Thelicham

ശാസ്ത്രത്തിന്റെ ഫിലോസഫി: ചില ആലോചനകള്‍

ശാസ്ത്രത്തിന്റെ ഫിലോസഫിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യമായി പരിഗണിക്കേണ്ടത്. എന്താണ് ശാസ്ത്രം, എന്താണ് ഫിലോസഫി എന്ന നിര്‍വചനങ്ങള്‍ തന്നെയാണ്. കാരണം, ഈ പ്രയോഗം തന്നെ ആധുനികമാണ്. അതിനൊരു കാരണവുമുണ്ട്. അതെന്തെന്നാല്‍, പരമ്പരാഗത കാഴ്ചപ്പാടുകളില്‍, ശാസ്ത്രത്തെ ഫിലോസഫിയുടെ ഭാഗമായിട്ടാണ് പരിഗണിച്ചിട്ടുള്ളത്. ചുരുങ്ങിയത്, അരിസ്റ്റോട്ടിലിന്റെ കാലം തൊട്ട്, അതായത് ആധുനിക ശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പ്, പടിഞ്ഞാറന്‍ ലോകത്ത്, ഭൗതിക പ്രപഞ്ചത്തെ കുറിച്ചുള്ള പഠനത്തെ വിളിച്ചിരുന്നത് നാച്ചുറല്‍ ഫിലോസഫി (natural philosophy) എന്നായിരുന്നു. ക്രി: പത്തൊമ്പതാം നൂറ്റാണ്ട് വരെ ഈ സംജ്ഞ പ്രചാരത്തിലുണ്ടായിരുന്നു.

ഇസ്ലാമിക പൈതൃകം പരിശോധിച്ചാലും ഇപ്രകാരം തന്നെയാണ്. അല്‍-ഫാറാബിയുടെ അറിവുകളുടെ വര്‍ഗീകരണത്തില്‍, പ്രകൃതി ശാസ്ത്രങ്ങള്‍ (അല്‍-ഉലൂം അത്ത്വബീഇയ്യ്) ഫല്‍സഫയുടെ ഏറ്റവും താഴ്ന്ന പടിയിലുള്ളവയാണ്. കാരണം, അസ്തിത്വങ്ങളുടെ ശ്രേണിയില്‍ ഏറ്റവും താഴ്ന്ന തലത്തിലുള്ളവയാണ്, ഭൗതിക വസ്തുക്കള്‍. അവയെയാണല്ലോ പ്രകൃതിശാസ്ത്രം പഠനവിധേയമാക്കുന്നത്. ഫല്‍സഫയുടെ ഭാഗമായ അറിവുകളില്‍ ഏറ്റവും ഉന്നതസ്ഥാനം അലങ്കരിക്കുന്നത്, അദ്ധ്യാത്മികശാസ്ത്രം (അല്‍-ഇല്‍മ് അല്‍-ഇലാഹി, metaphysics) ആണ്. കാരണം, അസ്തിത്വങ്ങളുടെ ശ്രേണിയില്‍ (മറാതിബ് അല്‍-മൗജൂദാത്) ഏറ്റവും ഉല്‍കൃഷ്ടങ്ങളായവയെ കുറിച്ചാണ് അത് ചര്‍ച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മനുഷ്യര്‍ക്ക് ഏറ്റവും പ്രയോജനം കുറഞ്ഞവയും പ്രകൃതിശാസ്ത്രങ്ങള്‍ തന്നെയാണ്. ഗണിതശാസ്ത്രപരമായ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്ന അല്‍-ഉലൂം അത്തഅ്‌ലീം ശ്രേഷ്ടതയില്‍ അദ്ധ്യാത്മിക ശാസ്ത്രത്തിനും പ്രകൃതിശാസ്ത്രത്തിനും ഇടയില്‍ നിലകൊള്ളുന്നു.

ഇമാം ഗസ്സാലി (റ)യും പ്രകൃതി ശാസ്ത്രത്തെ (ത്വബീഇയ്യത്) ഫല്‍സഫയുടെ ഭാഗമായാണ് കണക്കാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍, ഗണിതശാസ്ത്രം, മന്‍ഥിഖ്, അധ്യാത്മിക ശാസ്ത്രം (ഇലാഹിയ്യത്), പ്രകൃതിശാസ്ത്രം എന്നീ നാല് വിജ്ഞാന ശാഖകള്‍ ഫല്‍സഫയുടെ ഭാഗമാണ്. ഇമാം ഗസ്സാലി, വൈദ്യശാസ്ത്രത്തെ പ്രകൃതിശാസ്ത്രത്തിലെ ഇതര ശാഖകളില്‍ നിന്ന് വേര്‍തിരിച്ചു കൊണ്ട് കൂടുതല്‍ ശ്രേഷ്ഠമായതാണ് എന്നു പറയുന്നു (കിതാബുല്‍ ഇല്‍മ്, ഇഹ്യാ ഉലൂമിദ്ദീന്‍; അല്‍-മുന്‍ഖിദു മിനള്ളലാല്‍). അല്‍-ഫാറാബി, വൈദ്യത്തെ പ്രായോഗിക ശാസ്ത്രങ്ങളുടെ ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്.

