Thelicham

ഹുബ്ബും തഹ്ബീബും: ഹദീസുകളുടെ സൂഫീ വായനകൾ

പ്രമുഖ ഹമ്പലി സൂഫിവര്യനായ ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലാനി തന്റെ ഫൂതൂഹുല്‍ ഗൈബ്, അല്‍-ഫത്ഹുല്‍ റബ്ബാനീ എന്നീ രണ്ട് പ്രധാന രചനകളില്‍ തസവ്വുഫ് വ്യവഹാരങ്ങളില്‍ അത്രതന്നെ ചര്‍ച്ചചെയ്യപ്പെടാത്ത സൂഫിയുടെ ഒരു അവസ്ഥ പരിചയപ്പെടുത്തുന്നുണ്ട്. ഭൗതിക വിരക്തി സമ്പൂര്‍ണ്ണമായി കൈവരിച്ചതിന് ശേഷം (ഫനാ), അടുത്ത അവസ്ഥയായ ബഖാ ഇല്‍ ഭൗതിക ലോകത്തെ ചില പ്രത്യേക സുഖങ്ങളില്‍ സൂഫി ആകൃഷ്ടനാകുന്നതാണ് അത്. അബ്ദുല്‍ ഖാദിര്‍ ജീലാനി മുന്നോട്ട് വെക്കുന്ന വിചിത്രവും എന്നാല്‍ കൗതുകമുണര്‍ത്തുന്നതായ ഈയൊരു ആശയത്തെ പ്രമാണബദ്ധമായി വിശകലനം ചെയ്യുകയാണ് ഈ ലേഖനം.


ഈ ലോകത്ത്(ദുനിയാവ്) നിന്നും എനിക്ക് സ്ത്രീ, സുഗന്ധം എന്നിവ പ്രിയപ്പെട്ടതാക്കപ്പെട്ടിരിക്കുന്നു. എങ്കിലും, എനിക്ക് കണ്‍കുളിര്‍മയേകുന്നത് നിസ്‌കാരമാണ്. തഹ്ബീബ് ഹദീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഹദീസാണ് നമ്മുടെ ചര്‍ച്ചയുടെ മൂലബിന്ദു. അഥവാ, സൂഫിയുടെ  അവസ്ഥയെ കുറിച്ച് ശൈഖ് ജീലാനി രൂപപ്പെടുത്തിയിട്ടുള്ള ആശയത്തിന്റെ സമര്‍ത്ഥനം ഈ ഹദീസിലാണെന്നര്‍ത്ഥം. ചര്‍ച്ചയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സൂഫിസവും/പരിത്യാഗം പ്രസ്തുത ഹദീസും എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നന്വേഷിക്കാം. 


സൂഫി ഗ്രന്ഥങ്ങളിലെ ചില ഉദ്ദരണികള്‍ മുന്‍നിര്‍ത്തി വിവാഹവും തുടര്‍ന്നുള്ള കുടുംബ ജീവിതവും ആത്മീയ വിജയത്തിന് തടസ്സം നില്‍ക്കുമെന്ന് ചില സൂഫികള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, ഭൂരിപക്ഷം സൂഫികളും ഇതിനെ എതിര്‍ക്കുന്നവരാണ്. ഇവര്‍ മുന്നോട്ട് വെക്കുന്നത് പ്രവാചകരുടെ ജീവിത മാതൃകയും അവിടന്ന് വൈവാഹിക ജിവിതത്തിന് നല്‍കിയ പ്രോത്സാഹനങ്ങളുമാണ്. തലമുറകള്‍ പിന്നിടുംതോറും ധാര്‍മികമായി സമുദായം തകര്‍ന്ന് കൊണ്ടിരിക്കുമെന്നും അന്നേരം ഒരു വ്യക്തി ഏകാന്തജീവിതം നയിക്കുന്നതായിരിക്കും അവന് അഭികാമ്യമെന്നുമുള്ള പ്രവാചകാധ്യാപനമാണ് ആദ്യവിഭാഗക്കാരുടെ വാദത്തിനാധാരം.


ചില പണ്ഡിതര്‍ ഉപര്യുക്ത ഹദീസിലെ ഹുബ്ബിബ, ദുനിയ എന്നീ രണ്ട് വാക്കുകളെ പ്രശ്‌നവത്കരിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇഹലോക ചിന്തയെ മുഅ്മിന്‍ പാടേ വെടിയണം എന്നാജ്ഞാപിക്കുന്ന അതേ പ്രവാചകര്‍ തന്നെ എങ്ങനെയാണ് അതിലെ ചില കാര്യങ്ങള്‍ മാത്രം തനിക്ക് പ്രിയപ്പെട്ടതാണെന്ന് പറയുന്നത്. മാത്രവുമല്ല, സൂഫിസത്തിന്റെ അടിസ്ഥാന തത്വം തന്നെ സമ്പൂര്‍ണ്ണ പരിത്യാഗമാണ്. ഇത്തരത്തില്‍ പ്രവാചകരുടെ ഹദീസിനും സൂഫികളുടെ പരിത്യാഗമെന്ന സങ്കപല്‍ത്തിനുമിടയില്‍ ഒരു വൈരുധ്യം രൂപപ്പെടുകയും അത് സൂഫിസമെന്ന ആശയത്തെ തന്നെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. 


ചില സൂഫികള്‍ ലൗകിക സുഖങ്ങളില്‍ ഏര്‍പ്പട്ടതിനാല്‍ ശക്തമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ശൈഖ് ജീലാനി തന്നെ പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഹദീസിനെയും സൂഫി തത്വങ്ങളെയും സമന്വയിപ്പിച്ച് കൊണ്ട് ശൈഖ് ജീലാനി തന്നെ ഇത്തരം ചോദ്യങ്ങളെ ഖണ്ഡിച്ചതായി കാണാം. ഒപ്പം, ചിലരെങ്കിലും ശക്തമായി എതിര്‍ക്കുന്ന സൂഫിസത്തിലെ ഫനാ, ബഖാ സങ്കല്‍പങ്ങളെയും ഖൂര്‍ആന്‍-സുന്നത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം അരക്കെട്ടുറപ്പിക്കുകയും ചെയ്യുന്നു. 


തഹ്ബീബ് ഹദീസ്, വ്യാഖ്യാനങ്ങള്‍

 

പ്രവാചകരുടെ പത്തുവര്‍ഷകാലത്തെ സേവകനായിരുന്ന അനസ് ഇബ്‌നു മാലികിന്റെ നിവേദനമായി ഈ ഹദീസ് മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പല ഹദീസ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടതായി കാണാം. എന്നിരുന്നാലും, പ്രമുഖ ആറു ഗ്രന്ഥങ്ങളായ കുതുബുസ്സിത്തയില്‍ സുനനുന്നസാഇയില്‍ മാത്രമാണ് ഈ ഹദീസ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇബ്‌നു ഹജര്‍ അസ്ഖലാനി ഈ ഹദീസ് ഹസന്‍ (പരിഗണനീയമായ) വിഭാഗത്തില്‍ പെടുന്നതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിസ്‌കാരത്തിന്റെ ശ്രേഷ്ടത വിവാഹത്തിനുള്ള പ്രോല്‍സാഹനം, സ്ത്രീകളോടുള്ള സല്‍പെരുമാറ്റം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളുടെ ഭാഗമായിട്ടാണ് ഈ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്‍പെടുത്തപ്പെട്ടിരിക്കുന്നത്. ഇതില്‍നിന്നെല്ലാം ഒരല്‍പം വ്യത്യസ്തമായി ഇബ്‌നു അബീ ആസ്വിം (ഹി.287) പരിത്യാഗത്തെക്കുറിച്ചുള്ള ഹദീസുകളുടെ സമാഹാരത്തില്‍ ഈ ഹദീസ് ഉള്‍പ്പെടുത്തുകയും അതുവഴി സുഗന്ധവും ഭാര്യമാരും പരിത്യാഗ ചിന്തക്ക് എതിരാവില്ലെന്നും ദ്യോതിപ്പിക്കുന്നുണ്ട്. 


തഹ്ബീബ് ഹദീസിന്റെ ആധികാരികതയെ പണ്ഡിതന്മാരാരും ചോദ്യം ചെയ്തിട്ടില്ലെങ്കിലും വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുള്ള പദങ്ങളെ ചൊല്ലി അവര്‍ വ്യതിരിക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ദുനിയാവില്‍ നിന്നുള്ള മൂന്ന് കാര്യങ്ങള്‍ എനിക്ക് ഇഷ്ടപ്പെടുത്തപ്പെട്ടു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. മൂന്ന് കാര്യങ്ങള്‍ എന്ന് എതാര്‍ത്ഥത്തില്‍ ഹദീസില്‍ വന്നിട്ടുണ്ടോ ഇല്ലെയോ എന്നതാണ് ഒരു തര്‍ക്ക വിഷയം. ഇബ്‌നു ഫൂറക്ക്, കലാബാദി, ഗസാലി എന്നീ പണ്ഡിതര്‍ ഇതിനെ ഉദ്ദരിക്കുകയും ന്യായീകരിക്കുകയും ചെയ്തുവെങ്കിലും, ഇബ്‌നു ഖയ്യിമിനെ പോലുള്ളവര്‍ സനദുകള്‍ പരിശോധിച്ച് ഹദീസിന്റെ ഭാഗമായി സ്ഥിരപ്പെട്ടതല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. 

