തിളച്ചൊഴുകുന്ന ഉപ്പുവെള്ളം ചൂണ്ടുവിരല്‍ കൊണ്ട് താളത്തില്‍ വടിച്ചു കളഞ്ഞ് മീരാന്‍ മാവിന്‍ ചുവട്ടിലേക്ക് നീങ്ങിയിരുന്ന് ഹെല്‍പ്പര്‍ ദാമോദറിനെയും ത്രിപാഠിയെയും തണുത്താറിയ സുപ്രയിലേക്ക് ക്ഷണിച്ചു. കൊണ്ടോട്ടിയിലെ പേരുകേട്ട കല്‍പ്പടവുകാരനാണ് മീരാന്‍കോയ.പതിനൊന്നാം വയസ്സില്‍ വാപ്പ മരിച്ച് രണ്ടു വര്‍ഷത്തിനുശേഷം സ്‌കൂളും ബേപ്പൂര്‍ കടപ്പുറവും വിട്ടിറങ്ങി ഉമ്മയോടൊപ്പം കൊണ്ടോട്ടിയിലെ ചെങ്കല്‍ ക്വാറിയുടെ പരിസരത്തേക്ക് കുടിയേറിയ മീരാന്‍ പിന്നീടിങ്ങോട്ട് ഇരുപത്തിയൊന്ന് വര്‍ഷക്കാലയളവില്‍ കല്ലുവെട്ടുകാരനില്‍ നിന്നും പടവുകാരനിലേക്കും പിന്നീട് പത്തോളം പേര്‍ കീഴില്‍ പണിയെടുക്കുന്ന കോണ്‍ട്രാക്ടറിലേക്കും വളരുകയായിരുന്നു. മീനവെയില്‍ ചുട്ടു തുടങ്ങിയ കഷണ്ടിത്തലയെ ചാക്കുകെട്ട് കൊണ്ട് മറക്കുന്നതിനിടയില്‍ സൂര്യനെ നോക്കി കാഴ്ച പച്ചയായ ദാമോദര്‍ ക്ഷീണത്തിന്റെ വാക്ക് കെട്ടഴിച്ചു.
‘മൊയലാളി എന്തൊരു ചൂട് ! ‘
തലയിലെ സിമന്റ് ചാക്ക് കെട്ട് മുറുക്കി വെന്ത വെള്ളം തുപ്പുന്ന ഇരുമ്പ് പൈപ്പിന് താഴെ മുഖം കാണിച്ചു. ചൂടും തണുപ്പും എത്ര കണ്ടതാണെന്ന ഭാവത്തില്‍ ഈ വക ചര്‍ച്ചകള്‍ക്ക് കാതു കൊടുക്കാതെ ത്രിപാഠി പച്ച ചോറില്‍ പുളിഞ്ചി കുഴച്ച് വായിലിടുന്നത് കണ്ട മീരാന്‍ സുപ്രയില്‍ ചമ്രം പടിഞ്ഞിരുന്നു ഭക്ഷണം കഴിക്കാന്‍ മനസ്ഥിതി വരുത്തി. ഓരോ ഉരുള കുഴച്ചെടുക്കുമ്പോഴും ഹോട്ടല്‍ ജീവനക്കാരന്‍ പോക്കറിന്റെ കൈയിലെ കുഴിനഖം അയാളില്‍ ഒക്കാനമുണ്ടാക്കി. പുളിഞ്ചി കണ്ടാല്‍ ചോറ് തിന്നാന്‍ ആര്‍ത്തി പിടിക്കുന്ന ആമിറയുടെ ആഗ്രഹത്തെ അബുവിന്റെ വീര്‍ത്തു വരുന്ന ഭ്രൂണരൂപം ഉന്തി തള്ളി അകത്താക്കിയതിനേക്കാള്‍ കടുപ്പമുള്ള പുളിഞ്ചി വെള്ളത്തിന്റെ രൂപത്തില്‍ പൂര്‍വാധികം മഞ്ഞയോടെ ‘ബേ’ എന്ന കനത്ത ശബ്ദത്തോടെ പുറത്തു വിട്ട ഇണയുടെ ഗര്‍ഭ കാലം പാത്രത്തില്‍ പ്രതിഫലിച്ചു കണ്ടപ്പോള്‍ മീരാന്‍ സുപ്ര വിട്ടെഴുന്നേറ്റു. പൈപ്പിന് കീഴില്‍ തല കുമ്പിട്ട് ജലത്തിനുമേല്‍ ജലപാനം ചെയ്തു. മനുഷ്യ ശരീരത്തിലെ കുംഭയില്‍ പുളിച്ചു കിടക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിനെ കൂടുതല്‍ കൂടുതല്‍ നിര്‍വീര്യമാക്കുകയും തദവസരം മുതല്‍ മണിക്കൂറില്‍ ഒന്നെന്ന നിലയ്ക്ക് ബലമില്ലാത്ത സഞ്ചി മൂലം യൂറിനേറ്റ് ചെയ്യാന്‍ പോവുകയും ചെയ്തു. ഏതു മനം പിരട്ടലിനിടയിലും തൊടിയില്‍ മടക്കിയിരിക്കുമ്പോള്‍ അയാള്‍ പ്രത്യേക സംതൃപ്തി അനുഭവിക്കാറുണ്ട്. ആദിമ മനുഷ്യന്‍ മുതല്‍ ഇന്നുവരെ ജനിച്ചു മരിച്ച പരസഹസ്രം കോടി മനുഷ്യര്‍ അനുഭവിച്ചാസ്വദിച്ച അതേ വികാരം.
