മതങ്ങളെ നിരൂപിച്ചും അപഗ്രഥിച്ചുമുള്ള പഠനങ്ങളില്‍ മത തത്വങ്ങളുടെ ദൈനംദിന പ്രയോഗവത്കരണത്തിനും വിശ്വാസ-ആചാരങ്ങള്‍ക്കുമപ്പുറം ബഹുമുഖമായി ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ് ഇസ്‌ലാം. രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തില്‍ മതം ചെലുത്തുന്ന സ്വാധീനം വിശകലനം ചെയ്യുന്ന എഴുത്തുകളില്‍ പ്രധാനമായും രണ്ടു തരത്തിലുള്ള ചര്‍ച്ചകള്‍ ശ്രദ്ധേയമാണ്. 1970 കളോടെ ശക്തിയാര്‍ജിച്ചുവന്ന വാര്‍പ്പുമാതൃകകളെ സ്ഥാപിച്ചെടുക്കുകയും, സ്ഥാപിത താല്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രൊപഗണ്ടാ ആഖ്യാനങ്ങള്‍. പാശ്ചാത്യ-സെക്കുലര്‍ സമൂഹങ്ങള്‍ക്കിടയില്‍ ഈ ആഖ്യാനങ്ങള്‍ ഏറെ സ്വാധീനം ചെയ്തതായി അവിടങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഈ കാലഘട്ടത്തില്‍ പശ്ചിമേഷ്യയില്‍ നടന്ന പോരാട്ടങ്ങളെ ഈ പ്രചാരണങ്ങള്‍ക്കു ഉപയോഗിക്കുന്നതില്‍ സാമ്രാജ്യത്വ ശക്തികള്‍ വിജയം കണ്ടു എന്ന് തന്നെ പറയാം. പ്രധാനമായും വാര്‍ത്താമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം പ്രൊപഗണ്ടാ ആഖ്യാനങ്ങളുടെ മറുപുറം കാണിക്കുന്ന പഠനങ്ങളും കൂടെ ഉയര്‍ന്നുവന്നു. ചോംസ്‌ക്കിയുടെ Manufacturing Consent ഉം എഡ്വേഡ് സൈദിന്റെ Covering Islam മെല്ലാം മീഡിയ സ്റ്റഡീസില്‍ പുതിയ ക്രിയാത്മക ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
രണ്ടാമതായി, സാമൂഹ്യ ശാസ്ത്ര ചിന്താധാരയില്‍ പില്‍ക്കാലത്ത് ഏറെ സ്വാധീനം നേടിയ സോഷ്യല്‍ കണ്‍സ്ട്രക്ടിവിസ്റ്റ്, കള്‍ച്ചറല്‍ സ്റ്റഡീസ് അടിസ്ഥാനമാക്കിയുള്ള അസ്തിത്വ രൂപീകരണ ചര്‍ച്ചകളും സാമൂഹ്യ വിശകലന രീതികളെ അവലംബിച്ചുള്ള ജ്ഞാനോല്പാദന രീതികളും മതസമൂഹങ്ങളെ പഠിക്കുന്നതില്‍ സ്വാധീനിച്ചതായി കാണാം. സെക്കുലര്‍-സാക്രഡ് ദ്വന്ദങ്ങള്‍ക്കും പൊതുസ്ഥലത്തിനുമുള്ള (public sphere) സമീപനങ്ങളില്‍ ഹേബര്‍മാസ്, അസദ്, വദൂദ് എന്നിവര്‍ ഉയര്‍ത്തിയ ഡിസ്‌കോഴ്‌സുകള്‍ പാശ്ചാത്യ വാര്‍പ്പുമാതൃകയ്ക്ക് അതീതമായ ചര്‍ച്ചകളുടെ സാധ്യതകള്‍ തുറന്നു വെച്ചു. തുടര്‍ന്ന് മാധ്യമ ഭീമന്മാര്‍ സമൂഹത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ അഭിപ്രായങ്ങള്‍ എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചപ്പോള്‍, ഈ പ്രവണതകള്‍ പുതിയൊരു ഘട്ടത്തിലേക്ക് വഴിമാറികൊണ്ടിരിക്കുന്നതും നമുക്ക് കാണാം.
