Home » Fiction » Short Story » കിതാബി

കിതാബി

മുഖദ്ദിമ
‘വിജ്ഞാന ദാഹിയും പൊതു കാര്യതത്പരനും സര്‍വ്വോപരി വിനയാന്വിതനുമായ ഈയുള്ളവന്‍ ഇനി മേല്‍ സ്വതന്ത്രനും ഉത്തരവാദിത്തപൂര്‍ണ്ണനും സാംസ്‌കാരിക പ്രബുദ്ധനും ആയിരിക്കുമെന്ന് സര്‍വ്വാത്മനാ അംഗീകരിക്കുകയും ഇതിനാല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു’വെന്ന വിളംബരം കൈ മുന്നോട്ട് ചുരുട്ടിപ്പിടിച്ച് ഉച്ചരിച്ച് കഴിഞ്ഞപ്പോള്‍ ചുറ്റും പെരുമഴ പോലെ ചിരിമുഴക്കം നിറയുന്നത് എന്റെ മനസ്സിനെ വല്ലാതെ കുളിരണിയിച്ചു. കാലങ്ങളായി മനസ്സില്‍ ചൊല്ലിയുറച്ച് വെച്ചിരുന്ന ഒരു തീരുമാനം വാക്കാല്‍ മൊഴിഞ്ഞപ്പോള്‍ ‘ഇനിമേല്‍’ എന്ന പ്രയോഗം വാക്യദേഹത്തില്‍ മുഴച്ചുനിന്നു.ലുങ്കിയും ചെളിപിടിച്ച കുപ്പായവുമണിഞ്ഞ് കെജ്രിവാളിന്റെ ചൂലുമായി സ്വച്ഛ് ഭാരതിനിറങ്ങിയ ഭാവിയുടെ വാഗ്ദാനങ്ങള്‍ കര്‍മ്മ നിരതരായിരുന്നു.ഈ ശുഗ് ലിനിറങ്ങുമ്പോള്‍ എന്തുകൊണ്ടോ ആകുലതയൊന്നുമുണ്ടായിരുന്നില്ല. ചില മുഖങ്ങളില്‍ വേദനയുടെ ലാഞ്ചനയുണ്ടായിരുന്നെങ്കിലും ബഹുഭൂരിപക്ഷവും ആഹഌദത്തിലായിരുന്നു.
കിതാബ് നോക്കിയോ, ഹല്ല് ചെയ്തിരുന്നോ, ശറഹ് നോക്കാന്‍ പറഞ്ഞിരുന്നില്ലേ, തുടങ്ങി നൂറായിരം ചോദ്യങ്ങള്‍ ഇല്ലായ്മയുടെ അനന്തതയിലേക്ക് മറഞ്ഞതുകൊണ്ടായിരിക്കണം പലരും മഗ്‌രിബ് നിസ്‌കരിക്കാന്‍ പോലും മറന്നിരുന്നു. ഇന്നലെ വരെ ഒരു മുന്‍കരുതലോടെ മാത്രം സമീപിച്ചിരുന്ന ഈ മുറി ഇന്ന് സ്വാതന്ത്ര്യത്തിന്റെ പറുദീസയായി മാറിയിരിക്കുന്നു.സമന്വയവിദ്യാഭ്യാസത്തിന്റെ ആധുനിക ഉത്പന്നങ്ങള്‍ എന്തു കൊണ്ടോ പഴമയുടെ രീതികളോട് വൈമുഖ്യം കാട്ടാന്‍ തുടങ്ങിയിരിക്കുന്നു.

