായത്തിനെതിരായ രണ്ടാമത്തെ വലിയ പ്രതിഷേധമായിരുന്നു കേന്ദ്ര, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ.ബി.സികള്‍ക്ക് സംവരണം നടപ്പാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ 2006ല്‍ നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപകമായ പ്രതിഷേധമുണ്ടായി. ഈ നീക്കം വിവേചനപരമാണെന്ന് ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളും ഡോക്ടര്‍മാരും പറഞ്ഞു. ഒബിസി വിദ്യാര്‍ഥികള്‍ അനുകൂലമായി എതിര്‍പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തു.
ജയ് പ്രകാശ് നാരായണിന്റെ നേതൃത്വത്തിലുള്ള ഛത്ര സംഗര്‍ഷ് സമിതി അഴിമതി, സ്വജനപക്ഷപാതം, തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍, സബ്‌സിഡി ഭക്ഷ്യ, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ എന്നിവക്കെതിരെ പട്‌ന സര്‍വകലാശാലയില്‍ നിന്ന് ആരംഭിച്ച് ഉത്തരേന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിച്ച പ്രതിഷേധത്തില്‍ നിന്നാണ് ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ നായകര്‍ ജനിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവ്, രാം വിലാസ് പാസ്വാന്‍ എന്നിവര്‍ സോഷ്യലിസം എന്ന ആശയത്തെ പ്രോത്സാഹിപ്പിച്ച ജെ.പി പ്രസ്ഥാനത്തില്‍ പങ്കെടുത്ത പ്രമുഖ യുവനേതാക്കളായിരുന്നു.
രാമക്ഷേത്ര പ്രസ്ഥാനവും നവലിബറല്‍ വിപണിയും മണ്ഡല്‍ പ്രക്ഷോഭവും ഹിന്ദി ഹൃദയഭൂമിയുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയതാണ് പിന്നീടുള്ള ചരിത്രം. തുടര്‍ന്ന് ഹിന്ദുത്വ അധീശത്വത്തിന്റെ മുന്നേറ്റങ്ങളും പൗരാവകാശ പ്രശ്‌നങ്ങളും കോര്‍പറേറ്റ് വല്‍ക്കരണവുമാണ് ഇന്ത്യന്‍ കാമ്പസുകള്‍ നേരിടേണ്ടിവന്നത്. ജാതി-മത വിവേചനം സജീവ ശ്രദ്ധയാര്‍ജിക്കുന്നത് ഹൈദരബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ മരണത്തോടെയാണ് (2016 ജനുവരി 17). 2016 ഒക്ടോബര്‍ 16ന് ജെഎന്‍യു വിദ്യാര്‍ഥിയായ നജീബ് അഹ്‌മദിന്റെ തിരോധാനവും 2019 നവംബര്‍ ഒമ്പതിന് നടന്ന ഐഐടി വിദ്യാര്‍ഥിനിയായ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യമരണവും ഇത്തരം ജാതി-മത വിവേചനങ്ങളുടെ ഭീകര അനുഭവങ്ങളായിരുന്നു.