രണ്ടാമത്തെ അഭിപ്രായമാണ് ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനിക്കുമുള്ളത്. നിസ്‌കാരത്തെ എങ്ങനെ ദുനിയാവിന്റെ ഭാഗമായി എണ്ണാന്‍ കഴിയും എന്നുള്ള ചോദ്യവും ഈ ചര്‍ച്ചയെ പ്രസക്തമാക്കുന്നുണ്ട്.  


ശൈഖ് ജീലാനിയുടെ കാലഘട്ടത്തിന് മുമ്പും സൂഫികള്‍/സാഹിദുകള്‍(പരിത്യാഗികള്‍) തന്നെയായിരുന്നു തഹ്ബീബ് ഹദീസില്‍ കൂടുതല്‍ താത്പര്യം കാണിച്ചിരുന്നത്. ശൈഖ് ജീലാനിയുടെ കാലത്തിനു ശേഷം ഈ ഹദീസ് കൂടുതല്‍ ശ്രദ്ധയാകര്‍ശിച്ചു. അതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് സുനനുന്നസാഇയെ അധികരിച്ച് ധാരാളം പണ്ഡിതഇടപെടലുകള്‍ നടന്നുവെന്നതാണ്. 


ഖാളി ഇയാദിന്റെ അല്‍-ശിഫായും പ്രസ്തുത ഹദീസിനെ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നു. പ്രവാചകരുടെ വിശിഷ്ട ഗുണങ്ങളുടെ കൂട്ടത്തില്‍ വൈവാഹിക ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രസ്തുത ഹദീസ് ഉള്‍പ്പെടുത്തപ്പെട്ടിരുന്നത്. ഇവ്വിഷയകരമായി തഹ്ബീബ് ഹദീസിനെ സജീവ ചര്‍ച്ചക്ക് വിധേയമാക്കുന്ന മറ്റൊരു പ്രധാന ഗ്രന്ഥം ഖസ്തല്ലാനി ഇമാമിന്റെ അല്‍-മവാഹിബു ലദുന്നിയ്യയാണ്. ഫുഖഹാക്കള്‍ സുഗന്ധവുമായി ബന്ധപ്പെട്ട വിധികള്‍ രൂപപ്പെടുത്തുന്നതും പ്രസ്തുത ഹദീസിനെ ആസ്പദമാക്കിയാണ്. വ്യത്യസ്ത തലങ്ങള്‍ ഹദീസ് കൈകാര്യം ചെയ്യുന്നതിനാല്‍ എല്ലാം വേര്‍തിരിച്ച് വിശദീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 


പരിത്യാഗവും വിവാഹവും ദ്വന്ദങ്ങളോ

 

തഹ്ബീബ് ഹദീസിനെ ഫനാഅ്, ബഖാഅ് തത്വങ്ങളുമായി ആദ്യം ബന്ധപ്പെടുത്തുന്നത് ശൈഖ് ജീലാനിയെന്നാണ് ലഭ്യമായ സോഴ്‌സുകളില്‍ നിന്ന് മനസിലാകുന്നത്. എങ്കിലും അദ്ദേഹത്തിന്റെ സമകാലീനനായ ഖാളി ഇയാദ് ഈ ഹദീസിലൂടെ വിവാഹവും പരിത്യാഗവും പരസ്പരദ്വന്ദമല്ല എന്നൊരു വ്യഖ്യാനം നല്‍കാന്‍ ശ്രമിച്ചിരുന്നു. പ്രവാചകന്മാരില്‍ മിക്കവരും വിവാഹതരായിരുന്നെന്നും വൈവാഹിക ജീവിതം നയിച്ചവരാണ് സ്ഥാനത്തില്‍ അവിവാഹിതരായ പ്രാവാചകന്മാരേക്കാള്‍ ഉത്തമരെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. തഹ്ബീബ് ഹദീസിന്റെ വെളിച്ചത്തില്‍ ഖാദി ഇയാദ് വിവാഹത്തെ മഹത്വവല്‍ക്കരിക്കാനാണ് ശ്രമിച്ചതെങ്കില്‍ ശൈഖ് ജീലാനി ഒരു മുരീദിനെ സംബന്ധിച്ചിടത്തോളം വിവാഹം നിശിദ്ധമാണെന്നും അവന്‍ അല്ലാഹു നല്‍കുന്ന ബോധത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണെന്നുമുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. 


പരിത്യാഗത്തിന് വിവാഹം തടസ്സമോ എന്ന ചര്‍ച്ച സൂഫികള്‍ക്കിടയില്‍ രണ്ട് വ്യത്യസ്ത ചേരികള്‍ തന്നെ രൂപപ്പെടുത്തിയിരുന്നു. അബൂ ത്വാലിബുല്‍ മക്കിയുടെ ഖൂതുല്‍ ഖുലൂബ്, ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്നീ ഗ്രന്ഥങ്ങളില്‍ ഇമാം അഹ്‌മദ് തങ്ങള്‍ ഹസനുല്‍ ബസ്വരിയുടെ ഒരു ഉദ്ദരിണിയെ ചൊല്ലി തന്റെ സമകാലീനരുമായി തര്‍ക്കത്തിലേര്‍പ്പെടുന്ന സംഭവം വിവരിക്കുന്നുണ്ട്. ഹസനുല്‍ ബസ്വരി പറയുന്നത് അല്ലാഹു ഒരുവനില്‍ നന്മ ഉദ്ദേശിച്ചാല്‍ സമ്പത്തും കുടുംബവും അവന് അന്യമാക്കി നിര്‍ത്തുമെന്നാണ്. അഹ്‌മദ് തങ്ങളുടെ സമകാലീനനായ ബിഷ്‌റുല്‍ ഹാഫിയും വിവാഹം കഴിച്ചിരുന്നില്ല. ഇവ്വിഷയകമായി ഒരിക്കല്‍ ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കാരണമായി പറഞ്ഞത് സുന്നത്തായ കര്‍മ്മങ്ങളില്‍ സമയം പാഴാക്കാതെ നിര്‍ബന്ധമായ ഉത്തരവാദിത്തങ്ങളില്‍ വ്യാപൃതനാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു. ഉപരിസൂചിത ഗ്രന്ഥങ്ങള്‍ക്ക് പുറമെ മറ്റ് സൂഫിഗ്രന്ഥങ്ങളിലെല്ലാം വിവാഹത്തെ സംബന്ധിച്ചുള്ള രണ്ട് അഭിപ്രായങ്ങള്‍ക്കും തുല്യ പ്രാമുഖ്യം നല്‍കുന്ന തെളിവുകള്‍ ഉദ്ദരിക്കുന്നതായി കാണാവുന്നതാണ്. 


ഇബ്‌നു അബീ ആസ്വിം വാദിക്കുന്നത് വിവാഹവും സുഗന്ധവും പരിത്യാഗത്തിന് തടസ്സം നില്‍ക്കുന്നേയില്ലെന്നാണ്. എന്നാല്‍ പരിത്യാഗത്തെ സംബന്ധിച്ച് എഴുതപ്പെട്ട പല കിതാബുകളിലും സമ്പത്തും സന്താനവും ഉണ്ടാകുന്നതിനെ വെറുക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രത്യേക അധ്യായം തന്നെ ഉണ്ടായിരുന്നു.  ചില സൂഫികള്‍ ഈ രണ്ടില്‍ നിന്നും പടച്ചവനോട് കാവല്‍ ചോദിക്കുകയും മറ്റുചിലര്‍ തങ്ങളുടെ ശത്രുക്കള്‍ക്കെതിരെ പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ക്ക് സമ്പത്തും സന്താനങ്ങളും വര്‍ദ്ധിപ്പിച്ച് നല്‍കണേ എന്ന് പ്രാര്‍ത്ഥിക്കുകവരെ ചെയ്തിരുന്നു. 


