Thelicham

അപരത്വത്തിന്റെ തൊട്ടുകൂടായ്മകള്‍

People who touch things that we do not touch become untouchable


ആരാണ് തൊട്ടുകൂടാത്തവര്‍ എന്ന വലിയ ചോദ്യത്തിന് ഉത്തരം പറഞ്ഞു കൊണ്ടാണ് ദിവ്യാ ചെറിയന്റെ പുസ്തകം merchants of virtue ആരംഭിക്കുന്നത്. പ്രീ കൊളോണിയല്‍ കാലഘട്ടത്തിലെ സൗത്ത് ഏഷ്യയെ മുന്‍നിര്‍ത്തി ആരായിരുന്നു ഹിന്ദു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ദിവ്യ ശ്രമിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ മര്‍വാര്‍ രാജഭരണത്തിനു കീഴിലെ ദൈനം ദിന ജീവിതവ്യവഹാരങ്ങളെയും, പ്രാദേശിക രാഷ്ട്രീയത്തെയും മുന്‍നിര്‍ത്തി എങ്ങനെയാണ് വ്യാപാരിസമൂഹങ്ങള്‍ അവരുടെ ജാതീയമായ ബോധ്യങ്ങളെ മുന്‍നിര്‍ത്തി വെജിറ്റനേറിയിസത്തെയും, സന്യസ്ഥ ജീവിതത്തെയും ഹിന്ദു സ്വത്വത്തിന്റെ സാര്‍വ്വലൗകികമായ അടയാളമായി പരിവര്‍ത്തനപ്പെടുത്തിയതെന്നാണ് പുസ്തകം പ്രധാനമായും അന്വേഷിക്കുന്നത്.


നിയമതന്ത്രങ്ങളും വരേണ്യസംസര്‍ഗവുമുപയോഗിച്ച് എങ്ങനെയാണ് വ്യാപാരികള്‍ ‘ഹിന്ദു’ എന്ന സംജ്ഞയെ വിജയകരമായി പുനര്‍നിര്‍മിച്ചത് എന്നും, ഹിന്ദുവിന് ബദലായി തൊട്ടുതീണ്ടാത്തവരെന്ന പുതിയ വര്‍ഗത്തെ (മുസ്ലിങ്ങളും, ഇതരജാതിവിഭാഗങ്ങളും ഉള്‍കൊണ്ടതാണ് ഈ തൊട്ടുതീണ്ടാത്തവരെന്ന വിഭാഗം) വ്യാപാരികള്‍ എങ്ങനെ നിര്‍മിച്ചുവെന്നും പുസ്തകം ചര്‍ച്ച ചെയ്യുന്നു.


timeless cast അഥവാ, ജാതിയുടെ ക്രമരഹിതമായ ഉത്ഭവത്തിന്റെയും വികാസത്തിന്റെയും സമയരഹിതമായ സ്വഭാവത്തെ മുന്‍നിര്‍ത്തി ടെക്സ്റ്റുകളിലൂടെ മാത്രമല്ലാതെ കോണ്‍ടെക്സ്റ്റുകളിലൂടെയും വികസിച്ച ജാതിയുടെയും തൊട്ടുകൂടായ്മയുടെയും ചിത്രമാണ് പുസ്തകം മുന്നോട്ടു വെക്കുന്നത്. വ്യാപാരികള്‍ അവരുടെ സ്വാധീനത്തിന്റെയും വരേണ്യമായ ബോധ്യത്തിന്റെയുമിടയില്‍ നിര്‍മിച്ചെടുത്തുന്ന അപരവത്കരണമായിരുന്നു ഹിന്ദുവെന്നാണ് പുസ്തകം പറയാന്‍ ശ്രമിക്കുന്നത്. ഒരു ഭാഗത്ത് ബ്രാഹ്‌മണിക്കല്‍ ടെക്സ്ച്യല്‍ പ്യൂരിറ്റിയുടെ ഭാഗമായും അതേ സമയത്ത് വ്യാപാരിസമൂഹത്തിന്റെ വരേണ്യബോധ്യത്തിന്റെയുമിടയില്‍ രൂപം കൊണ്ട തൊട്ടുകൂടാത്ത ജാതിയുടെ അപരവത്കരണവും പ്രതിപാധ്യമാണ്.