കുമ്മായം കൂട്ടുന്നതിനിടയില്‍ തൃപാഠി ജലയളവ് തെറ്റിച്ചെന്ന് പറഞ്ഞ് ദാമോദര്‍ രണ്ടുമൂന്ന് തവണ മീരാന്റെ അസാന്നിധ്യത്തില്‍ മുതലാളി കുപ്പായമിട്ടു.എന്നിട്ടും കൂട്ട് ശരിയാവാതെ കുമ്മായം ചളിപ്പളാ നിന്നതിനാല്‍ ഇനിയെന്തൊക്കെ പുകില് കേള്‍ക്കണമെന്ന ഭാവത്തില്‍ അതിഥി തൊഴിലാളി അരക്കെട്ട് അഴിച്ചു മഞ്ഞ നിറം മങ്ങിയ ഹാന്‍സ് പാക്കറ്റ് തുറന്ന് ഇടത്തെ കവിള്‍ ഫില്‍ ചെയ്തു. ലേശം ദാമോദറിനു നീട്ടി. കെട്ട മണം എന്ന് പറഞ്ഞ് കെട്ട്യോള് തൊണ്ട കീറും എന്നറിയാമെങ്കിലും ഞരമ്പുകളുടെ സുഖമുള്ള ഉത്തേജനം മനസ്സിലൂടെ പാഞ്ഞപ്പോള്‍ ദാമോദറിന്റെ കൈ നീണ്ടു ഒരു പിടി പോലയുമായി ദ്രുതഗതിയില്‍ ഇടത്തേ കവിളിലേക്ക് പാഞ്ഞു. തൊഴിലാളികളുടെ പലരുടെയും വീര്‍ത്ത അരക്കെട്ടു രഹസ്യത്തില്‍ മഞ്ഞ പാക്കറ്റ് ഞെരിഞ്ഞിരിക്കുന്നത് അയാള്‍ കൊതിയോടെ നോക്കാറുണ്ട്.
‘ ഹംഖേളേ… അന്റെ തലേലൊക്കെ ന്താ.’
മെഷീന്‍ കല്ലുകള്‍ക്കിടയില്‍ കുമ്മായം സെറ്റ് ചെയ്യുന്നതിനിടയില്‍ പുതിയതായി കൂട്ടിയെടുത്ത കുമ്മായത്തിന്റെ കോലം കണ്ട മീരാന്‍ പതിവു ശൈലിയില്‍ ഞൊടിഞ്ഞു.ചെമ്മണ്ണ് പുരണ്ട ദേഹം പതിവിലധികം വിയര്‍ത്ത് ചാലിട്ടൊഴുകുന്നത് പൊടുവണ്ണി ഇല കൊണ്ട് ഇടക്കിടെ തുടച്ചിടുന്നതിനിടയില്‍ അശുഭകരമായ കുറ്റിചൂളന്റെ ശബ്ദമനുകരിച്ചതിന് ഇത്തവണ തൃപാഠിയെ വാക്കു പറയാന്‍ അയാള്‍ക്ക് തോന്നിയില്ല.അതിഥി തൊഴിലാളിയുടെ അസാധാരണ കൂകി വിളിക്കു മുന്നില്‍ ആ ശരീരം ചെറുതായി വിറക്കുന്നത് ആരും ശ്രദ്ധിച്ചതുമില്ല. വൈകുന്നേരം കൂലി വാങ്ങി പണിക്കാര്‍ പിരിഞ്ഞിട്ടും അയാള്‍ പണിതീരാത്ത ചെങ്കല്ല് നിര്‍മ്മിതിയെ നോക്കിയിരുന്നു.