മാലികി പണ്ഡിതനായ ഇബ്‌നു അറബി രണ്ട് അഭിപ്രായങ്ങളെയും പ്രത്യേക കാലത്തിനും സാഹചര്യത്തിനുമനുസൃതമായിട്ടാണ് വിലയിരുത്തുന്നത്. ആദ്യകാലങ്ങളില്‍ വൈവാഹിക ജീവിതം ആത്മീയപുരോഗതിക്ക് ഒരു തരത്തിലും തടസ്സം സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കുടുംബം പുലര്‍ത്താന്‍ പലയാളുകളും നിശിദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയപ്പോഴാണ് വിവാഹവും കുടുംബവുമെല്ലാം ആത്മീയ യാത്രയില്‍ ഒരു തടസ്സമായി ഭവിക്കുമെന്ന നിലപാടിലേക്ക് സൂഫികള്‍ മാറുന്നത്. ഇബ്‌നു അറബി തന്റെ വാദത്തിന് ഉപോദ്ബലകമായി ഒരു ഹദീസുകൂടി തെളിവായി വാദിക്കുന്നുണ്ട്. പ്രവാചകര്‍ പറയുന്നു, ഒരു കാലം സംജാതമാകും, അന്ന് ഒരു ആടിനെ കൈവശം വെക്കുന്നതായിരിക്കും വിശ്വാസിയുടെ ഏറ്റവും നല്ല സമ്പത്ത്. തന്റെ വിശ്വാസത്തിന് വൈകല്യങ്ങള്‍ സംഭവിക്കുമെന്ന് ഭയന്ന് ആ ആടിനെയും കൊണ്ട് അവന്‍ മലഞ്ചെരുവുകളില്‍ പോയി  അഭയം പ്രാപിക്കും. ക്രിസ്ത്യാനിറ്റിയില്‍ കാണപ്പെടുന്ന സമ്പൂര്‍ണ്ണ പരിത്യാഗം ഇസ്‌ലാമില്‍ ഇല്ല എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ഇബ്‌നു അറബി വ്യക്തമാക്കുന്നുണ്ട്. സാഹചര്യങ്ങളും ചുറ്റുപാടുകളും അത്രക്കും മലിനമാകുമ്പോള്‍ മത്രമാണ് സൂഫി ഏകാന്തവാസം തിരഞ്ഞെടുക്കന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. 


ഹിജ്‌റ പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇമാം ഗാസ്സിയും തഹ്ബീബ് ഹദീസിനെ വിവാഹവും പരിത്യാഗവും പരസ്പര ദ്വന്ദങ്ങളായി ചിത്രീകരിക്കുന്നതിനെതിരെയുള്ള തെളിവായിട്ടാണ് അവതരിപ്പിക്കുന്നത്. ഈ അഭിപ്രായത്തോട് വൈരുധ്യമായി തോന്നുന്ന സൂഫികളുടെ വാക്കുകകളെയെല്ലാം സാഹചര്യബന്ധിതമായിട്ടാണ് മനസ്സിലാക്കേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. ദൈവമാര്‍ഗത്തില്‍ നിന്നും വിവാഹം ഒരാളെ വ്യതിചലിപ്പിക്കുന്നുണ്ടെങ്കില്‍ മാത്രമേ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാന്‍ അയാള്‍ക്ക് നിര്‍വാഹമുള്ളൂ. അല്ലാത്തപക്ഷം സുഗന്ധവും വിവാഹവും ഒരു നിലക്കും വിമര്‍ശിക്കപ്പെടാവതല്ല എന്നും അദ്ദേഹം പറയുന്നു. എങ്കിലും, വിവാഹവും സുഗന്ധവും ഒരാളെ എങ്ങനെയാണ് വഴിതെറ്റിക്കുന്നത് എന്നും അങ്ങനെയെങ്കില്‍ അതിനുള്ള പരിഹാരമാര്‍ഗങ്ങളെന്തെല്ലാമാണെന്നും അദ്ദേഹം വിശദീകരിക്കാന്‍ ശ്രമിക്കുന്നില്ല.


സമകാലീനനും, സലഫീ ചിന്താഗതിക്കാരനുമായ അബ്ദുറഹ്‌മാന്‍ നാസിര്‍ അല്‍-ബര്‍റാക്ക് ഇബ്‌നു റജബ് അല്‍ ഹമ്പലിയുടെ തൗഹീദിനെ സംബന്ധിച്ച ഒരു പ്രസ്താവനയെ വിമര്‍ശിക്കുന്നുണ്ട്. അല്ലാഹുവിന്റെ ആരിഫീങ്ങള്‍ക്ക് അല്ലാഹുവിനെകൂടാതെ മറ്റൊരു കാര്യത്തിലും ശ്രദ്ധയാവശ്യമില്ലെന്നായിരുന്നു ഇബ്‌ന് റജബ് പ്രസ്താവിച്ചിരുന്നത്. നാസിര്‍ അല്‍-ബറാക്കിയെ സംബന്ധിച്ചടത്തോളം ഇബ്‌ന് റജബിന്റെ പ്രസ്താവന തഹ്ബീബ് ഹദീസിനോട് കടകവിരുദ്ധമാണ്. കുടുബം, സന്താനങ്ങള്‍ തുടങ്ങി അനുവദനീയമായ കാര്യങ്ങള്‍ അനുഭവിക്കുന്നതില്‍ തെറ്റില്ലെന്ന പക്ഷത്തായിരുന്നു അദ്ദേഹം.  ഇബ്‌നു റജബിന്റേത് പരിത്യാഗികളുടെ അതിരുകടന്നതും പിഴച്ചതുമായ ചിന്തയാണെന്നും ബര്‍റാക്ക് വിമര്‍ശിക്കുന്നു.


ഭൗതിക ലോകത്തോടുള്ള സമീപനം

 

തഹ്ബീബ് ഹദീസും ദുനിയാവിനെ വെറുക്കപ്പെടേണ്ട ഒരിടമായി മാത്രം അവതരിപ്പിക്കുന്ന ഇസ്‌ലാമിന്റെ പൊതുവിലുള്ള സമീപനവും തമ്മിലുള്ള പ്രകടമായ വൈരുദ്ധ്യത്തെ ഖാദി ഇയാദ് തന്റെ ഹദീസ് വ്യാഖ്യാന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. ‘നിങ്ങളുടെ ദുനിയാവില്‍’ നിന്നും എനിക്ക് പ്രിയപ്പെട്ടതാകപ്പെട്ടിരിക്കുന്നു എന്ന വാചകത്തില്‍ നിന്നും സുഗന്ധത്തെയും സ്ത്രീകളെയും പ്രവാചകന്‍ സ്വന്തം ലൗകിക താത്പര്യങ്ങളായിട്ടല്ല കാണുന്നതെന്നാണ് ഇയാദ് വ്യാഖ്യാനിക്കുന്നത്. ഏതൊരു ഭൗതിക കാര്യത്തെയും സദുദ്ദേശ്യത്തോടെ സമീപിച്ചാല്‍ അതിന് പ്രതിഫലമുണ്ടെന്ന നിലക്ക് പ്രവാചകര്‍ ഈ രണ്ട് കാര്യങ്ങളെയും തന്റെ ആഖിറത്തിലേക്കുള്ള ഒരു കരുതിവെപ്പായിട്ടാണ് കാണുന്നത് എന്നൂകൂടി ഇയാദ് വിശദീകരിക്കുന്നു. എങ്കിലും മറ്റു ലൗകിക കാര്യങ്ങളില്‍ നിന്നും ഇവരണ്ടിനും മാത്രമുള്ള പ്രത്യേകതയെന്തെന്ന കാര്യം ഖാദി ഇയാദ് പരാമര്‍ശിക്കുന്നുമില്ല. 


ഇയാദിന്റെ വ്യഖ്യാനത്തിന് പുറമെ അല്‍ കലാബാദിയും ഇമാം ഗസാലിയും ഹദീസിന് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ട്. കലാബാദി അഭിപ്രായപ്പെടുന്നത് ഹദീസിലെ മിന്‍ എന്ന അക്ഷരം ഫി എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കേണ്ടത് എന്നാണ്. അപ്പോള്‍ ഞാന്‍ ഈ ലോകത്ത് ജീവിച്ചിരിക്കെ എനിക്ക് പ്രിയപ്പെട്ടതാക്കപ്പെട്ട മൂന്ന് കാര്യങ്ങള്‍ എന്ന അര്‍ഥമാണുണ്ടാകുക. തന്റെ പിന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി, മൂന്ന് എന്നതിനെ ഹദീസിന്റെ ഭാഗമായിട്ട് തന്നെയാണ് അദ്ദേഹം കാണുന്നത്. ഈ വ്യാഖ്യാനത്തില്‍ സ്വാഭാവികമായും രണ്ട് ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നതായി കാണാം. ഒന്ന്, എങ്ങനെയാണ് പ്രവാചകര്‍ ഭൗതികകാര്യങ്ങളെ താത്പര്യപ്പെടുന്നത്. രണ്ട്, നിസ്‌കാരം ഭൗതിക ലോകത്തിന്റെ ഭാഗമാകുന്നതെങ്ങനെ. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി അദ്ദേഹം തഹ്ബീബ് ഹദീസിനെ ആരാധനയില്‍ പ്രവാചകര്‍ കരസ്ഥമാക്കിയ ഉന്നതമായ സ്ഥാനവുമായിട്ടാണ് ബന്ധിപ്പിക്കുന്നത്. 