അവ്വലായ ബാബ്
‘പണയമുതല്‍ കൈവശം വെക്കുമ്പോള്‍ മന്‍ഫഅത്ത് എടുക്കാമോ…. ചോദ്യം ക്ലാസില്‍ മുഴങ്ങിനിന്നു.അല്‍പനേരം നീണ്ടു നിന്ന നിശ്ശബ്ദതക്കൊടുവില്‍ പറ്റില്ല എന്ന മറുപടി പറഞ്ഞു.എന്താ തെളിവ് നസ്സ്വുണ്ടോ ….
പണി പാളിയെന്ന് ബോധ്യമായപ്പോള്‍ മെല്ലെ എഴുന്നേറ്റ് നിന്നു.നിശ്ശബ്ദതക്കൊടുവില്‍ ശൂന്യതയാണ് ഉത്തരം എന്ന് മനസ്സിലായപ്പോള്‍ അടുത്ത ഗുരുവചനം അടര്‍ന്നു വീണു.
ഇന്‍ഫിആലന്‍ മിന്‍ ഇന്‍ദീ പറയുകയാണല്ലേ… കിതാബില്‍ എനിക്കത് കാണിച്ചുതന്നിട്ടിരുന്നാല്‍ മതിആ പ്രഖ്യാപനം എന്റെ തിരുനെഞ്ചില്‍ മുഴങ്ങി.
വൈകുന്നേരം പുറത്ത് പോകാനും പാടില്ല- ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച അവസ്ഥ.ആത്മഗതങ്ങള്‍ തുരു തുരാ കിനിഞ്ഞുകൊണ്ടിരുന്നു.ഞാന്‍ ദയനീയ ഭാവത്തോടെ തല കുനിച്ച് നിന്നു.
കിതാബില്‍ ഇബാറത്ത് കാണിച്ചു കൊടുക്കുന്നതു വരെ മറ്റൊരു കാര്യവും ചെയ്യാന്‍ കഴിയില്ല എന്നുറപ്പായിരുന്നതു കൊണ്ട് കിതാബു നോക്കി നസ്സ്വും കൊണ്ട് വൈകുന്നേരം ഗുരുസന്നിധിയില്‍ പോയി ഒരു സിമ്പോസിയം തന്നെ നടത്തുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി.അറബി കിതാബിനെന്താണിത്ര പ്രത്യേകത-!.മറ്റു ഭാഷകളില്‍ എഴുതുന്ന പോലെ തന്നെയല്ലേ ഇതെല്ലാം!.എല്ലാ പുസ്തകങ്ങളും വായിക്കുന്നതു പോലെ അറബിയും വായിച്ചാല്‍ പോരേ- തുടങ്ങി ചോദ്യങ്ങളുടെ ഒരു നിര തന്നെ മനസ്സില്‍ നിറഞ്ഞു. അന്ന് പത്രം വായിച്ചില്ലല്ലോ എന്ന് ഞാന്‍ അപ്പോഴും പരിതപിച്ചിരുന്നു.

ബാബുന്‍ സാനീ;
യൂസുഫുല്‍ ഖറദാവി -ഉബ്ബാദുല്‍ ഇബാറ- എന്നു പറഞ്ഞതു വെറുതെയല്ല… എന്ന് ഒരു സഹപാഠി അപലപിക്കുന്നതു കേട്ടു. ഇബാറത്തിനെ ആരാധിക്കുന്നവര്‍ എന്ന ആ പ്രയോഗത്തില്‍ എന്റെ പല ചോദ്യങ്ങളും നിഴലിച്ചു നിന്നു.എന്തിനും ഏതിനും നഖ്‌ലും ഇബാറത്തും ചോദിക്കുന്നവര്‍ ഈ നാമധേയം അര്‍ഹിക്കുന്നില്ലേ എന്ന് സന്ദേഹിച്ചു.ആയിടക്കാണ് ഒരു ശില്‍പശാലക്ക് പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.പരിപാടിക്ക് പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ -താനെന്തു മുശാഅറക്കാടോ പോയത്?-എന്ന ചോദ്യത്തിന് -ശില്‍പശാല- എന്നു മറുപടി പറഞ്ഞു. -ശില്‍പശാല-ശില്‍പം എന്നാല്‍ പ്രതിമ എന്നല്ലേ? അതില്‍ നമുക്കെന്തു ഫാഇദ?-
അത് കവികളുടെ കൂടിയിരിപ്പാണ്- എന്ന് മറുപടി നല്‍കി.
അപ്പോള്‍ താന്‍ ഒരു കവിയാണ് അല്ലേ?
നിശ്ശബ്ദനായി നിന്നപ്പോള്‍ അടുത്ത വാക്യം:
-ഏതായാലും ദര്‍സിന് എന്നെ വന്ന് കാണുക, ഇന്നലെ എടുത്ത സബ്ഖ് ഞാന്‍ ചോദിക്കും-
പാഠം നോക്കിക്കഴിഞ്ഞ് പത്രം വായിക്കാന്‍ പോയത് ഭയത്തോടെയായിരുന്നു.ഏതായാലും ഭയപ്പെട്ടതു തന്നെ സംഭവിച്ചു.കൃത്യമായി ഗുരു എന്നെക്കണ്ടു!!!. അന്ന് വിശാലമായ സമയം കിതാബ് സെമിനാറിനായി മാറ്റി വെച്ച് വിശദ അപഗ്രഥനം നടത്തി. അന്ന് സംതൃപ്തനായി ആ വരാന്തയിലൂടെ തിരിച്ച് നടക്കുമ്പോള്‍ ഞാന്‍ അന്നത്തെ സ്‌പോര്‍ട്‌സ് പേജ് ഓര്‍ത്തെടുക്കുകയായിരുന്നു.

