വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളിറങ്ങിയത് രണ്ടു ഘട്ടങ്ങളിലായാണ്. മക്കയിലും, മദീനയിലും. മക്കയില്‍ അവതരിച്ചവയെ മക്കിയ്യ് എന്നും പിന്നീട് മദീനയില്‍ അവതരിച്ചവയെ മദനിയ്യ് എന്നും വിശേഷിപ്പിക്കുന്നു. അവതരണത്തിലെ കാലതാമസം ഈ രണ്ടു ഘട്ടങ്ങളിലെയും വ്യത്യാസങ്ങളെ സാധൂകരിക്കുന്നുണ്ട്. മദീനാ അവതരണങ്ങള്‍ മക്കയിലുണ്ടായിരുന്നതിനേക്കാള്‍ പ്രതാപവും ഉത്തരവാദിത്തങ്ങളുമാണ് പ്രവാചകന്‍ മുഹമ്മദ് നബിക്ക് നല്‍കിയത്. ഈയൊരു മാറ്റത്തിന് ചരിത്രപരമായ സാഹചര്യങ്ങളാണ് വഴിയൊരുക്കിയതെങ്കിലും അതിന് പൂര്‍വ ഖുര്‍ആനിക പ്രമാണങ്ങളുമായുള്ള ബന്ധം പരിശോധനാര്‍ഹമാണ്.
ഈ ലേഖനത്തില്‍ പ്രധാനമായും ഞാന്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത് ക്രിസ്തീയ അധികാര ഘടനയുമായി ബന്ധിപ്പിക്കുമ്പോള്‍ മുഹമ്മദ് നബിയുടെ മദീനാ ഭരണരീതിയുമായി എത്രമാത്രം സാമ്യതകള്‍ കണ്ടെത്താന്‍ കഴിയുമെന്നതാണ്. അതോടൊപ്പം തന്നെ, ക്രിസ്ത്യന്‍ അധികാരവ്യവസ്ഥയും മുഹമ്മദ് നബിയുടെ പ്രവാചകത്വവും എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നുകൂടി വിശദീകരിക്കുന്നു.
ഇതില്‍ ഏറ്റവും പ്രധാനമായി തിരിച്ചറിയുന്ന വ്യത്യാസം ഖുര്‍ആനിക നിയമങ്ങള്‍ പ്രകാരം വര്‍ത്തിച്ചിരുന്ന പ്രവാചകര്‍ ഒരിക്കലും ക്രിസ്തീയമായ സഭാധികാരം പോലെ ഒരു അധികാര വ്യവസ്ഥയിലൂടെയായിരുന്നില്ല അധികാരം കൈവശപ്പെടുത്തിയിരുന്നത്. മാത്രവുമല്ല, വ്യക്തികളുടെ മേല്‍ സര്‍വ്വസ്വാതന്ത്രത്തോടെയുള്ള ഒരധികാരവും സഭാ നേതൃത്വത്തെപ്പോലെ പ്രവാചകര്‍ വഹിച്ചിരുന്നില്ല. മുന്‍കാല പ്രവാചകരായ ഇബ്രാഹിം നബി (അ) മൂസ നബി (അ) പോലുള്ളവരുടെയെല്ലാം ജീവിത വിവരണങ്ങളില്‍ ഉള്‍ക്കൊണ്ട പോലെയുള്ള മുഹമ്മദ് നബിയുടെ വിചാരങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ ഖുര്‍ആനില്‍ ദൃശ്യമല്ല. മറിച്ച് വലിയൊരു വിഭാഗം ഖുര്‍ആനിക സൂക്തങ്ങളും നബിയോടുള്ള അഭിസംബോധന രൂപത്തിലായിട്ടാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഈ സൂക്തങ്ങളെ അപഗ്രഥിക്കുന്നതിലൂടെ ആ മഹദ് ജീവിതത്തിന്റെ വിവിധ മുഖങ്ങള്‍ വ്യക്തമാകുന്നതായി കാണാം.