സര്‍വകലാശാലകള്‍ എന്ന സാമൂഹിക ഇടങ്ങള്‍ക്ക് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ക്രിയാത്മകമായി തന്നെ പുതിയ രൂപവും ഉള്ളടക്കവും നിര്‍മിക്കാന്‍ സാധിക്കുന്നുണ്ടെന്നതാണ് ദേശീയതലത്തില്‍ നടന്ന എന്‍ആര്‍സി, സിഎഎ വിരുദ്ധ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇന്ത്യന്‍ സര്‍വകലാശാലകളുടെ ചരിത്രപരമായ ഉള്ളടക്കത്തെ തന്നെ മാറ്റിയെഴുതിയ ഈ രാഷ്ട്രീയ-സാമൂഹിക മുന്നേറ്റങ്ങളെ സവിശേഷമായി പരിഗണിച്ചു വേണം നാം ഫലസ്തീന്‍ അനുകൂല സമരങ്ങളെയും വിലയിരുത്തേണ്ടത്. സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ ഭാഗമായി ക്യാമ്പസുകളില്‍ നിലനില്‍ക്കുകയും അതിന്റെ അധികാരഘടനയെ നിര്‍ണയിക്കുകയും ചെയ്തിരുന്ന ജാതിസമവാക്യങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയും, മതേതര രാഷ്ട്രീയത്തിന്റെ വിലാസത്തില്‍ അറിയപ്പെടുകയും സര്‍വകലാശാലകളുടെ സാമൂഹികതയുടെ അവിഭാജ്യവുമായിരുന്ന സവര്‍ണ സാംസ്‌കാരിക ചിഹ്നങ്ങളെ ചോദ്യം ചെയ്യുകയും ചെയ്ത ദളിത് ബഹുജന്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഇന്ത്യന്‍ പൊതുഭാവനയിലേക്കുള്ള കടന്നുവരവാണ് ഈ ഘട്ടത്തിലെ രാഷ്ട്രീയമാറ്റങ്ങളുടെ നെടുംതൂണ്‍.
2006-ല്‍ എസ്.സി – എസ്.ടി – ഒ.ബി.സി സംവരണം 49 ശതമാനമായി ഉയര്‍ത്തിയതിന് ശേഷം ക്യാമ്പസുകളിലെ ജനസംഖ്യയുടെ പകുതിയോളം ഇന്ത്യയിലെ പാര്‍ശ്വവല്‍കൃത വിദ്യാര്‍ഥികളാകുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കപ്പെട്ടു. സ്വത്വ രാഷ്ട്രീയത്തെ ക്യാമ്പസുകളിലും മുഖ്യധാരയിലും പ്രതിഷ്ഠിക്കുന്നത് രണ്ടാം മണ്ഡലാനന്തരം ക്യാമ്പസുകളില്‍ സജീവമായ ഈ ശക്തമായ കീഴാള രാഷ്ട്രീയ സാന്നിധ്യമാണ്. അതിനു മുമ്പ് വരെ നിലനിന്നിരുന്ന പരമ്പരാഗത ഇടത്-വലതു വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്റെ സാമൂഹിക സങ്കല്‍പങ്ങളാണ് ഇതോടെ പൊളിച്ചെഴുതപ്പെട്ടത്. എല്ലാകാലത്തും ക്യാമ്പസുകളില്‍ അധീശത്വ വ്യവഹാരം നടത്തുകയും ജാതി-മത-ലിംഗ-ദേശ രാഷ്ട്രീയത്തോട് പുറംതിരിഞ്ഞ് നില്‍ക്കുകയും ചെയ്ത ഇടത്-വലത് വിദ്യാര്‍ത്ഥി സംഘടനകളുടെ അപ്രമാദിത്യത്തെ വെല്ലുവിളിക്കുകയും സവര്‍ണ സാമൂഹിക സ്ഥാപനങ്ങളുമായി നിരന്തരമായി കലഹിക്കുകയും ചെയ്ത മുസ്‌ലിം ദളിത് ബഹുജന്‍ വിദ്യാര്‍ത്ഥി പ്രതിനിധാനങ്ങളിലൂടെയാണ് ഫലസ്തീന്‍ രാഷ്ട്രീയവും ക്യാമ്പസ് സര്‍ഗാത്മകതയിലും വ്യവഹാര മണ്ഡലങ്ങളിലും ഇടം പിടിക്കുന്നത്.
ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ഇസ്‌ലാമോഫോബിക് ആധുനികതയോട് രാഷ്ട്രീയവും വൈജ്ഞാനികവുമായ തലങ്ങളില്‍ സംവദിക്കാന്‍ ഇന്ത്യന്‍ സര്‍വകലാശാലകളുടെ സാമൂഹ്യപരിസരത്തെ പ്രാപ്തമാക്കുന്നതില്‍ മുസ്ലിം രാഷ്ട്രീയത്തിന്റെ പങ്ക് വളരെ വലുതാണ്. എഴുപതുകളിലെ ഇറാന്‍ വിപ്ലവം, എണ്‍പതുകളില്‍ ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ച, ബാബരി മസ്ജിദ് ധ്വംസനം, കീഴാള രാഷ്ട്രീയത്തിന്റെ ഉദയം തുടങ്ങിയവയാണ് ക്യാമ്പസുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിത്വം രൂപപ്പെടാനുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍.
അധികാര രാഷ്ട്രീയത്തിന്റെ ദൃഷ്ടിപഥത്തിലൂടെ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ മനസ്സിലാക്കിയിരുന്ന ഇടത്-വലതു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി ചരിത്രപരമായി നീതിനിഷേധത്തിന്റെ ഇരകളായിക്കഴിഞ്ഞ ദളിത്-മുസ്ലിം വിഭാഗങ്ങളുടെ ക്യാമ്പസ് രാഷ്ട്രീയ പ്രതിനിധാനങ്ങള്‍ക്ക് സ്വാഭാവികമായും ഇത്തരം പ്രശ്‌നങ്ങളില്‍ ഒരു പുതിയ കാഴ്ച സാധ്യമായി. അത് ജാതി-മത-ദേശ-ഭാഷകള്‍ക്കതീതമായി അടിച്ചമര്‍ത്തപ്പെട്ട ജനതയോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു. അധികാരപ്രയോഗത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ സംവിധാനങ്ങളോടുള്ള നിരന്തരമായ കലഹമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം അധികാരത്തില്‍ വന്നതോടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വലിയതോതില്‍ അപരവല്‍ക്കരിക്കപ്പെടുകയും നിരന്തരം ഗവണ്‍മെന്റിന്റെ മര്‍ദ്ദനോപകരങ്ങള്‍ക്കിരയാവുകയും ചെയ്യുന്നത് നിത്യസംഭവമായി. ഇത് കീഴാള മുസ്ലിം വിദ്യാര്‍ത്ഥി പ്രതിനിധാനങ്ങള്‍ക്ക് കൂടുതല്‍ ശക്തമായി പ്രതികരിക്കാനും വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമുള്ള ഇന്ധനമാകുന്നതാണ് പിന്നീട് നാം കാണുന്നത്.
ലോകത്തെ ഏറ്റവും വലുതും നീചവുമായ വംശഹത്യകളിലൊന്നാണ് ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതെഴുതുന്നത് വരെ 35000 ലധികം ഫലസ്തീനികളെയാണ് വിവിധ മര്‍ദ്ദനോപാദികളാല്‍ ഇസ്രയേല്‍ സൈന്യം കൊന്നൊടുക്കിയത്. ലോകത്തിന്റെ വിവിധ കോണുകളില്‍ വംശഹത്യക്കെതിരെയും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടും നിരവധി മനുഷ്യരാണ് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. യൂറോപ്പിലും വടക്കേഅമേരിക്കന്‍ രാഷ്ട്രങ്ങളിലും ഇത്തരം പ്രക്ഷോഭങ്ങളില്‍ വലിയ ആള്‍ക്കൂട്ടപ്രവാഹമാണ് കാണുന്നത്.