അല്ലാഹുവിനെ മഹത്വവത്കരിക്കുന്ന ഏറ്റവും മനോഹരമായ രൂപമാണ് നിസ്‌കാരം. പ്രവാചകര്‍ അതില്‍ സമ്പൂര്‍ണ്ണമായി വിജയിക്കുകയും ചെയ്തു. മറ്റു രണ്ട് കാര്യങ്ങള്‍ സുഗന്ധവും സ്ത്രീകളുമാണ്. ഇവയെ അല്ലാഹുവിന്റെ സൃഷ്ടികളോടുള്ള പ്രവാചകരുടെ ഉദാത്തമായ സമീപനത്തിന്റെയും അവരുടെ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കിയതിന്റെയും പ്രതീകങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്. സുഗന്ധം മലക്കുകളുടെ അവകാശമായതിനാല്‍ പ്രവാചകര്‍ ആ കാര്യത്തിലും പ്രത്യേക ശ്രദ്ധനല്‍കിയിരുന്നു. കേവലമായ സുഖാനുഭൂതി എന്നതിനപ്പുറത്തേക്ക് പ്രവാചകരുടെ ഉദാത്തമായ സ്ഥാനത്തെയാണ് ഹദീസ് പ്രതിനിധാനം ചെയ്യുന്നതെന്ന് ചുരുക്കം.

 

ഇമാം ഗസാലിയും തഹ്ബീബ് ഹദീസ് സൂഫിസത്തിന്റെ അടിസ്ഥാനതത്വങ്ങളോട് വൈരുധ്യം പുലര്‍ത്തുന്നുണ്ടെന്ന ചര്‍ച്ച ദമ്മുല്‍ ദുനിയ എന്ന തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഭൗതിക ലോകത്തെ മുഴുവന്‍ കാര്യങ്ങളെയും അദ്ദേഹം മൂന്നായി വര്‍ഗീകരിക്കുന്നു. ഇതില്‍ ആദ്യത്തേത് ആഖിറത്തിലേക്ക് വിട്ടുകടക്കുന്നവയാണ്. ദൈവിക ജ്ഞാനവും ദൈവത്തിന് വേണ്ടി മാത്രമുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇതിന് ഉദാഹരണമായി അദ്ദേഹം പറയുന്നത്. ഇവകള്‍ തീര്‍ത്തും സ്തുത്യര്‍ഹമാണ് താനും. ഈ ഇനത്തെ സാധൂകരിക്കാന്‍ തഹ്ബീബ് ഹദീസാണ് അദ്ദേഹം ഉദ്ദരിക്കുന്നത്. വിവാഹവും സുഗന്ധവും ദുനിയാവിന്റെ കാറ്റഗറിയില്‍ പെടുന്നുണ്ടെങ്കിലും അവകളൊന്നും ആക്ഷേപാര്‍ഹമായ ഇനത്തില്‍ പെടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. 


കര്‍മ്മശാസ്ത്ര വീക്ഷണം

 

തഹ്ബീബ് ഹദീസില്‍ കര്‍മശാസ്ത്രപണ്ഡിതര്‍ കൂടുതല്‍ താത്പര്യം കാണിച്ചത് സുഗന്ധത്തിന്റെ വിഷയത്തിലാണ്. മുവത്വയുടെ വ്യാഖ്യാനമായ കിതാബുല്‍ ഖബസില്‍ ഇബനുല്‍അറബി പ്രാവാചകര്‍ ഹജ്ജ് വേളയില്‍ സുഗന്ധം ഉപയോഗിച്ചതിനെ വിശദീകരിക്കാന്‍ ഈ ഹദീസ് ഉദ്ദരിക്കുന്നുണ്ട്. പണ്ഡിതരുടെ മൊത്തം അഭിപ്രായത്തെ നാലായി വിഭജിച്ച് അതില്‍ ഒന്നാമത്തെ അഭിപ്രായമായി ഇബ്‌നുല്‍അറബി പറയുന്നത് ഹജ്ജ്, ഉംറ വേളയില്‍ സുഗന്ധമുപയോഗിക്കല്‍ പ്രവാചകര്‍ക്ക് മാത്രം അനുവദിക്കപ്പെട്ട കാര്യമാണെന്ന നിലക്കാണ്. കാരണം അത് പ്രവാചകര്‍ക്ക് പ്രിയപ്പെട്ടതാക്കപ്പെട്ട കാര്യമായി എന്നത് തന്നെ. നിസ്‌കാരവും ഭാര്യമാരും ഇതുപോലെ തൃപ്തിപ്പെടുത്തപ്പെട്ടതിനാല്‍ രാത്രിയിലുള്ള നിസ്‌കാരം, നാലിലേറെ ഭാര്യമാരെ വിവാഹം കഴിക്കല്‍, സാക്ഷിയുടെയും വലിയ്യിന്റെയും അഭാവത്തില്‍ സംഭവിച്ചാലും വിവാഹം സാധുവാകല്‍ തുടങ്ങിയവ പോലെ ഹജ്ജില്‍ സുഗന്ധമുപയോഗിക്കലും പ്രവാചകര്‍ക്ക് അനുവദനീയമെന്നാണ് തഹ്ബീബ് ഹദീസിന്റെ വെളിച്ചത്തില്‍ ഇബ്‌നുല്‍അറബി നിരീക്ഷിക്കുന്നത്.


ജാമിഉല്‍ തുര്‍മുദിക്കുള്ള ഇബ്‌നുല്‍അറബിയുടെ വ്യഖ്യാന ഗ്രന്ഥത്തിലും തഹ്ബീബ് ഹദീസിനെ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. സുഗന്ധം സമ്മാനമായി നല്‍കപ്പെട്ട സന്ദര്‍ഭങ്ങളിലൊന്നും പ്രവാചകര്‍ അത് നിരസിച്ചിരുന്നില്ല. രണ്ട് കാരണങ്ങളാണ് ഇബ്‌നുല്‍അറബി വ്യക്തമാക്കുന്നത്. ഒന്ന് മലകുകളെ സംബന്ധിച്ച് സുഗന്ധം ഒരു പ്രധാന ആവശ്യമായതിനാല്‍ പ്രവാചകര്‍ക്കും അത് ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നായി മാറിയിരുന്നു. രണ്ടാമതായി സുഗന്ധം പ്രവാചകര്‍ക്ക് പ്രിയപ്പെട്ട ഒന്നാക്കപ്പെടുകയും ചെയ്തു. അഥവാ, സുഗന്ധം ഒരേ സമയം പ്രവാചകര്‍ക്ക് ആവശ്യവും പ്രിയപ്പെട്ടതുമായിരുന്നുവെന്നര്‍ഥം. അതിനാല്‍ സുഗന്ധം ഒഴിച്ച് മറ്റെന്തും കാരണമുണ്ടെങ്കില്‍ പ്രവാചകര്‍ക്ക് നിരസിക്കാമായിരുന്നു. പ്രവാചകര്‍ സത്തയില്‍ തന്നെ സുഗന്ധമാണെങ്കിലും മലകുകളോടുള്ള ബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമായിട്ടായിരിക്കണം സുഗന്ധം ആവശ്യമായ ഒന്നായിരുന്നു എന്നത് കൊണ്ട് ഇബ്‌നു അറബി ഉദ്ദേശിച്ചിട്ടുണ്ടാവുകയെന്ന് മനസ്സിലാക്കാം.


പ്രവാചകരുടെ ശ്രേഷ്ഠമായ സ്വഭാവസൗന്ദര്യം

 

തഹ്ബീബ് ഹദീസ് പ്രവാചകരുടെ ശ്രേഷ്ഠ ഗുണമായി ഹദീസ് ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സുയൂത്വി ഇമാം സുനനുന്നസാഈക്കുള്ള തന്റെ വ്യാഖ്യാന ഗ്രന്ഥത്തില്‍ രണ്ട് വീക്ഷണകോണിലൂടെയാണ് ഈ ഹദീസിനെ സമീപിക്കുന്നത. ഒന്നാമത്തേതില്‍ പ്രസ്തുത ലൗകിക കാര്യങ്ങള്‍ പ്രാവചകര്‍ക്ക് ഒരു പരീക്ഷണമായിട്ടാണ് അവതരിപ്പിക്കുന്നത്. അല്ലാഹുവിന് വേണ്ടി മാത്രം ഒഴിഞ്ഞ് വെക്കാന്‍ ആഗ്രഹിച്ച തന്റെ ജീവിതം ചില ഭൗതിക താത്പര്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനെയാണ് പരീക്ഷണം എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്. ശത്രുക്കള്‍ പ്രവാചകരെ ഭൗതിക വിരക്തിയില്‍ ജീവിക്കുന്ന കേവലം ഒരു മാരണവിദഗ്ധനായി മാത്രം ചാപ്പകുത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാനെന്നോണം ചില ഭൗതിക താത്പര്യങ്ങളില്‍ മനപ്പൂര്‍വം പ്രവാചകര്‍ ആകൃഷ്ടനാകുകയായിരുന്നുവെന്നതാണ് രണ്ടാമത്തെ വീക്ഷണം. ഒന്നാമത്തേത് പരീക്ഷണമായിരുന്നെങ്കില്‍ രണ്ടാമത്തേത് ദൈവത്തിന്റെ കരുണയായിട്ടാണ് മനസ്സിലാക്കേണ്ടത്. 


