ശരന്മനോഹരം മരങ്ങളൊക്കെയും,
വനപഥങ്ങളോ വരണ്ടുണങ്ങിയും.
അരണ്ട വെട്ടത്തി, ലനക്കമറ്റ വിണ്‍-
തലം നിഴലിക്കും തടാകദര്‍പ്പണം.
അവിടെക്കണ്ടു ഞാനറുപതിന്നൊന്ന്
കുറയുമന്നങ്ങള്‍ നിറഞ്ഞ നീര്‍ത്തടം;
ഇടയ്ക്ക് കല്ലുകളെഴുന്ന്, നിര്‍ഭരം.
കഴിഞ്ഞു പത്തുമൊന്‍പതും സംവത്സരം,
ഇവയെ ഞാനാദ്യം ഗണിച്ചതില്‍പ്പിന്നെ.
കഴിഞ്ഞതില്ലതും; പറന്നു പോയവ,
മുഴങ്ങുമുത്താളധവളപക്ഷമാര്‍-
ന്നുയരെ വിശ്ലഥവലയങ്ങള്‍ തീര്‍ത്ത്.
തിളങ്ങുമന്നങ്ങളിവയെ നോക്കുമെന്‍ ഹൃദയമാതുരം.
നിഖിലം മാറിപ്പോയ്, നിഖിലവും; ഞാന –
ന്നിവിടെ സോല്ലാസമലഞ്ഞിരുന്നതും
മണിയൊലി പോലാം ചിറകടി കേട്ട-
ന്നിരുണ്ട മങ്ങൂഴച്ഛവിയില്‍ നിന്നതും.
നടപ്പൂ സസ്പൃഹമിണകളായിവ,
വനസരസ്സിലൂടലസം നീന്തിയും
ചിറകടിച്ചുയര്‍ന്നുയരെപ്പാറിയും.
ഹൃദയം നിര്‍ജ്ജരം, വികാരമേദുരം,
കഴിയും കാമിത, മിവര്‍ക്കു സാധിക്കാ-
നകലങ്ങള്‍ നീണ്ട ചിറകാല്‍ താണ്ടുവാന്‍.
ഹൃദയഹാരിയായ്, നിഗൂഢചാരുവായ്
അവയിപ്പോള്‍ നീന്തും
ജലമോ നിശ്ചലം.
അകലെയേതൊരു തടാകതീരത്തോ
കുളക്കടവിലോ പണിയും കൂടിവ,
മിഴികള്‍ക്കുത്സവമപരര്‍ക്കേകുവാന്‍,
പകച്ചൊരു നാള്‍ ഞാനുണര്‍ന്നു നോക്കവേ?
യേറ്റ്‌സ്
വിവ: സജയ് കെ.വി
Add comment