വാര്‍ത്താമാധ്യമങ്ങള്‍ ക്രമേണ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലേക്കും, ഡിജിറ്റല്‍ യുഗത്തിന്റെ തുടക്കത്തോടൊപ്പം സാമൂഹ്യമാധ്യമങ്ങളിലെ വ്യാപ്തിയിലേക്കും പരിവര്‍ത്തനം ചെയ്യുമ്പോള്‍, ഇത്തരം മാധ്യമങ്ങള്‍ പുതിയ നരേറ്റീവുകള്‍ പരീക്ഷിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നു. സെപ്റ്റംബര്‍ 11നുശേഷം ‘ഭീകരതക്കെതിരെയുള്ള യുദ്ധം’ എന്ന പേരില്‍ ആരംഭിച്ച പൊതുചര്‍ച്ചകള്‍, സമകാലീന ഇസ്‌ലാമോഫോബിയ എങ്ങനെയാണ് ആഗോള തലത്തില്‍ ഒരു പുതിയ ശത്രുവിനെ പ്രതിഷ്ഠിച്ചെടുത്തതെന്ന് വായിച്ചെടുക്കുമ്പോള്‍ ഇത്തരം ഇടങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കാം.
ഇത്തരം വിഷയങ്ങള്‍ ഒരു വശത്ത് വിശകലനത്തിനും ചര്‍ച്ചയ്ക്കും വിധേയമാകുമ്പോള്‍, പരമ്പരാഗത മാധ്യമ ഇടങ്ങള്‍ക്കപ്പുറം രൂപപ്പെടുന്ന ചര്‍ച്ചകളെയും അവയ്‌ക്കെതിരായ ശ്രോതാക്കളുടെ പ്രതികരണങ്ങളെയും പുതിയ ആഖ്യാനങ്ങളുടെ സ്വഭാവത്തെയും അവലോകനം ചെയ്യുകയാണ് ജസ്ബീര്‍ മുസ്തഫ 2024ല്‍ routledge പ്രസിദ്ധീകരിച്ച TEDified Islam: Postsecular Storytelling in New Media എന്ന കൃതിയിലൂടെ. മുസ്‌ലിം സ്വത്വത്തോടുള്ള ഭയവും അപരവല്‍ക്കരണ അനുഭവങ്ങളുമെന്താകുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായി തന്റെ ആസ്‌ട്രേലിയന്‍ ജീവിത അനുഭവങ്ങളെ കൃതിയുടെ ആമുഖത്തില്‍ ജസ്ബീര്‍ മുസ്തഫ വരച്ചുകാണിക്കുന്നു. പാശ്ചാത്യ ലോകത്ത് പുതുതായി എത്തിയ ഒരു മുസ്‌ലിം എന്ന നിലയില്‍ വ്യക്തിപരമായ അനുഭവങ്ങളാണ് ഈ അന്വേഷണങ്ങളുടെ തുടക്കം. 2014ലെ ലിന്ഡ് കഫേ ഉപരോധം, 9/11 പോലുള്ള സംഭവങ്ങള്‍ക്കുശേഷം വര്‍ധിച്ച മുസ്‌ലിം വിരുദ്ധ വികാരങ്ങള്‍ നേരിട്ടപ്പോഴാണ്, അത്തരം അനുഭവങ്ങളെ തന്റെ ഗവേഷണ പഠനത്തിനുള്ള ആമുഖ ചിന്തകള്‍ക്ക് ആധാരമായത്. 2013ല്‍ JNU വില്‍ നിന്നു ആസ്‌ട്രേലിയയിലെ വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലേക്ക് ചേക്കേറിയപ്പോള്‍, തന്റെ വീട്ടുടമസ്ഥന്റെയും അയല്‍വാസികളുടെയും മുസ്‌ലിം സ്വത്വം തിരിച്ചറിഞ്ഞുണ്ടായ പ്രതികരണങ്ങള്‍ അദ്ദേഹത്തിനുണ്ടാക്കിയ, എങ്ങനെയാണ് ഇസ്‌ലാം പശ്ചാത്യര്‍ക്കിടയില്‍ അവതരിക്കപ്പെടുന്നത്? ആരാണ് ഈ ആഖ്യാനങ്ങള്‍ നിര്‍മിക്കുന്നത്? സ്റ്റീരിയോട്ടൈപ്പുകളിലല്ലാത്ത വ്യത്യസ്ത ആഖ്യാനങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ആന്തരിക ചോദ്യങ്ങളില്‍ നിന്നാണ് ഈ പഠനം തുടങ്ങുന്നത്. പാശ്ചാത്യ മതേതര ലോകം ഇസ്‌ലാമിനെ എങ്ങനെ ചിത്രീകരിക്കുന്നുവെന്നും ആഖ്യാനങ്ങളോട് എങ്ങനെ പ്രകരിക്കുന്നുവെന്നുമുള്ള ദീര്‍ഘമായ ഒരു ചര്‍ച്ചയുടെ ഉപസംഹാരമാണ് ഈ ഗ്രന്ഥം എന്ന് ചുരുക്കി പറയാം.