യുദ്ധത്തില്‍ തങ്ങളെ പിന്തുടരാത്തവരുടെ സ്വത്തുക്കളും സന്താനങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്താതിരിക്കട്ടെ എന്ന് പറയുന്ന സൂക്തത്തിലൂടെ (9:85) ഒരാള്‍ മുഹമ്മദ് നബിക്ക് സ്വത്തിനോടും, സന്താനങ്ങളോടും വലിയ ആകര്‍ഷണീയതയുള്ളവരായിരുന്നുവെന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നതായി കാണാം. സത്യവിശ്വാസം നിരസിക്കുന്നവരുടെ കര്‍മ്മങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദിയല്ലെന്ന് പറയുന്ന സൂക്തത്തിലൂടെ സത്യപ്രബോധനം എന്നതിലുപരി ചെയ്യാന്‍ മുഹമ്മദ് നബിക്ക് ഏറെ താത്പര്യമുണ്ടായിരുന്നുവെന്നും മനസ്സിലാക്കാം.
ഇങ്ങനെയുള്ള മനശാസ്ത്രപരമായ വായനകള്‍ വൈകാരിക വിശേഷണങ്ങള്‍ നബി തങ്ങള്‍ക്ക് ചാര്‍ത്തി നല്‍കുന്നുമുണ്ട്. കാരണം മുഹമ്മദ് നബിയെ സമാശ്വസിപ്പിക്കുന്ന രീതിയിലുള്ള നിരവധി സൂക്തങ്ങള്‍ സൂചിപ്പിക്കുന്നത് മുഹമ്മദ് നബിക്ക് ഇടക്കിടെ വന്ന് ചേരുന്ന വിഷാദത്തെയാണ്. തങ്ങളെ പറ്റിയുള്ള വിവരണങ്ങളെ പോലെ തന്നെ അഭിസംബോധനാരീതിയിലുള്ള സംസാരങ്ങളും അനുവാചകര്‍ക്ക് അവിടുത്തെ വ്യക്തിത്വം, പ്രവര്‍ത്തനരീതി, അധികാര ഘടന തുടങ്ങിയവ സംബന്ധിച്ചുള്ള ധാരണകള്‍ നല്‍കുന്നുണ്ട്.
മുഹമ്മദ് നബിയുടെ ഒരു പൊതു ചിത്രം അനാവരണം ചെയ്യുന്നു എന്നതിലുപരിയായി വിശുദ്ധ ഖുര്‍ആന്‍ പരസ്യമായി തന്നെ പ്രവാചക ജീവിതത്തിന്റെ ഉള്ളറകളിലേക്ക് നമ്മെ കൊണ്ട് പോകുന്നില്ല. അതിനാല്‍ തന്നെ ഈ എഴുത്തിന്റെ പ്രധാനലക്ഷ്യം മദീനയില്‍ അവതീര്‍ണ്ണമായ സൂക്തങ്ങളുടെ പ്രവാചകത്വനിദര്‍ശനങ്ങളെ അന്വേഷിക്കുകയും അവക്ക് പുതിയ രീതിയില്‍ എങ്ങനെ വായനകള്‍ സാധ്യമാകുമെന്ന് വ്യക്തമാക്കുക കൂടിയാണ്. മക്കയിലെ അവതരണത്തിന് ശേഷമാണല്ലോ മദീനയില്‍ ഖുര്‍ആന്‍ അവതരിച്ചത്. അതിനാല്‍ തന്നെ ഈ രണ്ടു അവതീര്‍ണ്ണങ്ങളുടെയും സാമൂഹികവും, നയപരവുമായ വ്യത്യാസങ്ങള്‍ വ്യക്തമാണ്.
മക്കിയ്യ, മദനിയ്യ സൂക്തങ്ങള്‍ ഒരു പോലെ മുഹമ്മദ് നബിയെ ദൈവദൂതരായി വിശേഷിപ്പിക്കുന്നുണ്ട്. നബിയുടെ പദവിയെ ഖുര്‍ആനിലൂടെ മനസിലാക്കുമ്പോള്‍ മദീനാ അധ്യായങ്ങളില്‍ സവിശേഷമായ മാറ്റങ്ങള്‍ കാണാം. ഇത് വ്യക്തമായി മനസ്സിലാക്കാന്‍ ആദ്യം മക്കിയ്യായ ഭാഗങ്ങളില്‍ പ്രവാചകരെ അവതരിപ്പിച്ചത് എങ്ങനെയെന്ന് ഗ്രഹിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ദൈവിക മുന്നറിയിപ്പുകളെത്തിക്കുന്നതില്‍ മാത്രം ഒതുങ്ങിയിരുന്നു മുഹമ്മദ് നബിയുടെ മക്കാ ഘട്ടം. ജനങ്ങളെ ഓര്‍മ്മിപ്പിക്കുക, മുന്നറിയിപ്പ് നല്‍കുക, ഉള്‍ക്കാഴ്ചയേകുക തുടങ്ങിയവ കൊണ്ടായിരുന്നു അക്കാലത്തെ കല്‍പനകള്‍.