ഇത്രയും പറഞ്ഞത്, ജ്ഞാനത്തെ കുറിച്ചുള്ള പാരമ്പര്യ കാഴ്ചപ്പാടുകളുടെ സവിശേഷതകള്‍ വിവരിക്കാനാണ്. അവ, സംക്ഷിപ്തമായി ഈ ഖണ്ഡികയില്‍ വിവരിക്കാം. ഒന്നാമതായി, ഇന്ന് നാം ശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്ന വിജ്ഞാന ശാഖകള്‍ മുമ്പ് ഫിലോസഫിയുടെ ഭാഗം തന്നെയായിരുന്നു. അത്, കൊണ്ട് തന്നെ ശാസ്ത്രത്തിന്റെ ഫിലോസഫി എന്ന പ്രയോഗം ആധുനികപൂര്‍വ്വ കാലഘട്ടത്തില്‍ പ്രസക്തമേയല്ല. എന്ന് വെച്ച്, ജ്ഞാനത്തിന്റെ സ്വഭാവ-സവിശേഷതകളെയും രീതിശാസ്ത്രങ്ങളെയും അടിത്തറകളെയും മറ്റും കുറിക്കുന്ന പഠനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നല്ല. മുസ്ലിം നാഗരികതയുടെ ചരിത്രത്തിലുടനീളം ഇത്തരം പഠനങ്ങള്‍ എമ്പാടും നമുക്ക് കാണാന്‍ കഴിയുന്നു.

അല്‍-ഫാറാബി, അല്‍-കിന്ദി, ഇബ്‌നു സീന, എന്നിങ്ങനെ തുടങ്ങി ഏറ്റവും പ്രോജ്ജ്വലമാം വണ്ണം ഇമാം ഗസ്സാലിയിലും മറ്റും ഇത് നമുക്ക് ദര്‍ശിക്കാം. മുസ്ലിമേതര പാരമ്പര്യങ്ങളിലും ഇപ്രകാരം പഠനങ്ങള്‍ നടന്നിരുന്നു. ഗ്രീക്ക് തത്വചിന്തകന്‍മാരും തുടര്‍ന്ന് മധ്യകാല ക്രൈസ്തവ പണ്ഡിതന്‍മാരും ഇതില്‍ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. മുസ്ലിം ചിന്തയില്‍ ഇവയുടെ സ്രോതസ്സ് ഖുര്‍ആനും സുന്നത്തും പിന്നെ ഇവ രണ്ടില്‍ നിന്നും ആവിഷ്‌കൃതമായ ഉസ്വൂലുല്‍ ഫിഖ്ഹും ആണ്. ഇല്‍മുല്‍ കലാം, ഫല്‍സഫയുടെ തന്നെ ഭാഗമായ മന്‍ഥിഖ്, തസവ്വുഫ് എന്ന് തുടങ്ങി ജ്ഞാനത്തെ കുറിച്ച ദര്‍ശനം വിവിധ ശാഖകളിലായി വ്യാപിച്ചു കിടക്കുന്നു.

ഏത് നാഗരികതയിലും ജ്ഞാനത്തോടൊപ്പം ജ്ഞാനത്തെ വിലയിരുത്തുന്ന മാനദണ്ഡങ്ങളും ഉണ്ടായിരിക്കുക എന്നത് സ്വാഭാവികമാണ്. അത് ഇന്നത്തെ കാലത്ത്, സവിശേഷമായ രീതിയില്‍, ശാസ്ത്രത്തിന്റെ ഫിലോസഫി എന്ന് വിളിക്കപ്പെടുന്നതിലും മറ്റും ഉണ്ടെന്നേയുള്ളൂ. രണ്ടാമതായി, പാരമ്പര്യ കാഴ്ചപ്പാടുകളില്‍, ജ്ഞാനം എന്നത്, പ്രപഞ്ചത്തെയും മനുഷ്യനെയും കുറിച്ച സവിശേഷമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. വിവിധ അസ്തിത്വങ്ങളുടെയും അവയെ കുറിച്ച അറിവുകളുടെയും അവയെ അറിയാനുള്ള ഉപാധികളുടെയും ഉപകരണങ്ങളുടെയും അറിവാളന്‍മാരുടെയും ശ്രേണീകൃതമായ ക്രമത്തെ (hierarchical order) കുറിച്ച ബോധമാണ് പാരമ്പര്യത്തെ ആധുനികതയില്‍ നിന്ന് വേര്‍തിരിക്കുന്നത്.

ആധുനിക ശാസ്ത്രമാവട്ടെ, അസ്തിത്വത്തിന്റെ ക്രമത്തിലെ ഏറ്റവും താഴ്ന്ന പടിയിലുള്ള ഭൗതിക വസ്തുക്കളെ മാത്രം യാഥാര്‍ത്ഥ്യമായി കണക്കാക്കി അതിനെ കുറിച്ചു പഠിക്കുന്നു. അതിന്നതീതമായ യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കുന്നേയില്ല എന്നത് ആധുനികശാസ്ത്രത്തിന്റെ മുഖമുദ്രയാണ്. ഈയൊരു കാര്യത്തില്‍ ആധുനിക ശാസ്ത്രം പരമ്പരാഗതമായ പ്രകൃതിശാസ്ത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. പരമ്പരാഗതശാസ്ത്രങ്ങള്‍ ഭൗതികമായ പദാര്‍ത്ഥലോകത്തെ പഠനവിധേയമാക്കുമ്പോള്‍ തന്നെ, അതിന്നതീതമായ ലോകങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും പരിഗണിച്ചിരുന്നു. അത് കൊണ്ടാണ് പാരമ്പര്യ പ്രകൃതിശാസ്ത്രം ഫല്‍സഫയുടെ ഒരു ഭാഗം മാത്രമായി നിലകൊണ്ടത്.