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഇസ്‌ലാമിന്റെ സാന്നിധ്യത്തെ കുറിച് വിവിധ കോണുകളില്‍നിന്നുള്ള പഠനങ്ങള്‍ നടന്നതായും അവ പ്രധാനമായി ഇസ്‌ലാമിക പ്രബോധന ഇടങ്ങളില്‍ നിന്നുള്ള ഉള്ളടകങ്ങളെയാണ് അവലോകനം ചെയ്യുന്നതെന്ന് പുസ്തകം നിരീക്ഷിക്കുന്നു. ചില പഠനങ്ങള്‍ ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിന്റെ പ്രയോഗികവശങ്ങളെയും, സ്ത്രീയുടെ അവകാശങ്ങളെയും മതചിട്ടയില്‍നിന്നുള്ള പൊതുഇടങ്ങളിലെ ഇടപെടലുകളെക്കുറിച്ചും, തീവ്രവാദത്തെ എതിര്‍ത്തുമുള്ള പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണെങ്കിലും ഈ ചര്‍ച്ചകള്‍ മതകീയ പ്ലാറ്റ്ഫോമില്‍ ആണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മതവിശ്വാസങ്ങള്‍ പൊതുഇടങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതായി കണക്കാക്കുന്ന ഒരു പോസ്റ്റ്-സെക്കുലര്‍ സാഹചര്യത്തില്‍, മതേതര മാധ്യമങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ചെങ്ങനെയാണ് അറിവ് ഉല്‍പ്പാദിപ്പിക്കുന്നുവെന്നും മുസ്‌ലിം-മുസ്‌ലിമേതര ഉപഭോക്താക്കള്‍ അത്തരം മാധ്യമ പ്രഭാഷണങ്ങളോടും രീതികളോടും എങ്ങനെ പ്രതികരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നുവെന്നും നോക്കേണ്ടത്തിന്റെ പ്രധാനമാണ് പുസ്തകം മുന്നോട്ട് വെക്കുന്നത്. ശാസ്ത്ര-സാങ്കേതിക പ്ലാറ്റ്‌ഫോമില്‍ നിന്ന് മതം, വ്യക്തിത്വം എന്നിവ ഉള്‍ക്കൊള്ളുന്ന വിശാലമായ ഇടത്തിലേക്കുള്ള TED-ന്റെ മാറ്റത്തെ ഗ്രന്ഥകാരന്‍ ജസ്ബീര്‍ മുസ്തഫ ഒരു സുപ്രധാന പോസ്റ്റ്-സെക്യുലര്‍ വികാസമായാണ് വ്യാഖ്യാനിക്കുന്നത്.
സാമൂഹിക-സാംസ്‌കാരിക ഇടങ്ങളിലെ ചര്‍ച്ചാവേദിയായി രൂപാന്തരം പ്രാപിച്ച TED, ‘Understanding Islam’ എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ച ടോക്കുകളുടെ വിശകലനത്തിലൂടെ, ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവുല്‍പ്പാദനരീതികളും TED ടോക്കുകളോടുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും ജസ്ബീര്‍ മുസ്തഫ പരിശോധിക്കുന്നുണ്ട്.