ആരെയും നിര്‍ബന്ധിപ്പിക്കാനോ മറ്റോ നബി തുനിഞ്ഞിരുന്നില്ല. ഇത്തരത്തില്‍ മക്കിയ്യ സൂറത്തുകളിലെ ഗുണദോഷരൂപത്തിലുള്ള പ്രവാചക ദൗത്യം പ്രവാചകരില്‍ മാത്രമല്ല മുന്‍കാല പ്രവാചകരിലും കാണാന്‍ കഴിയും. നൂഹ് നബി, സ്വാലിഹ് നബി തുടങ്ങിയവരെയെല്ലാം ഇതേ ദൗത്യം നിര്‍വഹിക്കുന്നവരായി അവതരിപ്പിക്കുന്നുണ്ട് ഈ സൂറത്തുകള്‍.
മക്കിയ്യ ഖുര്‍ആനിന്റെ പ്രബോധന പ്രവാചകശാസ്ത്രത്തില്‍ ഖുര്‍ആന് മുമ്പുള്ള ബൈബിള്‍ പാരമ്പര്യത്തില്‍ ശക്തമായ വേരുകളുണ്ട്. മുന്‍കാല ജൂത ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ നൂഹ് നബി സമകാലികരെ പശ്ചാത്താപത്തിലേക്ക് ക്ഷണിക്കുന്നതെല്ലാം ചിത്രീകരിക്കുന്നുണ്ട്. സമാനമായി ആദ്യകാല സാഹിത്യങ്ങള്‍ മൂസാ, ഇബ്രാഹിം പ്രവാചകരെയും അവിശ്വാസികളെ പ്രബോധനം ചെയ്യുന്നതും വരച്ചു കാട്ടുന്നു.
ഇനി മദനിയ്യ സൂറത്തുകളിലേക്ക് വന്നാല്‍ മേല്‍വിഷയങ്ങളില്‍ അല്‍പം ഊന്നല്‍ നല്‍കിയുള്ള അവതരണങ്ങളാണ് കാണാന്‍ കഴിയുക. പുറമെ മക്കയില്‍ നിന്ന് വ്യത്യസ്തമായി മദീനയില്‍ മുഹമ്മദ് നബിയുടെ പ്രവര്‍ത്തന മേഖല വികസിക്കുകയും പുതിയ ഉത്തരവാദിത്തങ്ങള്‍ വന്ന് ചേരുകയും ചെയ്യുന്നുണ്ട്. തല്‍ഫലമായി തദനുസൃത അവതരണങ്ങളും ദൃശ്യമാണ്.
ആദ്യം മദീനാ ചാര്‍ട്ടറില്‍ മുഹമ്മദ് നബിയുടെ സ്ഥാനം എങ്ങനെയായിരുന്നുവെന്ന പരിശോധിക്കേണ്ടതുണ്ട്. മദീനയിലെത്തിയ സമയത്ത് പ്രവാചകര്‍ രൂപം നല്‍കിയ ഒരു കരാറായിരുന്നു അത്. ഈ കരാര്‍ ഖുര്‍ആനിലെ മദനീ ഭാഗങ്ങളുമായി സാമ്യതകള്‍ പുലര്‍ത്തുന്നുണ്ട്. അതിനാല്‍ തന്നെ ഇവ രണ്ടിലും പ്രവാചകര്‍ സമാനമായ പങ്ക് വഹിച്ചുവെന്ന് നമ്മള്‍ സംശയിച്ചേക്കാം.