പ്രതിഷേധങ്ങളുടെ ഭാഗമായി ഇസ്രയേല്‍ വംശഹത്യയെ അനുകൂലിക്കുകയും അതിനെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പനങ്ങള്‍ ബഹിഷ്‌കരിക്കുന്ന രീതി ആഗോള തലത്തില്‍ വലിയ സ്വാധീനമുളവാക്കിക്കൊണ്ടിരിക്കുന്നു. പോപ്പുലര്‍ കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്‌സിന് ഇത് വരെ 11 ബില്യണ്‍ ഡോളര്‍ നഷ്ടമായെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരം പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രം പലപ്പോഴും സര്‍വകലാശാല ക്യാമ്പസുകളാണ്. അമേരിക്ക, യു.കെ, ഫ്രാന്‍സ് തുടങ്ങിയ ഇസ്രയേല്‍ അനുകൂല രാഷ്ട്രങ്ങളിലെ സുപ്രധാനമായ സര്‍വകലാശാലകളിലെല്ലാം വിദ്യാര്‍ത്ഥികള്‍ ഫലസ്തീന്‍ അനൂകൂല പ്രതിഷേധങ്ങള്‍ക്കായി ടെന്റുകള്‍ സ്ഥാപിച്ചിരിക്കുന്നു. അമേരിക്കയിലെ കൊളംബോ യൂണിവേഴ്‌സിറ്റി, യു.കെയിലെ ന്യൂകാസ്റ്റില്‍ യൂണിവേഴ്‌സിറ്റി, ഫ്രാന്‍സിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റി എന്നിവ ഉദാഹങ്ങരണങ്ങള്‍. അമേരിക്കയില്‍ മാത്രം ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളുടെ ഭാഗമായി രണ്ടായിത്തോളം വിദ്യാര്‍ഥികളെയാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ നിന്ന് അറസ്റ്റുചെയ്യപ്പെട്ടത്.
ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളും ഫലസ്തീന്‍ അനുകൂല – ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ കഴിഞ്ഞ ഏപ്രില്‍ 29 ന് പുറത്തുവിട്ട പ്രസ്താവന അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. സര്‍വകലാശാലയുടെ പരിസങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന തീവ്രവാദ വംശഹത്യ പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്ന രാഷ്ട്രങ്ങള്‍ക്കോ അവരുടെ ഉദ്യോഗസ്ഥര്‍ക്കോ വേദിയൊരുക്കില്ലെന്നതായിരുന്നു യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞത്. ഇന്ത്യയിലെ യു.എസ് അബാംസിഡറായ എറിക് ഗാര്‍സെറ്റി യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാനിരിക്കെയാണ് ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. കൂടാതെ ഡല്‍ഹിയിലെത്തന്നെ ജാമിഅ മില്ലിയ്യ, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടക്കുകയുണ്ടായി. കേരളത്തിലും എം.എസ്.എഫ്, എസ്.എഫ്. ഐ, എസ്.ഐ.ഒ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ വിവിധ യൂണിവേഴ്‌സിറ്റികളിലും ക്യാമ്പസുകളിലും ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കലോത്സവം ഫലസ്തീന്‍ പ്രതിരോധത്തിന്റെ ആഗോള ചിഹ്നമായ ‘കെഫിയ’യുടെ പേരിലായിരുന്നു.
ഇന്ത്യയിലേയും മറ്റു രാജ്യങ്ങളിലേയും സര്‍വകലാശാല പ്രതിഷേധങ്ങളിലും അതിന്റെ താല്‍പര്യങ്ങളിലും ചില സുപ്രധാന മാറ്റങ്ങള്‍ പ്രകടമാണ്. അമേരിക്കയിലെയും യൂറോപ്പിലെയും സര്‍വകലാശാലകള്‍ക്ക് ആഗോള ബഹിഷ്‌കരണ മുന്നേറ്റങ്ങളുടെ ഭാഗമാകാനും യൂണിവേഴ്‌സിറ്റി അതോറിറ്റിയും അവരുടെ രാജ്യവും ഇസ്രായേലുമായുള്ള സാമ്പത്തിക അക്കാദമിക മണ്ഡലങ്ങളിലെ സഹകരണം വിച്ഛേദിക്കാനുള്ള (ഉശ്‌ലേൊലി)േ ആവശ്യങ്ങളുന്നയിക്കാനുമാകുമ്പോള്‍, പല അര്‍ത്ഥത്തിലും സ്വാധീനശേഷിയില്ലാത്ത അന്ത:സാരശൂന്യമായ പ്രകടനങ്ങളാണ് ഇന്ത്യന്‍ ക്യാമ്പസുകളിലും സവിശേഷമായി കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് മുകളില്‍ സൂചിപ്പിച്ച മണ്ഡലാനന്തര കീഴാള മുസ്‌ലിം രാഷ്ട്രീയ പ്രവാഹത്തിലും ഇന്ത്യന്‍ ക്യാമ്പസുകളെ ഈ ഹിന്ദുത്വകാലത്ത് വര്‍ദ്ധിത വീര്യത്തോടെ അടക്കിഭരിച്ചുകൊണ്ടിരിക്കുന്ന അധീശത്വ വര്‍ഗീയ ശക്തികളുടെ സാന്നിധ്യത്തിന്റെ രാഷ്ട്രീയ ഫലമായാണ് കണക്കാക്കേണ്ടത്.
