വർഷങ്ങൾക്കു
ശേഷമാവും,
പ്രണയ നൂലറ്റു പോയൊരാൾ
വാവൂരങ്ങാടിയിൽ
ബസ്സിറങ്ങുന്നത്
നോട്ടക്കാരോടൊക്കെ
വല്ലിമ്മച്ചി മരിക്കും മുമ്പ് പറഞ്ഞ് തന്ന
പുഴകളുടെ കിതപ്പുകൾ മാത്രം
തേടി വന്നതാണെന്ന്
പച്ചക്ക് നുണക്കും
സേതു പറഞ്ഞ അടയാളങ്ങളുടെ
കണക്കു വെച്ച്,
മുടിയിഴകൾ
പിന്നിലോട്ട് കെട്ടിവെച്ച
നീലപ്പൊട്ടുള്ള തട്ടക്കാരികളോട്
മാത്രമാവും
നീയായിരുന്നോ
അയാളുടെ കവിതകളിലെ
മത്ത് പിടിപ്പിക്കുന്ന
പെൺകുട്ടിയെന്ന്
തിരക്കുന്നത്.
അതേതവളെന്ന്
തല ചൊറിയുന്ന
മദ്രസക്കുട്ടികളുടെ
മര സ്ലേറ്റിൽ മാത്രം
“ലൂമി”യെന്ന്
വരക്കും .
ഇത് കണ്ടു
തിരക്കു പിടിച്ചു വരുന്ന
തിരകളെങ്ങാനും
അതിനു ശേഷമെത്ര
കണികണ്ടു,
കോടിയുടുത്തു,
പൂക്കളിട്ടുവെന്നു
പറയാൻ വരട്ടെ,
അയാളിപ്പോഴും
കള്ളക്കവി ചമഞ്ഞു
അറഞ്ചം പൊറഞ്ചം
വട്ടു പാട്ടുകൾ എഴുതിക്കൊണ്ടിരിക്കുന്ന
മാറിലെ മുദ്ര നീട്ടും.
മുച്ചുണ്ട് മുറിച്ച പോലെ
നീല
മൂന്ന് വരകൾ
ഉമ്മറത്തിരുന്ന്
ഒക്കത്തെ കുഞ്ഞിന്
മുല ചുരത്തി
എനിക്കങ്ങനൊരാളെ വശമില്ലെന്ന്
പറയാൻ ഭാവിക്കവെ
ഉമ്മ വെച്ച വരകളോർത്ത്
കുഞ്ഞു വേണ്ടെന്ന് കണ്ണടച്ചു
കൊട്ടകക്കുട്ടികൾ
ഓടി വരുന്നു
“ലൂമിനെയൊരാളന്വേഷിക്കുന്നുണ്ട് ..”.
ആ തരിപ്പിന്റെ നിൽപ്പിൽ
മഴയേറ്റ പുസ്തകങ്ങളൊക്കെയും
താള് കീറി
സ്വർഗക്കുന്നുകൾ മൂടുന്നത് കണ്ട്
കഥ പറയുന്ന മിനാരങ്ങളിലെ
നീളൻ ചെവിയുള്ള ജിന്നുകൾക്ക്
വസൂരി പിടിക്കും.
നേർച്ചപ്പെട്ടി മറിഞ്ഞൊഴുകി,
കലങ്ങിയ തോട് നിറയെ കണ്ണീര് തുപ്പി,
ഇത് വരെ മുളച്ച പെൺ വേരുകളെല്ലാം നിശ്ചലമായി,
വിലാസമില്ലാത്ത കത്തുകളും
വലിച്ചു തീർത്ത
പുകകളുമെല്ലാം കൂടി
കുര വന്നിട്ടും
ചിറകടിച്ചു പോയ മോഹങ്ങളോടൊപ്പം
തിരികെ വന്നു കൊമ്പിലിരുന്ന്
ഏറ്റു പാടും
അന്ന് വീണ്ടും
നുണക്കുഴികൾ വിടർത്തി
ബോഞ്ചോയുടെ തേവിടിശ്ശിക്കഥയിലെ പഴയ പെൺകുട്ടി
കൊത്തം കല്ല് കളിക്കും.
ചുറ്റുമുള്ള കളിക്കാരെല്ലാം
സ്വന്തക്കളി കളിക്കുമ്പോൾ
പറ്റിക്കപ്പെടാത്ത പ്രണയത്തിന്റെ
അരികു പറ്റി
പുഞ്ചിരി വീഞ്ഞുകൾ മൊത്തിക്കുടിച്ചു
ഒരു വട്ടം കൂടിയാ കവിതയൊന്നു ചൊല്ലൂ..
എന്നിലുണ്ടായതെല്ലാം പേടിയിൽ കുതിർന്ന
നാടകങ്ങളായിരുന്നുവെന്ന്
ശുദ്ധമായി
തല തുവർത്തും.
നമ്മളാൽ പിണഞ്ഞ അബദ്ധങ്ങളുടെ ചീളുകൾ
അടുക്കി വെക്കുന്ന
നേരങ്ങൾക്കിടയിലെവിടെയൊ
കടന്നു പോകുന്ന ബസ്സിനിടയിൽ
അയാൾ മറഞ്ഞിരിക്കും.
ആരാന്റെ കള്ളി നിറച്ചവള് പിന്നെയും തോൽക്കും.
മുടി കത്രിച്ചു
വിറക്കുന്ന പ്രണയത്തെ
രാകുന്ന മഴത്തണ്ടുകൾ കൊണ്ട്
നാളെ വലുതാകുമെന്ന് പറഞ്ഞ കുട്ടിപ്പാന്റെ സ്ലേറ്റിൽ
അവള് വീണ്ടും
നീലപ്പൊട്ടെഴുതും.
Add comment