ഭൗതികാതീതമായവയോടുള്ള അവഗണനയോ നിരാകരണമോ ഫല്‍സഫയെ വലിയൊരളവോളം അര്‍ത്ഥശൂന്യമാക്കുകയും അതിന്റെ പ്രസക്തിയെ അങ്ങേയറ്റം ശുഷ്‌കമാക്കുകയും ചെയ്യുന്നു. അങ്ങനെയാണ്, ഫിലോസഫിക്ക് പുതിയ അര്‍ത്ഥം നിര്‍വചിച്ചു നല്‍കാന്‍ ആധുനികര്‍ മുതിര്‍ന്നത്. ഭൗതികവസ്തുക്കളെ പഠിക്കുന്നതില്‍ സ്വതന്ത്രമായ കോയ്മ ആധുനിക ശാസ്ത്രം നേടിയെടുത്തപ്പോള്‍, ഫിലോസഫി അതിന്റെ ഒരു ഉപകരണം മാത്രമായി തരം താണു. ശാസ്ത്രത്തിന്റെ ഫിലോസഫി എന്ന ആധുനിക ശാഖയുടെ വികാസം പഠിക്കുമ്പോള്‍ ഇത് വ്യക്തമാവും. ഇതിന്റെ ആവിര്‍ഭാവം വലിയ രീതിയില്‍ സംഭവിച്ചത് ഇരുപതാം നൂറ്റാണ്ടിലെ ലോജിക്കല്‍ പോസിറ്റീവിസം എന്ന പ്രസ്ഥാനത്തോടു കൂടിയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ഉല്‍ഭവിച്ച ആധുനിക പോസിറ്റീവിസം അദ്ധ്യാത്മികതയെ (metaphysics) തള്ളിക്കളയുന്നുണ്ട്. മെറ്റാഫിസിക്‌സിന്റെ നിഷേധത്തിന് വഴിവെച്ചത് അതിനെ യുക്തിപരമായ (rational) ഒരു വിജ്ഞാനശാഖയായി കണക്കാക്കിയത് കൊണ്ടാണ്. എന്നാല്‍, അതിലെ ചര്‍ച്ചാവിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ യുക്തി (reason) പര്യാപ്തമല്ല താനും. ഇവിടെ, യുക്തി എന്നത് കൊണ്ട് ഉദ്ദേശ്യം, അഖ്‌ലെ ജുസ്ഇയ്യ് അഥവാ ശാഖാപരമായ യുക്തിയാണ്.

ശാസ്ത്രത്തിലും ഫിലോസഫിയിലും ഉപയോഗിക്കുന്നത്, ഈ യുക്തി തന്നെയാണ്. പഞ്ചേന്ദ്രിയങ്ങളാല്‍ സംവേദിതമായിട്ടുള്ള ഭൗതികപ്രപഞ്ചവുമായി ബന്ധപ്പെട്ട ജ്ഞാനങ്ങളുടെ രൂപീകരണത്തില്‍ ഈ യുക്തിക്ക് പ്രമുഖമായ സ്ഥാനമുണ്ടെന്നതില്‍ തര്‍ക്കമില്ല. യഥാര്‍ത്ഥത്തിലുള്ള അധ്യാത്മികത വ്യതിരിക്തമായിട്ടുള്ളത്, ഭൗതികാതീതമായ വസ്തുക്കളാണ്, അതിന്റെ പഠനവിഷയം എന്നത് കൊണ്ട് മാത്രമല്ല; അതോടൊപ്പം, ആ ജ്ഞാനം ആര്‍ജ്ജിക്കാനുള്ള ഉപാധി എന്ത് എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്. അഖ്‌ലെ ജുസ്ഇയ്യ് വസ്തുക്കളുടെ യാഥാര്‍ത്ഥ്യത്തെ (ഹഖാഇഖുല്‍ അശ്യാഅ്) തിരിച്ചറിയാന്‍ പര്യാപ്തമേയല്ല. അതിനു വേണ്ടത്, കൂടുതല്‍ ഉല്‍കൃഷ്ടമായ സാര്‍വലൗകിക യുക്തി (അഖ്‌ലെ കുല്ലിയ്യ്) ആണ്. അഖ്‌ലെ ജുസ്ഇയ്യ്, അസ്തിത്വങ്ങളുടെ ശ്രേണീക്രമത്തിലെ കൂടുതല്‍ നിമ്‌നമായ തലത്തിലുള്ള ഇതിന്റെ പ്രതിഫലനം മാത്രമാണ്. അത് കൊണ്ടാണ്, ഏറ്റവും നിമ്‌നമായ ഭൗതികയാഥാര്‍ത്ഥ്യങ്ങളുമായി അതിന് ബന്ധമുള്ളതും. ജുസ്ഇയ്യായ അഖ്‌ലിനെ കുല്ലിയ്യായി പരിവര്‍ത്തിപ്പിക്കുക എന്നത് തസവ്വുഫിലെ അടിസ്ഥാന വിഷയങ്ങളില്‍ പെട്ട കാര്യമാണ്.