മദീന ചാര്‍ട്ടര്‍ നാലോളം പ്രാവശ്യം മാത്രമാണ് പ്രവാചകരെ പരാമര്‍ശിക്കുന്നത്. അതേ സമയം ഒരുപാട് മദനീ സൂറത്തുകളില്‍ അവിടുത്തെ ഉജ്വല സാന്നിധ്യം കാണാം. പ്രധാന പരാമര്‍ശങ്ങള്‍ രണ്ട് വ്യവസ്ഥകളിലാണ് കാണാന്‍ കഴിയുക. നിങ്ങള്‍ ഭിന്നാഭിപ്രായക്കാരാകുന്ന വിഷയങ്ങളെ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുക(ഖുര്‍ആന്‍), ഈ ഉടമ്പടിക്ക് കീഴിലുള്ളവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അവരിലേക്ക് തന്നെ മടക്കുക (ചാര്‍ട്ടര്‍) എന്നിങ്ങനെയാണവ.
ആഭ്യന്തരമായി സ്വയംഭരണാധികാരമുള്ള ഗോത്ര വിഭാഗങ്ങളുടെ ഒരു കൂട്ടായ്മയാണ് മദീനാ ചാര്‍ട്ടര്‍ സൃഷ്ടിച്ചെടുത്ത ‘കമ്മ്യൂണിറ്റി’ (ഉമ്മ). മോണ്ട്ഗോമറി വാട്ട് പ്രവാചകര്‍ പ്രസ്തുത രേഖീയ രാഷ്ട്രീയ ഘടനയില്‍ വഹിച്ചിരുന്ന പരിമിതമായ പങ്കിനെ വിശേഷിപ്പിക്കുന്നത് മറ്റുള്ള മദീനിയന്‍ ഗോത്രമുഖ്യരെ പോലെ പലായനം ചെയ്ത് വന്നവരുടെ നേതാവ് എന്ന നിലയിലാണ്. ചാര്‍ട്ടര്‍ പ്രകാരം നബിയുടെ പ്രധാന കര്‍ത്തവ്യം മുന്‍കാല സംവിധാനങ്ങള്‍ക്ക് അപ്രാപ്യമായ തര്‍ക്കങ്ങങ്ങള്‍ തീര്‍പ്പാക്കാന്‍ സഹായിക്കലായിരുന്നു.
മദീനാ ചാര്‍ട്ടര്‍ ജൂതരെയെല്ലാം സ്വതന്ത്ര മതവിഭാഗങ്ങളായി പരിഗണിക്കുന്ന സമയത്ത് ഖുര്‍ആന്‍ ജൂതക്രിസ്ത്യാനികളെ കൂട്ടുകാരാക്കരുതെന്ന് നിര്‍ദേശിക്കുന്നുണ്ട്. അവരെല്ലാം പരസ്പരം സഖ്യകക്ഷികളാണ്, അവരോട് കൂടുന്നവരെല്ലാം അവരില്‍ പെട്ടവരത്രെ എന്ന ഖുര്‍ആന്‍ പറഞ്ഞ് വെക്കുന്നു. ഈയൊരു ഭരണഘടന രൂപപ്പെടുത്തിയ മത രാഷ്ട്രീയ സാഹചര്യത്തെ പുനര്‍നിര്‍മിക്കുകയാണ് ഖുര്‍ആന്‍.
മദനി സൂറത്തുകള്‍ മുഹമ്മദ് നബിയുടെ പ്രവര്‍ത്തന രീതികള്‍ പരിവര്‍ത്തനം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കാണാം, ഈ പരിവര്‍ത്തനം തങ്ങളുടെ അധികാരത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു.