TED ഇസ്‌ലാമിനെ എങ്ങനെ ചിത്രീകരിക്കുന്നു എന്നതിന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന മുസ്‌ലിം പ്രേക്ഷകരെ ഉള്‍പ്പെടെ, സ്പീക്കര്‍മാരില്‍ നിന്നുള്ള സ്റ്റേജിന് പുറത്തുള്ള പ്രതികരണങ്ങളും പ്രേക്ഷകരില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകളും ഈ പുസ്തകത്തിന്റെ ചര്‍ച്ചയില്‍ അദ്ദേഹം കൊണ്ടുവരുന്നു. പൊതുഇടങ്ങളില്‍ മതങ്ങളുടെ ഇടപെടലുകളെ ചര്‍ച്ചചെയ്തു കൊണ്ട് ‘പോസ്റ്റ്‌സെക്കുലറിസം’ എന്ന പദം ജനകീയമാക്കിയ ജര്‍മ്മന്‍ ചിന്തകന്‍ ഹേബര്‍മസിന്റെ നിരീക്ഷങ്ങളെ കൂടി ഉള്‍ക്കൊണ്ടാണ് പുസ്തകത്തിന്റെ നിരീക്ഷണങ്ങളും വാദങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പോസ്റ്റ്‌സെക്കുലറിസം എന്നത് മതേതര കാലഘട്ടത്തിനു ശേഷമുള്ള ഒരു സാഹചര്യമായല്ല ഗ്രന്ഥകാരന്‍ വിവക്ഷിക്കുന്നത്. മറിച്ച്, ഇസ്‌ലാമിനെക്കുറിച്ചുള്ള TED ടോക്കുകളുടെ കാര്യത്തില്‍, പോസ്റ്റ്‌സെക്കുലറിസം എന്നത്, മത ആശയങ്ങളുടെ വിവര്‍ത്തനം, പൂരകമായ പഠനം, ചര്‍ച്ച, അനുരഞ്ജന വിശകലനം എന്നിവയുടെ രൂപത്തിലുള്ള മതകീയവും (സാക്രഡ്) മതേതരവുമായവയുടെ വിനിമയങ്ങളെ സൂചിപ്പിക്കുന്ന ഒരു ആശയമാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.
പ്രധാനമായും പഠനത്തില്‍ ‘ടെക്സ്റ്റുകള്‍’ (ചര്‍ച്ചയുടെ ഉള്ളടക്കങ്ങള്‍) നിര്‍മ്മിക്കുന്നതിലും ഉപയോഗിക്കുന്നതിലും ഉള്‍പ്പെട്ടിരിക്കുന്ന ഘട്ടങ്ങളെയും പ്രക്രിയകളെയും സൂചിപ്പിക്കുന്ന ഡിസ്‌കഴ്‌സീവ് സമീപനമാണ് അവലംബിച്ചിരിക്കുന്നത്. TED സ്പീക്കര്‍മാര്‍ ടെക്സ്റ്റ് സൃഷ്ടിക്കുന്ന വിധത്തെകുറിച്ചും ആ ടെക്സ്റ്റ് സ്വീകരിക്കുന്നവര്‍ അതിനോട് എങ്ങനെയാണ് പ്രതികരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതെന്ന് ഈ പഠനം പരിശോധിക്കുന്നു. വിശുദ്ധ (sacred) വിഷയമായ ഇസ്‌ലാമിനെ വിവരിക്കുമ്പോള്‍, ഒരു മതേതര പ്ലാറ്റ്‌ഫോമിന്റെ അര്‍ഥനിര്‍മാണ പ്രക്രിയകളില്‍ (meaning making process) ഉള്‍പ്പെട്ടിരിക്കുന്ന സ്വത്വങ്ങളുടെയും അര്‍ത്ഥങ്ങളുടെയും ചലനാത്മക ശൃംഖലയെ ഇത് (discourse analysis) വെളിപ്പെടുത്തുന്നു. TED ടോക്കുകളിലെ ഇസ്‌ലാമിക സന്ദേശങ്ങളെ കുറിച്ചുള്ള അവതരണങ്ങള്‍ എങ്ങനെയാണ് മതപരവും മതേതരവുമായ (secular) ഇടങ്ങളെ കൂട്ടിയിണക്കുന്ന രീതിയില്‍ പോസ്റ്റ്-സെക്കുലര്‍ ചട്ടക്കൂടിനുള്ളില്‍ അവതരിപ്പിക്കുന്നതെന്നും പുനര്‍നിര്‍മ്മിക്കപ്പെടുന്നുവെന്നും ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നത് കാണാം. രണ്ടാം അധ്യായം പ്രധാനമായും ഇത്തരം പഠനങ്ങളെ കുറിച്ചുള്ള ഒരു അക്കാദമിക വിശകലനമാണ്. പുസ്തകത്തിന്റെ മൂന്ന്, നാല് അധ്യായങ്ങളില്‍ മുസ്‌ലിം, മുസ്‌ലിമേതര അവതാരകരുടെ ഇസ്‌ലാമിനെ കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ ഡിസ്‌കോഴ്‌സ് അനാലിസിസ് രീതിയിലെ strategy, rhetoric, narrative structure എന്നിവയെ അടിസ്ഥാനമാക്കിയാണ് വിശകലനചെയ്തിരിക്കുന്നത്.