യഥാര്‍ത്ഥ അദ്ധ്യാത്മികത നേരത്തെ പറഞ്ഞ അസ്തിത്വങ്ങളുടെയും അറിവുകളുടെയും അറിയാനുള്ള ഉപാധികളുടെയും ഉപകരണങ്ങളുടെയും അറിവാളന്‍മാരുടെയും ശ്രേണീകൃതമായ ക്രമത്തെ (hierarchical order) പ്രതിനിധാനം ചെയ്യുന്നു. ഇസ്ലാമിക പൈതൃകത്തില്‍, മെറ്റാഫിസിക്‌സിനെ വിശേഷിപ്പിച്ചിട്ടുള്ളത്, ഫല്‍സഫതുല്‍ ഊലാ (first philosophy), മാ വറാഅത്ത്വബീഇയ്യ് (പ്രകൃതിശാസ്ത്രങ്ങള്‍ക്കപ്പുറമുള്ളത്) എന്നൊക്കെയാണ്. ഇല്‍മുല്‍ റുബൂബിയ്യ എന്നും അല്‍-കിന്ദി അതിനെ വിളിച്ചിട്ടുണ്ട്. അല്‍-ഫാറാബിയുടെ അഭിപ്രായത്തില്‍, അത് അസ്തിത്വമുള്ള വസ്തുക്കള്‍ (മൗജൂദ്) എങ്ങിനെ അസ്തിത്വം പ്രാപിച്ചു എന്ന ജ്ഞാനമാണ്. ഇബ്‌നു സീനയുടെ കാഴ്ചപ്പാടില്‍ അത് കേവലമായ അസ്തിത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന വിജ്ഞാന ശാഖയാണ്. അതിന്റെ വിശദാംശങ്ങളില്‍, ഈ വിജ്ഞാന ശാഖ സമാപിക്കുന്നത് മറ്റെല്ലാ ശാസ്ത്രങ്ങളും (ഉലൂം) ആരംഭിക്കുന്നിടത്താണ് എന്ന് അദ്ദേഹം പറയുന്നു.

ശാഖാപരമായ എല്ലാ ശാസ്ത്രങ്ങളുടെയും (ഉലൂം അല്‍-ജുസ്ഇയ്യ) സ്രോതസ്സുകളെയും മൂലതത്വങ്ങളെയും (മബാദിഅ്) കുറിച്ച വിവരണം ഈ വിജ്ഞാനത്തില്‍ ഉണ്ട് എന്നും പറയുന്നു. സാധുതയുള്ള ശാസ്ത്രങ്ങളും വിജ്ഞാനശാഖകളും ഉണ്ടായിത്തീരുന്നത് യഥാര്‍ത്ഥ മെറ്റാഫിസിക്‌സിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. ഇന്നത്തെ ശാസ്ത്രങ്ങളുടെ ഏറ്റവും വലിയ വൈകല്യം മെറ്റാഫിസിക്‌സിന്റെ അഭാവവും നിഷേധവുമാണ്.

പോസിറ്റീവിസത്തിന്റെ ഉപജ്ഞാതാവായ ഓഗെസ്റ്റ് കോംട് (Auguste Comte) മെറ്റാഫിസിക്‌സിന്റെ, വിശ്വാസ്യതയെ കെടുത്തിക്കളഞ്ഞത്, അതിനെ ചരിത്രവല്‍കരിച്ചു കൊണ്ടാണ്. ഇതിന്, അദ്ദേഹം ഉപയോഗിച്ചത് ജ്ഞാനത്തിന്റെ വാസ്തവികതയെ (positivity) കുറിച്ച ആശയമാണ്. വാസ്തവികമായ ജ്ഞാനം എന്നത്, ചുരുക്കിപ്പറഞ്ഞാല്‍, ബാഹ്യേന്ദ്രിയങ്ങളാല്‍ അനുഭവസിദ്ധമായതിനെ യുക്തിയുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നതിലൂടെ ലഭ്യമാവുന്നതാണ്. മെറ്റാഫിസിക്‌സിന്റെ ചരിത്രവല്‍കരണം എന്നത് കൊണ്ട് നാം ഉദ്ദേശിക്കുന്നത്, ഉണ്‍മയുടെ സ്ഥായിയായ ശ്രേണീക്രമത്തില്‍ നിന്ന് അതിനെ അടര്‍ത്തിയെടുത്ത് ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടമായി മാത്രം കണക്കാകുക എന്നതാണ്. കൂടുതല്‍ വാസ്തവികതയിലേക്കുള്ള പരിണാമത്തിന്റെയും പുരോഗതിയുടെയും ചരിത്രത്തിലെ ഒരു മധ്യമഘട്ടമാണ് കോംടിന്റെ കാഴ്ചപ്പാടില്‍ മെറ്റാഫിസിക്‌സ് എന്നത്. ഈ പരിണാമ വിഭാവനയെ മൂന്ന് ഘട്ടങ്ങളുടെ നിയമം (Law of Three Stages) എന്ന് വിളിക്കുന്നു. ഈ മൂന്ന് ഘട്ടങ്ങള്‍ ദൈവശാസ്ത്രപരം (theological), അദ്ധ്യാത്മികം (metaphysical), വാസ്തവികം (positive) എന്നിവയാണ്.