വരേണ്യ രീതിശാസ്ത്രപ്രകാരം താഴ്ന്ന ജാതിക്കാരനെന്നാല്‍ പാരമ്പര്യബന്ധിതമായതോ പ്രമാണബന്ധിതമായോ രൂപം കൊണ്ട ഒന്നായിരുന്നില്ല. മറിച്ച്, പുസ്തകത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ, നമുക്ക് തൊടാന്‍ പറ്റാത്തതിനെ തൊടുന്നവരാരോ അവരെല്ലാം താഴ്ന്ന ജാതിക്കാരാണ് എന്ന ജെനറല്‍ കോണ്‍ടെസ്ച്വല്‍ വായനക്കാണ് അവര്‍ മുതിര്‍ന്നത്. ബാങ്കികള്‍ (തോട്ടികള്‍) എന്ന വിഭാഗമെപ്പോഴും തൊട്ടുകൂടാത്തവരായിരുന്നു.


കൊളോണിയല്‍, പോസ്റ്റ് കൊളോണിയൽ വായനകളില്‍ ചരിത്രകാരന്മാര്‍ ‘തൊട്ടുകൂടാത്തവരുടെ’ സാമൂഹിക മാറ്റത്തെയും ആധുനികതയുടെ സ്വാധീനത്തെയും അന്വേഷിക്കാന്‍ മാത്രമാണ് പലപ്പോഴും ശ്രമിച്ചിരുന്നത്. അതിനു ബദലായി ഈ പുസ്തകം മുന്നോട്ടുവെക്കുന്നത് പ്രീ കൊളോണിയല്‍ ഏര്‍ളി മോഡേണ്‍ കാലത്തെ സൗത്ത് ഏഷ്യയിലുണ്ടായിരുന്ന രവിദാസിനെപ്പോലെയുള്ള കവികളുടെ കവിതകളിലും അന്നത്തെ കോര്‍ട്ട് ഓര്‍ഡറുകളിലും നിലനിന്നിരുന്ന ജാതിയെകുറിച്ചും തൊട്ടുതീണ്ടാത്തവരുടെ ജീവിതത്തെക്കുറിച്ചുമുള്ള ചിത്രത്തെയാണ്.


മുസ്ലിം അപരനെ നിര്‍മിക്കുന്നതില്‍ ജാതിക്കും അതുപോലെ സംസ്‌കൃത പാരമ്പര്യങ്ങള്‍ക്കും വലിയ സ്വാധീനമുള്ളതായി കാണാം. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലായി മഹാരാഷ്ട്രയില്‍ രൂപം കൊണ്ട ഭക്തി സാഹിത്യങ്ങളില്‍ മുസ് ലിങ്ങളെയും തൊട്ടുതീണ്ടാത്തവരെയും ഒരു പോലെ മനസ്സിലാക്കപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരത്തില്‍ തൊട്ടുകൂടായ്മയുടെ മുസ ലിം ചരിത്രത്തെക്കൂടി പുസ്തകം അഭിമുഖീകരിക്കുന്നു. 2022 ലെ ഇന്ത്യന്‍ സോഷ്യല്‍ സയന്‍സിലെ പ്രധാന അവാര്‍ഡായ Joseph W. Elder അവാര്‍ഡ് നേടിയ കൃതി കൂടിയാണ് ഇത്.

അഫ്സൽ മേൽമുറി

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിവിലൈസേഷണല്‍ സ്റ്റഡീസില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. നിലവില്‍ തെളിച്ചം അസോസിയേറ്റ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.