മദനിയ്യ സൂറത്തുകളിലെ പ്രവാചകര്‍
ഇനി മുഹമ്മദ് നബിയുടെ പദവി, പ്രവര്‍ത്തനരീതി തുടങ്ങിയവ സംബന്ധിച്ച് മദനി ഖുര്‍ആന് എന്താണ് പരാമര്‍ശിക്കാനുള്ളത് എന്ന് നോക്കാം, അല്ലാഹുവിനും പ്രവാചകര്‍ക്കും വഴിപ്പെടണമെന്ന കല്‍പനയാണ് ഇവിടെ ഏറെ ശ്രദ്ധേയം അത്വാഅ+അല്ലാഹ്+റസൂലുല്ലാഹ് എന്ന രീതിയില്‍ വരുന്ന സൂക്തങ്ങളെല്ലാം മദീനിയന്‍ ആണെന്നിരിക്കെ ജനങ്ങള്‍ ദൂതന്‍മാര്‍ക്ക് വഴിപ്പെടണമെന്ന പൊതു നിയമം ചില മക്കന്‍ സൂറകളില്‍ ദൃശ്യമാണ്. നിങ്ങള്‍ അല്ലാഹുവിനെയും വഴിപ്പെടുക എന്ന കല്‍പന നൂഹ്, ഹൂദ്, ലൂത്വ്, സ്വാലിഹ് പ്രവാചകര്‍ തങ്ങളുടെ സമൂഹങ്ങള്‍ക്ക് കൈമാറിയെന്ന് സൂറ ശുഅറാഇല്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിനെ പൊതുവല്‍ക്കരിക്കുകയാണ് ‘അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം, അനുസരിക്കപ്പെടാനായല്ലാതെ ഒരു റസൂലിനെയും നാംഅയച്ചിട്ടില്ല'(4:24) എന്ന മദനിയ്യ സൂക്തം.
അനുസരിക്കുക എന്നതിനപ്പുറം പ്രവാചകരെ വിശ്വാസികള്‍ക്ക് ഉത്തമ മാതൃകയായി പരാമര്‍ശിക്കുന്നു(33:21) ഖുര്‍ആന്‍. വഴിപ്പെടുക എന്നതിലൊതുങ്ങാതെ വിശ്വാസികള്‍ തങ്ങളെ അനുകരിക്കണം. ഉത്തമ മാതൃക എന്ന പരാമര്‍ശം ഇബ്രാഹീം നബിയെയും സഹചാരികളെയും പറയുന്നിടത്ത് (60:4) കാണാം.
പക്ഷെ പ്രസ്തുത സൂറത്തിന്റെ പശ്ചാത്തലത്തില്‍, അനുകരിക്കപ്പെടാനുള്ള ഇബ്രാഹിം നബിയുടെ യോഗ്യത ഒരു പ്രത്യേക പ്രവൃത്തി, വിഗ്രഹാരാധനയുമായുള്ള അകല്‍ച്ച എന്നതുമായി ബന്ധപ്പെട്ടതാണ്, ദൈവമാര്‍ഗത്തില്‍ മകനെ ത്യജിക്കാനുള്ള സന്നദ്ധതയെ കുറിക്കുന്നിടത്തും ഉദാത്ത മാതൃക എന്ന രീതിയിലുള്ള പരാമര്‍ശം കാണാം.
വെറും പ്രബോധകന്‍ മാത്രമായല്ല, ഇബ്രാഹിം നബിയെ പോലെ ഒരു ധാര്‍മ്മിക മാതൃകയായി പ്രവാചകര്‍ ചിത്രീകരിക്കപ്പെടുന്നുവെന്ന് ചുരുക്കം.
പ്രവാചകരോടുള്ള വഴിപ്പെടലിന്റെ ഒരു പ്രധാന വശമാണ് വിശ്വാസികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള തങ്ങളുടെ അവകാശത്തെ മാനിക്കല്‍. മദീന ഭരണഘടനയുടെ 26 ഉം 52 ഉം അനുച്ഛേദം ഓര്‍മ്മിപ്പിക്കുന്ന ഒരു ആവശ്യമാണിത്. ഈ വിഷയത്തില്‍ അലംഭാവം കാണിക്കുന്നവരെ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. അല്ലാഹുവില്‍ നിന്ന് പ്രവാചകര്‍ മുഖേനയല്ലാതെ വരുന്ന വിധികള്‍ വിഗ്രഹാരാധനയുടെ ഒരു വശമാണെന്നതാണ് ഈ വിമര്‍ശനത്തിന്റെ കാതല്‍.
തര്‍ക്ക സമയങ്ങളില്‍ പ്രവാചക വിധികളെ തേടാതിരിക്കല്‍ അവിശ്വാസത്തിന് തുല്യമെന്നാണ് മുനാഫിഖുകളുടെ ചരിത്രം നമുക്ക് വ്യക്തമാക്കി തരുന്നത്.