അദ്ധ്യാത്മികത, മതത്തിന്റെ തന്നെ ആത്മാവാണെന്ന ആശയം ഇവിടെ അട്ടിമറിക്കപ്പെടുന്നു. ആയൊരര്‍ത്ഥത്തില്‍ യഥാര്‍ത്ഥത്തില്‍ മെറ്റാഫിസിക്‌സ് ചരിത്രാതീതം (trans historical) ആണ്. അത് കൊണ്ടാണ് അത് സകല ജ്ഞാനങ്ങളുടെയും മൂലതത്വങ്ങളെ ഉള്‍ക്കൊള്ളുന്നത്. ഇന്ന് വ്യാപകമായ രീതിയില്‍ പ്രചുരപ്രചാരം നേടിയെടുത്തിട്ടുള്ള പരിണാമം (evolution) എന്ന വ്യാജ തത്വം തന്നെ അസ്തിത്വങ്ങളുടെ ശ്രേണീക്രമം എന്ന അദ്ധ്യാത്മിക ആശയത്തെ സാമൂഹികവല്‍കരിച്ചും ചരിത്രവല്‍കരിച്ചും കോലം കെടുത്തിയതിലൂടെ ഉണ്ടായതാണ്. ഇത് യഥാര്‍ത്ഥ മെറ്റാഫിസിക്‌സിനെ നിഷേധിച്ചതിന്റെ സ്വാഭാവിക പരിണതിയാണ്. ഈ പരിണാമപരതയില്‍ നിന്നു കൊണ്ടുള്ള അറിവുകളുടെ വര്‍ഗീകരണവും കോംട് നടത്തുന്നുണ്ട്. എല്ലാ അറിവുകളുടെയും ഉല്‍ഭവത്തെയും അപ്രകാരം അദ്ദേഹം ചരിത്രവല്‍കരിക്കുന്നു.

Auguste Comte

കോംടിന്റെ അറിവുകളുടെ വര്‍ഗീകരണം (classification of knowledge), ആധുനിക ശാസ്ത്രത്തിന്റെ ഫിലോസഫിയില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതു പോലെ തന്നെ, പരീക്ഷണ-നിരീക്ഷണങ്ങള്‍, hypothesis, induction, deduction എന്നീ യുക്തിപരമായ മാര്‍ഗങ്ങള്‍ എന്നിവയെയൊക്കെ സംയോജിപ്പിച്ചു കൊണ്ടുള്ള ശാസ്ത്രീയ രീതിയെ (scientific method) തന്നെയാണ് അദ്ദേഹവും മുന്നോട്ട് വെച്ചത്. ഇത്, അദ്ദേഹത്തിന് മുമ്പും ശേഷവുമുള്ള പല യൂറോപ്യന്‍ ചിന്തകര്‍ മുന്നോട്ട് വെച്ചതില്‍ നിന്നും വ്യതിരിക്തമൊന്നുമല്ല. യുക്തിപരമായും, പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയും സ്ഥിരീകരിക്കാവുന്ന കാര്യങ്ങളിലേക്ക് മാത്രം ഉന്‍മുഖമാണ് ഈ ശാസ്ത്രീയ രീതി. അതിനപ്പുറമുള്ള കാര്യങ്ങളെയൊന്നും ഒരര്‍ത്ഥത്തിലും സ്ഥിരീകരിക്കാനാവില്ല എന്നും അതിനാല്‍ തന്നെ അത്തരം പരികല്‍പനകളെല്ലാം തന്നെ അര്‍ത്ഥശൂന്യമാണെന്നും വാദിക്കുന്നു.

അദ്ധ്യാത്മികമായവയെ കൈയൊഴിഞ്ഞതിനു ശേഷം ബാക്കിയുള്ള ജ്ഞാനത്തെയെല്ലാം ശാസ്ത്രീയമായി പുനര്‍രചിക്കാനാണ് പോസിറ്റീവിസം ശ്രമിച്ചത്. കോംടിന്റെ അറിവുകളുടെ വര്‍ഗീകരണത്തില്‍ ഇതുണ്ട്. ആധുനിക കാലഘട്ടത്തിലെ വാസ്തവികവല്‍കരിക്കപ്പെട്ട ജ്ഞാനങ്ങളെ കോംട് യഥാക്രമം അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: mathematics, astronomy, physics, chemistry, biology, sociology. ചരിത്രത്തില്‍, ഈയൊരു ക്രമത്തിലാണ് വാസ്തവികവല്‍കരിക്കപ്പെട്ട ശാസ്ത്രങ്ങള്‍ ആവിര്‍ഭവിച്ചതത്രെ.