മൂന്നാം ബാബ്:
റജാ ഗരേഡിയും റജി ഫാറൂഖിയും ദാന്തെയും ഫൂക്കോയുമുള്ള അക്കാദമിക ലോകം എന്തു കൊണ്ടോ എന്റെ ഗുരു മുഖവിലക്കെടുത്തിരുന്നില്ല. അറബി ഗ്രന്ഥങ്ങളും മറ്റ് ഗ്രന്ഥങ്ങളും തമ്മില്‍ അത്ഭുതകരമായ അന്തരമുണ്ടെന്നു വിശ്വസിക്കാന്‍ എന്തു കൊണ്ടോ എനിക്കായില്ല. ഈ പുരാതന ഗ്രന്ഥങ്ങളെക്കാള്‍ ആധുനിക ഗ്രന്ഥങ്ങള്‍ക്ക് മൂല്യമുണ്ടാകാം എന്നു വാദിച്ചിരുന്ന സുഹൃത്ത് അപ്പോഴും ഒരു മലയാള നോവല്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു.ഞാന്‍ ഉണ്ടാക്കി വെക്കുന്ന ഓരോ അബദ്ധങ്ങള്‍ക്കുമ നഖ്‌ലുകളിലൂടെയും ഇബാറത്തുകളിലൂടെയും നസ്സ്വുകളിലൂടെയും ഓട്ട പ്രദക്ഷിണം നടത്തിക്കൊണ്ടിരുന്നു.ഇശ്കാലുകളുടെയും ഇഅ്തിറാളുകളുടെയും വാതിലിനിപ്പുറം നിന്ന് ഞാന്‍ സന്ദേഹപ്പെട്ടു കൊണ്ടിരുന്നപ്പോഴും മത്‌നിന്റെ പരുപരുത്ത ആശയങ്ങള്‍ എന്നില്‍ ആവേശിച്ചു കൊണ്ടിരുന്നു.
വിട്ടുവീഴ്ചയില്ലാത്ത കണിശതയുടെ ആള്‍രൂപമായി മുന്നിലവതരിച്ച ഗുരു വര്യര്‍ ഞാനാകുന്ന തുമ്പിയെക്കൊണ്ട് ഹജറെടുപ്പിച്ച് കൊണ്ടിരുന്നു.
സാലിബ കുല്ലിയും മൂജബ ജുസ്ഇയും നിറഞ്ഞാടിയ ഒരു പിരീഡ് നഫ്‌സുല്‍ അംറ് മനസ്സിലാക്കാതെ ഞാന്‍ മയങ്ങിപ്പോയി.അത് കൃത്യമായി രിവായത്ത് ചെയ്ത് മന്‍ഥിഖിന്റെ മുറക്കബ് ബസീഥകളിലൂടെ ഒരു സമഗ്ര അന്വേഷണ പഠനം നടപ്പിലാക്കുന്നതില്‍ ഗുരുവര്യന്‍ വിജയം കണ്ടെത്തി.അപ്പോഴും എന്റെ മുന്നില്‍ ജവാബില്ലാത്ത ഇശ്കാലുകള്‍ മാത്രമായിരുന്നു.