കേരളത്തിലെ വിവിധ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ ഫലസ്തീന്‍ സമരപോരാട്ടങ്ങളിലൂടെ ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടുകയും അവരുടെ സ്വയം നിര്‍ണയാവകാശത്തിനു വേണ്ടി വാദിക്കുകയും ചെയ്തത് നേരത്തെ സൂചിപ്പിച്ചു. “Not a conflict, not a war; say it loud and say it more, Free Free Free Palestine” കേരളത്തിലെ സുപ്രധാന കോളേജുകളിലൊന്നായ മഹാരാജാസ് കോളേജിന്റെ കവാടത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ ബാനറിലെ വാചകമാണിത്. കാലുഷ്യങ്ങളുടെ കാലത്ത് വാക്കുകളും വലിയ പ്രതിരോധ പ്രവര്‍ത്തനമാണ്; സംശയമില്ല. വിപ്ലവത്തിലോ പ്രതിഷേധത്തിലോ നേരിട്ടു പങ്കെടുക്കാതെ അതിനെ സൈദ്ധാന്തികമായ കണിശതയോടെ പിന്തുണയ്ക്കുന്ന ഇടതുപക്ഷ അസ്തിത്വവാദത്തിന്റെ പ്രതിഫലനമാണിത്. ഇതെഴുതിവെച്ച അതേ മഹാരാജാസ് കോളേജിലെ അറബിക് ഡിപാര്‍ട്‌മെന്റ് ഉള്‍പ്പെടുന്ന ബ്ലോക്കിനെ മറ്റു ഡിപാര്‍ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ ‘ഗള്‍ഫ്’ എന്നാണ് വിളിക്കുന്നത്. അഥവാ മഹാരാജാസിന്റെ സ്വാഭാവിക സാമൂഹികതയില്‍ നിന്ന് പുറത്ത് നില്‍ക്കുന്ന ഒരിടം. ഈ നിഷേധത്തിന്റെ (Exclusion) പൊളിറ്റിക്കല്‍ വേര്‍ഷന്‍, മുസ്‌ലിം രാഷ്ട്രീയ പ്രശ്‌നങ്ങളെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സ്വാഭാവിക ഉത്കണ്ഠകളുടെ മണ്ഡലത്തിന് പുറത്ത് നിര്‍ത്തി മാത്രം കാണുന്ന രീതി ഇടതുപക്ഷ അധീശത്വ വ്യവഹാരം നിലനില്‍ക്കുന്ന ക്യാമ്പസുകളില്‍ മുഴുവന്‍ കാണാവുന്നത്.