ഇതിലോരോന്നും ഉണ്ടായിത്തീരുന്നത് അതിന് മുമ്പുള്ളതിന്റെ അടിസ്ഥാനത്തിലാണ്. അതോടൊപ്പം, ഓരോന്നിനും അതിന്റേതായ സ്വതന്ത്രാസ്തിത്വവുമുണ്ട്. സാമൂഹിക ഭൗതികശാസ്ത്രം (social physics) എന്ന് കോംട് തന്നെ വിളിച്ചിട്ടുള്ള സാമൂഹ്യശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തിലേക്കാണ്, ഈ പരിണാമം ചെന്നെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനുമപ്പുറം, മനുഷ്യനെ കുറിച്ചുള്ള നരവംശശാസ്ത്രത്തെയും കോംട് ഈ ശ്രേണിയില്‍ വിഭാവന ചെയ്തിരുന്നു എന്നു പറയപ്പെടുന്നു. എത്തിക്‌സിന് സാമൂഹ്യശാസ്ത്രപരമായ ധര്‍മ്മമാണ് അദ്ദേഹം കല്‍പിച്ചു നല്‍കിയത്. ഒരു പ്രവൃത്തിയുടെ ധാര്‍മ്മിക മൂല്യം, അതിന്റെ കര്‍ത്താവല്ലാത്ത സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് എത്ത്രത്തോളം പ്രയോജനകരമാവുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിസ്വാര്‍ത്ഥതാ വാദത്തെ (മഹൃtuശാെ) കോംട് മുന്നോട്ടു വെച്ചത്. ഇതിനെ തന്നെ ചെറിയൊരു വ്യതിയാനത്തോട് കൂടി പ്രയോജനപരതാവാദമായി (ൗശേഹശശേമൃശമിശാെ) ജോണ്‍ സ്റ്റുവര്‍ട്ടു മില്ലും അവതരിപ്പിച്ചു. ഈ വാദങ്ങളുടെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. ഒരു കാര്യം മാത്രം പറയാം. ഇമാം ഗസ്സാലി, അല്‍-മുന്‍ഖിദു മിനള്ളലാല്‍ എന്ന ഗ്രന്ഥത്തില്‍, ഫല്‍സഫയുടെ ഭാഗമായ ശാസ്ത്രങ്ങളുടെ വര്‍ഗീകരണത്തില്‍ ഭരണനിര്‍വഹണ ശാസ്ത്രങ്ങളെയും (അല്‍-സിയാസിയ്യാത്) എത്തിക്‌സിനെയും (അല്‍-ഖുലുഖിയ്യത്) കുറിച്ച് പറയുന്നുണ്ട്. അമ്പിയാക്കള്‍ക്കുള്ള ദിവ്യവെളിപാടുകളില്‍ നിന്നും സൂഫികളുടെ അധ്യാത്മിക പാഠങ്ങളില്‍ നിന്നും ലഭിച്ച കാര്യങ്ങളെ ഫലാസിഫ (ുവശഹീീെുവലൃ)െ സ്വീകരിക്കുകയും അതിലേക്ക് തങ്ങളുടേതായ വാക്കുകളെ കലര്‍ത്തുകയും ചെയ്തിട്ടാണ് ഈ ശാസ്ത്രങ്ങളെ രൂപപ്പെടുത്തിയത് എന്ന് ഇമാം പറയുന്നു. ഇമാം ഇവിടെ ശാസ്ത്രങ്ങളുടെ അദ്ധ്യാത്മിക സ്രോതസ്സുകളെ ഊന്നിപ്പറയുമ്പോള്‍, മനുഷ്യയുക്തിയുടെ അടിസ്ഥാനത്തില്‍ പരിണാമപരമായയാണ് ഇവ രൂപപ്പെടുന്നത് എന്ന് പാശ്ചാത്യര്‍ പറയുന്നു.

ഫല്‍സഫ അഥവാ ഫിലോസഫി യഥാര്‍ത്ഥത്തില്‍ ഒരു വിജ്ഞാന ശാഖയല്ല. ഗ്രീക്കുകാരാണ് പ്രാചീനകാലഘട്ടത്തില്‍ ഈ വാക്ക് രൂപപ്പെടുത്തിയത് എന്ന് പറയുന്നു. ഫിലോസോഫിയ( philosophia) എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം ജ്ഞാനത്തോടുള്ള സ്‌നേഹം എന്നാണത്രെ. ഫിലോസഫി, വിജ്ഞാന സമുച്ചയമാണ്, ഒരു പ്രത്യേക അറിവല്ല. അസ്തിത്വം, അറിവ്, അറിവിന്റെ ഉപാധികള്‍, മനസ്സ്, ഭാഷ, പ്രപഞ്ചം എന്നു തുടങ്ങിയ സകല വിഷയങ്ങളെയും കുറിച്ച അന്വേഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന അറിവുകളുടെ സമുച്ചയം എന്നു വേണമെങ്കില്‍ പറയാം.

ആധുനികമായ ശാസ്ത്രീയ രീതിശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തോട് കൂടിയാണ്, പല വിജ്ഞാനങ്ങളും ഫിലോസഫി എന്ന പരമ്പരാഗത ചട്ടക്കൂടില്‍ നിന്ന് പൂര്‍ണമായും വേര്‍പെട്ട അസ്തിത്വം പ്രാപിച്ചത്. എന്നാല്‍, ഇതിന്റെയര്‍ത്ഥം പുതിയ ശാസ്ത്രശാഖകള്‍ അദ്ധ്യാത്മികവും ദാര്‍ശനികവും ആയ സമസ്യകളില്‍ നിന്നും മുക്തമായി എന്നല്ല. ശാസ്ത്രത്തിലെ ഒറ്റതിരിഞ്ഞ സമസ്യകളായി (singularities) അവ നിലകൊള്ളുന്നു എന്നു മാത്രമല്ല. അതിനുമപ്പുറം, ആ സമസ്യകള്‍ ശാസ്ത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ മൂലസങ്കല്‍പ്പങ്ങളായും പുതിയ വിജ്ഞാനശാഖകള്‍ രൂപപ്പെടുന്ന ഉപാധികളായും മാറുന്നു. ഉദാഹരണത്തിന്, കണികാ സിദ്ധാന്തത്തിന്റെ (atomic theory) കാര്യമെടുക്കുക.