അല്‍ ഖാതിമ
യാദൃശ്ചികമായി ഉംറക്ക് പോകാന്‍ അവസരം ലഭിച്ചപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ,സിലബസു തീര്‍ക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കിതാബ് തിരിയുന്ന മുതഅല്ലിമുകളെ ഏല്‍പ്പിച്ച് പ്രിയപ്പെട്ട ഗുരുവര്യന്‍ ലീവെടുത്തതാണ് അപ്രതീക്ഷിതമായി സ്വാതന്ത്ര്യം എന്ന ആകാശം ഞങ്ങള്‍ക്കു മുന്നില്‍ തുറക്കപ്പെടാന്‍ കാരണം.സാധാരണ ക്ലീനിംഗ് സപര്യകളെപ്പോലെ ക്വിന്റലു കണക്കിന് ചോദ്യങ്ങള്‍ മുന്നില്‍ കുടഞ്ഞിടാന്‍ ആരുമില്ലാത്തതു കൊണ്ടാകണം നേരം വൈകിയിട്ടും ക്ലാസില്‍ പോകാന്‍ ആരും തിടുക്കം കാട്ടാത്തത്.ഗുരുവിന്റെ മേശപ്പുറത്ത വൃത്തിയായി അടുക്കി വെച്ചിരുന്ന കിതാബുകള്‍ തൊടാന്‍ എന്തു കൊണ്ടോ ആരും ധൈര്യപ്പെട്ടില്ല.ഗുരുശ്രേഷ്ഠര്‍ പൊന്നു പോലെ സൂക്ഷിക്കുന്ന പുസ്തക നിധിയുടെ സ്ഥാനചലനം പോലും ശിഷ്യര്‍ക്ക് അസഹനീയമത്രെ.!!!
ആരും അടുക്കാന്‍ ധൈര്യപ്പെടാത്ത ആ പുസ്തക ശേഖരത്തിന്റെയടുത്തേക്ക് ഞാന്‍ കാലുകള്‍ പതുക്കെ മുന്നോട്ടു വെച്ചു.വംഗസാഗരത്തില്‍ നിന്നും മധ്യ ധരണ്യാഴിയിലേക്ക് കാറ്റും കോളും അതിജീവിച്ച് നീങ്ങുന്ന നാവികനെപ്പോലെ ഞാന്‍ മുന്നോട്ടു നീങ്ങുമ്പോള്‍ അതീന്ദ്രിയമായ ഏതോ ശക്തി എന്നെ പിന്നോട്ടു വലിക്കുന്ന പോലെ തോന്നി.കിതാബുകള്‍ക്കു മുന്നില്‍ കയ്യെത്തും ദൂരത്തെത്തി നിന്നപ്പോള്‍ ഞാനൊന്നു പകച്ചു നിന്നു.
ആ കിതാബുകള്‍ സ്പര്‍ശിച്ചപ്പോള്‍ ചിരപുരാതനമായ ഏതോ ഒരു കമ്പനം എന്റെ ഞരമ്പുകളിലൂടെ വിദ്യുത് പ്രവാഹമായി കടന്നു പോയി. അക്കൂട്ടത്തില്‍ ഏറ്റവും ആദ്യമുണ്ടായിരുന്ന കിതാബിന്റെ പുറംചട്ട ഞാന്‍ മറിച്ച് നോക്കി. പെട്ടെന്ന് അതില്‍ നിന്നും അക്ഷരങ്ങള്‍ പ്രകാശമായി ഉയര്‍ന്നു പൊങ്ങി എന്നെ പൊതിഞ്ഞു.പുരാതനമായ എണ്ണവിളക്കിനു ചുറ്റും തങ്ങി നിന്നിരുന്ന വെളിച്ചത്തിന്റെ ചൂടും കരുന്തിരിയുടെ വാസനയും അന്നേരം എന്നെ പുണര്‍ന്നു നിന്നു.മുന്നില്‍ പ്രകാശം പരത്തുന്ന ഗുരുമുഖം തെളിഞ്ഞ് വന്നു.ആ കണ്ണുകളിലെ തിളക്കം എന്റെ ഹൃദയത്തില്‍ വന്നലച്ചു.