ഈ രണ്ടു അധ്യായങ്ങളിലായി, TED talksലൂടെ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുമ്പോള്‍ ഉപയോഗിക്കുന്ന വ്യത്യസ്ത ഭാഷാ-സംവാദ തന്ത്രങ്ങള്‍ ഈ അദ്ധ്യായം വിശകലനം ചെയ്യുന്നുണ്ട്. അതായത്, ഇസ്‌ലാമിനെ ഒരു വിശ്വാസ സംവിധാനമായി വെസ്റ്റേണ്‍ സെക്കുലര്‍ ജ്ഞാനപരിധിയിലേക്ക് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന രീതി. ഇവിടെ കഥാഖ്യാനരീതി (story telling)യില്‍ ഉപയോഗിക്കുന്ന – സംവാദം സൃഷ്ടിക്കല്‍ (മതവ്യത്യാസങ്ങളെ കുറിച്ചുള്ള), സാമ്യതകളെ ചര്‍ച്ചചെയ്യല്‍ (ജൂദ-ക്രിസ്തീയ കാഴ്ചപ്പാടിനോടുള്ള), അതിശയോത്തേജക ഭാഷയുടെ ഉപയോഗം, ഇസ്‌ലാമിക ആശയങ്ങള്‍ക്ക് സെക്കുലര്‍ പരിഭാഷകള്‍ നല്‍കല്‍ എന്നീ നാലു രീതികളെ വിശകലനം ചെയ്യുന്നുണ്ട്. തുടര്‍ന്ന്, മുസ്‌ലിം TED അവതാരകര്‍ ഉപയോഗിക്കുന്ന self representation (സ്വയം പ്രതിനിധാനം) self reflection (സ്വയം അവലോകനം) തുടങ്ങിയവയിലൂടെ വിഭാവനം ചെയ്യുന്ന മുസ്‌ലിം സ്വത്വത്തെ (Muslimness) പുനര്‍വ്യാഖ്യാനിക്കാനും, ഡികണ്‍സ്ട്രക്ഷന്‍ (deconstruction) പ്രക്രിയയിലൂടെ ഹൈബ്രിഡ് (മിശ്ര) നറേറ്റീവുകള്‍ സൃഷ്ടിക്കാനും അവര്‍ ശ്രമിക്കുന്നതായി പുസ്തകം നിരീക്ഷിക്കുന്നു. ഈ അവതരണ-പുനര്‍വ്യാഖ്യാന തന്ത്രങ്ങള്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ ചിന്തകളെ നഷ്ടപെടുത്തി ‘മതമില്ലാത്ത ഇസ്‌ലാം’ (Islam without religion) സൃഷ്ടിക്കുന്നതായി പുസ്തകം നിരൂപിക്കുന്നു.