നാലില്‍ കൂടുതല്‍ പേരെ പ്രവാചകര്‍ പത്‌നിമാരാക്കിയതിന് പിന്നില്‍ അല്‍ സിന്ദി നിരീക്ഷിക്കുന്നത് വൈജ്ഞാനികമായ ഒരു ലക്ഷ്യം പ്രവാചകര്‍ മുന്നില്‍കണ്ടിരുന്നുവെന്നാണ്. വരും തലമുറകളിലേക്ക് കൂടുതല്‍ ജ്ഞാനകൈമാറ്റം നടത്താന്‍ ഇതിലൂടെ സാധ്യമാകുമെന്ന് പ്രവാചകര്‍ ചിന്തിച്ചിട്ടുണ്ടാവണമെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. മലക്കുകളോട് നിരന്തരം സംവദിക്കേണ്ടതിനാല്‍ അവരെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണല്ലോ പ്രവാചകര്‍ സുഗന്ധവും ഉപയോഗിച്ചിരുന്നത്. അതിനാല്‍, കേവലമായ സുഖാനൂഭൂതി എന്നതിനപ്പുറത്തേക്ക് വിശിഷ്ടമായ പല ഉദ്ദേശലക്ഷ്യങ്ങളും ഇത്തരം കാര്യങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നെന്ന് ചുരുക്കം. ദൈവവുമായുള്ള സംഭാഷണം തനിക്ക് കണ്‍കുൡമയേകുന്നുവെന്നത് കൊണ്ട് അത്തരം ആത്മീയാനുഭൂതിക്ക് തടസം നില്‍ക്കുന്ന താത്പര്യങ്ങളെല്ലാം ഒഴിവാക്കപ്പെടേണ്ടതാണെന്ന ധ്വനികൂടി ഹദീസ് അര്‍ഥമാക്കുന്നുവെന്നാണ് സിന്ദി പറഞ്ഞ് വെക്കുന്നത്. 


അബ്ദുല്‍ ഹഖ് ദഹ്‌ലവി, അലി അല്‍ ഖാരി തുടങ്ങി മിശ്കാതുല്‍ മസ്വാബീഹിന്റെ വ്യഖ്യാതാക്കളിലധികവും തഹ്ബീബ് ഹദീസിലെ ഹുബ്ബിബ എന്ന വാക്കിനെ കുറിച്ച് സവിസ്തരം ചര്‍ച്ചചെയ്യുന്നുണ്ട്. ഹുബ്ബിബ എന്ന വാക്കില്‍ നിന്ന് സ്വയം തിരഞ്ഞെടുക്കുന്നതിനേക്കാള്‍ അല്ലാഹു പ്രസ്തുത കാര്യങ്ങളെ പ്രവാചകര്‍ക്ക് പ്രിയപ്പെട്ടതാക്കിമാറ്റിയെന്നതാണ് ഹുബ്ബിബ എന്ന വാക്കിന് അവര്‍ നല്‍കുന്ന വിശദീകരണം.  


ആധ്യാത്മികത

 

തഹ്ബീബ് ഹദീസിനെ ആധ്യാത്മിക തലത്തിലൂടെ ആദ്യം വിശകലനം ചെയ്യുന്നത് ഇബ്‌നു അറബിയാണ്. ഫുസൂസുല്‍ ഹികം എന്ന തന്റെ ഗ്രന്ഥത്തിലൂടെയാണ് വഹ്ദതുല്‍ വുജൂദ് എന്ന തത്വവുമായി ബന്ധപ്പെടുത്തി അദ്ദേഹം തഹ്ബീബ് ഹദീസിനെ അവതരിപ്പിക്കുന്നത്. തഹ്ബീബ് ഹദീസിലെ സ്ത്രീയെ സംബന്ധിച്ചാണ് ഏറ്റവും ശ്രദ്ധേയമായ വ്യാഖ്യാനം അദ്ദേഹം നല്‍കുന്നത്. 


ഒരു പുരുഷനില്‍ ദൈവത്തെ ഏറ്റവും ശക്തമായി ദര്‍ശിക്കാന്‍ കഴിയുക സ്ത്രീയിലൂടെ മാത്രമാണെന്ന് ഇബ്‌നു അറബി വിശ്വസിച്ചു. ദൈവത്തെ ഒരു സ്ത്രീയില്‍ ദര്‍ശിക്കലാണ് ഏറ്റവും മനോഹരമായ ദര്‍ശനം എന്നുകൂടി അദ്ദേഹം പ്രസ്താവിക്കുന്നു. പ്രസ്തുത ഹദീസിനെ ഉദ്ദരിച്ച് അതില്‍ ആദ്യം സ്ത്രീയെ പറഞ്ഞതിന്റെ യുക്തിയും ഇതായിരുന്നുവെന്നാണ് അദ്ദേഹം വാദിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീയാണ് വഹ്ദത്തുല്‍ വുജൂദിനെ ഏറ്റവും ഉദാത്തമായ രീതിയില്‍ പ്രകടിപ്പിക്കുന്നത.് അതിനാല്‍ സ്ത്രീയോടുള്ള പ്രണയം കേവലം ലൗകികമായ ഒരു തരത്തിലല്ല അദ്ദേഹം മനസിലാക്കുന്നത്, അതിനപ്പുറത്തേക്ക്, പരമമായ ജ്ഞാനം കൈവശപ്പെടുത്താനുള്ള മാധ്യമമായിട്ടാണ്.


എല്ലാ വസ്തുക്കളും അതിന്റെ ആദിയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. മനുഷ്യന്‍ ആഗ്രഹിക്കുന്നത് ദൈവത്തിലേക്ക് മടങ്ങാനാണ്. സ്വന്തം പ്രതിബിംബത്തില്‍ നിന്നായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അതില്‍ അവന്‍ സ്വന്തം ആത്മാവിനെ തന്നെ സന്നിവേശിപ്പിക്കുകയും ചെയ്തു. ശേഷം അവനില്‍ നിന്നും ഒരിണയെകൂടി സൃഷ്ടിച്ചു. സ്ത്രീയെ സ്‌നേഹിക്കുമ്പോള്‍ അവളുമായി ലയിച്ച് ചേരാന്‍ പുരുഷന്‍ ആഗ്രഹിക്കുന്നത് ഇതിനാലാണ്. വിവാഹം അത് സാധ്യമാക്കുകയും ചെയ്യുന്നു. 


സുഗന്ധത്തിലേക്ക് വരുമ്പോള്‍ സ്ത്രീക്ക് ശേഷം സുഗന്ധം ഉദ്ദരിച്ചതില്‍ നിന്നും സ്ത്രീയാണ് ഏറ്റവും വലിയ സുഗന്ധമെന്ന് മനസ്സിലാക്കാമെന്ന് ഇബ്‌നു അറബി വാദിക്കുന്നു. അവരുടെ സൃഷ്ടിപ്പില്‍ തന്നെ സുഗന്ധം അലിഞ്ഞ് ചേര്‍ന്നിരിക്കുന്നുവെന്നാണ് അദ്ദഹത്തിന്റെ പക്ഷം. 


ജീലാനി ഗ്രന്ഥങ്ങളിലെ തഹ്ബീബ് ഹദീസ് 

 

ശൈഖ് ജീലാനിയുടെ ഗ്രന്ഥങ്ങളില്‍ രണ്ട് പ്രാവശ്യം ഫത്ഹു റബ്ബാനിയിലും ഒരു പ്രാവശ്യം ഫുതൂഹുല്‍ ഗൈബിലുമാണ് തഹ്ബീബ് ഹദീസ് പരാമര്‍ശിക്കപ്പെടുന്നത്. നിങ്ങളുടെ ദുനിയാവില്‍ നിന്നും സ്ത്രീ, സുഗന്ധം എന്നിവ എനിക്ക് പ്രിയപ്പെട്ടതാക്കപ്പെട്ടിരിക്കുന്നു, എങ്കിലും എനിക്ക് കണ്‍കുളിര്‍മയേകുന്നത് നിസ്‌കാരമാണ്. ഈ റിപ്പോര്‍ട്ടാണ് ഫത്ഹില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഫത്ഹിന്റെ അവസാന എഡിഷനുകളില്‍ മൂന്ന് കാര്യങ്ങള്‍ എന്ന് കൂടുതലായി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഫുതൂഹിന്റെ ആദ്യ പതിപ്പുകളിലും മൂന്ന് കാര്യങ്ങള്‍ എന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഈയൊരു വിഷയമാണ് ഹദീസ് പണ്ഡിതര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്. 


