(കോല്‍ക്കളി കലാകാരനും പരിശീലകനുമായ പരപ്പനങ്ങാടി മജീദ് ഗുരുക്കള്‍ക്ക്)
കളിക്കാര്‍
വട്ടത്തില്‍ നിന്ന്
മിനാരം പോലുള്ള നടുക്കൂര്‍പ്പിലേക്ക്
നീട്ടിയുയര്‍ത്തിപ്പിടിച്ച കോലുകള്‍ അടുത്ത ചുവടില്‍ താഴ്ത്തി പിന്‍വലിക്കേ
വിരിയുകയായ് ഒരു പെരുംമൊട്ട്
തൊട്ടടുത്ത ചുവടില്‍ ഓരോ കളിക്കാരനും
ഓരിതളായ പെരുംപൂവില്‍ കരിവണ്ടുകളുടെ ഈണക്കം
മുല്ലപ്പൂച്ചോലയില്‍ മൂളുന്ന വണ്ടേ
മാനിമ്പം മാനിമ്പം തേനുണ്ടോ വണ്ടേ
എന്ന ഈണം കോലടിയോടു കലര്‍ന്ന്
വണ്ടിന്‍ മുരളലായ്
താണുയര്‍ന്നു പാറുമ്പോള്‍
ഉലയുന്ന പൂക്കള്‍ക്കിടയില്‍
മക്കത്തെ രാജകുമാരി ഖദീജാ ബീവി
പൂക്കളും വണ്ടുകളും
ചാഞ്ഞോ ചാഞ്ഞോ എന്ന്
ഒന്നു ചാഞ്ഞതും
പൂന്തോട്ടം ഒരു പടക്കളം
തിരിഞ്ഞടി
മറിഞ്ഞടി
ഒഴിച്ചാ ഒഴിഞ്ഞാ
ഒഴിച്ചാ ഒഴിഞ്ഞാ
എന്നു വാളുകള്‍ ചുഴലുന്നു
ബദര്‍ക്കളത്തില്‍
ഉയര്‍ന്നു താഴുന്ന വാളുകള്‍ കോലുകള്‍
കോലുകള്‍ ചാടി മറിയുന്ന കുതിരകള്‍
കഴുത്തുയര്‍ത്തിത്തിരിയുമൊട്ടകങ്ങള്‍
പടക്കളം കറങ്ങിക്കറങ്ങി
മണല്‍ക്കുന്നുകള്‍ കൊടുങ്കാറ്റില്‍ മാറി
മാറി മറിഞ്ഞ്
ഇതാ, കളിക്കളം.
ചൂ ചൂ ചുണ്ടങ്ങ
ചൂണ്ടു പറിക്കാന്‍ നാരങ്ങ
കൂട്ടാന്‍ നല്ല വൈതനങ്ങ
എന്നാര്‍ത്ത്
ഒറ്റക്കുതിപ്പില്‍
ത്തി ത്തി ത്താ
എന്നു മുഴുക്കേ വിളഞ്ഞ കായ്കറിത്തോപ്പ്
അന്നം മൂത്തു വിളഞ്ഞ നിമിഷം
പിന്നെ കാണികളുടെ ആര്‍പ്പ്
വൈകുന്നേരം
പരപ്പനങ്ങാടിക്കടപ്പുറത്ത്
വീടിനരികില്‍ കയറ്റിയിട്ട തോണിമേല്‍ ചാരി
കടലിലേക്കു നോക്കി
ഉസ്താദിരിക്കുന്നു.
കളങ്ങളത്രയും ചുഴറ്റിവിട്ട കൈയ്യിനി
പുറങ്കടലില്‍ വല വിടര്‍ത്തിവിടും
ഉസ്താദിന്റെ നോക്കുമുനമേല്‍ വിരിയുന്നു
നുരപ്പൂക്കള്‍, അരികെ.
തിരപ്പുറത്തൊരു പടയാളി ബോട്ട്, അകലെ.
തൊടുവാനത്തില്‍ ഉയര്‍ന്നു ചാടുന്നു സ്രാവുകള്‍
Add comment