ഓരോ മിനുത്ത കല്ലുകളിലും തന്റെ ജീവകോശങ്ങളുടെ അഭിവൃദ്ധി ഘട്ടങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലും പുറത്തേക്ക് തെറിച്ച കുമ്മായ ശകലങ്ങള്‍ അശുഭകരമായ ചിന്തകള്‍ പടച്ചുവിട്ടു. കണ്ണില്‍ ചെങ്കല്ലു നിര്‍മിതിയും മനസ്സില്‍ അഹിത ചിന്തകളും ഒരുമിച്ച് വന്നു നിന്നു. ഗതകാലമനന സഞ്ചാരങ്ങള്‍ക്ക് ശേഷമാണ് അന്ന് അയാള്‍ വീട്ടിലേക്ക് പോയത്. പണി കഴിഞ്ഞാല്‍ വീടിന് പുറമെ കൊണ്ടോട്ടിയില്‍ അയാള്‍ മനസ്സുതുറന്ന് സംവദിക്കുന്നത് മലഞ്ചരക്ക് വ്യാപാരിയായ ദേവസിയോട് മാത്രമാണ്. നേരമെത്ര ഇരുട്ടിയാലും വീടണയുന്നതിന് മുമ്പേ ‘മലഞ്ചരക്ക് വ്യാപാരം’എന്ന പച്ച ബോര്‍ഡിന് കീഴില്‍ അവര്‍ രാഷ്ട്രീയം പറഞ്ഞിരിക്കും. യൂണിഫോം സിവില്‍ കോഡും സി.എ.എയും ഇലക്ട്രല്‍ ബോണ്ടും കുംഭ മേളയും വ്യാഖ്യാനങ്ങളുടെ അനന്ത സാധ്യതയിലേക്കും ആശങ്കയുടെ മരിയാനാ ട്രഞ്ചിലേക്കും സഞ്ചരിക്കും. സി.ഐ.എ വിജ്ഞാപനം പുറത്തിറക്കിയ ദിവസം വൈകി വന്ന കൂട്ടുകാരന്റെ കുറിപ്പ് മീരാനെ കടത്തിണ്ണയില്‍ കാത്തിരുന്നു.
കോയ അറിയുവാന്‍,
ഇച്ച് ഈ ജീവിതം മടുത്ത്.നാട്ടില്‍ നിക്കാന്‍ തോന്നണില്ല.മനുഷ്യനെ കാണാന്‍ കഴിയണ കണ്ണുണ്ട് ഇച്ച്‌പ്പോ.അത് കൂടി ഇല്ലാണ്ടാക്ണ മുമ്പ് പോട്ടെ. കാണാന്‍ പൂതി വന്നാല്‍ നീ ഒറ്റക്ക് വരിക.സമാധി ആയില്ലേല് ഹിമാലയത്തിനടിയില്‍ ദിഗംബരനായി ഞാന്‍ ഉണ്ടാവും.
എന്ന് ദേവസി
ഒപ്പ്

അരാഷ്ട്രീയതയുടെ കെട്ട കാലത്തെ രാഷ്ട്രീയമുള്ള മനുഷ്യനെ നഷ്ടപ്പെട്ട വേദനയില്‍ അന്ന് പഞ്ചായത്ത് കുളത്തില്‍ ദുര്‍ഭൂതങ്ങളോട് വെള്ളത്തില്‍ തന്നെ ആഴ്ത്തണമെന്ന് കുളിക്കുമ്പോള്‍ മീരാന്‍ കേണുപറഞ്ഞു. അപ്പോഴെല്ലാം’ജീവിച്ചു കഷ്ടപ്പെടെ ടോ’ എന്ന് പറഞ്ഞ് ഓരോ നിമിഷവും കുളത്തിലെ പച്ചവെള്ളം അയാളെ തഴുകി നോവിച്ചു.അലക്കു സോപ്പിന്റെ മണമുള്ള വെള്ളത്തില്‍ കലങ്ങിയ ജീവിതത്തിന്റെ ഓളപ്പരപ്പുകള്‍ ഗോചരമായി.സ്‌നാനാനന്തരം വേദനിക്കുന്ന മനസ്സുമായിട്ട് മീരാന്‍ വീട്ടിലേക്കു നടന്നു.