സ്ത്രീയും സുഗന്ധവുമാണ് പ്രവാചകര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെങ്കിലും തനിക്ക് കണ്‍കുളിര്‍മ ലഭിക്കുന്നത് നിസ്‌കാരത്തിലൂടെ മാത്രമെന്നാണ് ഹദീസിന്റെ പ്രത്യക്ഷ സാരം. അല്‍ ഫത്ഹു റബ്ബാനിയില്‍ ശൈഖ് ജീലാനി താന്‍ രിബാത്തില്‍ വെച്ച് നടത്തിയ ഒരു അധ്യാപനത്തെ ഉദ്ദരിക്കുന്നു. തഹ്ബീബ് ഹദീസിനെ വിശദീകരിച്ച് അദ്ദേഹം പറയുന്നു.  സര്‍വതിനെയും വെറുക്കുക, സര്‍വതിന്റെയും രക്ഷിതാവിനെ മാത്രം സ്‌നേഹിക്കുക. ഇനി നീ വെറുത്ത ഒരു കാര്യം അവന്‍ നിന്നിലേക്ക് പ്രിയപ്പെട്ടതാക്കുന്നുവെങ്കില്‍ സൗകര്യപൂര്‍വം നീ അത് സ്വീകരിക്കണം. കാരണം സ്‌നേഹത്തിന്റെ കടിഞ്ഞാണ്‍ അവന്റെ കരങ്ങളില്‍ നിക്ഷിപ്തമാണ്. ഇതിനാലാണ് പ്രവാചകര്‍ പറയുന്നത്. എനിക്ക് മൂന്ന് കാര്യങ്ങള്‍ പ്രിയപ്പെട്ടതാക്കപ്പെട്ടിരിക്കുന്നു….ദുനിയാവിനെ പൂര്‍ണമായും വെടിഞ്ഞതിന് ശേഷം പിന്നീട് അല്ലാഹു പ്രവാചകര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയ കാര്യങ്ങളാണിവ. അത് കൊണ്ട് നിങ്ങളും ആദ്യം ഇവയെ പൂര്‍ണാര്‍ഥത്തില്‍ വെടിയുക. അങ്ങനെ അവനുദ്ദേശിക്കുന്നത് നിങ്ങള്‍ക്ക് പ്രിയപ്പെട്ടതായി മാറും.


ഭൗതികേച്ഛകളെ വെടിയുക എന്ന അധ്യാപനത്തില്‍ അദ്ദേഹം ഇതിനോട് സമാനമായ കാര്യങ്ങള്‍ തന്നെ പറയുന്നു. ഇവരണ്ടിലും  ഫനാഉമായി തഹ്ബീബ് ഹദീസിനെ ശൈഖ് ജീലാനി ബന്ധിപ്പിക്കുന്നില്ല. ഫുതൂഹുല്‍ ഗൈബില്‍ അല്‍ ഫനാഉ അനില്‍ ഖല്‍ക് എന്ന അധ്യായത്തിലെ ആറാമത്തെ ചര്‍ച്ചയിലാണ് തഹ്ബീബ് ഹദീസിനെ ഫാനാഉമായി ബന്ധിപ്പിക്കുന്നത്. ഫനാഇന് മറ്റു രണ്ട് ഘട്ടങ്ങള്‍ കൂടിയുണ്ട്. ആഗ്രഹങ്ങളില്‍ നിന്ന് മുക്തിനേടുക. രണ്ടാമതായി സ്വന്തം താത്പര്യങ്ങളില്‍ നിന്ന് മോചനം നേടുക. ഇതില്‍ ആദ്യത്തേത് സാധ്യമാകുന്നത് പൂര്‍ണ്ണമായും അവന്‍ മനുഷ്യബന്ധങ്ങളില്‍നിന്നും വിട്ടുനില്‍ക്കുമ്പോഴാണ്. അപ്പോള്‍ മറ്റുള്ളവര്‍ കയ്യടക്കിവെച്ചതിനെ ഇവന് ആഗ്രഹിക്കാന്‍ സാധിക്കുകയില്ല. രണ്ടാമതായി ഭൗതിക നേട്ടങ്ങള്‍ക്കായുള്ള എല്ലാ പരിശ്രമങ്ങളും ഉപേക്ഷിക്കുക. ശൈഖ് ജീലാനി വിശദീകരിക്കുന്നു, സ്വന്തം താത്പര്യത്തിനൊത്ത് ചലിക്കാതിരിക്കല്‍, സ്വന്തത്തെ അവലംബിക്കാതിരിക്കല്‍, സ്വന്തത്തിന് സംരക്ഷണം നല്‍കാതിരിക്കല്‍. അങ്ങനെ എല്ലാമാണ് ദൈവത്തിലേക്കുള്ള ഭരമേല്‍പ്പിക്കല്‍. കാരണം ഗര്‍ഭപാത്രത്തിലായിരിക്കെ അവനായിരുന്നു കൈകാര്യ കര്‍തൃത്വം. ഇനിയും അങ്ങനെയല്ലെ തുടരേണ്ടത്. 

 

ശരീരവും അവയവങ്ങളും എന്തിനേയും സ്വീകരിക്കാന്‍ പാകപ്പെടുമ്പോഴാണ് സ്വന്തം ഇച്ഛകളില്‍ നിന്ന് ഒരാള്‍ മോചിതനാകുന്നത്. ഇങ്ങനെ മൂന്ന് ഘട്ടങ്ങളും കഴിഞ്ഞാല്‍ ഒരാള്‍ ബഖാഇലെത്തുന്നു. ഇയൊരു അവസ്ഥയെ ശൈഖ് ജീലാനി വിവരിക്കുന്നു.

ഈയൊരു അനുഭവത്തിന് ശേഷം ഈറനില്ലാത്ത ഒരു കുപ്പി പോലെയായി നീ മാറും. അതില്‍ ആഗ്രഹങ്ങളോ അലച്ചകളോ ഉണ്ടാവില്ല. എല്ലാം നിര്‍ജ്ജീവമാകുമ്പോള്‍ പിന്നീട് ദൈവം വളരെ പ്രകടമായി അവനില്‍ പ്രവര്‍ത്തിക്കുന്നു. ഈ സമയത്താണ് അത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അഥവാ മനുഷ്യനിലുള്ള എല്ലാ മൃഗവാസനകളും അവന് പൂര്‍ണമായും നഷ്ടപ്പെടുന്നു. ഈ അവസ്ഥയെകുറിച്ചാണ് പ്രവാചകര്‍ പറയുന്നത്.


ശൈഖ് ജീലാനിയുടെ വ്യാഖ്യാനങ്ങള്‍

 

തഹ്ബീബ് ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഹുബ്ബിബ എന്ന വാക്കിനാണ് ശൈഖ് ജീലാനി കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഹുബ്ബിബ എന്നതിനര്‍ഥം പ്രിയപ്പെട്ടതാക്കപ്പെട്ടുവെന്നാണ്. ഇതില്‍ ആരാണ് പ്രവാചകര്‍ക്ക് പ്രസ്തുത കാര്യങ്ങള്‍ പ്രിയപ്പെട്ടതാക്കിയതെന്നാണ് ചോദ്യം. ശൈഖ് ജീലാനി നാല് സാധ്യതകളെ മുന്നില്‍ വെക്കുന്നു. താത്പര്യം, ഇച്ഛ, പിശാച്, അല്ലെങ്കില്‍ ദൈവം. ഇതില്‍ ആദ്യമൂന്ന് കാര്യങ്ങളും പ്രവാചകരെ സംബന്ധിച്ച് അസാധ്യമാണ്. അവസാനം അവശേഷിക്കുന്നത് ദൈവമാണ് പ്രവര്‍ത്തിച്ചതെന്നായിരിക്കും.  

 

ശൈഖ് ജീലാനിക്ക് മുമ്പോ, ശേഷമോ ഉള്ള പണ്ഡിതരാകട്ടെ, അവയെയെല്ലാം തഹ്ബീബ് ഹദീസിനെ കേവലം പ്രവാചകരുടെ മാത്രം പ്രത്യേകത എന്ന തലത്തിലാണ് വ്യാഖ്യാനിച്ചിരുന്നത്. എന്നാല്‍ ശൈഖ് ജീലാനി ഇതിന് പുതിയൊരു മാനം കൂടി കൊണ്ടുവന്നു. സൂഫി തന്റെ ആത്മീയയാത്രയില്‍ എത്തിച്ചേരുന്ന ഒരു പ്രത്യേക അവസ്ഥയായിട്ടാണ് അദ്ദേഹം തഹ്ബീബ് ഹദീസിനെ വ്യാഖ്യാനിച്ചത്. 