യുഗാന്തരങ്ങള്‍ക്ക് അറിവിന്റെ നെയ്ത്തിരിയേകിയ അനേകായിരം ആത്മീയഗുരുക്കന്മാരുടെ ദിവ്യസദസ്സുകളിലൂടെ ഞാന്‍ കാലപ്രയാണം നടത്തി.വൃക്ഷം പ്രകാശം നല്‍കിയ നേരം നവവി ഇമാം പൊഴിച്ച പുഞ്ചിരിയും ആത്മീയതയുടെ ഹൃദയാരണ്യകം തീര്‍ത്തു വെച്ച ഗസാലി ഇമാമിന്റെ പ്രസന്ന വദനവും എനിക്കു മുന്നില്‍ അനാവൃതമായി.നേരിന്റെ തെളിമ പരത്തുന്ന ജ്യോതിസ്സുകള്‍ക്കു മുന്നിലൂടെ അനുനിമിഷം ഞാന്‍ കടന്നു പോകുകയായിരുന്നു. എന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകുമ്പോള്‍ സന്ദേഹങ്ങളുടെ അസ്ഥിപഞ്ജരം ഞെരിഞ്ഞമരുന്നത് ഞാനറിഞ്ഞു.നൂറ്റാണ്ടുകളുടെ ഓളപ്പരപ്പിലൂടെ ആത്മാവിന്റെ ദിവ്യപ്രയാണം നടത്തി ഞാന്‍ ഈന്തപ്പനയുടെ മേല്‍ക്കൂരക്കു കീഴില്‍ ഉര്‍വരത വരക്കുന്ന ത്യാഗത്തിന്റെ ഗുരു രൂപം കണ്ടെത്തി.തേജോമയമായ അവിടത്തെ അധരങ്ങളില്‍ നിന്നും ലാവണ്യത്തിന്റെ വാക്കുകള്‍ അടര്‍ന്നു വീഴുമ്പോള്‍ മുന്നിലുള്ള വിദ്യാര്‍ഥി വൃന്ദം നിശ്ചലരായിരുന്ന് സത്യത്തിന്റെ അധ്യാപനങ്ങള്‍ സാകൂതം ശ്രവിക്കുന്നത് കണ്ട് ഞാന്‍ മിഴിച്ച് നിന്നു. അര്‍ഥസമ്പന്നമായ ആ വാക്കുകള്‍ക്കും പ്രഭ പൊഴിക്കുന്ന ആ മിഴികള്‍ക്കും മുന്നില്‍ എന്റെ സന്ദേഹങ്ങളുടെ കറുത്ത മെഴുകുപദങ്ങള്‍ ഉരുകിയൊലിച്ചു. ആ ഗുരുവിന്റെ ആത്മീയ മിഅ#്‌റാജിനു മുന്നില്‍ ദൈവിക ദീപ്തമായ പ്രഭ വിളങ്ങി നിന്നപ്പോള്‍,സ്ഥലകാലങ്ങളുടെ വര്‍ത്തമാനം പെട്ടെന്ന് പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറത്തേക്ക് എന്നെ നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞു. അന്നേരം അക്ഷരപ്രഭ പൊഴിക്കുന്ന അക്ഷയ ഖനിക്കു മുന്നില്‍ ഞാന്‍ സ്വയം മറന്ന് നില്‍ക്കയാണെന്ന യാഥാര്‍ഥ്യം എന്റെ ബോധമണ്ഡലത്തെ വര്‍ത്തമാനത്തിലേക്ക് വലിച്ചിട്ടു.തുറക്കപ്പെട്ട പുറംചട്ട വലിച്ചടക്കാന്‍ എനിക്കായില്ല.ഞാന്‍ യാന്ത്രികമായി അടുത്ത ഏട് മറിച്ചിട്ടു.അനന്തമായ പ്രകാശധാര എന്റയുള്ളിലേക്ക് ഒഴുകുന്നത് ഞാനറിഞ്ഞു.
അക്ഷരങ്ങള്‍ എനിക്കു മുന്നില്‍ തെളിഞ്ഞു വന്നു: അല്‍ മുഖദ്ദിമ

Editor Thelicham

Thelicham monthly

Add comment