ആധുനിക കെമിസ്ട്രിയിലും ഫിസിക്‌സിലും മറ്റും ഇതിന് വലിയ സ്ഥാനമുണ്ടല്ലോ. ഒരു ദാര്‍ശനികവും അദ്ധ്യാത്മികവും ആയ ആശയം എന്ന നിലയിലാണ് കണികാവാദം (atomism) ഇതര പാരമ്പര്യങ്ങളില്‍ ഉണ്ടായിരുന്നത്. ഇല്‍മുല്‍ കലാമിലും ഇത് വളരെ പ്രധാനപ്പെട്ട ഒരു ചര്‍ച്ചാവിഷയമാണ്. എന്നാല്‍, അതിനെ കുറിച്ചുള്ള (ജൗഹര്‍) ഗവേഷണവും പഠനവും ഇല്‍മുല്‍ കലാമിന്റെ ലക്ഷ്യത്തില്‍ പെട്ടതല്ലെന്നും അത് കൊണ്ട് തന്നെ ആ വിഷയത്തില്‍ എത്തിച്ചേരേണ്ട പര്യാപ്തമായ തീര്‍പ്പുകളിലേക്ക് കലാമിന് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല എന്ന് ഇമാം ഗസ്സാലി അല്‍-മുന്‍ഖിദു മിനള്ളലാലില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രി: പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രം കണികകളോടും (atmos) തന്‍മാത്രകളോടും (molecules) സന്ദേഹപരമായ സമീപനമാണ് വെച്ചു പുലര്‍ത്തിയത്. അവയുടെ അസ്തിത്വത്തില്‍ മെറ്റാഫിസിക്കലായ ഒരു തലം ഉള്ളത് കൊണ്ടോ അതല്ലെങ്കില്‍ ഉണ്ടെന്ന സംശയിച്ചത് കൊണ്ടോ ആയിരുന്നു അത്.

ഇതുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. പോസിറ്റീവിസത്തിന്റെ സ്വാധീനം കൊണ്ടായിരുന്നു ഇത്. പോസിറ്റിവിസ്റ്റ് സമീപനം, മെറ്റാഫിസിക്കലായ ഒരു അസ്തിത്വ തലം ഇല്ല എന്നതല്ല, മറിച്ച് അങ്ങിനെയുള്ള ഒന്നിനെ കുറിച്ചും മനുഷ്യന് അറിയാന്‍ കഴിയില്ല എന്നായിരുന്നു. ഇത്, ജ്ഞാനത്തിന്റെ ശാസ്ത്രീയമല്ലാത്ത എല്ലാ രീതികളുടെയും ഉപാധികളുടെയും അത്തരത്തിലുള്ള വിജ്ഞാനങ്ങളുടെയും നിരാകരണമായിരുന്നു.

കണികയെ ഉണ്‍മാപരമായി സ്ഥിരീകരിക്കുക എന്നത്, ആധുനികശാസ്ത്രത്തെ സംബന്ധിച്ചേടത്തോളം അന്നും ഇന്നും ആവശ്യമുള്ളതല്ല. ഇതാണ്, ശാസ്ത്രത്തിന്റെ അദ്ധ്യാതിമേകതരത. ഈ അദ്ധ്യാത്മികേതരത, ശാസ്ത്രീയമായ പ്രസ്താവങ്ങളെ ഉണ്‍മാപരമായ തലത്തില്‍ നിന്ന് അടര്‍ത്തി മാറ്റി കേവലം ഭാഷാപരമായ തലത്തിലേക്ക് പുനഃപ്രതിഷ്ഠിക്കുന്നു. ഭൗതികമായ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന സാധുവായ പ്രസ്താവങ്ങളെ ഉല്‍പാദിപ്പിക്കുക എന്നതായി ശാസ്ത്രത്തിന്റെ ധര്‍മ്മം.

ഈ പ്രസ്താവങ്ങളുടെ സത്യം കണ്ടെത്തുക എന്ന ധര്‍മ്മത്തെ ശാസ്ത്രം പൂര്‍ണമായും കൈയൊഴിഞ്ഞു; എന്നു മാത്രമല്ല പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയും യുക്തിപരമായ മാര്‍ഗങ്ങളിലൂടെയും കളവാക്കാന്‍ സാധ്യതയുള്ളതായിരിക്കുക (falsifiability) എന്നതായി ഏതൊരു സിദ്ധാന്തത്തിന്റെയും ശാസ്ത്രീയത. കാള്‍ പോപ്പര്‍ (Karl Popper) പറഞ്ഞതും ഇതു തന്നെയായിരുന്നല്ലോ. ഈ മാനദണ്ഡം, ഭൗതികമായ വസ്തുക്കള്‍ക്കും വസ്തുതകള്‍ക്കും മാത്രം ബാധകമായതാണ് എന്നത് ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെ പോപ്പറുടെ കാഴ്ചപ്പാടില്‍ ഭൗതികവാദപരമായ മാര്‍ക്‌സിസം പോലും വ്യാജ ശാസ്ത്രമാണ് (pseudoscience). ഭൗതികേതരമായത്, പോസിറ്റീവിസ്റ്റ് സമീപനത്തില്‍ പ്രസക്തം പോലുമല്ല. ഇത്, കൂടുതല്‍ മൗലികമായ മറ്റൊരു പ്രശ്‌നത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഉണ്‍മയുടെ ഭൗതികാതീതമായ അഥവാ അദ്ധ്യാത്മികമായ തലത്തെ നിഷേധിക്കുകയോ അവഗണിക്കുകയോ ചെയ്യുമ്പോള്‍, വസ്തുക്കളുടെ യാഥാര്‍ത്ഥ്യത്തെ (ഹഖാഇഖുല്‍ അശ്യാഅ്) കുറിക്കുന്ന ജ്ഞാനപരമായ സകലതും ഭാഷയിലേക്കും ഭാഷയുടെ ഘടനയിലേക്കും ചുരുങ്ങുന്നു. വസ്തുക്കളെ കുറിച്ച് പ്രതിപാദിക്കുന്ന കണികാപരമായ വസ്തുതകള്‍ക്ക് (atomic facts) അനുരൂപമായ യൗക്തിക കണികകളെ (logical atoms) ഭാഷയുടെ അടിസ്ഥാന ഘടകങ്ങളായി വിറ്റ്‌ഗെന്‍സ്‌റ്റൈനും ബെര്‍ട്രാന്റ് റസ്സലും വിഭാവന ചെയ്തിട്ടുണ്ട്. മറ്റെല്ലാ ധര്‍മ്മങ്ങളും എടുത്തു മാറ്റപ്പെട്ട ഫിലോസഫിക്ക് ലോജിക്കല്‍ പോസിറ്റിവിസം കല്‍പ്പിച്ചു നല്‍കിയ ധര്‍മ്മം, ഭാഷയിലെ വചനങ്ങളുടെ അര്‍ത്ഥവും യുക്തിപരമായ ഉള്ളടക്കങ്ങളും പരസ്പര ബന്ധങ്ങളും വ്യക്തമാക്കുക എന്നതാണ്. ഗണിതത്തെയും യുക്തിശാസ്ത്രപരമായി പുനര്‍രചിക്കുന്നുണ്ട്.