മുഹമ്മദ് നബിയുടെ ന്യായാധിപ പദവിയും അവതീര്‍ണ്ണ ജ്ഞാനവും തമ്മിലുള്ള ബന്ധത്തെ ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ട്, (5:48,49) സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചതിനനുസരിച്ച് വിധി കല്‍പിക്കാന്‍ പ്രവാചകരോട് നിര്‍ദ്ദേശിക്കുന്നു. വിധിന്യായത്തോടുള്ള സമീപനം വിശ്വാസത്തെ നിര്‍ണയിക്കുന്നുവെന്ന് ഖുര്‍ആന്‍ (4:60) പറയുന്നുണ്ട്.
പ്രവാചകരെ വഴിപ്പെടല്‍ നിര്‍ദിഷ്ടമായ മറ്റൊരു സാഹചര്യമാണ് വിശ്വാസികളുടെ യുദ്ധസമ്പത്ത് വിഭജിക്കുന്ന സന്ദര്‍ഭം. സമരാര്‍ജിത വസ്തുക്കള്‍ അല്ലാഹുവിന്റെയും റസൂലിന്റെയുമാണെന്ന് പറഞ്ഞുവെക്കുകയാണ് സൂറത്തുല്‍ അന്‍ഫാലിലെ ആദ്യ സൂക്തം. പിന്നീട് ഇതേ സൂറത്തില്‍ അഞ്ചിലൊന്ന് ഭാഗത്തെ മാത്രം അല്ലാഹുവിനും റസൂലിനും മറ്റും പ്രത്യേകമാക്കുന്നത് കാണാം. മറ്റൊരു സന്ദര്‍ഭത്തില്‍ പ്രവാചകര്‍ നല്‍കുന്നത് കൊണ്ട് തൃപ്തിയടയാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്.
യുദ്ധസമ്പത്തില്‍ ഒതുങ്ങിയതായിരുന്നില്ല മുഹമ്മദ് നബിയുടെ വിഭാജക പദവി, സ്വദഖകളിലും അതുണ്ടെന്ന് ദൈവികവചനം (9:103) വ്യക്തമാക്കുന്നു.
ഉപരിസൂചിതമായ മുഹമ്മദ് നബിയുടെ സാമ്പത്തിക അധികാരങ്ങളും തുടര്‍ന്നുണ്ടായ സാമ്പത്തിക ശക്തിയും മക്കിയ്യായ ഖുര്‍ആന്‍, മദീനാ ചാര്‍ട്ടര്‍ തുടങ്ങിയവയിലെ പ്രവാചകത്വത്തിനോട് താരതമ്യം ചെയ്യുമ്പോള്‍ ഒരു പുതുമയായിരുന്നു.
മദനിയ്യ സൂക്തങ്ങള്‍ പ്രവാചകരോട് ഉടമ്പടി (ബയ്അത്) ചെയ്യാന്‍ വിശ്വാസികളെ നിര്‍ദേശിക്കുന്നുമുണ്ട്. അതോടൊപ്പം ദൈവമാര്‍ഗത്തില്‍ നിരന്തരം പോരാട്ടത്തിലേര്‍പ്പെടാനും ആഹ്വാനം ചെയ്യുന്നു. ശിര്‍ക്ക് ചെയ്യാതിരിക്കല്‍, ധാര്‍മിക നിരോധനങ്ങള്‍ അതോടൊപ്പം പ്രവാചകരെ വഴിപ്പെടല്‍ തുടങ്ങിയവയെല്ലാം ഉടമ്പടിയുടെ നിബന്ധനകളായിരുന്നു.