അദ്ദേഹം പറയുന്നു: അങ്ങനെ ഭഗ്നഹൃദയരും തങ്ങളുടെ മൃഗവാസനകള്‍ പൂര്‍ണമായും ശമിപ്പിച്ചവരുമായ ഒരു വിഭാഗത്തിനൊപ്പം നിങ്ങള്‍ ചേരുന്നതാണ്. ദൈവത്തിന്റെ ഇച്ഛ മാത്രമായിരിക്കും അവനില്‍ പ്രവര്‍ത്തിക്കുക. അതുകൊണ്ടാണ് പ്രവാചകര്‍ പറയുന്നത്. മൂന്ന് കാര്യങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാക്കപ്പെട്ടിരിക്കുന്നു. അഥവാ, പരിത്യാഗത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ സൂഫി ചില പ്രത്യേക ഭൗതിക കാര്യങ്ങളില്‍ ആകൃഷ്ടനാകുന്നതാണ്. അങ്ങനെ അവന്റെ ആത്യന്തിക ലക്ഷ്യമായ ഫനാഇല്‍ അവന്‍ എത്തിച്ചേരുകയും ചെയ്യുന്നു.

 

സുന്നത്തായ കര്‍മ്മമായി പരിഗണിക്കപ്പെടുന്ന വിവാഹത്തിനും ഈയൊരു മാനം അദ്ദേഹം നല്‍കുന്നുണ്ട്. അഥവാ, നിര്‍ബന്ധമല്ലാത്ത ഏതൊരു കാര്യവും ഈയൊരു തത്വത്തിന് വിധേയമാക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം വാദിച്ചു. തന്റെ വൈയക്തിക ജീവിതത്തിലുടനീളവും അദ്ദേഹം ഇത് പാലിച്ചിരുന്നു.

ഫുതൂഹുല്‍ ഗൈബിന് ഇബ്‌നു തൈമിയ്യ രചിച്ച വ്യഖ്യാന ഗ്രന്ഥത്തില്‍ അദ്ദേഹം ഈ തത്വത്തെയും ശരീഅത്തിനെയും പരസ്പരം സമന്വയിപ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അനുവദനീയമായ കാര്യങ്ങളില്‍ ഇത് നടപ്പാക്കാമെങ്കിലും ദീനില്‍ സുത്യര്‍ഹമായി പരിഗണിക്കപ്പെടുന്നവയെ ആ രീതിയില്‍ തന്നെ പരിഗണിക്കേണ്ടതുണ്ട്. ഇബ്‌നു തൈമിയ്യയെ സംബന്ധിച്ചിടത്തോളം സൂഫിസത്തിലാണെങ്കിലും സ്തുത്യര്‍ഹമായി ദീനില്‍ പരിഗണിക്കപ്പെടുന്നവയൊന്നും നിശിദ്ധമാക്കാന്‍ പറ്റുകയില്ല.  


വ്യക്തി ജീവിതത്തില്‍ നിന്നുള്ള മാതൃക

 

ശൈഖ് ജീലാനി താന്‍ ഫനാ എന്ന അവസ്ഥ പൂര്‍ത്തീകരിക്കുകയും തഹ്ബീബ് എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നെന്നും സ്വയം വിശ്വസിച്ചതായിട്ടാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. തഹ്ബീബിനുള്ള ഏറ്റവും മനോഹരമായ ഉദാഹരണം ശൈഖ് ജീലാനിയുടെ തന്നെ വിവാഹമാണ്. 


ഖുര്‍ആനിക സുക്തങ്ങളും ഹദീസുകളും നിരവധിയുണ്ടെങ്കിലും ഒരു സാധാരണക്കാരനും സൂഫിയും വിവാഹത്തെ മനസ്സിലാക്കുന്നത് തീര്‍ത്തും വ്യത്യസ്തമായാണ്. ഒരിക്കല്‍ വിവാഹത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ കര്‍മശാസ്ത്രപരമായ അതിന്റെ വശം വിശദീകരിച്ചതിന് ശേഷം അദ്ദേഹം പറയുന്നു. ഒരു മുരീദിനെ (ദൈവത്തിന്റെ മാര്‍ഗത്തിലെത്താന്‍ കഠിനമായി ശ്രമിക്കുന്നന്‍) സംബന്ധിച്ചിടത്തോളം വിവാഹം അവന് ഹറാമാണ്. എന്നാല്‍ ഒരു മുറാദിനെ (ദൈവമാര്‍ഗത്തില്‍ പ്രവേശിച്ചവന്‍) വിശേഷിച്ച് ആവക കാര്യങ്ങളില്‍ അവന്‍ ആകുലപ്പെടേണ്ടതേയില്ല. വിവാഹം കൊണ്ടോ മറ്റേതെങ്കിലും കാര്യങ്ങള്‍ കൊണ്ടോ ദൈവം അവനെ ജോലിയാക്കുന്നതായിരിക്കും. 


ഫനാഅ്, ബഖാഅ് എന്നീ രണ്ട് വാക്കുകളും സൂഫിയുടെ വ്യത്യസ്തമായ രണ്ട് അവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്. സൂഫി തന്റെ അവസ്ഥയുടെ പരകോടിയില്‍ എത്തിയാല്‍ പിന്നീട് അവന് തിരഞ്ഞെടുപ്പിനുള്ള അവകാശം നിഷേധിക്കപ്പെടും. ശേഷം ദൈവമായിരിക്കും അവന് ചില നിശ്ചിത കാര്യങ്ങള്‍ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. സൂഫി അത് പൂര്‍ണ മനസ്സോടെ സ്വീകരിക്കുകയും ചെയ്യുന്നു. നാല്‍പതാം വയസ്സില്‍ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് അനവധി ചോദ്യങ്ങള്‍ ശൈഖ് ജീലാനി നേരിട്ടിരുന്നു. അതിനെല്ലാം മറുപടിയെന്നോളം അദ്ദേഹം പറയുന്നതിപ്രകാരമാണ്. പ്രവാചകര്‍ എനിക്ക് അനുമതി നല്‍കുന്നത് വരെ വിവാഹം കഴിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍, ഒരിക്കല്‍ അവിടന്ന് സ്വപ്‌നത്തില്‍ വന്ന് എന്നോട് വിവഹം കഴിക്കാന്‍ ആജ്ഞാപിച്ചു. നാല് പേരെ ഞാന്‍ വിവാഹം കഴിച്ചു. അത് കൊണ്ട് തന്നെ, അവരൊരിക്കലും എന്റെ ആത്മീയ യാത്രയില്‍ തടസ്സമായിട്ടില്ല എന്നതാണ് സത്യം. വിവാഹം ശൈഖ് ജീലാനി സ്വയം തിരഞ്ഞെടുത്തതായിരുന്നില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. 


ഇവിടെ ഒരു ചോദ്യം കൂടി അവശേഷിക്കുന്നു. ലൗകിക കാര്യങ്ങളില്‍ സൂഫി പിന്നീട് ആകൃഷ്ടനാകുമ്പോള്‍ അതിന് പിന്നിലെ പ്രേരകം ദൈവികമാണെന്ന് എങ്ങനെ ഉറപ്പിക്കാം എന്നതാണത്. അതിനുള്ള ഒരു ഉത്തരം മേല്‍സൂചിപ്പിച്ച പോലെ പ്രവാചകര്‍ നേരിട്ട് വന്ന് സ്വപ്‌നത്തില്‍ അത്തരം കാര്യങ്ങള്‍ ആജ്ഞാപിക്കലാണ്. ശൈഖ് ജീലാനി പറയുന്നു,

‘നിങ്ങളുടെ വിചാരങ്ങള്‍ ഒന്നുകില്‍ പിശാചിന്റെയോ, പ്രകൃതിപരമായ വാസനകളുടെയോ, സ്വന്തത്തിന്റെ ആഗ്രഹങ്ങളുടെയോ, ചുറ്റുമുള്ള ലോകത്തിന്റെയോ പ്രേരണമൂലമായിരിക്കും. നങ്ങളുടെ വിചാരങ്ങള്‍ നിങ്ങളുടെ താത്പര്യങ്ങള്‍ക്കനുസൃതമായാണ് സംഭവിക്കുന്നത്. ദൈവത്താല്‍ പ്രാചോദിതമായിട്ടുള്ള ഏതൊരു ചിന്തയും അവന്‍ മാത്രം കുടികൊള്ളുന്ന ഒരു ഹൃദയത്തിലേ പ്രതിഫലിക്കുകയുള്ളൂ. ദൈവസ്മരണ മാത്രമാണ് നിന്റെയുള്ളിലുള്ളതെങ്കില്‍, തീര്‍ച്ചയായും ദൈവമല്ലാത്ത മറ്റൊരു പ്രേരണയും നിന്നെ പിടികൂടുകയില്ല’. 