രാത്രി കനക്കുന്നതോടെ ബേപ്പൂരിലെ കരി മണലില്‍ ഒഴുകി നടക്കുന്ന നിശാകൃമികളുടെ മാനസിക വൈകൃതത്തിന്റെ എണ്ണം പറഞ്ഞ ഇരകളിലൊരാളായിരുന്നു മീരാന്റെ പിതാവ് ബാപ്പു. കടലിന്റെ തിരമാലയാണ് മുക്കുവന്റെ ഹൃദയ സ്പന്ദനത്തിന്റെ രാഗമെന്ന് അയാള്‍ പറഞ്ഞു പഠിച്ചു. വായനയില്‍ കമ്പം കേറിയ മുപ്പത്തഞ്ചുകളില്‍ കയ്യില്‍ കിട്ടിയതെല്ലാം പെറുക്കി വായിച്ചു. കടലെഴുത്തുകളാണ് അയാളെ കൂടുതല്‍ ത്രസിപ്പിച്ചത്. തകഴിയുടെ തോട്ടി വായിച്ച മുതല്‍ അടിയാള വര്‍ഗത്തിന്റെ കടപ്പുറ ശബ്ദമായി മാറിയ ബാപ്പു രണ്ടായിരത്തി പതിനൊന്നില്‍ ചെമ്മീന്‍ വായിച്ചതോടെ തകഴിയോട് ആശയ യുദ്ധം പ്രഖ്യാപിച്ചു. കടലമ്മയെ കാലനാക്കുന്ന തകഴിസ്റ്റ് ചിന്താഗതിയെ നഖശിഖാന്തം ഖണ്ഡിച്ചു സംസാരിച്ചു. ഇക്കാലയളവിലാണ് ക.ക.സ(കടപ്പുറം കലാ സാഹിത്യ സംഘം)യുടെ എന്ന് കരുതപ്പെടുന്ന ഊമക്കത്ത് ബാപ്പുവിന് കിട്ടുന്നതും ഉമ്മ വീടിന്റെ മുമ്പറത്ത് ബദ്രീങ്ങളുടെ പേരുകള്‍ കാവലിനെന്നോണം ഫ്രെയിം ചെയ്ത് തൂക്കുന്നതും.എന്നിട്ടും രണ്ടാഴ്ച്ച പിന്നിട്ടപ്പോള്‍ നിഗൂഢതകളൊളിപ്പിച്ചു ബാപ്പു കടപ്പുറത്ത് നിന്ന് അപ്രത്യക്ഷനായി.
കടലുമായി അത്രകണ്ട് ഇണങ്ങിയില്ലാത്ത ഉമ്മയുടെ കൈപ്പിടിച്ച് ഒന്‍പത് വയസ്സ് പ്രായമുള്ള യു.പി സ്‌കൂളില്‍ പോയിത്തുടങ്ങിയ മീരാന്‍ പുതുമണമുള്ള സ്‌കൂള്‍ ബാഗില്‍ അവശ്യസാധനങ്ങളും വസ്ത്രങ്ങളും തിരുകി ഒന്നു രണ്ടു വര്‍ഷം രക്തബന്ധവും വായബന്ധവും ഉള്ളവരുടെ വീടുകളില്‍ കയറിയിറങ്ങി അവസാനം ഇതൊരു വല്ലാത്ത ബാധ്യതയായി പോകുമല്ലോ എന്ന് കണ്ണിലൂടെയും ആംഗ്യങ്ങളിലൂടെയും ചിലപ്പോള്‍ വാക്കുകളിലൂടെയും പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ അലഞ്ഞൊരു ക്വാറി പരിസരം വന്നുചേര്‍ന്നു. പിന്നീടിങ്ങോട്ട് ആ ക്വാറിയില്‍ ആണ്‍ തൊഴിലാളിയെപ്പോലെ വേലയെടുത്ത് പെണ്‍ തൊഴിലാളിയുടെ കൂലി വാങ്ങി ഉമ്മ രണ്ടുപേരുടെയും വയറിനെ ഊട്ടി. പ്രായത്തിന് വെല്ലുന്ന കൂന ഉമ്മയുടെ മുതുകില്‍ ഉയര്‍ന്നപ്പോള്‍ മീരാന്‍ തുണി മടക്കി കുത്തി വെയിലില്‍ ഉരുകി.