വിശ്വാസികള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടാന്‍ നിര്‍ദേശിക്കുന്നതിലൂടെ (60:12) തങ്ങളുടെ പദവിയുടെ മറ്റൊരു മാനത്തെ ആവിഷ്‌കരിക്കുകയാണ് ഖുര്‍ആന്‍. മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ തങ്ങളോട് ആഹ്വാനം ചെയ്യുന്നതും കാണാം. മദീനിയന്‍ ഖുര്‍ആനില്‍ വ്യക്തമാകുന്ന തങ്ങളുടെ സ്ഥാനോന്നതിയുടെ ഒരു ആവിഷ്‌കാരമാണ.് ‘പ്രവാചകന്‍’ (നബി) എന്ന് വിളിക്കപ്പെട്ടത് മുമ്പ് മക്കിയ്യായ ഖുര്‍ആനില്‍ ഈ നാമം പൊതുവിലും ബൈബിള്‍ പ്രവാചകരില്‍ പരിമിതമായിരുന്നു. ഇത് തങ്ങളില്‍ പ്രയോഗിച്ചത് ഇസ്രാഈല്‍ വിശുദ്ധ ചരിത്രത്തിലെ നായകന്മാരുമായി വംശാവലി ബന്ധമുണ്ടെന്ന് കുറിക്കാനാവാം.
മുഹമ്മദ് നബിയുടെ വര്‍ദ്ധിതപദവി സംബന്ധിയായ പരാമര്‍ശങ്ങളാല്‍ സമ്പന്നമാണ് സൂറത്തുല്‍ അഹ്സാബ്. ഉദാത്ത മാതൃകയായി വിശേഷിപ്പിക്കുന്ന ഈ സൂറ തന്നെ പ്രവാചകരെ വിശ്വാസികളുടെ അര്‍ദ്ധപിതൃ രൂപമായും അവതരിപ്പിക്കുന്നു.
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. തങ്ങളുടെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു (33:6). അടുത്ത സൂക്തം നൂഹ് നബി മുതല്‍ ഈസാ നബി വരെയുള്ള കാലഗണനാക്രമാനുസൃത ശ്രേണിയില്‍ പ്രഥമമായി പരാമര്‍ശിക്കുന്നത് പ്രവാചകരെയാണ്. ഇത് തങ്ങളുടെ ശ്രേഷ്ഠത വെളിപ്പെടുത്തുന്നു. ഈ സൂറയിലെ മറ്റൊരു പ്രധാന പ്രസ്താവനയാണ് പ്രവാചകന്മാരുടെ സീല്‍ ആണ് നബി തങ്ങള്‍ എന്നത് (33:40). തങ്ങള്‍ അവസാന പ്രവാചകര്‍ ആണെന്നതാണ് ഇത് കൊണ്ടുള്ള വിവക്ഷയായി മനസിലാക്കപ്പെട്ടത്. ഇനി സീല്‍ എന്നത് അവസാനത്തെ അര്‍ത്ഥമാക്കിയാലും ഇല്ലെങ്കിലും പൂര്‍വ മുഹമ്മദ് നബിയുടെ പ്രഖ്യാപനങ്ങളെ സ്ഥിരീകരിക്കുകയും സാധൂകരിക്കുകയും ചെയ്തുവെന്ന ആശയം കൈമാറുന്നുണ്ട്. ഖതമ എന്നത് ഭാഷാശാസ്ത്രപരമായി അവസാനത്തെ കുറിക്കുന്നുണ്ടെന്നാണ് യൂറി റൂബിന്റെ പക്ഷം.
മദീനയുടെ പൂര്‍വ മാതൃകകള്‍
പ്രവാചകജീവിതത്തിന്റെ മദീനാ മുഖത്തിന് പിന്നില്‍ പ്രത്യേക ചരിത്രപരമായ ഘടകങ്ങള്‍ കാണാം. തങ്ങള്‍ക്ക് നികത്താനുള്ള ഒരു നേതൃവിടവ് അവിടെ ഉണ്ടായിരുന്നുവെന്നത് ഒരു ഉദാഹരണം. പൂര്‍വ മാതൃകകളും പ്രധാന ഘടകമാണ്. പലായനാനന്തര ഇസ്രാഈല്യരുടെ നേതാവായിരുന്ന മൂസാ നബിയാണ് ഒരു മുന്‍മാതൃക. മദീനിയന്‍ സൂറത്തുകള്‍ പ്രവാചകരിലേക്ക് ചേര്‍ത്തുന്ന ധര്‍മ്മങ്ങളെല്ലാം ഒരര്‍ത്ഥത്തില്‍ ആ കാലത്ത് മൂസാനബിക്കുണ്ടായിരുന്നവയുടെ പ്രതിബിംബങ്ങളായിരുന്നു. രണ്ടും തമ്മില്‍ ചെറുതല്ലാത്ത സാമ്യതകള്‍ കാണാം. അല്ലാഹു ബനൂഇസ്രാഈല്യരോട് നടത്തിയ ഉടമ്പടിക്ക് സമാനമായി പുതിയ ഒന്ന് മദീനിയന്‍ ഖുര്‍ആനില്‍ കാണാം. അവരോട് പറഞ്ഞ പോലെ പടച്ചവനേകിയ അനുഗ്രഹങ്ങളെ സ്മരിക്കുവിന്‍ എന്ന് ഖുര്‍ആനും പരാമര്‍ശിക്കുന്നുണ്ട്.