 

അദ്ദേഹം വീണ്ടും പറയുന്നു, ‘ഹൃദയം കളങ്കമറ്റതാകുമ്പോള്‍ ഒരോ ചിന്തയെയും കൃത്യമായി വേര്‍തിരിച്ചറിയാന്‍ ഒരാള്‍ക്ക് സാധിക്കുന്നു. അങ്ങനെ ഒരോ ചിന്തകളേയും വിമര്‍ശനാത്മകമായി കാണുകയും അതിന്റെ ഉറവിടം വേഗത്തില്‍ മനസിലാക്കുകയും ചെയ്യുന്നു. തന്നെ എന്താണ് പ്രേരിപ്പിച്ചതെന്നും ആ ചിന്ത പറയുന്നതാണ്’. ഈ വിശദീകരണത്തില്‍ നിന്നും വ്യക്തമാകുന്നത് നിശ്ചിത അവസ്ഥയെത്തിയാല്‍ സൂഫിക്ക് തന്നെ പിന്തുടരുന്ന ചിന്തയെയും അതിന്റെ പ്രേരണയെയും മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ്. 


തഹ്ബീബും ഫനാ, ബഖാഇന്റെ തത്വങ്ങളും

 

ഫനാഇന് ശേഷവും എന്നാല്‍ ബഖാഇനോട് അന്വരിച്ചുമാണ് തഹ്ബീബ് അവസ്ഥയുണ്ടാകുന്നത്. ഫനായെന്നാല്‍ ജീവിച്ചിരിക്കെ തന്നെ ആലങ്കാരികമായി ഒരാള്‍ മരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഈ അവസ്ഥയില്‍ സ്വന്തം അഹന്തയെ മറികടന്ന് ഒരാള്‍ പരമമായ ഏകത്വത്തെ തിരിച്ചറിയുന്നു. അഥവാ ദൈവത്തിന്റെയും മറ്റുസൃഷ്ടികളുടെയും മനുഷ്യമനസ്സിന്റെയും ഇടയില്‍ സത്താപരമായി നിലനില്‍ക്കുന്ന ഏകത്വത്തെ യഥാവിധം അവന്‍ മനസിലാക്കുന്നതാണ്. 


തഹ്ബീബ് ഹദീസിനെ ഫുതൂഹുല്‍ ഗൈബില്‍ ശൈഖ് ജീലാനി ഫനാഉമായിട്ടാണ് ബന്ധിപ്പിക്കുന്നത്. എന്നാല്‍, ഫത്ഹുറബ്ബാനിയ്യയില്‍ പരിത്യാഗം, ദൈവവിധിയില്‍ തൃപ്തിപ്പെടല്‍ എന്നിങ്ങനെ രണ്ട് ആശയവുമായി ബന്ധപ്പെടുത്തിയുമാണ് ഹദീസിനെ അദ്ദേഹം കൊണ്ടുവരുന്നത്. ശൈഖ് ജീലാനി സംബന്ധിച്ചിടത്തോളം പരിത്യാഗമാണ് ഫനാഇലെത്താനുള്ള ഏക വഴി. ഫത്ഹിലെയും ഫുതൂഹിലെയും പ്രസ്താവനകള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ ഇങ്ങനെയാണ് മനസിലാകുക. ഫുതൂഹില്‍ പരിത്യാഗത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഫനാ എന്ന വാക്കാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇഫ്‌നി അനില്‍ ഖല്‍ക് എന്നദ്ദേഹം പറയുന്നുണ്ട്. സൃഷ്ടികളില്‍ നിന്നും വിട്ട് നില്‍ക്കുക എന്നര്‍ത്ഥം. പരമമായ ഫനാഇന്റെ ആദ്യപടിയായിട്ടാണ് ഈ ഫനാഇനെ മനസ്സിലാക്കേണ്ടത്. ജനങ്ങളില്‍ നിന്നുള്ള ഫനാഇന് ശേഷം, പിന്നീട് ആഗ്രഹങ്ങളില്‍ നിന്നും, അതിന് ശേഷം സ്വന്തം ഇച്ഛയില്‍ നിന്നും, അങ്ങനെ അവസാനം ദൈവത്തിലുമായി അയാള്‍ ലയിച്ചില്ലാതാകുന്നു.


രണ്ടാമതായി തഹ്ബീബ് ഹദീസ് സൂചിപ്പിക്കുന്നത് ദൈവവിധിയില്‍ തൃപ്തിപ്പെടേണ്ടതിനെ ബന്ധപ്പെടുത്തിയാണ്. ശൈഖ് ജീലാനി പറയുന്നു, ‘സര്‍വതിനെയും വെറുക്കുക, സര്‍വചരാചരങ്ങളുടെയും നാഥനെ മാത്രം സ്‌നേഹിക്കുക. ഇനി നീ വെറുത്ത കാര്യങ്ങളില്‍ വല്ലതിനെയും അവന്‍ നിനക്ക് പ്രിയപ്പെട്ടതാക്കിമാറ്റുന്നുവെങ്കില്‍, സൗകര്യപൂര്‍വം അത് സ്വീകരിക്കുകയും ചെയ്യുക’. സര്‍വതിനെയും വെറുക്കുന്നതിനെയാണ് പരിത്യാഗം എന്ന് വിളിക്കപ്പെടുന്നത്. അത്തരത്തില്‍ പരിത്യാഗത്തിന്റെ വ്യത്യസ്ത തലങ്ങള്‍ മറികടക്കുമ്പോഴാണ് ഒരാള്‍ ഫനാഇലെത്തുന്നത്. അനന്തരം അവന്‍ തഹ്ബീബിന്റെ അവസ്ഥയിലും എത്തിച്ചേരുന്നു. 


ഫനാഇന്റെ വ്യത്യസ്ത ഘട്ടങ്ങളെ സൂചിപ്പിക്കാന്‍ വ്യത്യസ്ത പദങ്ങള്‍ ശൈഖ് ജീലാനി പലപ്പോഴായി തന്റെ ഗ്രന്ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്. അതില്‍ ഒന്നാണ് ‘ഇന്‍കിസാര്‍’ എന്ന പദം. തകരല്‍, നശിക്കല്‍ എന്നൊക്കെയാണ് ഇതിനര്‍ഥം. ഭഗ്നഹൃദയനെ വിശേഷിപ്പിക്കാനാണ് ശൈഖ് ജീലാനി ഈ പദം കൊണ്ടുവരുന്നത്. അദ്ദേഹം പറയുന്നു, ‘ഇഹലോകം ഒരു വിഭാഗം ജനങ്ങളുടേതാണ്. പരലോകം മറ്റൊരുവിഭാഗത്തിന്റേതും. എന്നാല്‍, ഏകനായ നാഥന്‍ ഭഗ്നഹൃദയര്‍ക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്’. ഹൃദയത്തില്‍ ഒരു അലച്ചയും ഇല്ലാത്തവരാണ് ഭഗ്നഹൃദയര്‍. തകര്‍ന്നുപോയ ഹൃദയത്തില്‍ ഒന്നും അവശേഷിക്കുകയുമില്ലല്ലോ. 


ശൈഖ് ജീലാനി ഉപയോഗിച്ച മറ്റു രണ്ട് പദങ്ങളാണ് അഖ്ദ് (എടുക്കല്‍), തര്‍ക് (ഉപേക്ഷിക്കല്‍) എന്നിവ. അഥവാ, തന്റെ പ്രേമഭാജനത്തിന്റെ ഇഷ്ടം നഷ്ടപ്പെടുമെന്ന് ഭയന്ന് ഭൗതിക ലോകത്തുനിന്നും സാഹിദ് (പരിത്യാഗി) ഒന്നും എടുക്കാന്‍ താത്പര്യപ്പെടുകയില്ല. എന്നാല്‍ പരിത്യാഗത്തിന്റെ പരകോടിയിലെത്തിവന്‍ അങ്ങനെയല്ല. അവന്‍ അതെടുക്കുമ്പോള്‍ യാതൊരു പേടിയും അവനെ അലട്ടുകയില്ലെന്ന് മാത്രമല്ല, ആ സമയം തന്നെ അവനില്‍ മഅ്‌രിഫത് (നിഗൂഢമായ അറിവുകള്‍) ബഹിര്‍ഗമിക്കുകയും ചെയ്യും. ‘അല്‍ തര്‍കു സുഹ്ദുന്‍ വല്‍ അഖ്ദു മഅ്‌രിഫതുന്‍’ (ഉപേക്ഷിക്കല്‍ പരിത്യാഗവും എടുക്കല്‍ ജ്ഞാനവുമാണ്) എന്നത് കൊണ്ട് ശൈഖ് ജീലാനി ഈയൊരാശയമായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാകുക. 

ഡോ. സ്വലാഹുദ്ദീന്‍ ഹുദവി പറമ്പിൽ പീടിക

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.