അത് കട്ടച്ച ദൃഢമുള്ള അര്‍ജ്ജുന ശരീരമായി പരുവപ്പെട്ടു.കയ്യില്‍ പണം എത്തി കാലുറച്ചപ്പോള്‍ ഭംഗിയുള്ള ഒരു കൂടു വെച്ചു. വരത്തന്‍ ആണെങ്കിലും ആള് കേമനാണെന്ന അഡ്രസ്സില്‍ ആലോചനകള്‍ അയാള്‍ക്ക് മുന്നില്‍ ക്യൂ നിന്നു. ഉമ്മാക്ക് പറ്റിയ പോലെ എടുത്തോ എന്ന് പറഞ്ഞു അയാള്‍ ഊഴമെറിഞ്ഞു.’കുഞ്ഞോ…’
ഉമ്മയുടെ വിക്കിയ വിളി വാതില്‍ പാളിലൂടെ കടന്നുവന്നു. നോക്കാന്‍ ഏല്‍പ്പിച്ച ചേച്ചി പോയിട്ടുണ്ടാവണം. ഉമ്മയുടെ മുറിയില്‍ കയറുമ്പോള്‍ തനിച്ച് താമസിക്കുന്ന ഇണയുടേയും മക്കളുടേയും അഭാവം അയാളെ വല്ലാതെ അസ്വസ്ഥപ്പെടുത്തി.
‘ഉമ്മാടെ ചങ്കില് ഒരു കുടുക്ക് ഒന്നൊന്നര മാസായി… ഇപ്പോ വല്ലാത്ത വേന’
അസാധാരണമായി തൊണ്ടയില്‍ പൊന്തിവന്ന മുഴ ഇത്ര കാലം കാണാതെ പോയതില്‍ അയാള്‍ക്കൊന്നും തോന്നിയില്ല. ആണുങ്ങളെപ്പോലെ പണിയും ഉത്തരവാദിത്തവും ചുമലിലേറ്റിയപ്പോള്‍ ആദമിന്റെ ആണടയാളം പടച്ചോന്‍ ഉമ്മാക്ക് തന്നതാവുമെന്ന് ഫലിതം പറഞ്ഞ് ചിരിച്ചത് ഉമ്മയും ഏറ്റെടുത്തു.
‘ഞാന്‍ ചേച്ചീനെ ഏല്‍പ്പിക്കാട്ടോ’
മീരാന്‍ ജീവനെ തിന്നുന്ന ആ മുഴ നോക്കി പറഞ്ഞൊപ്പിച്ചു. പിന്നെ നിസ്‌കരിച്ചില്ല എന്ന വേദന പറഞ്ഞ ഉമ്മയെ ഉളുവെടുപ്പിച്ച് ഉമ്മയുടെ ലോകത്തേക്ക് വിട്ട് അയാള്‍ തന്റെ സ്വകാര്യതയിലേക്ക് കതകടച്ചു. ഫോണ്‍ നിറയെ പണിക്കാരുടെ വിളികള്‍. ലീവും സൈറ്റ് മാറ്റവും ഡിമാന്‍ഡ് ചെയ്യുന്നവരെയെല്ലാം ഒരു കണക്കിന് ആശ്വസിപ്പിച്ചു അയാള്‍ കിടപ്പുമുറിയില്‍ കയറി.ചെന്നി പറയുന്ന ഉമ്മയെ ചൊല്ലി വീട് ഇറങ്ങിയ ആമിനയുടെ മുഖചിത്രത്തില്‍ ഗാഢമായ ചുംബനമേല്‍പ്പിച്ചു.
റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും ഭ്രാന്തമായി നടന്നു.അലമാരയിലെ കളിപ്പാവയെടുത്ത് ചേര്‍ത്തു പിടിച്ചു. ജനാലയിലൂടെ കണ്ണ് പായിച്ചു. ദൂരെ മുറിയില്‍ വെട്ടമുണ്ട്. ഇണയില്ലാതെ ഇമ അടയില്ലെന്നായാപ്പോള്‍ ഇരുട്ടിന്റെ ആത്മാവിലൂടെ മീരാന്‍ ചുവട് പിടിച്ചു. ഫ്‌ലാറ്റിലെ റൂം നമ്പര്‍ എഴുപത്തി രണ്ടില്‍’ആമീ’എന്ന് മുട്ടി വിളിച്ചു. അഞ്ചു നിമിഷത്തിന് ശേഷം വാതില്‍ അല്‍പം തുറക്കപ്പെട്ടു. കിട്ടിയ വിടവിലൂടെ മീരാന്‍ ഞ്ഞൂണ്ട് കയറി.സ്വര ഇടര്‍ച്ചകള്‍ക്കൊടുവില്‍ പ്രണയത്തിന്റെ പുതപ്പില്‍ രണ്ടു ശരീരങ്ങള്‍ പരസ്പരം കോര്‍ത്തു കിടന്നു.കരാറു പണിക്കാരന്റെ ജൈവിക തല്‍പരതയോടെ അവസരങ്ങള്‍ക്കൊത്തുയര്‍ന്നു. ആഗ്രഹ നിര്‍വഹണത്തിന്റെ അന്ത്യത്തില്‍ കുടിച്ചുറങ്ങുന്ന സ്വപ്‌നാടകരെ പോലെ ഉറക്ക മൂര്‍ധന്യത്തില്‍ കിളി മഞ്ചാരോ കയറിയിറങ്ങി.പള്ളിയില്‍ മുക്രി നിസ്‌കാരത്തിന് വിളിച്ചപ്പോള്‍ മീരാന്‍ ഉണര്‍ന്നു. ചങ്കില്‍ കുടുക്കെന്ന് ആവലാതി പറയുന്ന മാതൃ മുഖം നസ്സില്‍ തെളിഞ്ഞു.

‘പെണ്ണേ, വീട്ടിക്ക് പോര്.മ്മാക്ക് വയ്യ.ഇയ്യ് എത്രേ കാലം ങ്ങനെ … ‘
‘ങ്ങടെ തള്ളന്റെ ചന്നി പിരാക്കം കേക്കാന്‍ ന്നെ കിട്ടുല. അതും പറഞ്ഞ് ങ്ങട്ട് വരണ്ടങ്ങള്‍.’
‘ഇജ്ജൊക്കെ മന്ഷനാ ണോ?
കണ്ണ് ചോര ഇല്ലാത്ത ജാതി ! ത്ഫൂ’
മാറ്റമില്ലാത്ത പെണ്‍ മനസ്സിന് മുന്നില്‍ വീണ്ടും തന്റെ ആണത്വം കാല്‍ വഴുതുന്നത് മറച്ചു പിടിക്കാന്‍ മീരാന്‍ കോമരം പോലെ തുള്ളി സ്റ്റെയറിറങ്ങി. ആ തള്ളേനെ വിട്ട് പെണ്ണിന്റെ അടുത്ത് കൂടാന്‍ എങ്ങനെ തോന്നിയെന്ന വഴി പോക്കരുടെ കണ്ണമ്പുകള്‍ മീരാന്റെ ആത്മാവില്‍ തുളഞ്ഞു കയറി. വീടടുക്കും തോറും ആശങ്ക പെരുത്തു. പതിയെ വാതില്‍ തള്ളി മുറിയില്‍ പ്രവേശിച്ചു. കട്ടില്‍ കാലു പിടിച്ച് തറയെ ചുംബിച്ച് ഉമ്മ കമിഴ്ന്നു കിടക്കുന്നു. ഉരുകിയൊഴുകിയ ചുവന്ന ദ്രാവകം കട്ടച്ച് മാറിലും തറയിലും ചെങ്കല്ലു പൊടി പറ്റി പിടിച്ച പോലെ. ജനനി അനന്ത സ്വപ്‌നാടനത്തിലാണെന്ന ബോധമില്ലാതെ നാലു മണിക്കൂര്‍ മുമ്പ് മൃത്യു പന്തുതട്ടിയ മരവിച്ച ശരീരത്തെ വാരിയെടുത്തപ്പോള്‍ തണ്ടൊടിഞ്ഞ കഴുത്ത് മീരാന്റെ നെഞ്ചിലുരസി. ചെങ്കല്ലു പോലെ ദൃഢമായ തുടുത്ത മുഴയില്‍ ഒരു ജന്മമനുഭവിച്ച നിമ്‌നോന്നതികള്‍ പ്രതിബിംബിച്ചു. ആത്മാവില്ലാത്ത ശരീരത്തെ ചുമന്നൊരാത്മാവ് നിരാലംബനായി നഷ്ടബോധത്തിന്റെ ദുഃഖത്തില്‍ വിദൂരതയിലേക്ക് കണ്ണുപായിച്ചു.
Add comment