പുസ്തകത്തിന്റെ അഞ്ചാം അധ്യായം വിശകലനം ചെയ്യുന്നത് പ്രേഷകരുടെ (Muslim and Non-Muslim) TED അവതരണങ്ങോളോടുള്ള പ്രതികരണങ്ങളെയാണ്. പ്രധാനമായും പാശ്ചാത്യ ജ്ഞാനോല്പാദന രീതികള്‍ ഈ പ്ലാറ്റ്ഫോമില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള ആഖ്യാന നിര്‍മ്മിതിയില്‍ കാര്യമായി സ്വാധീനിക്കുന്നതായും അവ വിശ്വാസ്യതാ പ്രതിസന്ധി (credential crisis) ഉണ്ടാക്കുന്നതായി അവര്‍ വിലയിരുത്തുന്നു. ജിഹാദ് പോലുള്ള ആശയങ്ങളെ ചര്‍ച്ചകളില്‍ അവതരിപ്പിക്കുമ്പോള്‍ മുസ്‌ലിം അവതാരകരും അല്ലാത്തവരും വ്യത്യസ്ത കോണുകളിലൂടെയാണ് വിവക്ഷിക്കാന്‍ ശ്രമിക്കുന്നത്. ലിബറലും, ഡിജിറ്റല്‍ വിദ്യാസമ്പന്നരും, പാശ്ചാത്യ സംസ്‌കാരപരിചയമുള്ളവരുമായ, സമത്വത്തിന്റെയും അറിവിന്റെയും പ്രാധാന്യത്തില്‍ വിശ്വസിക്കുന്ന പ്രേക്ഷകരെയാണ് TED പ്രതിനിധീകരിക്കുന്നത് എന്നതിന്റെ പരിമിതികളും പുസ്തകം ചര്‍ച്ചചെയ്യുന്നു.
ആറാം അധ്യായത്തിലേക്ക് വരുമ്പോള്‍ ചര്‍ച്ച പ്രധാനമായും കേന്ദ്രീകരിക്കുന്നത് TED അവതാരകരുടെ ആഖ്യാനങ്ങളെ കുറിച്ചുള്ള ആധികാരികതയെയാണ്. സെക്കുലര്‍ വേദിയില്‍ ഇസ്‌ലാമിക വിശ്വാസങ്ങളെ പ്രതിനിധീകരിച്ചു സംസാരിക്കുന്ന TED പ്രഭാഷകരെ പരമ്പരാഗത പണ്ഡിതസമൂഹത്തിനു പുറത്തുള്ളവരായതിനാല്‍ പരിമിതമായ മതകീയ അറിവുകളുള്ളവരെയാണ് കാണുന്നത്. ഇവരെ ഗ്രന്ഥകാരന്‍ postsecular influencers എന്നാണു പരാമര്‍ശിക്കുന്നത്. TED അവതരണങ്ങളോടെ ഇവര്‍ക്ക് പൊതുമണ്ഡലത്തില്‍ കൂടുതല്‍ ദൃശ്യത ഉണ്ടാകുകയും ബൗദ്ധിക സെലിബ്രറ്റി പരിവേഷം കിട്ടുകയും ചെയ്യുന്നു. മതപരമായ വിശ്വാസ്യതയ്ക്ക് പകരം, ആകര്‍ഷകമായ സംഭാഷണങ്ങള്‍ക്കു മുന്‍ഗണന നല്‍കി ഇസ്‌ലാമിനെ ഒരു ‘മിതമായ’ (moderate) പരിഭാഷയിലൂടെ അവതരിപ്പിക്കുക വഴി ഇവര്‍ middlebrow (മധ്യനിര) അധികാരസ്ഥാനം ആണ് പിടിച്ചു നിര്‍ത്തുന്നതെന്ന് ഈ പഠനം വിലയിരുത്തുന്നു. ഇത്തരം മോഡറേറ്റ് രൂപത്തിലുള്ള അവതരണം ഇസ്‌ലാമിന്റെയും സെക്കുലറിന്റെയും ഇടയില്‍ കൂടുതല്‍ സംവാദം സൃഷ്ടിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസവും ചില പ്രേക്ഷകരും അവതാരകരും പങ്കുവെക്കുന്നതായി കാണാം. TED ഇത്തരം കാഴ്ച്ചപ്പാടുകളെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അതിന്റെ മിശ്ര പ്രേക്ഷകര്‍ ഇതിനെ അനുകൂലിക്കുകയും ചെയ്യുന്നതാണ് മറ്റൊരു പ്രധാന കാരണം.