Kurt Godel


ഗണിതശാസ്ത്രപരമായി ഔപചാരികവല്‍കരിക്കപ്പെട്ട (formalized) ഒരു ഭാഷക്ക്, ആ ഭാഷയിലെ തന്നെ എല്ലാ ഗണിതശാസ്ത്ര പ്രസ്താവങ്ങളെയും അതിന്റെ തന്നെ സങ്കേതങ്ങള്‍ ഉപയോഗിച്ച് തെളിയിക്കാനാവില്ല എന്നും, അതിനുമപ്പുറം അത്തരം തെളിവുകള്‍ പ്രദാനം ചെയ്യുന്ന ആ ഭാഷാ വ്യവസ്ഥയുടെ തന്നെ സ്വയം പൊരുത്തത്തെ പോലും തെളിയിക്കാനാവില്ല എന്നും കര്‍ട്ട് ഗോഡല്‍ (Kurt Godel) തെളിയിക്കുകയുണ്ടായി. ലോജിക്കല്‍ പോസിറ്റീവിസത്തിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ഇത്. അദ്ധ്യാത്മികതയില്‍ നിന്ന് പൂര്‍ണമായും വിമുക്തമാക്കപ്പെട്ട ഭാഷ എന്ന വ്യാമോഹത്തിനുമുള്ള തിരിച്ചടിയായും ഇതിനെ വിലയിരുത്താം. സത്യം, തെളിവ്, സെമാന്റിക്‌സ്, അതിഭാഷ (metalanguage) എന്നിവയെ കുറിച്ച കൂടുതല്‍ വിചാരങ്ങളിലേക്ക്, ഭാഷ യൗക്തികമാണ് (logical) എന്ന പരികല്‍പനയില്‍ നിന്ന് കൊണ്ട് ചര്‍ച്ചകള്‍ പുരോഗമിച്ചു. ഇത് സ്വയം തന്നെ ഒരു വലിയ ചര്‍ച്ചാ വിഷയമാണ്. അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.

കാള്‍ പോപ്പര്‍ പോസിറ്റീവിസത്തെ വിമര്‍ശിച്ചത് അനുമാന യുക്തിയുടെ (induction) അടിസ്ഥാനത്തില്‍ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ഒരു സിദ്ധാന്തത്തെ സ്ഥിരീകരിക്കുന്നതിനെയാണ് (verification). അദ്ദേഹം, അതിനു പകരം മിഥ്യാകരണം (falsification) എന്ന രീതിശാസ്ത്രത്തെ ശാസ്ത്രീയം ആയി അവതരിപ്പിച്ചു. ഈ രീതിശാസ്ത്രം, ഏറ്റവും ആധികാരികമെന്ന് തോന്നുന്ന ശാസ്ത്രീയ സിദ്ധാന്തങ്ങളെയും കടപുഴക്കി എറിയുന്നതിനുള്ള സാധ്യതയെ നിലനിര്‍ത്തുന്നു എന്നതിനാല്‍, ഈയൊരര്‍ത്ഥത്തിലുള്ള വിപ്ലവാത്മകത ശാസ്ത്രത്തിനുള്ളില്‍ തന്നെ നിലനില്‍ക്കുന്നു എന്ന് വേണമെങ്കില്‍ പോപ്പറുടെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് പറയാം. തോമസ് കൂന്‍ (Thomas Kuhn) വാദിക്കുന്നതാവട്ടെ, ശാസ്ത്ര വിപ്ലവങ്ങള്‍ ശാസ്ത്രാതീതമായ കാരണങ്ങള്‍ കൊണ്ടുണ്ടാവുന്നതാണെന്നാണ്. ശാസ്ത്രീയ രീതിശാസ്ത്രത്തെയും അതു പോലെ തന്നെ ശാസ്ത്രത്തിന്റെ ഫിലോസഫിയെ കുറിച്ചും വേറെയും പലരും പലതും പറഞ്ഞിട്ടുണ്ട്. എല്ലാം, ഇവിടെ ചര്‍ച്ച ചെയ്യുന്നതിന് പരിമിതികളുണ്ട്.

തഫസ്സുല്‍ ഇജാസ്‌

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.