മദീനന്‍ സൂറത്തുകള്‍ പ്രവാചകര്‍ക്ക് നല്‍കുന്ന പ്രാര്‍ത്ഥിക്കാനുള്ള അര്‍ഹത പൂര്‍വകാല ക്രിസ്തീയ പുരോഹിതരുടെ ബാക്കിപത്രമാണ്. മദീനയില്‍ ഗണ്യമായ ജൂത ജനസംഖ്യ ഉണ്ടായിരുന്നു എന്നിരിക്കെ , മദീനിയന്‍ ഖുര്‍ആനില്‍ മുഹമ്മദ് നബിയുടെ പദവിക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഒരു സന്ദര്‍ഭോചിത പശ്ചാത്തലമായി യഹൂദ മതസ്ഥാപനങ്ങളെ ഒരാള്‍ മനസിലാക്കിയേക്കാം. പക്ഷെ പൂര്‍വ കാല മാതൃകയെന്നത് അര്‍ദ്ധരൂപത്തിലല്ലാതെ ഒരിക്കലും പൂര്‍ണാര്‍ത്ഥത്തിലല്ല.
ക്രിസ്ത്യന്‍ അധികാര ഘടനയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും മദീനിയന്‍ പ്രവാചകരും തമ്മിലുള്ള പ്രധാന സാമ്യത രണ്ടും വഴിപ്പെടലിന് ഊന്നല്‍ നല്‍കുന്നു എന്നതാണ്. പ്രവാചകര്‍ക്ക് സമാനമായി ബിഷപ്പും ധാര്‍മ്മിക മാതൃകയായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ബിഷപ്പ് ജനങ്ങള്‍ക്ക് മാതൃകയായിരിക്കണമെന്ന് ഡിഡസ്‌കലിയ (ക്രിസ്ത്യന്‍ നിയമം) നിര്‍ദേശിക്കുന്നു. മുഹമ്മദ് നബിയുടെ ന്യായാധിപ പദവിക്കു സമാനമായി ആദ്യകാല ബിഷപ്പുമാര്‍ കോടതികള്‍ വഴി ശിക്ഷ നടപ്പാക്കുക വരെ ചെയ്തിരുന്നു. പ്രവാചകരില്‍ ദൃശ്യമായ മറ്റൊരു സഭാപ്രവര്‍ത്തനമായിരുന്നു ദാനധര്‍മ്മ വിതരണം.
ചുരുക്കത്തില്‍ മദീനയില്‍ പ്രവാചകര്‍ മുന്‍കാല ബിഷപ്പുമാര്‍ ചെയ്തിരുന്ന പല കര്‍ത്തവ്യങ്ങള്‍ക്കും സമാനമായത് ചെയ്തിരുന്നു, അതേ സമയം ക്രിസ്തീയ സഭാവ്യവസ്ഥ പരാജയമായിരുന്നുവെന്ന് പ്രസ്താവിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളെയും കാണാം. അല്ലാഹുവെക്കൂടാതെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള അവരുടെ അധികാര ദുര്‍വിനിയോഗം ആക്ഷേപാര്‍ഹമാകുന്നു(9:34) എന്നത് അവയിലൊന്നാണ്. സാമ്യതകള്‍ പുലര്‍ത്തുന്നുണ്ടെങ്കിലും പ്രവാചക മാതൃകക്ക് വിഭിന്നമായി അത് പരാജയമായിരുന്നുവെന്ന് വ്യക്തം.
വിവ :ആഫ്താബ് നാദാപുരം
Add comment