മതേതര വിദ്യാഭ്യാസം നേടിയ, ഇസ്‌ലാമിനെക്കുറിച്ച് സ്വയം പഠിച്ച, ആകര്‍ഷകമായ വ്യക്തിത്വമുള്ളവരാണ് ഈ വിഭാഗം പോസ്റ്റ്‌സെക്യുലര്‍ മൈക്രോ-ഇന്റലക്ച്വലുകള്‍ എന്ന് കൂടി പരാമര്‍ശിക്കുന്നു. കടുത്ത യാഥാസ്ഥിതികതയുടെ സങ്കീര്‍ണ്ണതകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും പകരം, നീതി, സമത്വം, മനുഷ്യാവകാശങ്ങള്‍, ദയ എന്നിവയ്ക്കുള്ള ആഹ്വാനവും പ്രേക്ഷകരെ ‘പ്രചോദിപ്പിക്കുക’ എന്നതുമാണ് അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
മുസ്‌ലിം പ്രേക്ഷകര്‍ ഈ അവതരണങ്ങളെ കാണുന്നത്, അക്കാദമികമായി ചിട്ടപ്പെടുത്തിയ വ്യാഖ്യാനത്തിനും ഇസ്‌ലാമിന്റെ വിശകലനത്തിനും പകരം, വൈകാരിക വാചാടോപങ്ങളും ദൈനംദിന ഇസ്‌ലാമിനെക്കുറിച്ചുള്ള പ്രതിഫലനങ്ങളും നല്‍കി സ്പീക്കര്‍മാര്‍ ഇസ്‌ലാമിനെ വ്യക്തിപരമായ രീതിയിലേക്ക് മാറ്റുന്നതയാണ്. ദൈനംദിന ഇസ്‌ലാമിന് അമിതപ്രാധാന്യം നല്‍കുന്നതിനെ ചിലര്‍ വിമര്‍ശിക്കുമ്പോള്‍, ഇസ്‌ലാമിന്റെ വൈവിധ്യം കാണിക്കുന്നത് സഹായകരമാണെന്നും അതുവഴി മുസ്‌ലിംകളെ ഒരൊറ്റ വിഭാഗമായി പാശ്ചാത്യര്‍ ചിത്രീകരിക്കുന്നതിനെ എതിര്‍ക്കാമെന്നും ഡിക്‌സണ്‍ പോലുള്ള സ്പീക്കര്‍മാര്‍ വിശ്വസിക്കുന്നു. മതപരവും മതേതരവുമായവര്‍ക്ക് ഒരു പരിധിവരെ കൂട്ടുകൂടാന്‍ കഴിയുന്ന ഒരു ‘പൊതുവായ അടിത്തറ’ സൃഷ്ടിക്കാനും പ്രതിനിധീകരിക്കാനും സാധ്യതയുള്ള ക്രോസ് ഓവര്‍ പ്രഭാഷണങ്ങളുടെ ഒരു പരമ്പര ഈ പോസ്റ്റ്‌സെക്യുലര്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ സൃഷ്ടിക്കുന്നതായി ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. ഇപ്രകാരമുള്ള TED പ്രഭാഷകരുടെ epistemic authority (ജ്ഞാന അധികാരം) എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെയാണ് ഏഴാമത്തെ അധ്യായം അവസാനിപ്പിക്കുന്നത്.
പുസ്തകം മീഡിയാ സ്റ്റഡീസ്, മത പഠനം, ഡിസ്‌കോഴ്‌സ് അനാലിസിസ് എന്നീ മേഖലകളിലുളള ഗവേഷകര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതിയായി ഗണിക്കാം. TED Talks എന്ന പുതിയ മാധ്യമത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ മനസ്സിലാക്കുന്നതിന്, പ്രത്യേകിച്ച് പോസ്റ്റ്-സെക്കുലര്‍ പ്രഭാഷണ മാതൃകകള്‍ക്കുള്ള പഠനത്തിനായി, ഈ പുസ്തകം ഒരു നിര്‍ണ്ണായക സംഭാവന നല്‍കുന്നുണ്ട്. ജ്ഞാനാന്വേഷണത്തിന്റെ പുതിയ ഉറവിടങ്ങളായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ ഡിസ്‌കോഴ്‌സ് അനാലിസിസ് ഫ്രെയിംവര്‍ക്കില്‍ നിന്നുള്ള കൂടുതല്‍ വായനകള്‍ക്കുള്ള സാധ്യതകളിലേക്ക് കൂടി ഈ പുസ്തകം വഴികാണിക്കുന്നു.
Add comment