ഇസ്‌ലാമോഫോബിക് പൊതുബോധവും സവര്‍ണ ജാതിബോധം വിട്ടുമാറാത്ത അധികാര രാഷ്ട്രീയവുമാണ് ഇതിന്റെ ആധാരം. ഫലസ്തീന്‍ ഒരു മനുഷ്യാവകാശ പ്രശ്‌നമാണെങ്കില്‍ക്കൂടി മതത്തിന്റെ ആവരണം ഒഴിവാക്കി അതിന് ഒരു സ്വത്വരൂപീകരണം സാധ്യമല്ലെന്ന് നമുക്കറിയാം. ലിബറല്‍ സാംസ്‌കാരികത വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കളര്‍ഫുള്‍ പ്രതിനിധാനമായി വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിന് മതം മിക്കവാറും ഒരു അധികപ്പറ്റാണ്. അത്‌കൊണ്ട് തന്നെ പൂര്‍ണമായ ഒരു ഐക്യപ്പെടല്‍ സാധ്യമല്ലതാനും. ഈ പക്ഷപാതപരമായ രാഷ്ട്രീയ സമീപനം കേരളത്തിലെ ഭൂരിഭാഗം ക്യാമ്പസുകളെയും ഫലവത്തും വലിയ രാഷ്ട്രീയ മാനങ്ങളുള്ളതുമായ ഫലസ്തീന്‍ പ്രതിഷേധത്തിന്റെ ശ്യംഖലയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു.
ഇന്ത്യ-ഫലസ്തീന്‍ പാരമ്പര്യ വിദേശനയത്തില്‍ കാതലായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയും, മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങളെ ആഗോളതലത്തില്‍ ഇന്ത്യ പിന്താങ്ങുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തില്‍, ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിക് ദളിത് വിരുദ്ധ പൊതുഭാവനയോട് നിരന്തര കലഹത്തിലേര്‍പ്പെട്ട് വളര്‍ന്നുവന്ന ദളിത്-മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങള്‍ സൈദ്ധാന്തികവും അക്കാദമികവുമായ വ്യവഹാരങ്ങളില്‍ ഫലസ്തീന്‍ ഐക്യഭാവം പുലര്‍ത്തുന്നുണ്ടെങ്കിലും രാഷ്ട്രീയവും സാമൂഹികവുമായ അതിന്റെ പ്രതിഫലനം തുലോം തുച്ഛമാണ്. സര്‍വകലാശാലകളുടെ സാമൂഹികതയിലേയും അവസ്ഥ ഇതിനു സമാനമാണ്. രാഷ്ട്രീയ ചലനം സാധ്യമാവാത്ത വ്യവഹാരങ്ങളുടെ മണ്ഡലങ്ങളിലാണ് ഫലസ്തീന്‍ രാഷ്ട്രീയം ഇന്നും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്നത്. അധികാരവും പ്രയോഗശേഷിയും മുതലായുള്ള ഇടത് – വലത് വിദ്യാര്‍ഥി സംഘടനകളാണെങ്കില്‍ നിതാന്ത മൗനത്തിലും.
ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്, ‘നമുക്ക് എല്ലാ മേഖലയിലും ക്യൂവില്‍ നിന്നല്ലാതെ വശങ്ങളില്‍ നിന്ന് കയറി വരുന്നവരെ വേണമെന്ന്. ആരുടെയും മക്കളല്ലാത്തവര്‍. അതുകൊണ്ട് എന്തിനെയും പുതുതായി കാണാന്‍ കഴിയുന്നവര്‍’. രാഷ്ട്രീയത്തിലും ഇത് ശരിയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പാരമ്പര്യമുക്തമായ, അധികാര രാഷ്ട്രീയത്തിനതീതമായ കാഴ്ച സാധ്യമാകുന്ന കെല്പുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും നേതാക്കളുമാണ് നമുക്ക് വേണ്ടത്. മണ്ഡലാനന്തര വിദ്യാര്‍ഥി മുന്നേറ്റങ്ങളിലൂടെ വളര്‍ന്നുവന്ന സര്‍വ്വകലാശാലകളിലെ സാമൂഹിക മാറ്റം രാഷ്ട്രീയത്തിലും ശക്തമായി പ്രതിഫലിക്കുമെന്ന് വിചാരിക്കാം.
Add comment